ഇലക്ഷൻ:
സമത്വത്തിൻ്റെയും
അസമത്വത്തിൻ്റെയും
കൊടിയേറ്റ്

ഭരണപ്പാർട്ടിയുടെ ഭരണകൂട അധിനിവേശങ്ങൾ: അശോകകുമാർ വി. എഴുതുന്ന ലേഖനപരമ്പരയുടെ മൂന്നാം ഭാഗം തുടങ്ങുന്നു.

ഭരണപ്പാർട്ടിയുടെ
ഭരണകൂട അധിനിവേശങ്ങൾ:
ഭാഗം 3, അധ്യായം ഒന്ന്:

▮

വിവാഹവും തെരഞ്ഞെടുപ്പും

കുടുംബം, വിവാഹം, വിദ്യാഭ്യാസം, മതം, കോടതി, ഗവൺമെന്റ്, രാഷ്ട്രീയപ്പാർട്ടി തുടങ്ങിയവയെ പോലെ തെരഞ്ഞെടുപ്പിനെയും ഒരു സാമൂഹിക സ്ഥാപനമായി ഇവിടെ വിശകലനം ചെയ്യുന്നതിനു ചില കാരണങ്ങളുണ്ട്. സാമൂഹിക സ്ഥാപനം എന്നത് സമൂഹത്തിൽ ആവർത്തിച്ച് നിലനിൽക്കുന്ന പെരുമാറ്റരീതികളെയും അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളെയും ചട്ടങ്ങളെയും ആചാരങ്ങളെയും അധികാരബന്ധങ്ങളെയും ക്രമീകരിക്കുന്ന സ്ഥിരമായ ഒരു സാമൂഹിക സംവിധാനമാണ്.

പൊതുവേ, ദാമ്പത്യത്തിലേക്കും കുടുംബജീവിതത്തിലേക്കുമുള്ള പ്രവേശനവും അംഗീകാരവും ക്രമീകരിക്കുന്ന സ്ഥാപനമാണ് വിവാഹം. അതിൽ നിയമപരവും ആചാരപരവുമായ വ്യവസ്ഥകൾക്കൊപ്പം ചടങ്ങുകൾ, ആഘോഷങ്ങൾ, പെരുമാറ്റരീതികൾ, സാമൂഹിക അംഗീകാരം, അവകാശങ്ങൾ, ബാധ്യതകൾ എന്നിവ ഉൾപ്പെടുന്നു. മിക്കപ്പോഴും, വ്യക്തികളുടെ സ്വകാര്യബന്ധത്തെ ഒരു സാമൂഹികബന്ധമായി അംഗീകരിക്കുകയും ക്രമീകരിക്കുകയും ചെയ്യുക എന്നതാണ് വിവാഹത്തിന്റെ പ്രധാന ധർമ്മം.

ഇതിനു സമാനമായി, പ്രാതിനിധ്യ ജനായത്തത്തിൽ ഭരണാധികാരത്തിലേക്കുള്ള പ്രവേശനം സാമൂഹികമായി അംഗീകരിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് വോട്ടധിഷ്ഠിത തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് വെറും വോട്ട് രേഖപ്പെടുത്തുന്ന സാങ്കേതിക നടപടിയല്ല. അതിന് നിയമപരവും ഭരണഘടനാപരവുമായ ചട്ടങ്ങൾക്കൊപ്പം, കീഴ്‌വഴക്കങ്ങൾ, പെരുമാറ്റരീതികൾ, പ്രചാരണരീതികൾ, സംസ്കാരിക പരിപാടികൾ, സ്ഥാനാർത്ഥിത്വത്തിന്റെ മാനദണ്ഡങ്ങൾ, വോട്ടർമാരുടെ പങ്കാളിത്തം, രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ, പൊതു അഭിപ്രായത്തിന്റെ രൂപീകരണം, വിജയിയുടെ സാമൂഹിക അംഗീകാരം തുടങ്ങിയ നിരവധി ഘടകങ്ങളുണ്ട്. അതിനാൽ വ്യക്തികളെ അധികാരസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു നടപടിക്രമം മാത്രമല്ല, അധികാരം നേടുന്നതിനും കൈമാറുന്നതിനും സാമൂഹികമായി അംഗീകരിക്കപ്പെട്ട സ്ഥാപനപരമായ സംവിധാനമാണ് തെരഞ്ഞെടുപ്പ്.

വിവാഹം വ്യക്തികളെ ദാമ്പത്യബന്ധത്തിലേക്ക് പ്രവേശിപ്പിക്കുകയും ആ ബന്ധത്തിന് സാമൂഹിക അംഗീകാരം നൽകുകയും ചെയ്യുന്നുവെങ്കിൽ, തെരഞ്ഞെടുപ്പ് വ്യക്തികളെ അധികാരത്തിലേക്ക് പ്രവേശിപ്പിക്കുകയും, അവരുടെ അധികാരത്തിന് രാഷ്ട്രീയ- സാമൂഹിക അംഗീകാരം നൽകുകയും ചെയ്യുന്നു. വിവാഹത്തിൽ ബന്ധത്തിന്റെ തുടർച്ച ഉറപ്പാക്കുന്നത് ഔപചാരിക- അനൗപചാരിക നിയമങ്ങളും പ്രതീക്ഷിത പെരുമാറ്റങ്ങളുമാണെങ്കിൽ, തെരഞ്ഞെടുപ്പിൽ അധികാരബന്ധത്തിന്റെ തുടർച്ചയും പുനർനിർമ്മാണവും ഉറപ്പാക്കുന്നത് നിയമങ്ങളും ചട്ടങ്ങളും രാഷ്ട്രീയ വഴക്കങ്ങളും സ്ഥാപനപരമായ നടപടിക്രമങ്ങളുമാണ്.

വിവാഹവും തെരഞ്ഞെടുപ്പും തമ്മിൽ സാദൃശ്യപ്പെടുത്തിയത് രണ്ടിനെയും സാങ്കേതികമായ ഒരു മുഹൂർത്തമായി മാത്രം ചുരുക്കാനാവില്ല എന്നു പറയാനാണ്. പകരം അവ അധികാരബന്ധങ്ങളെ നിർമ്മിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക സ്ഥാപനമായി നിലകൊള്ളുന്നു. അല്ലാതെ, എല്ലാ രീതിയിലും രണ്ടും സമമാണെന്നു സ്ഥാപിക്കാനല്ല.

വ്യക്തികളെ അധികാരസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു നടപടിക്രമം മാത്രമല്ല, അധികാരം നേടുന്നതിനും കൈമാറുന്നതിനും സാമൂഹികമായി അംഗീകരിക്കപ്പെട്ട സ്ഥാപനപരമായ സംവിധാനമാണ് തെരഞ്ഞെടുപ്പ്.
വ്യക്തികളെ അധികാരസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു നടപടിക്രമം മാത്രമല്ല, അധികാരം നേടുന്നതിനും കൈമാറുന്നതിനും സാമൂഹികമായി അംഗീകരിക്കപ്പെട്ട സ്ഥാപനപരമായ സംവിധാനമാണ് തെരഞ്ഞെടുപ്പ്.

സാമ്പത്തികവും സാമൂഹികവുമായ നിരവധി വിഭജനങ്ങളും തട്ടുകളും നിലനിൽക്കുന്ന ഒരു സാമൂഹികഘടനയിൽ വിവാഹത്തെ മിക്കവാറും, രണ്ടു സ്വതന്ത്ര വ്യക്തികൾ തമ്മിലുള്ള ദാമ്പത്യ-ഗാർഹിക ഉടമ്പടിയായി മാത്രം കാണുക എളുപ്പമല്ല. വിവാഹബന്ധത്തിലേക്ക് പ്രവേശിക്കുന്ന വ്യക്തികൾ ഒറ്റപ്പെട്ട സാമൂഹിക ഘടകങ്ങളല്ല; അവർ ഇതിനകം വിവിധ സാമൂഹിക സ്ഥാപനങ്ങളുടെയും ബന്ധശൃംഖലകളുടെയും ഭാഗമാണ്. അതുകൊണ്ടുതന്നെ, വ്യക്തികൾ തമ്മിലുള്ള വൈവാഹികബന്ധത്തിലേക്ക് അവരുടെ കുടുംബം, വംശം, ഗോത്രം, ജാതി, മതം, സ്വത്ത്, തൊഴിൽ, സാമ്പത്തിക താൽപര്യങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളും സാമൂഹിക ബന്ധങ്ങളും സ്വാഭാവികമായി കടന്നുവരുന്നു.

വിവാഹം രണ്ടു വ്യക്തികളുടെ സ്വകാര്യ തെരഞ്ഞെടുപ്പായി ആരംഭിച്ചാലും, അതിന്റെ സാമൂഹിക രൂപവും അംഗീകാരവും പലപ്പോഴും വ്യക്തികൾക്കപ്പുറമുള്ള സ്ഥാപനങ്ങളുടെ ഇടപെടലുകളാൽ നിർണ്ണയിക്കപ്പെടുന്നു. സ്വതന്ത്ര വ്യക്തികൾ വിവാഹത്തിലെ പ്രധാന കർത്താക്കളായി നിലകൊള്ളുന്നതിനു പകരം, അവരെ ഉൾക്കൊള്ളുന്ന കുടുംബങ്ങളും വംശങ്ങളും ജാതികളും മതസമൂഹങ്ങളും സാമ്പത്തിക താൽപര്യങ്ങളും തമ്മിലുള്ള ഒരു സാമൂഹിക ഇടപാടായാണ് വിവാഹം കലാശിക്കുന്നത്.

വിവാഹമെന്നതുപോലെ തെരഞ്ഞെടുപ്പിൽ, വോട്ടറെയും സ്ഥാനാർത്ഥിയെയും രണ്ടു സ്വതന്ത്ര വ്യക്തികളായി മാത്രം കണക്കാക്കുമ്പോൾ, അവരുടെ പിന്നിൽ പ്രവർത്തിക്കുന്ന കുടുംബം തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളും ബന്ധശൃംഖലകളും അദൃശ്യമാക്കപ്പെടുന്നു. വ്യക്തി ഒരു ഒറ്റപ്പെട്ട രാഷ്ട്രീയ ഘടകമല്ല; വിവിധ സാമൂഹിക ബന്ധങ്ങളുടെയും സ്ഥാപനങ്ങളുടെയും ഭാഗമായാണ് അയാൾ പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്നത്.

വിവിധ സാമൂഹിക സ്ഥാപനങ്ങൾക്കും താൽപര്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന ബന്ധങ്ങളെ പുനഃസംഘടിപ്പിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥാപന വ്യവസ്ഥയായും തെരഞ്ഞെടുപ്പിനെ കാണേണ്ടതുണ്ട്.

ഒരു വശത്ത്, സാമൂഹിക ജീവിതത്തിലെ യഥാർത്ഥ വിഭജനങ്ങൾ തീർക്കുന്ന സ്ഥാപനപരമായ തട്ടുകൾക്കും ബന്ധങ്ങൾക്കും അകത്ത് വോട്ടർമാരും സ്ഥാനാർത്ഥികളും നിൽക്കുന്നു. മറുവശത്ത്, ജനായത്ത തെരഞ്ഞെടുപ്പ് അവരെ ഔപചാരികമായി സ്വതന്ത്രരും തുല്യരുമായ രാഷ്ട്രീയ കർത്തൃത്വങ്ങളായി പരിഗണിക്കുന്നു. തെരഞ്ഞെടുപ്പ് എന്ന സാമൂഹിക സ്ഥാപനം, വിവാഹം പോലെ തന്നെ, വ്യക്തികളുടെ സ്വതന്ത്രമായ ഇച്ഛയുടെ പ്രകടനമായി മാത്രം നിലനിൽക്കുന്നില്ല. വ്യക്തികളുടെ പിന്നിൽ പ്രവർത്തിക്കുന്ന കുടുംബം, വർഗ്ഗം, ജാതി, മതം, സമ്പത്ത്, തൊഴിൽ, പ്രദേശം, വ്യാപാരബന്ധങ്ങൾ, രാഷ്ട്രീയ സംഘടനകൾ, പാർട്ടികൾ തുടങ്ങിയ സ്ഥാപനങ്ങളും സാമൂഹിക ബന്ധങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമായി ഇടപെടുന്നു. അതിനാൽ, വ്യക്തികളുടെ സ്വതന്ത്രമായ രാഷ്ട്രീയ തെരഞ്ഞെടുപ്പിന് ഉപരിയായി, വിവിധ സാമൂഹിക സ്ഥാപനങ്ങൾക്കും താൽപര്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന ബന്ധങ്ങളെ പുനഃസംഘടിപ്പിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥാപന വ്യവസ്ഥയായും തെരഞ്ഞെടുപ്പിനെ കാണേണ്ടതുണ്ട്.

മാതൃകാ റിപ്പബ്ലിക്കിലെ ഇലക്ഷൻ

യഥാർത്ഥത്തിൽ ഇവിടെ നാം കാണുന്നത്, ലിബറൽ ഡെമോക്രസി എന്ന രാഷ്ട്രീയവ്യവസ്ഥയും തെരഞ്ഞെടുപ്പ് എന്ന സാമൂഹിക സ്ഥാപനവും തമ്മിലുള്ള ചില പൊരുത്തക്കേടുകളാണ്.

ഇംഗ്ലണ്ടിൽ ചാൾസ് ഒന്നാമൻ രാജാവിനെ ശിരച്ഛേദം ചെയ്തുകൊണ്ട് രാജവാഴ്ചക്കു വിരാമമിടുകയും (1649), കോമൺവെൽത്ത് എന്ന പേരിൽ രാജ്യം റിപ്പബ്ലിക് ആവുകയും, തുടർന്ന് ഒലിവർ ക്രോംവെൽ ഏകാധിപതിയാവുകയും ചെയ്ത കാലയളവിൽ, തെരഞ്ഞെടുപ്പിൻ്റെ ഘടനപരമായ വൈകല്യങ്ങളെപ്പറ്റി ഇംഗ്ലീഷ് രാഷ്ട്രീയ ചിന്തകനായ ജെയിംസ് ഹാരിംഗ്ടൺ ചില നീരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഒരു റിപ്പബ്ലിക് എങ്ങനെയാകണം എന്നതിൻ്റെ ഭരണഘടനാപരമായ അന്വേഷണങ്ങളെ മുൻനിർത്തി എഴുതിയ "The Commonwealth of Oceana" എന്ന കൃതിയിലാണ് (1656) തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പരിമിതികൾ ഹാരിംഗ്‌ടൺ ചൂണ്ടിക്കാണിക്കുന്നത്.

സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ അസമത്വങ്ങൾ വ്യക്തിയുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാതെ വയ്യ
സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ അസമത്വങ്ങൾ വ്യക്തിയുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാതെ വയ്യ

തിരഞ്ഞെടുപ്പിന്റെ ഘടനാപരമായ പരിമിതികളെ പറ്റി ഹാരിംഗ്ടൺ നേരിട്ട് വിശകലനം നടത്തുന്നില്ല. പകരം, രാഷ്ട്രീയാധികാരവും സ്വത്തുടമസ്ഥതയും തമ്മിലുള്ള ബന്ധത്തെയാണ് അദ്ദേഹം പരിശോധിക്കുന്നത്. എന്നാൽ ഈ വിശകലനം തെരഞ്ഞെടുപ്പിന്റെ ഘടനാപരമായ പരിമിതികളെ മനസ്സിലാക്കുന്നതിനുള്ള സൂചന നമുക്കു നൽകുന്നു. "ദെ കോമൺവെൽത്ത് ഓഫ് ഓഷ്യാന"യിൽ ഹാരിംഗ്ടൺ എഴുതുന്നു: "Domestic empire is founded upon dominion. Dominion is property, real or personal; that is to say, in lands, or in money and goods." അതായത്, ഒരു സമൂഹത്തിലെ ആഭ്യന്തര രാഷ്ട്രീയാധികാരത്തെ നിശ്ചയിക്കുന്നത് ആ സമൂഹത്തിലെ വിഭവങ്ങളുടെ ( ഭൂസ്വത്ത്, ധനം, ചരക്കുകൾ) നിയന്ത്രണം ആരുടെ കൈകളിലാണ് എന്നതത്രേ.

തെരഞ്ഞെടുപ്പ് വോട്ടർമാർക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനു തുല്യമായ അവസരം നൽകുന്നുവെങ്കിലും, വോട്ടർമാരുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പിനെ നിർണ്ണയിക്കുന്നതിൽ അവരെ വലയം ചെയ്തിരിക്കുന്ന സാമൂഹിക സ്ഥാപനങ്ങൾ, പ്രത്യേകിച്ച്, സ്ഥാവരജംഗമവസ്തുക്കളുമായി ബന്ധപ്പെട്ട സ്വത്തുടമസ്ഥതാബന്ധങ്ങളെ നിലനിർത്തുന്ന പരമ്പരാഗത സ്ഥാപനങ്ങൾക്കുള്ള പങ്കാണ് ഹാരിംഗ്ടൺ ചൂണ്ടിക്കാണിക്കുന്നത്. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ അസമത്വങ്ങൾ വ്യക്തിയുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാതെ വയ്യ. ഭൂമി, സമ്പത്ത്, സ്ഥാപനപരമായി ഉല്പാദിപ്പിക്കപ്പെടുന്ന വിഭവങ്ങൾ എന്നിവ നിയന്ത്രിക്കുന്നവർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനുള്ള ശേഷി മറ്റുള്ളവരേക്കാൾ കൂടുതലായിരിക്കും. അതിനാൽ, വോട്ടവകാശത്തിന്റെ ഔപചാരിക സമത്വം രാഷ്ട്രീയ പ്രതിനിധാനത്തിൽ യഥാർത്ഥ സമത്വം ഉറപ്പാക്കണമെന്നില്ല.

ലോകചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ഒരു ജനത അവരുടെ രാജാവിനെ ശിരച്ഛേദം ചെയ്തുകൊണ്ട്, ആ രാജ്യത്തെ ഒരു റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുകയും, എന്നാൽ ഒട്ടും വൈകാതെ തന്നെ രാജ്യം ഏകാധിപത്യ ശൈലിയുള്ളവരിൽ വന്നു ചേരുകയും ചെയ്ത രാഷ്ട്രീയ വൈപരീത്യത്തിലാണ്, റിപ്പബ്ലിക്കിൻ്റെ ആദർശമാതൃക എങ്ങനെയാകണമെന്ന തൻ്റെ പദ്ധതി ഹാരിംഗ്ടൺ അവതരിപ്പിക്കുന്നത്. റിപ്പബ്ലിക് സ്വേച്ഛാധിപത്യത്തിലേക്കോ ഒരുപിടി പരമ്പരാഗത മേൽക്കോയ്മക്കാരുടെ കൈകളിലേക്കോ വഴുതിപ്പോകാതിരിക്കാനുള്ള സ്ഥാപനപരമായ പ്രതിരോധങ്ങളെ അദ്ദേഹം അന്വേഷിച്ചു.

അസമമായ സാമൂഹിക- സാമ്പത്തിക ഘടനയ്ക്കുള്ളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ഇതേ അസമഘടനകളെ പുനരുല്പാദിപ്പിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്ന സാമൂഹിക സ്ഥാപനമാകാൻ സാധ്യത ഏറെയുണ്ട്.

റിപ്പബ്ലിക് എന്ന രാഷ്ട്രീയ സംവിധാനത്തിൻ്റെ ഒന്നാമത്തെ സവിശേഷത, സ്വേച്ഛാധികാരത്തെ അത് നിയമവാഴ്ചയിലൂടെ നിയന്ത്രിക്കുന്നു എന്നതാണ്. ചാൾസ് ഒന്നാമനെ വിചാരണ ചെയ്ത് ശിക്ഷിച്ചതിലൂടെ, രാജാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പദവി പോലും നിയമത്തിനും പൊതുവായ അധികാരത്തിനും മുകളിലുള്ളതല്ലെന്ന ശക്തമായ റിപ്പബ്ലിക്കൻ തത്വം ഇംഗ്ലീഷ് വിപ്ലവം മുന്നോട്ടുവച്ചു. രാജാധികാരം വ്യക്തിയുടെ ദൈവികമോ പാരമ്പര്യാധിഷ്ഠിതമോ ആയ പ്രത്യേക അവകാശമായി കാണുന്നതിനുപകരം, ഏതു ഭരണാധികാരിയും പൊതുവായ അധികാരത്തിന് ഉത്തരവാദിയാകേണ്ടവനാണെന്ന ആശയത്തിനാണ് ഇംഗ്ലീഷ് ആഭ്യന്തര യുദ്ധം അസാധാരണമായ രാഷ്ട്രീയരൂപം നൽകിയത്.

എന്നാൽ, നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നു തീരുമാനിച്ച്, ഭരണഘടന തയ്യാറാക്കി, രാജ്യം ഔപചാരികമായി റിപ്പബ്ലിക് ആയതുകൊണ്ടു മാത്രം പ്രായോഗിക തലത്തിൽ രാജ്യത്തെ ജനങ്ങൾക്ക്, അവരുടെ നിത്യജീവിതത്തിൽ നിയമവാഴ്ച അനുഭവപ്പെടണമെന്നില്ല. ആ നിയമങ്ങളെ രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുന്ന രാഷ്ട്രീയാധികാരത്തിലേക്കുള്ള പ്രവേശനം എങ്ങനെ സാമൂഹികമായി വിതരണം ചെയ്യപ്പെടുന്നു എന്നതും അത്രതന്നെ നിർണ്ണായകമാണ്. നിയമത്തിനുമുമ്പിലുള്ള ഔപചാരിക സമത്വം രാഷ്ട്രീയ അധികാരത്തിലേക്കുള്ള പ്രവേശനത്തിലും സാധ്യമാകുന്നുണ്ടോ എന്നതാണ് ചോദ്യം.

രാഷ്ട്രീയാധികാരത്തിലേക്കുള്ള പ്രവേശനത്തിൽ രാജ്യത്തിലെ എല്ലാ വ്യക്തികൾക്കും തുല്യമായ അവസരം ഔപചാരികമായി റിപ്പബ്ലിക്കിൽ നിലവിലുണ്ടായിട്ടും കാര്യമില്ല. വ്യക്തികൾക്കിടയിൽ ഭൂമിയും വിഭവങ്ങളും സാമൂഹികബന്ധങ്ങളും സ്ഥാപനപരമായ പദവികളും വലിയ വിധത്തിൽ അസന്തുലിതമായി വിതരണം ചെയ്യപ്പെട്ടിരിക്കുകയാണെങ്കിൽ, ഈ സാമൂഹിക ബന്ധങ്ങളും സ്ഥാപനപരമായ പദവികളും വ്യക്തികൾക്ക് രാഷ്ട്രീയ പ്രതിനിധാനത്തിനുള്ള തുല്യാവകാശത്തെ പ്രതിരോധിക്കുന്നതായി മാറാം. ചുരുക്കത്തിൽ സമൂഹത്തിൽ വിഭവങ്ങൾക്കുമേൽ ഉടമസ്ഥതയും നിയന്ത്രണവും ഉള്ളവർ രാഷ്ട്രീയാധികാരത്തിലേക്കു എളുപ്പം എത്തിച്ചേരുന്നു. അതുകൊണ്ടാണ് “ഏതെങ്കിലും ഒരാൾക്കോ ഏതാനും പ്രഭുവർഗ്ഗത്തിനോ അധികാരം കൈവശപ്പെടുത്താൻ കഴിയാത്ത തരത്തിൽ ജനങ്ങളെല്ലാം ഭൂവുടമകളായിരിക്കുകയോ, ഭൂമി അവർക്കിടയിൽ വിഭജിക്കപ്പെട്ടിരിക്കുകയോ ആണെങ്കിൽ, ബലപ്രയോഗത്തിന്റെ ഇടപെടലില്ലാതെ തന്നെ ആ രാജ്യത്തിന്റെ ഭരണസംവിധാനം ഒരു കോമൺവെൽത്ത് ആയിരിക്കു”മെന്നു ഹാരിംഗ്ടൺ എഴുതിയത്.

ഇംഗ്ലീഷ് ഭൂപ്രഭു- വാണിജ്യശക്തികൾ യൂറോപ്യൻ സാമ്രാജ്യത്വശക്തികളോട്  അമേരിക്കൻ ഭൂപ്രദേശങ്ങളിൽ പ്ലാൻ്റേഷൻ കോളനികൾ സ്ഥാപിക്കാൻ മത്സരിക്കുന്ന അതേകാലത്തു തന്നെയാണ് റിപ്പബ്ലിക്കൻ ആശയങ്ങൾ ഇംഗ്ലീഷ് രാഷ്ട്രീയ രംഗത്തും പ്രബലമാകുന്നതും പാർലമെൻ്റിൻ്റെ നേതൃത്വത്തിൽ ആഭ്യന്തരയുദ്ധം നടത്തുന്നതും.
ഇംഗ്ലീഷ് ഭൂപ്രഭു- വാണിജ്യശക്തികൾ യൂറോപ്യൻ സാമ്രാജ്യത്വശക്തികളോട് അമേരിക്കൻ ഭൂപ്രദേശങ്ങളിൽ പ്ലാൻ്റേഷൻ കോളനികൾ സ്ഥാപിക്കാൻ മത്സരിക്കുന്ന അതേകാലത്തു തന്നെയാണ് റിപ്പബ്ലിക്കൻ ആശയങ്ങൾ ഇംഗ്ലീഷ് രാഷ്ട്രീയ രംഗത്തും പ്രബലമാകുന്നതും പാർലമെൻ്റിൻ്റെ നേതൃത്വത്തിൽ ആഭ്യന്തരയുദ്ധം നടത്തുന്നതും.

അസമമായ സാമൂഹിക- സാമ്പത്തിക ഘടനയ്ക്കുള്ളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ഇതേ അസമഘടനകളെ പുനരുല്പാദിപ്പിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്ന സാമൂഹിക സ്ഥാപനമാകാൻ സാധ്യത ഏറെയുണ്ട്. അതുകൊണ്ടാകണം റിപ്പബ്ലിക്കൻ തത്ത്വങ്ങൾ പ്രായോഗികമാകണമെങ്കിൽ ഭൂപരിഷ്കരണം അനിവാര്യമായ മുന്നുപാധിയായി ഹാരിംഗ്‌ടൺ അവതരിപ്പിച്ചത്. ഇംഗ്ലീഷ് കാർഷികമേഖലയിൽ ഭൂമിയുടെ ഉടമസ്ഥതയ്ക്കു പരിധി ഏർപ്പാടാക്കണമെന്നതായിരുന്നു അദ്ദേഹത്തിൻ്റെ ശുപാർശ.

അധികാരം മനുഷ്യരെ ദുഷിപ്പിക്കാതിരിക്കുന്നതിനായി ഏതാനും പേർ തന്നെ പദവികളിൽ സ്ഥിരം തുടരുന്നത് അവസാനിപ്പിക്കാൻ റൊട്ടേഷൻ സമ്പ്രദായം നടപ്പിൽ വരുത്തണമെന്നതായിരുന്ന ഹാരിംഗ്‌ടണിൻ്റെ മറ്റൊരു നിർദ്ദേശം. തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നല്ല ഹാരിംഗ്‌ടൺ പറഞ്ഞത്; സ്ഥാപനപരമായ പുനഃക്രമീകരണം കൊണ്ട് തെരഞ്ഞെടുപ്പിൻ്റെ പ്രതിലോമസ്വഭാവത്തെ നിയന്ത്രിക്കണമെന്നാണ്. സ്ഥാപനങ്ങളെ ഉപയോഗിച്ച് വ്യക്തികളോ വ്യക്തികളെ മുൻനിർത്തി സ്ഥാപനങ്ങളോ നിയമവാഴ്ചയുടെ പ്രായോഗികതക്കു തുരങ്കം വെയ്ക്കരുതെന്നർത്ഥം.

തൻ്റെ ജനതയോട് മാതൃകാ റിപ്പബ്ലിക് സ്ഥാപിക്കാൻ ആഹ്വാനം നൽകിയ ഹാരിംഗ്ടൺ പ്രബോധനങ്ങളെ ഇംഗ്ലീഷ് പാർലമെൻ്റ് വകവെച്ചില്ലെന്നു മാത്രമല്ല, 1660- ൽ രാജവാഴ്ച പുനഃസ്ഥാപിച്ചപ്പോൾ അദ്ദേഹത്തെ തടവിലാക്കുക കൂടി ചെയ്തു.

റിപ്പബ്ലിക്കും സാമ്രാജ്യത്വ മത്സരങ്ങളും

ആഭ്യന്തരയുദ്ധത്തിൻ്റെ ലക്ഷ്യം ഇംഗ്ലീഷ് റിപ്പബ്ലിക് സ്ഥാപിക്കുക എന്നതായിരുന്നെങ്കിലും, കോമൺവെൽത്തിൻ്റെ അധിപതിയായി ഒലിവർ ക്രോംവെൽ അധികാരം പിടിച്ചെടുത്ത സാഹചര്യത്തിലാണ് മാതൃകാ റിപ്പബ്ലിക്കിനെ പറ്റി ഹാരിംഗ്ടൺ എഴുതുന്നതെന്നു നേരത്തേ പറഞ്ഞതാണല്ലോ.

ഈ സന്ദർഭത്തിൽ, 16 -ാം നൂറ്റാണ്ടു മുതൽ തന്നെ റിപ്പബ്ലിക് എന്ന രാഷ്ട്രീയരൂപം യൂറോപ്പിലെ ഭരണ ബുദ്ധിജീവികൾക്കിടയിൽ സജീവ ചർച്ചയാകുന്നതിൻ്റെ കാരണങ്ങളെ കൂടി സാമാന്യമായെങ്കിലും നാം അറിയേണ്ടിയിരിക്കുന്നു. അമേരിക്കൻ ഭൂപ്രദേശങ്ങളിലേക്ക് യൂറോപ്യൻ പര്യവേഷണമത്സരങ്ങളും കുടിയേറ്റവും പ്ലാൻ്റേഷനുകളും മറ്റും ആരംഭിച്ച നാളുകളുമായി റിപ്പബ്ലിക്കിനെ കുറിച്ചുള്ള ചർച്ചകൾ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. അപ്പോൾ പ്രാചീന റോമൻ റിപ്പബ്ലിക് യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയചിന്തകരെ പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു. രാജാവിൻ്റെ ഏകാധിപത്യ ഭരണത്തേക്കാൾ രാജ്യത്തെ കുലീനർ സജീവ പങ്കാളികളാകുന്ന പാർലമെൻ്ററി വ്യവസ്ഥയും നിയമവാഴ്ചയുമാണ് സാമ്രാജ്യത്വ വിപുലനം സുസ്ഥിരമാക്കാൻ ഏറ്റവും അനുയോജ്യമെന്നത് 16,17 നൂറ്റാണ്ടുകളിലെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയബോധ്യമായി വന്നു. (Arthur Weststeijn, "Commonwealths for Preservation and Increase: Ancient Rome in Venice and the Dutch Republic").

താരതമ്യേന ഒരു ചെറിയ രാജ്യമായ ഹോളണ്ടിനെ 16 -ാം നൂറ്റാണ്ടിൻ്റെ അവസാന കാലത്ത് കോളനി സാമ്രാജ്യമാക്കി ഉയർത്തിയതിൽ, ആ രാജ്യത്തെ ഭരണം റിപ്പബ്ലിക്കൻ ശൈലി സ്വീകരിച്ചത് നല്ല പങ്ക് വഹിച്ചിട്ടുണ്ട്. പല സന്ദർഭങ്ങളിലും റിപ്പബ്ലിക്കൻ ഭരണത്തിൻ്റെ ഒരു പ്രത്യേകത അതിൽ ആഭ്യന്തരമായി പരസ്പരം മത്സരിക്കുന്ന കുലീനർക്കിടയിൽ അധികാരം വീതംവെയ്ക്കപ്പെടുന്നു എന്നതാണ്.

മറ്റൊന്ന്, അവരിൽ ആരും ഏകാധിപതികളായി മാറാതിരിക്കാൻ ഭരണഘടന പ്രകാരം നിയമവാഴ്ച ഉറപ്പാക്കുന്നു എന്നതാണ്.

മൂന്നാമതായി റിപ്പബ്ലിക്കിൽ രാജ്യവിഷയങ്ങളെല്ലാം പാർലമെൻ്റ് ചർച്ച ചെയ്തു തീരുമാനിക്കുന്നു. അധികാരത്തിനു വേണ്ടിയുള്ള കുലീന മത്സരത്തെ നിയന്ത്രിച്ചു നിർത്തുക, കൂട്ടായ ചർച്ചകൾ വഴി തീരുമാനമെടുക്കുക, നിയമവാഴ്ചയിലുടെ ഔപചാരികമായ രാഷ്ട്രീയ തുല്യത സ്ഥാപിക്കുക; അതുവഴി ഭരണീയരുടെ പിന്തുണ ഭരിക്കുന്നവർക്ക് ഉറപ്പാക്കുക - ഇത്തരം രാഷ്ട്രീയ സംവിധാനത്തിലൂടെയാണ് റോമാക്കാർ പ്രാചീന സാമ്രാജ്യങ്ങളേക്കാൾ സാമ്രാജ്യത്വ വിപുലനത്തിൽ വിജയിച്ചതും ദീർഘകാലം നിലനിന്നതുമെന്നു വിലയിരുത്തപ്പെടുന്നുണ്ട്.

ജീൻ-ജാക്വസ് റൂസ്സോയുടെ ഛായാചിത്രം.
ജീൻ-ജാക്വസ് റൂസ്സോയുടെ ഛായാചിത്രം.

ഏതായാലും, ഇംഗ്ലീഷ് ഭൂപ്രഭു- വാണിജ്യശക്തികൾ സ്പെയിൻ, ഹോളണ്ട് തുടങ്ങിയ ഇതര യൂറോപ്യൻ സാമ്രാജ്യത്വശക്തികളോട് അമേരിക്കൻ ഭൂപ്രദേശങ്ങളിൽ പ്ലാൻ്റേഷൻ കോളനികൾ സ്ഥാപിക്കാൻ മത്സരിക്കുന്ന അതേകാലത്തു തന്നെയാണ് റിപ്പബ്ലിക്കൻ ആശയങ്ങൾ ഇംഗ്ലീഷ് രാഷ്ട്രീയ രംഗത്തും പ്രബലമാകുന്നതും, പാർലമെൻ്റിൻ്റെ നേതൃത്വത്തിൽ ആഭ്യന്തരയുദ്ധം നടത്തുന്നതും, തുടർന്ന് രാജാവിനെ നിഷ്ക്കാസിതനാക്കി ഇംഗ്ലീഷ് റിപ്പബ്ലിക് (കോമൺവെൽത്ത്) സ്ഥാപിക്കുന്നതും. തന്നെയുമല്ല, കോമൺവെൽത്ത് സ്ഥാപിക്കുകയും ഭരണനേതൃത്വം ഒലിവർ ക്രോംവെല്ലിൽ വന്നുചേരുകയും ചെയ്ത വേളയിൽ ഇംഗ്ലീഷ് സാമ്രാജ്യത്വ അധിനിവേശ നീക്കങ്ങൾ ദ്രുതഗതിയിലാകുന്നുമുണ്ട്.

ഈ സന്ദർഭത്തിൽ കുറ്റമറ്റ റിപ്പബ്ലിക്കൻ ഭരണം ഇംഗ്ലണ്ടിനും അനിവാര്യമാണെന്നു ഹാരിംഗ്‌ടൺ കരുതിയിരുന്നു. (David Armitage, The Cromwellian Protectorate and the languages of empire). നീതിപൂർവ്വകമായ ഭൂമിയുടെ വിതരണം, അധികാരപദവികളിൽ റൊട്ടേഷൻ സിസ്റ്റം, എന്നിവയിലൂടെ പൗരസമൂഹത്തിൽ രാഷ്ട്രീയമായ നീതിയും തുല്യതയും പങ്കാളിത്തവും ഐക്യവും നിർമ്മിക്കുമ്പോൾ, ഇതര സാമ്രാജ്യത്വ എതിരാളികളെ നേരിടാനുള്ള കരുത്ത് റിപ്പബ്ലിക് എന്ന നിലയിൽ രാജ്യം കരസ്ഥമാക്കുന്നു. ഇംഗ്ലീഷ് ഭൂപ്രഭു- വാണിജ്യ രാഷ്ട്രീയശക്തികൾക്കിടയിൽ അധികാരത്തിനായുള്ള ആഭ്യന്തര മത്സരത്തെ നിയന്ത്രിച്ചു ആന്തരിക കെട്ടുറപ്പ് നേടിയെടുക്കുക എന്നതായിരുന്നു മാതൃകാ റിപ്പബ്ലിക്കിനെ അവതരിപ്പിച്ചുകൊണ്ട് ഹാരിംഗ്ടൺ ലക്ഷ്യം വെച്ചതെന്നു പറയാം.

തെരഞ്ഞെടുപ്പ് ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛയെ നേരിട്ട് പ്രകടിപ്പിക്കുന്ന സംവിധാനമാണോ, അതോ പൊതുജനങ്ങളിൽ നിന്ന് വ്യത്യസ്തരായ പ്രതിനിധി വിഭാഗത്തെ അധികാരത്തിലേക്ക് കൊണ്ടുവരുന്ന സംവിധാനമാണോ എന്നു ഫെഡറലിസ്റ്റുകൾ ചോദിച്ചിരുന്നു.

മാത്രമല്ല, ഹാരിംഗ്ടൺ പ്രാചീന റോമൻ റിപ്പബ്ലിക്കിനെയാണ് മാതൃകയായി സ്വീകരിച്ചത്. സംരക്ഷണത്തിനുള്ള റിപ്പബ്ലിക് ("Commonwealths for preservation") എന്നും വിപുലീകരണത്തിനുള്ള റിപ്പബ്ലിക് ("Commonwealths for increase") എന്നും രണ്ടു രാഷ്ട്രീയ ലക്ഷ്യങ്ങൾ അദ്ദേഹം അവതരിപ്പിക്കുമ്പോൾ അതിൻ്റെ മാതൃകയെന്ന നിലയിൽ റോമാ സാമ്രാജ്യത്തെയാണ് ഉയർത്തിക്കാട്ടിയത്. ഹാരിംഗ്ടണിൻ്റെ റിപ്പബ്ലിക്കൻ പദ്ധതി ആഭ്യന്തരമായ ഭരണവിഷയം മാത്രമല്ലെന്നും സമ്പത്ത്, വാണിജ്യം, യൂറോപ്യൻ ശക്തികൾ തമ്മിലുള്ള മത്സരം ഇവയിൽ ഇംഗ്ലണ്ടിൻ്റെ സ്ഥാനവുമായി കൂടി അതു ബന്ധപ്പെട്ടിരിക്കുന്നവെന്നും മാർക്ക് സൊമോസ് പറയുന്നുണ്ട്. (Mark Somos, “Harrington’s Project: The Balance of Money, a Republican Constitution for Europe, and England’s Patronage of the World”).

17 -ാം നൂറ്റാണ്ടിൽ യൂറോപ്യൻ കൊളോണിയൽ സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള സമുദ്രാന്തര ആധിപത്യമത്സരം ഹാരിംഗ്‌ടണിൻ്റെ രാഷ്ട്രീയചിന്തകളുടെ അന്തർധാരയാണെങ്കിലും, അദ്ദേഹത്തിൻ്റെ റിപ്പബ്ലിക്കൻ ആശയങ്ങൾ അതിൻ്റെ സാമ്പ്രദായിക അതിർത്തികളെ അതിലംഘിക്കുന്നതായി കാണാം. റോമൻ റിപ്പബ്ലിക്കിൽ നിന്നു സാമ്രാജ്യത്വ വിപുലനത്തിൻ്റെ പാഠങ്ങൾ മനസ്സിലാക്കുന്ന ഹാരിംഗ്‌ടൺ എന്നാൽ റോമാക്കാരുടെ പതനത്തിൻ്റെ കാരണങ്ങളും തിരയുന്നുണ്ട്. ഇവിടെയാണ് അദ്ദേഹത്തിൻ്റെ റിപ്പബ്ലിക് അതിൻ്റെ പരമ്പരാഗത പരിധികൾ മറികടന്നു ജനായത്തത്തിൻ്റെ ചില അംശങ്ങളെ സ്വാംശീകരിക്കാൻ മുതിരുന്നത്.

എല്ലാവർക്കും തുല്യവോട്ടവകാശം നൽകുന്ന ഭരണവ്യവസ്ഥ എന്നതിനേക്കാൾ, സ്വേച്ഛാധിപത്യത്തിലേക്ക് ഏതാനും കുലീന സംഘമോ ഏതെങ്കിലും വ്യക്തിയോ എത്തിച്ചേരാതിരിക്കുന്നതിനുള്ള സ്ഥാപനപരമായ മുൻകരുതലുകളെ പറ്റിയാണ് ഹാരിംഗ്‌ടൺ സംസാരിച്ചത്. റിപ്പബ്ലിക്കൻ തത്വങ്ങളിൽ സാധാരണ കാണാറുള്ള പൗരധർമ്മത്തിൽ (civic virtue) മാത്രമല്ല, ഒപ്പം പൗരബോധം സൃഷ്ടിക്കാനുതകുന്ന സ്ഥാപനപരമായ സംവിധാനങ്ങളിലും (institutional mechanisms) അദ്ദേഹം ഊന്നൽ നൽകി. അധികാരം ചിലരിൽ തന്നെ ഒതുങ്ങാതിരിക്കാൻ റൊട്ടേഷൻ സിസ്റ്റം, എല്ലാവർക്കും രാഷ്ട്രീയാധികാരത്തിൽ പ്രവേശനം ഉറപ്പാക്കാൻ ഭൂപരിഷ്ക്കരണം എന്നിവ ഇത്തരം സ്ഥാപനപരമായ മുൻകരുതലുകലാണ്.

അതുകൊണ്ട് ആധുനിക ഡെമോക്രാറ്റിക് രാഷ്ട്രീയ ചിന്തയുടെ പൂർവ്വാംശങ്ങൾ ഹാരിംഗ്ടൺ രചനകളിൽ കാണാമെന്ന് റേചൽ ഹാമെഴ്‌സ്ലി (Rachel Hammersley, “Innovation in Substance: Democracy”) നിരീക്ഷിക്കുന്നുണ്ട്. സാർവ്വത്രിക വോട്ടവകാശത്തിനുവേണ്ടി ഇംഗ്ലീഷ് ആഭ്യന്തരയുദ്ധകാലത്ത് വാദിച്ച ലെവലർമാർ ഇതിൻ്റെ പ്രോത്ഘാടകരാണെങ്കിൽ, മറ്റൊരു തലത്തിലേക്ക് ഹാരിംഗ്‌ടൺ തൻ്റെ ജനായത്ത വാദത്തെ ഉയർത്തിയിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും രാഷ്ട്രീയ പങ്കാളിത്തം ഉറപ്പാക്കുന്ന വിധത്തിൽ സ്ഥാപനപരമായ പുനഃസംഘാടനമായിരുന്നു അത്.

‘സോഷ്യൽ കോൺട്രക്ടി’ൽ ഇംഗ്ലീഷുകാരെക്കുറിച്ച് റൂസ്സോ എഴുതുന്നു: പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സമയത്ത് മാത്രമാണ് ഇംഗ്ലീഷുകാർ തങ്ങളെ സ്വതന്ത്രരായി കരുതുന്നത്; തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവർ വീണ്ടും രാഷ്ട്രീയമായി കീഴടങ്ങിയവരാകുന്നു.
‘സോഷ്യൽ കോൺട്രക്ടി’ൽ ഇംഗ്ലീഷുകാരെക്കുറിച്ച് റൂസ്സോ എഴുതുന്നു: പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സമയത്ത് മാത്രമാണ് ഇംഗ്ലീഷുകാർ തങ്ങളെ സ്വതന്ത്രരായി കരുതുന്നത്; തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവർ വീണ്ടും രാഷ്ട്രീയമായി കീഴടങ്ങിയവരാകുന്നു.

ഡെമോക്രസിയെ സാർവ്വത്രിക വോട്ടവകാശത്തിലേക്കും ഇലക്ഷനിലേക്കും മാത്രമായി സങ്കോചിപ്പിക്കുന്നതായിരുന്നില്ല ഹാരിംഗ്‌ടൺചിന്ത. ഏതേതു സാമൂഹിക സംവിധാനങ്ങൾക്കുള്ളിൽ ഇലക്ഷൻ എന്ന സ്ഥാപനം നിലകൊള്ളുന്നു എന്നതാണ് പ്രധാനം. ജനായത്തവുമായി പൊരുത്തപ്പെട്ടു പോകാത്ത സ്ഥാപന സംവിധാനങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് അതേ സ്ഥാപന സംവിധാനങ്ങളെ പു:നരുത്പാദിപ്പിച്ചു ദൃഢപ്പെടുത്താമെന്നു ചുരുക്കം.

തെരഞ്ഞെടുപ്പിലെ സംഘർഷഭൂമികൾ

തൻ്റെ ജനതയോട് മാതൃകാ റിപ്പബ്ലിക് സ്ഥാപിക്കാൻ ആഹ്വാനം നൽകിയ ഹാരിംഗ്ടൺ പ്രബോധനങ്ങളെ ഇംഗ്ലീഷ് പാർലമെൻ്റ് വകവെച്ചില്ലെന്നു മാത്രമല്ല, 1660- ൽ രാജവാഴ്ച പുനഃസ്ഥാപിച്ചപ്പോൾ അദ്ദേഹത്തെ തടവിലാക്കുക കൂടി ചെയ്തു. എങ്കിലും കേന്ദ്രാധികാരത്തിലേക്കു നീങ്ങിയ പാർലമെൻ്റും അതിലേക്കുള്ള മത്സരാത്മകമായ തെരഞ്ഞെടുപ്പും ഇംഗ്ലീഷ് സമൂഹത്തിനു, തങ്ങൾ രാജവാഴ്ചയുടെ സ്വേച്ഛാധിപത്യത്തെ ദുർബ്ബലപ്പെടുത്തി, നിയമവാഴ്ചയിലൂടെ ജനങ്ങൾ രാഷ്ട്രീയ സ്വാതന്ത്ര്യം സ്ഥാപിച്ച രാജ്യമെന്നു അഭിമാനിക്കാൻ അവസരം ഒരുക്കി. ഒരുവശത്ത് പ്രഥമ കോളനി ശക്തിയെന്ന നിലയിലുള്ള ഉയർച്ച, അതോടൊപ്പം പാർലമെൻ്ററി പ്രാതിനിധ്യ ഭരണവ്യവസ്ഥയുടെ വളർച്ച, ഇതു രണ്ടും ചേർന്നു ആധിപത്യത്തിൻ്റെയും ആത്മാഭിമാനത്തിൻ്റെയും എതിരില്ലാത്ത രാഷ്ട്രീയശക്തി എന്ന മേനി ഇംഗ്ലീഷുകാരിൽ പടർത്തിയപ്പോൾ, ഇംഗ്ലീഷ് പാർലമെൻ്ററി വ്യവസ്ഥയുടെ നിജസ്ഥിതിയെന്തെന്ന് ഫ്രഞ്ചു ജ്ഞാനോദയ ചിന്തകനായ റൂസ്സോ പരിശോധിക്കുന്നുണ്ട്.

റെപ്രസെൻ്റേറ്റീവ് ഗവൺമെൻ്റ് ഒരു വശത്ത് ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള തുല്യാവകാശം നൽകുന്നു. മറുവശത്ത്, തെരഞ്ഞെടുപ്പിന്റെ ഫലമായി ഭരണപദവിയിലേക്ക് എത്തുന്നവർ വോട്ടർമാരിൽനിന്ന് സാമൂഹികമായും രാഷ്ട്രീയമായും വ്യത്യസ്തമായ ഒരു വിഭാഗമായി മാറുന്നു

‘സോഷ്യൽ കോൺട്രക്ടി’ൽ ഇംഗ്ലീഷുകാരെക്കുറിച്ച് റൂസ്സോ എഴുതുന്നു: പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സമയത്ത് മാത്രമാണ് ഇംഗ്ലീഷുകാർ തങ്ങളെ സ്വതന്ത്രരായി കരുതുന്നത്; തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവർ വീണ്ടും രാഷ്ട്രീയമായി കീഴടങ്ങിയവരാകുന്നു. അടിസ്ഥാന ചോദ്യം പ്രതിനിധാനം ജനങ്ങളുടെ പരമാധികാരത്തിന് പകരമാകുമോ എന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് നിയമനിർമ്മാണ അധികാരം കൈമാറുമ്പോൾ, അവർ എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ജനങ്ങളുടെ പൊതു ഇച്ഛ (general will) നേരിട്ട് പ്രകടമാകണമെന്നില്ല. അതുകൊണ്ടുതന്നെ റൂസ്സോയുടെ കാഴ്ചപ്പാടിൽ പരമാധികാരം പ്രതിനിധികൾക്ക് കൈമാറാവുന്ന ഒന്നല്ല; പരമാധികാരം ജനങ്ങളിൽ തന്നെയാണ് നിലനിൽക്കുന്നത്. ഇതാണ് തിരഞ്ഞെടുപ്പിനെ വോട്ടെടുപ്പിനെ സാങ്കേതിക സംജ്ജീകരണമായി കാണുന്നതിന് പകരം ഒരു രാഷ്ട്രീയ- സാമൂഹിക സ്ഥാപനമായി പഠിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നത്.

ഇലക്ഷനെക്കുറിച്ച് റൂസ്സോ ഉയർത്തിയ അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് സമാനമായ ചില പ്രശ്നങ്ങൾ അമേരിക്കൻ ഭരണഘടനയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട 1787–88-ലെ ചർച്ചകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛയെ നേരിട്ട് പ്രകടിപ്പിക്കുന്ന സംവിധാനമാണോ, അതോ പൊതുജനങ്ങളിൽ നിന്ന് വ്യത്യസ്തരായ പ്രതിനിധി വിഭാഗത്തെ അധികാരത്തിലേക്ക് കൊണ്ടുവരുന്ന സംവിധാനമാണോ എന്നു ഫെഡറലിസ്റ്റുകൾ ചോദിച്ചിരുന്നു.

അതുപോലെ, തെരഞ്ഞെടുപ്പും ഇതര സാമൂഹിക സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റി മനസ്സിലാക്കാൻ ഫ്രെഞ്ച് ലിബറൽ രാഷ്ട്രീയ ചിന്തകനായ അലക്സിസ് ഡി ടോക്‌വീൽ (Alexis de Tocqueville) നമ്മെ സഹായിക്കുന്നുണ്ട്. സാമൂഹിക അസമത്വങ്ങൾ, പ്രാദേശിക സ്ഥാപനങ്ങൾ, പൊതുബോധം, പാർട്ടിസംവിധാനം ഇങ്ങനെ പലതുമായി ചേർന്നു പ്രവർത്തിക്കുന്നതിനാൽ തെരഞ്ഞെുപ്പിനെ ഒരു നടപടിക്രമം മാത്രമായി ചുരുക്കി കാണാൻ കഴിയില്ലെന്നു ടോക്‌വീൽ മനസ്സിലാക്കി. അതിനാൽ, ജനങ്ങൾ വോട്ട് ചെയ്യുന്ന നിമിഷം മാത്രം പരിശോധിച്ചുകൊണ്ട് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സ്വഭാവം ഉൾക്കൊള്ളുക പ്രയാസമാണ്. ആരാണ് വോട്ടർമാരെ രൂപപ്പെടുത്തുന്നത്, ഏത് സാമൂഹിക സ്ഥാപനങ്ങളാണ് അവരുടെ രാഷ്ട്രീയ താൽപര്യങ്ങളെ സ്വാധീനിക്കുന്നത്, പ്രാദേശിക സമൂഹങ്ങളും സംഘടനകളും രാഷ്ട്രീയ പങ്കാളിത്തത്തെ എങ്ങനെ സൃഷ്ടിക്കുന്നു, പാർട്ടികൾ എങ്ങനെ ഈ സാമൂഹിക വിഭജനങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിക്കുന്നു എന്നീ ചോദ്യങ്ങളും തെരഞ്ഞെടുപ്പ് പഠനത്തിന്റെ ഭാഗമാകണം.

ഹാരിംഗ്ടൺ പ്രാചീന റോമൻ റിപ്പബ്ലിക്കിനെയാണ് മാതൃകയായി സ്വീകരിച്ചത്.
ഹാരിംഗ്ടൺ പ്രാചീന റോമൻ റിപ്പബ്ലിക്കിനെയാണ് മാതൃകയായി സ്വീകരിച്ചത്.

വ്യതിരിക്തതയുടെ തത്വം

മേൽപ്പറഞ്ഞ ചിന്തകരിൽ പലരും തെരഞ്ഞെടുപ്പിനെക്കുറിച്ച് അവരുടെ വിശാലമായ രാഷ്ട്രീയചിന്തയുടെ അനുബന്ധമായി പ്രസക്തമായ നിരീക്ഷണങ്ങൾ നടത്തിയവരാണ്. എന്നാൽ തെരഞ്ഞെടുപ്പിനെ തന്നെ റെപ്രസെൻ്റേറ്റീവ് ഗവൺമെൻ്റിൻ്റെ ഒരു പ്രത്യേക സ്ഥാപനമായി കണ്ട്, അതിന്റെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ ഘടനയെ സമഗ്രമായി വിശകലനം ചെയ്ത പ്രധാന ചിന്തകരിൽ ഒരാളാണ് ബെർണാഡ് മാനിൻ (Bernard Manin). The Principles of Representative Government (1997) എന്ന കൃതിയിൽ മാനിൻ ചോദിക്കുന്നു: സാർവ്വത്രികവും തുല്യവുമായ വോട്ടവകാശം നിലവിൽ വന്നിട്ടും, വോട്ടർമാരിൽ നിന്ന് സാമൂഹികമായി വ്യത്യസ്തരായ വ്യക്തികൾ തന്നെ എന്തുകൊണ്ട് വീണ്ടും വീണ്ടും പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നു?

മാനിന്റെ ഉത്തരമാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ “വ്യതിരിക്തതയുടെ തത്വം” (Principle of Distinction). സമ്പത്ത്, കഴിവ്, സാമൂഹികനില തുടങ്ങിയവയിൽ വേറിട്ടുനിൽക്കുന്നവർ പൊതുജനങ്ങളെ പ്രതിനിധീകരിക്കണമെന്ന ധാരണ പ്രാതിനിധ്യഭരണത്തിന്റെ രൂപീകരണത്തിൽ തന്നെ സന്നിഹിതമായിരുന്നു. അതുകൊണ്ട് തെരഞ്ഞെടുപ്പ് ജനങ്ങളുടെ ഇച്ഛയെ അധികാരത്തിലേക്ക് മാറ്റുന്ന ഒരു നിഷ്പക്ഷ സാങ്കേതിക നടപടിയല്ല; അത് ചില വ്യക്തികളെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ച് പൊതുപദവിയിലേക്ക് ഉയർത്തുന്ന സംവിധാനമാണ്.

വോട്ടവകാശം ജനങ്ങളിലേക്കു വ്യാപിച്ചു; എന്നാൽ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന രീതിയും, തെരഞ്ഞെടുക്കപ്പെട്ടവരും തെരഞ്ഞെടുക്കുന്നവരും തമ്മിലുള്ള സ്ഥാപനപരമായ ബന്ധവും ഏറെക്കുറെ പഴയപടി തുടർന്നു. അതിനാൽ തെരഞ്ഞെടുപ്പിലൂടെ ഒരു വിഭാഗം പ്രതിനിധികളായി ഉയർന്നുവരുകയും മറ്റൊരു വിഭാഗം അവരെ തെരഞ്ഞെടുക്കുന്ന പൗരന്മാരായി തുടരുകയും ചെയ്യുന്നു

റെപ്രസെൻ്റേറ്റീവ് ഗവൺമെൻ്റ് ഒരു വശത്ത് ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള തുല്യാവകാശം നൽകുന്നു. മറുവശത്ത്, തെരഞ്ഞെടുപ്പിന്റെ ഫലമായി ഭരണപദവിയിലേക്ക് എത്തുന്നവർ വോട്ടർമാരിൽനിന്ന് സാമൂഹികമായും രാഷ്ട്രീയമായും വ്യത്യസ്തമായ ഒരു വിഭാഗമായി മാറുന്നു. അതുകൊണ്ട് തെരഞ്ഞെടുപ്പ് ഒരേസമയം ജനാധിപത്യപരമായതും ജനാധിപത്യപരമല്ലാത്തതുമായ ഫലങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒരു സ്ഥാപനമാണ്. മാനിന്റെ ഭാഷയിൽ പറഞ്ഞാൽ, പ്രാതിനിധ്യ ഭരണത്തിന്റെ ഈ വൈരുദ്ധ്യം പുറത്തുനിന്ന് അതിനുമേൽ ചുമത്തപ്പെട്ട ഒന്നല്ല; അതിന്റെ സ്ഥാപനപരമായ ഘടന തന്നെയാണ്.

ഇന്ന് നാം പ്രാതിനിധ്യ ഭരണക്രമത്തെ ജനായത്തത്തിന്റെ സ്വാഭാവികരൂപമായി കാണുന്നു. രണ്ടും തമ്മിൽ യാതൊരു പൊരുത്തക്കേടും നാം കാണുന്നില്ല. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോളം പ്രാതിനിധ്യഭരണവും ജനായത്തവും തമ്മിൽ വ്യക്തമായ വ്യത്യാസം രാഷ്ട്രീയചിന്തയിൽ നിലനിന്നിരുന്നു. പിന്നീട് സാർവ്വത്രിക വോട്ടവകാശത്തിന്റെ ക്രമാനുഗതമായ വ്യാപനത്തിലൂടെയാണ് നിലവിലുണ്ടായിരുന്ന പ്രാതിനിധ്യ സ്ഥാപനങ്ങൾ ജനായത്തത്തിന്റെ സ്ഥാപനങ്ങളായി പുനർവ്യാഖ്യാനിക്കപ്പെട്ടത്.

അതുകൊണ്ട് സാർവ്വത്രിക വോട്ടവകാശത്തിന്റെ വരവ് റെപ്രസെൻ്റേറ്റീവ് ഗവൺമെന്റിന്റെ സ്ഥാപനങ്ങളെ പൂർണ്ണമായി ജനായത്തവൽക്കരിച്ചോ എന്ന ചോദ്യം ഉയരുന്നു. വോട്ടവകാശം ജനങ്ങളിലേക്കു വ്യാപിച്ചു; എന്നാൽ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന രീതിയും, തെരഞ്ഞെടുക്കപ്പെട്ടവരും തെരഞ്ഞെടുക്കുന്നവരും തമ്മിലുള്ള സ്ഥാപനപരമായ ബന്ധവും ഏറെക്കുറെ പഴയപടി തുടർന്നു. അതിനാൽ തെരഞ്ഞെടുപ്പിലൂടെ ഒരു വിഭാഗം പ്രതിനിധികളായി ഉയർന്നുവരുകയും മറ്റൊരു വിഭാഗം അവരെ തെരഞ്ഞെടുക്കുന്ന പൗരന്മാരായി തുടരുകയും ചെയ്യുന്നു. അതായത്, രാഷ്ട്രീയ സമത്വത്തിന്റെ ഒരു നിമിഷത്തിനുശേഷം ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള സ്ഥാപനപരമായ വ്യത്യാസം വീണ്ടും രൂപപ്പെടുന്നു. സാർവ്വത്രിക വോട്ടവകാശം ഈ വ്യത്യാസം ഇല്ലാതാക്കിയിട്ടില്ല; അത് പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം എല്ലാവരിലേക്കും വ്യാപിപ്പിക്കുകയാണ് ചെയ്തത്.

ചുരുക്കത്തിൽ, ജനായത്തപരവും ജനായത്തപരമല്ലാത്തതുമായ ഘടകങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയായി പ്രാതിനിധ്യ ഭരണക്രമത്തെ തിരിച്ചറിയാൻ മാനിൻ നമ്മെ സഹായിക്കുന്നു. ഇതാണ് തെരഞ്ഞെടുപ്പിനെ ഒരു സാധാരണ വോട്ടെടുപ്പ് നടപടിയായി കാണുന്നതിനു പകരം ഒരു സാമൂഹിക- രാഷ്ട്രീയ സ്ഥാപനമായി പഠിക്കേണ്ടതിന്റെ അടിസ്ഥാന കാരണം. വോട്ടർമാർ ആരെ തെരഞ്ഞെടുക്കുന്നു എന്നതിനു പുറമേ, ആർക്കാണ് മത്സരിക്കാൻ കഴിയുന്നത്, ആരെയാണ് വ്യതിരിക്തതയുള്ള സ്ഥാനാർത്ഥിയായി കാണുന്നത്, സാമൂഹികവും സാമ്പത്തികവുമായ വിഭവങ്ങൾ സ്ഥാനാർത്ഥിത്വത്തെ എങ്ങനെ സ്വാധീനിക്കുന്നു, തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം പ്രതിനിധികളുടെയും പൗരന്മാരുടെയും അധികാരബന്ധം എങ്ങനെ മാറുന്നു എന്നീ ചോദ്യങ്ങളും തെരഞ്ഞെടുപ്പ് പഠനത്തിന്റെ ഭാഗമാകുന്നു.

ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള വിടവിനെ സാർവ്വത്രിക വോട്ടവകാശത്തിൻ്റെ ഭാഷയിലൂടെ അദൃശ്യമാക്കുന്ന സ്ഥാപനമാണ് ഇലക്ഷൻ.
ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള വിടവിനെ സാർവ്വത്രിക വോട്ടവകാശത്തിൻ്റെ ഭാഷയിലൂടെ അദൃശ്യമാക്കുന്ന സ്ഥാപനമാണ് ഇലക്ഷൻ.

യഥാർത്ഥത്തിൽ ഡെമോക്രസിയെന്നത് പൗരസമൂഹത്തിൻ്റെ സ്വയംഭരണമാണ്; തെരഞ്ഞെടുപ്പിനുശേഷവും തുടരുന്ന രാഷ്ട്രീയ സ്വാതന്ത്ര്യമാണ്. പ്രാതിനിധ്യ ഗവൺമെൻ്റാകട്ടെ, ഏറെക്കുറെ പൗരസമൂഹത്താൽ തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഭരണവും; അഥവാ ഭരിക്കുന്നവരുടെ രാഷ്ട്രീയ സ്വാതന്ത്ര്യമാണ്. എന്നാൽ ഇതു രണ്ടും ഇന്നു കൂടിചേർന്നു റെപ്രസെൻ്റേറ്റീവ് ഡെമോക്രസി നിലവിൽ വന്നതായി നാം കാണുന്നു. അതായത്, സമവായത്തിലൂടെയോ പിന്നീട് കടുത്ത വോട്ടെടുപ്പു മത്സരത്തിലൂടെയോ പാർലമെൻ്റ് അംഗത്തെ തീരുമാനിച്ചിരുന്ന പ്രക്രിയയിലേക്ക് 19, 20 നൂറ്റാണ്ടുകളിൽ, പല ഘട്ടങ്ങളിലായി നടന്ന വോട്ടവകാശ പരിഷ്ക്കരണത്തിലൂടെ എല്ലാ പൗരർക്കും തെരഞ്ഞെടുപ്പിൽ പങ്കാളിത്തം കിട്ടി. എന്നാൽ സ്ഥാപനപരമായ സംവിധാനങ്ങൾ പലതും പ്രാതിനിധ്യ ഭരണവ്യവസ്ഥയുടേതാണ്; ഡെമോക്രസിയുടേതല്ല.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള വിടവിനെ സാർവ്വത്രിക വോട്ടവകാശത്തിൻ്റെ ഭാഷയിലൂടെ അദൃശ്യമാക്കുന്ന സ്ഥാപനമാണ് ഇലക്ഷൻ എന്നു കാണാം. ഇവിടെ, യഥാർത്ഥത്തിൽ നാം എത്തിച്ചേരുന്നത് ഇലക്ഷനും ഡെമോക്രസിയും തമ്മിലുള്ള പൊരുത്തമില്ലായ്മ എന്നതിനേക്കാൾ റിപ്പബ്ലിക്, ഡെമോക്രസി എന്നിവ തമ്മിലുള്ള സംഘർഷത്തിലേക്കു കൂടിയാണ്. രണ്ടു ഭരണ വ്യവസ്ഥകൾ എങ്ങനെ ഇപ്രകാരം സംയോജിതമായി എന്നതിൻ്റെ ചരിത്ര പശ്ചാത്തലത്തിലേക്കാണ് അപ്പോൾ നാം ചെന്നെത്തുന്നത്.

(തുടരും).


Summary: Election: The Rise of Equality and Inequality series by Ashok Kumar V. Part 3, chapter 1 in Truecopy webzine packet 303.


അശോകകുമാർ വി.

എഴുത്തുകാരൻ. രാഷ്ട്രീയം, സമൂഹം , സംസ്‌ക്കാരം, പരിസ്ഥിതി എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ എഴുതുന്നു.

അറിവിൻ്റെ ആപൽക്കരമായ തൂവൽസ്പർശം: നവലിബറലിസം -സാംസ്കാരിക പഠനങ്ങൾ, പരിസ്ഥിതി പ്രവർത്തനം: വീട്ടിലും വിദ്യാലയത്തിലും, രോഗം തരുന്ന വെളുത്ത ചോറ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments