മഹാത്​മാഗാന്ധി, ഡോ. ബി.ആർ. അംബേദ്​കർ, ജവഹർലാൽ നെഹ്​റു

അസ്ഥിരതയിലാണ് പ്രതീക്ഷ, സ്ഥിരതയിലല്ല

തെരഞ്ഞെടുപ്പിലൂടെ ഒരാൾക്ക് സർവാധിപതിയോ ഏകാധിപതിയോ ആകാനുള്ള സൗകര്യം ജനാധിപത്യം നൽകുന്നു.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, തെരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയത്തെക്കുറിച്ച് മൗലികമായ ചില ആലോചനകൾ നടത്തേണ്ടതുണ്ട്. അതിന്റെ ആമുഖമായി, ഇന്ത്യയിലെ രാഷ്ട്രീയ പ്രക്രിയയുടെ പരിണാമം ഹ്രസ്വമായി പരിശോധിക്കണം, ചരിത്രപരിപ്രേക്ഷ്യത്തിൽ തന്നെ.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ സമൂലമായ രാഷ്ട്രീയ പരിണാമപ്രക്രിയക്ക് വിധേയമായിട്ടുണ്ട്. ഘടനാപരമായ മാറ്റങ്ങളാണത്. അതിന്റെ തുടക്കം മൂന്ന് വ്യക്തികളിൽനിന്നാണ്: ഗാന്ധി, അംബേദ്കർ, നെഹ്‌റു.
ഈ മൂന്നുപേരും ഏതെങ്കിലുമൊരു ജാതിയുടെയോ പ്രദേശത്തിന്റെയോ അടിസ്ഥാനത്തിലല്ല ചിന്തിച്ചത്, അവർ സാർവലൗകികമായ മൂല്യങ്ങളെക്കുറിച്ചാണ് ചിന്തിച്ചത്. ഇന്ത്യയെ ഒറ്റക്കല്ല, സമഗ്രമായാണ് കണ്ടത്. ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കളുടെ കമ്മിറ്റ്‌മെന്റിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഇക്കാര്യം ഊന്നിപ്പറയേണ്ട ആവശ്യമുണ്ട്. ഉദാഹരണത്തിന്, ഒരു പ്രത്യേക മണ്ഡലത്തോട് അവർ ആഭിമുഖ്യം കാണിക്കുന്നു. ഇത് അവരിലെ പഞ്ചായത്തുമനസ്സിന്റെ പ്രതിഫലനമാണ്. ഇങ്ങനെ ജയിച്ചുവരുന്നവർ അധികാരത്തിലെത്തിയാലും ലോക്കലിസവും റീജ്യണലിസവും പരോക്കിയലിസവുമാണ് പ്രമോട്ടുചെയ്യുക.

രാഷ്ട്രീയവും ഭരണപരവുമായ അസ്ഥിരതയാണ് ജനാധിപത്യവ്യവസ്ഥയെ ജനങ്ങൾക്ക് സ്വീകാര്യമാക്കിയത്. അവർ പ്രതീക്ഷയർപ്പിച്ചത് അസ്ഥിരതയിലായിരുന്നു, സ്ഥിരതയിലല്ല.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ശ്രദ്ധിക്കപ്പെട്ട മൂന്ന് കാര്യങ്ങളുണ്ടായിരുന്നു- ജനാധിപത്യം, വികസനം, മനുഷ്യാവകാശം. ഇവ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. അന്ന് ലോകത്തെ മൊത്തം സ്വാധീനിച്ച മൂന്ന് ആശയങ്ങളായിരുന്നു ഇവ. അങ്ങനെയൊരു തലത്തിലാണ് നമ്മൾ തുടങ്ങുന്നത്. പിന്നീട് സംഭവിച്ചത് ചരിത്രപരിപ്രേഷ്യത്തിൽ നോക്കിക്കാണാം. രണ്ടുമൂന്നു കാര്യങ്ങൾ സംഭവിച്ചു: ഒന്ന്, ഇന്ത്യയുടെ രാഷ്ട്രീയം ഘടനാപരമായ മാറ്റങ്ങൾക്ക് വിധേയമായി. രണ്ട്, രാഷ്ട്രീയവും ഭരണപരവുമായ അസ്ഥിരതയാണ് ജനാധിപത്യവ്യവസ്ഥയെ ജനങ്ങൾക്ക് സ്വീകാര്യമാക്കിയത്. അവർ പ്രതീക്ഷയർപ്പിച്ചത് അസ്ഥിരതയിലായിരുന്നു, സ്ഥിരതയിലല്ല.
മൂന്ന്, ഇന്ത്യൻ രാഷ്ട്രീയം എന്നും മുന്നോട്ടുപോയിട്ടുള്ളത് അതിനകത്തെ റാഡിക്കൽ ഘടകങ്ങളെ ഒഴിവാക്കിക്കൊണ്ടാണ്. കോൺഗ്രസിൽനിന്ന് സോഷ്യലിസ്റ്റ് ആശയക്കാർ കമ്യൂണിസത്തിലേക്ക് പോയത് അങ്ങനെയാണ്. കമ്യൂണിസ്റ്റുകാർക്കും വിപ്ലവകരമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ല, അതുകൊണ്ട് അവരും റാഡിക്കൽ വിഭാഗത്തെ മാറ്റിനിർത്തിയാണ് മുന്നോട്ടുപോയത്.

നാല്, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തുടക്കവും തുടർച്ചയും പരിണാമപ്രക്രിയയും ഇന്ത്യൻ നാഷനൽ കോൺഗ്രസുമായി ബന്ധപ്പെട്ടതാണ്.
ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഒരു പാർട്ടിയായിട്ടല്ല തുടങ്ങിയത്, സ്വാതന്ത്ര്യ പ്രസ്ഥാനമായിട്ടാണ്. പാർട്ടി എന്നാൽ ഏകീകൃത സ്വഭാവവും ഒരു ഐഡിയോളജിയും വേണം. അങ്ങനെയായിരുന്നില്ല കോൺഗ്രസ്. അത് എല്ലാ സാമൂഹിക- സാമ്പത്തിക വിഭാഗങ്ങളെയും ഉൾക്കൊണ്ടിരുന്നു. അതിന് ഒരു രാഷ്ട്രീയ പാർട്ടിയാകാൻ കഴിയില്ല. അതുകൊണ്ടാണ് സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസിനെ പിരിച്ചുവിടണമെന്ന് ഗാന്ധി ആവശ്യപ്പെട്ടത്. പക്ഷെ, കോൺഗ്രസ് രാഷ്ട്രീയ പാർട്ടിയായി പരിണമിച്ചു. അത് ആദ്യമൊക്കെ വളരെ അപ്രമാദിത്തമുള്ള പാർട്ടിയായിരുന്നു, അഖിലേന്ത്യാ തലത്തിൽ തന്നെ. ഒരു ജനകീയ പ്രസ്ഥാനമായതുകൊണ്ടുതന്നെ, അതിനൊരു രാഷ്ട്രീയ പാർട്ടിയുടെ സ്വഭാവമില്ല എന്നതുകൊണ്ടുതന്നെ, അതിന്റെ ക്ഷയവും തിരോധാനവും അത്യന്താപേക്ഷിതമാണ്. 1960കളുടെ മധ്യം തൊട്ട് കോൺഗ്രസിന് സംസ്ഥാനങ്ങളിൽ അധികാരം നഷ്ടമാകാൻ തുടങ്ങി. പല സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. തമിഴ്‌നാടിനെപ്പോലൊരു സംസ്ഥാനത്ത് കോൺഗ്രസിന് ഒരിക്കലും അധികാരത്തിൽ വരാൻ കഴിയില്ല. കോൺഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ആ ക്ഷയവും തിരോധാനവും അത്യന്താപേക്ഷിതവുമാണ്. അത് അതിന്റേതായ ഒരു ചാലകശക്തിയുടെ സ്വാഭാവികമായ പ്രവർത്തനവും പ്രതിപ്രവർത്തനവുമാണ്. അത് നടന്നുകൊണ്ടിരിക്കും.

ദാരിദ്ര്യവും നിരക്ഷരതയും ഇന്ത്യൻ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പുജനാധിപത്യത്തെയും നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. /Photo : Sudarshan Sakharkar, ruralindiaonline.org
ദാരിദ്ര്യവും നിരക്ഷരതയും ഇന്ത്യൻ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പുജനാധിപത്യത്തെയും നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. /Photo : Sudarshan Sakharkar, ruralindiaonline.org

കോൺഗ്രസിന്​ ഒരു രാഷ്ട്രീയ സംസ്‌കാരമുണ്ട്. ആ പാർട്ടി നിർമിച്ച്, പ്രബലപ്പെടുത്തിയ രാഷ്ട്രീയ സംസ്‌കാരം. അത് വ്യക്തികേന്ദ്രീകൃതമായിരുന്നു. അതുകൊണ്ടുതന്നെ അത് കുടുംബവാഴ്ചക്ക്​ കാരണവുമായി. ഒരു കുടുംബത്തിലെ ആളുകളുടെ നേതൃത്വമാണ് ആ പാർട്ടിക്കുണ്ടായിരുന്നത്. അവരെ മറ്റുള്ളവർ അംഗീകരിക്കുക, അനുസരിക്കുക. കേന്ദ്രീകൃത പ്രക്രിയയിലൂടെയാണ് കോൺഗ്രസ്, മുഖ്യമന്ത്രിമാരെയും സംസ്ഥാന തല നേതാക്കളെയും തെരഞ്ഞെടുത്തിരുന്നത്. മുഖ്യമന്ത്രിമാരും സംസ്ഥാന തല നേതാക്കളും നിയമിക്കപ്പെട്ടവരായിരുന്നു, തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നില്ല; അപ്പോയ്ന്റഡ് ഫ്രം എബൗവ്. കുടുംബവാഴ്ചയും വ്യക്തിപ്രഭാവവും അംഗീകരിക്കപ്പെട്ടതുകൊണ്ട് കോൺഗ്രസിൽ സ്വേച്ഛാധിപത്യ പ്രവണത ശക്തിയായി വന്നു. ഇന്ദിരാഗാന്ധി ശക്തയായ പ്രധാനമന്ത്രിയായിരുന്നു. അന്ന് ഡി.കെ. ബറുവ പറഞ്ഞു; ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ. അത്രത്തോളം ഏകാധിപത്യം നമ്മുടെ സാംസ്‌കാരിക മനസ്സിലേക്ക് ആഴത്തിൽ കടന്നുവരികയാണ്. ഇതിന്റെ തുടർച്ചയായാണ് സ്വാതന്ത്ര്യം ഹനിച്ച് അടിയന്തരാവസ്ഥ വരുന്നത്. എടുത്തുപറയേണ്ട കാര്യം, എല്ലാ രാഷ്ട്രീയ പാർട്ടികളും കോൺഗ്രസിനെയാണ് ഒരു മോഡലായി കണ്ടത് എന്നതാണ്. ആ പാർട്ടി എങ്ങനെ രൂപീകരിച്ചിരിക്കുന്നു, എങ്ങനെ പ്രവർത്തിക്കുന്നു, നേതാക്കൾ എങ്ങനെ പെരുമാറുന്നു എന്നതെല്ലാം ഒരു മോഡലായി മാറുകയാണ്. ഇടതുപക്ഷ പാർട്ടികൾക്കുപോലും കോൺഗ്രസായിരുന്നു മോഡൽ.

അസ്ഥിരതയാണ് ആവശ്യം

സത്യത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തെ നിലനിർത്തിയത് മൗലികമായി നോക്കുമ്പോൾ ദാരിദ്ര്യവും നിരക്ഷരതയുമായിരുന്നു. ജനങ്ങൾക്ക് അന്ന് ചിന്തിക്കാൻ കഴിവില്ല. ജനാധിപത്യം എന്നത് ജനങ്ങളുടെ ആധിപത്യമാണ് എന്നൊന്നും ജനങ്ങൾക്ക് അറിയില്ലായിരുന്നു. അവർ ചില വ്യക്തികളെയാണ് കാണുന്നത്, നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയുമൊക്കെ ദൈവമായി കാണുന്നു. ദാരിദ്ര്യവും നിരക്ഷരതയും ഇന്ത്യൻ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പുജനാധിപത്യത്തെയും നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. മറ്റൊന്ന്, അംബേദ്കർ നിഷ്‌കർച്ചതുപോലുള്ള സംവരണമാണ്. സംവരണത്തിൽ രാഷ്ട്രീയമില്ല. രാഷ്ട്രീയം എന്നു പറയുന്നത് അധികാരത്തെ ചോദ്യം ചെയ്യലാണ്. അധികാരത്തിൽ പങ്കാളിത്തവും പ്രാതിനിധ്യവും ലഭിക്കുക, ആ പ്രാതിനിധ്യം പിടിച്ചെടുക്കുക എന്നു പറയുന്നത് രാഷ്ട്രീയമല്ല. അധികാരത്തെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയം ഇന്ത്യയിലുണ്ടായില്ല. ദളിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളൊന്നും അധികാരഘടനയെ ചോദ്യം ചെയ്തില്ല. അവർക്ക് വലിയ പദവി വേണം, പ്രാതിനിധ്യവും പങ്കാളിത്തവും വേണം- അവരെ സംബന്ധിച്ച് അതായിരുന്നു രാഷ്ട്രീയം. പക്ഷെ, നമ്മൾ മൗലികമായ അർഥത്തിൽ നോക്കുമ്പോൾ അങ്ങനെയൊരു രാഷ്ട്രീയമില്ല.

സ്റ്റാറ്റസ്‌കോയിസ്റ്റുകളാണ് ഭരണത്തുടർച്ചയും ഭരണസ്ഥിരതയും വേണമെന്ന് ആവശ്യപ്പെടുന്നത്. നേരെ മറിച്ച് സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവരെയും അടിച്ചമർത്തപ്പെടുന്നവരെയും സംബന്ധിച്ച് അസ്ഥിരതയാണ് ആവശ്യം.

ആത്യന്തികമായി രാഷ്ട്രീയരംഗത്തെ സംവരണം വ്യവസ്ഥിതി കൈയാളുന്നവരെയും അത് നിലനിർത്തുന്നവരെയുമാണ് സഹായിച്ചത്. സ്റ്റാറ്റസ്‌കോയിസ്റ്റുകളാണ് ഭരണത്തുടർച്ചയും ഭരണസ്ഥിരതയും വേണമെന്ന് ആവശ്യപ്പെടുന്നത്. നേരെ മറിച്ച് സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവരെയും അടിച്ചമർത്തപ്പെടുന്നവരെയും സംബന്ധിച്ച് അസ്ഥിരതയാണ് ആവശ്യം. അസ്ഥിരതയാണ് ജനാധിപത്യത്തെ ഇന്ത്യൻ ജനങ്ങൾക്ക് സ്വീകാര്യമാക്കിയത്. ഈ അസ്ഥിരതയിൽനിന്നാണ് പല രാഷ്ട്രീയ പാർട്ടികളും രൂപം കൊണ്ടത്. തീർച്ചയായും മറ്റു ഘടകങ്ങളും സഹായിച്ചിട്ടുണ്ട്. ഭൂപരിഷക്‌രണം, ഹരിതവിപ്ലവം, ബാങ്ക് ദേശസാൽക്കരണം പോലുള്ളവ. ഇവയുടെ ഫലമായി പ്രാദേശിക പാർട്ടികളും പ്രാദേശിക നേതാക്കളും ഉയർന്നുവന്നു. കോൺഗ്രസിന്റെ ക്ഷയവും അത് സൃഷ്ടിച്ച രാഷ്ട്രീയ- ഭരണ അസ്ഥിതയും തുടർച്ചയില്ലായ്മയുമാണ് പ്രാദേശിക പാർട്ടികൾക്കും നേതാക്കൾക്കും ഉയർന്നുവരാൻ സന്ദർഭം ഒരുക്കിയത്. ഭരണത്തുടർച്ചയാണ് ഉണ്ടായിരുന്നത് എങ്കിൽ ഇവർക്ക് ഉയർന്നുവരാൻ പറ്റില്ലായിരുന്നു.
ഇന്ദിരാഗാന്ധിയുടെ കാലത്ത് ശക്തമായ കേന്ദ്രവും അശക്തമായ സംസ്ഥാനങ്ങളുമാണുണ്ടായിരുന്നത്. കേന്ദ്ര സർക്കാറിന് ഭരണഘടനയുടെ 356ാം വകുപ്പുപയോഗിച്ച് ഏത് സംസ്ഥാന സർക്കാറിനെയും പിരിച്ചുവിടാമായിരുന്നു. സംസ്ഥാന തല പാർട്ടികളും നേതാക്കളും ഉയർന്നുവന്നതിന്റെ ഭാഗമായി ഈ അവസ്ഥ മാറി. ഇന്ന് ശക്തമായ സംസ്ഥാനങ്ങളും താരതമ്യേന അശക്തമായ കേന്ദ്രവുമാണ്. ഇന്ന് കേന്ദ്ര സർക്കാറിന് സംസ്ഥാന സർക്കാറിനെ പിരിച്ചുവിടുക എളുപ്പമല്ല. ഇന്ദിരാഗാന്ധി 356ാം വകുപ്പ് ഉപയോഗിച്ചതുപോലെ നരേന്ദ്രമോദിക്ക് കഴിയില്ല.

രാജീവ് ഗാന്ധി, ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി / Photo: Wikimedia Commons
രാജീവ് ഗാന്ധി, ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി / Photo: Wikimedia Commons

ഇന്ത്യൻ ഭരണഘടന നോക്കൂ, അത്​ നിലനിൽക്കുന്നത്​ ഭേദഗതികളിലൂടെയാണ്​. ഭേദഗതി വരുത്താനുള്ള അവസരം ഭരണഘടനയിൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്​. ഭരണഘടന ലിവിങ്​ ഡോക്യുമെൻറ്​ ആണ്​. അതുകൊണ്ട്​, നിരന്തരം സംഭവിക്കുന്ന സാമൂഹിക- സാമ്പത്തിക മാറ്റങ്ങളോട്​ അവ പ്രതികരിക്കുകയും അവയെ ഉൾക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്​. ഭരണഘടനാ അസംബ്ലിയിൽ ഡോ. ബി.ആർ. അംബേദ്​കർ ഇങ്ങനെ പറഞ്ഞിട്ടുണ്ട്​: ‘‘സാമൂഹിക- സാമ്പത്തിക രംഗങ്ങളിൽ അനിവാര്യമായും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്​ ബോധവാന്മാരായിരിക്കണം. വ്യവസ്​ഥിതി മാറിയില്ലെങ്കിൽ വ്യവസ്​ഥിതിയുടെ ഇരകൾ ഭരണഘട​നയെയും വ്യവസ്​ഥിതിയെയും തൂത്തെറിയും’’.

മാർക്​സ്​ പറഞ്ഞു, എല്ലാം മാറണ്ടേതുണ്ട്​. മാറ്റമില്ലാത്ത ഒന്നേയുള്ളൂ; മാറ്റം. അതുപോലെ തന്നെ അനീതികൾ എല്ലായിടത്തും എല്ലാ കാലത്തും എതിർക്കപ്പെടേണ്ടതുണ്ട്​. (അതാണ്​ എതിര്​).

ഇന്ദിരാ ഗാന്ധി എന്ന മോഡൽ

ഇന്ത്യയിൽ ജനാധിപത്യത്തിന്റെയും രാഷ്ട്രീയാന്തരീക്ഷത്തിന്റെയും സവിശേഷത വൈവിധ്യമാണ്. രണ്ടുമൂന്നുതരത്തിലുള്ള വൈവിധ്യം- പ്രാദേശിക വൈവിധ്യം, സാമൂഹിക വൈവിധ്യം. അതിനെ ഏകീകൃതമായ രൂപത്തിലേക്ക് മാറ്റാൻ ആർക്കും പറ്റില്ല. ജനങ്ങളുടെ സാക്ഷരത വികസിക്കാൻ തുടങ്ങി, സാമ്പത്തിക നില മെച്ചപ്പെടാൻ തുടങ്ങി, ദാരിദ്ര്യത്തിന്റെ കാഠിന്യം കുറയാൻ തുടങ്ങി. അങ്ങനെ കുടുംബവാഴ്ചയെയും വ്യക്തിപ്രഭാവത്തെയും ചോദ്യം ചെയ്യാൻ തുടങ്ങി. മിന്നാമിനുങ്ങിന് വെളിച്ചമുണ്ടാകുന്നത് ഇരുട്ടിലാണ്. സൂര്യൻ ഉദിച്ചശേഷം അതിന് പ്രാധാന്യമില്ല. സമൂഹത്തിൽ മൊത്തം ദാരിദ്ര്യവും നിരക്ഷരതയും സൃഷ്ടിച്ച ഒരു ഇരുട്ട് നിലനിൽക്കുന്ന സമയത്ത് വ്യക്തികൾക്കും നേതാക്കൾക്കും പ്രാധാന്യമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടികളുടെ രീതി എന്താണ്? ഡെമോക്രാറ്റിക് സെൻട്രലിസം. താഴെ നിന്ന് കാര്യങ്ങൾ മീതേക്കുപോകുന്നു, അവിടെയെടുക്കുന്ന തീരുമാനങ്ങൾ ആരും ചോദ്യം ചെയ്യാൻ പാടില്ല. എന്നാൽ, ഈ അവസ്ഥ മാറി. ജനാധിപത്യ പ്രക്രിയ വളർന്നു, ആളുകളുടെ മനുഷ്യവകാശ ബോധം വളർന്നു. ചോദ്യം ചെയ്യാൻ തുടങ്ങി. ഇപ്പോൾ നമുക്ക് കാണാം, ഒരു കമ്യൂണിസ്റ്റുകാരൻ മറ്റൊരു കമ്യൂണിസ്റ്റുകാരനെ വിശ്വസിക്കുന്നില്ല, അവർക്കിടയിൽ വിശ്വാസമില്ലായ്മയും സഹകരണമില്ലായ്മവും വന്നിട്ടുണ്ട്.

ജനാധിപത്യത്തിൽ പൗരന് ഒരു സർവാധിപതിയെ തെരഞ്ഞെടുക്കാനുള്ള അവസരം കിട്ടുകയാണ്. വോട്ടവകാശത്തിലൂടെ, പണ്ട് സർവാധിപതി ശക്തി ഉപയോഗിച്ചാണ് വന്നിരുന്നത്. ഇന്നിപ്പോൾ നമ്മൾ ഇവരെ തെരഞ്ഞെടുക്കുകയാണ്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ പാർട്ടികൾ ഒരു മോഡലായി കണ്ടത് കോൺഗ്രസിനെയും ഇന്ദിരാഗാന്ധിയെയുമാണ്. ഇന്ദിരാഗാന്ധിയെപ്പോലെ ഒരു സർവാധിപതിയായിത്തീരാനാണ്, നെഹ്‌റുവിനെപ്പോലെ സ്വീകാര്യനായ നേതാവായിത്തീരാനല്ല ഇവർ ശ്രമിച്ചത്. അതിലൂടെ നേതാക്കൾ സർവാധിപത്യം നിലനിർത്താനാണ് ശ്രമിച്ചത്. അവർക്കില്ലാത്ത പ്രത്യേകത അവകാശപ്പെടാനും നിലനിർത്താനും ശാശ്വതീകരിക്കാനും ശ്രമിച്ചു. അവർസ്വന്തം കഴിവിനെ ദൈവികമായി കാണാൻ തുടങ്ങി. മെട്രോ മാൻ, ഡവലപ്‌മെന്റ് മാൻ തുടങ്ങിയ വിശേഷണങ്ങൾ വരുന്നത് ഇത്തരം സന്ദർഭത്തിലാണ്. ഒരു ടെക്‌നോളജിസ്റ്റ് കാര്യങ്ങൾ ചെയ്തുതീർത്തു എന്നു പറയുന്നു, എന്നാൽ, അദ്ദേഹമല്ല, തൊഴിലാളികളാണ് അവിടെ കാര്യങ്ങൾ ചെയ്യുന്നത്. പക്ഷെ, അവർ രംഗത്തില്ല. സാമ്പത്തിക രംഗത്ത് ജനങ്ങളാണ് വികസനം കൊണ്ടുവരുന്നത്. എന്നാൽ നാം വ്യക്തികളെയാണ് കാണുന്നത്, ഇന്നയാൾ വികസനം കൊണ്ടുവന്നു, അയാൾ ഡവലപ്പ്‌മെന്റ് മാൻ. ഇവർക്കൊക്കെ ദൈവികത്വം അവർ അവകാശപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇതിനെ ജനം അംഗീകരിച്ചുകൊടുക്കുന്നില്ല, അത് അംഗീകരിച്ചുകൊടുക്കുന്നത് അവരുടെ പാർട്ടിക്കാരോ കാഡറുകളോ ആണ്.
എന്നാൽ, ഇത്തരം അധികാരികൾക്ക് സർവാധിപതികളാകാൻ കഴിയുന്നു. ജനാധിപത്യത്തിന്റെ വൈകല്യമാണത്. ജനാധിപത്യത്തിൽ പൗരന് ഒരു സർവാധിപതിയെ തെരഞ്ഞെടുക്കാനുള്ള അവസരം കിട്ടുകയാണ്. വോട്ടവകാശത്തിലൂടെ, പണ്ട് സർവാധിപതി ശക്തി ഉപയോഗിച്ചാണ് വന്നിരുന്നത്. ഇന്നിപ്പോൾ നമ്മൾ ഇവരെ തെരഞ്ഞെടുക്കുകയാണ്. തെരഞ്ഞെടുപ്പിലൂടെ ഒരാൾക്ക് സർവാധിപതിയോ ഏകാധിപതിയോ ആകാനുള്ള സൗകര്യം ജനാധിപത്യം നൽകുന്നു. ജനത്തിന് ആധിപത്യമില്ലാത്ത അവസ്ഥയാണ് വരുന്നത്. ഇവർ സ്ഥാനം നിലനിർത്തുന്നത് പൊലീസിനെയും പാരാമിലിറ്ററി ഫോഴ്‌സിനെയും സാങ്കേതിക വിദ്യയെയും ഉപയോഗിച്ചാണ്. ഈ മൂന്നു ഘടകങ്ങളും ഉപയോഗിച്ച് ജനങ്ങളെ നിയന്ത്രിക്കുന്നു. ഭരണകൂടം നിയന്ത്രണാധികാരിയായി മാറുന്നു. സമൂഹത്തെ നയിക്കുകയല്ല, നിയന്ത്രിക്കുകയും അടിച്ചമർത്തുകയുമാണ് ഭരണകൂടം ചെയ്യുന്നത്. ജനകീയ പ്രക്രിയകളെ അടിച്ചമർത്തുന്നതിലൂടെ സ്വാതന്ത്ര്യത്തെയാണ് ഹനിക്കുന്നത്.

ഇന്ദിരാ ഗാന്ധി
ഇന്ദിരാ ഗാന്ധി

സർവാധിപതികളായ ഭരണാധികാരികൾ നിലനിൽക്കുന്നത് ബ്യൂറോക്രസിയും പൊലീസും സാങ്കേതിക വിദ്യയും ഉപയോഗിച്ചുകൊണ്ടാണ്. നയരൂപീകരണരംഗത്തുള്ള പൊളിറ്റിക്കൽ എക്‌സിക്യൂട്ടീവുകൾ പറയുന്നത് നടപ്പാക്കുന്നവരാണ് ബ്യൂറോക്രസി. അവർ നിയമം അനുസരിച്ച് ചെയ്യുന്നവരാണ്. അല്ലാതെ ഓരോ പ്രതേ്യക സന്ദർഭത്തിലും ആവശ്യമുള്ളത് ചെയ്യുന്നവരല്ല.

ഹിതപരിശോധനയായി മാറിയ തെരഞ്ഞെടുപ്പ്​

ഇത്തരം രാഷ്ട്രീയ പ്രക്രിയകൾ തെരഞ്ഞെടുപ്പിനെ ഒരു ഹിതപരിശോധനയായി മാറ്റുന്നു. ഇലക്ഷൻ എന്നത് രാഷ്ട്രീയത്തിന്റെ പ്രതിഫലനമായി മാറാതെ രാഷ്ട്രീയം നഷ്ടപ്പെട്ട പ്രക്രിയയായി മാറുന്നു. അതുകൊണ്ടുതന്നെ, ഭരണതുടർച്ച എന്നു പറയുന്നത് ജനാധിപത്യത്തിന്റെ സത്തക്ക് വിരുദ്ധമാണ്. മാറ്റങ്ങൾ ആവശ്യപ്പെടുന്നവരുടെ പ്രതീക്ഷക്ക് പ്രതികൂലമാണ് ഭരണത്തുടർച്ച. ഒരു പാർട്ടിയുടെ തുടർച്ചയല്ല, ഒരു വ്യക്തിയുടെ തുടർച്ചയാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. എന്താണ് തുടരേണ്ടത്?. പല സാമൂഹികവിഭാഗങ്ങളും ആവശ്യപ്പെടുന്നത് മാറ്റമാണ്.
ഭൂപരിഷ്‌കരണങ്ങളുടെ ഫലമായി കേരളത്തിൽ ഒരു അണ്ടർ ക്ലാസ് രൂപപ്പെട്ടിട്ടുണ്ട്. ഇവർ തൊഴിലാളികളല്ല. നഗരങ്ങളിൽ കുപ്പിയും പാട്ടയും പെറുക്കി ജീവിക്കുന്നവരുണ്ട്. ഇവരെ നാം ആരായി കാണണം?. ഇവർ തൊഴിലാളികളല്ല, അവർക്ക് എംപ്ലോയർ ഇല്ല. ഈ അണ്ടർ ക്ലാസ് ഭൂപരിഷ്‌കരണത്തിന്റെ സൃഷ്ടിയാണ്. ചേരി നിവാസികൾ, കോളനിവാസികൾ, പുറമ്പോക്കുനിവാസികൾ- ഇവരാണ് അണ്ടർ ക്ലാസ്. ഇവരുടെ ആവശ്യം സാമ്പത്തിക സുരക്ഷയാണ്, സാമൂഹിക സുരക്ഷയല്ല. ഇവർക്കുവേണ്ടത് പെൻഷനല്ല. തങ്ങൾക്ക് സമത്വം വേണമെന്ന് അവർ പറയുന്നില്ല. സാമ്പത്തിക സമത്വം ക്ലേശകരമായ കാര്യമാണ്. ജനാധിപത്യ പ്രക്രിയയിലൂടെ സാമ്പത്തിക സമത്വം കൊണ്ടുവരാൻ ലോകത്ത് എവിടെയും കഴിയില്ല. ഇവർക്ക് ആവശ്യം സാമ്പത്തിക സുരക്ഷയാണ്, ഇവർക്ക് ഭൂമിയും സ്വത്തവകാശവും വേണം. ഈ വിഭാഗങ്ങൾക്ക് അർഹമായ വിഭവങ്ങളിലാണ് കൈകടത്തലുകൾ നടക്കുന്നത്.

ചോദ്യം ചോദിക്കുന്ന, വിയോജിപ്പുള്ള എല്ലാവരെയും വിലയ്‌ക്കെടുക്കാനും നിശ്ശബ്ദരാക്കാനും അവർക്ക് കഴിയുന്നു. ഇത് അടുത്തകാലത്ത് ഇല്ലാതിരുന്ന കാര്യമാണ്. അതായത്, ഇപ്പോൾ ഭരണാധികാരികളെ വിമർശിക്കുന്നതിൽ വൈമുഖ്യം നിലനിൽക്കുന്നുണ്ട്, പലപ്പോഴും അത് ഭയപ്പെടുത്തിയിട്ടാണ് സംഭവിക്കുന്നത്​.

കേരളത്തിൽ എന്താണ് സംഭവിച്ചത്? കാടും കായലും കടലും വിൽക്കുന്ന ഒരു ഭരണവർഗം ആവിർഭവിച്ചു. എത്രയോ വർഷമായി കാട് കൈയേറുന്നു, ഭൂമിയും മരങ്ങളും വ്യക്തികൾ കൈയടക്കി. കായലുകൾ വിറ്റു, കടലും വിൽക്കുന്നു. അതിനെ ആശ്രയിച്ചുജീവിക്കുന്നവർക്ക് അതിൽ പങ്കാളിത്തമില്ലാതെ വരുന്നു. അവർക്ക് ആ വിഭവരാഷ്ട്രീയം നഷ്ട്‌പ്പെട്ടു. വിഭവാടിത്തറയിലാണ് ഈ അക്രമം നടക്കുന്നത്. അതിന് നിലവിലുള്ള രാഷ്ട്രീയത്തിലൂടെ പരിഹാരം കാണാൻ കഴിയില്ല. ഏത് രാഷ്ട്രീയപാർട്ടിയാണ് ഇക്കാര്യത്തിൽ മികച്ചത്. ആരാണ് അവരുടെ ഉപജീവനമാർഗത്തിന്റെ അടിത്തറ സംരക്ഷിക്കുക? ഇതിന് റാഡിക്കലായ പരിപാടിയുമായി ആരും മുന്നോട്ടുവരുന്നില്ല. ഭരണം നടത്തുന്ന രാഷ്ട്രീയ പാർട്ടിയുടെ വർഗസ്വഭാവമാണിവിടെ വ്യക്തമാകുന്നത്. ഈ രാഷ്ട്രീയപാർട്ടി നേതൃത്വങ്ങൾക്ക് മൗലികമായ മാറ്റം കൊണ്ടുവരുന്നത് ഇഷ്ടമല്ല, കാരണം അത് അവരുടെ താൽപര്യങ്ങൾക്ക് വിപരീതമാണ്. എന്നാൽ, ഇത്തരം വ്യക്തികളെ ശക്തന്മാർ അപ്രോപ്രിയേറ്റ് ചെയ്യും. ചിലർ രാഷ്ട്രീയമായി ഉയർന്നുവരുമ്പോൾ അവരെ പദവിയിലേറ്റുന്നു. അവർ ഈ വിഭാഗങ്ങളുടെ വക്താക്കളായി അംഗീകരിക്കപ്പെടുന്നു. സത്യത്തിൽ അവർ നേതാക്കളല്ല, വക്താക്കളുമല്ല.
ഭരണാധികാരി എന്നാൽ പ്രത്യേക മാനസികാവസ്ഥയുള്ള ആളാണ്. ഒരു ഭരണാധികാരിയാണ് ചോദിച്ചത്, എന്തിനാണ് വാളയാറിലെ അമ്മ സമരം ചെയ്യുന്നത് എന്ന്. അല്ലാതെ അവരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയല്ല ആ ചോദ്യം ചോദിച്ചത്.

ഒരു രാഷ്ട്രീയക്കാരൻ ഭരണാധികാരിയാകുമ്പോൾ അദ്ദേഹത്തിന്റെ മാനസികാവസ്ഥയിലും അതുപോലെ പെരുമാറ്റത്തിലും സമൂല മാറ്റമുണ്ടാകുന്നു. അതുകൊണ്ട് ഇവരിൽനിന്ന് ഭരണാധികാരികളുണ്ടാകുക എന്നത് സമൂലമായ മാറ്റമല്ല. പരിഹാരം എന്നു പറയുന്നത് സമൂഹത്തിൽ സമൂലമായും നടക്കേണ്ട മാറ്റമാണ്. അത് ഇവർക്കുമാത്രമായി കൊണ്ടുവരാനും കഴിയില്ല. മൊത്തത്തിലുള്ള മാറ്റത്തിന്റെ ഭാഗമായി മാത്രമേ ചൂഷിത, മർദ്ദിത വിഭാഗങ്ങൾക്ക് രക്ഷപ്പെടാനാകൂ, അത്തരത്തിൽ ഒരു പരിപാടിയുമായി ഒരു രാഷ്ട്രീയപാർട്ടിയും മുന്നോട്ടുവരുന്നില്ല.
നമ്മുടെ രാഷ്ട്രീയം എത്തിനിൽക്കുന്ന ഒരവസ്ഥയുണ്ട്. ഗൗരവകരമായ ചർച്ചകളൊന്നും രാഷ്ട്രീയത്തിൽ നടക്കുന്നില്ല. രാഷ്ട്രീയക്കാർ തമ്മിലുള്ള ചർച്ച, ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ചർച്ചകളായാണ് നടക്കുന്നത്. അവ രാഷ്ട്രീയ ചർച്ചകളല്ല, വ്യക്തിഹത്യകളാണ്. രാഷ്ട്രീയക്കാരുടെ ചർച്ചകളാണ്, എന്നാൽ, അവ രാഷ്ട്രീയ ചർച്ചകളല്ല. ഇലക്ഷനും അത്തരത്തിലേക്ക് മാറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പുകളിൽ തന്ത്രവും കുതന്ത്രവുമാണ് ജയിക്കുന്നത്, ചർച്ചകളല്ല. കേരളത്തിൽ മൂന്ന് മുന്നണികളുണ്ട്. ഒരു മുന്നണിക്കും കേരളത്തിന്റെ മൗലികപ്രശ്‌നങ്ങളിൽ ഊന്നിക്കൊണ്ടുള്ള പരിപാടി മാനിഫെസ്‌റ്റോയുടെ രൂപത്തിൽ മുന്നോട്ടുവെക്കാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസ് കേരള മോഡൽ നവീകരിക്കും എന്നു പറയുന്നു. എന്നാൽ, കേരള മോഡൽ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ പുറംതള്ളിയും പിൻതള്ളിയുമാണ് മുന്നോട്ടുപോയിട്ടുള്ളത്. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന നയമാണ് നമുക്കാവശ്യം, അല്ലാതെ ഇതിനെ നവീകരിക്കലല്ല. യു.ഡി.എഫിനോ എൽ.ഡി.എഫിനോ സമൂഹത്തിലെ ദുർബലരുടെ മൗലിക പ്രശ്‌നങ്ങളിൽ ഊന്നിക്കൊണ്ടുള്ള ഒരു പരിപാടി മുന്നോട്ടുവെക്കാൻ കഴിഞ്ഞിട്ടില്ല.

അധികാരം സർവാധിപതികൾക്ക്

രണ്ടുമൂന്നു കാര്യങ്ങൾ ശക്തമായി കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. ജാതി- മത- സാമുദായിക ശക്തികളും പ്രസ്ഥാനങ്ങളും ഇത്ര വളർന്ന ഒരു കാലം ഉണ്ടായിട്ടില്ല. അവർ പ്രത്യേക ആവശ്യങ്ങൾ മാത്രമല്ല ഉന്നയിക്കുന്നത്, രാഷ്ട്രീയത്തിൽ അവരെയും ഉൾക്കൊള്ളിക്കണമെന്നല്ല അവരുടെ ആവശ്യം. അവരുടെ തന്നെ വക്താക്കൾ രാഷ്ട്രീയത്തിൽ വേണം എന്നാണ് പറയുന്നത്. ചില മെത്രാന്മാർ അത് പറയുന്നുണ്ട്. അവർക്ക് ഇത്ര അപ്രമാദിത്തം കിട്ടിയ കാലം മുമ്പുണ്ടായിട്ടില്ല. രണ്ട്, ദാരിദ്ര്യം പൊതുവെ കുറഞ്ഞതുകൊണ്ട്, തൊഴിലില്ലായ്മ നിലനിൽക്കുന്ന ഘട്ടത്തിൽ, ഇലക്ഷൻ പ്രചാരണത്തിനും പ്രവർത്തനത്തിനും ആളുകളെ കിട്ടാൻ എളുപ്പമാണ്. പൊതുവെ കായികാധ്വാനം വർജിക്കുന്ന കേരളത്തിൽ യുവാക്കൾക്ക് രാഷ്ട്രീയം വളരെ ആകർഷകമായി തോന്നുന്നു. അവർ തെരഞ്ഞെടുപ്പുപ്രവർത്തനത്തിന് പോകുന്നു. മൂന്ന്, പരസ്യക്കമ്പനികളും മീഡിയയും ഇത്ര പ്രോമിനന്റായ ഘട്ടമില്ല. ഇവയെ രാഷ്ട്രീയ പാർട്ടികളും ഭരണാധികാരികളും വിലയ്ക്കുവാങ്ങുന്നു. അതുവഴി മീഡിയക്ക് ഭരണാധികാരികൾ ആകർഷണീയരാകുന്നു.

ചില പ്രത്യേക വിഭാഗങ്ങളിൽ ചില ആഭിമുഖ്യങ്ങൾ സൃഷ്ടിച്ച് ചിലരെ വക്താക്കളാക്കുകയാണ് ഭരണാധികാരികൾ ചെയ്യുന്നത്. മാധ്യമപ്രവർത്തകരും കലാകാരന്മാരും ഉയർന്ന തലത്തിൽ നിൽക്കേണ്ടവരാണ്. എന്നാൽ, ഇവിടെ, ആർട്ടിസ്റ്റിക്കായ കാര്യങ്ങളുടെ കമ്മോഡിഫിക്കേഷൻ ദ്രുതഗതിയിൽ നടക്കുന്നു. അധികാരത്തിൽ വന്നാലേ സാമൂഹികമായി സാംഗത്യമുണ്ടാകൂ എന്നാണ് ഇവരുടെ ധാരണ. അതുകൊണ്ടാണ്, അധികാരം ഇത്ര ആകർഷകമായി തോന്നുന്നതും അധികാരികളെ ആശ്രയിക്കേണ്ടിവരുന്നതും. അതുവഴി അവർക്ക് പുതിയൊരു അപ്രമാദിത്തം ലഭിക്കുന്നു. ഈ അംഗീകാരം, കഴിവിന്റെ അടിസ്ഥാനത്തിലല്ല, അധികാരം എന്ന പ്രക്രിയയാണ് ഇവർക്ക് അപ്രമാദിത്തം നൽകുന്നത്. പലതരം ആകർഷണീയതകളാണ് അധികാരം സൃഷ്ടിക്കുന്നത്. അധികാരികൾക്ക് ആരെ വേണമെങ്കിലും ഏറ്റെടുക്കാൻ കഴിയും. ചോദ്യം ചോദിക്കുന്ന, വിയോജിപ്പുള്ള എല്ലാവരെയും വിലയ്‌ക്കെടുക്കാനും നിശ്ശബ്ദരാക്കാനും അവർക്ക് കഴിയുന്നു. ഇത് അടുത്തകാലത്ത് ഇല്ലാതിരുന്ന കാര്യമാണ്. അതായത്, ഇപ്പോൾ ഭരണാധികാരികളെ വിമർശിക്കുന്നതിൽ വൈമുഖ്യം നിലനിൽക്കുന്നുണ്ട്, പലപ്പോഴും അത് ഭയപ്പെടുത്തിയിട്ടാണ് സംഭവിക്കുന്നത്​.

ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നുണ്ടെങ്കിലും സ്വാതന്ത്ര്യമില്ലാത്ത ഒരു ജനാധിപത്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ 19ാം വകുപ്പ് അപ്രസക്തമായിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ സംഭവിക്കുന്നതും ഇതുതന്നെയാണ്. ഭരണാധികാരികൾ ഏകാധിപതികളായി മാറുന്ന അവസ്ഥ. അതുകൊണ്ടുതന്നെ കേരളത്തിൽ ഈ ഇലക്ഷനിൽ ആര് വരും എന്നത് അപ്രധാനമാണ്, കാരണം, സർവാധിപത്യം അനുഷ്ഠിക്കുന്നവർക്കായിരിക്കും ഈ കാലത്ത് അധികാരം ലഭിക്കുക. ▮


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments