അരസിയൽ
സുവരൊട്ടികൾ-
രണ്ട്
രാഷ്ട്രീയം സാധ്യതയുടെ കലയാണെന്ന പ്രസിദ്ധ നിർവചനം ജർമ്മനിയുടെ ആദ്യ ചാൻസലർ ഓട്ടോ വാൻ ബിസ്മാർക്കിന്റേതാണ്. ഈ അഭിപ്രായത്തോടുള്ള തത്വത്തിലുള്ള വിയോജിപ്പാണ് കനേഡിയൻ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ജോൺ കെന്നത്ത് ഗാൽബ്രയ്ത്ത് 1962 മാർച്ച് 2ന് യു.എസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിക്ക് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നത്: ‘‘സാധ്യതയുടേതല്ല, വിനാശകരവും അപ്രീതികരവുമായ സാഹചര്യങ്ങൾ തെരഞ്ഞെടുക്കുന്ന കല"യായാണ് അദ്ദേഹം രാഷ്ട്രീയത്തെ കണക്കാക്കുന്നത്. തെരഞ്ഞെടുക്കാൻ അനുയോജ്യമായവ ഒന്നുമില്ലാത്ത സാഹചര്യത്തിൽ നേതാക്കൾ അഭിമുഖീകരിക്കുന്ന രാഷ്ട്രീയത്തിന്റെ സങ്കീർണ്ണതകളും വെല്ലുവിളികളുമാണ് ഗാൽബ്രയ്ത്തിന്റെ പരിഗണനാവിഷയം. രാഷ്ട്രീയത്തോടും ഭരണത്തോടുമുള്ള പ്രായോഗിക സമീപനത്തെ പ്രതിഫലിപ്പിക്കുന്ന ഈ പ്രസ്താവന, അസുഖകരമായ പ്രത്യാഘാതങ്ങൾക്കിടയിലും കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടതിന്റെ അനിവാര്യതയിൽ ഊന്നുന്നു.
തമിഴ്‍നാട് മുൻമുഖ്യമന്ത്രിയും AIADMK നേതാവുമായ എടപ്പാടി പളനിസ്വാമി അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യം വിലയിരുത്തുമ്പോൾ ഈ രണ്ടു നിർവചനങ്ങൾക്കും സാംഗത്യമുണ്ടെന്നു വേണം പറയാൻ. ഗാൽബ്രയ്ത്ത് ഉദ്ദേശിക്കുന്ന തരം രാഷ്ട്രീയ തീരുമാനങ്ങളുടെ ഗരിമ എടപ്പാടിക്ക് അവകാശപ്പെടാനാവില്ലെങ്കിലും ചില സമാനതകൾ കണ്ടെത്താനാവും.
എടപ്പാടിയുടെ വരവ്
സേലം ജില്ലയിൽ കരിമ്പ് വിളയുന്ന എടപ്പാടിയിലെ സിലുവംപാളയം എന്ന ഗ്രാമത്തിൽ, വെള്ളാള ഗൗണ്ടർ സമുദായത്തിലെ കർഷക കുടുംബത്തിൽ ജനിച്ച പളനിസ്വാമിക്ക് വെല്ലം / ശർക്കര വിറ്റ് ഉപജീവനം നടത്തിയ ചെറുപ്പകാലമുണ്ട്. പളനിസ്വാമിയുടെ അക്കാലത്തെ ഇരട്ടപ്പേര് ‘വെല്ലമൂട്ടൈ’ (വെല്ലച്ചാക്ക്) എന്നായിരുന്നു. ഇത്തരം പരിഹാസങ്ങളെയൊക്കെ ചിരിച്ചുതള്ളിയിരുന്ന മൃദുസ്വാഭാവിയായ ഈ യുവാവിന് പക്ഷെ, ബന്ധുക്കൾക്കിടയിലെ സ്വത്ത് തർക്കത്തിനിടെ, മൂന്നു പേർ കുത്തേറ്റ് മരിച്ച കേസിൽ കൂട്ടുപ്രതിയായി കോടതി കയറേണ്ടിവന്നു. മദ്ധ്യസ്ഥ ശ്രമത്തിൽ കേസ് ഒതുക്കിതീർന്നതിനു ശേഷമാണ് സ്വന്തം ഗ്രാമത്തിൽ എടപ്പാടിക്ക് തിരിച്ചെത്താനായത്. ഇക്കാലത്ത് എം.ജി. ആറിനോടുള്ള താരാരാധന മൂത്ത്, AIADMK-യിൽ ചേർന്ന് പ്രവർത്തിക്കാനാരംഭിച്ച പളനിസ്വാമി വൈകാതെ പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിൽ എത്തുന്നു.
1985- ൽ രോഗം മൂർഛിച്ച് മുഖ്യമന്ത്രി എം.ജി. രാമചന്ദ്രൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോയപ്പോൾ, പാർട്ടിയിലെ രണ്ടാമനായ ആർ.എം. വീരപ്പന്റെ കയ്യിലായിരുന്നു പാർട്ടി കടിഞ്ഞാൺ. വീരപ്പനും പ്രചാരണവിഭാഗം സെക്രട്ടറി ജയലളിതയും തമ്മിലുള്ള അധികാര വടംവലി മുറുകുന്ന ആ ഘട്ടത്തിലാണ് 'ജയലളിത പേരവൈ' എന്ന പേരിൽ ഒരു കൂട്ടായ്മ, പളനിസ്വാമിയുടെ നേതൃത്വത്തിൽ സേലത്തിൽ രൂപം കൊള്ളുന്നത്. വീരപ്പൻ വിഭാഗം ശക്തമായിരുന്ന, എം.ജി.ആർ എന്ന നേതാവിന്റെ കരിസ്മക്ക് പുറത്ത് മറ്റൊരു പേര് സാധ്യമല്ലാതിരുന്ന കാലത്താണ് ഇതെന്നോർക്കണം.
1987-ൽ എം.ജി.ആറിന്റെ മരണശേഷം പിൻഗാമിയെ ചൊല്ലിയുള്ള അധികാര തർക്കത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ജാനകി, വീരപ്പൻ വിഭാഗത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായി. അപ്പോഴും ഔദ്യോഗികപക്ഷത്തിനെതിരെ ജയലളിതയോടൊപ്പം നില്ക്കാൻ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല പളനിസ്വാമിക്ക്. വിശ്വാസവോട്ടെടുപ്പിൽ ജാനകിയ്ക്ക് വിജയിക്കാനായെങ്കിലും സംസ്ഥാനത്തെ സംഘർഷാവസ്ഥ കാട്ടി രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്മെന്റ്, സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ടു. തുടർന്ന് ഒരു വർഷം രാഷ്ട്രപതി ഭരണം. 1989-ൽ വീണ്ടും തെരഞ്ഞെടുപ്പ്. അന്ന് എടപ്പാടി നിയമസഭാ മണ്ഡലത്തിൽ ജയലളിത വിഭാഗം സ്ഥാനാർത്ഥിയായി 'പൂവൻകോഴി' ചിഹ്നത്തിൽ (പിളർപ്പിന്റെ തുടർന്ന് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ 'രണ്ടില' ഇരുവിഭാഗത്തിനും നഷ്ടമായി. ജാനകി വിഭാഗത്തിന് 'രണ്ടു പ്രാവുകൾ' ചിഹ്നമാണ് ലഭിച്ചത്) മത്സരിച്ച പളനിസ്വാമി DMK-യിലെ എൽ. പളനിസ്വാമിയെ തോൽപ്പിച്ച്, ആദ്യമായി നിയമസഭാ സാമാജികനായി. എടപ്പാടി പളനിസ്വാമി എന്ന പേര് പതിയുന്നത് അങ്ങനെയാണ്. ആ തെരഞ്ഞെടുപ്പിൽ എം. കരുണാനിധിയുടെ നേതൃത്വത്തിൽ DMK സർക്കാർ അധികാരത്തിൽ വന്നു. തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ ജാനകി വിഭാഗത്തെ അപ്രസക്തമാക്കി, പാർട്ടിയുടെ അനിഷേധ്യ നേതൃസ്ഥാനം ജയലളിത കൈപ്പിടിയിലൊതുക്കി.

‘അമ്മ’യുടെ വിശ്വസ്തൻ
പദവികൾ ലഭിച്ചാലും ഇല്ലെങ്കിലും, തെരഞ്ഞെടുപ്പുകളിൽ ജയിച്ചാലും തോറ്റാലും ജയലളിതയുടെ വിശ്വസ്തനായി തുടരുന്നതിലും, ആ രീതിയിൽ തന്നെ പ്രൊജക്റ്റ് ചെയ്യുന്നതിനും എടപ്പാടി ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നു. ആദ്യകാലത്തെ ചില വിജയങ്ങൾ ഒഴിച്ച് നിർത്തിയാൽ തെരഞ്ഞെടുപ്പുകളിൽ ജനസ്വാധീനം കുറയുകയും ഏറെ തിരിച്ചടികൾ നേരിടുകയും ചെയ്ത ആളാണ് എടപ്പാടി. എന്നിട്ടും പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ, എന്തിന്, എം.ജി. ആറിന്റെ കാലത്ത് താൻ വഹിച്ചിരുന്ന പാർട്ടി പ്രചാരണവിഭാഗം സെക്രട്ടറി സ്ഥാനം പോലും എടപ്പാടിയെ ഏൽപ്പിക്കാൻ ജയലളിത മടിച്ചില്ല. അതായത് സേലം ജില്ലാ സെക്രട്ടറി എന്ന നിലയിൽ, പാർട്ടിക്ക് കൂറ്റൻ തെരഞ്ഞെടുപ്പ് വിജയങ്ങൾ സമ്മാനിച്ച കാലത്തും, മത്സരിക്കാൻ നൽകിയ അവസരങ്ങൾ പാഴാക്കികളഞ്ഞ ഘട്ടങ്ങളിലും ഒരുപോലെ ജയലളിത, എടപ്പാടിയെ ചേർത്തുനിർത്തി. മന്ത്രിസഭയിൽ മികച്ച വകുപ്പുകളും എടപ്പാടിക്ക് ലഭിച്ചു. ജയലളിതയുടെ ഉറ്റതോഴി ശശികലയുടെ ബന്ധു, രാവണനുമായുള്ള അടുപ്പം ഇക്കാര്യത്തിൽ എടപ്പാടിക്ക് ചവിട്ടുപടിയായി.
സമചിത്തതയോടെയും തന്ത്രജ്ഞതയോടും, താല്പര്യങ്ങളെയും മുൻഗണനാക്രമങ്ങളെയും നിശ്ചയിക്കുന്നതിലും അവയെ പ്രായോഗികമായി പരീക്ഷിക്കുന്നതിലും പ്രതിസന്ധികൾ ഏറ്റെടുക്കുന്നതിലും എടപ്പാടി ഏറെ മുന്നിട്ടു നിൽക്കുന്നു എന്ന് കാണാം.
"അമ്മയുടെ (ജയലളിത) മന്ത്രിസഭയിൽ അംഗമാകുന്നത് വലിയൊരു കാര്യമല്ല, മന്ത്രിയായി തുടരാനാവുക എന്നതാണ് മഹാകാര്യം" എന്നൊരു ചൊല്ല് തന്നെ AIADMK വൃത്തങ്ങളിൽ അക്കാലത്തുണ്ടായിരുന്നു. ജയയുടെ ചെറിയൊരു അതൃപ്തി പോലും മന്ത്രിസ്ഥാനം തെറിക്കാൻ ഹേതുവായിരുന്നു. ആദ്യ ഭരണകാലത്ത് തന്നെ 23-ഓളം തവണയാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. എന്നാൽ ഇടയ്ക്കിടെയുള്ള ഇത്തരം 'ശുദ്ധീകരണ ക്രിയ'യിൽ ഒട്ടും പരുക്ക് പറ്റാതെ നിലനിൽക്കാൻ സാധിച്ച ആറു മന്ത്രിമാരിൽ ഒരാൾ എടപ്പാടിയായിരുന്നു. ജയലളിതയുടെ ആശ്രിത വാത്സല്യത്തിന് പാത്രമാവാൻ പൊതുവേദികളിൽ പോലും അവരുടെ കാലിൽ വീണ് സാഷ്ടാംഗം പ്രണമിക്കുന്ന മന്ത്രിമാർ അക്കാലത്തെ കൗതുക കാഴ്ച്ചകളിലൊന്നായിരുന്നു. ജയലളിതയുടെയും തോഴി ശശികലയുടെയും കാലുകളിൽ വീണു നമസ്കരിക്കുന്ന എടപ്പാടിയുടെ ചിത്രങ്ങൾ ഇന്നും സമൂഹമാധ്യമങ്ങളിൽ കാണാം. തന്ത്രപരമായ ചില നീക്കങ്ങളിലൂടെ ജയലളിതയ്ക്ക് ചുറ്റുമുള്ള അധികാരകേന്ദ്രത്തിനുള്ളിൽ കടക്കാനും, രാഷ്ട്രീയ വളർച്ചയ്ക്ക് തന്നെ സഹായിച്ച സെങ്കോട്ടയ്യനടക്കമുള്ള നേതാക്കളെ ജയലളിതയിൽ നിന്ന് അകറ്റി, സ്വന്തം സ്ഥാനം ഉറപ്പിക്കാനുമുള്ള എടപ്പാടിയുടെ ശ്രമങ്ങൾ പടിപടിയായി വിജയം കണ്ടു.

ഒ.പി.എസ്സും ‘ധർമ്മയുദ്ധ’വും
ജയലളിത മരണാസന്നയായി ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ കെയർടേക്കർ മുഖ്യമന്ത്രിയായും മരണശേഷം മുഖ്യമന്ത്രിയായും ഒ. പന്നീർസെൽവം നിയോഗിക്കപ്പെട്ടു. മുൻകാലങ്ങളിൽ കോടതിവിധികളുടെ പേരിൽ മാറി നിൽക്കേണ്ടിവന്ന രണ്ട് അവസരങ്ങളിലും ഏറ്റവും വിശ്വസ്തനായ പന്നീർസെൽവത്തെയാണ് ജയലളിത ഭരണച്ചുമതല ഏല്പിച്ചിരുന്നത്. ഇത് അദ്ദേഹത്തിന് അനുകൂല ഘടകമായി. താൽക്കാലിക ജനറൽ സെക്രട്ടറിയായി വി. ശശികലയെ ജനറൽ കൗൺസിൽ തെരഞ്ഞെടുക്കുകയും ചെയ്തു. അമ്മക്ക് ശേഷം ചിന്നമ്മ എന്ന നിലയിൽ സ്വന്തം മേധാവിത്വം അടിച്ചേൽപ്പിക്കാനുള്ള ശശികലയുടെ ശ്രമം പാർട്ടിയിൽ അസ്വാരസ്യങ്ങൾക്ക് കാരണമായി. ഈ രീതിയിലുള്ള ശശികലയുടെ ഇടപെടലുകൾ പന്നീർസെൽവം വിഭാഗത്തെ ചൊടിപ്പിച്ചു. ജയലളിതസ്മാരകമണ്ഡപത്തിൽ ചെന്ന് ശശികലയ്‌ക്കെതിരെ പന്നീർസെൽവം നടത്തിയ അതീവ നാടകീയമായ 'ധർമ്മയുദ്ധ' പ്രഖ്യാപനത്തോടെ AIADMK- യിലെ പടലപ്പിണക്കം മറനീക്കി പുറത്തുവന്നു. മുഖ്യമന്ത്രിപദം രാജിവെച്ച പന്നീർ സെൽവത്തിന്റെ നേതൃത്വത്തിൽ ഒരു വിമത ഗ്രൂപ്പ് ശശികലയ്‌ക്കെതിരെ നിലകൊണ്ടു. ഇതിനിടെ, ജനറൽ സെക്രട്ടറി സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും കൈവശമാക്കാനുള്ള ശശികലയുടെ രാഷ്ട്രീയ മോഹങ്ങൾക്കേറ്റ അശനിപാതമായി, അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലുവർഷത്തെ തടവിന് വിധിച്ചു കൊണ്ടുള്ള കോടതി ഉത്തരവ്. ജയലളിതയുടെ കാലത്ത് വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നതായിരുന്നു കേസ്.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇ.പി.എസ് എന്നറിയപ്പെടുന്ന എടപ്പാടി പളനിസ്വാമിയും ഒ.പി. എസ് എന്നറിയപ്പെടുന്ന ഒ. പന്നീർസെൽവവും അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കളായാണ് എണ്ണപ്പെടുന്നതെങ്കിലും പാർട്ടിക്കകത്തും പുറത്തുമുള്ള പ്രശ്നങ്ങളോട് ഇവർ സ്വീകരിക്കുന്ന സമീപനങ്ങൾ വ്യത്യസ്തമാണ്.
ഇരു ഗ്രൂപ്പുകളും ബലാബലം പരീക്ഷിക്കുന്ന സാഹചര്യത്തിൽ, പന്നീർസെൽവത്തിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തെ ഒഴിവാക്കി, കൂവത്തൂരിൽ ചേർന്ന എം.എൽ.എമാരുടെ യോഗം, 'മന്നാർഗുഡി മാഫിയ' എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച ശശികല വിഭാഗം നിർദ്ദേശിച്ച എടപ്പാടിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. പിന്നീട് നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ ശശികലയോടുള്ള വിധേയത്വം പ്രകടമാക്കാൻ അവരുടെ കാൽക്കൽ വീണുകിടക്കുന്ന എടപ്പാടിയുടെ ചിത്രം അക്കാലത്ത് ഏറെ പരിഹസിക്കപ്പെട്ടു.
എന്നാൽ ശശികല ബാംഗ്ലൂർ ജയിലിലടക്കപ്പെടും വരെയുള്ള എടപ്പാടിയെ അല്ല, തട്ടും തടവുമറിയുന്ന, പയറ്റിത്തെളിയുന്ന സൂത്രക്കാരനായ രാഷ്ട്രീയക്കാരനെയാണ് തമിഴ്‌നാട് രാഷ്ട്രീയം പിന്നീട് കാണുന്നത്. ശശികലയെയും, മുഖ്യമന്ത്രിയാക്കുന്നതിനു സഹായിച്ച 'മന്നാർഗുഡി മാഫിയ'യെയും AIADMK രാഷ്ട്രീയത്തിൽ നിന്നു തന്നെ തൂത്തെറിയാനും പാർട്ടിയിൽ അപ്രമാദിത്വം തെളിയിക്കാനുമുള്ള എടപ്പാടിയുടെ കൗശലങ്ങൾ തമിഴ്‍നാട് ജനത കാണാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ.

ഇതാ, മറ്റൊരു എടപ്പാടി
കൈവന്ന അധികാരം നിലനിർത്താനും ശശികലയിൽ നിന്ന് ഭാവിയിൽ ഉണ്ടാകാനിടയുള്ള ഭീഷണിയെ ചെറുക്കാനും അതുവരെ സാധ്യതകളിൽ മാത്രം പ്രതീക്ഷയർപ്പിച്ചിരുന്ന എടപ്പാടി ദൂരവ്യാപക ഫലങ്ങൾ ഉണ്ടാകുന്നതും അനിശ്ചിതത്വം നിറഞ്ഞതുമായ തീരുമാനങ്ങളെടുക്കാൻ തുടങ്ങി. പാർട്ടിയിലെ ശശികല വിഭാഗത്തെ കൂടെ നിർത്തുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ എടപ്പാടി, പന്നീർ സെൽവവുമായി വെടിനിർത്തലിന് തയ്യാറായി. ഭരണനേതൃത്വത്തിൽ ഒന്നാമനാകാനും, പാർട്ടിയിൽ പന്നീർസെൽവത്തിനു പിന്നിൽ രണ്ടാമനാവാനും എടപ്പാടി സമ്മതം മൂളിയതോടെ, പാർട്ടിയിൽ ഇരട്ട നേതൃത്വം നിലവിൽ വന്നു. പന്നീർ സെൽവം പാർട്ടി കോ- ഓർഡിനേറ്ററായും എടപ്പാടി ജോയിന്റ് കോ -ഓർഡിനേറ്ററുമായുള്ള സമവായം രൂപപ്പെട്ട നിമിഷം തൊട്ട് മന്നാർഗുഡി ഗ്രൂപ്പിന് നിൽക്കക്കള്ളിയില്ലാതെയുമായി. താൽകാലിക ജനറൽ സെക്രട്ടറി സ്ഥാനം റദ്ദാക്കാനും ജയിൽശിക്ഷ വിധിക്കപ്പെട്ട ശശികലയെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും ജനറൽ കൗൺസിൽ യോഗത്തിൽ തീരുമാനമായി.
ഇതേത്തുടർന്നാണ് ശശികലയുടെ അനന്തരവനായ ടി.ടി.വി. ദിനകരൻ പാർട്ടിയിൽ നിന്ന് പുറത്തു പോകുന്നതും 'അമ്മ മക്കൾ മുന്നേറ്റ കഴകം പാർട്ടി’ രൂപീകരിക്കുന്നതും. ചെന്നൈയിലെ ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ ടി.ടി.വി. ദിനകരൻ വിജയിച്ചത് AIADMK-യ്ക്കേറ്റ പ്രഹരമായി. എന്നാൽ ഈ വിജയത്തിന് തുടർച്ചയുണ്ടാക്കുവാൻ ടി.ടി.വിയുടെ നേതൃത്വത്തിന് കഴിഞ്ഞില്ല.
പാർട്ടിയിലെ അധികാരത്തെക്കാളും ഭരണ നേതൃത്വത്തിനുള്ള സ്വാധീനശക്തിയും സാമ്പത്തിക സ്രോതസ്സുകളും വലിയ സാധ്യത തുറന്നുതരും എന്ന് മുൻകൂട്ടിക്കണ്ടാണ് എടപ്പാടിയിലെ കൂർമ്മ ബുദ്ധിയുള്ള രാഷ്ട്രീയക്കാരൻ ഇരട്ട നേതൃത്വത്തെ അംഗീകരിച്ചത്. താൽക്കാലിക ഐക്യമുണ്ടായെങ്കിലും, നേതൃപരമായ അവകാശ തർക്കങ്ങൾ പാർട്ടിയിൽ തുടർച്ചയായ ചേരിപ്പോരിനു കളമൊരുക്കി. എടപ്പാടി - പന്നീർ ശീതസമരത്തിന്റെ അയ്യരുകളിക്കാണ് AIADMK രാഷ്ട്രീയം പിന്നീട് സാക്ഷ്യം വഹിച്ചത്.
പാർട്ടിയിലും ഭരണത്തിലും സമഗ്രമായ മേധാവിത്വം നേടാനുള്ള കരുനീക്കങ്ങളാണ് പീന്നീട് എടപ്പാടി ആരംഭിക്കുന്നത്. ഭരണപരമായ എല്ലാ പ്രചാരണങ്ങളിലും സ്വന്തം ചിത്രങ്ങൾ മാത്രം നൽകി, നേതൃത്വം തന്റെ കയ്യിലാണെന്നു അണികളെ ബോധ്യപ്പെടുത്തുകയായിരുന്നു ആദ്യ പടി. ജനപ്രിയപദ്ധതികളുടെ വലിയൊരു പട്ടിക തന്നെ അവതരിപ്പിക്കാൻ എടപ്പാടി ശ്രമിച്ചു (എടപ്പാടിയുടെ ഭരണനേതൃത്വത്തെ കുറിച്ചു ജനസാമാന്യത്തിനു ഇന്നും വലിയ തോതിൽ ആക്ഷേപമില്ല എന്നത് ശ്രദ്ധാർഹമാണ്). ഈ പദ്ധതികളിലൊക്കെ, മുൻഗാമിയായ ജയലളിതയെ പോലെ 'എന്റെ തല, എന്റെ ഫിഗർ മാത്രം' ശൈലി സ്വീകരിക്കാനും അദ്ദേഹം മടിച്ചില്ല. ഭരണത്തിന്റെ ആദ്യഘട്ടത്തിൽ ഇത്തരം അധികാരപ്രയോഗം എടപ്പാടിക്ക് അത്ര എളുപ്പമായിരുന്നില്ല. അനുനയങ്ങളും വാഗ്ദാനങ്ങളും കൊണ്ടു പ്രമുഖനേതാക്കളെ വശത്താക്കിയും, വളർച്ചക്ക് ഭീഷണിയാകാനിടയുള്ളവരെ ഒതുക്കിയും എടപ്പാടി മുന്നോട്ടു പോയി.
അകത്തും പുറത്തുമുള്ള സമ്മർദ്ദങ്ങൾക്ക് പരിഹാരം കാണാനുദ്ദേശിച്ച് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിൽ നിരാശനായി, കൈകൊണ്ടു മുഖം മറച്ച് കാറിൽ മടങ്ങുന്ന എടപ്പാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി പ്രചരിക്കുകയുമുണ്ടായി.
2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ കൂടാതെ, പാട്ടാളി മക്കൾ കക്ഷി, ജി.കെ. വാസന്റെ നേതൃത്വത്തിലുമുള്ള ടി.എം.സി, വിജയകാന്തിന്റെ ഡി.എം.ഡി.കെ തുടങ്ങിയ കക്ഷികളെയും കൂട്ടി മുന്നണി രൂപീകരിച്ച് മത്സരിക്കാനുള്ള തീരുമാനം വലിയൊരു പരീക്ഷണമായിരുന്നു. ജയലളിതയെ പോലുള്ള ഒരു നേതാവിന്റെ അഭാവത്തിൽ മറിച്ചൊരു തീരുമാനവും ഗുണകരമാകുമായിരുന്നില്ല. എന്നാൽ ശക്തമായ മുന്നണി രൂപീകരിച്ചിട്ടും വിജയം കൈവരിക്കാൻ എടപ്പാടിക്കായില്ല. ടി.ടി.വിയുടെ എ.എം.എം.കെ യുടെ സാന്നിധ്യവും അടിയൊഴുക്കുകളും AIADMK മുന്നണിയുടെ പരാജയം ഉറപ്പിക്കാൻ കാരണമായി. ഫലം, DMK വൻ വിജയം നേടി. പ്രതിപക്ഷ നേതാവാര് എന്ന കാര്യത്തിലും തർക്കമുണ്ടായി. പാർട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ എടപ്പാടിക്കാണെന്ന യാഥാർഥ്യത്തിനു മുന്നിൽ പന്നീർസെൽവത്തിനു വഴങ്ങിക്കൊടുക്കേണ്ടിവന്നു. ജനറൽ കൗൺസിൽ വിളിച്ചുകൂട്ടി പാർട്ടിയിലെ ഇരട്ട നേതൃത്വം ഒഴിവാക്കാനുള്ള നീക്കം എടപ്പാടി ശക്തമാക്കി. തനിക്കു സംഭവിച്ച ഭീമാബദ്ധം തിരിച്ചറിഞ്ഞ പന്നീർസെൽവം എടപ്പാടിക്കെതിരെ വീണ്ടും പരസ്യമായി രംഗത്തുവന്നു. വിഭാഗീയത വീണ്ടും രൂക്ഷമായി. പാർട്ടി നേതാവിന്റെ കരിസ്മയിൽ മാത്രം രാഷ്ട്രീയമായി മുന്നേറാനുള്ള ജനിതക ഗുണമുള്ള പാർട്ടിയിൽ ഇരട്ട നേതൃത്വം ഗുണം ചെയ്യില്ല എന്നായിരുന്നു എടപ്പാടിയുടെ നിലപാട്.
പാർട്ടി ജനറൽ കൗൺസിലിൽ ഇരട്ട നേതൃത്വം റദ്ദു ചെയ്യാനുള്ള എടപ്പാടിയുടെ നീക്കം പന്നീർസെൽവം വിഭാഗമായുള്ള കയ്യാങ്കളിയിലും പാർട്ടി ഓഫീസ് ആക്രമണത്തിലേക്കും നയിച്ചു. പാർട്ടിയിൽ നേതൃത്വത്തിനും ചിഹ്നത്തിനുമുള്ള അവകാശം ഉന്നയിച്ച് കോടതികൾ കയറിയിറങ്ങിയെങ്കിലും അനുകൂലവിധി നേടിയെടുക്കാൻ പന്നീർസെൽവത്തിനു സാധിച്ചില്ല. അത്രമാത്രം കുശാഗ്രതയോടെ പാർട്ടി സംവിധാനത്തെയും നിയമാവലിയെയും തനിക്കനുകൂലമാകുന്നതിൽ അപ്പോഴേക്കും എടപ്പാടി മേൽക്കൈ നേടിയിരുന്നു.
2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നണി വിട്ട് ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ച ഇരുവിഭാഗങ്ങളും വൻ പരാജയത്തിലേക്ക് കൂപ്പുകുത്തി. പന്നീർസെൽവം വിഭാഗവുമായുള്ള പോരുകൾ പരസ്യമായ വിഴുപ്പലക്കുകളായി തുടരുന്നതിനിടയിലും, പാർട്ടി അണികൾക്കിയ്ക്കിടയിൽ ഇറങ്ങി ചെന്ന് തന്റെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താനുള്ള പര്യടനങ്ങൾക്ക് എടപ്പാടി മുൻതൂക്കം നൽകി.

എടപ്പാടിയുടെ
പ്രതിസന്ധികൾ
തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തിൽ, AIADMK നേരിടുന്ന ഈ പ്രതിസന്ധി, മുന്നണി രൂപീകരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവിലാണ് ബി.ജെ.പി പ്രാദേശികമായ ചില അനുരഞ്ജന ശ്രമങ്ങൾക്കു തുടക്കം കുറിക്കുന്നത്. തന്നെ പൂർണ്ണമായും വിശ്വാസത്തിലെടുക്കാതെ സംസ്ഥാന മുൻ അധ്യക്ഷൻ അണ്ണാമലൈ ടി.ടി.വി. ദിനകരനോടും മറ്റും നടത്തുന്ന കൂടിയാലോചനകൾ എടപ്പാടിയെ ചൊടിപ്പിച്ചിട്ടുണ്ട്. AIADMK നേതൃത്വവുമായി ഇടയ്ക്കിടെ വാക്ക്പോരുകൾ നടത്തിക്കൊണ്ടിരുന്ന അണ്ണാമലയെ മാറ്റി, പകരം നൈനാർ നാഗേന്ദ്രനെ അധ്യക്ഷസ്ഥാനത്തേക്കു കൊണ്ടുവന്നത്, മുന്നണിചർച്ചകൾക്ക് അനുകൂലമായ അന്തീക്ഷം ഒരുക്കാനായിരുന്നു എങ്കിലും അണ്ണാമലൈ വിമതപക്ഷവുമായി നടത്തുന്ന ആലോചനകൾ, ബി.ജെ.പിയുടെ ഹിഡ്ഡൻ അജണ്ടയുടെ ഭാഗമായാണ് കാണേണ്ടത്. എടപ്പാടിയാകും മുന്നണിയുടെ മുഖ്യമന്ത്രിസ്ഥാനാർത്ഥി എന്ന അമിത്ഷായുടെ പ്രഖ്യാപനത്തോട് വിയോജിച്ച് ടി.ടി.വിയും പന്നീർ സെൽവവും മുന്നണിയെ തള്ളിപ്പറയുകയും ചെയ്തു.
ഈ വെല്ലുവിളി ഒരുപുറം നിൽക്കെ, പാർട്ടിക്കുള്ളിൽ എടപ്പാടിക്കെതിരെ സെങ്കോട്ടയ്യൻ പോർക്കൊടി ഉയർത്തുന്നതാണ് പിന്നീട് നാം കാണുന്നത്. പ്രാദേശികതലത്തിൽ പ്രവർത്തിച്ചുവന്ന എടപ്പാടിയുടെ ആദ്യകാല രാഷ്ട്രീയ വളർച്ചയിൽ, അന്ന് പാർട്ടിയിൽ നല്ല സ്വാധീനമുണ്ടായിരുന്ന സെങ്കോട്ടയ്യന് ചെറുതല്ലാത്ത പങ്കുണ്ട്. എടപ്പാടിയുടെ ഏകാധിപത്യ സമീപനം പാർട്ടിയെയും മുന്നണിബന്ധങ്ങളെയും ശിഥിലമാക്കുമെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പന്നീർസെൽവത്തെയും, പുറത്തുപോയി പുതിയ പാർട്ടി രൂപീകരിച്ച ടി.ടി. വിയെയും തിരിച്ചുകൊണ്ടുവരണമെന്നും സെങ്കോട്ടയ്യൻ പരസ്യമായി ആവശ്യപ്പെട്ടു. പത്തു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന അന്ത്യശാസനം നൽകാനും അദ്ദേഹം മറന്നില്ല. സെങ്കോട്ടയ്യനെ പാർട്ടിപദവികളിൽ നിന്ന് നീക്കിക്കൊണ്ടാണ് എടപ്പാടി ഇതിനോട് പ്രതികരിച്ചത്. സെങ്കോട്ടയ്യന്റെ പരസ്യശാസനയ്ക്ക് ബി.ജെ.പിയുടെ മൗനാനുവാദമുണ്ട് എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പന്നീർസെൽവത്തിനും, ടി.ടി.വിക്കും കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാത്ത അമിത് ഷാ, സെങ്കോട്ടയ്യനെ കണ്ടു സംസാരിക്കാൻ തയ്യാറായി എന്നത് ഇതിനു ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ലയനവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ സപ്തംബർ 15 വരെ എടപ്പാടിക്കു സമയം വിധിച്ച സെങ്കോട്ടയ്യൻ ഇപ്പോൾ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ബി.ജെ. പിയുടെ നിർദ്ദേശത്തലാണെന്നും അവർ വാദിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ പരസ്പരം മറന്നും പൊറുത്തും എല്ലാവരും കൂട്ടായി പ്രവർത്തിക്കണമെന്ന മട്ടിൽ സെങ്കോട്ടയ്യൻ നിലപാട് മയപ്പെടുത്തിയിട്ടുണ്ടെങ്കിലും ടി.ടി.വി. ദിനകരനുമായും മറ്റുമുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചകളെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പാളയത്തിലെ പടയൊരുക്കമായി കാണേണ്ടതുണ്ട്.
അകത്തും പുറത്തുമുള്ള ഇത്തരം സമ്മർദ്ദങ്ങൾക്ക് പരിഹാരം കാണാനുദ്ദേശിച്ച് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിൽ നിരാശനായി, കൈകൊണ്ടു മുഖം മറച്ച് കാറിൽ മടങ്ങുന്ന എടപ്പാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി പ്രചരിക്കുകയുമുണ്ടായി.

ശശികലയുടെയും പന്നീർസെൽവത്തിന്റേയും പിന്തുണയില്ലെങ്കിൽ ഡെൽറ്റ ജില്ലകളിലും തെക്കൻ പ്രദേശങ്ങളിലും മുന്നണിക്ക് എങ്ങനെ നേട്ടമുണ്ടാക്കാനാവും എന്ന അമിത്ഷായുടെ ചോദ്യത്തിന് കൃത്യമായ വിശദീകരണം നൽകാൻ എടപ്പടിക്ക് സാധിച്ചില്ല. ഇരുവരുടെയും സ്വാധീനം പെരുപ്പിച്ച് കാണേണ്ടെന്നും തേവർ സമുദായത്തിന്റെ തലതൊട്ടപ്പനായ മുത്തുരാമലിംഗ തേവർക്ക് (1908 - 1963)ഭാരത് രത്ന പ്രഖ്യാപിക്കുന്നതു പോലുള്ള പ്രീണനം വഴി ആ വിഭാഗം വോട്ടുകൾ സമാഹരിക്കാനാവുമെന്നുമുള്ള എടപ്പാടിയുടെ വാദങ്ങൾ അമിത് ഷാ പക്ഷെ, മുഖവിലക്കെടുത്തില്ല എന്നാണറിയുന്നത്. പാർട്ടി വിമതനേതാക്കളുമായി ബി.ജെ.പി പ്രാദേശിക നേതാക്കൾ സംഭാഷണം നടത്തുന്നത് നിർത്തണമെന്നാവശ്യപ്പെട്ട എടപ്പാടിക്ക്, മുൻ നിയമസഭാ തെരെഞ്ഞെടുപ്പിൽ ടി.ടി.വി. ദിനകരനെ ഒഴിവാക്കിയതുകൊണ്ടുമാത്രം ഇരുപതിലധികം സീറ്റുകൾ മുന്നണിക്ക് നഷ്ടമായെന്ന കണക്കുകൾ കാട്ടി അമിത് ഷാ മറുപടി നൽകി. DMK സഖ്യം നിലവിൽ വിജയസഖ്യമായി നിലനിൽക്കുന്നു എന്ന യാഥാർഥ്യബോധം വേണമെന്നും വിജയ്- യുടെ TVK, വിമതവിഭാഗത്തോടൊപ്പം മുന്നണി രൂപീകരിക്കുന്നപക്ഷം രണ്ടാംസ്ഥാനം അവർക്കു ലഭിക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ. വിമതപക്ഷത്തോടുള്ള ബി.ജെ.പിയുടെ ആഭിമുഖ്യമായി ഇത് വ്യാഖ്യാനിക്കപ്പെടുന്നതും എടപ്പാടിക്ക് വലിയൊരു തലവേദനയാണ്.
തേവർ, ഗൗണ്ടർ സമുദായങ്ങളാണ് പൊതുവെ AIADMK-യുടെ വോട്ടുബാങ്ക്. പാട്ടാളി മക്കൾ കക്ഷിയുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാകുകയാണെങ്കിൽ വടക്കൻ മേഖലയിൽ വണ്ണിയ സമുദായത്തിലെ വലിയൊരു വിഭാഗത്തിന്റെ വോട്ടു ലഭിക്കും
എടപ്പാടി വിഭാഗം ശക്തിപ്പെട്ടതോടെ പാർട്ടിയിലെ ജാതിസമവാക്യത്തിലുണ്ടായ വ്യതിയാനവും എടുത്തുപറയേണ്ട വസ്തുതയാണ്.
ഗൌണ്ടർ സമുദായത്തിനു പാർട്ടി പ്രാതിനിധ്യത്തിൽ ലഭിച്ച മേൽക്കൈ കൊങ്ങ് മേഖലയിൽ അനുകൂലമായ ചലനം ഉണ്ടാക്കുമെങ്കിലും, അത് മറ്റു സമുദായങ്ങൾക്ക് സ്വാധീനമുള്ള ഇടങ്ങളിൽ തിരിച്ചടിയാകുമെന്നും രാഷ്ട്രീയ നിരീക്ഷകർക്ക് അഭിപ്രായമുണ്ട്.
തേവർ, ഗൗണ്ടർ സമുദായങ്ങളാണ് പൊതുവെ AIADMK-യുടെ വോട്ടുബാങ്ക്. പാട്ടാളി മക്കൾ കക്ഷിയുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാകുകയാണെങ്കിൽ വടക്കൻ മേഖലയിൽ വണ്ണിയ സമുദായത്തിലെ വലിയൊരു വിഭാഗത്തിന്റെ വോട്ടു ലഭിക്കും (പി.എം.കെ സ്ഥാപക നേതാവ് ഡോ. രാമദാസും മകൻ അൻപുമണി രാമദാസും തമ്മിയുള്ള അധികാരത്തർക്കം ആ കക്ഷിയെ ഇക്കാലത്ത് ദുർബലമാക്കിയിട്ടുണ്ട്.) ദലിത് മേഖലയിൽ പാർട്ടിയ്ക്ക് പരമ്പരാഗത വോട്ടുണ്ട്. ദലിത് പാർട്ടികളിൽ ചിലവയെ സഖ്യത്തിൽ ഉൾപ്പെടുത്താനായാൽ അവിടെയും നേട്ടം ഉണ്ടാക്കാനാവും. പടിഞ്ഞാറൻ തമിഴ് നാട്ടിൽ ഗൗണ്ടർ സമുദായങ്ങൾക്കിടയിലുള്ള സ്വാധീനം എടപ്പാടി വിഭാഗത്തിന്, മുക്കുളത്തോർ അഥവാ തേവർ സമുദായങ്ങൾ ശക്തമായ തെക്കൻ പ്രദേശങ്ങളിലില്ല. തേവർ സമുദായാംഗങ്ങളായ ശശികല, പന്നീർസെൽവം, ടി.ടി.വി. ദിനകരൻ തുടങ്ങിയ നേതാക്കളെയും ഉൾപ്പെടുത്തിയാൽ മുന്നണിയെ ശക്തിപ്പെടുത്താനാവും എന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ.

വിവിധ ജാതിവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ സന്തുലിതമാക്കാനുള്ള AIADMK- യുടെ കഴിവാണ് മുൻകാല വിജയങ്ങൾ നിർണ്ണയിക്കുന്നതിനു സഹായകമായതെന്ന യാഥാർഥ്യവും എടപ്പാടിക്ക് തള്ളിക്കളയാനാവില്ല. 10.5 ശതമാനം സംവരണം നൽകി വണ്ണിയ സമുദായത്തെ പ്രീണിപ്പിക്കാനുള്ള ശ്രമം മുഖ്യമന്ത്രിയായിരിക്കുമ്പോൾ എടപ്പാടി നടത്തിയിരുന്നു. എന്നാൽ കൃത്യമായ ഡാറ്റ ലഭ്യമല്ല എന്നതിന്റെ പേരിൽ സുപ്രീംകോടതി ഇത് തള്ളി. പന്നീർസെൽവത്തിനു മറുപടി നൽകാൻ അദ്ദേഹത്തിന്റെ സമുദായക്കാരനായ ആർ.ബി. ഉദയകുമാറിനെ ചുമതലപ്പെടുത്തിയത് നിലവിലെ പാർട്ടി നേതൃത്വത്തോടുള്ള തേവർ വിഭാഗത്തിന്റെ അതൃപ്തി മുൻകൂട്ടി കണ്ടുകൊണ്ടുള്ള എടപ്പാടിയുടെ നീക്കമായിരുന്നു.
ബി.ജെ.പിയുമായുള്ള മുന്നണി ബന്ധം ഒരേസമയം AIADMK-യ്ക്ക് ശക്തിയും ദൗർബല്യവുമാണെന്നതാണ് കൗതുകകരം. വലിയൊരു വിഭാഗം പാർട്ടി പ്രവർത്തകർ ഈ മുന്നണിബന്ധത്തോടു വിയോജിപ്പുള്ളവരാണ്.
ബി.ജെ.പിയുമായുള്ള മുന്നണി ബന്ധം ഒരേസമയം AIADMK-യ്ക്ക് ശക്തിയും ദൗർബല്യവുമാണെന്നതാണ് കൗതുകകരം. വലിയൊരു വിഭാഗം പാർട്ടി പ്രവർത്തകർ ഈ മുന്നണിബന്ധത്തോടു വിയോജിപ്പുള്ളവരാണ്. വിജയ് യുടെ TVK പോലുള്ള കക്ഷികളുമായി സഖ്യമുണ്ടാക്കിയാൽ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാവുമെന്നു ഈ വിഭാഗം കരുതുന്നു. എന്നാൽ മുഖ്യമന്ത്രിസ്ഥാനം ഉന്നമിട്ടു തീവ്രമായ രാഷ്ട്രീയ പ്രചാരണത്തിനിറങ്ങുന്ന TVK- യോടുള്ള മുന്നണിബാന്ധവം ഒട്ടും പ്രായോഗികമല്ല എന്നതാണ് യാഥാർഥ്യം. സംഘടനാ ശരീരത്തിലുണ്ടായ വലിയ ദൗർബല്യങ്ങൾ, വിശാലമായ മുന്നണിബന്ധവും ബി.ജെ.പിയുടെ വിഭവശേഷിയും കൊണ്ടും മറികടക്കാനാവുമെന്നു വിശ്വസിക്കുന്നവരും പാർട്ടിയിലുണ്ട്. ഇക്കാര്യത്തിൽ പാർട്ടിനേതൃത്വം ധൃതി പിടിച്ച് തീരുമാനമെടുക്കാൻ ഇടയില്ലെന്നും ചർച്ചകൾ തുടരുകയും തെരഞ്ഞെടുപ്പടുക്കുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യമനുസരിച്ചായിരിക്കും തീരുമാനം കൈക്കൊള്ളുക എന്നഭിപ്രയമുള്ളവരുമുണ്ട്.
ചുരുക്കത്തിൽ, സംഘടനയുടെ ആഭ്യന്തര ദൗർബല്യവും, മുന്നണിബന്ധങ്ങളിലെ ആശയക്കുഴപ്പവും മൂലം DMK-യ്ക്ക് ഒരേയൊരു ബദൽ എന്ന നിലയിൽ പാർട്ടിയെ ഒരുക്കി നിർത്താൻ AIADMK-യ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. DMK-യ്ക്ക് ഞങ്ങളാണ് ബദൽ എന്ന് വിജയ് പ്രഖ്യാപിക്കുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള കാര്യമായ ശ്രമം AIADMK-യുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തത്തൊട്ടാകെ എടപ്പാടി നടത്തുന്ന പര്യടനത്തിനു മോശമല്ലാത്ത സ്വീകരണം ലഭിക്കുന്നുണ്ടെങ്കിലും നിലവിലെ ഭരണവിരുദ്ധവികാരത്തെ വേണ്ടത്ര പ്രയോജനപ്പെടുത്താൻ പാർട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ല.
അടുത്ത തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കുക ദുഷ്കരമാകുന്ന സാഹചര്യത്തിൽ പാർട്ടിയിലെ തന്റെ അപ്രമാദിത്വം ഉറപ്പിക്കാനും മുഖ്യ പ്രതിപക്ഷമായി തീരാനുമുള്ള ശ്രമമാണെന്ന് എടപ്പാടി നടത്തുക എന്ന നിരീക്ഷണത്തിനും സാംഗത്യമുണ്ട്. പന്നീർസെൽവത്തെയോ ശശികല വിഭാഗത്തെയോ പാർട്ടിയിൽ വീണ്ടും ഉൾപ്പെടുത്തുന്നത് ആത്മഹത്യാപരമാകും എന്ന കാര്യത്തിൽ സംശയമില്ല. ബി.ജെ.പി നിർദ്ദേശിക്കുന്ന മുന്നണിബന്ധത്തിന് നിർബന്ധിതനാകുന്ന പക്ഷം സഖ്യത്തിൽ വിമതരെ ഉൾപ്പെടുത്തുന്നതിന് വിരോധമില്ല എന്ന നിലയിൽ എടപ്പാടിയുടെ നിലപാട് മയപ്പെടാനാണ് സാധ്യത.

തമിഴ്നാട് രാഷ്ട്രീയത്തിൽ ഇ.പി.എസ് എന്നറിയപ്പെടുന്ന എടപ്പാടി പളനിസ്വാമിയും ഒ.പി. എസ് എന്നറിയപ്പെടുന്ന ഒ. പന്നീർസെൽവവും അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കളായാണ് എണ്ണപ്പെടുന്നതെങ്കിലും പാർട്ടിക്കകത്തും പുറത്തുമുള്ള പ്രശ്നങ്ങളോട് ഇവർ സ്വീകരിക്കുന്ന സമീപനങ്ങൾ വ്യത്യസ്തമാണ്. സമചിത്തതയോടെയും തന്ത്രജ്ഞതയോടും, താല്പര്യങ്ങളെയും മുൻഗണനാക്രമങ്ങളെയും നിശ്ചയിക്കുന്നതിലും അവയെ പ്രായോഗികമായി പരീക്ഷിക്കുന്നതിലും പ്രതിസന്ധികൾ ഏറ്റെടുക്കുന്നതിലും എടപ്പാടി ഏറെ മുന്നിട്ടു നിൽക്കുന്നു എന്ന് കാണാം. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ ഭാഷ കടമെടുത്ത് പറഞ്ഞാൽ, "നേതൃത്വത്തിന്റെ കല ഇല്ല, ഇല്ല എന്ന് പറയുക എന്നതാണ്, അതെ എന്ന് പറയാൻ വളരെ എളുപ്പമാണ്’’.
അധികാരത്തിലേറിയാൽ മുന്നണിഭരണം എന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ തള്ളി, ഭരണത്തിൽ മുന്നണിയിലെ ഇതര കക്ഷികൾക്ക് പ്രതിനിധ്യമുണ്ടാവില്ലെന്നും എന്ത് വിപരീത ഫലമുണ്ടായാലും വിമതപക്ഷത്തെ പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്നും നിഷേധഭാഷയിൽ മറുപടി പറയാൻ ഈ പ്രതിസന്ധിക്കിടയിലും എടപ്പാടിക്ക് സാധിക്കുന്നതും അതുകൊണ്ടുതന്നെ.
