ക്രിമിനൽ പ്രതികളുള്ള പാർലിമെന്റിൽ നിരോധിക്കേണ്ടത് വാക്കുകളെയല്ല, വ്യക്തികളെയാണ്

2009-ലെ തെരഞ്ഞെടുപ്പിനുശേഷം മൊത്തം പാർലമെന്ററിയൻമാരിൽ 162-പേർ പല കേസിലും പ്രതികളായിരുന്നു. അതായത്, 30 ശതമാനം. 2014-ലെത്തിയപ്പോൾ അത് 34 ശതമാനമായി ഉയർന്നു. 2019-ൽ എലെത്തിയപ്പോൾ 233 എം പിമാർ പല കേസിലും പ്രതികളാണ്. അതായത് 43 ശതമാനം പേർ. അതിൽ 159-എം.പി മാർ റേപ്പ്​, കൊലപാതക കേസ് ആരോപിക്കപ്പെട്ടവരാണ്. നിലവിലെ പാർലമെന്റിൽ 11 പേർ കൊലപാതക കേസ്​ നേരിടുന്നവരാണ്. ഇതിൽ അഞ്ചു പേർ ബി.ജെ.പിക്കാരാണ്​. ഇത്തരം ക്രിമിനൽ പ്രതികൾ പ്രതിനിധാനം ചെയ്യുന്ന പാർലിമെന്റിൽ വിലക്ക് ഏർപ്പെടുത്തിയ 62- വാക്കുകൾ പരിശോധിച്ചാൽ ഇത്തരം മനുഷ്യരുടെ ജനാധിപത്യ പ്രാതിനിധ്യങ്ങളെയാണ് ആദ്യം റദ്ദ് ചെയ്യേണ്ടത്. കാരണം, അവർ ചെയ്ത കുറ്റങ്ങൾ അത്രമാത്രം ക്രിമിനൽ സ്വഭാവമുള്ളതാണ്.

നാധിപത്യത്തിന്റെ വിത്ത് സമൂഹത്തിലാണ് വിതറുന്നതെങ്കിലും അതിന് വളവും വെള്ളവും കിട്ടുന്നത് പാർലമെന്റിലാണ്. ഓരോ പ്രാദേശിക ജനതയുടെയും ജീവിതസംബന്ധിയായ പ്രശ്‌നങ്ങളും പ്രതികരണങ്ങളും പാർലിമെന്റിലെത്തുന്നത് തങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ വഴിയാണ്. അതായത്, ഓരോ കാലത്തെയും ജനത്തിന്റെ സാമൂഹികാവസ്ഥയെ അവതരിപ്പിച്ച് പരിഹാരം കാണുക എന്നത് പാർലമെന്റിന്റെ ചുമതലയാണ്.

അവിടെ ജനപ്രതിനിധി ഒരു വ്യക്തിയാണെങ്കിലും അയാൾ പ്രതിനിധീകരിക്കുന്നത് ജനതയുടെ ജനാധിപത്യ അവകാശങ്ങളെയാണ്. അത്തരമൊരിടത്ത് ഭരണകൂടം എത്രകണ്ട് ജനാഭിലാഷത്തെ പരിഗണിച്ച് മുന്നോട്ടുപോകുന്നു എന്നതാണ് എക്കാലത്തെയും പ്രധാന ചോദ്യം. കോളനി വാഴ്ചക്കാലം മുതൽ ജനങ്ങൾ തങ്ങളുടെ അവകാശ വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ അധികാര വർഗം അതിനെതിരെ നിൽക്കുന്ന കാഴ്ചയാണ് ചരിത്രത്തിൽ നാം കണ്ടത്. എന്നാൽ സ്വാതന്ത്ര്യത്തിനുശേഷം അത്തരം നടപടിക്രമങ്ങൾക്ക് അടിസ്ഥാനപരമായ രാഷ്ട്രീയമാറ്റങ്ങളും അതിനനുസരിച്ച സാമൂഹിക പരിഗണനയും ഉണ്ടാവും എന്നാണ് പൊതുവേ ജനം കരുതിയത്. കാരണം, സ്വാതന്ത്ര്യം എന്നത് ഒരു ജനതയുടെ പരമാധികാരത്തെ പരിഗണിച്ച് മുന്നോട്ട് പോകുക എന്നതാണല്ലോ.

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതോടെ ജനാധിപത്യത്തിന്റെ ഇടപെടൽ ശക്തിപ്പെട്ടു. അത് രാഷ്ട്രീയാർത്ഥത്തിൽ പൗരജീവിതത്തെ പുത്തൻ അധികാര ബോധത്തിലേക്ക് ഉയർത്തിക്കൊണ്ടുവരും എന്നാണ് പൊതുവേ കരുതപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ജനാധിപത്യത്തിലൂടെ രാഷ്ട്രീയാധികാര സ്ഥാനങ്ങൾ നേടാം എന്ന കാഴ്ചപ്പാട് ശക്തിപ്പെട്ടത്. എന്നാൽ അവിടെയൊന്നും സാധാരണ മനുഷ്യർക്ക് തങ്ങളുടെ അവകാശ സാന്നിദ്ധ്യങ്ങൾ രേഖപ്പെടുത്താൻ കഴിഞ്ഞില്ല. അതേസമയം, ജനാധിപത്യത്തിലെ അധികാര വർഗം പുതിയൊരു സാമൂഹികാധികാര വിഭാഗത്തെ വളർത്തിയെടുത്തു. അത്തരക്കാർക്ക് അംഗീകാരം നൽകുന്ന ജനാധിപത്യത്തിലെ പ്രധാന രാഷ്ട്രീയസംവിധാനമായി പാർലമെൻറ്​ മാറി. അവിടെ എത്തുന്നവരിൽ ഭൂരിഭാഗം ജനപ്രതിനിധികളിലും മൂന്ന് സാമൂഹിക ഘടകങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നതായി കാണാം. ഉയർന്ന ജാതി, സമ്പത്ത്, പാരമ്പര്യമായി തുടർന്നുവരുന്ന അധികാര ബന്ധങ്ങൾ എന്നിവയാണത്.

ഇത്തരക്കാർ തന്നെയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ നേതൃത്വനിരയിലെ ഭൂരിഭാഗവും. അതുകൊണ്ട് കീഴ്ജാതി സമൂഹത്തിനും ന്യൂനപക്ഷങ്ങൾക്കും ഇപ്പോഴും പാർലമെന്ററി അധികാരത്തിൽ ജനസംഖ്യാനുപതികമായ പ്രതിനിധ്യം ലഭിച്ചിട്ടില്ല എന്നത് വസ്തുതയാണ്. എന്നാൽ ഭരണഘടന ഉറപ്പുനൽകിയ പ്രാതിനിധ്യ ജനാധിപത്യത്തിലൂടെ കീഴ്ജാതി സമൂഹത്തിൽ നിന്നുള്ള ശബ്ദങ്ങൾ പാർലമെന്റിൽ മുഴങ്ങിത്തുടങ്ങി. ജനങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യാനും ഭരണകൂടത്തിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ ചോദ്യം ചെയ്യാനുള്ള അവകാശത്തെ റദ്ദ് ചെയ്ത ജനാധിപത്യവിരുദ്ധതയായിരുന്നു അടിയന്തരാവസ്ഥാ പ്രഖ്യാപനം (1975).

അതുവരെ അവകാശങ്ങൾ അവതരിപ്പിക്കാനുള്ള ഉപാധിയില്ലാത്ത ഇടമായിരുന്നു പാർലമെൻറ്​. എന്നാൽ, അതിനുശേഷവും ജനവിരുദ്ധ രാഷ്ട്രീയ തീരുമാനങ്ങൾക്കെതിരെ ജനപ്രതിനിധികൾ പാർലമെന്റിനകത്തും പുറത്തും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അതാകട്ടെ പാർലമെന്റിലെത്തിയ എം പിമാരുടെ വ്യക്തിപരമായ പ്രതിഷേധമോ പ്രതികരണമോ അല്ല. മറിച്ച്, തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ പ്രതികരണത്തെയാണ് അവരിലൂടെ ഭരണകൂടം കേൾക്കാൻ ബാദ്ധ്യതപ്പെട്ടത്. എക്കാലത്തും അത് അങ്ങനെ തന്നെയായിരുന്നു.

പുതിയ പാർലമെന്റ് മന്ദിരത്തിന് ബ്രാഹ്മണാചാരപ്രകാരം ഭൂമി പൂജ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി /Photo: Narendra Modi, facebook

ഈ രീതിയിൽ നിന്ന് ഇന്ത്യൻ പാർലമെന്റിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ സംഭവിക്കുന്നത് 2014 നുശേഷമാണ്. അത് യാഥാർഥ്യമാണ്. അതിന്റെ പ്രധാന കാരണം, ജനാധിപത്യത്തിൽ രാഷ്ട്രീയത്തെക്കാൾ കൂടുതൽ മതബന്ധിതമായ വിഷയങ്ങളെ ബോധപൂർവ്വം അവതരിപ്പിക്കാൻ തീരുമാനിച്ചതാണ്. ഇന്ത്യൻ സാമൂഹികാവസ്ഥയിൽ മതം എന്നത് വിശ്വാസത്തിലോ ആത്മീയതയിലോ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. കോളനി വാഴ്ചക്കാലത്തുതന്നെ ഇന്ത്യയിലെ മതങ്ങളെ അധികാരത്തിനുവേണ്ടി ഉപയോഗിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.

ഹിന്ദു - മുസ്​ലിം വിഭാഗങ്ങളെ വിഭജിത സ്വാഭാവത്തിലാണ് തുടക്കം മുതൽ അവർ പ്രയോജനപ്പെടുത്തിയത്. എന്നാൽ സ്വാതന്ത്ര്യാനന്തരം മതത്തെ ശത്രുതാപരമായി പാർലമെന്റിനുള്ളിൽ ഭരണകൂട താത്പര്യങ്ങൾക്കായി പച്ചയിൽ ഉപയോഗിക്കാൻ നമ്മുടെ ജനാധിപത്യം ഇന്നത്തെ രീതിയിൽ ആവേശം കാണിച്ചിരുന്നില്ല. അതിന്റെ ഒരു കാരണം, ഇന്ത്യൻ ബഹുസ്വരതയെ അംഗീകരിച്ച് അതുവഴി ജനപ്രതിനിധികളായവരുടെ സംസ്‌കാരികവും രാഷ്ട്രീയവുമായ സാമൂഹികബോധമാണ്. അതിനെ ഇല്ലാതാക്കാനുള്ള ശ്രമം സമൂഹത്തിൽ ശക്തമായി ഉന്നയിച്ചത് ഹിന്ദുത്വ ശക്തികളാണ്.

പ്രത്യക്ഷത്തിൽ മുഖ്യധാരാ രാഷ്ട്രീയത്തിൽ ഇടപെടാതെ സൂക്ഷമാർത്ഥത്തിൽ അതാത് കാലത്തെ സാമൂഹിക സാഹചര്യത്തെ തങ്ങൾക്കനുകൂലമാക്കാൻ ഹിന്ദുത്വ ശക്തികൾക്ക് കഴിഞ്ഞിട്ടുണ്ട്. അവിടെ രണ്ട് പ്രധാന ദ്വന്ദ്വങ്ങൾ പ്രയോഗിക്കപ്പെട്ടു. ഒന്ന് ഹിന്ദു -മുസ്​ലിം വിഭാഗീയതയെ ശത്രുതാപരമായി വളർത്തുക എന്നതാണ്. 2002-ൽ ഗുജറാത്തിൽ കണ്ടത് അതാണ്. മറ്റൊന്ന് മതത്തെ നേരിട്ട് അധികാര രാഷ്ട്രീയവുമായി ബന്ധിപ്പിക്കുക എന്നതാണ്. ഈ രണ്ടിന്റെയും വിജയം ബോധ്യപ്പെട്ടുത്തുന്നതാണ് 2014-ലെ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ വിജയം.

ഇതോടെ ജനാധിപത്യത്തിന്റെ നാലു തൂണുകളുമായ പാർലമെന്റും, ജൂഡിഷ്യറിയും, എക്‌സിക്യൂട്ടിവും, മാധ്യമങ്ങളും ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങളെ പച്ചക്ക് പ്രകടിപ്പിക്കാൻ തുടങ്ങി. പാർലമെന്റിനുപുറത്ത് അതിനെ നിയന്ത്രിച്ചത് കോർപറേറ്റ് മൂലധനവും അവരുടെ താത്പര്യവുമാണ്. അപ്പോഴും പാർലമെന്റിൽ പരിമിതമായെങ്കിലും എതിർശബ്ദങ്ങൾ ഉയർന്നു. എന്നാൽ അതിനൊന്നും യാതൊരു വിലയും കൽപ്പിക്കാതെ അധികാര വർഗത്തിന്റെ താത്പര്യങ്ങൾ പാർലമെന്റിൽ വിജയം നേടി. കാശ്മീർ വിഷയത്തിൽ പാർലമെന്റും, ബാബറി മസ്ജിദ് വിഷയത്തിൽ ജൂഡീഷ്യറിയും ഹിന്ദുത്വ അജണ്ട പ്രയോഗത്തിൽ എത്തിച്ചു. അതിനുപുറത്ത് കാർഷിക ബില്ലും, വിദ്യാഭ്യാസ നയവും, തൊഴിൽ നിയമ ഭേദഗതിയും തുടങ്ങി ഡസൻ കണക്കിന് നിയമങ്ങൾ പാസാക്കിയപ്പോൾ ജനാധിപത്യപരമായ ചർച്ചകൾ പോലും നടന്നില്ല. പ്രത്യക്ഷത്തിൽ ഇതെല്ലാം പ്രതിപക്ഷത്തിന്റെ ബലഹീനതയായി തോന്നാം. എന്നാൽ ചർച്ചക്കുള്ള ഇടം പോലും പാർലമെന്റിൽ പരിമിതപ്പെട്ടു എന്നതാണ് സത്യം. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നിടത്താണ് ഇന്ത്യൻ പാർലമെന്റിന്റെ സമകാലീന അവസ്ഥയെ പറ്റി ചിന്തിക്കേണ്ടത്.

1992 ഡിസംബർ 5-ന് വൈകിട്ട് പിക്കാസുകളും ഹാമറുകളുമായി സംഘം ചേർന്ന കർസേവകർ / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.

സമുഹത്തിലെ ഏതൊരു വ്യവസ്ഥിതിയും കുറ്റമറ്റതാകുന്നത് അതിന്റെ വ്യവഹാരങ്ങളെ നിയന്ത്രിക്കുന്ന വ്യക്തിത്വങ്ങളുടെ സാമൂഹിക ബോധത്തിന്റെ കുടി അടിസ്ഥാനത്തിലായിരിക്കും. ഇന്ത്യൻ ഭരണഘടനെയെ ക്കുറിച്ച് ഡോ. അംബേദ്ക്കർ പറഞ്ഞത് അതാണ്. ഭരണഘടനയെ നിയന്ത്രിക്കുന്നവരുടെ താത്പര്യങ്ങൾക്കനുസരിച്ചായിരിക്കും അതിന്റെ പ്രയോജനം സമൂഹത്തിന് ലഭിക്കുക. ഭരണഘടനയെക്കുറിച്ച് പറഞ്ഞ ഈ രാഷ്ട്രീയ അന്തഃസത്ത ഇപ്പോൾ ഇന്ത്യൻ പാർലമെന്റിൽ ഏറെക്കുറെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് ഇപ്പോൾ പാർലിമെന്റിൽ സംഭവിക്കുന്നത്? ഭരണകൂട താത്പര്യങ്ങൾക്കെതിരെ ഉയരുന്ന ശബ്ദങ്ങൾ ഇല്ലാതാക്കുക. ഇതൊരു ഏകാധിപത്യ ഭരണരീതിയാണ് എന്ന സാമ്പ്രദായിക വിമർശനത്തിൽ ഒതുക്കി നിർത്തേണ്ടതല്ല. കാരണം, പാർലമെന്റിൽ അവതരിപ്പിച്ച് പ്രയോഗത്തിൽ വരുന്ന ഓരോ തീരുമാനങ്ങളും രാജ്യത്തെ ജനങ്ങളെ എങ്ങനെ ബാധിക്കും എന്ന് ചർച്ച ചെയ്യേണ്ടതുണ്ട്. അവിടെ വ്യത്യസ്ത രാഷ്ട്രീയ വീക്ഷണമുള്ള വ്യക്തിത്വങ്ങളുടെ വിയോജിപ്പുകളെ കേൾക്കൽ, ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. സ്വഭാവികമായ രീതിയിൽ അത് കേൾക്കാൻ ഭരണാധികാരികൾ തയ്യാറാവാത്ത അവസ്ഥയിൽ അവരുടെ വിയോജിപ്പുകൾ രേഖപ്പെടുത്താനുള്ള അടുത്ത വഴി സ്വീകരിക്കും. അത്, സത്യാഗ്രഹമോ, നിരാഹാരമോ, മറ്റ് പ്രതിഷേധ സൂചകമായ സമരരീതിയോ ആയിരിക്കാം. അതാണ് നിലവിൽ ഭരണകൂടം നിരോധിച്ചിരിക്കുന്നത്. ഇതിനെ ജനാധിപത്യം എന്നു പറഞ്ഞുകൂടാ.

പാർലമെന്റിൽ പല വാക്കുകളും ഉപയോഗിക്കപ്പെടുന്നത് അതിന്റെ സംസ്‌ക്കാരിക ഔന്നത്യത്തെ ഉൾക്കൊണ്ടല്ല. എന്നാൽ ചില വസ്തുതകളെ പരാമർശിക്കുമ്പോൾ അത്തരം വാക്കുകൾ ഉപയോഗിക്കേണ്ടിവരുന്നു. കുറ്റകൃത്യം ചെയ്ത ഒരു വ്യക്തി കുറ്റവാളി തന്നെയാണ്. അയാളെ മറ്റ് എന്താണ് വിശേഷിപ്പിക്കുക. ഇനി പാർലിമെന്റിൽ അത്തരം വ്യക്തികൾ എം പി മാരായി ഉണ്ടോ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. അവർ അറിയാതെ പോകരുത്, ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിലെ കുറ്റവാളികളുടെ എണ്ണം.

പല കാലത്തും അതിന്റെ എണ്ണം പലതാണ്. എന്നാൽ ഓരോ തെരഞ്ഞുപ്പ് കാലത്തും അതിന്റെ എണ്ണം കൂടുന്നു എന്നതാണ് വസ്തുത. 2009-ലെ തെരഞ്ഞെടുപ്പിനുശേഷം മൊത്തം പാർലമെന്ററിയൻമാരിൽ 162-പേർ പല കേസിലും പ്രതികളായിരുന്നു. അതായത്, 30 ശതമാനം. 2014-ലെത്തിയപ്പോൾ അത് 34 ശതമാനമായി ഉയർന്നു. 2019-ൽ എലെത്തിയപ്പോൾ 233 എം പിമാർ പല കേസിലും പ്രതികളാണ്. അതായത് 43 ശതമാനം പേർ. അതിൽ 159-എം.പി മാർ റേപ്പ്​, കൊലപാതക കേസ് ആരോപിക്കപ്പെട്ടവരാണ്.

നിലവിലെ പാർലമെന്റിൽ 11 പേർ കൊലപാതക കേസ്​ നേരിടുന്നവരാണ്. ഇതിൽ അഞ്ചു പേർ ബി.ജെ.പിക്കാരാണ്​. തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണ രംഗത്ത് പ്രവർത്തിക്കുന്ന സർക്കാർ ഇതര ഏജൻസിയായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്ക് റീഫോംസ് (എ.ഡി.ആർ), നാഷനൽ ഇലക്ഷൻ വാച്ച് എന്നീ സംഘടനകൾ പുറത്തുവിട്ട കണക്ക് ജനാധിപത്യ വിശ്വാസികൾക്ക് ഒരു തരി ആശ്വാസം നൽകുന്നതല്ല. ഇത്തരം ക്രിമിനൽ പ്രതികൾ പ്രതിനിധാനം ചെയ്യുന്ന പാർലിമെന്റിൽ വിലക്ക് ഏർപ്പെടുത്തിയ 62- വാക്കുകളെ പരിശോധിച്ചാൽ ഇത്തരം മനുഷ്യരുടെ ജനാധിപത്യ പ്രാതിനിധ്യങ്ങളെയാണ് ആദ്യം റദ്ദ് ചെയ്യേണ്ടത്. കാരണം, അവർ ചെയ്ത കുറ്റങ്ങൾ അത്രമാത്രം ക്രിമിനൽ സ്വഭാവമുള്ളതാണ്. ആ അർത്ഥത്തിൽ പാർലമെന്റിന്റെ സംശുദ്ധതയ്ക്ക് വേണ്ടിയാണ് ചില വാക്കുകൾ നിരോധിച്ചതെങ്കിൽ ആദ്യം ചെയ്യേണ്ടത് ക്രിമിനൽ കേസിൽ പ്രതികളായവരെ പാർലിമെന്ററി അംഗത്വത്തിൽ നിന്ന് നീക്കം ചെയ്യുകയാണ്. നമ്മുടെ ജനാധിപത്യത്തിൽ ജനങ്ങൾ തെരഞ്ഞെടുത്തവരെ ജനങ്ങൾക്ക് തിരിച്ചുവിളിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ പാർലമെന്റിനകത്തും പുറത്തും ജനപ്രതിനിധികൾക്ക് ലക്ഷമണരേഖ വരയ്ക്കുന്ന ഭരണകൂടത്തിന്റെ ലക്ഷ്യം അവിടെ ഒതുങ്ങുന്നില്ല. രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചവരെപ്പോലെ പൗരന്മാർക്കുമുകളിൽ രാഷ്ട്രീയ വിമർശനങ്ങൾക്ക് പരിധി പ്രഖ്യാപിക്കാനുള്ള ശ്രമത്തിന്റെ തുടക്കമായി ഇതിനെ കാണണം. ഇതാകട്ടെ പാർലമെന്റിന്റെ അകത്തെ വിഷയമല്ല, പുറത്തെ വിഷയമാണ് എന്ന തിരിച്ചറിവ് ഇന്ത്യയിലെ മുഴുവൻ ജനാധിപത്യവിശ്വാസികൾക്കും ഉണ്ടാവേണ്ടതുണ്ട്.

Comments