സംസ്​ഥാനങ്ങളിലെ ജനവിധി ബി.​ജെ.പിക്ക്​ എതിര്​

കേരളം അടക്കമുള്ള സംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്ന ഏറ്റവും പ്രധാന കാര്യം; ബി.ജെ.പിക്കുണ്ടായ വൻ തിരിച്ചടിയാണ്​

Election Desk

കേരളം, പശ്​ചിമ ബംഗാൾ, തമിഴ്​നാട്​, പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പുഫലങ്ങളുടെ അവസാന ചിത്രം വരുമ്പോൾ വ്യക്​തമാകുന്ന ഏറ്റവും പ്രധാന സവിശേഷത, ബി.ജെ.പിയ്ക്ക് നേരിട്ട വൻ തിരിച്ചടിയാണ്.

എൽ.ഡി.എഫ്​ കേരളത്തിൽ തുടർഭരണം ഉറപ്പിച്ചപ്പോൾ, കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഏക സീറ്റ്​ ബി.ജെ.പിക്ക്​ നഷ്​ടമായി. തമിഴ്‌നാട്ടിൽ ഡി.എം.കെ. ഭരണം തിരിച്ചു പിടിക്കുമെന്ന്​ ഉറപ്പായിട്ടുണ്ട്. അസമിലും പുതുച്ചേരിയിലും മാത്രമാണ് ബി.ജെ.പിയ്ക്ക് പിടിച്ചു നിൽക്കാനായത്. പുതുച്ചേരിയിൽ 13 സീറ്റിൽ ബി.ജെ.പി സംഖ്യവും ഏഴിടത്ത്​ കോൺഗ്രസ് - ഡി.എം.കെ സഖ്യവും മുന്നിട്ടു നിൽക്കുന്നു. 30 അംഗ നിയമസഭയിൽ 16 സീറ്റാണ് ഭരിക്കാൻ വേണ്ടത്.

അസമിലെ 126 അംഗ നിയമസഭായിൽ എൻ.ഡി.എ 75 സീറ്റിലും കോൺഗ്രസ് സഖ്യം 50 സീറ്റിലുമാണ് മുന്നിട്ടു നിൽക്കുന്നത്. 64 സീറ്റാണ് കേവലഭൂരിപക്ഷം.
പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, കാർഷിക ഭേദഗതി നിയമം, അഭയാർഥി പ്രശ്‌നം, കോവിഡ് മഹാമാരി തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചചെയ്യപ്പെട്ട തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുകയും കോൺഗ്രസിനെ നിലംപരിശാക്കുകയും ചെയ്യാം എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് പക്ഷെ പ്രതീക്ഷിച്ചത്ര മുന്നേറാൻ ആയില്ല. കോൺഗ്രസ് സഖ്യം നിലമെച്ചപ്പെടുത്തുകയും ചെയ്തു. കോൺഗ്രസ് 30, എഐയുഡിഎഫ് 16, ബിപിഎഫ് 5, സിപിഐഎം ഒന്ന് എന്നിങ്ങനെയാണ് കോൺഗ്രസ് സഖ്യം മുന്നിട്ടു നിൽക്കുന്ന സീറ്റുകൾ.
നീണ്ട കാലത്തെ കോൺഗ്രസിന്റെ ആധിപത്യം തകർത്ത് 2016ലാണ് ബിജെപി അസമിന്റെ അധികാരം പിടിച്ചത്. 126 അംഗ നിയമസഭയിൽ 60 സീറ്റാണ് ബി.ജെ.പി നേടിയത്. കോൺഗ്രസ് നേതൃത്വം നൽകിയ സഖ്യത്തിന് 24 സീറ്റുകൾ മാത്രമാണ് അന്ന് നേടാനായത്. പതിനാല് സീറ്റുള്ള അസം ഗണ പരിഷത്ത് (എ.ജി.പി), പന്ത്രണ്ട് സീറ്റുള്ള ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നീ പാർട്ടികളെയും കോൺഗ്രസ് വിമതരെയും ഒപ്പം നിർത്തി ശക്തമായ സഖ്യമാണ് ബിജെപി സർക്കാർ അന്ന് രൂപവത്കരിച്ചത്.

2016ലെ തിരഞ്ഞെടുപ്പിൽ നേടിയതിന്റെ ഇരട്ടി സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നതെങ്കിലും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തിലെത്താനാവാതെ ഉലയുന്ന കാഴ്ചയാണ് ബംഗാളിൽ. കഴിഞ്ഞ തവണ 211 സീറ്റുകളിലാണ് ടി.എം.സി ജയിച്ചത്. ബി.ജെ.പിക്ക്​ മൂന്നു സീറ്റ്​ മാത്രമായിരുന്നു. ഇടതു- കോൺഗ്രസ് സഖ്യം 77 സീറ്റും നേടിയിരുന്നു. ബംഗാളിൽ അധികാരം പിടിച്ചെടുക്കുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ്​ ബംഗാളിൽ പ്രചരണം നയിച്ചത്. അതിനെയെല്ലാം മറികടന്നാണ് തൃണമൂൽ കോൺഗ്രസിന്റെ തേരോട്ടം. സർവ്വ സന്നാഹങ്ങളോടെ 2014 മുതൽ ബി.ജെ.പി ആരംഭിച്ച തയ്യാറെടുപ്പുകളുടെ പരിസമാപ്തിയായി മാറി ബംഗാൾ തെരഞ്ഞടുപ്പ് ഫലം. കേന്ദ്രസർക്കാറിനെതിരെയും ബി.ജെ.പിക്കെതിരെയും ശക്തമായ നിലപാടുമായി പോരാടിനിന്ന മമത ബാനർജി തന്നെ മൂന്നാമതും ബംഗാളിൽ മുഖ്യമന്ത്രിയാകും.

ബംഗാളിലെ ത്രസിപ്പിക്കുന്ന വിജയത്തിനിടയിലും മമതയുടെ തോൽവി തിരിച്ചടിയായി. തുടക്കം മുതലെ മാറിയും മറിഞ്ഞും നിന്ന ലീഡിനൊടുവിൽ ബിജെപിയുടെ സുവേന്ദു അധികാരിക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി 1622 വോട്ടിനാണ് പരാജയപ്പെട്ടത്. പലതവണ ജയിച്ച രണ്ടു മണ്ഡലങ്ങൾ വേണ്ടെന്ന് വെച്ചായിരുന്നു മമത സുവേന്ദു അധികാരിക്കെതിരെ മത്സരിക്കാനിറങ്ങിയത്. തൃണമൂലിൽ നിന്ന് ബി.ജെ.പിയിലേക്ക് പോയ ആളാണ്​ സുവേന്തു.

തുടർഭരണമുറപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളും മെനഞ്ഞാണ് എ.ഐ.എ.ഡി.എം.കെ- ബി.ജെ.പി സഖ്യം തമിഴ്​നാട്ടിൽ തെരഞ്ഞെടുപ്പിനിറങ്ങിയത്. കേരളത്തിൽ ശബരിമല എന്ന പോലെ തമിഴ്‌നാട്ടിൽ ‘മുരുകനെ’ മുൻനിർത്തിയായിരുന്നു പ്രചാരണം. അമിത് ഷായും പ്രധാനമന്ത്രിയും നേരിട്ടെത്തി പ്രചരാണത്തിന് ചുക്കാൻ പിടിച്ചെങ്കിലും ഫലമുണ്ടായില്ല. 124 സീറ്റായിരുന്നു അണ്ണാ ഡി.എം.കെയ്ക്ക് മുമ്പത്തെ സഭയിലുണ്ടായിരുന്നത്. ഡി.എം.കെയ്ക്ക് 96, കോൺഗ്രസിന് ഏഴ്, മുസ്​ലിം ലീഗിന് ഒന്ന്. എം.എൽ.എമാരുടെ മരണത്തെയും രാജിയേയും തുടർന്ന് അഞ്ച് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. 234 അംഗങ്ങളുള്ള സഭയിൽ 118 സീറ്റാണ് ഭരണം പിടിക്കാൻ തമിഴ്‌നാട്ടിൽ ഡി.എം.കെയ്ക്ക് ആവശ്യം. ഇനി അത്ഭുതങ്ങളൊന്നും സംഭവിക്കാൻ സാധ്യതയില്ലാത്തതുകൊണ്ട് തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിൻ തന്നെ മുഖ്യമന്ത്രിയാവുമെന്നുറപ്പായിട്ടുണ്ട്. 155 സീറ്റിൽ ഡിഎംകെ സഖ്യവും 79 സീറ്റിൽ ബി.ജെ.പി സഖ്യവും ലീഡ് ചെയ്യുന്നുണ്ട്. 154 സീറ്റുകളിൽ മത്സരിച്ച കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന് ഒട്ടും തിളങ്ങാനായില്ല.

തുടർഭരണം ലക്ഷ്യമിട്ട എൽ.ഡി.എഫ്​ കേരളത്തിൽ 99 സീറ്റ്​ നേടി വൻ മുന്നേറ്റമാണ് നടത്തിയത്. തുടക്കത്തിൽ നേമത്തും പാലക്കാട്ടും തൃശൂരും ബി.ജെ.പി ലീഡുയർത്തിയെങ്കിലും ഒടുവിൽ മൂന്നിടത്തും തകർന്നടിഞ്ഞു. 35 സീറ്റ് നേടിയാലും ഭരണത്തിലെത്തുമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിച്ച കോന്നിയിലും മഞ്ചേശ്വരത്തും വൻ പരാജയം ഏറ്റുവാങ്ങി. നേമം കേരളത്തിലെ ഗുജറാത്താണെന്ന പ്രഖ്യാപനവുമായി സീറ്റ് നിലനിർത്താൻ ഗോദയിലിറങ്ങിയ കുമ്മനത്തെ ജനം പരാജയപ്പെടുത്തുകയും ചെയ്​തു.

വിജയത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ""എന്തോ കുറേ സീറ്റുകൾ നേടാൻ പോകുന്നു എന്ന ധാരണയാണ് ബിജെപി ഇവിടെ നടത്തിയത്. ഒരു പൊതു പ്രതീതി സൃഷ്ടിക്കാനായിരുന്നു ശ്രമം. ബിജെപിയുടെ അക്കൗണ്ട് ഈ തിരഞ്ഞെടുപ്പിൽ ക്ലോസ് ചെയ്യും എന്ന് ഞങ്ങൾ പറഞ്ഞത് അതുകൊണ്ടാണ്. യഥാർഥ സ്ഥിതി തിരിച്ചറിയേണ്ട സമയമാണ് ഇപ്പോൾ. അത് ഈ കേരളത്തിന്റെ പ്രത്യേകതയാണ്. മറ്റു ചില സംസ്ഥാനങ്ങളിലേതുപോലുള്ള രീതി ഇവിടെ എടുത്താൽ അത് ചെലവാകുന്ന മണ്ണല്ല കേരളം, ഇക്കാര്യം ഈ തിരഞ്ഞെടുപ്പ് ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ്.''

കോവിഡ് മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുന്ന നേരത്ത് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വർഗീയതയിലും ഹിന്ദുത്വ രാഷ്ട്രീയത്തിലും ഊന്നിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.

Comments