കൊട്ടാരത്തിൽ നിന്ന്
പാർലമെന്റിലേക്ക്:
രാഷ്ട്രീയം എന്ന
പ്രൊഫഷന്റെ ഉദയം

ഭരണപ്പാർട്ടിയുടെ ഭരണകൂട അധിനിവേശങ്ങൾ: അശോകകുമാർ വി. എഴുതുന്ന ലേഖനപരമ്പര തുടരുന്നു.

ഭരണപ്പാർട്ടിയുടെ
ഭരണകൂട അധിനിവേശങ്ങൾ:
ഭാഗം മൂന്ന്;
അധ്യായം നാല്:

▮

രാഷ്ട്രീയം മനുഷ്യസമൂഹത്തിന്റെ ഭാഗമായിട്ട് നൂറ്റാണ്ടുകളായി. രാജാക്കന്മാർ, പ്രഭുക്കന്മാർ, മതാധികാരികൾ, സൈനികമേധാവികൾ, ഭരണകർത്താക്കൾ എന്നിവർ അധികാരം പ്രയോഗിക്കുകയും ഭരണകാര്യങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ ഇടപെടുക എന്നതും രാഷ്ട്രീയം ഒരു പ്രൊഫഷനായി മാറുക എന്നതും ഒരേ കാര്യമല്ല.

മധ്യകാല യൂറോപ്പിൽ രാജാവിന്റെ ഉപദേശകനായിരുന്ന ഒരാൾക്ക് രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുണ്ടായിരിക്കാം. എന്നാൽ ആ സ്വാധീനം പലപ്പോഴും അദ്ദേഹത്തിന്റെ പ്രഭുകുടുംബ പശ്ചാത്തലം, മതപരമായ സ്ഥാനം, രാജാവുമായുള്ള വ്യക്തിബന്ധം, അല്ലെങ്കിൽ പാരമ്പര്യമായി ലഭിച്ച അധികാരം എന്നിവയിൽ നിന്നാണ് വന്നത്. അയാളുടെ പ്രധാന സാമൂഹിക സ്വത്വം ഒരു രാഷ്ട്രീയ പ്രൊഫഷണലിന്റേതായിരുന്നില്ല. രാഷ്ട്രീയ ഇടപെടൽ അദ്ദേഹത്തിന്റെ മറ്റൊരു സാമൂഹിക സ്ഥാനത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ആധുനിക രാഷ്ട്രീയത്തിന്റെ വികാസത്തോടെ ഒരു പുതിയ സാഹചര്യം രൂപപ്പെട്ടു. രാഷ്ട്രീയാധികാരം നേടുന്നതിനും നിലനിർത്തുന്നതിനും പ്രത്യേകമായ അറിവും കഴിവും സംഘടനാപരമായ പ്രവർത്തനങ്ങളും മത്സരങ്ങളും ആവശ്യമായി വന്നു. അങ്ങനെ രാഷ്ട്രീയം ക്രമേണ ഒരു പ്രത്യേക പ്രവർത്തനമേഖലയായി മാറി.

രാഷ്ട്രീയം ഒരു പ്രൊഫഷനായി മാറുന്നതിനു കാരണമായ ചരിത്രസാഹചര്യങ്ങളെ പരിശോധിക്കാം. അതിൽ ഒന്നാമത്, രാഷ്ട്രീയചിന്തയിൽ സംഭവിച്ച മാറ്റമാണ്. ഒരു ജ്ഞാനമേഖല എന്ന നിലയിൽ രാഷ്ട്രീയം കൈവരിച്ച സ്വതന്ത്രമായ അസ്തിത്വത്തെ പരിശോധിക്കുന്നു ഇവിടെ. രണ്ടാമത്തേതാകട്ടെ, രാഷ്ട്രീയചിന്തയിൽ സംഭവിച്ച മാറ്റത്തോടൊപ്പം രാഷ്ട്രീയാധികാരത്തിൽ സംഭവിച്ച പരിവർത്തനങ്ങളാണ്. അധികാരത്തിൻ്റെ രൂപമാറ്റവും രാഷ്ട്രീയചിന്തയും തമ്മിലുള്ള ബന്ധം പരസ്പര പോഷകമാണ്. മൂന്നാമത്തേത് രാഷ്ട്രീയചിന്ത, രാഷ്ട്രീയാധികാരം ഇവ ചേർന്നു രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ സംഘാടനത്തിൽ വരുത്തിയ വ്യത്യാസങ്ങളാണ്. അതിലൂടെ രാഷ്ട്രീയം മത്സരാത്മകമായ പ്രവർത്തനമേഖലയായി വളരുകയും ഈ മേഖലയിൽ പ്രൊഫഷണൽ രാഷ്ട്രീയവർഗ്ഗം രൂപപ്പെടുകയും ചെയ്തു.

ആധുനികകാലത്ത് അധികാരം കൂടുതൽ സങ്കീർണമായ മത്സരങ്ങളിലൂടെയും സ്ഥാപനപരമായ സംവിധാനങ്ങളിലൂടെയും കരസ്ഥമാക്കേണ്ടതായി വന്നു. പാർലമെന്റ്, തിരഞ്ഞെടുപ്പ്, രാഷ്ട്രീയപ്പാർട്ടികൾ, പൊതുജനാഭിപ്രായം, ഭരണപരമായ സംവിധാനങ്ങൾ എന്നിവ ഈ മത്സരത്തെ കൂടുതൽ സംഘടിതവും സുസ്ഥിരവുമാക്കി.

ദൈവശാസ്ത്രത്തെ
ഉപേക്ഷിക്കുന്ന രാഷ്ട്രതന്ത്രം

പരമ്പരാഗത യൂറോപ്യൻ രാഷ്ട്രീയചിന്ത പ്രധാനമായും ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെയും ധാർമ്മികദർശനത്തിന്റെയും ചട്ടക്കൂടിനുള്ളിലാണ് വികസിച്ചു വന്നത്. റോമാസാമ്രാജ്യത്തിന്റെ രാഷ്ട്രീയാധികാരവും ക്രൈസ്തവ വിശ്വാസവും തമ്മിലുള്ള ബന്ധം, ഭരണാധികാരികളോടുള്ള വിശ്വാസികളുടെ ബാധ്യത, നീതിയുക്തമായ ഭരണത്തിന്റെ ധാർമ്മികമായ അടിത്തറ, ആത്മീയാധികാരവും ഭൗതികാധികാരവും തമ്മിലുള്ള ബന്ധം എന്നിവയായിരുന്നു ക്രൈസ്തവ രാഷ്ട്രീയ ചിന്തയിലെ പ്രധാന ചർച്ചാവിഷയങ്ങൾ. എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ സെയ്ൻ്റ് അഗസ്റ്റിൻ എഴുതിയ The City of God ഈ ചിന്താപാരമ്പര്യത്തിലെ സുപ്രധാന കൃതിയാണ്.

മനുഷ്യന്റെ പാപാവസ്ഥയും ഐഹികജീവിതത്തിന്റെ പരിമിതികളും മുൻനിർത്തി സെയ്ൻ്റ് അഗസ്റ്റിൻ രാഷ്ട്രീയസമൂഹത്തെയും ഭരണകൂടത്തെയും വിശകലനം ചെയ്തു. അഗസ്റ്റിന്റെ കാഴ്ചപ്പാടിൽ ലൗകികമായ രാജ്യവും ഭരണകൂടവും മനുഷ്യന്റെ ധാർമ്മികമായ അപൂർണത മൂലം വരുന്ന പ്രതിസന്ധികളിൽ സമാധാനവും ക്രമവും നിലനിർത്തുന്നതിനു ആവശ്യമായ സ്ഥാപനങ്ങളായിരുന്നു. അതിനാൽ രാഷ്ട്രീയാധികാരത്തിന് സ്വതന്ത്രമായ ഒരു ധാർമ്മികലക്ഷ്യമില്ല; അത് ദൈവനീതിയുടെയും മനുഷ്യന്റെ ആത്മീയമായ അന്തിമലക്ഷ്യത്തിന്റെയും കീഴിലാണ് വിലയിരുത്തപ്പെടേണ്ടത്.

എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ സെയ്ൻ്റ് അഗസ്റ്റിൻ എഴുതിയ The City of God മനുഷ്യന്റെ പാപാവസ്ഥയും ഐഹികജീവിതത്തിന്റെ പരിമിതികളും മുൻനിർത്തി സെയ്ൻ്റ് അഗസ്റ്റിൻ രാഷ്ട്രീയസമൂഹത്തെയും ഭരണകൂടത്തെയും വിശകലനം ചെയ്തു.
എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ സെയ്ൻ്റ് അഗസ്റ്റിൻ എഴുതിയ The City of God മനുഷ്യന്റെ പാപാവസ്ഥയും ഐഹികജീവിതത്തിന്റെ പരിമിതികളും മുൻനിർത്തി സെയ്ൻ്റ് അഗസ്റ്റിൻ രാഷ്ട്രീയസമൂഹത്തെയും ഭരണകൂടത്തെയും വിശകലനം ചെയ്തു.

മധ്യകാല ഭരണം ധാർമ്മികതയുടെയും ദൈവശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലായിരുന്നെങ്കിലും, അത് ആധുനിക അർത്ഥത്തിലുള്ള ക്ഷേമഭരണമായി നമ്മൾ കരുതേണ്ടതില്ല. അതിനെ അങ്ങനെ വിളിക്കുന്നത് അത് സമാധാനപരമോ മനുഷ്യത്വപരമോ ആയിരുന്നു എന്നതുകൊണ്ടല്ല; മറിച്ച്, അധികാരം, യുദ്ധം, അടിമപ്പെടുത്തൽ എന്നിവയെ വിശദീകരിക്കാനും ന്യായീകരിക്കാനും ഉപയോഗിച്ചിരുന്ന പ്രധാന ഭാഷ ദൈവശാസ്ത്രവും ധാർമ്മികതയുമായിരുന്നു എന്നതുകൊണ്ടാണ്. കുരിശുയുദ്ധങ്ങളിൽ ഇത് കൂടുതൽ ശക്തമായി: ക്രിസ്തീയസമൂഹത്തെ സംരക്ഷിക്കുക, അപരിഷ്കൃതരെ തിരികെ കൊണ്ടുവരിക, ദൈവനീതി നടപ്പിലാക്കുക എന്നിവ യുദ്ധത്തിന്റെ കാരണങ്ങളായി അവതരിപ്പിച്ചു.

എന്നാൽ, ക്രൈസ്തവ ദൈവശാസ്ത്രജ്ഞർ പരമ്പരാഗതമായി സമാധാനത്തിനും ക്രൈസ്തവ ധാർമ്മികതയ്ക്കും പ്രാധാന്യം നൽകിയിരുന്നതിനാൽ അക്രമത്തെയും യുദ്ധത്തെയും സംശയത്തോടെ വീക്ഷിക്കുന്ന പാരമ്പര്യവും അവർക്കുണ്ടായിരുന്നു. എങ്കിലും, മതപരമായ എതിരാളികൾക്കെതിരായ സൈനിക നീക്കങ്ങളെ മതാധികാരികൾ തന്നെ പ്രോത്സാഹിപ്പിക്കുകയും അവയ്ക്ക് ധാർമ്മികവും മതപരവുമായ ന്യായീകരണം നൽകുകയും ചെയ്തു. സമാധാനത്തിന്റെ മതമെന്ന നിലയിൽ സ്വയം അവതരിപ്പിച്ച ക്രൈസ്തവ സഭയ്ക്ക് സംഘടിതമായ യുദ്ധത്തെ എങ്ങനെയാണ് ന്യായീകരിക്കാൻ കഴിയുക എന്നതായിരുന്നു ഇതിലൂടെ ഉയർന്നുവന്ന അടിസ്ഥാനപരമായ വൈരുദ്ധ്യം.

രാഷ്ട്രീയസ്ഥാപനങ്ങളെയും ഭരണഘടനകളെയും അവയുടെ സ്വന്തം യുക്തിയുടെയും പ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നതിനുള്ള ബൗദ്ധികസാധ്യതകൾ അരിസ്റ്റോട്ടിൽ നൽകി.

ഈ പ്രതിസന്ധി കേവലം ദൈവശാസ്ത്രപരമായ ഒന്നായിരുന്നില്ല; അതിന് സ്ഥാപനപരവും രാഷ്ട്രീയവുമായ മാനങ്ങളും ഉണ്ടായിരുന്നു. സമാധാനത്തോടുള്ള മതപരമായ പ്രതിബദ്ധതയും സൈനിക അക്രമങ്ങൾക്ക് അംഗീകാരവും പ്രോത്സാഹനവും നൽകുന്ന രാഷ്ട്രീയ ഇടപെടലും തമ്മിൽ സഭയ്ക്ക് പൊരുത്തം കണ്ടെത്തേണ്ടിയിരുന്നുവെന്ന് ഫ്രെഡറിക് റസ്സൽ പറയുന്നുണ്ട് ("Just War”, by Frederick H. Russell, in The Cambridge History of Medieval Philosophy, edited by Robert Pasnau).

ഫ്രെഡറിക് റസ്സൽ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ശ്രദ്ധേയമായ കാര്യം, കുരിശുയുദ്ധങ്ങളെ (Crusades) സൂചിപ്പിക്കാൻ ആധുനിക കാലത്ത് പ്രചാരത്തിലുള്ളതു പോലെ വ്യക്തമായി നിർവ്വചിക്കപ്പെട്ട ഒരു പദം മധ്യകാല എഴുത്തുകാർക്ക് ഉണ്ടായിരുന്നില്ല എന്നതാണ്. ഈ ഭാഷാപരമായ അവ്യക്തത കേവലം പദപ്രയോഗത്തിന്റെ പ്രശ്നമായിരുന്നില്ല. മധ്യകാല ക്രൈസ്തവ രാഷ്ട്രീയചിന്തയിൽ കുരിശുയുദ്ധങ്ങളെ നിലവിലുണ്ടായിരുന്ന നീതിയുക്തമായ യുദ്ധത്തിന്റെ (Just War) സങ്കല്പങ്ങൾക്കുള്ളിൽ എങ്ങനെ ഉൾപ്പെടുത്തണം എന്നതിനെ കുറിച്ചുണ്ടായിരുന്ന ആശയക്കുഴപ്പങ്ങളെ അത് പ്രതിഫലിപ്പിച്ചു.

അരിസ്റ്റോട്ടിലും
രാഷ്ട്രീയ സമൂഹവും

13 -ാം നൂറ്റാണ്ടിൽ അരിസ്റ്റോട്ടിലിൻ്റെ "പൊളിറ്റിക്സ്" എന്ന കൃതിക്ക് ലാറ്റിൻ ഭാഷയിൽ വിവർത്തനം വന്നപ്പോൾ ക്രിസ്തീയ- രാഷ്ട്രീയചിന്ത ചില മാറ്റങ്ങൾക്കു വിധേയമായി. ദൈവദർശനങ്ങളുടെ നേരിട്ടുള്ള പിന്തുണയില്ലാതെ തന്നെ, മനുഷ്യന്റെ സാമൂഹികജീവിതത്തിന്റെ ഭാഗമായി രാഷ്ട്രീയ ജീവിതത്തെ മനസ്സിലാക്കാൻ അരിസ്റ്റോട്ടിൽ ചിന്ത വഴി തുറന്നു കൊടുത്തു. രാഷ്ട്രീയസ്ഥാപനങ്ങളെയും ഭരണഘടനകളെയും അവയുടെ സ്വന്തം യുക്തിയുടെയും പ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നതിനുള്ള ബൗദ്ധികസാധ്യതകൾ അരിസ്റ്റോട്ടിൽ നൽകിയെന്നു പറയാം.

അരിസ്റ്റോട്ടിലിന്റെ ഛായാചിത്രം. ദൈവദർശനങ്ങളുടെ നേരിട്ടുള്ള പിന്തുണയില്ലാതെ തന്നെ, മനുഷ്യന്റെ സാമൂഹികജീവിതത്തിന്റെ ഭാഗമായി രാഷ്ട്രീയ ജീവിതത്തെ മനസ്സിലാക്കാൻ അരിസ്റ്റോട്ടിൽ ചിന്ത വഴി തുറന്നു കൊടുത്തു.
അരിസ്റ്റോട്ടിലിന്റെ ഛായാചിത്രം. ദൈവദർശനങ്ങളുടെ നേരിട്ടുള്ള പിന്തുണയില്ലാതെ തന്നെ, മനുഷ്യന്റെ സാമൂഹികജീവിതത്തിന്റെ ഭാഗമായി രാഷ്ട്രീയ ജീവിതത്തെ മനസ്സിലാക്കാൻ അരിസ്റ്റോട്ടിൽ ചിന്ത വഴി തുറന്നു കൊടുത്തു.

മനുഷ്യൻ ജന്മനാ ഒരു രാഷ്ട്രീയജീവിയാണെന്ന അരിസ്റ്റോട്ടിലിന്റെ നിരീക്ഷണം രാഷ്ട്രീയസമൂഹത്തെ മനുഷ്യജീവിതത്തിന്റെ അനിവാര്യമായ ഘടകമായി മനസ്സിലാക്കാൻ സഹായിച്ചു. ഈ പാരമ്പര്യത്തിൽ രാഷ്ട്രീയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ പൊതുനന്മ, നീതി, പൗരധർമ്മം, സ്വാതന്ത്ര്യം, സദ്ഭരണം എന്നിവയായിരുന്നു. രാഷ്ട്രീയം ഭരണാധികാരികളുടെ മാത്രം പ്രവർത്തനമല്ലെന്നും പൗരന്മാരുടെ സജീവമായ പങ്കാളിത്തത്തിലൂടെ സമൂഹത്തിന്റെ പൊതുനന്മ സാക്ഷാത്കരിക്കുന്ന പ്രവർത്തനമാണെന്നും കരുതപ്പെട്ടു (ഇവിടെ പൗരസമൂഹമെന്നത് പൊതുസമൂഹത്തിലെ ഒരു ന്യൂനപക്ഷത്തെ മാത്രമേ ഉൾക്കൊണ്ടിരുന്നുള്ളൂ എന്നതും പ്രത്യേകം ശ്രദ്ധിക്കണം).

വ്യക്തികളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള സംഘാടനം മാത്രമല്ല രാഷ്ട്രീയ സമൂഹം. വ്യക്തിപരമായ സന്തോഷവും സാമൂഹികമായ ക്ഷേമവും പരസ്പരബന്ധിതമാണ്. അതിനാൽ രാഷ്ട്രീയ നേതൃത്വത്തിൻ്റെ ലക്ഷ്യം സമൂഹത്തിൻ്റെ പൊതുവായ നന്മയായിരിക്കണം. എന്നാൽ, രാഷ്ട്രീയ സംഘാടനത്തിൻ്റെ ലക്ഷ്യം പൊതുനന്മയാകണമെന്ന അരിസ്റ്റോട്ടിൽ തത്ത്വം ക്രിസ്തീയ - ഭരണ പാരമ്പര്യത്തിലും പ്രധാനമായിരുന്നുവെന്ന് കെംപ്ഷാൾ പറയുന്നുണ്ട് (M. S. Kempshall, The Common Good in Late Medieval Political Thought). അരിസ്റ്റോട്ടിലിനു മുമ്പുതന്നെ ക്രിസ്തീയ ദൈവശാസ്ത്രത്തിൽ വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം, പൊതുനന്മ, ഭരണാധികാരിയുടെ ഉത്തരവാദിത്വം, അനീതിപരമായ അധികാരത്തോടുള്ള പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ ഗൗരവമായ ചർച്ചകൾ നിലനിന്നിരുന്നു.

പൗരത്വം, രാഷ്ട്രീയത്തിലെ പൗരസമൂഹത്തിൻ്റെ പങ്കാളിത്തം, സ്വേച്ഛാധിപത്യ അധികാരത്തിനെതിരെ ഭരണത്തെ പൊതുവിഷയമാക്കുന്ന കാഴ്ചപ്പാട് എന്നിവ പരമ്പരാഗത യൂറോപ്യൻ രാഷ്ട്രീയ ചിന്തയിൽ വീണ്ടുവിചാരത്തിനു കളമൊരുക്കി.

എങ്കിലും, പൊതുനന്മക്ക് ദൈവശാസ്ത്രപരമായ പിൻബലമില്ലാതെ തന്നെ സാമൂഹികമായ പ്രാധാന്യം കൊടുക്കാൻ അരിസ്റ്റോട്ടിൽ കൃതികൾ ഉപകരിച്ചു. അരിസ്റ്റോട്ടിലിന്റെ പ്രാധാന്യം പുതിയ രാഷ്ട്രീയപ്രശ്നങ്ങൾ സൃഷ്ടിച്ചു എന്നതിലല്ല; നിലവിലുണ്ടായിരുന്ന രാഷ്ട്രീയ- ധാർമ്മിക പ്രശ്നങ്ങളെ കൂടുതൽ വ്യവസ്ഥാപിതവും യുക്തിസഹവുമായ ദാർശനിക ചട്ടക്കൂടിലൂടെ വിശകലനം ചെയ്യാൻ അദ്ദേഹം മധ്യകാലചിന്തകർക്ക് പുതിയ ഉപകരണങ്ങൾ നൽകി എന്നതിലാണ്.

അരിസ്റ്റോട്ടിലിന്റെ കൃതി രാഷ്ട്രീയത്തിൻ്റെ ഭൗതികതലം തിരിച്ചറിയൻ മധ്യകാല യൂറോപ്യൻ ചിന്തകരെ സഹായിച്ചു. അവർ അരിസ്റ്റോട്ടിൽ ആശയങ്ങളെ ക്രിസ്തീയ ധാർമ്മിക പദ്ധതികളുമായി കൂട്ടിയിണക്കി. അദ്ദേഹത്തിന്റെ രാഷ്ട്രീയദർശനത്തിലെ ചില അടിസ്ഥാനാശയങ്ങൾ ക്രൈസ്തവ ചിന്തയിലേക്കു സംയോജിക്കപ്പെട്ടു. രാഷ്ട്രീയത്തിലെ മതധാർമ്മികതയും ദൈവനിശ്ചയവും നിഷേധിക്കാതെ തന്നെ തോമസ് അക്വിനാസിനെ (Thomas Aquinas) പോലുള്ളവർ അരിസ്റ്റോട്ടിൽ ആശയങ്ങളെ സ്വാംശീകരിച്ചു; ഭരണത്തിൻ്റെ ഭൗതികാടിത്തറയെ അംഗീകരിച്ചു. ഇതിലെ കാതലായ വശം രാഷ്ട്രീയത്തെ ഭരണാധികാരിയുടെ ദൈവേച്ഛ മാത്രമായി മനസ്സിലാക്കുന്ന പാരമ്പര്യത്തിൽ മാറ്റം വന്നു എന്നതാണ്. രാഷ്ട്രീയമെന്നത് സമൂഹത്തിലെ മൊത്തം മനുഷ്യർക്കും ബാധകമായതും, അവർക്കു കൂടി പങ്കാളിത്തമുള്ളതുമായ വിഷയമായി തിരിച്ചറിയപ്പെട്ടു. പൊതുനന്മയും നീതിയും പൗരപങ്കാളിത്തവും പൗരബോധവും രാഷ്ട്രീയ സംഘാടനവും ഭരണത്തിൽ ഒഴിവാക്കാനാവാത്തതാണെന്നു വന്നു.

അരിസ്റ്റോട്ടിലിന്റെ "പൊളിറ്റിക്സ്" എന്ന കൃതിയുടെ മാനുസ്ക്രിപ്റ്റ്. ഈ പുസ്തകം രാഷ്ട്രീയത്തിൻ്റെ ഭൗതികതലം  തിരിച്ചറിയൻ മധ്യകാല യൂറോപ്യൻ ചിന്തകരെ സഹായിച്ചു. അവർ അരിസ്റ്റോട്ടിൽ ആശയങ്ങളെ ക്രിസ്തീയ ധാർമ്മിക പദ്ധതികളുമായി കൂട്ടിയിണക്കി.
അരിസ്റ്റോട്ടിലിന്റെ "പൊളിറ്റിക്സ്" എന്ന കൃതിയുടെ മാനുസ്ക്രിപ്റ്റ്. ഈ പുസ്തകം രാഷ്ട്രീയത്തിൻ്റെ ഭൗതികതലം തിരിച്ചറിയൻ മധ്യകാല യൂറോപ്യൻ ചിന്തകരെ സഹായിച്ചു. അവർ അരിസ്റ്റോട്ടിൽ ആശയങ്ങളെ ക്രിസ്തീയ ധാർമ്മിക പദ്ധതികളുമായി കൂട്ടിയിണക്കി.

ക്രിസ്തീയ രാഷ്ട്രീയ ബോധ്യങ്ങളിലേക്കുള്ള അരിസ്റ്റോട്ടിൽ ആശയങ്ങളുടെ സമന്വയം പ്രാചീന ഗ്രീക്കു-റോമുകളിലെ റിപ്പബ്ലിക്കൻ ഭരണക്രമത്തിലേക്കു സഞ്ചരിക്കുന്നതിനുള്ള ചവിട്ടുപടിയായി പിന്നീട് യൂറോപ്യൻ നവോത്ഥാന രാഷ്ട്രീയ ചിന്തകർക്ക് ഉപകാരപ്പെടുന്നുണ്ട്. പൗരത്വം, രാഷ്ട്രീയത്തിലെ പൗരസമൂഹത്തിൻ്റെ പങ്കാളിത്തം, സ്വേച്ഛാധിപത്യ അധികാരത്തിനെതിരെ ഭരണത്തെ പൊതുവിഷയമാക്കുന്ന കാഴ്ചപ്പാട് എന്നിവ പരമ്പരാഗത യൂറോപ്യൻ രാഷ്ട്രീയ ചിന്തയിൽ വീണ്ടുവിചാരത്തിനു കളമൊരുക്കി. അതായത് രാഷ്ട്രീയമെന്നത് ദൈവശാസ്ത്രവുമായി ബന്ധപ്പെടാത്ത സ്വതന്ത്രമായ അസ്തിത്വമുള്ള ഒരു ജീവിത മേഖലയായി നവോത്ഥാന ചിന്തകർ മനസ്സിലാക്കി തുടങ്ങി. അധികാരത്തിൻ്റെ ഭൗതിക സഭ്വാവത്തിനു അവർ ഊന്നൽ നൽകി. അധികാരത്തിൻ്റെ മാനേജ്മെൻ്റും അധികാരത്തിനായുള്ള മത്സരവുമാണ് രാഷ്ട്രീയത്തിലെ കേന്ദ്രവിഷയം എന്ന കാഴ്ചപ്പാടിലേക്കുള്ള മാറ്റമായിരുന്നു ഇത്.

മാക്യവെല്ലി:
അധികാരത്തിൻ്റെ
സ്വതന്ത്രഭാഷ

മധ്യകാലഘട്ടത്തിൽ നിന്ന് ആധുനിക കാലത്തേക്കു വരുമ്പോൾ യൂറോപ്യൻ രാഷ്ട്രീയചിന്തയിൽ സംഭവിച്ച മാറ്റങ്ങളെപ്പറ്റി അമേരിക്കൻ- ഇറ്റാലിയൻ എഴുത്തുകാരനായ മൗറിസിയോ വിരോളി (Maurizio Viroli ) രചിച്ച കൃതിയാണ് From Politics to Reason of State: The Acquisition and Transformation of the Language of Politics (1250–1600). മധ്യകാലത്തിൻ്റെ അസ്തമയത്തിലും ആധുനിക ലോകത്തിൻ്റെ ഉദയത്തിലും യൂറോപ്യൻ രാഷ്ട്രീയചിന്തയിൽ വന്നുചേർന്ന ഭാഷാപരവും ആശയപരവുമായ പരിവർത്തനങ്ങളെയാണ് വിരോളി വിശകലനം ചെയ്യുന്നത്. മധ്യകാലഘട്ടം മുതൽ പതിനാറാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള കാലയളവിൽ രാഷ്ട്രീയത്തെ കുറിച്ചു മനുഷ്യരുടെ ധാരണയിൽ എന്തെന്തു മാറ്റങ്ങൾ വന്നുചേർന്നുവെന്നും, ആ മാറ്റം രാഷ്ട്രീയത്തിന്റെ ധാർമ്മികവും സാമൂഹികവുമായ അർത്ഥങ്ങളെ എങ്ങനെ പുനർനിർവ്വചിച്ചുവെന്നും അദ്ദേഹം പരിശോധിക്കുന്നു.

വിരോളി കാണിക്കുന്നത്, പൊതുനന്മയെയും രാഷ്ട്രീയസ്വാതന്ത്ര്യത്തെയും കേന്ദ്രമാക്കിയ രാഷ്ട്രീയഭാഷ ക്രമേണ ഭരണകൂടത്തിന്റെ സുരക്ഷയെയും അധികാരസംരക്ഷണത്തെയും കേന്ദ്രമാക്കിയ "reason of state" എന്ന ഭാഷയിലേക്കു മാറി എന്നതാണ്. ഈ പരിവർത്തനത്തിൽ മാക്യവെല്ലി നിർണായക ഘട്ടമായിരുന്നു. വിരോളിയുടെ വാദം മാക്യവെല്ലിയുടെ അധാർമ്മിക രാഷ്ട്രീയത്തിൻ്റെ ചരിത്രമല്ല; അത് പൊതുനന്മയെ കേന്ദ്രമാക്കിയ രാഷ്ട്രീയഭാഷ ഭരണകൂട-അധികാരസംരക്ഷണത്തിന്റെ ഭാഷയായി മാറിയ പ്രക്രിയയാണ്.

അമേരിക്കൻ- ഇറ്റാലിയൻ എഴുത്തുകാരനായ മൗറിസിയോ വിരോളി. മധ്യകാലഘട്ടം മുതൽ പതിനാറാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള കാലയളവിൽ രാഷ്ട്രീയത്തെ കുറിച്ചു മനുഷ്യരുടെ ധാരണയിൽ എന്തെന്തു മാറ്റങ്ങൾ വന്നുചേർന്നുവെന്ന് വിരോളി അന്വേഷിക്കുന്നുണ്ട്.
അമേരിക്കൻ- ഇറ്റാലിയൻ എഴുത്തുകാരനായ മൗറിസിയോ വിരോളി. മധ്യകാലഘട്ടം മുതൽ പതിനാറാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള കാലയളവിൽ രാഷ്ട്രീയത്തെ കുറിച്ചു മനുഷ്യരുടെ ധാരണയിൽ എന്തെന്തു മാറ്റങ്ങൾ വന്നുചേർന്നുവെന്ന് വിരോളി അന്വേഷിക്കുന്നുണ്ട്.

മതധാർമ്മികതയിൽ നിന്ന് രാഷ്ട്രയെത്തെ മാക്യവെല്ലി വിച്ഛേദിച്ചു എന്ന ലളിതവ്യാഖ്യാനത്തെ വിരോളി അംഗീകരിക്കുന്നില്ല. രണ്ടു ധാരകൾ മാക്യ വെല്ലിയിൽ കാണാനാവും. നീതിയിലും പൗരബോധത്തിലും സ്വാതന്ത്ര്യത്തിലും പൊതുക്ഷേമത്തിലും ഊന്നിയതാകണം ഭരണമെന്ന പരമ്പരാഗത സങ്കല്പമാണ് ഒന്ന്. അതോടൊപ്പം ഭരണകൂടത്തിൻ്റെ സുരക്ഷക്കും സുസ്ഥിതിക്കും ഇവ സാധ്യമാക്കുന്ന അധികാര പ്രയോഗത്തിനും കൂടി മാക്യവെല്ലി ഊന്നൽ നൽകി. അതായത്, പൊതുനന്മ സാധ്യമാക്കുന്ന റിപ്പബ്ലിക്കൻ ഭരണക്രമത്തിൻ്റെ ആവശ്യകതയിലേക്കും ഒപ്പം, ഈ ഭരണക്രമം നിലനിർത്തുന്നതിന് അനിവാര്യമായ അധികാരത്തിൻ്റെ സ്ഥാപനത്തിലേക്കും മാക്യവെല്ലി ശ്രദ്ധ ക്ഷണിച്ചു.

മാക്യവെല്ലിയുടെ മതത്തെക്കുറിച്ചുള്ള നിലപാടുകൾ വിവാദവിഷയമാണ്. മതത്തിന്റെ രാഷ്ട്രീയപ്രയോജനം അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു; അതേസമയം ക്രൈസ്തവമതത്തിന്റെ ചില ചരിത്രപരമായ വ്യാഖ്യാനങ്ങളെയും സ്ഥാപനരീതികളെയും അദ്ദേഹം വിമർശിച്ചു.

രാഷ്ട്രീയത്തെക്കുറിച്ചുള്ള ധാർമ്മികവാദപരമായ സിദ്ധാന്തത്തിന് നേർവിപരീതമായി, ഒരു ഭരണാധികാരിയുടെ യഥാർത്ഥ പരിഗണന അധികാരം നേടുകയും അത് നിലനിർത്തുകയും ചെയ്യുക എന്നതായിരിക്കണമെന്ന് മാക്യവെല്ലി വാദിക്കുന്നു. ധർമ്മാധർമ്മവിചാരത്തേക്കാൾ ഭരണകൂടത്തെ നിലനിർത്തുക (maintaining the state) എന്ന ആശയത്തിനാണ് അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെ, രാഷ്ട്രീയാധികാരത്തിന്റെ പ്രവർത്തന നിയമങ്ങൾ കണ്ടെത്തുകയും മറ്റുള്ളവരെ അവ പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് മാക്യവെല്ലിയുടെ ലക്ഷ്യം.

അക്രമത്തിന് തിയോളജി എതിരായതുകൊണ്ടല്ല രാഷ്ട്രീയം തിയോളജിയിൽ നിന്ന് വേർപ്പെടുത്തപ്പെട്ടത്. ആർക്കാണ് അക്രമത്തിന് ആഹ്വാനം ചെയ്യാനുള്ള അധികാരം- ഇതായിരുന്നു വിഷയം. അത് പോപ്പാണോ? അതോ രാജാവാണോ? അതല്ല രാഷ്ട്രീയ സമൂഹമാണോ? ഈ തർക്കത്തിലാണ് രാഷ്ട്രീയത്തിൽ അന്തിമാധികാരം മതനിരപേക്ഷമായി നിലകൊള്ളുന്നു എന്ന അവസ്ഥ വരുന്നത്. ഈ മാറ്റമാണ് രാഷ്ട്രീയത്തെ സ്വതന്ത്ര മേഖലയാക്കുന്നത്. ദൈവശാസ്ത്രം രാഷ്ട്രീയത്തെ മത- ധാർമ്മിക ചട്ടക്കൂടുകളിൽ പരിശോധിച്ചപ്പോൾ ഭരണകൂടത്തിൻ്റെ സ്ഥിരത, രാഷ്ട്രീയമായ ആവശ്യകത എന്നിവയെ മുൻനിർത്തി ഭരണ തീരുമാനങ്ങളെ മാക്യവെല്ലി വിലയിരുത്തി. എങ്ങനെ ഒരു നല്ല കൃസ്ത്യൻ ഭരണാധികാരിയെ സൃഷ്ടിക്കാമെന്നതല്ല, സുശക്തമായ ഭരണം എങ്ങനെ സംഘടിപ്പിക്കാമെന്നതായിരുന്നു മാക്യവെല്ലി അന്വേഷിച്ചത്. അതിനാൽ ദൈവശാസ്ത്രത്തെ മാത്രമല്ല പരമ്പരാഗത രാജഭരണത്തെയും അദ്ദേഹം നിരസിക്കുകയും റിപ്പബ്ലിക്കൻ ഭരണത്തെ പിന്തുണക്കുകയും ചെയ്തു.

സാമ്രാജ്യത്വ അധിനിവേശം രണ്ടു വിധത്തിലാകാമെന്നു മാക്യവെല്ലി പറയുന്നു. ഒന്ന്; അധിനിവേശം വഴി രാഷ്ട്രീയമായ ആധിപത്യം മറ്റൊരു ഭൂപ്രദേശത്തിനുമേൽ സ്ഥാപിക്കുന്നതാണ്. മറ്റേതാകട്ടെ, കീഴടക്കിയ പ്രദേശത്തെ നാട്ടുകാരെ കൂടി ഉന്മൂലനം ചെയ്യുന്നു.

കോളനിസാമ്രാജ്യത്വം:
പുതിയ മേച്ചിൽപ്പുറം

ഈ സന്ദർഭത്തിൽ മാക്യവെല്ലിയെ കുറിച്ചു മിഖായേൽ ഹോൺവിസ്റ്റിൻ്റെ (Mikael Hornqvist) പഠനം (Machiavelli and empire) പ്രസക്തമാണ്. മാക്യവെല്ലി, സ്വന്തം റിപ്പബ്ലിക്കായ ഫ്ലോറൻസിൻ്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു പരമപ്രാധാന്യം കൊടുത്തതോടൊപ്പം, തൻ്റെ രാജ്യം അതിൻ്റെ അതിർത്തികൾ വ്യാപിപ്പിക്കണമെന്നും, ഇതര ദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കണമെന്നും, അതുവഴി സമ്പത്തും രാഷ്ട്രീയ മഹത്വവും ആർജ്ജിക്കണമെന്നും കരുതിയ ആളായിരുന്നു. അന്യദേശങ്ങളുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്നതിലൂടെ സ്വന്തം റിപ്പബ്ലിക്കിൻ്റെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടും- ഇതായിരുന്നു മാക്യവെല്ലിയൻ റിപ്പബ്ലിക്കിൻ്റെ അടിസ്ഥാനം. റിപ്പബ്ലിക്കും സാമ്രാജ്യത്വവും പരസ്പരവിരുദ്ധങ്ങളല്ല; രണ്ടും പരസ്പര പൂരകമാണ് മാക്യവെല്ലിയിൽ.

ധർമ്മാധർമ്മ ആകുലതകൾക്കു അപ്പുറം, ഭരണത്തെ അധികാര സംരക്ഷണത്തിൻ്റെ തന്ത്രമായി മാത്രമല്ല, അധികാരവിപുലനത്തിൻ്റെയും സാമ്രാജ്യത്വ ആധിപത്യത്തിൻ്റെയും നിരന്തര കൗശലമായി വികസിപ്പിച്ചു എന്നതാണ് ഹോൺവിസ്റ്റ് മാക്യവെല്ലിയിൽ കാണുന്ന പ്രത്യേകത.

പ്രാചീന റോമാസാമ്രാജ്യത്തിൻ്റെ സൈനിക വിജയം അതിൻ്റെ കോളനികളിൽ നിന്നുള്ള സമ്പത്ത് സമാഹരിച്ചതിലൂടെയാണെന്നു മാക്യവെല്ലി പറയുന്നുണ്ട്. അതായത് കോളനിവൽക്കരണം വഴി സാമ്പത്തിക നേട്ടം മാത്രമല്ല അതുവഴി സൈനിക ശേഷിയും രാഷ്ട്രീയശക്തിയും കൂടി വർദ്ധിപ്പിക്കാൻ റിപ്പബ്ലിക്കിനു കഴിയുമെന്നും അതായിരിക്കണം റിപ്പബ്ലിക്കിൻ്റെ മഹത്വത്തിന് അടിസ്ഥാനമെന്നും മാക്യവെല്ലി എഴുതി.

റിപ്പബ്ലിക്കൻ ആശയങ്ങളെയും സാമ്രാജ്യത്വ ആധിപത്യത്തെയും സമന്വയിപ്പിക്കുന്ന മാക്യവെല്ലിയുടെ രാഷ്ട്രീയ പദ്ധതി ഇംഗ്ലീഷ് ചിന്തകനായ ഫ്രാൻസിസ് ബേക്കണെ (1561–1626) നല്ലവണ്ണം സ്വാധീനിക്കുകയുണ്ടായി. 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ബ്രിട്ടീഷ് രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് മാക്യവെല്ലി ചിന്തകളെ ബേക്കൺ പുനരാവിഷ്കരിച്ചു (Richard Serjeantson, "Francis Bacon, Colonisation, and the Limits of Atlanticism").

നിലവിലുള്ള അതിർത്തികൾക്കപ്പുറത്തേക്ക് സൈനികശേഷിയും ഭൂപ്രദേശവും രാഷ്ട്രീയാധിപത്യവും വികസിപ്പിക്കാൻ കഴിയുന്ന ശക്തമായ ഒരു ബ്രിട്ടീഷ് രാഷ്ട്രീയസമൂഹത്തെ ബേക്കൺ വിഭാവനം ചെയ്തു. അയർലൻഡിനെക്കുറിച്ചുള്ള ബേക്കന്റെ രചനകളിൽ, പ്രത്യേകിച്ച് "Of Plantations" (1625) എന്ന പ്രബന്ധത്തിൽ, കീഴടക്കിയ പ്രദേശങ്ങളിൽ രാഷ്ട്രീയാധികാരം ഉറപ്പിക്കുന്നതിനായി ഇംഗ്ലീഷ്, സ്കോട്ടിഷ് ജനവിഭാഗങ്ങളെ അവിടേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനെ അദ്ദേഹം പിന്തുണച്ചു. സ്പെയിനിനെ വെല്ലുവിളിച്ച് ഇംഗ്ലണ്ട് സാമ്രാജ്യത്വശക്തിയായി വളരണമെന്നും ബേക്കൺ ആഹ്വാനം ചെയ്തു. ഇവിടെ ഫ്രാൻസിസ് ബേക്കണിന്റെ ചിന്ത, നവോത്ഥാനകാല റിപ്പബ്ലിക്കൻ രാഷ്ട്രീയ പാരമ്പര്യം എങ്ങനെയാണ് ആദ്യകാല ആധുനിക സാമ്രാജ്യത്വ ഭരണകൂടത്തിന്റെ രാഷ്ട്രീയതന്ത്രങ്ങളുടെ ഭാഗമായിത്തീർന്നതെന്ന് വ്യക്തമാക്കുന്നു.

മാക്യവെല്ലി. പ്രാചീന റോമാസാമ്രാജ്യത്തിൻ്റെ സൈനിക വിജയം അതിൻ്റെ കോളനികളിൽ നിന്നുള്ള സമ്പത്ത് സമാഹരിച്ചതിലൂടെയാണെന്ന് മാക്യവെല്ലി പറയുന്നുണ്ട്.
മാക്യവെല്ലി. പ്രാചീന റോമാസാമ്രാജ്യത്തിൻ്റെ സൈനിക വിജയം അതിൻ്റെ കോളനികളിൽ നിന്നുള്ള സമ്പത്ത് സമാഹരിച്ചതിലൂടെയാണെന്ന് മാക്യവെല്ലി പറയുന്നുണ്ട്.

ഫ്രാൻസിസ് ബേക്കൺ സാമ്രാജ്യത്വ വികാസത്തെക്കുറിച്ച് ചിന്തിച്ച ഒരു രാഷ്ട്രീയ ദാർശനികൻ മാത്രമായിരുന്നില്ല. നിയമജ്ഞനും പാർലമെന്റേറിയനും രാജകീയ ഉപദേഷ്ടാവും ഭരണകാര്യങ്ങളിൽ പങ്കാളിയുമായ വ്യക്തിയായിരുന്നു അദ്ദേഹം. അതിനാൽ, ഭരണകൂട സ്ഥാപനങ്ങളുമായി നേരിട്ടുള്ള ഇടപെടൽ വഴിയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പദ്ധതികൾ രൂപപ്പെട്ടത്. ആധുനികാർത്ഥത്തിലുള്ള ഒരു പ്രൊഫഷണൽ രാഷ്ട്രീയവർഗ്ഗത്തിന്റെ (Professional Political Class) ആവിർഭാവം ബേക്കണിൽ കാണാൻ കഴിയില്ലെങ്കിലും (കാരണം, അദ്ദേഹത്തിൻ്റെ രാഷ്ട്രീയജീവിതം രാജകീയ സംരക്ഷണത്തോടും കൊട്ടാര രാഷ്ട്രീയത്തോടും വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു), ഭാവിയിൽ അത്തരം ഒരു വർഗ്ഗത്തിൻ്റെ ഉത്ഭവ സാധ്യതകൾ ബേക്കൺ തുറന്നിടുന്നുണ്ട്.

മാക്യവെല്ലിയുടെ റിപ്പബ്ലിക്കൻ രാഷ്ട്രീയ ചിന്തകൾക്കു ആധുനിക കോളനി സാമ്രാജ്യത്വവുമായുള്ള ബന്ധം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന മറ്റൊരു പഠനം ജെറമിയ പെൽഗ്രോമിൻ്റേതായിട്ടുണ്ട് (Jeremia Pelgrom, “The Ancient Roots of Settler Colonialism”). ഈ ലേഖനം പ്രധാനമായും കൂടിയേറ്റ കൊളോണിയലിസത്തെ (Settler Colonialism) കുറിച്ചു മറ്റൊരു വാദം മുന്നോട്ടു വെയ്ക്കുകയാണെങ്കിലും, മാക്യവെല്ലിയുടെ "ഡിസ്കോഴ്സ് ഓൺ ലിവി " (Discourses on Livy) എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്ന ചില കാര്യങ്ങൾ ജെറമിയ പെൽഗ്രാം ചൂണ്ടിക്കാട്ടുന്നുണ്ട്.

മതം, ദൈവശാസ്ത്രം, വ്യക്തികളുടെ ധാർമ്മിക ബോധം എന്നിവയിൽനിന്ന് വേറിട്ടുനിൽക്കുന്ന ഒരു സ്വതന്ത്ര പഠനമേഖലയായി രാഷ്ട്രീയത്തെ മനസ്സിലാക്കാൻ പാശ്ചാത്യലോകത്തെ സഹായിക്കുന്നതിൽ മാക്യവെല്ലി നിർണ്ണായക പങ്കുവഹിച്ചു.

സാമ്രാജ്യത്വ അധിനിവേശം രണ്ടു വിധത്തിലാകാമെന്നു മാക്യവെല്ലി പറയുന്നു.
ഒന്ന്; അധിനിവേശം വഴി രാഷ്ട്രീയമായ ആധിപത്യം മറ്റൊരു ഭൂപ്രദേശത്തിനുമേൽ സ്ഥാപിക്കുന്നതാണ്. മറ്റേതാകട്ടെ, കീഴടക്കിയ പ്രദേശത്തെ നാട്ടുകാരെ കൂടി ഉന്മൂലനം ചെയ്യുന്നു. ഒന്നാമത്തേത് രാഷ്ട്രീയാധിപത്യം മാത്രം ലക്ഷ്യമാക്കുന്നുവെങ്കിൽ, സ്വന്തം നാട്ടിലെ ആഭ്യന്തര സംഘർഷങ്ങൾ കുറയ്ക്കാൻ അവിടെ നിന്നും ആളുകളെ അധിനിവേശിത ഭൂമിയിലേക്കു മാറ്റി പാർപ്പിക്കുന്നതാണ് രണ്ടാമത്തേത്. ഈ സാഹചര്യത്തിൽ ഭൂമി പിടിച്ചെടുക്കുകയും തദ്ദേശീയരെ വംശഹത്യ നടത്തുകയും ചെയ്യുന്നു.

കുടിയേറ്റ കോളനിവാഴ്ചയുടെ പ്രധാന കാരണമായി കോളനി യജമാനരാജ്യത്തെ അന്തഃസംഘർഷങ്ങളെ ജെറമിയ പെൽഗ്രോം അവതരിപ്പിക്കുന്നു (ഈ വാദം പൂർണ്ണമായി അംഗീകരിക്കാനാവില്ലെന്നു വഴിയേ പറയാം). ഇവിടെ ഇപ്പോൾ ശ്രദ്ധിക്കേണ്ട വസ്തുത മാക്യവെല്ലിയുടെ റിപ്പബ്ലിക്കൻ രാഷ്ട്രീയ പദ്ധതികളിൽ കോളനി സാമ്രാജ്യത്വം പ്രധാന സ്ഥാനത്തു നിന്നിരുന്നു എന്നതും, അത് ഫ്രാൻസിസ് ബേക്കണു മാത്രമായിരിക്കില്ല, മറ്റു പലർക്കും സാമ്രാജ്യത്വ അധിനിവേശത്തിന് ചൂടുപകർന്നിരിക്കാം എന്നതുമാണ്.

കുടിയേറ്റ കോളനിവാഴ്ചയുടെ പ്രധാന കാരണമായി കോളനി യജമാനരാജ്യത്തെ അന്ത:സംഘർഷങ്ങളെ ജെറമിയ പെൽഗ്രോം  അവതരിപ്പിക്കുന്നു.
കുടിയേറ്റ കോളനിവാഴ്ചയുടെ പ്രധാന കാരണമായി കോളനി യജമാനരാജ്യത്തെ അന്ത:സംഘർഷങ്ങളെ ജെറമിയ പെൽഗ്രോം അവതരിപ്പിക്കുന്നു.

തൻ്റെ റിപ്പബ്ലിക്കൻ ആശയങ്ങളെയും സാമ്രാജ്യത്വത്തെയും പരസ്പരം ബന്ധിപ്പിക്കാൻ മാക്യവെല്ലിയെ പ്രേരിപ്പിച്ചതിന് അക്കാലത്തെ ചരിത്രസന്ദർഭങ്ങൾക്കും നല്ല പങ്കുണ്ടായിരിക്കാം. നമ്മൾ പൊതുവേ കരുതുന്നതുപോലെ കൊളമ്പസിൻ്റെ അമേരിക്കൻ പര്യടനത്തോടെയല്ല കോളനി സാമ്രാജ്യത്വയുഗം ആരംഭിക്കുന്നത്. 15 -ാം നൂറ്റാണ്ടിലുടനീളം അതിലേയ്ക്കു നയിച്ച പ്രാരംഭ പ്രവർത്തന മേഖലകളിലേക്കു കൂടി നമ്മുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. 15-ാം നൂറ്റാണ്ടിൽ തന്നെ അറ്റ്‌ലാന്റിക്ദ്വീപുകൾ കൈവശപ്പെടുത്തുന്നതിനായി ഐബീരിയൻ രാജ്യങ്ങളായ സ്പെയിനും പോർച്ചുഗീസും തമ്മിൽ കടുത്ത മത്സരം നടക്കുന്നുണ്ട്. 1420 കളിൽ തന്നെ São Tomé and Príncipe, Madeira, Azores എന്നീ ദ്വീപസമൂഹങ്ങളെ പോർച്ചുഗീസ് സ്വന്തമാക്കുകയും അവിടെ അടിമകളെ ഉപയോഗിച്ചു വ്യാവസായികാടിസ്ഥാനത്തിൽ കരിമ്പിൻ തോട്ടങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഏകദേശം ഒരു നൂറ്റാണ്ട് നീണ്ട ആക്രമണത്തിലൂടെ (1402–1496) കനേറി ദ്വീപുകൾ (Canary Islands) സ്പെയിൻ സ്വന്തമാക്കുകയുണ്ടായി.

കനേറി ദ്വീപുകളിൽ വൻതോതിൽ വംശഹത്യ നടന്നു; ആഫ്രിക്കക്കാർ തോട്ടം അടിമകളായി കൊണ്ടുവരപ്പെട്ടു; സ്പാനിഷ് കുടിയേറ്റവും സംഭവിച്ചു. അടിമത്തം, കുടിയേറ്റം, രാഷ്ട്രീയാധിപത്യം, പ്ലാന്റേഷന്‍ സമ്പദ്‌വ്യവസ്ഥ ഇവ ജനസംഖ്യാഘടനയിൽ വരുത്തുന്ന സാരമായ മാറ്റങ്ങൾക്ക് തെളിവാണ് ഇന്നും കനേറി ദ്വീപുകൾ (Rosa Fregel, Alejandra C. Ordóñez and Javier G. Serrano, "The Demography of the Canary Islands from a Genetic Perspective’’).

അറ്റ്‌ലാന്റിക് ദ്വീപുകളിൽ ഇറ്റാലിയൻ വണിക്കുകളുമായി ചേർന്നു പ്ലാന്റേഷന്‍ കോളനികൾക്കു വേണ്ടിയുള്ള സ്പാനിഷ്-പോർച്ചുഗീസ് സംഘട്ടനങ്ങളെ കോളനിവൽക്കരണം, അതിൻ്റെ രാഷ്ട്രീയ-സാമ്പത്തിക ഘടന എന്നിവയുടെ സംസ്ഥാപനത്തിൻ്റെ പ്രാരംഭദശയായി കരുതാവുന്നതാണ്.

പിൽക്കാല അറ്റ്‌ലാന്റിക് കോളനിവാഴ്ചയുടെ ലക്ഷണങ്ങൾ പലതും കനേറി ദ്വീപുകൾ കാട്ടി തരുന്നുണ്ട്. മാക്യവെല്ലി പറയുന്ന സൈനികശക്തി, സാമ്രാജ്യവിപുലനം, കുടിയേറ്റം, വംശഹത്യ എന്നിവയിലൂടെ റിപ്പബ്ലിക് കൈവരിക്കുന്ന മഹത്വവും ഇവിടെ കാണാം. 16 -ാം നൂറ്റാണ്ടിൻ്റെ ആദ്യം (മാക്യവെല്ലി "ദെ പ്രിൻസ് " പൂർത്തിയാക്കുന്നത് 1513 ലാണ്) റിപ്പബ്ലിക്കൻ ഭരണകൂടവും സാമ്രാജ്യത്വ വിപുലനവും ഒന്നു തന്നെയായി മാക്യവെല്ലി അവതരിപ്പിച്ചപ്പോൾ, തൻ്റെ കൺമുന്നിൽ നടന്ന സ്പാനിഷ്-പോർച്ചുഗീസ് അധിനിവേശ മത്സരങ്ങൾ മാക്യവെല്ലിയെ സ്വാധീനിച്ചിരുന്നോ?

ആദ്യകാല സ്പാനിഷ്-പോർച്ചുഗീസ് അറ്റ്‌ലാന്റിക് പ്ലാന്റേഷന്‍ കോളനികളുടെ സാമ്പത്തികവും സാങ്കേതികവുമായ ഉറവിടം പ്രധാനമായും ഇറ്റലിയിലെ ജെനോവ, ഫ്ലോറൻസ് തുടങ്ങിയ നഗര റിപ്പബ്ലിക്കുകളിലെ വാണിജ്യ നേതാക്കളായിരുന്നു എന്നതും ഇവിടെ ഓർക്കണം (ഫ്ലോറൻസിൻ്റെ നയതന്ത്രങ്ങളിലും സൈനിക കാര്യങ്ങളിലും വർഷങ്ങളോളം പ്രവർത്തിച്ച സീനിയർ ഓഫീസറായിരുന്നു മാക്യവെല്ലി). മെഡിറ്ററേനിയൻ ദ്വീപുകളിൽ ഈ വാണിജ്യ പ്രമുഖർ നടത്തിയ കരിമ്പു പ്ലാന്റേഷൻ്റെ അടുത്ത ഘട്ടമായിരുന്നു അറ്റ്‌ലാന്റിക് ദ്വീപുകളിലേത്.സാമ്പത്തികലക്ഷ്യം വെച്ചു കൊണ്ടുള്ള സൈനിക-രാഷ്ട്രീയ സംഘാടനം അറ്റ്‌ലാന്റിക് പ്ലാൻ്റേഷൻ കോളനികളിൽ പ്രകടമാണ്. അതിനാൽ, കുടിയേറ്റ കൊളോണിയലിസത്തെ, നേരത്തെ ജെറമിയ പെൽഗ്രാം ചൂണ്ടിക്കാട്ടുന്നതുപോലെ, യൂറോപ്യൻ രാജ്യങ്ങളിൽ അടിത്തട്ടിൽ നിന്നും ഉയർന്നുവന്ന ഭൂമിക്കുവേണ്ടിയുള്ള സമ്മർദ്ദങ്ങളെ ശമിപ്പിക്കാൻ നടത്തിയ ഭൂമിപിടിച്ചെടുക്കലായി മാത്രം കാണാനാവില്ല. പ്ലാൻ്റേഷൻ സമ്പദ്ഘടന യൂറോപ്യൻ കുടിയേറ്റങ്ങൾക്കു വാതിൽ തുറന്നുവെന്നതു നേരാണ്.

ഫ്രാൻസിസ് ബേക്കൺ.
ഫ്രാൻസിസ് ബേക്കൺ.

അറ്റ്‌ലാന്റിക് ദ്വീപുകളിൽ ഇറ്റാലിയൻ വണിക്കുകളുമായി ചേർന്നു പ്ലാന്റേഷന്‍ കോളനികൾക്കു വേണ്ടിയുള്ള സ്പാനിഷ്-പോർച്ചുഗീസ് സംഘട്ടനങ്ങളെ കോളനിവൽക്കരണം, അതിൻ്റെ രാഷ്ട്രീയ-സാമ്പത്തിക ഘടന എന്നിവയുടെ സംസ്ഥാപനത്തിൻ്റെ പ്രാരംഭദശയായി കരുതാവുന്നതാണ്. പ്ലാന്റേഷന്‍ ഉല്പാദനക്രമം, അതിൻ്റെ സംഘാടനം, അതിനുവേണ്ട സാമ്പത്തികവും രാഷ്ട്രീയവുമായ ശക്തികളുടെ സമാഹരണം, സൈനിക സജ്ജീകരണം, ആധിപത്യത്തിൻ്റെ പുത്തൻ പ്രത്യയശാസ്ത്രങ്ങൾ എന്നിവയെല്ലാം ആദ്യമായി നിർമ്മിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട് ഈ ചരിത്ര സന്ദർഭത്തിൽ. അതേവരെയില്ലാത്ത ഭരണകൂട സങ്കല്പത്തിന് അറ്റ്‌ലാന്റിക്ദ്വീപുകളിലെ പ്ലാന്റേഷന്‍ കോളനികൾ യൂറോപ്പിനെ നിർബന്ധിച്ചിരിക്കാം. ഭരണത്തിൻ്റെ ധർമ്മാധർമ്മങ്ങളെ പറ്റിയുള്ള ദൈവവിചാരങ്ങൾ മാറ്റുരയ്ക്കപ്പെടുന്ന സന്ദർഭമായിരിക്കാം ഇത്.

മാക്യവെല്ലിയുടെ രാഷ്ട്രീയചിന്തകൾ വീണ്ടും പ്രസക്തമാകുന്നതിവിടെയാണ്. യുദ്ധങ്ങളെയും അക്രമങ്ങളെയും അധിനിവേശങ്ങളെയും കുരിശുയുദ്ധങ്ങളെയും ഒരുവശത്ത് ക്രിസ്തീയ ദൈവശാസ്ത്രം ന്യായീകരിച്ചപ്പോഴും, സമാധാനത്തിൻ്റെയും കാരുണ്യത്തിൻ്റെയും ധർമ്മ കേന്ദ്രം എന്ന നിലയിൽ സ്വയം അവതരിപ്പിച്ച ക്രൈസ്തവ സഭയ്ക്ക് സംഘടിതമായ അതിക്രമങ്ങളെ നീതീകരിക്കുന്നതിൽ വന്നുചേർന്ന സന്നിഗ്ദ്ധതയെപറ്റി ഫ്രെഡറിക് റസ്സൽ എഴുതിയത് ഓർക്കുക. അതിനാൽ ദൈവശാസ്ത്ര ചിന്തകളിലൂടെയല്ലാതെ, റിപ്പബ്ലിക്കൻ പൊതുക്ഷേമവും അധികാരവുമായി ബന്ധപ്പെട്ടു രാഷ്ട്രീയത്തെ സമീപിക്കുന്ന രീതി യൂറോപ്പിന് അത്യാവശ്യമായി വന്നിരിക്കാം. ക്രൈസ്തവ ധാർമ്മികത രാഷ്ട്രീയത്തെ ദുർബലമാക്കുമെന്ന് മാക്യവെല്ലി കരുതി. വിനയം, പരിത്യാഗം, ഐഹികകാര്യങ്ങളെ നിന്ദിക്കൽ എന്നിവയെ ഉയർത്തിപ്പിടിക്കുന്ന മതബോധം ധീരതയെയും പൗരശക്തിയെയും ദുർബലമാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

എന്നാൽ മതാധിഷ്ഠിത അധിനിവേശ യുക്തികൾ സാമ്രാജ്യത്വ രാഷ്ട്രീയത്തിൽ നിന്ന് നിശ്ശേഷം പിൻവലിഞ്ഞു എന്ന് നമുക്കു കരുതാനാവില്ല. അധിനിവേശത്തിൻ്റെയും യുദ്ധത്തിൻ്റെയും പഴയതും പുതിയതുമായ ന്യായീകരണങ്ങൾ ഒന്നിച്ചു മുന്നേറി എന്നു പറയുന്നതാകും ശരി.

ക്രൈസ്തവസഭ നിരോധിച്ചിട്ടും, അതിനെ മറികടന്ന് മാക്യവെല്ലിയുടെ മത- ധർമ്മ നിരപേക്ഷമായ അധികാര സങ്കല്പത്തിൻ്റെ പുതിയ രാഷ്ട്രീയചിന്തയ്ക്കു വമ്പിച്ച സ്വീകാര്യത യൂറോപ്യൻ ഭരണവൃത്തങ്ങളിൽ വന്നു ചേർന്നു. ഏതായാലും രാഷ്ട്രീയത്തെ വ്യക്തികളുടെയോ മതത്തിൻ്റെയോ ധാർമ്മിക- മാനുഷിക മാനദണ്ഡങ്ങൾ അപ്രസക്തമായ സ്വതന്ത്ര അധികാര പർവ്വമായി സ്ഥാപിച്ചെടുക്കാൻ മാക്യവെല്ലി ഉതകിയെന്നു കരുതാം.

മെഡിറ്ററേനിയൻ ദ്വീപുകളിൽ വാണിജ്യ പ്രമുഖർ നടത്തിയ കരിമ്പു പ്ലാന്റേഷൻ്റെ അടുത്ത ഘട്ടമായിരുന്നു അറ്റ്‌ലാന്റിക് ദ്വീപുകളിലേത്.സാമ്പത്തികലക്ഷ്യം വെച്ചു കൊണ്ടുള്ള സൈനിക-രാഷ്ട്രീയ സംഘാടനം അറ്റ്ലാൻ്റിക് പ്ലാന്റേഷന്‍ കോളനികളിൽ പ്രകടമാണ്.
മെഡിറ്ററേനിയൻ ദ്വീപുകളിൽ വാണിജ്യ പ്രമുഖർ നടത്തിയ കരിമ്പു പ്ലാന്റേഷൻ്റെ അടുത്ത ഘട്ടമായിരുന്നു അറ്റ്‌ലാന്റിക് ദ്വീപുകളിലേത്.സാമ്പത്തികലക്ഷ്യം വെച്ചു കൊണ്ടുള്ള സൈനിക-രാഷ്ട്രീയ സംഘാടനം അറ്റ്ലാൻ്റിക് പ്ലാന്റേഷന്‍ കോളനികളിൽ പ്രകടമാണ്.

മാക്യവെല്ലിക്കു മുമ്പേ പല മധ്യകാല ചിന്തകരും മതശാസനങ്ങളുമായി രാഷ്ട്രീയത്തെ കൂട്ടിക്കുഴക്കുന്നതിനെ എതിർത്തിട്ടുണ്ട്. അവയ്ക്കു അന്നു കിട്ടാത്ത സ്വീകാര്യത മാക്യവെല്ലിക്കു കിട്ടാൻ കാരണം, അധികാരത്തിൻ്റെ ആവശ്യങ്ങൾക്കു അറ്റ്‌ലാന്റിക്അധിനിവേശ പരിപാടികൾ പുതിയ മാനങ്ങൾ നല്കിയതാകാം. അറ്റ്ലാൻ്റിക് അധിനിവേശ മത്സരങ്ങൾ ദൈവശാസ്ത്രവിധേയമല്ലാത്ത സ്വതന്ത്ര രാഷ്ട്രീയ ചിന്ത അടിയന്തിര ആവശ്യമാക്കുന്നുണ്ട്. കാരണം സ്പാനിഷ്- പോർച്ചുഗീസ് രാജ്യങ്ങൾക്കു മാത്രമായി അറ്റ്‌ലാന്റിക് പ്രദേശങ്ങളിലെ ഭൂമികളെ പോപ്പ് വീതം വെച്ചു നൽകിയതിനെ മറ്റു യൂറോപ്യൻ ശക്തികൾ വകവെക്കുകയുണ്ടായില്ല. രഷ്ട്രീയത്തിൽ പോപ്പിൻ്റെ അപ്രമാദിത്വത്തെ അവഗണിക്കുന്നതിനു കൈവന്ന പുതിയ സന്ദർഭമായിരുന്നു ഇത്.

രാഷ്ട്രീയാധികാരത്തിൻ്റെ പരമ്പരാഗത മാനദണ്ഡങ്ങൾ പിൻവലിയുകയും, അധികാരം കരഗതമാകുന്നതിനു സംഘർഷം പകരം സ്ഥാനം പിടിക്കുകയും ചെയ്യുമ്പോൾ, രാഷ്ട്രീയം തന്നെ പഴയ കെട്ടുപാടുകളിൽ നിന്നു സ്വതന്ത്രമായ ഒരു പ്രൊഫഷനായി മാറുകയാണ്.

1559- ൽ കത്തോലിക്കാ സഭ മാക്യവെല്ലിയുടെ കൃതികളെ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിൽ (Index of Prohibited Books) ഉൾപ്പെടുത്തി. ഇതോടെ ഇറ്റലിയിൽ അവയുടെ പ്രസിദ്ധീകരണവും പ്രചാരവും പ്രയാസകരമായി തീർന്നു. അതിനാൽ, കൃതികളുടെ പതിപ്പുകൾ പലപ്പോഴും പ്രൊട്ടസ്റ്റന്റ് സ്വാധീനമുള്ള സ്വിസ് പ്രദേശങ്ങളിലാണ് അച്ചടിക്കപ്പെട്ടിരുന്നത്. മാത്രമല്ല, രാഷ്ട്രീയത്തിൽ ക്രൈസ്തവ ധാർമ്മികതയുടെ പ്രാധാന്യം പുനഃസ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ട് മാക്യവെല്ലി വിരുദ്ധ ചിന്താപാരമ്പര്യം ശക്തമാകുന്നതിനും ഈ കൃതികൾ കാരണമായി.

എന്നാൽ, മതം, ദൈവശാസ്ത്രം, വ്യക്തികളുടെ ധാർമ്മിക ബോധം എന്നിവയിൽനിന്ന് വേറിട്ടുനിൽക്കുന്ന ഒരു സ്വതന്ത്ര പഠനമേഖലയായി രാഷ്ട്രീയത്തെ മനസ്സിലാക്കാൻ പാശ്ചാത്യലോകത്തെ സഹായിക്കുന്നതിൽ മാക്യവെല്ലി നിർണ്ണായക പങ്കുവഹിച്ചു. മതത്തിൻ്റെ സ്ഥാനത്തെ നിഷേധിക്കുകയല്ല മാക്യവെല്ലി ചെയ്തത്. രാഷ്ട്രീയത്തെ മതധാർമ്മികതയുടെ കണ്ണിലൂടെ അറിയുന്നതിനു പകരം, മതത്തെ അധികാരത്തിൻ്റെ ആവശ്യകതയുമായി ബന്ധപ്പെട്ടു മനസ്സിലാക്കണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ജനങ്ങളെ ഏകോപിപ്പിച്ചു രാഷ്ട്രീയാധികാരം സുസ്ഥിരമാക്കാൻ മതത്തെ ഉപയോഗിക്കാമെന്നു മാക്യവെല്ലി കണ്ടു. അതിനാൽ ആധുനികമായ മതനിരപേക്ഷ രാഷ്ട്രീയത്തിൻ്റെ വക്താവല്ല അദ്ദേഹം. മതത്തെ അധികാര സ്ഥാപനത്തിനു ഉപായമാക്കുന്നതിൻ്റെ കൂടി ഉപദേശകനാണ് മാക്യവെല്ലി.

ഇവിടെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത, രാഷ്ട്രീയാധികാരത്തിൻ്റെ പാരമ്പര്യാവകാശത്തെ റിപ്പബ്ലിക്കൻ ശൈലിയിൽ നിരസിച്ച മാക്യവെല്ലി, അധികാരം സാമൂഹികമായ സംഘർഷങ്ങളിലൂടെയും, അതിന് ഉതകുന്ന സ്ഥാപനപരമായ സംവിധാനങ്ങളിലൂടെയും കരസ്ഥമാക്കണമെന്നു വാദിച്ചു എന്നതാണ്. രാജഭരണത്തിലെ പാരമ്പര്യാവകാശവും അതു നിശ്ചയിക്കുന്നതിൽ മതത്തിൻ്റെ ഇടപെടലും അവസാനിപ്പിച്ചാൽ, ഭരണാധികാരം എങ്ങനെ നിശ്ചയിക്കും എന്ന ചോദ്യത്തിന് ഉത്തരമാണ് മാക്യവെല്ലി പറയുന്നത്. അധികാരത്തിനു വേണ്ടി സാമൂഹിക വിഭാഗങ്ങൾ തമ്മിലുള്ള മത്സരത്തിൽ അധിഷ്ഠിതമാണ് അദ്ദേഹത്തിൻ്റെ റിപ്പബ്ലിക്കൻ ചിന്ത.

രാഷ്ട്രീയാധികാരം രാഷ്ട്രശരീരത്തിലെ സാമൂഹികശക്തികൾ മത്സരങ്ങളിലൂടെ കരസ്ഥമാക്കണം എന്ന മാക്യവെല്ലി ചിന്ത ഇംഗ്ലീഷ് പാർലമെൻ്റിൽ പ്രായോഗികമായി തന്നെ നടപ്പിലാക്കുന്നതിൻ്റെ ഭാഗമാണ് പാർലമെൻ്ററി പാർട്ടികളുടെ രൂപീകരണം.
രാഷ്ട്രീയാധികാരം രാഷ്ട്രശരീരത്തിലെ സാമൂഹികശക്തികൾ മത്സരങ്ങളിലൂടെ കരസ്ഥമാക്കണം എന്ന മാക്യവെല്ലി ചിന്ത ഇംഗ്ലീഷ് പാർലമെൻ്റിൽ പ്രായോഗികമായി തന്നെ നടപ്പിലാക്കുന്നതിൻ്റെ ഭാഗമാണ് പാർലമെൻ്ററി പാർട്ടികളുടെ രൂപീകരണം.

തൻ്റെ സ്വന്തം റിപ്പബ്ലിക് ആയിരുന്ന ഫ്ലോറൻസ് അധികാരമത്സരത്തിൻ്റെ ഉദാഹരണങ്ങൾ മാക്യവെല്ലിക്കു നൽകുകയുണ്ടായി. ഉന്നത കുടുംബങ്ങൾ, വണിക് സംഘങ്ങൾ, ഗിൽഡുകൾ എന്നിങ്ങനെയുള്ള വ്യവസ്ഥാപിത പൗരസമൂഹം അവിടെ രാഷ്ട്രീയാധികാരം നേടാൻ മത്സരിച്ചിരുന്നു. തിയോളജിയോ രാജപരമ്പരയോ അവിടെ അധികാരത്തിൻ്റെ മാനദണ്ഡമായില്ല. പരസ്പര മത്സരം മാത്രമായിരുന്നു അധികാരസ്ഥാനത്തേക്കുള്ള വഴി.

രാഷ്ട്രീയാധികാരത്തിൻ്റെ പരമ്പരാഗത മാനദണ്ഡങ്ങൾ പിൻവലിയുകയും, അധികാരം കരഗതമാകുന്നതിനു സംഘർഷം പകരം സ്ഥാനം പിടിക്കുകയും ചെയ്യുമ്പോൾ, രാഷ്ട്രീയം തന്നെ പഴയ കെട്ടുപാടുകളിൽ നിന്നു സ്വതന്ത്രമായ ഒരു പ്രൊഫഷനായി മാറുകയാണ്. അധികാരത്തിലേക്കുള്ള സംഘർഷം ലഘൂകരിക്കാൻ മതവും രാജഭരണവും ചേർന്നു നിശ്ചയിച്ചിരുന്ന പരമ്പരാഗത മാനദണ്ഡങ്ങൾക്കു പകരം ഭരണം റിപ്പബ്ലിക്കൻ കാഴ്ചപ്പാടിൽ "പൊതുകാര്യ"മായി വന്നുചേരുന്നു. പൊതുകാര്യനിർവ്വഹണത്തിൻ്റെ അധികാരം മത്സരത്തിലൂടെ നേടേണ്ടതിനാൽ, രാഷ്ട്രീയ മണ്ഡലമെന്നത് സവിശേഷമായ വൈദഗ്ദ്ധ്യം അധികാരത്തിലേക്കുള്ള ആരോഹണത്തിന് ആവശ്യമുള്ള മേഖലയായി തീരുന്നു.

എന്തുകൊണ്ട് ബ്രിട്ടനിൽ രാഷ്ട്രീയം പ്രൊഫഷനായി?

യൂറോപ്യൻ രാഷ്ട്രങ്ങൾ തമ്മിൽ അറ്റ്‌ലാന്റിക് ഭൂപ്രദേശങ്ങൾ കീടഴക്കാൻ മത്സരിക്കുന്ന കാലഘട്ടത്തിൽ അവിടങ്ങളിൽ റിപ്പബ്ലിക്കൻ ഭരണവ്യവസ്ഥക്കു വന്നുചേർന്ന സ്വീകാര്യത മുൻ അധ്യായങ്ങളിൽ ചർച്ച ചെയ്തതാണല്ലോ. മാക്യവെല്ലിയുടെ റിപ്പബ്ലിക്കൻ- സാമ്രാജ്യത്വ രാഷ്ട്രീയത്തെ ഫ്രാൻസിസ് ബേക്കൺ രാജഭരണത്തിനകത്തേക്കു സ്വാംശീകരിക്കുന്ന ആശയങ്ങളും നമ്മൾ കണ്ടു. പല കാരണങ്ങളാൽ സ്വതേ നാട്ടുപ്രഭു- വാണിജ്യസംഘങ്ങളെ രാജാധികാരം കൂടുതൽ ആശ്രയിച്ചിരുന്ന ഇംഗ്ലീഷ് രാഷ്ട്രീയഘടനയിൽ റിപ്പബ്ലിക്കൻ ചിന്ത സാമ്രാജ്യത്വ മത്സരങ്ങളുടെ പശ്ചാത്തലത്തിൽ വേഗം വേരുപിടിച്ചു. അതിൻ്റെ പരിണതഫലമാണ് 17 -ാം നൂറ്റാണ്ടിൻ്റെ ഒടുവിൽ പാർലമെൻ്റിനു കൈവന്ന സവിശേഷമായ അധികാരങ്ങളും, പിന്നീടങ്ങോട്ട് രാജാധികാരത്തിൽ സംഭവിച്ച മാറ്റങ്ങളും.

അധികാരത്തിനു വേണ്ടി കൊട്ടാരങ്ങളിൽ നടന്നിരുന്ന തന്ത്രങ്ങളും ഉപജാപങ്ങളുമെല്ലാം പാർലമെൻ്റിലേക്കും സംക്രമിച്ചു. പക്ഷേ അത് പണ്ട് കൊട്ടാരത്തിൻ്റെ വലിയ ചുവരുകൾക്കുള്ളിൽ സ്വകാര്യമായി നടന്നിരുന്നെങ്കിൽ, ഇലക്ഷനും പാർട്ടികളും അവയെ സമൂഹമധ്യത്തിലേക്കു കൊണ്ടുവന്നു.

രാഷ്ട്രീയാധികാരം രാഷ്ട്രശരീരത്തിലെ സാമൂഹികശക്തികൾ മത്സരങ്ങളിലൂടെ കരസ്ഥമാക്കണം എന്ന മാക്യവെല്ലി ചിന്ത ഇംഗ്ലീഷ് പാർലമെൻ്റിൽ പ്രായോഗികമായി തന്നെ നടപ്പിലാക്കുന്നതിൻ്റെ ഭാഗമാണ് പാർലമെൻ്ററി പാർട്ടികളുടെ രൂപീകരണം. പാർലമെൻ്റ് സ്ഥാനത്തിനായി മുമ്പേ നിലനിന്നിരുന്ന അഭിജാതവർഗ്ഗ മത്സരങ്ങൾ പാർട്ടികളാൽ സംഘടിതവും തീവ്രതരവുമായി മാറി. ഇപ്രകാരം അധികാരത്തിനു വേണ്ടി കൊട്ടാരങ്ങളിൽ നടന്നിരുന്ന തന്ത്രങ്ങളും ഉപജാപങ്ങളുമെല്ലാം പാർലമെൻ്റിലേക്കും സംക്രമിച്ചു. പക്ഷേ അത് പണ്ട് കൊട്ടാരത്തിൻ്റെ വലിയ ചുവരുകൾക്കുള്ളിൽ സ്വകാര്യമായി നടന്നിരുന്നെങ്കിൽ, ഇലക്ഷനും പാർട്ടികളും അവയെ സമൂഹമധ്യത്തിലേക്കു കൊണ്ടുവന്നു. അധികാരത്തിൻ്റെ രീതിശാസ്ത്രം കുറേക്കൂടി പരസ്യമാക്കപ്പെട്ടു. കാരണം അധികാര മത്സരത്തിലെ സാമൂഹിക പങ്കാളിത്തം വർദ്ധിച്ചിരിക്കുന്നു.

മാത്രമല്ല, മതപൗരോഹിത്യത്തിൻ്റെ നേരിട്ടുള്ള കെട്ടുപാടുകളിൽ നിന്നും പാർലമെൻ്ററി രാഷ്ട്രീയം സ്വതന്ത്രമായി. പകരം മതവിഭാഗീയതയും പാർലമെൻ്ററി പാർട്ടികളും പലപ്പോഴും കൈകോർത്തു. വോട്ടുകൾ സമാഹരിക്കാനും വിജയം ഉറപ്പിക്കാനും മതവിഭാഗീയത ഉതകി. തിരിച്ച്, അധികാരവുമായി പുതിയ രീതിയിലുള്ള ബാന്ധവം ക്രൈസ്തവ വിഭാഗീയതകളെയും ശക്തിപ്പെടുത്തി.

അമേരിക്കൻ ഐക്യനാടുകളിലെ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ “ഇന്ത്യൻ ഭൂമി വിൽപ്പനയ്ക്ക് ” എന്ന പരസ്യം. ആധുനിക ലോകത്ത് സാമ്രാജ്യവിപുലനമെന്നത് അതിർത്തി വിപുലനത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതാണ്. പുതിയ ഭൂപ്രദേശങ്ങൾ കണ്ടെത്തി അവിടെ പ്ലാന്റേഷന്‍ കോളനികളും സൈനിക-രാഷ്ട്രീയാധിപത്യവും സ്ഥാപിക്കുക എന്നതാണ് ആധുനിക സാമ്രാജ്യത്വം.
അമേരിക്കൻ ഐക്യനാടുകളിലെ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ “ഇന്ത്യൻ ഭൂമി വിൽപ്പനയ്ക്ക് ” എന്ന പരസ്യം. ആധുനിക ലോകത്ത് സാമ്രാജ്യവിപുലനമെന്നത് അതിർത്തി വിപുലനത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതാണ്. പുതിയ ഭൂപ്രദേശങ്ങൾ കണ്ടെത്തി അവിടെ പ്ലാന്റേഷന്‍ കോളനികളും സൈനിക-രാഷ്ട്രീയാധിപത്യവും സ്ഥാപിക്കുക എന്നതാണ് ആധുനിക സാമ്രാജ്യത്വം.

രാഷ്ട്രീയത്തിൻ്റെ സ്വതന്ത്ര പദവി അധികാരമത്സരത്തിനും അതിൻ്റെ ഭാഗമായ ഹിംസക്കും മുമ്പ് നല്കിയിരുന്ന ദൈവശാസ്ത്രപരമായ നീതീകരണങ്ങൾക്ക് പ്രസക്തിയില്ലാതാക്കുന്നുണ്ട്. മാക്യവെല്ലി "ദെ പ്രിൻസി’’ൽ പറയുന്നത്, സ്വന്തമാക്കുവാനുള്ള ആഗ്രഹം സ്വാഭാവികവും സാധാരണവുമാണെന്നാണ് ("It is a very natural and ordinary thing to desire to acquire’’). വ്യക്തികളെ പോലെ തന്നെ രാഷ്ട്രീയ സമൂഹങ്ങൾക്കും സ്വന്തമാക്കാനുള്ള പ്രവണത സഹജമായി അദ്ദേഹം കാണുന്നു. പുതിയ പ്രദേശങ്ങളും അതിന്മേലുള്ള ആധിപത്യവും അവർ ആഗ്രഹിക്കുന്നു; സാമ്പത്തികവും രാഷ്ട്രീയവുമായ ശക്തിയായി വളരാൻ വെമ്പുന്നു.

അതിർത്തികൾ വലുതാക്കുക എന്നത് രാഷ്ട്രീയ രംഗത്തെ അസ്വാഭാവിക പ്രവണതയല്ല മാക്യവെല്ലിക്ക്. അധികാരത്തിനായുള്ള മത്സരത്തിൽ അതിർത്തി വിപുലനം നിരന്തരം ആവശ്യമായി വരുന്നു. സാമ്രാജ്യത്വ മോഹത്തെ ഏതെങ്കിലും ഭരണാധികാരിയുടെ വ്യക്തിപരമായ വിഷയമായി ലഘൂകരിക്കുന്നില്ല മാക്യവെല്ലി. അത് രാഷ്ട്രതന്ത്രത്തിൻ്റെ സാധാരണ യുക്തിയാണ് അദ്ദേഹത്തിന്.

മാക്യവെല്ലി സാമ്രാജ്യ സ്ഥാപന മത്സരത്തെ രാഷ്ട്രീയ സമൂഹത്തിൻ്റെ സ്വാഭാവികതയായി അവതരിപ്പിച്ചത് ഫ്രാൻസിസ് ബേക്കണെ ആകർഷിച്ചിരുന്നു. പക്ഷേ, ബേക്കണെ പ്രതിസന്ധിയിലാക്കിയത് മനുഷ്യർ യുദ്ധം ആഗ്രഹിക്കുന്നില്ല എന്നതാണ്. യുദ്ധം വരുത്തി വെയ്ക്കുന്ന കഷ്ടനഷ്ടങ്ങളെ സമൂഹം ഭയപ്പെടുന്നു. അതിനാൽ അതിർത്തി വിപുലനത്തിന് ഉചിതമായ ന്യായീകരണം അത്യാവശ്യമായി വരുന്നുവെന്നു ബേക്കൺ പറയുന്നു (Mikael Hörnqvist, “The Natural Desire of States” – Chapter 3 of Machiavelli and Empire).

പുതിയ പ്രദേശങ്ങൾ, അവിടുത്തെ മനുഷ്യരും ഭരണസംവിധാനങ്ങളും, ഉല്പാദന രീതികൾ, സാംസ്കാരിക ബന്ധങ്ങൾ എന്നിവയിലേക്കുള്ള ഇടപെടലാണ് പ്രൊഡക്ടീവ് ഇംപീരിയലിസം.

നിയമം, ആചാരങ്ങൾ, രാഷ്ട്രീയ സംവിധാനങ്ങൾ എന്നിവ വഴി യുദ്ധത്തിൻ്റെ ന്യായീകരണം കണ്ടെത്തുക ഭരണകൂടത്തിൻ്റെ ചുമതലയാണ്. സ്ഥാപന സംവിധാനങ്ങളും ബാഹ്യബന്ധങ്ങളും കൊണ്ട് യുദ്ധത്തെ ന്യായീകരിക്കണം. യുദ്ധന്യായീകരണ തന്ത്രങ്ങൾ റോമാസാമ്രാജ്യത്തിൽ നിന്നു പഠിക്കണമെന്നും ബേക്കൺ കാണുന്നു. തങ്ങളുടെ സഹകാരികളുടെ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി യുദ്ധം ചെയ്യുന്നതായി റോമൻ റിപ്പബ്ലിക് അവകാശപ്പെട്ടു. യുദ്ധത്തെ റിപ്പബ്ലിക്കൻ സാമ്രാജ്യത്വം രാഷ്ട്രീയവും ധാർമ്മികവുമായ ആവശ്യമായി അവതരിപ്പിച്ചു.

അധികാര പ്രാപ്തിയുടെ മത്സരത്തിൻ്റെ മൂന്നു തലങ്ങൾ റിപ്പബ്ലിക്കൻ- സാമ്രാജ്യത്വ രാഷ്ട്രീയം വ്യക്തമാക്കുന്നുണ്ട്. ഒന്നാമത്തേത് അധികാരപ്രാപ്തിക്കും അതിൻ്റെ വിപുലനത്തിനും രാഷ്ട്രീയ സമൂഹത്തിനുള്ളിൽ നടക്കുന്ന മത്സരമാണ്. ഈ മത്സരം ഹിംസാത്മകമാണോ അഹിംസാത്മകമാണോ എന്നതിനു വലിയ പ്രസക്തിയില്ല. ഹിംസാത്മകമായാൽ അതിനെ നീതി, സ്വാതന്ത്ര്യം തുടങ്ങിയ ധാർമ്മിക മൂല്യങ്ങൾ കൊണ്ടു ന്യായീകരിക്കുക എന്നതാണ് പ്രധാനം.

രണ്ടാമത്തേത്, സാമ്രാജ്യവിപുലനത്തിനായി ബാഹ്യശക്തികളോടുള്ള മത്സരമാണ്. ഇതിലെ ഹിംസയും ധാർമ്മിക യുക്തികളാൽ നീതികരിക്കപ്പെടണമെന്നു മാത്രം.

മൂന്നാമതായി, ആധുനിക ലോകത്ത് സാമ്രാജ്യവിപുലനമെന്നത് അതിർത്തി വിപുലനത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതാണ്. പുതിയ ഭൂപ്രദേശങ്ങൾ കണ്ടെത്തി അവിടെ പ്ലാന്റേഷന്‍ കോളനികളും സൈനിക-രാഷ്ട്രീയാധിപത്യവും സ്ഥാപിക്കുക എന്നതാണ് ആധുനിക സാമ്രാജ്യത്വം. അത് ഉല്പാദപരവും ഒപ്പം ഉല്പന്നങ്ങൾക്ക് വിപണി തേടുന്ന വാണിജ്യപരവുമാണ്. പുതിയ പ്രദേശങ്ങൾ, അവിടുത്തെ മനുഷ്യരും ഭരണസംവിധാനങ്ങളും, ഉല്പാദന രീതികൾ, സാംസ്കാരിക ബന്ധങ്ങൾ എന്നിവയിലേക്കുള്ള ഇടപെടലാണ് പ്രൊഡക്ടീവ് ഇംപീരിയലിസം. അതിനു സൈനിക മേധാവിത്വം മാത്രം മതിയാകില്ല. മനുഷ്യരെയും ഭൂവിഭവങ്ങളെയും ഒരേപോലെ ചരക്കുവൽക്കരിക്കുന്ന പ്രക്രിയയാണത്. ആധിപത്യത്തിൻ്റെയും യുദ്ധത്തിൻ്റെയും ന്യായീകരണങ്ങൾ പുതിയ മാനങ്ങൾ ആവശ്യപ്പെടുന്നു പ്രൊഡക്ടീവ് ഇംപീരിയലിസം.

യുദ്ധന്യായീകരണ തന്ത്രങ്ങൾ റോമാസാമ്രാജ്യത്തിൽ നിന്നു പഠിക്കണമെന്നും ബേക്കൺ കാണുന്നു. തങ്ങളുടെ സഹകാരികളുടെ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി യുദ്ധം ചെയ്യുന്നതായി റോമൻ റിപ്പബ്ലിക് അവകാശപ്പെട്ടു.
യുദ്ധന്യായീകരണ തന്ത്രങ്ങൾ റോമാസാമ്രാജ്യത്തിൽ നിന്നു പഠിക്കണമെന്നും ബേക്കൺ കാണുന്നു. തങ്ങളുടെ സഹകാരികളുടെ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി യുദ്ധം ചെയ്യുന്നതായി റോമൻ റിപ്പബ്ലിക് അവകാശപ്പെട്ടു.

ഇപ്രകാരം ആധുനിക ലോകത്ത് റിപ്പബ്ലിക്കൻ- സാമ്രാജ്യത്വ രാഷ്ട്രീയം അതിൻ്റെ തന്നെ സാമൂഹിക-ധാർമ്മിക യുക്തികളാൽ നിരന്തര ന്യായീകരണം ആവശ്യപ്പെടുന്നതിനാൽ മറ്റൊന്നിനെയും ആശ്രയിക്കാത്ത ഒരു പ്രൊഫഷനായി തന്നെ അതിനു നിലനിൽക്കേണ്ടതുണ്ട്. പാർലമെൻ്റേറിയൻ എന്ന നിലയിൽ ഫ്രാൻസിസ് ബേക്കൺ രാഷ്ട്രീയത്തെ സ്വതന്ത്ര മേഖലയായി സ്ഥാപിക്കുന്നതിൻ്റെ സൂചനയാകാമിത്. ആധുനിക ശാസ്ത്രത്തിലെ മാത്രമല്ല, രാഷ്ട്രതന്ത്രത്തിലെയും ശാസ്ത്രീയ ചിന്തയുടെ വക്താക്കളിൽ ഒരാളായി ബേക്കണെ കാണാൻ കഴിയും.

പാർലമെൻ്ററി സമ്പ്രദായം, പാർട്ടികൾ, ഇലക്ഷൻ എന്നീ സ്ഥാപന നിർമ്മിതികൾ വഴി രാഷ്ട്രീയത്തെ അധികാര മത്സരത്തിൻ്റെ സ്വതന്ത്രമായ ഒരു പുതിയ പ്രൊഫഷനാക്കി വളർത്തി അധികാരഹിംസകളെ സമർത്ഥമായി ന്യായീകരിക്കാനും ഏകോപിപ്പിക്കാനും കഴിഞ്ഞതു കൊണ്ടു കൂടി ആയിരിക്കാം ബ്രിട്ടൺ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യമായി മാറിയത്.

രാഷ്ട്രീയത്തിന്റെ പ്രൊഫഷണലൈസേഷൻ എന്നത് കേവലം പുതിയൊരു തൊഴിൽവിഭാഗത്തിന്റെ ഉദയമല്ല. അധികാരം നേടുന്നതിനും നിലനിർത്തുന്നതിനും വിപുലീകരിക്കുന്നതിനും ആവശ്യമായ അറിവുകളും കഴിവുകളും സ്ഥാപനങ്ങളും സംഘടനാപരമായ പ്രവർത്തനങ്ങളും പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഒരു പ്രത്യേക സാമൂഹികമേഖലയുടെ രൂപീകരണമാണത്.

മധ്യകാലത്ത് രാഷ്ട്രീയാധികാരം പ്രധാനമായും രാജകീയ പാരമ്പര്യം, പ്രഭുകുടുംബബന്ധങ്ങൾ, മതപരമായ അംഗീകാരം എന്നിവയിലൂടെ ന്യായീകരിക്കപ്പെട്ടിരുന്നെങ്കിൽ, ആധുനികകാലത്ത് അധികാരം കൂടുതൽ സങ്കീർണമായ മത്സരങ്ങളിലൂടെയും സ്ഥാപനപരമായ സംവിധാനങ്ങളിലൂടെയും കരസ്ഥമാക്കേണ്ടതായി വന്നു. പാർലമെന്റ്, തിരഞ്ഞെടുപ്പ്, രാഷ്ട്രീയപ്പാർട്ടികൾ, പൊതുജനാഭിപ്രായം, ഭരണപരമായ സംവിധാനങ്ങൾ എന്നിവ ഈ മത്സരത്തെ കൂടുതൽ സംഘടിതവും സുസ്ഥിരവുമാക്കി.

യുദ്ധം, വാണിജ്യം, സാമ്രാജ്യത്വവികസനം, കോളനിഭരണം എന്നിവ രാഷ്ട്രീയപ്രവർത്തനത്തിന് പുതിയ അറിവുകളും വൈദഗ്ദ്ധ്യങ്ങളും ആവശ്യമായി വരുത്തി. ഈ മാറ്റങ്ങളുടെ പരസ്പരബന്ധത്തിലൂടെയാണ് രാഷ്ട്രീയം ക്രമേണ ഒരു പ്രത്യേക പ്രൊഫഷണൽ മേഖലയായി മാറുകയും അതിനെ ജീവിതവൃത്തിയാക്കിയ രാഷ്ട്രീയപ്രവർത്തകരുടെയും സംഘടനകളുടെയും പുതിയ സാമൂഹികവിഭാഗം രൂപപ്പെടുകയും ചെയ്തത്. കൊട്ടാരത്തിന്റെ സ്വകാര്യ അധികാരബന്ധങ്ങളിൽ നിന്നും പാർലമെന്റിന്റെ അകത്തളത്തിലേക്കുള്ള ഈ മാറ്റം അധികാരത്തിന്റെ സ്വഭാവത്തിലും അതിനെ നേടുന്നതിനുള്ള രീതികളിലും ചരിത്രപരമായ ഒരു പരിവർത്തനത്തെ അടയാളപ്പെടുത്തുന്നു.

(തുടരും )


Summary: Ashok kumar. V writes about the evolution of politics from royal courts and monarchies to modern parliamentary democracy.


അശോകകുമാർ വി.

എഴുത്തുകാരൻ. രാഷ്ട്രീയം, സമൂഹം , സംസ്‌ക്കാരം, പരിസ്ഥിതി എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ എഴുതുന്നു.

അറിവിൻ്റെ ആപൽക്കരമായ തൂവൽസ്പർശം: നവലിബറലിസം -സാംസ്കാരിക പഠനങ്ങൾ, പരിസ്ഥിതി പ്രവർത്തനം: വീട്ടിലും വിദ്യാലയത്തിലും, രോഗം തരുന്ന വെളുത്ത ചോറ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments