വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി.എസ് എന്ന രണ്ടക്ഷരം. വിപ്ലവകേരളത്തിൻെറ സമരഭൂമിയായ, തൊഴിലാളി വർഗ പ്രസ്ഥാനത്തിൻെറ ശക്തികേന്ദ്രമായ ആലപ്പുഴയിലെ പുന്നപ്രയിൽ നിന്ന് ഉദിച്ചുയർന്ന സമരസൂര്യൻ. തൊഴിലാളികളെ സംഘടിപ്പിച്ചും, സമരങ്ങൾക്ക് നേതൃത്വം നൽകിയും, മുതലാളിത്ത ചൂഷക മർദ്ദക ശക്തികളോട് പടപൊരുതിയുമാണ് വി.എസ് എന്ന കമ്മ്യൂണിസ്റ്റ് വളരുന്നത്. 1923 ഒക്ടോബർ 20-ന് പുന്നപ്രയിൽ ശങ്കരൻെറയും അക്കാമയുടെയും മകനായി ജനിച്ച ബാലൻ. അച്യുതാനന്ദൻ ജനിക്കുമ്പോൾ, കേരളീയ സമൂഹം നവോത്ഥാനത്തിന്റെ തുടർച്ചയിലായിരുന്നു. പൊയ്കയിൽ അപ്പച്ചന്റെയും അയ്യങ്കാളിയുടെയും നാരായണഗുരുവിന്റെയും ഇടപെടലുകൾ കേരളത്തിലാകെ വ്യാപിച്ചിരുന്ന സമയം. തൊഴിലാളികൾ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്ന കാലം. ജന്മികളുടെ അടിമകളായിരുന്നു അവർ. ബ്രിട്ടീഷുകാരും തിരുവിതാംകൂർ രാജാക്കന്മാരും ജനങ്ങളെ കൊത്തടിമകളായി കണ്ടിരുന്നു അക്കാലത്ത്. ഇത്തരമൊരു സാഹചര്യത്തിന്റെ സൃഷ്ടി കൂടിയായിരുന്നു വി.എസ്. എന്ന തൊഴിലാളിവർഗ്ഗ രാഷ്ട്രീയ നേതാവ്. സ്വയം തിരിച്ചറിവുണ്ടായിരുന്ന ബാല്യം. സ്കൂളിൽ തന്നോട് അയിത്തം കൽപ്പിക്കുന്നവരുമായി കലഹിച്ചു. കഷ്ടിച്ച് ഏഴാം ക്ലാസ് വരെ കടന്നുകയറി. വസൂരി ബാധിച്ച് മരിച്ച അമ്മയും പതിനൊന്നാം വയസ്സിൽ തന്നെ ഒറ്റയ്ക്കാക്കി യാത്രയായ അച്ഛനും ആ ബാല്യത്തെ ദുസ്സഹമാക്കി. താൻ ജനിച്ച തയ്യൽ തൊഴിലാളി കുടുംബത്തിന്റെ തൊഴിൽ തന്നെ പിന്തുടർന്നു. ദാരിദ്ര്യം, പട്ടിണി, അടിമത്ത ജീവിതം എന്നിവയാൽ പീഡിതമായിരുന്നു ആ ജീവിതം. കാലം അവിടെ നിന്നാണ് അച്യുതാനന്ദൻ എന്ന കമ്യൂണിസ്റ്റുകാരനെ വാർത്തെടുത്തത്.
മൂത്ത സഹോദരൻെറ തയ്യൽക്കടയിൽ സഹായിയായി ജീവിതപോരാട്ടം തുടങ്ങിയ വി.എസ് പിന്നീട് കയർ ഫാക്ടറിയിൽ തൊഴിലാളിയായി. 14-ാം വയസ്സിൽ തൊഴിലാളികളെ സംഘടിപ്പിച്ച് ജന്മിമാർക്കെതിരായ സമരത്തിന്റെ മുന്നിൽനിന്നു. വൈകാതെ ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ സജീവമായി പാർട്ടി പ്രവർത്തനം തുടങ്ങി. 1940-ൽ തൻെറ 17ാം വയസ്സിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. അന്ന് നിയമവിരുദ്ധമായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിൻെറ ഭാഗമായി ആലപ്പുഴയിൽ കയർ തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ചതിന് ബ്രിട്ടീഷ് ഗവൺമെൻറിൻെറ ഭാഗത്തുനിന്ന് വലിയ ഭീഷണി നേരിടേണ്ടി വന്നു. ദിവാൻ സർ സി.പിയുടെ കിരാതഭരണത്തിനെതിരെ ആലപ്പുഴയിലെ തൊഴിലാളികളെ സംഘടിപ്പിച്ചു. പാർട്ടി സഖാക്കളുടെ നേതൃത്വത്തിൽ പുന്നപ്രയിൽ സമരം ഇരമ്പി. സി.പിയുടെ പട്ടാളവും പോലീസും വാരിക്കുന്തമേന്തിയെത്തിയെത്തിയ പുന്നപ്രയിലെ സമരപോരാളികളെ തോക്കുകൊണ്ടാണ് നേരിട്ടത്. നിരവധി പേർ പുന്നപ്രയിൽ രക്തസാക്ഷികളായി. ആ ഘട്ടത്തിൽ വി.എസിന് ഒളിവിൽ പോവേണ്ടിവന്നു. പൂഞ്ഞാറിൽ ഒരു ബീഡിത്തൊഴിലാളിയുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന വി.എസിനെ സർ സി.പിയുടെ ആജ്ഞയനുസരിച്ച് പട്ടാളം കണ്ടെത്തി. കിട്ടിയപാടെ വി.എസിനെ വളഞ്ഞിട്ട് തല്ലി. ജയിലിലിട്ട് തല്ലിച്ചതച്ചു.

“ജയിലഴികളിലൂടെ കാലുകൾ പുറത്തേക്കിട്ട് വിലങ്ങനെ ലാത്തി വെച്ച് കെട്ടി കാലുകളിൽ ലാത്തി കൊണ്ടും കാൽപാദത്തിൽ ചൂരൽ കൊണ്ടും തല്ലി. ഒരു പോലീസുകാരൻ കാൽവണ്ണയിൽ ബയണറ്റ് കുത്തിയിറക്കി. കാലിൻെറ മറുഭാഗത്തേക്ക് ബയണറ്റ് തുളഞ്ഞുകയറി. ജയിലിലാകെ ചോരപ്രളയം. തനിക്ക് അപ്പോഴേക്കും ബോധം പോയെന്ന് സമരം തന്നെ ജീവിതമെന്ന വി.എസിൻെറ ജീവചരിത്രത്തിൽ പറയുന്നുണ്ട്. ബോധം പോയ വി.എസ് മരിച്ചുവെന്ന് പോലീസുകാർ കരുതി. ശരീരം കാട്ടിലുപേക്ഷിക്കാൻ കളവുകേസിൽ പ്രതിയായിരുന്ന ഒരു വ്യക്തിയെയാണ് പോലീസുകാർ ഏൽപ്പിച്ചത്. ജീപ്പിൽ കാട്ടിലേക്ക് ശരീരം കൊണ്ടുപോകവേ വി.എസിന് ബോധമുണ്ടെന്ന് അയാൾക്ക് മനസ്സിലായി. അങ്ങനെയാണ് വി.എസിനെ രക്ഷിക്കുന്നത്. ഏറെക്കാലം ചികിത്സയിൽ കഴിഞ്ഞു. നാളുകളെടുത്താണ് വീണ്ടും വി.എസിന് തൻെറ കാലുകൾ മണ്ണിലുറപ്പിച്ച് കുത്താനായത്. എന്നാൽ ആ കുത്തിയ കാലുകളുമായി അദ്ദേഹം വീണ്ടും പോരാട്ടത്തിനുള്ള ഊർജ്ജവുമായി കേരളത്തിൻെറ സമരമുഖത്തെത്തി.
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി 1964-ൽ പിളർന്ന് സി.പി.ഐ- എം രൂപീകരിക്കുമ്പോൾ അതിൻെറ മുൻനിരയിൽ ഇറങ്ങിപ്പുറപ്പെട്ട 32 പേരിൽ ഒരാളായി വി.എസ് ഉണ്ടായിരുന്നു. പിന്നീട് സിപിഐഎം ഇന്ത്യയിലെ ഏറ്റവും അടിത്തറയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയായി വളർന്നപ്പോൾ അതിൻെറ ഏറ്റവും ജനകീയനായ നേതാവായി മാറി. പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായാണ് സിപിഐഎമ്മിൽ തുടക്കം. 1965-ൽ അമ്പലപ്പുഴയിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും തോറ്റു. 1967-ലാണ് ആദ്യം തോറ്റ അതേ അമ്പലപ്പുഴയിൽ നിന്ന് വിജയിച്ച് ആദ്യമായി കേരളനിയമസഭയിലെത്തുന്നത്. പിന്നീട് മാരാരിക്കുളത്ത് നിന്നും മലമ്പുഴയിൽ നിന്നും ജയിച്ച് എം.എൽ.എ ആയിട്ടുണ്ട്. അമ്പലപ്പുഴയ്ക്ക് പുറമേ 1996-ൽ മാരാരിക്കുളത്തും വി.എസ് തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ചിട്ടുണ്ട്. ആകെ മത്സരിച്ചത് 10 തെരഞ്ഞെടുപ്പുകളിൽ. മാരാരിക്കുളത്തെ വി.എസിൻെറ തോൽവി കേരളരാഷ്ട്രീയ ചരിത്രത്തിലെ സംഭവബഹുലമായ തോൽവികളിലൊന്നാണ്. 1991 മുതൽ പ്രതിപക്ഷ നേതാവായിരുന്ന വി.എസാണ് പാർട്ടിയെ ആ നിയമസഭാ തെരഞ്ഞെടുപ്പിൽ നയിച്ചിരുന്നത്. ജയിച്ചാൽ ഉറപ്പായും മുഖ്യമന്ത്രി പദത്തിലേക്ക്. പുന്നപ്ര വയലാർ സമരനായകന് മാരാരിക്കുളം പോലെ ചുവന്ന മണ്ണിൽ നിന്ന് ഒരു തോൽവി ആരും പ്രതീക്ഷിച്ചിരുന്നതല്ല. അരൂരിൽ തുടർച്ചയായി തോറ്റ കോൺഗ്രസ് നേതാവ് പി.ജെ. ഫ്രാൻസിസ് അവിടെ ജയിക്കുമെന്നും ആരും കരുതിയതല്ല. എന്നാൽ അതാണ് സംഭവിച്ചത്. പാർട്ടി ജയിച്ചപ്പോൾ വി.എസ് തോറ്റു. പിന്നീട് പത്ത് വർഷങ്ങൾക്ക് ശേഷം 2006-ൽ മലമ്പുഴയിൽ നിന്ന് വിജയിച്ചപ്പോഴാണ് വി.എസ്. ആദ്യമായി കേരളത്തിൻെറ മുഖ്യമന്ത്രിയാവുന്നത്.

മൂന്ന് ടേമുകളിലായി 14 വർഷം പ്രതിപക്ഷനേതാവായി പ്രവർത്തിച്ച കാലത്തു നടത്തിയ പ്രക്ഷോഭാത്മക പ്രവർത്തനങ്ങളാണ് വി. എസിന് കേരള സമൂഹത്തിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തത്. പ്രതിപക്ഷ നേതാവ് എന്ന പാർലിമെന്ററി പദവിയെ അദ്ദേഹം മുമ്പൊന്നും കാണാത്ത വിധത്തിൽ പുതിയ മാനങ്ങൾ നൽകി വികസിപ്പിച്ചു. കേരളമൊട്ടുക്കും പ്രത്യക്ഷപ്പെട്ട് ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയും പുതിയ സമരങ്ങൾ വികസിപ്പിച്ചും അതുവരെ അറിയപ്പെടാതിരുന്ന മേഖലകളിൽ സമരമുഖങ്ങൾ തുറന്നും അദ്ദേഹം സി.പി.ഐ- എം എന്ന പാർട്ടിയ്ക്കും എൽ.ഡി.എഫ് എന്ന കക്ഷിരാഷ്ട്രീയ മുന്നണിക്കും അപ്പുറം ജനസമൂഹത്തിന്റെ മൊത്തം നേതാവായിത്തീർന്നു. തൊഴിലാളികൾക്കിടയിലും കർഷകർക്കിടയിലും ബുദ്ധിജീവികൾക്കിടയിലും ഒരുപോലെ സഖാവായി. മതികെട്ടാൻ പ്രശ്നം, പ്ലാച്ചിമട പ്രശ്നം, പൂയംകുട്ടി, മറയൂർ, മൂന്നാർ, കിളിരൂർ പെൺവാണിഭ കേസ്, മുൻമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭ കേസ്, ഗ്രാഫൈറ്റ് കേസ്, ഇടമലയാർ കേസ് മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്നനയം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗത്തെ അസ്വസ്ഥമാക്കിയെങ്കിലും പൊതുജനങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചു.
1980 മുതൽ 1991 വരെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച വി.എസ് സംഘടനാ പ്രവർത്തനങ്ങളിൽ കർക്കശക്കാരനായിരുന്നു. തികഞ്ഞ സംഘടനാ മാർക്‌സിസ്റ്റായി പ്രവർത്തിക്കുമ്പോഴും സ്വന്തം നേതൃപാടവവും സംഘടനാ ശേഷിയും കൊണ്ട് പാർട്ടിയുടെ കേന്ദ്രതലം വരെ അദ്ദേഹം ഉയർന്നു. 1996-ൽ മാരാരിക്കുളത്ത് തനിക്കേറ്റ തോൽവി വി.എസിന് മാനസികമായും പാർട്ടിയിലും വലിയ തിരിച്ചടിയായിരുന്നു. എം.എം. ലോറൻസ് ഉൾപ്പെട്ട സി.ഐ.ടി.യു വിഭാഗത്തോടായിരുന്നു വലിയ എതിർപ്പ്. 1998 പാലക്കാട് സമ്മേളനമാണ് വി.എസിൻെറ വെട്ടിനിരത്തൽ കൊണ്ട് വിവാദമായത്. സിഐടിയു പക്ഷത്തിനെതിരെ വി.എസ് നിർദ്ദേശിച്ച നേതാക്കൾ വിജയിച്ച് പാർട്ടി പിടിച്ചു. അക്കാലത്ത് വി.എസിനൊപ്പം നിലയുറപ്പിച്ചിരുന്ന പിണറായി വിജയൻ പിന്നീട് പാർട്ടി വിഭാഗീയതയിൽ വി.എസിൻെറ മറുപക്ഷത്ത് നിന്നത് മറ്റൊരു ചരിത്രം. വിഎസും പിണറായിയും ഇരുപക്ഷത്ത് നിന്ന് പരസ്യമായി പോരടിച്ചതും ഒടുവിൽ ഇരുവർക്കുമെതിരെ പാർട്ടി നടപടി വന്നതുമെല്ലാം സമീപകാല രാഷ്ട്രീയ ചരിത്രമാണ്. വിഭാഗീയതയുടെ തടസ്സങ്ങൾ അതിജീവിച്ച് 2006- ൽ മുഖ്യമന്ത്രിയായതോടെ പാർട്ടിക്കുള്ളിൽ മാത്രമല്ല ഭരണത്തിനുള്ളിലും സമരം നടത്താൻ വി.എസ് നിർബന്ധിതനായി. പാർട്ടി ലൈനിൽ മുഖ്യമന്ത്രിയെ നിർത്താൻ പലതലത്തിലും സംവിധാനങ്ങൾ പാർട്ടി ഏർപ്പെടുത്തി. തന്റേതായ വീക്ഷണത്തോടെ മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴൊക്കെയും പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിൽ അതിന് തടയിട്ടു. അപ്പോഴും പിന്നീടും വി.എസ് തന്റെ ഉൾരാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാവുന്നത്ര ശ്രമിച്ചു. ജനകീയരാഷ്ട്രീയത്തിന്റെ ചുവന്ന അടയാളങ്ങൾ അവശേഷിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് പിന്നീടുള്ള ഒരു പതിറ്റാണ്ട് കേരള ജനത സാക്ഷ്യം വഹിച്ചത്.
2006-ലും 2011-ലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ പാർട്ടിയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നുതന്നെ ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും പ്രതിഷേധമുയർന്നതിനെത്തുടർന്ന് പാർട്ടി അദ്ദേഹത്തെ മത്സരരംഗത്തിറക്കുകയായിരുന്നു. 2006-ൽ വി.എസ് മുഖ്യമന്ത്രിയായി. 2011-ൽ പാർട്ടി വിജയത്തോടടുത്ത തോൽവിയാണ് അറിഞ്ഞത്. എസ്.എൻ.സി. ലാവ്‌ലിൻ കേസിലും 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ സി.പി.എം പി.ഡി.പിയുമായി ഉണ്ടാക്കിയ നീക്കുപോക്കിന്റെ കാര്യത്തിലും പാർട്ടിയുടെ ഔദ്യോഗികനിലപാടിനെതിരായ നിലപാടാണ് വി.എസ്. അച്യുതാനന്ദൻ എടുത്തത്.
വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്തും നിലപാടുകളിലെ കാർക്കശ്യം തന്നെയായിരുന്നു സവിശേഷമായത്. കണ്ടൽക്കാടുകളും നീർത്തടങ്ങളും നശിപ്പിച്ച് വളന്തക്കാട് കെട്ടിപ്പൊക്കാനുദ്ദേശിച്ച ശോഭ സിറ്റി, സലാർപുരിയ പദ്ധതി എന്നിങ്ങനെ നിരവധി പദ്ധതികൾ വികസനമല്ലെന്ന നിലപാടിൽ പാറപോലെ ഉറച്ചുനിന്ന മുഖ്യമന്ത്രി പാർലമെന്ററി ജനാധിപത്യത്തിൽ അത്ഭുതമായിരുന്നു. ഒരു ഘട്ടത്തിൽ, വികസനവിരുദ്ധൻ എന്ന പട്ടംപോലും വി.എസിൽ ചാർത്തപ്പെട്ടു. പാരിസ്ഥിതിക സന്തുലനം തകർത്ത്, വികസനമാത്ര വാദവുമായി കേരളത്തിലെത്തിയ ആറ് മഹാപദ്ധതികൾ വി.എസ് തടഞ്ഞുവെച്ചു. കാർഷിക വിപ്ലവത്തെക്കുറിച്ചും, കാർഷിക വിപ്ലവം അച്ചുതണ്ടായ ജനകീയ ജനാധിപത്യ വിപ്ലവത്തെക്കുറിച്ചും നിരന്തരം സംസാരിക്കുക മാത്രമല്ല, നെൽവയൽ തണ്ണീർത്തട സംരക്ഷണത്തിന് നിയമമുണ്ടാക്കുകയും ചെയ്തു, വി.എസ് സർക്കാർ. സ്വകാര്യ ലോട്ടറി മാഫിയയുടെ നീരാളിപ്പിടുത്തത്തിൽനിന്ന് കേരളത്തെ മോചിപ്പിച്ചതും ശ്രമകരമായ പോരാട്ടങ്ങളിലൂടെയായിരുന്നു.
മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും, അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റാനും രൂപീകരിക്കപ്പെട്ട പ്രത്യേക ദൗത്യസേനയുടെ കടിഞ്ഞാൺ കയ്യിലെടുത്തപ്പോൾ, പൊതുജനങ്ങളും കോടതികളും മാധ്യമങ്ങളും നൽകിയ ആവേശകരമായ പിന്തുണ തന്നെ ആ നിലപാടിന്റെ രാഷ്ട്രീയശരി ബോദ്ധ്യപ്പെടുത്തി. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളെക്കുറിച്ച് വി.എസിന് അൽപ്പം വേറിട്ട നിലപാടുകളുണ്ടായിരുന്നു. അതദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
എൻ. സുബ്രഹ്‌മണ്യനുമായി നടത്തിയ ഒരഭിമുഖത്തിൽ വി.എസ് പറഞ്ഞു: "പാരിസ്ഥിതിക സുസ്ഥിതിയുടെ പുനഃസ്ഥാപനമല്ല, വികസനത്തെക്കുറിച്ച് ഒരു നവീന കാഴ്ചപ്പാടാണ് വേണ്ടത്. ഞാൻ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമാണത്. എന്താണ് നാം വികസിപ്പിക്കാൻ ശ്രമിക്കുന്നത്? മണ്ണും കല്ലും സിമന്റും ഉപയോഗിച്ച് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും വികസനം എന്ന് വിളിക്കാനാവില്ല. പരിസ്ഥിതിയെ കണക്കിലെടുത്തുകൊണ്ട് ശാസ്ത്രീയമായി ഉൽപ്പാദന വ്യവസ്ഥ പുനഃസംഘടിപ്പിച്ചേ തീരൂ. അങ്ങനെ പുനർനിർമിക്കപ്പെട്ട ഉത്പാദന വ്യവസ്ഥയുമായി പൊരുത്തപ്പെടുന്നതാവണം, നമ്മുടെ ആവാസവ്യവസ്ഥ. സംസ്ഥാനത്തെ എല്ലാ നിർമാണ പ്രവർത്തനങ്ങളും പാരിസ്ഥിതിക അച്ചടക്കവും ഉൽപ്പാദനവ്യവസ്ഥയുടെ അച്ചടക്കവും പാലിക്കുന്നുണ്ട് എന്നുറപ്പാക്കാനുള്ള ബാദ്ധ്യത ഭരണകൂടത്തിനുണ്ട്.'
ഒരു കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ, സാമൂഹ്യ ഉൽപ്പാദന ബന്ധങ്ങളെയും പ്രകൃതിയെയും രണ്ടായി കണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്താനാവില്ല എന്ന് വി.എസ് പറഞ്ഞിട്ടുണ്ട്. ഇതായിരുന്നു, വി.എസിന്റെ പാരിസ്ഥിതിക ജാഗ്രത. ഭൂമി അടിസ്ഥാനപരമായി ഒരു ഉൽപ്പാദനോപാധിയാണെന്നും, അതിന്റെ ഉപയോഗമെന്നാൽ പകരംവെക്കാനാവാത്ത ഉൽപ്പാദനമാണെന്നും, അത് മൂല്യം ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും, അതിലൂടെ ഭൂമിക്ക് വിനിമയമൂല്യമുണ്ടാവുമെന്നും ഉള്ള ബോദ്ധ്യമുള്ളതുകൊണ്ടാവണം, വി.എസ് വെട്ടിനിരത്തലുകാരനായതും, മാധവ് ഗാഡ്ഗിലിനെ പിന്തുണച്ചതും, മൂന്നാർ ഓപ്പറേഷന്റെ ചുക്കാൻ ഏറ്റെടുത്തതുമെല്ലാം.

അഴിമതിവിരുദ്ധപോരാട്ടത്തിലെ നീക്കുപോക്കുകളില്ലാത്ത വി.എസിൻെറ സമീപനം പൊതുസമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പു യോഗങ്ങളിൽ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ രാഷ്ട്രീയത്തിനതീതമായി ജനം ഒഴുകിയെത്തി. തൊഴിലാളികൾക്ക് പാർട്ടി ക്ലാസ് എടുക്കാനായി പ്രസംഗിച്ച് പരുവപ്പെടുത്തിയ ആറ്റിക്കുറുക്കിയ വി.എസിൻെറ പ്രസംഗശൈലി ഒരു കാലത്ത് രാഷ്ട്രീയകേരളത്തിൻെറ കരുത്തുറ്റ ശബ്ദമായിരുന്നു.
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാരണവന്മാരിലെ അവസാനകണ്ണികളിൽ ഒരാളാണ് വി.എസ്. ആ രണ്ടക്ഷരത്തിൽ സംഭവബഹുലവും സ്‌ഫോടനാത്മകവും വിപ്ലവകരവുമായ ഒരു മഹാകാലം ആർത്തലയ്ക്കുന്നു. സഖാവ് വി.എസ് അച്യുതാനന്ദൻ കേരളത്തിന്റെ രാഷ്ട്രീയ മനഃസ്സാക്ഷിയാവുന്നു. പാർശ്വവ്തകരിക്കപ്പെടുന്ന വ്യക്തികളോടും അരികുവത്കരിക്കപ്പെടുന്ന സത്യത്തോടും ഒപ്പമാണ് എന്നും അദ്ദേഹം നിലകൊണ്ടത്. മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഓരോ മലയാളിയ്ക്കും വി.എസ് വ്യത്യസ്തമായ ഒരു അനുഭവമാണ്. കേരളത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി അദ്ദേഹം ജനകീയനായത് ഒരു സമരപോരാളി എന്ന നിലയിലാണ്. ഇടതുപക്ഷം എന്ന നിലയിൽ നാം അഭിമുഖീകരിക്കുകയും എതിരിടുകയും ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളിൽ ഇടപെടുകയും ആ സമരങ്ങൾ ഏറ്റെടുത്ത് മുന്നിൽ നിന്ന് നയിക്കുകയും അവ വലിയ വിജയമാക്കുകയും ചെയ്തു. അഴിമതിയ്‌ക്കെതിരെ മുഖംനോക്കാതെ പോരാടിയ വി.എസ്, പരിസ്ഥിതിയ്ക്കുവേണ്ടി, ദലിതർക്കുവേണ്ടി, സ്ത്രീകൾക്കുവേണ്ടി, നിരാലംബർക്കും കുടിയിറക്കപ്പെടുന്നവർക്കുംവേണ്ടി നിലകൊണ്ടു.
(കടപ്പാട്: പ്രഭാഹരൻ കെ. മൂന്നാർ, എൻ. വി. ബാലകൃഷ്ണൻ, വി.എസ്. സുനിൽകുമാർ, വി.കെ.ബാബു, വി.കെ. ശശിധരൻ എന്നിവർ ട്രൂകോപ്പി തിങ്കിൽ എഴുതിയ ലേഖനങ്ങൾ)
