ഇസ്രായേലിന്റെ പാരിസ്ഥിതിക ഹത്യയും
ട്രംപിന്റെ കച്ചവട പദ്ധതിയും

ഗാസയുടെ തീരങ്ങളിലെ എണ്ണ- പ്രകൃതിവാതക നിക്ഷേപത്തിൽ ഡോണൾഡ് ട്രംപിന് കണ്ണുണ്ട്. യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ ആഗ്രഹത്തിനു പിന്നിൽ സമാധാന സംസ്ഥാപനമല്ല, പൂർണ്ണമായും കച്ചവട ലക്ഷ്യങ്ങൾ മാത്രമാണുള്ളത്. ഇനി നടക്കാൻ പോകുന്ന ആക്രമണങ്ങളും കുടിയൊഴിപ്പിക്കലുകളും ഇസ്രായേലിനും ബഞ്ചമിൻ നെതന്യാഹുവിനും വേണ്ടി മാത്രമുള്ളതല്ല, ട്രംപിനും അയാളുടെ റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾക്കും കൂടിയുള്ളതാവാം- കെ.വി. മനോജ് എഴുതുന്നു.

എന്നോടു ചോദിക്കാതെ നീ
എന്റെ വെള്ളമെടുത്തു
എന്റെ ഒലിവ് മരങ്ങൾ അഗ്നിക്കിരയാക്കി
എന്റെ കിടപ്പാടം തകർത്തു
മണ്ണ് കയ്യേറി
എന്റെ അച്ഛനെ തടവറയിലാക്കി,
അമ്മയെ വെടിയുതിർത്ത് വധിച്ചു.
എന്റെ രാജ്യം ബോംബ് വർഷിച്ച് തകർക്കുകയും
ഞങ്ങളെയാകെ പട്ടിണിക്കിടുകയും
അപമാനിക്കുകയും ചെയ്തു.

എന്നിട്ടും ഞാനാണത്രേ കുറ്റവാളി
കാരണം, ഒരിക്കൽ ഞാൻ ഒരു റോക്കറ്റ്
അങ്ങോട്ടേക്ക് തിരിച്ചയച്ചു.

വിഖ്യാത പലസ്തീൻ ബുദ്ധിജീവി എഡ്വേർഡ് സെയ്ദും ക്രിസ്റ്റഫർ ഹിച്ചൻസും എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച ബ്ലെയിമിങ് ദി വിക്ടിംസ്: സ്പൂരിയസ് സ്കോളർഷിപ്പ് ആന്റ് ദ പാലസ്തീനിയൻ ക്വസ്റ്റ്യൻ (Blaming the Victims: Spurious Scholarship and the Palestinian Question) എന്ന പഠനസമാഹാരത്തിന്റെ ആമുഖത്തിൽ നോം ചോസ്ക്കി എഴുതിയ വരികളാണിത്. തുടർച്ചയായി ഇരകളാക്കപ്പെടുന്ന മനുഷ്യർക്കുമേൽ പഴിയും കുറ്റങ്ങളും അപമാനങ്ങളും കൂടി ചുമത്തുന്ന സയണിസ്റ്റ് ആഖ്യാനങ്ങളുടെ കാപട്യങ്ങളിലേക്കാണ് പുസ്തകം ഫോക്കസ് തുറക്കുന്നത്. നോം ചോംസ്ക്കി എഴുതിയതു പോലെ, വെള്ളവും വെളിച്ചവും ഇല്ലാതാക്കിയും മരങ്ങൾ വെട്ടിവീഴ്ത്തിയും കൃഷിഭൂമി കയ്യേറിയും കിടപ്പാടം തകർത്തും മനുഷ്യരെ കൊന്നുതള്ളിയും ദശാബ്ദങ്ങളായി തുടരുന്ന കൊളോണിയൽ - കുടിയേറ്റ അതിക്രമങ്ങൾ, യു.എസ്. പിന്തുണയോടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

വംശഹത്യയുടെ പുതിയ പതിപ്പ്

ഹമാസിനെ തകർക്കാനെന്ന പേരിൽ ഗാസയിൽ വംശഹത്യാപദ്ധതിയുടെ പുതിയ പതിപ്പിന് അമേരിക്കൻ കാർമ്മികത്വത്തിൽ അരങ്ങൊരുങ്ങുമ്പോൾ അത് കുറേക്കൂടി തീവ്രവും മാരകവും നശീകരണസ്വഭാവമുള്ളതുമായി മാറിയേക്കാമെന്ന് മാനവികതയുടെ പക്ഷത്തു നിൽക്കുന്നവർ കരുതുന്നു.

ജനുവരി 19-ന് വെടിനിർത്തൽ കരാർ ഒപ്പിടുന്ന ഘട്ടത്തിൽ ജോ ബൈഡനായിരുന്നു അമേരിക്കൻ പ്രസിഡന്റെങ്കിൽ ഇന്നത് ഡൊണാൾഡ് ട്രംപാണെന്നതു തന്നെയാണ് കാരണം. ഇനി നടക്കാൻ പോകുന്ന ആക്രമണങ്ങളും കുടിയൊഴിപ്പിക്കലുകളും ഇസ്രായേലിനും ബഞ്ചമിൻ നെതന്യാഹുവിനും വേണ്ടി മാത്രമുള്ളതല്ല, ട്രംപിനും അയാളുടെ റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾക്കും കൂടിയുള്ളതാവാം. ഗാസയെ ജനാധിവാസമില്ലാത്ത സംഘർഷങ്ങളില്ലാത്ത ആഡംബര തീരപ്രദേശമാക്കി പുനർനിർമ്മിക്കുകയെന്ന അമേരിക്കൻ പ്രസിഡന്റിന്റെ മുതലാളിത്ത താല്പര്യങ്ങളുടെ പ്രഖ്യാപനങ്ങൾക്കുശേഷമാണ്, ഇസ്രായേൽ വെടിനിർത്തൽ കരാറിൽ നിന്നു പിൻമാറിയെന്നുപോലും പറയാതെ ഏകപക്ഷീയ ആക്രമണങ്ങളിലേക്കു കടന്നത്.

ഗാസ യു. എസ് ഏറ്റെടുക്കാനും സ്വന്തമാക്കാനും അതിലൂടെ ജനങ്ങളെ, അയൽ രാജ്യങ്ങളായ ഈജിപ്തിലും ജോർദാനിലുമായി പുനരധിവസിപ്പിക്കാനുമുള്ള ട്രംപിന്റെ അസംബന്ധ പദ്ധതിയോട് ഒരു രാജ്യങ്ങളും അനുകൂലമായി പ്രതികരിച്ചില്ല. പലസ്തീൻ ജനതയെ ആഫ്രിക്കയിലെ ചില രാജ്യങ്ങളിലേക്ക് മാറ്റണമെന്ന നിർദ്ദേശത്തോട് ആഫ്രിക്കൻ രാജ്യങ്ങളും എതിർപ്പു പ്രകടിപ്പിച്ചു.

ഹമാസിനെ തകർക്കുകയോ ഇല്ലാതാക്കുകയോ അല്ല ഇസ്രായേലിന്റെയും അമേരിക്കയുടേയും ലക്ഷ്യമെന്നും, പാലസ്തീനികളെ എന്നന്നേയ്ക്കുമായി പുറത്താക്കാനും വംശീയമായി ഉൻമൂലനം ചെയ്യാനും അവയുടെ സ്ഥാനത്ത് ജൂതകുടിയേറ്റ കേന്ദ്രങ്ങളും തീരദേശ ഉല്ലാസകേന്ദ്രങ്ങളും നിർമ്മിച്ച് ഒരു മെഡിറ്ററേനിയൻ റിസോർട്ടാക്കി മാറ്റി പലസ്തീൻ ജനതയുടെ ചരിത്രത്തേയും സഞ്ചിതമായ ഓർമകളേയും പാടെ മായ്ച്ചുകളയാനുമുള്ള പദ്ധതിയുടെ ബ്ലൂപ്രിന്റാണ് ട്രംപ് നെതന്യാഹുവിനൊപ്പമുള്ള വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. അത് ഒരു ഭ്രാന്തൻ ഐഡിയയല്ല. മറിച്ച് റിയൽ എസ്റ്റേറ്റ് മുതലാളിയായ ഭരണാധികാരിയുടെ കഴുകൻ കച്ചവടക്കണ്ണുകളുടെ ആർത്തിയായാണ് കാണേണ്ടത്. കടലോര ടൂറിസം മാത്രമല്ല, ഗാസയുടെ തീരങ്ങളിലെ എണ്ണ- പ്രകൃതിവാതക നിക്ഷേപത്തിലും ട്രംപിനു കണ്ണുണ്ട്. യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ ആഗ്രഹത്തിനു പിന്നിൽ സമാധാനസംസ്ഥാപനമല്ല, പൂർണ്ണമായും കച്ചവട ലക്ഷ്യങ്ങൾ മാത്രമാണുള്ളത്. ഇസ്രായേലിനോടുള്ള താല്പര്യം പോലും രണ്ടാമതു മാത്രമേ വരുന്നുള്ളു. ഗ്രീൻലാൻഡും പനാമ കനാലും സ്വന്തമാക്കുമെന്നും കാനഡയെ അമേരിക്കയുടെ അമ്പത്തൊന്നാം സംസ്ഥാനമാക്കുമെന്ന പ്രഖ്യാപനങ്ങളിലുമെല്ലാം സാമ്രാജ്യത്വത്തിന്റെ നഗ്നമായ റിയൽ എസ്റ്റേറ്റ് താല്പര്യങ്ങളാണുള്ളത്. ഇറാഖിനുശേഷം മധ്യേഷ്യയിൽ ഗാസയിലേക്കാണ് അമേരിക്കൻ കച്ചവടലോബിയുടെ നോട്ടം. ഒരാഴ്ച കൊണ്ട് ആയിരത്തിലധികം മനുഷ്യരെ കൊന്നുതള്ളിയാണ് ഇസ്രായേൽ അമേരിക്കൻ താല്പര്യങ്ങളെ പ്രയോഗവൽക്കരിക്കാൻ ശ്രമിച്ചത്.

അധിനിവേശ പലസ്തീനായുള്ള ഇസ്രായേലിന്റെ പദ്ധതികൾക്ക് ട്രംപ് അംഗീകാരം നൽകുന്നത് ഇസ്രായേലിൽ ആഘോഷിക്കപ്പെടുമ്പോൾ, മേഖലയിലെ മറ്റ് പ്രദേശങ്ങൾക്ക് അത്  ദുരന്തപൂർണ്ണമായ പ്രഖ്യാപനമായി മാറുന്നു.
അധിനിവേശ പലസ്തീനായുള്ള ഇസ്രായേലിന്റെ പദ്ധതികൾക്ക് ട്രംപ് അംഗീകാരം നൽകുന്നത് ഇസ്രായേലിൽ ആഘോഷിക്കപ്പെടുമ്പോൾ, മേഖലയിലെ മറ്റ് പ്രദേശങ്ങൾക്ക് അത് ദുരന്തപൂർണ്ണമായ പ്രഖ്യാപനമായി മാറുന്നു.

ട്രംപിന്റെ പ്രസ്താവനകൾ ഇസ്രായേലിനെ ഗാസയിൽ കുറ്റകൃത്യങ്ങൾ തുടരാനും വെസ്റ്റ് ബാങ്കിലേക്ക് അവ വ്യാപിപ്പിക്കാനും കൂടുതൽ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഗാസയിൽ വംശഹത്യയിലൂന്നിയ അക്രമം പുനരാരംഭിക്കുന്നത് മാത്രമല്ല, വെസ്റ്റ് ബാങ്കിൽ വംശീയ ഉന്മൂലനം നടത്താനും ജോർദാൻ താഴ്‌വര ഉൾപ്പെടെയുള്ള വിശാലമായ പ്രദേശങ്ങൾ പിടിച്ചെടുക്കാനുമുള്ള കൃത്യമായ നടപടികളും കാണാൻ കഴിയും. അഭയാർത്ഥി കേന്ദ്രങ്ങളിലുള്ള ലക്ഷക്കണക്കിന് പലസ്തീനികളെ ഇതിനകം ഇസ്രായേൽ നിർബന്ധിതമായി നാടുകടത്തിയിട്ടുണ്ട്. ക്യാമ്പുകളിൽ നിന്ന് ക്യാമ്പുകളിലേക്കുള്ള തുടർച്ചയായ പലായനങ്ങളും വാരിപ്പിടിച്ചുള്ള ഓട്ടങ്ങളുമാണ് ഓരോ പലസ്തീനിയുടേയും ജീവിതം.

അധിനിവേശ പലസ്തീനായുള്ള ഇസ്രായേലിന്റെ പദ്ധതികൾക്ക് ട്രംപ് അംഗീകാരം നൽകുന്നത് ഇസ്രായേലിൽ ആഘോഷിക്കപ്പെടുമ്പോൾ, മേഖലയിലെ മറ്റ് പ്രദേശങ്ങൾക്ക് അത് ദുരന്തപൂർണ്ണമായ പ്രഖ്യാപനമായി മാറുന്നു. ട്രംപിന്റെ ആഗ്രഹം നടന്നാൽ ലക്ഷക്കണക്കിനു മനുഷ്യരുടെ ഒന്നിച്ചുള്ള കുടിയിറക്കത്തിലാണ് അത് കലാശിക്കുക. ഗാസയിലെ ജനങ്ങളെ കുടിയിറക്കാനുള്ള അദ്ദേഹത്തിന്റെ നിർദ്ദേശത്തെ മനുഷ്യാവകാശ സംഘടനകൾ വംശീയ ഉന്മൂലനം എന്നാണ് വിളിച്ചിരിക്കുന്നത്. രാജ്യാന്തര നിയമങ്ങൾ പ്രകാരം സാധാരണക്കാരെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കുന്നത് യുദ്ധക്കുറ്റമാണ്.

പലസ്തീനികൾക്ക് അവരുടെ നാടായ ഗാസയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. അവരെ നീക്കം ചെയ്യുന്നത് രണ്ടാമത്തെ നഖ്ബയായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു. 1948-ലെ അറബ്- ഇസ്രായേൽ യുദ്ധത്തിൽ പലസ്തീനികളുടെ കൂട്ട കുടിയൊഴിപ്പിക്കലിനേയും പുറത്താക്കലിനേയും അറബിയിൽ ‘ദുരന്തം’ എന്ന് അർത്ഥമാക്കുന്ന നക്ബ എന്ന വാക്കിലൂടെ സൂചിപ്പിക്കുന്നു.

ഗാസയിൽ വംശഹത്യയിലൂന്നിയ അക്രമം പുനരാരംഭിക്കുന്നത് മാത്രമല്ല, വെസ്റ്റ് ബാങ്കിൽ വംശീയ ഉന്മൂലനം നടത്താനും ജോർദാൻ താഴ്‌വര ഉൾപ്പെടെയുള്ള വിശാലമായ പ്രദേശങ്ങൾ പിടിച്ചെടുക്കാനുമുള്ള കൃത്യമായ നടപടികളും  കാണാൻ കഴിയും. അഭയാർത്ഥി കേന്ദ്രങ്ങളിലുള്ള ലക്ഷക്കണക്കിന് പലസ്തീനികളെ ഇതിനകം ഇസ്രായേൽ നിർബന്ധിതമായി നാടുകടത്തിയിട്ടുണ്ട് .
ഗാസയിൽ വംശഹത്യയിലൂന്നിയ അക്രമം പുനരാരംഭിക്കുന്നത് മാത്രമല്ല, വെസ്റ്റ് ബാങ്കിൽ വംശീയ ഉന്മൂലനം നടത്താനും ജോർദാൻ താഴ്‌വര ഉൾപ്പെടെയുള്ള വിശാലമായ പ്രദേശങ്ങൾ പിടിച്ചെടുക്കാനുമുള്ള കൃത്യമായ നടപടികളും കാണാൻ കഴിയും. അഭയാർത്ഥി കേന്ദ്രങ്ങളിലുള്ള ലക്ഷക്കണക്കിന് പലസ്തീനികളെ ഇതിനകം ഇസ്രായേൽ നിർബന്ധിതമായി നാടുകടത്തിയിട്ടുണ്ട് .

1948-ൽ ഇസ്രായേൽ രാഷ്ട്ര പ്രഖ്യാപനത്തിന് വഴിയൊരുക്കുന്നതിനായി സയണിസ്റ്റ് സംഘങ്ങൾ ഏകദേശം പത്ത് ലക്ഷം പലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്തതിന്റെയും നൂറുകണക്കിന് ഗ്രാമങ്ങൾ തകർത്തുകളഞ്ഞതിന്റെയും ദുരന്തപൂർണ്ണമായ ഓർമ്മയാണ് നക്ബ, പലസ്തീനികൾക്ക്.

1947- ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ളി വിഭജനപദ്ധതി നിർദ്ദേശിച്ചപ്പോൾ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും അറബികളായിരുന്നു. ഭൂമിയുടെ തൊണ്ണൂറു ശതമാനത്തോളവും അവരുടെ ഉടമസ്ഥതയിലുമായിരുന്നു. എന്നാൽ ഇസ്രായേൽ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിലുള്ള തുടർച്ചയായ ആക്രമണങ്ങളും അധിനിവേശങ്ങളും കുടിയേറ്റ പ്രവർത്തനങ്ങളും ഇസ്രായേലിന്റെ അതിർത്തികൾ വിപുലമാക്കുകയും പലസ്തീനികളെ ചെറിയ പ്രദേശങ്ങളിലേക്ക് ഒതുക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ നിന്നു കൂടി ജനങ്ങളെ കുടിയിറക്കുകയെന്നതാണ് യു.എസ് - ഇസ്രായേൽ പദ്ധതി.

ട്രംപിന്റെ പദ്ധതിയാണ്, ഇസ്രായേൽ പദ്ധതിയും

1948- ലെ ഇസ്രായേൽ അധിനിവേശത്തോടെയാണ് പലസ്തീൻ ഗ്രാമങ്ങൾക്കും പരിസ്ഥിതിയ്ക്കും മേലുള്ള കയ്യേറ്റവും കടന്നുകയറ്റവും രൂക്ഷമാവുന്നത്. 1948- നും 1950- നുമിടയിൽ പലസ്തീനികളുടെ അഞ്ഞൂറോളം ഗ്രാമങ്ങളും നഗരങ്ങളുമാണ് ഇസ്രായേൽ തകർത്തുകളഞ്ഞത്. ഗ്രാമങ്ങളിൽ സ്വൈരജീവിതം നയിച്ചിരുന്ന ലക്ഷക്കണക്കിന് മനുഷ്യർ വീടും കൃഷിഭൂമിയും നഷ്ടപ്പെട്ട് അഭയാർത്ഥികളായി.

പലവിധ കാരണങ്ങളുണ്ടാക്കി, ഇസ്രായേൽ ഇക്കാലയളവിൽ ഹെക്ടർ കണക്കിന് ഓറഞ്ച് - ഒലിവ് തോട്ടങ്ങൾ പിഴുതെറിഞ്ഞു. ജൂതകുടിയേറ്റത്തിനനുസൃതമായി പലസ്തീൻ പ്രദേശങ്ങളെ മാറ്റിമറിക്കാനുള്ള നിരവധി ഇടപെടലുകളാണ് ഭരണകൂടവും സൈന്യവും ചേർന്നു നടത്തിയത്. പലസ്തീൻ ചരിത്രത്തിന്റെയും ആവാസവ്യവസ്ഥയുടേയും അടയാളങ്ങളായ ഒലിവും ബദാമും ഓറഞ്ചും ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചു മാറ്റി. കുഴിച്ചുമൂടപ്പെട്ട മരങ്ങൾക്കും ഗ്രാമങ്ങൾക്കും മുകളിൽ പൈൻ, സൈപ്രസ് ഉൾപ്പെടെയുള്ള കോണിഫറസ് മരങ്ങൾ വെച്ചുപിടിക്കുകയാണ് ഇസ്രായേൽ ചെയ്തത്.

പലവിധ കാരണങ്ങളുണ്ടാക്കി, ഇസ്രായേൽ ഹെക്ടർ കണക്കിന് ഓറഞ്ച് - ഒലിവ് തോട്ടങ്ങൾ പിഴുതെറിഞ്ഞു. പാലസ്തീൻ ഭൂപ്രകൃതിയെ യൂറോപ്യനൈസേഷനു വിധേയമാക്കി, പലസ്തീനികളെ അന്യവത്ക്കരിക്കുകയും ഇതിലൂടെ അവരുടെ പൈതൃകത്തേയും, ചെറുത്തുനില്പിനേയും ദുർബലമാക്കുകയായിരുന്നു ലക്ഷ്യം.
പലവിധ കാരണങ്ങളുണ്ടാക്കി, ഇസ്രായേൽ ഹെക്ടർ കണക്കിന് ഓറഞ്ച് - ഒലിവ് തോട്ടങ്ങൾ പിഴുതെറിഞ്ഞു. പാലസ്തീൻ ഭൂപ്രകൃതിയെ യൂറോപ്യനൈസേഷനു വിധേയമാക്കി, പലസ്തീനികളെ അന്യവത്ക്കരിക്കുകയും ഇതിലൂടെ അവരുടെ പൈതൃകത്തേയും, ചെറുത്തുനില്പിനേയും ദുർബലമാക്കുകയായിരുന്നു ലക്ഷ്യം.

പാലസ്തീൻ ഭൂപ്രകൃതിയെ യൂറോപ്യനൈസേഷനു വിധേയമാക്കി, പലസ്തീനികളെ അന്യവത്ക്കരിക്കുകയും ഇതിലൂടെ അവരുടെ പൈതൃകത്തേയും, ചെറുത്തുനില്പിനേയും ദുർബലമാക്കുകയായിരുന്നു ലക്ഷ്യം. ജൂവിഷ് നാഷണൽ ഫണ്ട് ( ജെ.എൻ. എഫ്) എന്ന ഇസ്രായേൽ ഏജൻസിയാണ് ഇതിനു നേതൃത്വം വഹിച്ചത്.

ഇസ്രായേലി ചിന്തകനും എഴുത്തുകാരനുമായ ഇലാൻ പെപ്പെ പറയുന്നു: “കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീൻ ഗ്രാമങ്ങളിൽ ദേശീയ ഉദ്യാനങ്ങൾ നിർമിക്കാൻ തീരുമാനിക്കപ്പെട്ടപ്പോൾ, എന്താണ് അവിടെ നട്ടുപിടിപ്പിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം പൂർണ്ണമായും ജൂവിഷ് നാഷണൽ ഫണ്ടിന്റെതായിരുന്നു. തുടക്കം മുതലേ പലസ്തീനിലെ തദ്ദേശീയമായ ഫ്ളോറ വൃക്ഷങ്ങൾക്കു പകരം കോനിഫർ മരങ്ങളായിരുന്നു ജെ.എൻ എഫ് എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തത്. ഒരു ഔദ്യോഗിക രേഖകളിലും ലക്ഷ്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും രാഷ്ട്രത്തെ യൂറോപ്യനായി തോന്നിക്കാനുള്ള ശ്രമമായിരുന്നു ഇതിനുപിന്നിൽ. അതിനൊപ്പം പൈൻ, സൈപ്രസ് മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെ ലക്ഷ്യം രാജ്യത്തെ വളർന്നു വരുന്ന തടിവ്യവസായത്തെ ത്വരിതപ്പെടുത്തുകയെന്നതായിരുന്നു’’.

വ്യാപകമായി കുടിയൊഴിപ്പിക്കുകയും, തകർത്തു കളയുകയും ചെയ്ത പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായി മാറ്റിമറിയ്ക്കുക മാത്രമല്ല, അവയുടെ പഴയ പേരുകൾ മാറ്റി ഹീബ്രു പേരുകൾ നൽകുകയും ചെയ്തു. വ്യവസ്ഥാപിതമായും അക്കാദമികമായും രാഷ്ട്രീയമായും സായുധമായും ഭൂപ്രദേശത്തിന്റെ പേരും, ചരിത്രവും ഭൂമിശാസ്ത്രവും അറബ് മുക്തമാക്കുക എന്നതും യൂറോപ്യനായും ജൂതപ്രദേശമായും തോന്നിപ്പിക്കുക എന്നതുമായിരുന്നു ലക്ഷ്യം.

പലസ്തീൻ ഗ്രാമങ്ങളുടെ ചരിത്രത്തെയും ഭൂപ്രകൃതിയേയും ജൈവവൈവിധ്യത്തേയും പാടെ കുഴിച്ചുമൂടിയാണ് അതിനു മുകളിൽ നാഷണൽ പാർക്കുകളും ഉദ്യാനങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളും ജെ.എൻ. എഫിന്റെ നേതൃത്വത്തിൽ സൃഷ്ടിച്ചത്. പഴയ പലസ്തീൻ ഗ്രാമങ്ങളുടെയും കെട്ടിടങ്ങളുടേയും കൃഷിസ്ഥലങ്ങളുടെയും ഓറഞ്ച് - മുന്തിരിത്തോട്ടങ്ങളുടെയും അവശേഷിപ്പുകളെ ചൂണ്ടിക്കാട്ടി സന്ദർശകർക്കായി പുതിയ ചരിത്രവും ആഖ്യാനങ്ങളും നിർമ്മിച്ചെടുക്കുന്നതിൽ വ്യാപൃതരാണ് സയണിസ്റ്റ് പ്രത്യയശാസ്ത്ര ഗവേഷകർ.

‘‘കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീൻ ഗ്രാമങ്ങളിൽ ദേശീയ ഉദ്യാനങ്ങൾ നിർമിക്കാൻ തീരുമാനിക്കപ്പെട്ടപ്പോൾ, എന്താണ് അവിടെ നട്ടുപിടിപ്പിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം പൂർണ്ണമായും ജൂവിഷ് നാഷണൽ ഫണ്ടിന്റെതായിരുന്നു’’- ഇസ്രായേലി ചിന്തകനും എഴുത്തുകാരനുമായ ഇലാൻ പെപ്പെ പറയുന്നു.
‘‘കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീൻ ഗ്രാമങ്ങളിൽ ദേശീയ ഉദ്യാനങ്ങൾ നിർമിക്കാൻ തീരുമാനിക്കപ്പെട്ടപ്പോൾ, എന്താണ് അവിടെ നട്ടുപിടിപ്പിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം പൂർണ്ണമായും ജൂവിഷ് നാഷണൽ ഫണ്ടിന്റെതായിരുന്നു’’- ഇസ്രായേലി ചിന്തകനും എഴുത്തുകാരനുമായ ഇലാൻ പെപ്പെ പറയുന്നു.

ഗാസയെ കാത്തിരിക്കുന്ന
പാരിസ്ഥിതിക ദുരന്തം

വംശഹത്യയ്ക്കൊപ്പം പലസ്തീൻ യുദ്ധത്തിൽ നിന്ന് ഉയർന്നുകേൾക്കുന്ന ആശയങ്ങളിൽ ഒന്നാണ് ഇക്കോസൈഡ്. എല്ലാ വംശഹത്യകളും പാരിസ്ഥിതിക ഹത്യകൾ കൂടിയാണെങ്കിലും പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതിന് കൂടുതൽ അർത്ഥവ്യാപ്തിയും വൈപുല്യവും ഉണ്ടാവുന്നുണ്ട്.

വസ്തുതാന്വേഷണത്തിനുള്ള പരിമിതികൾ മൂലം റിമോട്ട് സെൻസറി ഇമേജുകളാണ് ഗാസയിലെ പാരിസ്ഥിതിക ഹത്യയെ സംബന്ധിക്കുന്ന വിവരങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്നത്. വെള്ളം, മണ്ണ്, വായു എന്നിവയും ആകാശം മുതൽ കടൽ വരെയും ദീർഘകാലത്തെ യുദ്ധം മൂലം മലിനമാക്കപ്പെട്ടിരിക്കുന്നു. കൃഷിയിടങ്ങളും തോട്ടങ്ങളും ഫാമുകളുമെല്ലാം തകർക്കപ്പെട്ട നിലയിലാണ്. പിഴുതെറിയപ്പെട്ടതോ കത്തിച്ചതോ ആയ ഒലീവ് മരങ്ങൾ ചിതറിക്കിടക്കുന്നു. സംഘർഷത്തിന് മുമ്പ് ഗാസയുടെ മൂന്നിലൊന്നിലധികം ഭാഗവും കൃഷിയിടങ്ങളായിരുന്നു. എന്നാൽ സെപ്റ്റംബറോടെ, കൃഷിഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും സാരമായി നശിച്ചതായി യു.എൻ ഭക്ഷ്യ-കാർഷിക സംഘടന വിലയിരുത്തി.

ഗാസ മുനമ്പിലെ സമീപകാല സംഘർഷം കഴിഞ്ഞ പതിനാറു വർഷത്തിനിടയിലെ എല്ലാ സംഘർഷങ്ങളിൽ നിന്നുമുള്ള പതിനാലു മടങ്ങിലധികം അവശിഷ്ടങ്ങൾ സൃഷ്ടിച്ചതായി UN-HABITAT ഉം UNEP-യും നടത്തിയ സമഗ്ര വിലയിരുത്തലിൽ കണ്ടെത്തി. കെട്ടിടങ്ങളുടേയും സ്ഥാപനങ്ങളുടേയും സ്കൂളുകളുടേയും വീടുകളുടേയും തകർച്ച 40 ദശലക്ഷം ടണ്ണിലധികം അവശിഷ്ടങ്ങൾ സൃഷ്ടിച്ചതായി യു.എൻ ഏജൻസികൾ കണക്കാക്കുന്നു. അതിൽ മനുഷ്യാവശിഷ്ടങ്ങൾ, ആസ്ബറ്റോസ്, മറ്റ് അപകടകരമായ വസ്തുക്കൾ, വൈറ്റ് ഫോസ്ഫറസ്, പൊട്ടിത്തെറിക്കാത്ത സ്ഫോടക വസ്തുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു.

ഗാസയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വിന്യസിച്ച ഘനലോഹങ്ങളും, രാസവസ്തുക്കളും, മണ്ണിനെയും ജലസ്രോതസ്സുകളെയും മലിനമാക്കുകയും മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്യും. സംഘർഷം അവസാനിച്ചതിനുശേഷവും ഇവ വളരെക്കാലം നിലനിൽക്കും. പൊട്ടിത്തെറിക്കാത്ത വെടിമരുന്ന് കുട്ടികൾക്ക് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. സോളാർ പാനലുകളുടെ നാശം ലെഡും മറ്റ് ഘനലോഹങ്ങളും ചോർന്നൊലിച്ച് മണ്ണിൽ കലരുന്നതിനിടയാക്കും. ഇത് ഗാസയുടെ മണ്ണിനും വെള്ളത്തിനും പുതിയ തരത്തിലുള്ള അപകടസാധ്യത സൃഷ്ടിക്കുന്നു.

ഗാസയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വിന്യസിച്ച ഘനലോഹങ്ങളും, രാസവസ്തുക്കളും,  മണ്ണിനെയും ജലസ്രോതസ്സുകളെയും മലിനമാക്കുകയും മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്യും.
ഗാസയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വിന്യസിച്ച ഘനലോഹങ്ങളും, രാസവസ്തുക്കളും, മണ്ണിനെയും ജലസ്രോതസ്സുകളെയും മലിനമാക്കുകയും മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്യും.

ഗാസയിലെ ജലവിതരണം ഇസ്രായേൽ വളരെക്കാലമായി നിയന്ത്രിച്ചിരുന്നതിനാൽ സ്ഥിതി വളരെ ദുർബലമായിരുന്നു. പക്ഷേ യുദ്ധം മൂലം അത് ഗുരുതരമായി വഷളായി. കുടിവെള്ള കിണറുകൾ, പമ്പുകൾ, ടവറുകൾ പോലുള്ള ജല ശൃംഖലകൾ, ശുചിത്വ സൗകര്യങ്ങൾ, ഡീസലൈനേഷൻ പ്ലാന്റുകൾ, സമുദ്ര മലിനജല ഔട്ട്‌ലെറ്റുകൾ, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ എന്നിവ ഇപ്പോൾ തകർന്നതോ നശിച്ചതോ ആയ അടിസ്ഥാന സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, നവംബർ പകുതിയോടെ, ഇന്ധനത്തിന്റെ അഭാവം ഗാസയിലെ അഞ്ച് മലിനജല ശുദ്ധീകരണ പ്ലാന്റുകളും അതിന്റെ അറുപത്തഞ്ചോളം മലിനജല പമ്പിംഗ് സ്റ്റേഷനുകളിൽ ഭൂരിഭാഗവും അടച്ചുപൂട്ടുന്നതിനു കാരണമായി. ഒരു ലിറ്റർ വെള്ളത്തിനായി അഞ്ച് മുതൽ പത്ത് വരെ ഡോളർ നൽകേണ്ടി വരുന്നു. കുടിവെള്ളത്തിനു വേണ്ടിയുള്ള യുദ്ധമാണ് അഭയാർത്ഥി ക്യാമ്പുകളിൽ നടക്കുന്നത്.

യുദ്ധത്തിന് മുമ്പ്, ഗാസയിൽ നിന്ന് ദിവസവും 13,000 ക്യുബിക് മീറ്റർ അസംസ്കൃത മലിനജലം കടലിലേക്ക് ഒഴുകിയെത്തി. എന്നാൽ ഇപ്പോൾ, ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (UNEP) കണക്കാക്കുന്നത് പ്രതിദിനം 130,000 ക്യുബിക് മീറ്ററായി ഉയർന്നിരിക്കുന്നുവെന്നാണ്. മലിനജല ശുദ്ധീകരണ സൗകര്യങ്ങളുടെ തകർച്ച കാരണം, ആളുകൾ ഉപ്പുവെള്ളവും മലിനമായ വെള്ളവും ഉപയോഗിക്കാനും പാചകം ചെയ്യാനും വൃത്തിയാക്കാനും വ്യക്തിഗത ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും നിർബന്ധിതരാകുന്നു. പ്രത്യേകിച്ച് ഗാസയിലെ ജനസംഖ്യയുടെ 47 ശതമാനം വരുന്ന കുട്ടികൾക്ക് കോളറ, ടൈഫോയ്ഡ്, പോളിയോ, മറ്റ് ജല സംബന്ധമായ രോഗങ്ങൾ എന്നിവയുടെ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു. ജലക്ഷാമവും മലിനീകരണവുമായി ബന്ധപ്പെട്ട പകർച്ചവ്യാധികളും ഭക്ഷ്യക്ഷാമവും ഗാസയിൽ സൈനിക അക്രമത്തേക്കാൾ കൂടുതൽ ആളുകളെ കൊല്ലുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഈദുൽ ഫിത്തർ ദിവസം പോലും നൂറുകണക്കിന് ട്രക്കുകൾ, കടന്നുവരാനാവാതെ ഭക്ഷ്യധാന്യങ്ങളുമായി ഇസ്രായേലിന്റെ അനുമതി കാത്തു കിടന്നിരുന്നു. ഗാസയുടെ പുനർനിർമ്മിതിയ്ക്കായി അടിയന്തര പദ്ധതികൾ ആവിഷ്ക്കരിക്കേണ്ട ഘട്ടത്തിലാണ് മരിച്ചു ജീവിക്കുന്ന മനുഷ്യരുടെ ഇടയിലേക്ക് കൂടൊഴിഞ്ഞുപോകണമെന്ന നിർദ്ദേശങ്ങളെത്തുന്നത്.

ജലക്ഷാമവും മലിനീകരണവുമായി ബന്ധപ്പെട്ട പകർച്ചവ്യാധികളും ഭക്ഷ്യക്ഷാമവും ഗാസയിൽ സൈനിക അക്രമത്തേക്കാൾ കൂടുതൽ ആളുകളെ കൊല്ലുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ജലക്ഷാമവും മലിനീകരണവുമായി ബന്ധപ്പെട്ട പകർച്ചവ്യാധികളും ഭക്ഷ്യക്ഷാമവും ഗാസയിൽ സൈനിക അക്രമത്തേക്കാൾ കൂടുതൽ ആളുകളെ കൊല്ലുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ചാമ്പ്യനായി അവകാശപ്പെടുന്ന ഇസ്രായേലിന്റെ നേതൃത്വത്തിൽ ആസൂത്രിതമായ പാരിസ്ഥിതിക ഹത്യയാണ് ഗാസയിലും വെസ്റ്റ് ബാങ്കിലും നടക്കുന്നത്. മനുഷ്യരായി അന്തസ്സോടെ ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമാണ് ദശാബ്ദങ്ങളായി ഒരു ജനതയ്ക്ക് നിഷേധിച്ചുകൊണ്ടിരിക്കുന്നത്. ഇസ്രായേലിനൊപ്പം, ട്രംപ് കൂടി ചേരുമ്പോൾ സംഘർഷങ്ങളും മിസൈൽ ആക്രമണങ്ങളും ബോംബർ വിമാനങ്ങളുമില്ലാത്ത ജീവിതമെന്ന പാലസ്തീനിലെ മനുഷ്യരുടെ പ്രതീക്ഷകൾ നിലച്ചുപോവുകയാണ്.
ദർവീഷിന്റെ കവിത ഓർമ്മയിലേക്കുവരുന്നു.

‘‘ആരാണ് നമ്മുടെ നാട്
വിറ്റതെന്ന് എനിക്കറിയില്ല
എന്നാൽ ആരാണ്
അതിനു വില നിൽകിയതെന്ന്
എനിക്ക് നിശ്ചയമുണ്ട്’’.


Summary: Israel president Benjamin Netanyahu and US President Donald Trump has their own hidden agendas in Gaza, K V Manoj writes.


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments