എസ്.എഫ്.ഐ നേതാവായിരുന്ന തന്റെ സഹോദരൻ ജി. ഭുവനേശ്വരന്റെ കൊലപാതകത്തെതുടർന്നുള്ള നിയമനടപടികളിൽ സി.പി.എം സഹായിച്ചില്ലെന്ന ആരോപണവുമായി ജി. സുധാകരൻ. കൊല്ലപ്പെടുമ്പോൾ പന്തളം എൻ.എസ്.എസ് കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പാർട്ടി അംഗവുമായിരുന്ന ഭുവനേശ്വരന്റെ കേസിനുവേണ്ടി ആരും ഒരു പൈസ പോലും തന്നില്ലെന്നും ഒരു ഫണ്ടും പിരിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.
കെ.എസ്.യുക്കാരുടെയും എൻ.ഡി.പിയുടെ വിദ്യാർത്ഥി സംഘടനയായ ഡി.എസ്.യുക്കാരുടെയും മർദ്ദനത്തിലാണ് 1977 ഡിസംബർ രണ്ടിന് ജി. ഭുവനേശ്വരൻ രക്തസാക്ഷിയായത്. വളരെ വൈകാരികമായാണ് ഭുവനേശ്വരന്റെ പേരിൽ ഇപ്പോൾ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ കുറിച്ച് സുധാകരൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്.
‘‘ഭുവനേശ്വരരെ കൊല ചെയ്ത കോൺഗ്രസിനൊപ്പം പോകുകയല്ലേ എന്നാണ് ഇപ്പോൾ ചിലർ ചോദിക്കുന്നത്. ഇവർക്ക് എന്ത് അർഹതയാണ് ഭുവനേശ്വരനെക്കുറിച്ച് പറയാൻ? ഞാനും കുടുംബവും സഹിച്ചത് ഇവർക്ക് അറിയാമോ?’’
‘‘ക്ലാസിലിരിക്കുമ്പോഴാണ് നമ്മുടെ സഖാക്കളെ തല്ലുന്നു എന്ന് എസ്.എഫ്.ഐ പ്രവർത്തകർ ഭുവനേശ്വരനോട് പറയുന്നത്. ഇത് കേട്ട ഭുവനേശ്വരൻ ക്ലാസിൽ നിന്നിറങ്ങി സംഭവസ്ഥലത്തേക്ക് ചെന്നു. പ്രിൻസിപ്പലിന്റെ മുറിക്ക് മുന്നിൽ കെ.എസ്.യുക്കാരും ഡി.എസ്.യുവിലെ നായർ പ്രമാണിമാരും ഇരുമ്പുവടിയുമായി നിൽക്കുന്നു. ഡി.എസ്.യുക്കാരാണ് മുന്നിൽ, മറ്റവർ പുറകിലാണ്. ചെന്നവശം ഭുവനേശ്വരനെ അടിച്ചു, കണ്ണ് മൂടിപ്പോയി. ഭുവനേശ്വരൻ അടുത്തുള്ള സ്റ്റാഫ് മുറിയിലേക്ക് കയറി കണ്ണ് പൊത്തിയിരിക്കുകയാണ്. അപ്പോൾ കെ.എസ്.യുക്കാർ ഓടിച്ച കുറെ എസ്.എഫ്.ഐ പ്രവർത്തകർ മുറിയിലെത്തി. അവർ അവനെ മൈൻഡ് ചെയ്യാതെ അവരുടെ പാട്ടിനുപോയി. മുറിയിലേക്ക് ഓടിക്കയറിയപ്പോൾ അവിടെയും വച്ച് കാലിൽ പിടിച്ച് തലകീഴായി സിമന്റ് തറയിൽ പലതവണ തല അടിച്ചു. അബോധാവസ്ഥയിലായപ്പോൾ ഉപേക്ഷിച്ചു പോയി. മർദ്ദനത്തിൽ തലച്ചോറ് തകർന്ന് കലങ്ങി പോയിരുന്നു. 5 ദിവസം അബോധാവസ്ഥയിൽ കിടന്നു. ഡിസംബർ 7 ന് രാവിലെ ഓപ്പറേഷൻ നടത്തി. 12 മണിയോടെ ഓപ്പറേഷൻ കഴിഞ്ഞ് പുറത്തുകൊണ്ട് വന്നെങ്കിലും 12.30 ഓടെ രക്തസാക്ഷിയാവുകയുമായിരുന്നു. അന്ന് രാപകൽ ഞാൻ അവിടെയുണ്ട്. ഈ പറഞ്ഞ ഒരാളെയും അവിടെ കണ്ടില്ല’’.

‘‘പാർട്ടി പറഞ്ഞ സ്ഥലത്താണ് അവനെ സംസ്കരിച്ചത്. കേസിൽ 33 സാക്ഷികളുണ്ടായിരുന്നു. അവരെയെല്ലാം മാവേലിക്കരയിൽ താമസിപ്പിച്ച് ഭക്ഷണവും കൊടുത്ത് ഒറ്റയ്ക്കാണ് കേസ് നടത്തിയത്. കേസ് തോറ്റു. ജഡ്ജി പറഞ്ഞു, പൊലീസാണ് ഒന്നാം പ്രതി, കേസ് നശിപ്പിച്ചതിൽ. അപ്പീൽ പോലും കൊടുക്കാൻ ആരും സഹായിക്കാനുണ്ടായില്ല, പൈസ വേണ്ടേ? ഇടതുപക്ഷം ഭരിക്കുന്ന കാലമാണ്. ടി.കെ. രാമകൃഷ്ണനാണ് ആഭ്യന്തര മന്ത്രി. എന്നാൽ, വാദിക്കാൻ വി.എസ് എന്നോട് പറഞ്ഞിട്ട്, എം.എം. ചെറിയാനെ പോയി കണ്ട്, ഹെക്കോടതിയിൽ പെറ്റീഷൻ കൊടുത്ത്, എസ്.എൻ.ഡി.പി താലൂക്ക് പ്രസിഡന്റായിരുന്ന കൃഷ്ണൻ സാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കി, അദ്ദേഹം നന്നായി വാദിച്ചു, പൈസയൊന്നും വാങ്ങിയില്ല. കേസ് നടത്താൻ ആരും ഒരു പൈസയും തന്നില്ല. ഞങ്ങളുടെ പറമ്പിലുണ്ടായിരുന്ന വലിയ ആഞ്ഞിലി വെട്ടി വിറ്റാണ് കേസ് നടത്തിയത്. ആരോടും പരാതി പറയാൻ പോയില്ല. ഞങ്ങൾക്ക് അത് ഒരു പരാതിയായിരുന്നില്ല. അവനുവേണ്ടി ഒരു ഫണ്ടും പിരിച്ചില്ല. ഭുവനേശ്വരന്റെ പേരിൽ ഒരു സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരുന്നു. കായംകുളം സഹകരണ ബാങ്കിലാണ് അതിന്റെ പണം ഇട്ടിരുന്നത്. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ബി.എയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് കിട്ടുന്നവർക്കുള്ളത്. പണം അവിടെ കിടക്കുന്നുണ്ട്, എന്നാൽ, ഇപ്പോഴത്തെ എസ്.എഫ്.ഐക്കാർക്ക് അത് ഓർമയില്ല. ഇപ്പോൾ അത് കൊടുക്കുന്നില്ല. ഇതാണ് ഭുവനേശ്വരന്റെ ചരിത്രം. ഇതൊന്നുമറിയാൻ പാടില്ലാത്തവർ ഭുവനേശ്വരരെക്കുറിച്ച് സംസാരിക്കരുത്’’- സുധാകരൻ പറഞ്ഞു.
‘‘ഒരു എസ്.എഫ്.ഐ നേതാവ്, സംസ്ഥാന വൈസ് പ്രസിഡന്റോ മറ്റോ ആണ്, ‘പന്തളത്ത് ഒരു പട്ടി ചത്താൽ രക്തസാക്ഷിയാകുമോ എന്ന് കൂട്ടുകാർക്കൊപ്പമിരുന്ന് പാടിയിട്ടുണ്ട്. അതൊക്കെയാണ് ഇപ്പോൾ ഭുവനേശ്വരന്റെ പേരിലുള്ള സംസാരം. അത് നിർത്തുന്നതാണ് നല്ലത്. ഭുവനേശ്വരൻ രക്തസാക്ഷിയായതിൽ അഭിമാനമേയുള്ളൂ. എന്നെ കണ്ട് എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ച്, എന്നില്‍നിന്ന്ആശയം ഉള്‍ക്കൊണ്ട്, എന്നെ സ്‌നേഹിച്ച ആളാണ്’’- ജി. സുധാകരൻ അതിവൈകാരികമായി പറഞ്ഞു.

ഭുവനേശ്വരരെ കൊല ചെയ്ത കോൺഗ്രസിനൊപ്പം പോകുന്നു എന്ന സൈബർ ആക്രമണത്തിനും പരോക്ഷമായി സുധാകരൻ മറുപടി പറഞ്ഞു. രാഷ്ട്രീയമായ നിലപാടുകൾ കാലത്തിനൊത്ത് മാറുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്: ‘‘തമിഴ്‌നാട്ടില്‍ സി.പി.എമ്മും സി.പി.ഐയും കോണ്‍ഗ്രസും ഒരൊറ്റ മുന്നണിയല്ലേ? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഐക്യമുന്നണിയായിരുന്നില്ലേ? കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിയിലെ ഘടകക്ഷിയല്ലേ?. ഇത് രാഷ്ട്രീയമാണ്’’- അദ്ദേഹം പറഞ്ഞു.
