നെഹ്റുവിയൻ വികസന സങ്കല്പങ്ങളിലേക്ക് പഞ്ചവത്സരപദ്ധതികളും വ്യവസായശാലകളുമൊക്കെ ഉൾച്ചേർത്ത ക്രാന്തദർശിയായ ഭരണാധിപനായിരുന്നു സ്റ്റാലിൻ എന്നത് നിഷേധിക്കാനാവാത്ത ചരിത്രം.
ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾക്ക് രൂപം നൽകിയ, ലോകമാകമാനം സോഷ്യലിസ്റ്റ് ഭരണകൂടങ്ങൾ സ്ഥാപിക്കപ്പെടാൻ പിന്തുണയും പ്രചോദനവും നൽകിയ, ഇന്നും നൽകിക്കൊണ്ടിരിക്കുന്ന പ്രായോഗികതയിലും ശാസ്ത്രീയതയിലുമൂന്നിയ പ്രത്യയശാസ്ത്രത്തിന്റെ വക്താവായാണ് ചരിത്രം സ്റ്റാലിനെ അടയാളപ്പെടുത്തുന്നത്.
സ്റ്റാലിനെപ്പറ്റിയുള്ള പൊതുബോധനിർമ്മിതിയ്ക്ക് വിത്തുപാകുന്നതിലും അതിൽ പ്രതിലോമത തിരുകിക്കയറ്റുന്നതിലും വലതുപക്ഷ മാധ്യമങ്ങൾ സദാ ജാഗരൂകമായിരുന്നു. അതിൽ അമേരിക്കൻ മാധ്യമങ്ങൾ മുതൽ ഇപ്പോൾ ഇതിനാധാരമായ വാർത്ത വക്രീകരിച്ച് ഉദ്ധരിച്ച മനോരമ വരെയുണ്ട്.
ലോകത്ത് ഒരു ഭരണാധികാരിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത "വലതുപക്ഷ ഓഡിറ്റിന്' ഇന്നും വിധേയമാകുന്നു എന്നത് സ്റ്റാലിന്റെ മെറിറ്റായി വേണം കണക്കാക്കാൻ. ലോകത്താകമാനം മനുഷ്യക്കുരുതികൾക്ക് കുതന്ത്രം മെനയുകയും നേരിട്ട് നേതൃത്വം നൽകുകയും ചെയ്തുകൊണ്ടേയിരിക്കുന്ന അമേരിക്കയുടെ യുദ്ധവെറിയന്മാരായ ഭരണാധിപന്മാരെ പ്രതിക്കൂട്ടിൽ നിർത്താൻ ഇവർ തയ്യാറായിരുന്നില്ല. അറിയാവുന്നിടത്തോളം വലിയ അക്കങ്ങൾ സ്റ്റാലിന്റെ നേരേയെഴുതിച്ചേർത്ത് കൂട്ടക്കൊലയെന്ന് കൂട്ടിച്ചേർക്കുന്നത് വലതുപക്ഷ മാധ്യമങ്ങളുടെ നിരന്തരപദ്ധതിയായി തുടരുന്നു.
ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതിന് ആധാരമായത് ഉക്രയിനിയൻ നഗരത്തിൽ നിന്ന് ലഭിച്ച ആയിരക്കണക്കിന് മനുഷ്യരുടെ ശരീരാവശിഷ്ടങ്ങളെപ്പറ്റിയുള്ള വാർത്തകളാണ്. ഇരകളാരാണെന്നോ എന്താണെന്നോ അധികാരികമായി വെളിപ്പെടാത്ത സംഭവത്തെ, സ്റ്റാലിന്റെ കണക്കിൽപ്പെടുത്താനുള്ള വ്യഗ്രതയും വെമ്പലും വാർത്ത കൂടുതൽ ആഴത്തിൽ വായിക്കുന്ന ഏത് ചരിത്രവിദ്യാർഥിക്കും മനസ്സിലാവും. കാരണം അവ കണ്ടെടുത്ത നഗരത്തിന്റെ പേര് ഒഡേസയെന്നാണ്. ഒഡേസ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 1941 ലെ ഒഡേസ കൂട്ടക്കൊലയുടെ പേരിലും. ദിവസങ്ങൾക്കുള്ളിൽ ലക്ഷത്തോളം ജൂതരെ നാസികളും റുമാനിയയും ചേർന്ന സഖ്യം കൊന്നൊടുക്കിയ ഇടമാണത്.
ഒഡേസ നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഈ കൂട്ടക്കൊലയുടെ കുഴിമാടങ്ങൾ ഇക്കാലമത്രയും കണ്ടെടുക്കപ്പെട്ടേയിരുന്നു. ഈ ചരിത്രത്തെ ബോധപൂർവം വിസ്മരിച്ചാണ് രേഖകളുടെ പിൻബലമില്ലാതെ സ്റ്റാലിന്റെ തലയിലിടാനുള്ള മേൽപ്പറഞ്ഞ കൂട്ടരുടെ ഉദ്യമമെന്ന് മനസിലാക്കിത്തരുന്നത് ചരിത്രത്തിന്റെ തെളിവുകളും അവരുടെ രാഷ്ട്രീയ പക്ഷപാതിത്വവുമാണ്.
"ചെമ്പടയായിരുന്നു നാസിസത്തിന്റെ സമൂലനാശത്തിന്റെ ഹേതു' എന്ന് ബ്രിട്ടീഷ് ചരിത്രകാരനായ മാക്സ് ഹേസ്റ്റിംഗ്സ് നിരീക്ഷിക്കുന്നു. ചരിത്രവും രാജ്യാതിർത്തികളുമെല്ലാം നാമിന്നു കാണും വിധം നിലനിർത്താനും നാസിസത്തിന്റെ പടയോട്ടത്തെ കൊമ്പുകുത്തിക്കാനും സോവിയറ്റ് യൂണിയന് ത്യജിക്കേണ്ടി വന്നത് 11 ദശലക്ഷം സൈനികരുൾപ്പെടെയുള്ള 26 മില്യൻ പൗരന്മാരെയാണെന്ന് നമ്മുടെ മാധ്യമങ്ങൾ ഓർമ്മിച്ചെടുക്കുകയില്ല.
ബോധമുള്ള ഏതൊരാൾ മനുഷ്യചരിത്രമെഴുതിയാലും, പ്രതിലോമകാരികളുടെ പട്ടിക വിശദീകരിക്കുമ്പോൾ അതിൽ ആദ്യം ഇടം പിടിക്കുന്ന ഹിറ്റ്‌ലർ എവിടെ നിൽക്കുന്നുവെന്നും ഹിറ്റ്‌ലറുടെ മനുഷ്യവിരുദ്ധ രാഷ്ട്രീയത്തെ മാനവരാശിക്കുവേണ്ടി സധൈര്യം നേരിട്ട സ്റ്റാലിൻ എവിടെ നിൽക്കുന്നുവെന്നും വെളിവാകും. സുഭാഷ് ചന്ദ്രന്റെ എണ്ണം പറഞ്ഞ കഥകളിലൊന്നാണ് "ഒന്നര മണിക്കൂർ'. അതിൽ യുദ്ധവെറിയനായ ഹിറ്റ്‌ലർ
സെന്റ് പീറ്റേഴ്സ് നഗരത്തിന്റെ ജീവനും സൗന്ദര്യവും തകർക്കാൻ വരുന്ന വേളയിൽ അതിനെ പ്രതിരോധിക്കാനുള്ള ആത്മധൈര്യം അവിടുത്തെ യുവാക്കൾക്ക് സ്റ്റാലിൻ പകർന്നു നൽകുന്നതെന്ന് ഹൃദ്യമായി വിവരിക്കുന്നുണ്ട്.
ലോകരാഷ്ട്രങ്ങളിൽ ഇന്ത്യയുമായി നല്ല സൗഹൃദം സൂക്ഷിച്ച നാടാണ് സോവിയറ്റ് യൂണിയൻ. അധിനിവേശ ശക്തികൾക്കെതിരെ ഇന്ത്യയുൾപ്പടെയുള്ള രാഷ്ട്രങ്ങളിൽ ശക്തിപ്പെട്ടു വന്ന സ്വാതന്ത്ര്യ സമരത്തിന് 1917 ലെ സോവിയറ്റ് വിപ്ലവം വലിയ പ്രചോദനമായി. യൂണിയന്റെ പിറവിക്കു ശേഷവും ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷവും സോവിയറ്റ് യൂണിയനോടുള്ള ഇന്ത്യക്കാരുടെ സ്നേഹം ഉന്നതമായ മാനവികതയിൽ അധിഷ്ഠിതമായിരുന്നു. ലോക ചരിത്രത്തിൽ ഫാസിസ്റ്റ് ചേരിയുടെ പതനത്തിന് ഇടയാക്കിയ സംഭവം രണ്ടാം ലോകയുദ്ധമായിരുന്നു. ജർമ്മനി നേതൃത്വം നൽകിയ ഹിറ്റ്‌ലറുടെ സഖ്യത്തെ സധൈര്യം നേരിട്ട് പരാജയപ്പെടുത്തിയത് സ്റ്റാലിന്റെ സൈന്യമായിരുന്നു. സോവിയറ്റ് സഖ്യത്തിന്റെ ശക്തമായ പോരാട്ടമാണ് ഫാസിസ്റ്റ് ശക്തികളുടെ മുന്നേറ്റത്തെ തടഞ്ഞത്. ആ യുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ഇല്ലായിരുന്നെങ്കിൽ ചരിത്രം എന്നെന്നേക്കുമായി ഫാസിസത്തിന് കീഴടങ്ങിയേനേ. അറുപതുകൾക്കു ശേഷവും ഇന്ത്യയുടെ പുരോഗതി, ക്ഷേമം, സൈനിക - സാങ്കേതിക വികാസം, ശാസ്ത്ര വളർച്ച, സാംസ്കാരിക-സാഹിത്യ മുന്നേറ്റങ്ങൾ ഇതിനൊപ്പം നിന്ന രാജ്യമാണ് സോവിയറ്റ് യൂണിയൻ. അമേരിക്ക ഉൾപ്പടെയുള്ള സാമ്രാജ്യത്വ രാഷ്ട്രങ്ങൾ ഇന്ത്യയെ അപകടപ്പെടുത്താൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചപ്പോഴെല്ലാം , അന്താരാഷ്ട്ര തലത്തിലും നയതന്ത്ര ബന്ധങ്ങളിലൂടെയും ഇന്ത്യയോട് ചേർന്നു നിന്ന രാഷ്ട്രമാണ് സോവിയറ്റ് യൂണിയൻ.
1971 എന്ന വർഷത്തിന് ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രാധാന്യമുണ്ട്. പാക്കിസ്ഥാൻ സൈന്യം ആ രാജ്യത്തെ കിഴക്കൻ മേഖലയിലെ ബംഗാളി ജനവിഭാഗത്തിനെതിരെ അതിക്രമം അഴിച്ചു വിടുകയും ഏതാണ്ട് ഒരു കോടി പേർ - ഇന്ത്യയിലേക്ക് വരികയും ചെയ്തു. ഇന്ത്യയെ സംബന്ധിച്ച് പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നു. അവരെ നാം അഭയാർത്ഥികളായി പരിഗണിച്ച് പരിരക്ഷ നൽകി. കിഴക്കൻ മേഖലയിലെ മുക്തി ബാഹ്നി - പ്രതിരോധ പ്രസ്ഥാനം പാക്കിസ്ഥാൻ പട്ടാളത്തെ എതിർത്ത് മുന്നേറുകയായിരുന്നു. ഇന്ത്യയിലെത്തിയ പ്രമുഖ അവാമിലീഗ് നേതാക്കൾ പാക്കിസ്ഥാൻ നിലപാടുകൾക്കെതിരെ ഒരു പ്രവാസി സർക്കാരുണ്ടാക്കി . കിഴക്കൻ പാക്കിസ്ഥാനിൽ നടന്നത് അക്ഷരാർത്ഥത്തിൽ വംശഹത്യ (Genocide ) ആയിരുന്നു. പട്ടാളവും പാക് അനുകൂല ഗുണ്ട സംഘങ്ങളും ജനങ്ങളെ പീഢിപ്പിച്ചു. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നമായതിനാൽ ഇന്ത്യ കരുതലോടെ കാര്യങ്ങളെ വിലയിരുത്തുകയായിരുന്നു. ബംഗ്ലാ ജനതയുടെ ചെറുത്തു നിൽപ്പിന് ധാർമ്മിക പിന്തുണ നൽകി. നിസ്സഹായരായ കിഴക്കൻ ജനതയ്ക്കു നേരെയുള്ള പാക് പട്ടാളത്തിന്റെ ക്രൂരതയെ ലോകം അപലപിച്ചു. എല്ലാം നഷ്ടമായ, ജീവൻ മാത്രം അവശേഷിച്ച് ആട്ടിപ്പായിക്കപ്പെട്ട ബംഗ്ല ജനതയ്ക്ക് ഇന്ത്യ വാതിൽ തുറന്നു കൊടുത്തു. അവർക്ക് അന്നവും അഭയവും നൽകി.
ലോകരാഷ്ട്രങ്ങളോട് സംവദിച്ച് വംശഹത്യയ്ക്കെതിരെ ലോകാഭിപ്രായം സ്വരൂപിക്കാനാണ് ഇന്ത്യ പരിശ്രമിച്ചത്. സൈനിക ഇടപെടൽ വളരെ ജാഗ്രതയോടെ നടത്തേണ്ട പ്രവർത്തനമാണെന്ന് ബോധ്യമുണ്ടായിരുന്നു. കരസേന മേധാവി എസ്. എച്ച്. എഫ്. ജെ .മനേക് ഷായുടെ അവധാനതയോടെയുള്ള നീക്കം ഫലവത്തായി. പാക്കിസ്ഥാനുമായുള്ള സംഘർഷ സാധ്യത മുന്നിൽ കണ്ട്, സോവിയറ്റ് യൂണിയനുമായി ഇന്ത്യ ഒരു കരാർ ഒപ്പിട്ടു. ഇരു രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിന് എതിരെ പുറമേ മറ്റൊരു രാജ്യം ആക്രമണം നടത്തിയാൽ അതിെനെ പ്രതിരോധിക്കാൻ നടപടി എടുക്കുമെന്ന ഉറപ്പ് ആയിരുന്നു അത്. കിഴക്കൻ മേഖലയിൽ പാക്കിസ്ഥാന് കടുത്ത പ്രതിരോധം നേരിടേണ്ടി വന്നു. തുടർന്ന് അവർ ഇന്ത്യയ്ക്കു നേരെ കിഴക്കും പടിഞ്ഞാറും ദിശയിൽ ആക്രമണം അഴിച്ചു വിട്ടു. 1971 ഡിസംബർ 3 ന് ആയിരുന്നു തുടക്കം. കാശ്മീരിലെ അവന്തിപുര എയർ ബേസ് മുതൽ രാജസ്ഥാൻ വരെ 11 എയർ ബേസുകളിൽ ആക്രമണം തുടങ്ങി. അതിർത്തിയിൽ നിന്ന് ഏറെ അകലെയുള്ള വിമാനത്താവളങ്ങളിൽ വരെ ബോംബ് ഇട്ടു. ഇന്ത്യ തിരിച്ചടിച്ചു. ജയ്സാൽ മീറിലെ ലോ ഗേവാലയിൽ ഇന്ത്യ-പാക്കിസ്ഥാൻ സൈനികർ നേർക്ക് നേർ ഏറ്റുമുട്ടി. ആയിരത്തോളം പാക് സൈനികരെ, അതിലും എത്രയോ ചെറിയ എണ്ണം സൈനികർ ഉൾപ്പെട്ട ഇന്ത്യൻ സംഘം പരാജയപ്പെടുത്തി. തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു മുന്നേറ്റം. നിരവധി ടാങ്കുകൾ തകർത്തു. പ്രത്യേകം തയ്യാറാക്കിയ തുരങ്കത്തിന്റെ മുകളിൽ നിന്ന് ആയിരുന്നു ഇന്ത്യയുടെ തിരിച്ചടി. താഴ്ന്ന ഭാഗത്തായതു കൊണ്ടു തന്നെ പാക്കിസ്ഥാന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
ഇന്ത്യ-പാക് യുദ്ധത്തിൽ മാരുത് പോർവിമാനങ്ങൾ ശരവർഷം പോലെ പാക്കിസ്ഥാന് നേരേ പ്രവഹിച്ചു. നിരവധി പ്രദേശങ്ങൾ ഇന്ത്യ പിടിച്ചെടുത്തു. കറാച്ചിയിലെ പാക് നാവികസേന കേന്ദ്രത്തിലേക്ക് നടത്തിയ അറ്റാക് ( കറാച്ചി ഓപ്പറേഷൻ ടൈഡന്റ് - 1971 ഡിസം 4) ഇന്ത്യയുടെ പ്രഹരശേഷിയുടെ മികച്ച ഉദാഹരണമാണ്. യുദ്ധത്തിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടു. 93000 പാക് സൈനികരാണ് കീഴടങ്ങിയത്.
പാക്കിസ്ഥാനെ സഹായിക്കാൻ അമേരിക്കയുടെ ആണവായുധങ്ങൾ നിറച്ച കപ്പലുകൾ ബംഗാൾ ഉൾക്കടലിൽ എത്തിയിരുന്നു. ഏതാണ്ട് 75000 ടൺ ഭാരമുള്ള കപ്പലുകൾ നേതൃത്വം നൽകിയ സന്നാഹം. സുസജ്ജരായി ഐ എൻ എസ് വിക്രാന്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കപ്പൽ പട നിലയുറപ്പിച്ചു. അമേരിക്കയ്ക്കൊപ്പം ബ്രിട്ടനും വിമാന വാഹിനി പടയെ അയച്ചിരുന്നു. അന്ന് ബംഗാൾ ഉൾക്കടലിൽ അമേരിക്കൻ കപ്പലുകൾക്ക് ചുറ്റിലും, സോവിയറ്റ് യൂണിയന്റെ ആണവായുധ യുദ്ധകപ്പലുകൾ എത്തി. അമേരിക്കൻ - ബ്രിട്ടീഷ് കപ്പലുകൾ ഇന്ത്യയെ ആക്രമിച്ചാൽ അത് തടയാൻ സർവ്വ സന്നാഹങ്ങളുമായാണ് സോവിയറ്റ് യൂണിയന്റെ കപ്പലുകൾ നിലയുറപ്പിച്ചത്. അതൊരു സന്ദേശമായിരുന്നു. അമേരിക്ക മുന്നോട്ട് നീങ്ങിയില്ല.
പതിമൂന്ന് ദിവസം നീണ്ടു നിന്ന ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിലെ ഇന്ത്യയുടെ വിജയം സൈനിക തന്ത്രത്തിന്റെ കാര്യത്തിൽ നമ്മുടെ വൈദഗ്ധ്യം എടുത്തു കാട്ടി. എ എ കെ നിയാസിയുടെ നേതൃത്വത്തിൽ പാക് പട്ടാളക്കാർ കീഴടങ്ങി. ഇന്ത്യൻ ആർമിയിലെ ഈ സ്റ്റേൺ കമാൻഡ് ചീഫ് ലഫ് : ജനറൽ ജെ.എസ് അറോറയുമായി ധാക്കയിൽ ഇൻസ്ടമെന്റേഷൻ ഓഫ് സറണ്ടർ ഒപ്പുവച്ചു.
പാക്കിസ്ഥാനെതിരായ ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടം, ബംഗ്ലാ വിമോചന ചരിത്രത്തോടൊപ്പം പ്രാധാന്യം നേടി. ഒരു കോടി അഭയാർത്ഥികളെ ചേർത്തുപിടിച്ച രാഷ്ട്രമെന്ന ഖ്യാതി ഇന്ത്യയ്ക്ക് ലഭിച്ചു .
ഇന്ത്യ ഏത് പ്രതിസന്ധിയെ നേരിടുമ്പോഴും ഇന്ത്യയോടൊപ്പം നിന്ന രാഷ്ട്രമാണ് സോവിയറ്റ് യൂണിയൻ. സഹകരണവും സമന്വയവുമായിരുന്നു ആ ബന്ധത്തിന്റെ അടിസ്ഥാനം. സോവിയറ്റ് യൂണിയനെ കെട്ടിപ്പടുത്ത മഹാനായ സ്റ്റാലിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
ആക്ഷേപിച്ചത് കണ്ടപ്പോഴാണ് വീണ്ടും അതെല്ലാം ഓർമിച്ചത്.
കമ്യൂണിസ്റ്റ് വിരുദ്ധതയാൽ മനോരമയുടെ മൺവെട്ടിയുമായി ചരിത്രത്തിലെ ഹിറ്റ്‌ലർ കുഴിമാടം ചികയാൻ പോകുന്ന വി.ഡി. സതീശൻ സമയം കിട്ടുമ്പോൾ വർത്തമാനത്തിലേക്ക് വരണം. എന്നിട്ട് ഐ.സി.എച്ച്. ആറിന്റെ
വെബ്സൈറ്റിന്റെ മുഖചിത്രം നോക്കണം. അവിടെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ ഏറ്റവും പ്രമുഖരുടെ ചിത്രങ്ങൾ ആ കേന്ദ്രസർക്കാർ സ്ഥാപനം നൽകിയിരിക്കുന്നത് കാണാം. അതിൽ പക്ഷേ നെഹ്രുവില്ല; പകരമവർ പ്രതിഷ്ഠിച്ചിരിക്കുന്നത് സവർക്കറെയാണ്.
അധികാരനഷ്‌ടത്തിന്റെ അസ്വസ്ഥതയിൽ കമ്യൂണിസ്റ്റുകാർക്കെതിരെ എന്തും പറയാനുള്ള ആധിയിൽ അതൊന്നും താങ്കളുടെ ശ്രദ്ധയിൽ പെടില്ല എന്ന് ഖേദത്തോടെ ഞങ്ങൾ മനസിലാക്കുന്നു.
ഏകാധിപത്യത്തിന്റെയും നരഹത്യയുടെയും കഥകൾ കമ്യൂണിസ്റ്റുകാരിൽ ആരോപിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് ഇന്ദിരാഗാന്ധിയുടെ ചിത്രമെങ്കിലും കോൺഗ്രസ് ഓഫീസുകളുടെ ചുവരിലിരുന്ന് സതീശനെ നോക്കി ചിരിക്കും. സതീശൻ ചരിത്രം പഠിക്കാത്തതു കൊണ്ടല്ല, പഠിച്ച ചരിത്രം തിരുത്തിയെഴുതുന്ന സംഘിയുടെ മനോഭാവത്തിലേക്ക് അദ്ദേഹം പരിണമിക്കുന്നതു കൊണ്ടാണ് ഇപ്രകാരം ചരിത്ര വിരുദ്ധമായി സംസാരിക്കുന്നത്. ചരിത്രം മറക്കുകയല്ല, മറയ്ക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്. അമേരിക്കൻ മാധ്യമങ്ങൾ ആഴ്ച തോറും അവതരിപ്പിക്കുന്ന അസത്യങ്ങളും അർദ്ധസത്യങ്ങളും മനോരമ പുനരവതരിപ്പിക്കുന്നത് പൊക്കിയെടുത്താൽ ചരിത്രമാവില്ല.
സത്യാനന്തരകാലത്തെ മാധ്യമങ്ങൾ തങ്ങളുടെ തലതൊട്ടപ്പനായി കാണുന്ന ജോസഫ് ഗീബൽസിന്റെ കാലത്തെ കഥ പറയുമ്പോൾ അവർക്ക് ഔത്സുക്യവും ആവേശവും കൂടുക തന്നെ വേണമല്ലോ. എന്നാൽ അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങിയ ശേഷം താങ്കൾ പ്രകടിപ്പിക്കുന്ന
ഈ അസഹിഷ്ണുത താങ്കളെ അപഹാസ്യതയിലേക്കാണ് നയിക്കുക.
""And so looking back at these 35 years or so, many figures stand out, but perhaps no single figure has moulded and affected and influenced the history of these years more than Marshal Stalin. He became gradually almost a legendary figure, sometimes a man of mystery, at other times a person who had an intimate bond not with a few but with vast numbers of persons. He proved himself great in peace and in war. He showed an indomitable will and courage which few possess, but perhaps when history comes to be written many things will be said about him and I do not know what opinions, what varying opinions, subsequent generations may record, but every one will agree that here was a man of giant stature, a man such as few who had moulded the destinies of his age, a man – although he succeeded greatly in war''. ഈ മുപ്പത്തഞ്ച് കൊല്ലത്തിന്റെ
ചരിത്രത്തിൽ വ്യത്യസ്തരായ പ്രമുഖർ പലരുമുണ്ടായേക്കാം, പക്ഷേ ചരിത്രത്തെ ഇത്രയും രൂപപ്പെടുത്തിയതും സ്വാധീനിച്ചതുമായ ഒറ്റമനുഷ്യനായി മാർഷൽ സ്റ്റാലിനെപ്പോലെ ആരുമുണ്ടാകില്ല. ക്രമേണ ഐതിഹാസികമായ ഒരു വ്യക്തിത്വമായി പരിവർത്തനം ചെയ്യപ്പെട്ട അദ്ദേഹത്തിന് നിരവധി വ്യക്തികളുമായി ആത്മബന്ധമുണ്ടാക്കാനായി. യുദ്ധത്തിന്റെയും സമാധാനത്തിന്റെയും മുഖങ്ങളിൽ അദ്ദേഹം മഹത്തായ വ്യക്തിത്വമായി നിലകൊണ്ടു. അസാമാന്യമായ ധൈര്യത്തിന്റെയും ആത്മബലത്തിന്റെയും പ്രതീകമായി അദ്ദേഹം വെളിപ്പെട്ടു. ചരിത്രം എങ്ങനെയൊക്കെ അദ്ദേഹത്തെപ്പറ്റി രേഖപ്പെടുത്തിയാലും സകലരും അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്; അദ്ദേഹം തന്റെ കാലത്തെ ചരിത്രത്തെ ഉരുക്കിയെടുത്ത് പരുവപ്പെടുത്തിയ ഐതിഹാസികമായ വ്യക്തിത്വമായിരുന്നു...അങ്ങനെയധികം പേരില്ല ചരിത്രമാകമാനമെടുത്താലും - സ്റ്റാലിനെകുറിച്ച് ഇങ്ങനെ പ്രസ്താവിച്ച മഹാനായ മനുഷ്യന്റെ പേര് ഒരിക്കൽക്കൂടി വിനയത്തോടെ താങ്കളെ ഓർമ്മിപ്പിക്കട്ടെ -
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു.
ചരിത്രനിഷേധത്തിന്റെയും ചരിത്രവിരുദ്ധതയുടെയും വർത്തമാനം സൃഷ്ടിക്കാൻ തുടർച്ചയായി പരിശ്രമിച്ചുവരികയാണ് സംഘപരിവാരം. ആ ദുഷ്ടശക്തികൾക്ക് തന്നാലാകും വിധം ചൂട്ടുപിടിക്കുകയാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തന്റെ പ്രസ്താവനകളിലൂടെ ചെയ്യുന്നത്. സ്റ്റാലിന്റെ ചരിത്രസാന്നിദ്ധ്യത്തെ സംബന്ധിച്ച്, ഏകപക്ഷീയവും തെറ്റിദ്ധാരണജനകവുമായ പ്രസ്താവന നടത്തുന്നത് വഴി അദ്ദേഹം നെഹ്രുവിനെ കൂടി തള്ളിപ്പറയുകയാണ് എന്നു തന്നെകരുതേണ്ടി വരും.
ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങൾക്ക് വഴിമരുന്നിടുക വഴി സോവിയറ്റ് യൂണിയന്റെ മാത്രമല്ല - മാനവരാശിയുടെ തന്നെയും മുഖച്ഛായ മാറ്റിയെഴുതിയ, എല്ലാത്തിനുമുപരിയായി ഫാസിസത്തിന്റെ ധിക്കാരങ്ങളെ തല കുനിപ്പിച്ച സ്റ്റാലിന്റെ സ്മരണകൾ വി.ഡി സതീശന് അലോസരമുണ്ടാക്കുന്നുവെങ്കിൽ അത് പുരോഗമനവിരുദ്ധ മനസ്സിന്റെ ലക്ഷണമല്ലാതെ മറ്റൊന്നുമല്ല. നൃശംസങ്ങളായ വംശഹത്യകളുടെ ഭൂതകാലചരിത്രം പേറുന്ന കോൺഗ്രസിൽ കാലൂന്നി നിന്നാണ് താങ്കളിത് പറയുന്നത് എന്നത് വിരോധാഭാസമെന്നേ പറയാനാകൂ.