നിയമസഭാ തെരഞ്ഞെടുപ്പിൽ നിസ്സഹകരിച്ചു എന്ന പാർട്ടി കമീഷന്റെ കണ്ടെത്തൽ അപ്രതീക്ഷിതമെന്നും റിപ്പോർട്ടിനേക്കുറിച്ച് മാധ്യമങ്ങൾ പറയുന്നതേ അറിയൂ എന്നും മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുപ്രചാരണത്തിൽ സുധാകരന് വീഴ്ച പറ്റിയെന്ന സി.പി.എം അന്വേഷണ കമീഷൻ റിപ്പോർട്ടിന്റെ പാശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ട്രൂ കോപ്പി തിങ്കിനുവേണ്ടി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷൻ നടത്തിയ അഭിമുഖത്തിൽ, തനിക്കെതിരായി നടക്കുന്ന നീക്കങ്ങളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും അദ്ദേഹം തുറന്നുപറയുന്നു.
അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിക്കുവേണ്ടിയാണ് ആദ്യമായി ജി. സുകുമാരൻ നായരെ വിളിച്ചതെന്ന് സുധാകരൻ പറഞ്ഞു. മനഃസ്സാക്ഷിക്കുമുന്നിൽ താൻ അപമാനിതനല്ല. പൊളിറ്റിക്കൽ ക്രിമിനലുകൾക്കെതിരെ ഇനിയും പാർട്ടിയെ പ്രതിരോധിക്കും.
55 വർഷം ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടും തനിക്കെതിരെ ഇത്തരം ആരോപണങ്ങൾ ആരെഴുതി കൊടുക്കുന്നതാണ് എന്ന തോന്നൽ മനസ്സിലുണ്ട്. താൻ ഒരിക്കലും തെരഞ്ഞെടുപ്പ് ഫണ്ട് പിരിച്ചിട്ടില്ല. ഒരു കള്ളപ്പണക്കാരന്റെ മുന്നിലും കൈ നീട്ടിയിട്ടില്ല. ആരും വിശ്വസിക്കാത്ത ആരോപണങ്ങൾ ഉന്നയിച്ച് തന്നെ അപമാനിക്കാൻ ശ്രമം നടന്നു- അദ്ദേഹം പറയുന്നു.
ജി. സുധാകരനെതിരെ ഗുരുതര ആരോപണങ്ങളാണ് സ്ഥാനാർഥിയായിരുന്ന എച്ച്. സലാം അടക്കമുള്ളവർ ഉന്നയിച്ചിരുന്നത്. ഇതിൽ പലതിലും കഴമ്പുണ്ടെന്നായിരുന്നു എളമരം കരീം, കെ.ജെ. തോമസ് എന്നിവരടങ്ങിയ കമീഷന്റെ കണ്ടെത്തൽ.
ജി. സുധാകരനുമായുള്ള അഭിമുഖത്തിന്റെ ഒന്നാം ഭാഗം.