ഭയവും ഭരണകൂടഭീകരതയും തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമവാക്യങ്ങൾ

“തെരഞ്ഞെടുപ്പുകൾ പലപ്പോഴും വ്യക്തിയുടെ മൂല്യത്തേക്കാൾ ഇന്ത്യയിൽ തീരുമാനിക്കുന്നത് ഭയത്തിലൂടെയും ഭരണകൂടത്തിന്റെ ഭീകരതയിലൂടെയുമാണ്. ഈ ഭീകരത കൂടുവാൻ വേണ്ടി അവർ തരാതരം ജാതിശക്തികളെയും മതശക്തികളെയും ഗുണ്ടാശക്തികളെയും ഉപയോഗിക്കുന്നു. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്തുകയല്ല രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുകയാണ്,” ഡോ. രാജേഷ് കോമത്ത് എഴുതുന്നു.

ന്ത്യയിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് അവിശ്വസനീയമായ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. വോട്ട് ചോരി വിവാദം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ജനകീയ ചർച്ചയായി മാറിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെങ്കിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കാര്യമായ ചർച്ചക്ക് ഇത് വഴി തെളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ കൂട്ടുനിൽക്കുന്നു, കമ്മീഷൻ സുതാര്യമായല്ല പ്രവർത്തിക്കുന്നത്, അത് ഇന്ത്യൻ സർക്കാരിന്റെ ഇംഗിതത്തിന് വഴങ്ങി പ്രവർത്തിക്കുന്നു എന്നീ ആരോപണങ്ങൾ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് മാത്രം ഉന്നയിക്കുന്ന കാര്യമല്ലാതായിട്ടുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷനേതാവും ഭൂരിപക്ഷാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന സമിതിക്ക് രാഷ്ട്രീയ സ്വഭാവം കൈവരുന്നതിൽ യാദൃശ്ചികമായി ഒന്നുമില്ല. രണ്ട് പ്രതിനിധികൾ സർക്കാരിന്റെ ഭാഗമായവർ തീരുമാനത്തിന്റെ പ്രധാന കർത്താവാകുമ്പോൾ ഭരണകൂടത്തിന്റെ ഇംഗിതം തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുന്നത് അത്ഭുതമുള്ള കാര്യമല്ല. എന്നിരുന്നാലും ജനാധിപത്യത്തിന്റെ കാവൽക്കാരാകേണ്ടുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്രവും നീതിയുക്തവുമായ തീരുമാനങ്ങളെടുക്കാൻ കഴിയേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിനും തെരഞ്ഞെടുപ്പ് സത്യസന്ധമായി നടക്കുന്ന പ്രക്രിയയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തവുമാണ്. കാരണം തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ ജനഹിതപ്രകാരമാണ് നിലവിൽ വന്നിരിക്കുന്നതെന്ന വസ്തുത ജനങ്ങൾക്ക് ബോധ്യപ്പെട്ടാൽ മാത്രമേ സർക്കാർ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടതാണെന്ന ബോധ്യം സാമാന്യജനങ്ങൾക്കുണ്ടാവുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ തെരഞ്ഞെടുപ്പ് കമ്മീഷനും അവരുടെ പ്രവർത്തനങ്ങളും സുതാര്യമാണെന്ന് ജനങ്ങളെ അറിയിക്കാനുള്ള കടമ സർക്കാരുകൾക്കുണ്ട്.

സ്വതന്ത്ര ഇന്ത്യയിൽ എങ്ങനെയാവണം തെരഞ്ഞെടുപ്പ്? ആർക്കൊക്കെ മത്സരിക്കാം. അതിന്റെ യോഗ്യതകൾ എന്തൊക്കെയാണ്? ആർക്കൊക്കെ വോട്ടവകാശം ഉണ്ടാകണം? അതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയായിരിക്കണം? എന്ന ചോദ്യങ്ങൾ സമഗ്രമായ ചർച്ചയ്ക്ക് വിധേയപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്ക് വോട്ടവകാശം കൊടുക്കേണ്ടതുണ്ടോ? എഴുത്തും വായനയും അറിയാത്തവർക്ക് വോട്ടവകാശം സ്വതന്ത്രമായി വിനിയോഗിക്കാൻ കഴിയുമോ? സ്വത്തുള്ളവർക്ക് മാത്രം വോട്ടവകാശം നൽകിയാൽ പോരേ? എന്നീ ചോദ്യങ്ങൾ ഇന്ത്യൻ ഭരണഘടനാ ചർച്ചകളിലും ബ്രിട്ടീഷ് ഇന്ത്യ സ്വതന്ത്ര ഇന്ത്യയായി മാറുന്ന അധികാര കൈമാറ്റ ചർച്ചകളിലും സജീവമായിരുന്നു. നികുതി അടക്കുന്നവർക്ക് സ്വാഭാവികമായ പൗരത്വം അല്ലാത്തവർക്ക് പൗരത്വമുണ്ടെങ്കിലും വോട്ട് ചെയ്യുവാനുള്ള കഴിവിനെയും ഗുണത്തെയും ചർച്ചയ്ക്ക് വിധേയമാക്കിയിരുന്നു. ഇന്ത്യ വലിയ ജനസംഖ്യയുള്ള രാജ്യമായതുകൊണ്ടും ഭൂരിപക്ഷം ജനതയും നിരക്ഷരരും ദരിദ്രരും ആധുനിക വിദ്യാഭ്യാസം ലഭിക്കാത്തവരുമായിരുന്നതിനാൽ വോട്ട് ഗ്രാമാധികാരികളുടെ ഇംഗിതത്തിനു വഴങ്ങി കൊള്ളയടിക്കപ്പെടുമെന്നുള്ള ചർച്ച സജീവമായിരുന്നു. തെരഞ്ഞെടുപ്പ് തന്നെ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ഉപകരണമായി വർത്തിക്കുമെന്ന വാദവും നിലനിന്നിരുന്നു. തീവ്ര കമ്യൂണിസ്റ്റ് വാദികൾ തെരഞ്ഞെടുപ്പ് ഭരണകൂട തന്ത്രമാണെന്നും അത് ജനകീയമായ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും ഇല്ലാതാക്കുന്നതാണെന്നും വാദിച്ചു. ജനം ചൂഷണത്തിനെതിരെ പോരാടുന്നതിനെ തെരഞ്ഞെടുപ്പിലൂടെ ജനഹിതമാണെന്ന വ്യാജേന ഭരണകൂട മർദ്ദനം തുടരാനുള്ള തട്ടിപ്പായും തെരഞ്ഞെടുപ്പിനെ കണ്ടവരുണ്ട്. തോക്കിൻ കുഴലിലൂടെ വിമോചനം ലക്ഷ്യമിട്ടിരുന്ന കമ്യൂണിസ്റ്റുകളും മാവേവാദികളും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും നിരവധി തവണ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പോഴും തെരഞ്ഞെടുപ്പ് ഭൂരിപക്ഷ ജനഹിതത്തെ വെളിവാക്കുന്നുണ്ടെന്നും അതുകൊണ്ട് ജനാധിപത്യ പ്രക്രിയയിൽ തെരഞ്ഞെടുപ്പല്ലാതെ മറ്റ് വഴികളില്ലെന്ന തത്വത്തിലാണ് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് മുറപോലെ നടത്തിയിരുന്നത്. പൂർണമായും കുറ്റമുക്തമല്ലെങ്കിലും ഭൂരിപക്ഷ ജനഹിതം ആ പ്രക്രിയ മാനിക്കുന്നുണ്ടെന്ന വസ്തുത സാമാന്യമായി ജനം അംഗീകരിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് നീതിയുക്തവും ജനാധിപത്യപരവുമാണെന്ന് ഇന്ത്യൻ ജനത അംഗീകരിച്ചത്.

 വോട്ട് ചോരി വിവാദം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ജനകീയ ചർച്ചയായി മാറിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെങ്കിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കാര്യമായ ചർച്ചക്ക് ഇത് വഴി തെളിച്ചിട്ടുണ്ട്.
വോട്ട് ചോരി വിവാദം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ജനകീയ ചർച്ചയായി മാറിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെങ്കിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കാര്യമായ ചർച്ചക്ക് ഇത് വഴി തെളിച്ചിട്ടുണ്ട്.

ആരാണ് നമ്മെ ഭരിക്കാൻ യോഗ്യർ? ജനാധിപത്യത്തിൽ ആർക്കാണ് ഭരിക്കാനുള്ള അവകാശം? അത് എങ്ങനെയാണ് തീരുമാനിക്കുന്നത്? അതിന്റെ അടിസ്ഥാനമെന്ത്? എന്നീ ചോദ്യങ്ങൾ വട്ടമേശ സമ്മേളനത്തിൽ ഡോ. അംബേദ്ക്കർ ചോദിക്കുന്നുണ്ട്. നമ്മൾ നമ്മെ ഭരിക്കാൻ പ്രാപ്തി നേടിയോ? ആർക്കാണ് വോട്ടവകാശം? അതെങ്ങനെ വിനിയോഗിക്കണം? ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയാൽ ആര് ഇന്ത്യയെ ഭരിക്കും? സവർണരുടെ കൈകളിൽ ഇന്ത്യയുടെ അധികാരം വീണ്ടും ചെന്നെത്തിയാൽ ഇന്ത്യ ജാതി രഹിതമാകുമോ? നൂറ്റാണ്ടുകളായി അടിമത്തം അനുഭവിച്ച മനുഷ്യർക്ക് സ്വതന്ത്ര ഇന്ത്യയിൽ മോചനം സാധ്യമാണോ? ബ്രാഹ്മണ്യം ഇന്ത്യയെ ജനാധിപത്യവൽക്കരിക്കുമോ? എന്നീ ചിന്തകൾ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പുത്തൻ ചിന്തകളായി ഭവിക്കുന്നുണ്ട്. തൊട്ടുകൂടാത്ത ജനവിഭാഗങ്ങൾക്ക് വോട്ടവകാശം കൊണ്ടുമാത്രം വിമോചിതരാവാൻ പറ്റില്ലെന്നും ജനാധിപത്യത്തിൽ പ്രത്യേക അവകാശങ്ങൾ ലഭിക്കണമെന്നും അംബേദ്ക്കർ ആവശ്യപ്പെടുന്നതിന്റെ പ്രസക്തി ഇന്നത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വ്യക്തമാക്കുന്നുണ്ട്.

എല്ലാവർക്കും വോട്ടവകാശം. 18 വയസ് തികഞ്ഞവർക്ക് ജാതിയോ മതമോ പ്രദേശമോ സാമ്പത്തിക നിലയോ നോക്കാതെ ഇന്ത്യൻ പൗരത്വത്തിന്റെ അടയാളമായി വോട്ടവകാശം കൊടുക്കണമെന്ന് അംബേദ്ക്കർ ആവശ്യപ്പെടുമ്പോൾ അതുവരെ നിലനിന്നിരുന്ന യാഥാസ്ഥിതികതയുടെ മാമൂലുകൾ പൊട്ടിക്കാൻ ഇന്ത്യൻ രാഷ്ട്രീയത്തിന് കഴിയുന്നുണ്ട്. ഒരു വോട്ട്, ഒരു മൂല്യം എന്നതിന്റെ അടിസ്ഥാന തത്വം ഒരു മനുഷ്യൻ ഒരേ മൂല്യം എന്ന അന്നുവരെ ഇന്ത്യയ്ക്ക് അന്യമായിരുന്ന സമത്വ ബോധമാണ് രാഷ്ട്രീയത്തിൽ സംഭവിക്കുന്നത്. തൊട്ടുകൂടാത്തവർക്കും തീണ്ടിക്കൂടാത്തവർക്കും ദൃഷ്ടിയിൽ പെടാൻ പാടില്ലാത്തവർക്കും ഇസ്ലാമിനും ക്രിസ്ത്യാനിക്കും പാഴ്സിക്കും പിന്നാക്ക ജാതി വിഭാഗങ്ങൾക്കും സമത്വത്തിലൂന്നിയ ഒരേ അവകാശം ഒരു മൂല്യം എന്നത് അന്നത്തെ ഇന്ത്യൻ യാഥാസ്തിഥിക മനസിന് സ്വീകാര്യമായിരുന്നില്ല. സ്വതന്ത്ര വ്യക്തികളെയും പൗരരെയും അംഗീകരിക്കാനുള്ള മനസ് ഇന്ത്യൻ ബ്രാഹ്മണ്യ തത്വശാസ്ത്രത്തിനുണ്ടായിരുന്നില്ല. പൗരത്വത്തെ വിലക്കുവാനുള്ള വ്യഗ്രത ഇന്നത്തെ ഇന്ത്യയിലും വെളിവാകുന്നതിന്റെ ഒരു കാരണം ബ്രാഹ്മണ്യം തീരുമാനിക്കുന്ന സമൂഹ മനസാണ്. മുസ്ലീങ്ങൾ അപരരാണെന്ന ബോധ്യം അവർ ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ പുറത്താണെന്ന ഹിന്ദു വാദം മുസ്ലീമുകളുടെ പൗരത്വത്തെ സംശയത്തിന്റെ നിഴലിലാക്കുന്നു. അവർ ദേശരാഷ്ട്ര സ്നേഹികളാണോ എന്ന സംശയത്തിൽ പൊതുബോധത്തെ സൃഷ്ടിക്കാൻ ഹിന്ദു രാഷ്ട്രീയത്തിന് ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുന്നേ കഴിഞ്ഞിട്ടുണ്ട്. അതിന്റെ തീവ്രത അനുദിനം വളർത്തുവാൻ ബ്രാഹ്മണ്യ തത്വശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. സനാതന മൂല്യം എന്നു പറഞ്ഞാൽ മാറ്റം ആഗ്രഹിക്കാത്ത ധാർമ്മിക മൂല്യമാണ്. മാറാത്തത് എന്നാണ് സനാതനത്തിന്റെ അർത്ഥം. മാറാത്തതും മാറാൻ ഹിന്ദു മനസ് ആഗ്രഹിക്കാത്തതും ജാതീയമായ ശ്രേണീ ബന്ധമാണ്. ശൂദ്രരെ ബ്രാഹ്മണ്യത്തിന്റെ നടത്തിപ്പുകാരായി അതിന്റെ തൊഴിൽക്കൂട്ടമായി ഹിന്ദുത്വത്തിന്റെ ചട്ടുകമായി നിലനിർത്താൻ സനാതന ഇന്ത്യ ആഗ്രഹിച്ചിരുന്നു. അതിന്റെ തീവ്രപരിശ്രമമാണ് വോട്ടിന്റെ നിയന്ത്രണത്തിലൂടെ പൗരത്വത്തിന്റെ ദേശസ്നേഹ പ്രകടനത്തിലൂടെ പ്രകടമാകുന്നത്.

ഇന്ത്യയിലെ പട്ടികജാതിക്കാർ സനാതന ഹിന്ദുക്കളല്ലെന്നും അവർക്ക് പ്രത്യേക വോട്ടവകാശം വേണമെന്നും ഡോ. അംബേദ്ക്കർ എന്തുകൊണ്ടായിരിക്കും ആവശ്യപ്പെട്ടിട്ടുണ്ടാകുക? സമകാലിക ഇന്ത്യൻ തെരഞ്ഞെടുപ്പ് അതിന് ഉത്തരം നൽകുന്നുണ്ട്.
ഇന്ത്യയിലെ പട്ടികജാതിക്കാർ സനാതന ഹിന്ദുക്കളല്ലെന്നും അവർക്ക് പ്രത്യേക വോട്ടവകാശം വേണമെന്നും ഡോ. അംബേദ്ക്കർ എന്തുകൊണ്ടായിരിക്കും ആവശ്യപ്പെട്ടിട്ടുണ്ടാകുക? സമകാലിക ഇന്ത്യൻ തെരഞ്ഞെടുപ്പ് അതിന് ഉത്തരം നൽകുന്നുണ്ട്.

ഇന്ത്യയിലെ പട്ടികജാതിക്കാർ സനാതന ഹിന്ദുക്കളല്ലെന്നും അവർക്ക് പ്രത്യേക വോട്ടവകാശം വേണമെന്നും ഡോ. അംബേദ്ക്കർ എന്തുകൊണ്ടായിരിക്കും ആവശ്യപ്പെട്ടിട്ടുണ്ടാകുക? സമകാലിക ഇന്ത്യൻ തെരഞ്ഞെടുപ്പ് അതിന് ഉത്തരം നൽകുന്നുണ്ട്. ഇന്ത്യയിലെ മനുഷ്യർക്ക് അവരുടെ സ്വന്തം പ്രതിനിധിയെ തെരഞ്ഞെടുക്കാൻ കഴിയുന്ന സാമൂഹികാവസ്ഥ സാമ്പത്തികവും രാഷ്ട്രീയവുമായ നിലനിൽക്കുന്നില്ലെന്ന യാഥാർത്ഥ്യം അംബേദ്ക്കർ അടിവരയിടുന്നുണ്ട്. ഒരു വോട്ട് ഒരു മൂല്യം എന്ന തത്വം ഭരണഘടനാപരമായി അംഗീകരിക്കുമ്പോഴും മനുഷ്യരെ ഇന്ത്യയിൽ തരംതിരിച്ചുള്ള അസമത്വത്തിന്റെ ധാർമ്മികതയിലാണ് മൂല്യം നൽകുന്നതെന്ന ജീവിത പെരുമാറ്റ രീതികൾ സ്വന്തം പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിൽ നിന്നും തൊട്ടുകൂടാത്തതും പിന്നാക്കവുമായ ജാതി വിഭാഗങ്ങൾക്ക് സ്വമേധയാ കഴിയില്ലെന്നത് ഇന്നും ഇന്ത്യൻ സാമൂഹിക യാഥാർത്ഥ്യമാണ്.

ഇന്ത്യയിലെ മറ്റ് ന്യൂനപക്ഷങ്ങൾക്കുള്ളതുപോലുള്ള സാമുദായിക ഐക്യവും രാഷ്ട്രീയ അവകാശവും ദലിത് ജനവിഭാഗങ്ങൾക്കിടയിൽ സാധ്യമാകുകയില്ലെന്നതിന്റെ കാരണം അവർ നാനാജാതി ഉപജാതി വിഭാഗങ്ങളാൽ മർദ്ദിതരായവരായതിനാലാണ്. ഇന്ത്യൻ സമൂഹത്തിൽ ദലിതുകളുടെ മുകളിൽ അനേകം പിന്നാക്ക ജാതികളുടെ ആധിപത്യം ജാതീയമായും സാമ്പത്തികമായും നിലനിൽക്കുന്നു. പിന്നാക്ക ജാതി വിഭാഗങ്ങളുടെ മുകളിൽ സവർണരുടെയും ബ്രാഹ്മണ്യത്തിന്റെയും മേൽക്കോയ്മ നിത്യജീവിതത്തിൽ പ്രതിഫലിപ്പിക്കുന്നുണ്ട്. ഗ്രാമങ്ങളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം, എഴുത്തധികാരങ്ങൾ, അധികാരികളുമായുള്ള അടുപ്പം, ചിലപ്പോൾ അധികാരികൾ തന്നെ സവർണ സമൂഹങ്ങളായിരിക്കും. ഈ അധികാര രൂപങ്ങൾ നിർമ്മിച്ചെടുക്കുന്ന സാമൂഹിക ഭയം ദലിത് - പിന്നോക്ക ജാതി വിഭാഗങ്ങളുടെ ജീവിതത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഭയം ഒരു പ്രധാന ഘടകമായി വർത്തിക്കുന്നു.

 തെരഞ്ഞെടുപ്പ് ന്യൂനപക്ഷവും ഭൂരിപക്ഷവും തമ്മിലുള്ള മഹാഭാരത യുദ്ധമായിട്ടാണ് ഗ്രാമങ്ങളിലും പിന്നോക്ക ജനത തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും പ്രചരിപ്പിക്കുന്നത്. രാഹുൽ ഗാന്ധി കൗരവപ്പടയെ നയിക്കുന്നയാളും മോദി - അമിത്ഷാ കൂട്ടുകെട്ട് കൃഷ്ണനും അർജുനനുമായി മാറ്റുന്നതിൽ സംഘപരിവാരങ്ങൾ വിജയിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് ന്യൂനപക്ഷവും ഭൂരിപക്ഷവും തമ്മിലുള്ള മഹാഭാരത യുദ്ധമായിട്ടാണ് ഗ്രാമങ്ങളിലും പിന്നോക്ക ജനത തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും പ്രചരിപ്പിക്കുന്നത്. രാഹുൽ ഗാന്ധി കൗരവപ്പടയെ നയിക്കുന്നയാളും മോദി - അമിത്ഷാ കൂട്ടുകെട്ട് കൃഷ്ണനും അർജുനനുമായി മാറ്റുന്നതിൽ സംഘപരിവാരങ്ങൾ വിജയിക്കുന്നുണ്ട്.

ബാബരി മസ്ജിദ് പൊളിച്ചതിനു ശേഷം ഹിന്ദു - മുസ്ലീം വിവേചനത്തിന്റെ പുതിയ അദ്ധ്യായം പിറന്നിട്ടുണ്ട്. ഉത്തരേന്ത്യൻ സമൂഹത്തിൽ മുസ്ലീം വെറുപ്പ് സനാതന ജാതി നിർമ്മിച്ചതിനേക്കാൾ വർദ്ധിത തോതിൽ നിർമ്മിച്ചെടുക്കാൻ ഈ പള്ളി പൊളിക്കൽ എന്ന രാഷ്ട്രീയ കളി ഉണ്ടാക്കിയിട്ടുണ്ട്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മുസ്ലീം അപരത്വത്തിന്റെ ഹിംസ നന്നായി പ്രവർത്തിക്കാൻ സഹായിച്ചിട്ടുള്ളത് ഈ പള്ളി പൊളിക്കലാണ്. മുസ്ലീം ഭയവും അരക്ഷിത ബോധവും മുസ്ലീംങ്ങളെ മാത്രമല്ല ബാധിച്ചിരിക്കുന്നത്. സമാനമായ ദുർബല ജനവിഭാഗങ്ങളിലും ഈ ഭയം പടരുന്നു. എങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഹിന്ദു - മുസ്ലീം വിഭജനത്തിലൂടെ മറ്റ് പിന്നാക്ക ജാതി ദുർബല ഹിന്ദുക്കളെയും സ്വാധീനിക്കാൻ കഴിയും വിധം മതാടിസ്ഥാനത്തിൽ വിഭജിക്കാൻ ബാബരി മസ്ജിദ് തകർക്കൽ വഴി കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ്, ക്രിക്കറ്റ് കളി പോലെ ദേശത്തിന്റെ അകത്തുള്ളവരും അല്ലാത്തവരുമായുള്ള ദ്വന്ദ്വ യുദ്ധമായി പരിണമിക്കുന്നതുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ കൂറ് ന്യൂനപക്ഷങ്ങളുടെ കൂടെയാണെന്ന രാഷ്ട്രീയ ആഖ്യാനം ഉത്തരേന്ത്യൻ മനസ്സുകളിൽ സന്നിവേശിപ്പിക്കുവാൻ സംഘപരിവാരങ്ങൾക്ക് കഴിയുന്നത്. തെരഞ്ഞെടുപ്പ് ന്യൂനപക്ഷവും ഭൂരിപക്ഷവും തമ്മിലുള്ള മഹാഭാരത യുദ്ധമായിട്ടാണ് ഗ്രാമങ്ങളിലും പിന്നോക്ക ജനത തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും പ്രചരിപ്പിക്കുന്നത്. രാഹുൽ ഗാന്ധി കൗരവപ്പടയെ നയിക്കുന്നയാളും മോദി - അമിത്ഷാ കൂട്ടുകെട്ട് കൃഷ്ണനും അർജുനനുമായി മാറ്റുന്നതിൽ സംഘപരിവാരങ്ങൾ വിജയിക്കുന്നുണ്ട്. ബി.ജെ.പി എന്ന രാഷ്ട്രീയ പാർട്ടി തെരഞ്ഞെടുപ്പിന്റെ തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയ മുഖമാണെങ്കിലും അതിന്റെ അടിവേരുകളെ നിയന്ത്രിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്നത് അനേകം സംഘപരിവാര സംഘങ്ങളാണ്. മാന്യമായും അല്ലാതെയും സാമൂഹിക ഭയം നിർമ്മിച്ചെടുക്കാൻ കഴിയുന്ന വിഭാഗങ്ങളായി ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ അടിത്തട്ടിലെ ചാലകശക്തി അതുകൊണ്ടുതന്നെ സംഘപരിവാരങ്ങളാണ്. വ്യക്തികളെ സ്വാധീനിക്കാനുള്ള പദ്ധതി, സമൂഹങ്ങളെ നിയന്ത്രിക്കാനുള്ള പദ്ധതി, ജാതി വിഭാഗങ്ങളിൽ സ്വാധീനിക്കാനും നിയന്ത്രിക്കാനുമുള്ള പദ്ധതിയും ഭരണകൂടതന്ത്രങ്ങളും ഒന്നിപ്പിക്കുന്ന രാഷ്ട്രീയ തെരഞ്ഞെടുപ്പ് തന്ത്രത്തിൽ സ്വതന്ത്ര വോട്ടവകാശമാണോ സ്വതന്ത്ര ഭയരഹിത ജീവിതമാണോ വേണ്ടതെന്ന് ആലോചിക്കുന്ന മനുഷ്യർ സ്വതന്ത്ര ജീവിതമില്ലെങ്കിലും ഭാര്യയും മക്കളും ബന്ധുക്കളുമായിട്ടുള്ള സ്വൈര്യജീവിതം ആഗ്രഹിക്കുമ്പോൾ ഭയം സ്വാതന്ത്ര്യത്തെക്കാൾ പ്രശ്നമുള്ള ഒന്നായി വർത്തിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സംഘപരിവാരങ്ങളാണ് സാമൂഹിക നിയന്ത്രണം ഏറ്റെടുത്ത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുള്ളതെന്ന് പറയാനും കഴിയില്ല. കോൺഗ്രസും മറ്റു സോഷ്യലിസ്റ്റ് സംഘങ്ങളും ഭരിച്ചിരുന്ന കാലത്തും ബൂത്ത് കയ്യേറലുകളും ഭയത്തിന്റെ പ്രയോഗങ്ങളും നടന്നിട്ടുണ്ടെങ്കിലും ഒരു അപരനിർമ്മാണത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹിക ഭയം ഉണ്ടാക്കിയതിൽ അവർക്ക് ഇന്നത്തെ ഇന്ത്യയിൽ കാണുംവിധമുള്ള ഭയചകിത സമൂഹ നിർമിതിയിലൂടെ അപരവൽക്കരണ രാഷ്ട്രീയത്തെ നിർമ്മിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം സമൂഹത്തിന്റെ അടിസ്ഥാന ഘടന മുസ്ലിം വിരുദ്ധമായി ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുന്നേ ഉണ്ടായിരുന്നില്ല.

1984-കളിൽ ബഹുജൻ സമാജ് വാദി പാർട്ടി രൂപീകൃതമായതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ കാണുന്ന സവിശേഷതകൾ ഈ യാഥാർത്ഥ്യത്തെ കൂടുതൽ വ്യക്തമാക്കും. ദലിത് ജനവിഭാഗത്തെ പ്രധാനമായും രാഷ്ട്രീയ ജീവികളാക്കി മാറ്റി ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉദയം സാമൂഹിക നീതിയുടെ നടപ്പിലാക്കലിന് ഊന്നൽ നൽകിയായിരുന്നു. കോൺഗ്രസ്സിന്റെ തൊലിപ്പുറത്തുള്ള സ്നേഹം പട്ടിക ജാതി പിന്നോക്ക ജനവിഭാഗങ്ങൾക്ക് രാഷ്ട്രീയ ഗുണം പ്രദാനം ചെയ്തില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ബഹുജൻ സമാജ് വാദി പാർട്ടി രൂപീകൃതമാകുന്നത്. ഈ പാർട്ടിയുടെ നയങ്ങളിലും നിലപാടിലും ആകൃഷ്ടരാവാൻ മുസ്ലിം ജനവിഭാഗങ്ങൾക്ക് ഉത്തരേന്ത്യയിൽ കഴിഞ്ഞു. ഒ.ബി.സി രാഷ്ട്രീയത്തിനപ്പുറവും യാദവകുല ഭരണത്തിനെതിരെയും മുന്നോട്ടു വന്ന പട്ടിക ജാതി - ദലിത് - മുസ്ലിം ജനവിഭാഗം തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറി. ജനതാദൾ, ഭാരതീയ ജനതാ പാർട്ടി എന്നിവരുടെ വോട്ടു ബാങ്കുകൾ മുന്നാക്ക ജാതികളും സവർണ വിഭാഗങ്ങളുമായിരുന്നു. എന്നാൽ 1984 വരെ കോൺഗ്രസ് ദലിത് - മുസ്ലിം വോട്ടുകൾ നേടിയിരുന്നു. സ്വന്തം രാഷ്ട്രീയം തിരിച്ചറിയുന്നതിന് മുന്നേ ബഹുജനങ്ങൾ യാന്ത്രികമായി കോൺഗ്രസിന് വോട്ട് ചെയ്തിരുന്നു. ബഹുജൻ സമാജ് പാർട്ടി കോൺഗ്രസിനും ബി.ജെ.പിക്കും ബദലായി പിന്നാക്ക - ദലിത് - മുസ്ലിം വിഭാഗങ്ങളുടെ തെരഞ്ഞെടുപ്പ് അധികാരത്തെക്കുറിച്ച് അംബേദ്ക്കറുടെ തത്വശാസ്ത്രമനുസരിച്ച് പ്രവർത്തിച്ചു. കോൺഗ്രസിന്റെ ഉത്തരേന്ത്യൻ പതനം യഥാർത്ഥത്തിൽ ആരംഭിക്കുന്നത് ബി.എസ്.പിയുടെ ഉദയത്തോടെയാണെന്ന് രാഷ്ട്രീയ പണ്ഡിതർ നിരീക്ഷിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലൂടെ ചരിത്രത്തിൽ നിഷേധിക്കപ്പെട്ട നീതി തിരിച്ചുപിടിക്കാൻ കഴിയുമെന്ന പാഠമാണ് ഉത്തരേന്ത്യയിലെ ബഹുജൻ രാഷ്ട്രീയം പഠിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഒരായുധമായിരുന്നു എന്ന് സാരം.

കോൺഗ്രസിന്റെ ഉത്തരേന്ത്യൻ പതനം യഥാർത്ഥത്തിൽ ആരംഭിക്കുന്നത് ബി.എസ്.പിയുടെ ഉദയത്തോടെയാണെന്ന് രാഷ്ട്രീയ പണ്ഡിതർ നിരീക്ഷിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലൂടെ ചരിത്രത്തിൽ നിഷേധിക്കപ്പെട്ട നീതി തിരിച്ചുപിടിക്കാൻ കഴിയുമെന്ന പാഠമാണ് ഉത്തരേന്ത്യയിലെ ബഹുജൻ രാഷ്ട്രീയം പഠിപ്പിച്ചത്.
കോൺഗ്രസിന്റെ ഉത്തരേന്ത്യൻ പതനം യഥാർത്ഥത്തിൽ ആരംഭിക്കുന്നത് ബി.എസ്.പിയുടെ ഉദയത്തോടെയാണെന്ന് രാഷ്ട്രീയ പണ്ഡിതർ നിരീക്ഷിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലൂടെ ചരിത്രത്തിൽ നിഷേധിക്കപ്പെട്ട നീതി തിരിച്ചുപിടിക്കാൻ കഴിയുമെന്ന പാഠമാണ് ഉത്തരേന്ത്യയിലെ ബഹുജൻ രാഷ്ട്രീയം പഠിപ്പിച്ചത്.

'ആദ്യം നാം മത്സരിക്കും, നമ്മൾ തോൽക്കും. പിന്നീട് നാം മറ്റുള്ളവരെ തോൽപ്പിക്കും. പിന്നെ നാം ജയിക്കും' എന്നതായിരുന്നു ബി.എസ്.പി നേതാവായ കാൻഷി റാം ദലിത് - പിന്നാക്ക ജനവിഭാഗങ്ങളെ പഠിപ്പിച്ചത്. ഗ്രാമങ്ങളിലൂടെ സൈക്കിളിൽ യാത്ര ചെയ്ത് നിരക്ഷരരായ പട്ടിക ജാതി - വർഗ്ഗ ജനവിഭാഗങ്ങളെ രാഷ്ട്രീയ ജീവികളാക്കുന്നതിൽ ആധുനിക ഇന്ത്യയിൽ അംബേദ്ക്കർക്ക് ശേഷം മന്യവർ കാൻഷി റാമാണ് നിർവഹിച്ചത്. അതിന്റെ പരിണതിയായിരുന്നു പട്ടികജാതി വനിതയായ മായാവതിയുടെ നാല് തവണകളായി ഉത്തർപ്രദേശിലെ മുഖ്യമന്ത്രി സ്ഥാനം. കോൺഗ്രസിന്റെ സംഘടനാ ശേഷി ഉത്തർ പ്രദേശിൽ ഇല്ലാതാവുന്നതിന്റെ പ്രധാന കാരണം ദലിതുകൾ രാഷ്ട്രീയ ശക്തിയായി മാറിയതാണ്. അപ്പോഴും കുറ്റമറ്റ തെരഞ്ഞെടുപ്പും അതിന്റെ കീഴ് തട്ടിലെ സ്വതന്ത്ര പ്രവർത്തനവും ഒരു പ്രതീക്ഷയായിരുന്നു. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന് മനസ്സിലാക്കി സംഘടനാപരമായി ദലിത് - പിന്നാക്ക - മുസ്ലിം ജനവിഭാഗങ്ങളെ സംഘടിപ്പിക്കാൻ ഉത്തരേന്ത്യയിലെ സവർണ കോൺഗ്രസ് നേതാക്കൾക്ക് താൽപ്പര്യവുമില്ലായിരുന്നു.

എന്നാൽ 1990-കളിലെ രാഷ്ട്രീയ മാറ്റം പ്രത്യേകിച്ച് പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട സാമൂഹിക നീതിയുടെ രാഷ്ട്രീയം വർഗീയചേരിതിരിവിലേക്ക് നയിച്ചു. മുസ്ലിം അപരത്വം രാഷ്ട്രീയമായി ബി.ജെ.പിക്ക് നേട്ടമുണ്ടാക്കി. ഇന്ത്യൻ ജനതയെ ഒരിക്കൽക്കൂടി മുസ്ലിം - ഹിന്ദു വിഭാഗങ്ങളാക്കി മാറ്റി. ഇന്ത്യൻ വിഭജനത്തിന്റെ ഓർമ്മകൾ ഇന്ത്യൻ മുസ്ലീങ്ങളെ ദേശത്തിന്റെ ശത്രുക്കളാക്കുന്ന രാഷ്ട്രീയ ആഖ്യാനം ശക്തിപ്പെടുത്താൻ സഹായിച്ചു. മുസ്ലിം ഒരു അപരരാണെന്ന സാമാന്യയുക്തി പുനപ്രതിഷ്ഠിക്കാൻ ഈ കാലഘട്ടത്തിന് കഴിഞ്ഞു. വെറും തെരഞ്ഞെടുപ്പ് തട്ടിപ്പുകൾക്കപ്പുറത്ത് വർഗീയമായി ജനം വേർതിരിഞ്ഞതിന്റെ ആഘാതം കൂടിയാണ് ഏകപക്ഷീയമായി ബി.ജെ.പി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള കാരണം. അതോടൊപ്പം ബി.ജെ.പി വെറും സവർണ സമ്പന്നരുടെ പാർട്ടിയെന്ന നിലയിൽ നിന്നും പിന്നോക്ക - കീഴാള ജനങ്ങളിലേക്ക് ഇറങ്ങി വരാൻ ശ്രമിച്ചു. അതായത് ബ്രാഹ്മണിക്കൽ ഹിന്ദുത്വത്തിൽ നിന്നും അത് കീഴാള ഹിന്ദുത്വത്തിലേക്കും സന്നിവേശിപ്പിച്ചു കീഴാള ഹിന്ദുത്വവും ഹിന്ദ്വത്വയുടെ പര്യായമായി മാറ്റി.

'ആദ്യം നാം മത്സരിക്കും, നമ്മൾ തോൽക്കും. പിന്നീട് നാം മറ്റുള്ളവരെ തോൽപ്പിക്കും. പിന്നെ നാം ജയിക്കും' എന്നതായിരുന്നു ബി.എസ്.പി നേതാവായ കാൻഷി റാം ദലിത് - പിന്നാക്ക ജനവിഭാഗങ്ങളെ പഠിപ്പിച്ചത്.
'ആദ്യം നാം മത്സരിക്കും, നമ്മൾ തോൽക്കും. പിന്നീട് നാം മറ്റുള്ളവരെ തോൽപ്പിക്കും. പിന്നെ നാം ജയിക്കും' എന്നതായിരുന്നു ബി.എസ്.പി നേതാവായ കാൻഷി റാം ദലിത് - പിന്നാക്ക ജനവിഭാഗങ്ങളെ പഠിപ്പിച്ചത്.

ഹിന്ദുക്കളുടെ പാർട്ടിയായി അത് അടവ് തന്ത്രമെന്നോളമെങ്കിലും രൂപാന്തരപ്പെടുവാൻ കഴിഞ്ഞു. ഹിന്ദുക്കളുടെ പാർട്ടി പിന്നാക്കക്കാരെയും ദലിതുകളെയും പട്ടിക വർഗക്കാരെയും അതി പിന്നോക്ക ജനവിഭാഗങ്ങളുടെയും പ്രതിനിധികളെ പാർട്ടിയുടെ റാങ്ക് ഫയലിലേക്ക് ബോധപൂർവ്വം സന്നിവേശിപ്പിച്ചു. ഈ പ്രയാണത്തിൽ പിന്നാക്ക - ദലിത് രാഷ്ട്രീയം പയറ്റിയിരുന്ന പാർട്ടികൾ അരികിലേക്ക് മാറി. ബി.എസ്.പിയും മറ്റ് പാർട്ടികളും കുറച്ച് നേതാക്കൾ മാത്രം കറങ്ങുന്ന കറക്കു കമ്പനികളായി ഒതുങ്ങി. അവരുടെ ഉയർച്ചയെ രാഷ്ട്രീയമായും സാമൂഹികമായും ബലാബല രാഷ്ട്രീയം ഉപയോഗിച്ചും ഹിംസയിലൂടെയും തകർക്കാൻ ബി.ജെ.പിക്കും സംഘപരിവാരങ്ങൾക്കും കഴിയുന്നുണ്ട്. ഈ ബലാബല യുദ്ധം തെരഞ്ഞെടുപ്പ് നടത്തുന്നതിലും അതിന്റെ ഫലത്തെ സ്വാധീനിക്കുന്നതിലും കലാശിക്കുന്നു. ഇന്ത്യൻ സമൂഹത്തിൽ വെറും രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണംകൊണ്ടുമാത്രം ജനങ്ങളിൽ സ്വാധീനം ചെലുത്താൻ പറ്റില്ല. രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ പ്രചാരണത്തിലൂടെ മാത്രമല്ല ഇന്ത്യൻ സമൂഹം ജീവിക്കുന്നത്. അടിത്തട്ടിൽ ഭയം ഓരോ സമൂഹത്തെയും നിത്യമായും ദിവസേന ഭരിക്കുന്നുണ്ട്. സ്വന്തം കുടുംബം, കുട്ടികൾ, ജോലി എന്നിവയിൽ ചുരുങ്ങുന്ന സാധാരണ മനുഷ്യർ ജാതി വഴിയും മതം വഴിയും പാർട്ടിയുടെ ബലാബലം വഴിയും വഴങ്ങിക്കൊണ്ടാണ് ജീവിക്കുന്നത്. ജാതി ഭയം നിർമ്മിക്കുന്നു. മത വിദ്വേഷം അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു. അതിന്റെ കൂടെ ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യരും. അവരെ സംഘടിതമായി സ്വാധീനിക്കാൻ ഹിംസക്ക് കഴിയും എന്നതിന്റെ പാഠവും കൂടിയാണ് ഗ്രാമങ്ങളിലും നഗരങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പ് യുദ്ധങ്ങൾ.

ഇന്ത്യൻ സമൂഹം അടിസ്ഥാനപരമായി ശ്രേണി ബന്ധത്താൽ നിർമ്മിച്ചിരിക്കുന്നതുകൊണ്ട് മനുഷ്യവിഭാഗങ്ങൾ തമ്മിലുള്ള അകലം അവരെ സ്പർദ്ധയുള്ളവരാക്കി മാറ്റുന്നു. ഒരു തട്ടിലെ മനുഷ്യരോട് എതിർപ്പുണ്ടെങ്കിൽ മറ്റൊരു തട്ടിലെ മനുഷ്യരെ അവർ താൽക്കാലികമായി സഹായിക്കുന്നു. ഠാക്കൂർ വിഭാഗക്കാരോട് ബ്രാഹ്മണർക്ക് ശത്രുത തോന്നിയാൽ അവർ യാദവരെ സഹായിക്കുന്നു. യാദവർക്ക് ബ്രാഹ്മണരുടെ മേധാവിത്തം സഹിക്ക വയ്യാതെ വരുമ്പോൾ അവർ ദലിതരെ തെരഞ്ഞെടുപ്പിൽ സഹായിക്കും. ഠാക്കൂറുമാരുടെ അമിതാധികാര പ്രയോഗത്തിൽ മനംമടുത്ത ബ്രാഹ്മണർ ഉത്തർ പ്രദേശിൽ ബി.എസ്.പിക്ക് വോട്ടു കൊടുക്കുന്നതും ഈ സാമൂഹിക അകലവും ജാതി നിർമ്മിച്ചെടുത്ത ആ വെറുപ്പും കാരണമാണ്. എന്തുകൊണ്ടാണ് ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ ഡെൽഹിയിൽ വന്ന് വർഷങ്ങളോളം ത്യാഗം സഹിച്ച് കാർഷിക ബില്ലിനെതിരെ സമരം ചെയ്തിട്ടും കേന്ദ്രസർക്കാറിനെ പിന്തുണക്കുന്ന പാർട്ടികളെ വീണ്ടും തെരഞ്ഞെടുക്കുന്നത്? ഒന്നിച്ചൊരുമിച്ച് സാമ്പത്തിക നയത്തെ എതിരിടാൻ അനിവാര്യമായ വർഗബോധം അവിടെ സ്ഥായിയായി നിലനിൽക്കാത്തതുകൊണ്ടാണ്. സർക്കാറിന്റെ നയങ്ങളെക്കാളും അവരെ നിത്യജീവിതത്തിൽ സ്വാധീനിക്കുന്നത് വിവിധ ജാതി വിഭാഗങ്ങളുടെ അമിതമായ അഹങ്കാരവും ഹിംസാത്മകമായ പ്രവർത്തനവുമാണ്. തൊട്ടുകൂടായ്മയുടെ ബാക്കി പത്രമായ വെറുപ്പ്, അപരരെ ഹിംസാത്മകമായി ഉപയോഗിക്കൽ എന്നിവ വലിയ സാമ്പത്തിക പ്രക്രിയ വഴി ഒന്നിപ്പിക്കാനാവാത്ത വിധം അകറ്റുന്നു.

എന്തുകൊണ്ടാണ് ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ ഡെൽഹിയിൽ വന്ന് വർഷങ്ങളോളം ത്യാഗം സഹിച്ച് കാർഷിക ബില്ലിനെതിരെ സമരം ചെയ്തിട്ടും കേന്ദ്രസർക്കാറിനെ പിന്തുണക്കുന്ന പാർട്ടികളെ വീണ്ടും തെരഞ്ഞെടുക്കുന്നത്? സർക്കാറിന്റെ നയങ്ങളെക്കാളും അവരെ നിത്യജീവിതത്തിൽ സ്വാധീനിക്കുന്നത് വിവിധ ജാതി വിഭാഗങ്ങളുടെ അമിതമായ അഹങ്കാരവും ഹിംസാത്മകമായ പ്രവർത്തനവുമാണ്. തൊട്ടുകൂടായ്മയുടെ ബാക്കി പത്രമായ വെറുപ്പ്, അപരരെ ഹിംസാത്മകമായി ഉപയോഗിക്കൽ എന്നിവ വലിയ സാമ്പത്തിക പ്രക്രിയ വഴി ഒന്നിപ്പിക്കാനാവാത്ത വിധം അകറ്റുന്നു.
എന്തുകൊണ്ടാണ് ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ ഡെൽഹിയിൽ വന്ന് വർഷങ്ങളോളം ത്യാഗം സഹിച്ച് കാർഷിക ബില്ലിനെതിരെ സമരം ചെയ്തിട്ടും കേന്ദ്രസർക്കാറിനെ പിന്തുണക്കുന്ന പാർട്ടികളെ വീണ്ടും തെരഞ്ഞെടുക്കുന്നത്? സർക്കാറിന്റെ നയങ്ങളെക്കാളും അവരെ നിത്യജീവിതത്തിൽ സ്വാധീനിക്കുന്നത് വിവിധ ജാതി വിഭാഗങ്ങളുടെ അമിതമായ അഹങ്കാരവും ഹിംസാത്മകമായ പ്രവർത്തനവുമാണ്. തൊട്ടുകൂടായ്മയുടെ ബാക്കി പത്രമായ വെറുപ്പ്, അപരരെ ഹിംസാത്മകമായി ഉപയോഗിക്കൽ എന്നിവ വലിയ സാമ്പത്തിക പ്രക്രിയ വഴി ഒന്നിപ്പിക്കാനാവാത്ത വിധം അകറ്റുന്നു.

ഒരു ഭാഗത്ത് സമൂഹം വർഗീയവൽക്കരിക്കുകയും മറുഭാഗത്ത് ജാതിയുടെ ഹിംസാത്മക മേധാവിത്വം ഗ്രാമങ്ങളിലും നഗരങ്ങളിലും നിരന്തരം ഉൽപ്പാദിപ്പിക്കുകയും ചെയ്യുമ്പോൾ വലിയ ശത്രുക്കളെ ഒന്നിച്ച് തോൽപ്പിക്കുവാൻ ആന്തരിക സംഘർഷങ്ങൾ സമ്മതിക്കുന്നില്ല. ഇന്ത്യയിൽ ഫാസിസം മേലെ നിന്ന് താഴോട്ട് പ്രവർത്തിക്കുന്ന പ്രതിഭാസമല്ല. അത് അടിത്തട്ടിൽ നിന്നും മുകളിലേക്ക് തട്ടുകളിലായി സന്നിവേശിക്കുന്ന ഹിംസയാണ്. ജാതി ഹിംസയായിരുന്നു ഫാസിസത്തിന്റെ ദ്രംഷ്ടയെങ്കില്‍ 1990-കളോട് കൂടി അത് മതത്തിന്റെ കൂടി രൂപമണിഞ്ഞിരിക്കുന്നു. ഇന്ത്യൻ തെരഞ്ഞെടുപ്പ് കുറ്റമറ്റതാകണമെങ്കിൽ ഇന്ത്യൻ സമൂഹം വ്യക്തിവൽക്കരിക്കണം. വ്യക്തികൾക്ക് പ്രധാനമായ ലിബറൽ കാഴ്ചപ്പാട് ഇന്ത്യക്കാർക്ക് ഉണ്ടായിരിക്കണം. അല്ലെങ്കിൽ അവർക്ക് ജാതിയായും മതമായും മാത്രമേ വ്യക്തികളെ കാണാൻ കഴിയൂ. ഇത്തരം വേർതിരിവുകളെ തെരഞ്ഞെടുപ്പിനു വേണ്ടി മൂർച്ചിപ്പിക്കുകയും സംഘർഷത്തിലൂടെ അത് നിലനിർത്താനും പ്രബല രാഷ്ട്രീയ പാർട്ടികൾക്ക് കഴിയും. അവർ സംഘടിതമായ തെരഞ്ഞെടുപ്പ് പ്രക്രിയ അവർക്കനുകൂലമായ രീതിയിൽ മാറ്റിയെടുക്കും. അതിനവരുടെ ആയുധം ഭയം ജനിപ്പിക്കുകയെന്നതാണ്.

തെരഞ്ഞെടുപ്പിലെ കേരള മാതൃക

1957-ൽ രൂപീകരിച്ച സർക്കാറിനെ പിരിച്ചു വിട്ടു. സാമുദായിക - മത മേധാവികൾ അതിന് കാർമികത്വം വഹിച്ചു. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന സർക്കാറിനെ അതല്ലാത്ത മാർഗത്തിൽ പിരിച്ചുവിടുക എന്നു പറഞ്ഞാൽ ആ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ പൗരരുടെ തീരുമാനത്തെ തള്ളിക്കളഞ്ഞു എന്നാണർത്ഥം. ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പ് അട്ടിമറിയാണ് അന്ന് നടന്നത്. കേരളത്തിലെ ഗ്രാമങ്ങളിൽ അധീശത്വ സ്വഭാവമുള്ള കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ പാർട്ടികൾ കാര്യമായി അവരുടെ ആശയങ്ങൾ പ്രചരിപ്പിച്ചത്. കമ്യൂണിസത്തിലേക്ക് അകൃഷ്ടരാവുന്ന സവർണ സമ്പന്ന കുടുംബങ്ങളെയും അവിടെ കാണാം. നായർ ജാതികളിലുണ്ടായ സമ്പന്നരും അല്ലാത്തവരും എന്ന വേർതിരിവിലാണ് കൂലിപ്പണിക്ക് പോകേണ്ടി വന്ന നായർ കുടുംബങ്ങളിലെ ആൾക്കാർ കമ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടരാവുന്നത്. പണക്കാരായ അമ്മാവന്മാരോടുള്ള പാവപ്പെട്ട മരുമക്കളുടെ ദേഷ്യമാണ് പല കുടുംബങ്ങളെയും കമ്യൂണിസത്തിലേക്ക് നയിക്കുന്നത്. ജാതി ജന്മിത്വത്തിനെതിരെ പ്രവർത്തിച്ച മനുഷ്യരോട് അനുഭാവം പ്രകടിപ്പിച്ചാണ് ഈഴവരാദി പിന്നാക്ക ജനവിഭാഗങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നത്. കൂലി വർദ്ധനവിന് വേണ്ടി വാദിക്കുന്നവരോട് കൂലിപ്പണിക്കാരായ ജാതിക്കൂട്ടങ്ങൾക്ക് അടുപ്പം തോന്നുന്നത് സ്വാഭാവികം. ഭൂമിയില്ലാത്തവരോട് ഭൂമി നേടാൻ പോരാടുന്ന പാർട്ടിയോട് ചേർന്നു നിൽക്കുന്നത് കമ്യൂണിസത്തോടുള്ള താത്വിക അണിചേരലല്ല. മറിച്ച് പ്രശ്നാധിഷ്ഠിത പിന്തുണ കൂടിയാണ്. എന്നാൽ കാലക്രമത്തിൽ പാർട്ടിയുടെ ഉരുക്കു കോട്ടകൾ നിർമ്മിക്കാൻ സംഘടിതമായി കമ്യൂണിസ്റ്റ് പാർട്ടിക്കാർ ശ്രമിച്ചപ്പോൾ പാർട്ടി ഗ്രാമങ്ങൾ നിർമ്മിക്കാനുള്ള പെടാപ്പാടിൽ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുന്ന അവസ്ഥ സംജാതമായി.

 ഭൂമിയില്ലാത്തവരോട് ഭൂമി നേടാൻ പോരാടുന്ന പാർട്ടിയോട് ചേർന്നു നിൽക്കുന്നത് കമ്യൂണിസത്തോടുള്ള താത്വിക അണിചേരലല്ല. മറിച്ച് പ്രശ്നാധിഷ്ഠിത പിന്തുണ കൂടിയാണ്.
ഭൂമിയില്ലാത്തവരോട് ഭൂമി നേടാൻ പോരാടുന്ന പാർട്ടിയോട് ചേർന്നു നിൽക്കുന്നത് കമ്യൂണിസത്തോടുള്ള താത്വിക അണിചേരലല്ല. മറിച്ച് പ്രശ്നാധിഷ്ഠിത പിന്തുണ കൂടിയാണ്.

ഇത് പാർട്ടി ഗ്രാമമാണ് എന്ന് പരസ്യമായി ബോർഡ് നിർമ്മിച്ച് ചുവന്ന നിറത്തിലുള്ള ചുമരുകളും ഇലക്ട്രിക് പോസ്റ്റുകളും നിർമ്മിച്ച് ചുവപ്പിന്റെ സ്ഥലമാക്കി മാറ്റുന്നതു വഴി കാവിക്കാരും പച്ച നിറക്കാരും അവരുടെ ഗ്രാമങ്ങൾ ഉണ്ടാക്കാൻ പറ്റാത്ത അവസ്ഥയിലായി. ഉത്തര കേരളത്തിൽ തൽഫലം ജാതികൾ മാത്രമല്ല ഉണ്ടായി വന്നത്. ഒരുതരം പാർട്ടി നിറം ജാതി നിറം പോലെ പ്രവർത്തിക്കാൻ തുടങ്ങി. അപ്പോഴും വ്യക്തികളില്ലാതാവുകയും സംഘങ്ങൾ ജനാധിപത്യ ശക്തികളായി മാറുകയും ചെയ്യുന്നു. സംഘങ്ങൾക്ക് ജനാധിപത്യത്തെ സംരക്ഷിക്കാനാവില്ല. വ്യക്തിബോധമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. വ്യക്തിയുടെ മൂല്യമാണ് ജനാധിപത്യത്തിൽ മൂല്യവൽക്കരിക്കുന്നത്. സംഘങ്ങൾ ജാതിയുടെയും വർഗത്തിന്റെയും ഹുങ്ക് നിരന്തരം കാണിക്കും. ഭയം സമൂഹത്തിൽ ജനിപ്പിക്കും. വ്യക്തിയുടെ സ്വതന്ത്ര അഭിപ്രായത്തെ ആ സമൂഹം മാനിക്കില്ല. അതുകൊണ്ടാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിലും പാർട്ടികൾ നോമിനേഷൻ തള്ളാനായി മത്സരിക്കുന്നത്. 2261 നോമിനേഷനാണ് വിവിധതരം പാർട്ടിക്കാർ ചേർന്ന് തള്ളിയിരിക്കുന്നത്. ചിലയിടങ്ങളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്തയും വരുന്നുണ്ട്. എതിരില്ലാതെ ആരെ തെരഞ്ഞെടുത്തു എന്നാണ് നാം പറയുന്നത്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയല്ല ചെയ്യുന്നത്. എതിരില്ലാത്ത അവസ്ഥ ജാതി ബോധമാണ്. ഫ്യൂഡൽ മനോഭാവത്തിന്റെ പ്രകടനമാണ്. അത് ജനാധിപത്യത്തിന്റെ സൗന്ദര്യമല്ല. മറിച്ച് സംഘടിത ശേഷിയുടെ ഹിംസയുടെ പ്രയോഗമാണ്.

വടക്കേ മലബാറിലെ പല ബൂത്തുകളിലും ബൂത്ത് പിടിക്കൽ എന്ന പ്രക്രിയയെ പറ്റി കേൾക്കാറുണ്ട്. സാങ്കേതികമായി തെരഞ്ഞെടുപ്പുകൾ ക്യാമറയുടെയും മെഷീനിന്റെയും നിയന്ത്രണത്തിൽ വന്നതിനാൽ അതിന് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ കഴിഞ്ഞാൽ പിന്നെ ഭയം ജനിപ്പിക്കുന്ന കലാപരിപാടിയിൽ വിവിധ പാർട്ടികൾ അവർക്ക് ആധിപത്യമുള്ള ഗ്രാമങ്ങളിൽ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ഭാര്യയുടെയും മക്കളുടെയും കൂടെ ഇനിയുള്ള നാളുകളിലും ജീവിക്കേണ്ടേ എന്ന് സരസമായ ഭാഷയിൽ ചോദിക്കും. സ്വൈര്യജീവിതത്തിന് ആഗ്രഹമുള്ള സാധാരണ മനുഷ്യർ ഒരു പ്രശ്നത്തിനും പോകുകയില്ല. വഴങ്ങിക്കൊടുക്കും. ചിലത് കണ്ടില്ലെന്ന് നടിക്കും. സമ്പൂർണ സാക്ഷരതയുള്ള കേരളത്തിൽ ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ എന്ത് നീതിയാണ് ജാതി കേന്ദ്രിത നിരക്ഷര ജനങ്ങൾ ഭൂരിപക്ഷവും ജീവിക്കുന്ന ഉത്തരേന്ത്യയിൽ നിന്ന് ലഭിക്കുക?

വടക്കേ മലബാറിലെ തലശ്ശേരിക്കടുത്തുള്ള കൂരാറ ഗ്രാമത്തിലായിരുന്നു എനിക്ക് വോട്ട്. പലപ്പോഴും നാട്ടിലില്ലാത്ത ഞാൻ പല തെരഞ്ഞെടുപ്പിലും നാട്ടിലെ ബൂത്തിൽ വന്ന് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു. രാജേഷിനോട് വോട്ട് ചെയ്യാൻ വരണ്ട എന്ന് എന്റെ ബന്ധുക്കളെ അറിയിക്കാറുണ്ട്. എന്റെ ജ്യേഷ്ഠൻ ഒരു തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ തൊട്ടടുത്ത വീട്ടിലെ ഒരാൾ ഏഴ് വോട്ടുകൾ ചെയ്തു. പല വേഷത്തിൽ പല പേരിൽ.

ഒരു പാർട്ടി ഒരിടത്തിൽ ഇത് ചെയ്യുമ്പോൾ മറ്റേ പാർട്ടി മറ്റൊരു ബൂത്തിൽ അവരുടെ കലാപരിപാടികൾ ചെയ്യും. ഭയമുൽപ്പാദിപ്പിക്കുകയാണ് ജനാധിപത്യ പ്രക്രിയകൾ ചെയ്യുന്നത്. കള്ളവോട്ടുകൾ താത്വികമായി ന്യായീകരിക്കുന്നതും കാണാം. നമ്മുടെ സ്ഥാനാർത്ഥി പാവപ്പെട്ടവനാണെന്നും മറ്റേ സ്ഥാനാർത്ഥിക്ക് പണക്കാരുടെ പിന്തുണയുള്ളതായും അതുകൊണ്ട് പണക്കാർ പണം കൊണ്ട് വോട്ട് നേടുമെന്നും വാദിക്കും. അവർ പണം കൊണ്ടും മറ്റു ശേഷി കൊണ്ടും വോട്ട് നേടുമ്പോൾ നമ്മൾ കള്ളവോട്ട് ചെയ്യുന്നത് പണത്തോടുള്ള സമരമായും വ്യാഖ്യാനിക്കും. എന്ത് മാനദണ്ഡങ്ങൾ വെച്ച് ന്യായീകരിച്ചാലും കള്ളവോട്ട് വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണ്. അത് ജനാധിപത്യപരമല്ല. കാലക്രമത്തിൽ കള്ളവോട്ടിൽ നിന്നും എന്നെ സ്വയം രക്ഷപ്പെടുത്താൻ ഞാൻ എന്റെ വോട്ട് തിരുവനന്തപുരത്തേക്ക് മാറ്റി. ഭാഗ്യത്തിന് ഞാൻ വോട്ട് ചെയ്യാൻ പോയില്ലെങ്കിലും എന്റെ വോട്ട് രേഖപ്പെടുത്താതെ അവിടെ കാണുന്നുണ്ട്.

 ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്തുകയല്ല രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുകയാണ്. സംഘടിത ശക്തികൾക്ക് മാത്രമേ ഇത് കൈകാര്യം ചെയ്യാനും കഴിയുകയുള്ളൂ.
ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്തുകയല്ല രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുകയാണ്. സംഘടിത ശക്തികൾക്ക് മാത്രമേ ഇത് കൈകാര്യം ചെയ്യാനും കഴിയുകയുള്ളൂ.

തെരഞ്ഞെടുപ്പുകൾ പലപ്പോഴും വ്യക്തിയുടെ മൂല്യത്തേക്കാൾ ഇന്ത്യയിൽ തീരുമാനിക്കുന്നത് ഭയത്തിലൂടെയും ഭരണകൂടത്തിന്റെ ഭീകരതയിലൂടെയുമാണ്. ഈ ഭീകരത കൂടുവാൻ വേണ്ടി അവർ തരാതരം ജാതിശക്തികളെയും മതശക്തികളെയും ഗുണ്ടാശക്തികളെയും ഉപയോഗിക്കുന്നു. അതുകൊണ്ട് സംഘടിത ബലമുള്ള പാർട്ടികൾക്ക് മാത്രമേ തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യാൻ കഴിയൂ. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്തുകയല്ല രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുകയാണ്. സംഘടിത ശക്തികൾക്ക് മാത്രമേ ഇത് കൈകാര്യം ചെയ്യാനും കഴിയുകയുള്ളൂ.

കേരളത്തിൽ നടക്കുന്ന പല കോളേജ് തെരെഞ്ഞെടുപ്പുകളിലും നാം ഈ കൈകാര്യം ചെയ്യൽ കാണാറുണ്ട്. എതിരില്ലാതെ തെരഞ്ഞെടുക്കുവാനാണ് നമുക്കിഷ്ടം. മറ്റ് സ്ഥാനാർത്ഥികളുടെ നോമിനേഷൻ തള്ളിക്കാൻ ചെറുതും വലുതുമായ കാരണങ്ങൾ കണ്ടെത്തുക. ഭീഷണി ഒരു ആയുധമാക്കി മാറ്റുക എന്നിവ നമ്മുടെ രാഷ്ട്രീയത്തിലെ ശീലങ്ങളായി മാറുന്നത് തെരഞ്ഞെടുപ്പ് തെരഞ്ഞെടുക്കാനുള്ള വേദിയായല്ല നാം കാണുന്നത്. എതിരില്ലാതാക്കാനാണ്. ജനാധിപത്യത്തിന്റെ സൗന്ദര്യം നിലനിർത്താനാണ് ആ പ്രക്രിയ പ്രതിപക്ഷത്തെ ഭരണഘടനാ സ്ഥാപനമായി അംഗീകരിക്കുന്നത്. പ്രതിപക്ഷം ജനാധിപത്യത്തിന്റെ കാവൽക്കാരാണ്. അവർ ദുർബലരായാൽ, അവർ ശേഷിയില്ലാത്തവരായാൽ ഒരു ദേശത്തിന്റെ ജനഹിതം ഭയത്താൽ മാത്രം നിർമ്മിച്ചെടുക്കുന്നതായി മാറും.

സർവകലാശാലകളിൽ അക്കാദമികമായ പദവികളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എതിരില്ലാതെ നമുക്കൊരു മത്സരം ഒഴിവാക്കാനാകുമോ എന്നതാണ് ആദ്യം ഉയരുന്ന ചോദ്യം. മൂന്ന് സ്ഥാനങ്ങളാണ് ഉള്ളതെങ്കിൽ ശക്തിയുള്ള ഒരു കൂട്ടർ രണ്ട് സ്ഥാനവും മറ്റൊന്ന് ശക്തിയില്ലാത്തവർക്ക് അതായത് അംഗബലമില്ലാത്തവർക്ക് കൊടുത്ത് തെരഞ്ഞെടുപ്പ് ഒഴിവാക്കും. ഇനി തെരഞ്ഞെടുപ്പ് നടന്നാൽ അദ്ധ്യാപകർ പോലും വ്യവസ്ഥയുടെ അധികാര പ്രയോഗത്തിന്റെ ഇരകളായി സ്വയം മാറുന്നു. എന്റെ ശമ്പളം, കുടുംബം, കുട്ടി എന്നിങ്ങനെ വ്യക്തിഗത ന്യായങ്ങൾ പറഞ്ഞ് ഭൂരിപക്ഷം അധ്യാപകരും സ്വന്തം കാര്യം നോക്കി പോകുമ്പോൾ തെരഞ്ഞെടുപ്പ് നടത്തുന്ന ഓഫീസുകൾ നിയന്ത്രിക്കുന്നവർ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. വി.സി മുതൽ സിൻഡിക്കേറ്റ് അംഗങ്ങൾ വരെയും രജിസ്ട്രാറുടെ പി.എ മുതൽ വി.സിയുടെ പി.എ വരെയും ഓരോ അദ്ധ്യാപകനെയും അദ്ധ്യാപികയെയും നേരിൽ ഫോണിൽ വിളിച്ച് ആർക്ക് വോട്ട് ചെയ്യണമെന്ന് നിർദ്ദേശിക്കും. ചിലപ്പോൾ പ്രസ്തുത അദ്ധ്യാപകന്റെ സ്ഥാനക്കയറ്റ ഫയൽ വി.സിയുടെ ഓഫീസിലെത്തിയിരിക്കുന്ന സന്ദർഭങ്ങളിലാണെങ്കിൽ അദ്ധ്യാപകർ പോലും വോട്ട് അന്യന്റെ ഇംഗിതത്തിന് വഴങ്ങി ചെയ്യുന്നു. ഓരോരുത്തരും വോട്ട് ചെയ്തത് ആർക്കാണ് എന്ന് ഞങ്ങൾക്ക് മനസ്സിലാവുമെന്ന് അധികാര കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥൻ പറയുകയാണെങ്കിൽ അത് ഭയക്കുന്ന അദ്ധ്യാപകർ സ്വാതന്ത്ര്യത്തിന്റെ ഏത് പാഠങ്ങളാണ് പഠിപ്പിക്കുന്നത്?. 100 വോട്ടാണ് ഉള്ളതെങ്കിൽ ഒരാൾ ആർക്ക് ശേഷമാണ് വോട്ട് ചെയ്തതെന്ന് നോക്കി ക്രമനമ്പറിന്റെ സ്ഥാനം നോക്കി വോട്ടെണ്ണുന്ന സമയത്ത് ബാലറ്റ് പേപ്പർ കണ്ടാൽ ആര് ആർക്ക് വോട്ട് ചെയ്തു എന്ന് തിരിച്ചറിയുന്ന വ്യവസ്ഥയിൽ എന്ത് സ്വതന്ത്ര ജനാധിപത്യത്തിന്റെ പ്രക്രിയയെക്കുറിച്ചാണ് നാം പറയുന്നത്. ജാതി തിരിഞ്ഞും മതം പറഞ്ഞും വോട്ട് പിടിക്കുന്ന അദ്ധ്യാപകർ സർവകലാശാലയിലിരുന്ന് ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുമ്പോൾ എന്ത് വോട്ട് ചോരിയെ കുറിച്ചാണ് നാം വ്യാകുലപ്പെടുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട സമിതിയിന്മേൽ രാഷ്ട്രീയ പാർട്ടിക്കാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും ഗവർണറും ഇടപെടുമ്പോൾ ജനാധിപത്യം വിവിധ സംഘങ്ങളുടെ ശക്തിപ്രകടനമായി മാത്രം ചുരുങ്ങുന്നു.

Comments