തമിഴ്‌നാട് ബി.ജെ.പിയുടെ 'സുവർണ്ണാവസര'ങ്ങൾ

തമിഴ്നാടിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ടി. അനീഷിന്റെ പരമ്പര- അരസിയൽ സുവരൊട്ടികൾ- തുടരുന്നു. തമിഴ്നാട്ടിലെ ഇലക്ഷൻ പൊളിറ്റിക്സിലുള്ള ബി.ജെ.പി ഇടപെടലുകൾ.

അരസിയൽ
സുവരൊട്ടികൾ-
അഞ്ച്

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ തമിഴ്‍നാട്ടിൽ RSS നിശ്ശബ്ദ സാന്നിധ്യം അറിയിച്ചു തുടങ്ങിയെങ്കിലും സംഘടിത രാഷ്ട്രീയ ഇടപെടലുകളുണ്ടാകുന്നത് 1980 - കൾക്കു ശേഷമാണ്. 1939 - ൽ സംഘടനയുടെ ആദ്യ പ്രചാരക് ചെന്നൈയിൽ എത്തുന്നതോടെയാണ് തമിഴ്‌നാട്ടിൽ RSS, ഹിന്ദുത്വ സാംസ്‌കാരിക ദേശീയതയിലൂന്നിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. എന്നാൽ അവയ്ക്ക് സംസ്ഥാനത്ത് കാര്യമായ വേരോട്ടമുണ്ടാക്കാനായിട്ടില്ല. ഹിന്ദു മുന്നണിയിലൂടെയും പിന്നീട് BJP-യിലൂടെയുമാണ് പരിമിതമെങ്കിലും ഹിന്ദുത്വയുടെ വളർച്ച രേഖപ്പെടുത്തപ്പെടുന്നത്. എന്നാൽ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ സമഗ്ര സ്വാധീനവും, അവയുടെ ബ്രാഹ്മണ- സംസ്കൃത വിരുദ്ധവും, യുക്തിവാദപരവുമായ ധാർമിക ഉള്ളടക്കവും ഹിന്ദുത്വയുടെ പ്രാരംഭ വളർച്ചയെ പരിമിതപ്പെടുത്തി.

ബ്രാഹ്മണരെ വടക്കേയിന്ത്യയിൽ നിന്നെത്തിയ പരദേശികളായി പരിഗണിക്കുന്ന ദ്രാവിഡ ആഖ്യാനം, തമിഴ് സ്വത്വത്തെ തദ്ദേശീയമായും, സംസ്കൃത - ഹിന്ദു സംസ്കാരത്തെയും ഹിന്ദിയെയും അടിച്ചേൽപ്പിക്കുന്ന ആര്യബ്രാഹ്മണത്വത്തെ അധീശ ശക്തികളായും അടയാളപ്പെടുത്തി. സിന്ധു നാഗരികതയുടെ പ്രോട്ടോ ദ്രവീഡിയൻ സംസ്കാരത്തെ തകർത്ത് ആര്യന്മാർ തെക്കേ ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ ദ്രാവിഡ ജനതയെ പ്രേരിപ്പിക്കുക മാത്രമല്ല, തുടർന്നും അധീശത്വത്തിനായി ശ്രമിക്കുന്നു എന്ന ആഖ്യാനം ആഴത്തിൽ വേരൂന്നിയ നാടാണ് തമിഴ്‌നാട്.

തമിഴ്നാട്ടിലെ കരുത്തുറ്റ ദ്രാവിഡ പാരമ്പര്യവും ഹിന്ദു ഏകീകരണത്തിന് വിഘാതമായ ജാതിധ്രുവീകരണവും സനാതന ധർമ്മത്തോടുള്ള വിമുഖതയും ബി.ജെ.പിക്കു പ്രതികൂല ഘടകങ്ങളാണ്.

ദ്രാവിഡസ്വത്വം പങ്കുവെക്കുന്ന തെക്കേയിന്ത്യയിലെ മറ്റു ജനവിഭാഗങ്ങളിൽനിന്ന് ഭിന്നമായി, തമിഴ്‌നാട്ടിലെ സ്വാഭിമാന പ്രസ്ഥാനങ്ങളുടെ വളർച്ച ഈ വേരോട്ടത്തെ സ്വാധീനിക്കുകയും ഹിന്ദുത്വയുടെ പ്രലോഭനങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. അതേസമയം, ജാതിസംഘർഷങ്ങളും, ജാതി മതിലുകളും തീണ്ടായ്മയും വിവേചനങ്ങളും അടങ്ങിയ അതിസങ്കീർണ്ണമായ സാമൂഹിക സാഹചര്യം ഹിന്ദു ഐക്യം എന്ന ധ്രുവീകരണത്തിന് വിഘാതമായി. ഈ പശ്ചാത്തലത്തിൽ വർഗീയ സംഘർഷങ്ങളെയും മത അപരത്വത്തെയും വളർത്തി ഹിന്ദുത്വയെ ശക്തിപ്പെടുത്താനാണ് ആദ്യകാലം തൊട്ടേ സംഘപരിവാർ ശ്രമിച്ചുവന്നത്. മണ്ടയ്ക്കാട് ക്ഷേത്രവുമായി ബന്ധപ്പെട്ട കലാപം ഇതിൽ പ്രധാനപ്പെട്ട ഒരു അധ്യായമാണ്.

മണ്ടയ്ക്കാട് കലാപം

1982-ൽ കന്യാകുമാരിയിലെ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ഹിന്ദു- ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് തമിഴ്നാട്ടിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ വളർച്ചയിൽ നിർണായക പങ്കുവഹിച്ചത്. ഇരു മതവിഭാഗങ്ങളിലും പെട്ടവരുടെ പ്രാദേശിക സംഘർഷമായിരുന്നുവെങ്കിലും, ഈ കലാപത്തെ, RSS, VHP, അക്കാലത്ത് രൂപവത്ക്കരിക്കപ്പെട്ട ഹിന്ദു മുന്നണി (RSS നേതാവ് രാമഗോപാലന്റെ നേതൃത്വത്തിൽ 1980 -ലാണ് കരൂരിൽ ഹിന്ദു മുന്നണി സ്ഥാപിതമാകുന്നത്) എന്നീ ഹിന്ദുത്വ സംഘടനകൾ ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്വന്തം അടിത്തറ ഉറപ്പിക്കാനുള്ള 'സുവർണാവസര'മായി കണ്ടു. ഈ ക്ഷേത്രത്തെ തങ്ങളുടെ പ്രത്യയശാസ്ത്ര കേന്ദ്രമാക്കി മാറ്റാനും അവർ ശ്രദ്ധചെലുത്തി.

1982-ൽ കന്യാകുമാരിയിലെ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ഹിന്ദു- ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുണ്ടായ  സംഘർഷമാണ്  തമിഴ്നാട്ടിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ വളർച്ചയിൽ നിർണായക പങ്കുവഹിച്ചത്.
1982-ൽ കന്യാകുമാരിയിലെ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ഹിന്ദു- ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് തമിഴ്നാട്ടിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ വളർച്ചയിൽ നിർണായക പങ്കുവഹിച്ചത്.

മാർച്ച് ഒന്നിന് ഉത്സവാനുഷ്ഠാനത്തിന്റെ ഭാഗമായി ഹിന്ദുസ്ത്രീകൾ ക്ഷേത്രത്തിന് തൊട്ടടുത്ത കടലിൽ കുളിക്കാനിറങ്ങിയപ്പോൾ പ്രാദേശിക ക്രിസ്ത്യൻ സഭയിൽപെട്ട മത്സ്യത്തൊഴിലാളികൾ അവരെ തടയുകയും പരിഹസിക്കുകയും ചെയ്തുവെന്ന അഭ്യൂഹം പരന്നതാണ് കലാപത്തിനിടയാക്കിയത്. സംഘർഷം നിയന്ത്രണാതീതമായതോടെ പോലീസ് വെടിവെപ്പിൽ ആറ് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് വൻ അക്രമങ്ങളിലും തീവെപ്പിലും കലാശിച്ചു. രാജക്കമംഗലം, പള്ളംതുറൈ, കല്ലുക്കൂട്ടം, ഈത്തമൊഴി, പിള്ളൈത്തോപ്പ് തുടങ്ങിയ തീരദേശ ഗ്രാമങ്ങളിലുടനീളമുള്ള ക്ഷേത്രങ്ങൾ, പള്ളികൾ, വീടുകൾ എന്നിവ നശിപ്പിക്കപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി എം. ജി. രാമചന്ദ്രൻ രൂപീകരിച്ച വേണുഗോപാലൻ കമ്മീഷൻ കലാപത്തെക്കുറിച്ച് അന്വേഷിക്കുകയും പ്രാദേശിക ഭരണകൂടത്തിലെ പരാജയങ്ങളും മതപരിവർത്തന ഭീതിയും ക്ഷേത്രപ്രവേശന തർക്കങ്ങളും മത സംഘർഷങ്ങൾക്ക് കാരണമായതായി റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും ചെയ്തു. മതപരിവർത്തന വിരുദ്ധ നിയമം, ക്രിസ്ത്യൻ ദൗത്യങ്ങൾക്കുള്ള വിദേശ ഫണ്ടിൻമേൽ സ്വീകരിക്കേണ്ട നിയന്ത്രണങ്ങൾ തുടങ്ങിയ നിയമനിർമ്മാണങ്ങൾക്കും കമ്മീഷൻ ശുപാർശ ചെയ്തു.

വേണുഗോപാലൻ കമ്മീഷൻ ശുപാർശകൾ മതപരിവർത്തന വിരുദ്ധ ആഖ്യാനങ്ങൾക്ക് സാധുത നൽകി. പിന്നീട് 2002 -ൽ ജയലളിത ഭരണത്തിൻ കീഴിൽ നിർബന്ധിത മതപരിവർത്തന വിരുദ്ധ നിയമം പാസ്സാക്കിയതും അത്തരത്തിലുള്ള സംവാദങ്ങൾക്ക് വഴിവെച്ചതും ഹിന്ദുത്വയ്ക്ക് അനുകൂലാന്തരീക്ഷം സൃഷ്ടിച്ചു. എന്നാൽ ന്യൂനപക്ഷ - പുരോഗമന വിഭാഗങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ജയലളിത തന്നെ 2004 -ൽ ഓർഡിനൻസുവഴി ഈ നിയമം റദ്ദു ചെയ്തു. 2006 - ൽ അധികാരത്തിലെത്തിയ കരുണാനിധിയുടെ നേതൃത്വത്തിലുള്ള DMK സർക്കാർ നിർബന്ധിത മതപരിവർത്തന നിയമത്തിനെതിരെ ബിൽ പാസ്സാക്കി.

യുക്തിവാദത്തിലധിഷ്ഠിതമായ ദ്രാവിഡ രാഷ്ട്രീയത്തിനുകീഴിൽ ഹിന്ദു മതവിശ്വാസികൾ കടുത്ത അവഗണന നേരിടുന്നുവെന്ന നറേറ്റീവ് പ്രചരിപ്പിക്കാൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘ്പരിവാറിനു സാധിച്ചു. 'ഹിന്ദു പീഡനം', 'ക്ഷേത്ര സംരക്ഷണം,' ' നിർബന്ധിത മതപരിവർത്തനം' തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി വൈകാരികവും രാഷ്ട്രീയവുമായ വ്യാഖ്യാനങ്ങൾക്കുള്ള പശ്ചാത്തലം ഒരുങ്ങുകയും ചെയ്തു. ക്രിസ്ത്യൻ സഭയുടെ ആക്രമണം ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യം വളർത്തുന്നതിനും തങ്ങളുടെ ദൃശ്യത ഉറപ്പിക്കുന്നതിനുമായി പൊതുയോഗങ്ങൾ, വിനായക ചതുർത്ഥി ഘോഷയാത്രകൾ, തിരുവിളക്കു പൂജകൾ (വിളക്ക് ഉത്സവങ്ങൾ) എന്നിവ സംഘടിപ്പിക്കപ്പെട്ടു. ആദ്യ കാല ഹിന്ദുത്വ നേതാക്കളുടെ വാക്കുകളിൽ പറഞ്ഞാൽ, മണ്ടയ്ക്കാട് 'തമിഴ്നാടിന്റെ അയോധ്യ' ആയി മാറി. അക്രമാസക്തരായ ന്യൂനപക്ഷങ്ങൾ ഹിന്ദുക്കളെ ഇരയാക്കുന്നതിന്റെ മകുടോദാഹരണമായി ഈ സംഭവം ചിത്രീകരിക്കപ്പെട്ടു.

വർഗീയ സംഘർഷം എങ്ങനെ പ്രത്യയശാസ്ത്ര മുതലീടായി പുനർവിന്യസിക്കാം എന്നതിന്റെ ചരിത്രം കൂടിയാണ് 1982-ലെ മണ്ടയ്ക്കാട് കലാപം. ഹിന്ദുത്വ ശക്തികൾ ഈ കലാപത്തെ തമിഴ്നാട്ടിലെ 'ഹിന്ദു ചെറുത്തുനിൽപ്പിന്റെ' മിത്തായി ചിത്രീകരിച്ചു, അത് ഇന്നും ദക്ഷിണേന്ത്യയുടെ ഹിന്ദുത്വ വ്യവഹാരത്തെ രൂപപ്പെടുത്തുന്നു.

ഭഗവതി അമ്മനെപ്പോലുള്ള ഹിന്ദു ദേവതകളെ ക്രിസ്തീയ സഭകൾ പീഡിപ്പിക്കുന്നതായി ചിത്രീകരിക്കുന്ന രീതിയിൽ, മണ്ടയ്ക്കാടിലെ ക്ഷേത്രോത്സവങ്ങളും പ്രാദേശിക നാടോടിക്കഥകളും ഹിന്ദുത്വ വീക്ഷണത്തിൽ പുനരാഖ്യാനം ചെയ്യപ്പെട്ടു. ഈ വിഷയം മുൻനിർത്തിയുള്ള നിരന്തര മതപ്രഭാഷണങ്ങൾ ക്രിസ്ത്യൻ ആധിപത്യമുള്ള പ്രദേശങ്ങളിൽ ഹിന്ദു പുനരുജ്ജീവനം എന്ന ആശയത്തിന് അടിത്തറയിട്ടു.

ഹിന്ദു നാടാറുകൾക്കും ഉയർന്ന ജാതിക്കാർക്കും ഇടയിൽ അനുഭാവം വളർത്തിയെടുക്കാൻ ഹിന്ദുമുന്നണിക്കായി. പിള്ള, ആചാരി തുടങ്ങിയ ഇടത്തരം ജാതികളിലെ നേതാക്കൾ ഹിന്ദുത്വയുമായി സഹകരിക്കാൻ തുടങ്ങി. ബ്രാഹ്മണരുടെ ഇടയിൽ മാത്രം സ്വാധീനമുണ്ടായിരുന്ന ഹിന്ദുത്വയുടെ ആശയപ്രചാരണങ്ങൾ ഇതര ഹിന്ദു സമുദായങ്ങൾക്കിടയിലും ചലനം സൃഷ്ടിച്ചു. രാമ ഗോപാലൻ, താണുലിംഗ നാടാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തനം ശക്തിപ്പെട്ടു. വിനായക ചതുർത്ഥി പോലുള്ള ഉത്സവങ്ങൾ ബഹുജന സംഘാടനത്തിനുള്ള ഉപാധികളായി. ‘വെട്രി വേൽ വീരവേൽ’ പോലുള്ള തമിഴ് സാംസ്കാരിക ചിഹ്നങ്ങൾ ഉപയോഗിച്ച് സംഘടന ഹിന്ദുത്വ മുദ്രാവാക്യങ്ങൾ പ്രാദേശികവൽക്കരിച്ചു. സാരാംശത്തിൽ, മണ്ടയ്ക്കാട് ക്ഷേത്രത്തെ ദ്രാവിഡ ദക്ഷിണേന്ത്യയിലെ ഹിന്ദു ദേശീയതയുടെ പ്രതീകാത്മകവും പ്രാദേശികവുമായ ഒരു ഫ്ലാഷ് പോയിന്റായി ഹിന്ദുത്വ, പരിവർത്തനം ചെയ്തു.

രാമ ഗോപാലൻ, താണുലിംഗ നാടാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഹിന്ദുത്വ പ്രവർത്തനം ശക്തിപ്പെട്ടു. വിനായക ചതുർത്ഥി പോലുള്ള ഉത്സവങ്ങൾ ബഹുജന സംഘാടനത്തിനുള്ള  ഉപാധികളായി.
രാമ ഗോപാലൻ, താണുലിംഗ നാടാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഹിന്ദുത്വ പ്രവർത്തനം ശക്തിപ്പെട്ടു. വിനായക ചതുർത്ഥി പോലുള്ള ഉത്സവങ്ങൾ ബഹുജന സംഘാടനത്തിനുള്ള ഉപാധികളായി.

45% ക്രിസ്ത്യാനികളും 48% ഹിന്ദുക്കളുമുള്ള കന്യാകുമാരിയുടെ ജനസംഖ്യാകണക്ക് ഹിന്ദു ഏകീകരണ പ്രചാരണങ്ങൾക്ക് ഫലഭൂയിഷ്ഠമായ ഇടം നൽകി. കലാപം നടന്ന് മൂന്നു മാസത്തിനു ശേഷം ആർ. വേദാന്തം, സി. വേലായുധൻ തുടങ്ങിയ RSS നേതാക്കളുടെ മേൽനോട്ടത്തിൽ ഹിന്ദു മുന്നണി കന്യാകുമാരിയിൽ പ്രവർത്തനം ആരംഭിച്ചു. ദീർഘകാലമായി ദ്രാവിഡ പാർട്ടികളുടെ ആധിപത്യമുള്ള ഒരു മേഖലയിൽ വേരൂന്നാൻ ബി.ജെ.പിയെ സഹായിച്ചതും കന്യാകുമാരിയുടെ തീരപ്രദേശത്തുനിന്ന് തെക്കൻ തമിഴ്നാട്ടിലേക്ക് പ്രവർത്തനങ്ങൾ വ്യാപിക്കാനുള്ള പ്രേരണ നൽകിയതും കലാപാന്തരീക്ഷത്തിന്റെ തുടർച്ചകളാണ്.

ചുരുക്കത്തിൽ, വർഗീയ സംഘർഷം എങ്ങനെ പ്രത്യയശാസ്ത്ര മുതലീടായി പുനർവിന്യസിക്കാം എന്നതിന്റെ ചരിത്രം കൂടിയാണ് 1982-ലെ മണ്ടയ്ക്കാട് കലാപം. ഹിന്ദുത്വ ശക്തികൾ ഈ കലാപത്തെ തമിഴ്നാട്ടിലെ 'ഹിന്ദു ചെറുത്തുനിൽപ്പിന്റെ' മിത്തായി ചിത്രീകരിച്ചു, അത് ഇന്നും ദക്ഷിണേന്ത്യയുടെ ഹിന്ദുത്വ വ്യവഹാരത്തെ രൂപപ്പെടുത്തുന്നു.

ഇതിനു രണ്ടു വർഷം മുൻപ്, 1980 നവംബറിൽ മാടത്തുവിളയിൽ രണ്ട് യുവാക്കൾ തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായി ഒരു കുരിശ് കാണാതായ സംഭവവും അതേ തുടർന്ന് ഹിന്ദു - ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷവും പ്രക്ഷുബ്ധ സാഹചര്യം സൃഷ്ടിച്ചു. 1982 ഫെബ്രുവരിയിൽ, നാഗർകോവിലിൽ ക്രിസ്ത്യാനികളുടെ ഘോഷയാത്രയെ സ്വാഗതം ചെയ്യുന്നതിനായി ഒരു വ്യാപാരി നഗരത്തിന്റെ ഹൃദയഭാഗത്ത് കുരിശ് സ്ഥാപിച്ചു. ഹിന്ദുമത വിശ്വാസിയായ മറ്റൊരാൾ വിനായക ചതുർത്ഥിക്ക് അതേ സ്ഥലത്ത് ഗണപതി വിഗ്രഹം സ്ഥാപിക്കുകയും ആരാധിക്കാൻ തുടങ്ങുകയും ചെയ്തു. ക്രിസ്ത്യാനികളുടെ പ്രതിഷേധത്തെ തുടർന്ന് അഞ്ചു ദിവസങ്ങൾക്കുശേഷം, മഹാശിവരാത്രി നാളിൽ പോലീസ് വിഗ്രഹം നീക്കം ചെയ്തു. ഒരു പ്രധാന ഉത്സവദിനത്തിൽ വിഗ്രഹം നീക്കം ചെയ്തത് ഹിന്ദുക്കൾക്കിടയിൽ അതൃപ്തി ഉളവാക്കി. ഹിന്ദുക്കൾ പണിമുടക്കുകളും പ്രകടനങ്ങളും നടത്തി. ഹിന്ദു- ക്രിസ്ത്യൻ സംഘർഷം അയൽഗ്രാമങ്ങളിലേക്ക് വ്യാപിച്ചു. ഇത്തരത്തിലുള്ള ചെറു സംഘർഷങ്ങളുടെ വലിയൊരു തുടർച്ചകൂടിയാണ് മണ്ടയ്ക്കാട് സംഭവം.

തമിഴ്നാടിന്റെ മാത്രം പ്രശ്നമല്ലെങ്കിലും, മതപരമായ ഘോഷയാത്രകൾ ഇന്ത്യയിൽ വർഗീയ കലാപത്തിന്റെ ആവർത്തിച്ചുള്ള ഫ്ലാഷ് പോയിന്റാണ്, ഇത് ഹിന്ദുത്വ അനുബന്ധ ഗ്രൂപ്പുകൾ മത ധ്രുവീകരണത്തിന് ഉപയോഗിച്ചു.

മീനാക്ഷിപുരത്തെ
മതപരിവർത്തനം

1981- ലെ മീനാക്ഷിപുരം കലാപം ഹിന്ദുത്വ രാഷ്ട്രീയത്തിന് എണ്ണ പകർന്ന മറ്റൊരു പ്രധാന സംഭവമാണ്. 'മതപരിവർത്തനം' എന്ന ആശയത്തെ സാംസ്കാരികവും ദേശീയവുമായ അരക്ഷിതാവസ്ഥയുടെ വിശാല ആഖ്യാനവുമായി ബന്ധിപ്പിച്ച്, ഹിന്ദു ദേശീയ പ്രസ്ഥാനങ്ങൾ സംഘടിപ്പിച്ച പ്രചാരണങ്ങളുടെയും തന്ത്രങ്ങളുടെയും പരിണിത ഫലമായിരുന്നു കലാപം. ഫെബ്രുവരി 19ന് തിരുനെൽവേലി ജില്ലയിലെ മീനാക്ഷിപുരം ഗ്രാമത്തിൽ നിന്നുള്ള 150 ഓളം ദലിത് കുടുംബങ്ങൾ സംഘടിതമായി ഇസ്ലാം മതം സ്വീകരിച്ചു. കടുത്ത ജാതി അവഗണനയും സാമൂഹിക ഭ്രഷ്ടുമായിരുന്നു, അവരിൽ ഭൂരിഭാഗം പേരും ഹിന്ദുമതം ഉപേക്ഷിക്കാൻ തീരുമാനിച്ചതിനു പിന്നിൽ.

1984-ൽ, ഇന്ത്യാ ടുഡേയുടെ റിപ്പോർട്ടിൽ, കാലാകാലങ്ങളായുള്ള അപമാനം, സാമ്പത്തിക അവസരങ്ങൾ നിഷേധിക്കൽ, പ്രബല ജാതിക്കാരായ ഹിന്ദുക്കളുടെ സാമൂഹിക ബഹിഷ്കരണം എന്നിവയെ തുടർന്നാണ് മതപരിവർത്തനം നടന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മിക്ക ദലിതരും സാമൂഹിക അന്തസ്സ്, സമത്വം, സാമ്പത്തിക വളർച്ച എന്നിവയിലേക്കുള്ള ഒരു പാതയായാണ് മതപരിവർത്തനത്തെ കണ്ടത്.

എന്നിരുന്നാലും, മാധ്യമങ്ങളും ഹിന്ദു സംഘടനകളും ഈ സംഭവത്തെ 'വിദേശ ഫണ്ടിന്റെ പിന്തുണയുള്ള നിർബന്ധിത മതപരിവർത്തനം' എന്ന നിലയിൽ വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചു. ഇത് അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്നതിലേക്ക് നയിച്ചു. മണ്ടയ്ക്കാട് എന്നതുപോലെത്തന്നെ നിർബന്ധിത മതപരിവർത്തനത്തിനെതിരെ ഇത്തവണയും വേണുഗോപാലൻ കമ്മീഷൻ, നിയമം ശുപാർശ ചെയ്തു. എന്നാൽ എം.ജി.ആർ സർക്കാർ ഉടൻ നടപടിയെടുക്കാൻ തയ്യാറായില്ല. ഇസ്ലാം മതം സ്വീകരിച്ച കുടുംബങ്ങളെ ബി.ജെ.പി ദേശീയ നേതാക്കളായ എ.ബി. വാജ്പേയിയും എൽ.കെ. അദ്വാനിയും സന്ദർശിച്ച്, വീടുകൾ നിർമ്മിച്ച് നല്കുന്നതടക്കമുള്ള വാഗ്‌ദാനങ്ങൾ നൽകി. ഇവരിൽ ചിലർ ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തി എന്ന് സ്ഥിരീകരിക്കപ്പെടാത്ത അവകാശവാദങ്ങളുണ്ട്. എന്നാൽ ഇസ്ലാ മതം സ്വീകരിച്ചവർ സ്വാഭിമാനത്തോടെയും സാമ്പത്തിക ഭദ്രതയോടെയുമാണ് തുടർജീവിതം നയിച്ചതെന്ന് 2018 -ൽ തന്റെ പിഎച്ച് ഡി വൈവയോടനുബന്ധിച്ച മറുപടിയിൽ വിടുതലൈ സിറുത്തൈ കക്ഷി നേതാവ് തൊൽ തിരുമാവളവൻ പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

മീനാക്ഷിപുരം മതപരിവർത്തനം ഹിന്ദു സംഘടനകൾക്കു ഒത്തുചേർന്ന് പ്രവർത്തിക്കാനുള്ള അവസരമായി.
മീനാക്ഷിപുരം മതപരിവർത്തനം ഹിന്ദു സംഘടനകൾക്കു ഒത്തുചേർന്ന് പ്രവർത്തിക്കാനുള്ള അവസരമായി.

മീനാക്ഷിപുരം മതപരിവർത്തനം ഹിന്ദു സംഘടനകൾക്കു ഒത്തുചേർന്ന് പ്രവർത്തിക്കാനുള്ള അവസരമായി. മതപരിവർത്തനങ്ങളെ ജാതി അനീതിയുടെ ലക്ഷണമായിട്ടല്ല, മറിച്ച് ഇസ്ലാമിൽ നിന്നുള്ള ദേശീയ ഭീഷണിയുടെയും വിദേശ ഗൂഢാലോചനയുടെയും തെളിവായി അവർ പുനഃ രൂപകൽപ്പന ചെയ്തു. ആഭ്യന്തര വിഭജനങ്ങൾ (ജാതി ), ബാഹ്യ ഭീഷണികൾ (ഇതര മതങ്ങളിലേക്കുള്ള പരിവർത്തനം) എന്നിവ കാരണം ഹിന്ദു സമൂഹത്തിൽ നിന്ന് കൊഴിഞ്ഞുപോക്കു സംഭവിക്കുന്നു എന്ന പരിഭ്രാന്തി പ്രചരിപ്പിക്കാൻ ഹിന്ദുത്വ നേതൃത്വം മീനാക്ഷിപുരം സംഭവം പ്രയോജനപ്പെടുത്തി. ഹിന്ദുമതത്തിനുള്ളിലെ ദലിത് അടിച്ചമർത്തലെന്ന ആഭ്യന്തരപ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിനുപകരം, പ്രശ്നത്തെ 'ഇസ്ലാമിക ആക്രമണവും' 'നിയമവിരുദ്ധമായ വിദേശ സ്വാധീനവും' ആയി ബാഹ്യവൽക്കരിച്ച്, എല്ലാ ഹിന്ദു സമുദായങ്ങളെയും ഒരൊറ്റ വർഗീയ ബാനറിനു കീഴിൽ ഏകീകരിക്കാൻ ഹിന്ദു ദേശീയ സംഘടനകൾ കച്ചകെട്ടിയിറങ്ങുന്നതാണ് പിന്നീട് കാണുന്നത്. ഇത് ആദ്യകാല ഘർ- വാപസി (പുനഃമത പരിവർത്തനം) സംരംഭങ്ങളെ നിയമവിധേയമാക്കുകയും ഇന്ത്യയിലുടനീളമുള്ള പിൽക്കാല മതപരിവർത്തന വിരുദ്ധ ബില്ലുകൾക്ക് ധാർമ്മിക ന്യായീകരണം നൽകുകയും ചെയ്തു. 'ലവ് ജിഹാദ്', മിഷനറി പ്രവർത്തനങ്ങൾ എന്നിവയ്ക്കെതിരായ പിൽക്കാല പ്രചാരണങ്ങൾക്ക് ഇത് മതവൈകാരിക അടിത്തറയായി തീർന്നു.

തമിഴ്നാട്ടിലെ ഒരു പ്രാദേശിക കലാപത്തിൽ നിന്ന് 1989 -ഓടെ അയോധ്യയിലെ 'രാമജന്മഭൂമി', ദേശീയമായി വികസിച്ച ഒരു നറേറ്റീവ് ആയി വളർത്തിയെടുക്കാൻ സംഘവാരിവാറിന് കഴിഞ്ഞു. രാഷ്ട്രീയമായി നാമമാത്രമായിരുന്നിട്ടും (1984- ൽ രണ്ടു ലോക്സഭാ സീറ്റുകൾ മാത്രം) മീനാക്ഷിപുരവുമായി ബന്ധപ്പെട്ട മതധ്രുവീകരണത്തിലൂടെ സമാഹരിച്ച ഊർജ്ജം ബി.ജെ.പിയുടെ രാജ്യവ്യാപകമായ പ്രത്യയശാസ്ത്ര സ്വീകാര്യതയുടെ ആദ്യകാല അടിത്തറയായി, മതപരിവർത്തനങ്ങളെ അപര മതഭീഷണികളായി തുടർച്ചയായി ചിത്രീകരിക്കുന്ന പൊതു വ്യവഹാരത്തെ അവർ പുനഃരൂപകൽപ്പന ചെയ്തു.

തമിഴ് പ്രതീകങ്ങളെ ഹൈന്ദവവൽക്കരിക്കുക, പെരിയാർ പോലുള്ള നേതാക്കളെ അപരവൽക്കരിക്കുക പോലുള്ള നടപടികൾ ബി.ജെ.പി നേരിട്ട് ഏറ്റെടുക്കുന്നത് എൽ മുരുഗന്റെയും അണ്ണാമലൈയുടെയും നേതൃത്വകാലത്താണ്.

കലാപങ്ങളിൽ ശക്തിപ്പെടുന്ന BJP

1997 -ൽ നടന്ന കോയമ്പത്തൂർ കലാപവും ഹിന്ദുത്വ സംഘടനകളുടെ സഹായത്തോടെ ബി.ജെ.പിയുടെ പാർട്ടിഅടിത്തറ ഒരുക്കുന്നതിനായി പ്രയോജനപ്പെടുത്തുന്നത് നമുക്ക് കാണാം. കമ്മ്യൂണിസ്റ്റുകൾക്കും ദ്രാവിഡ കക്ഷികൾക്കും മുൻ‌തൂക്കമുണ്ടായിരുന്ന ജില്ലയിൽ ബി.ജെ.പിയുടെ കടന്നുകയറ്റത്തിന് ഹിന്ദു- മുസ്ലിം സംഘർഷങ്ങൾ ചില്ലറ പങ്കൊന്നുമില്ല വഹിച്ചത്.

ഒരു ഹിന്ദു ഘോഷയാത്രക്കിടെ, അൽ- ഉമ്മ സംഘടനാ പ്രവർത്തകരായ മുസ്ലീം യുവാക്കൾ പോലീസ് കോൺസ്റ്റബിൾ സെൽവരാജിനെ കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് നവംബർ 29 മുതൽ ഡിസംബർ ഒന്നുവരെ നടന്ന രൂക്ഷമായ മതസംഘർഷമാണ് കോയമ്പത്തൂർ കലാപം. ഹിന്ദു മുന്നണി, ഹിന്ദു മക്കൾ കക്ഷി തുടങ്ങിയ ഹിന്ദു ദേശീയവാദ ഗ്രൂപ്പുകൾ പോലീസ് സഹായത്തോടെ, മുസ്ലീങ്ങളെയും മുസ്ലിം ഉടമസ്ഥതയിലുള്ള സ്വത്തുക്കളും ലക്ഷ്യമിട്ട് അക്രമങ്ങൾ നടത്തി. പരസ്പരമുള്ള ഏറ്റുമുട്ടലുകളിൽ 18 മുസ്ലിംകളും രണ്ട് ഹിന്ദുക്കളും കൊല്ലപ്പെട്ടു. വ്യാപക തീവെപ്പിലും കൊള്ളയിലും 500 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടു. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് പോലുള്ള പൗരാവകാശ ഗ്രൂപ്പുകളുടെ റിപ്പോർട്ടുകൾ, പോലീസ് വിഭാഗീയ പക്ഷപാതത്തോടെ പ്രവർത്തിച്ചുവെന്നും കലാപത്തിന്റെ മറവിൽ മുസ്ലീം വ്യാപാരികൾക്കെതിരെ വ്യാപക അതിക്രമങ്ങൾ ഉണ്ടായെന്നും നിരീക്ഷിച്ചിട്ടുണ്ട്. ആക്രമണം രൂക്ഷമായശേഷം മാത്രമാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സും സൈന്യവും ഇടപെട്ടത്. മതസൗഹാർദ്ദത്തിന്, താരതമ്യേന പേരു കേട്ടിരുന്ന കോയമ്പത്തൂരിലെ രാഷ്ട്രീയാന്തരീക്ഷത്തെ കലാപം സാരമായി ബാധിച്ചു, കോയമ്പത്തൂരിൽ ബി.ജെ.പി നേതാവ് എൽ. കെ. അദ്വാനിയുടെ സന്ദർശനം ലക്ഷ്യമിട്ട് നടന്ന ബോംബാക്രമണങ്ങളിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. സ്ഫോടനങ്ങൾക്ക് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ ഉത്തരവാദികളാണെന്ന് കണ്ടെത്തി.

1997 -ൽ നടന്ന കോയമ്പത്തൂർ കലാപം ഹിന്ദുത്വ സംഘടനകളുടെ സഹായത്തോടെ ബി.ജെ.പിയുടെ പാർട്ടിഅടിത്തറ ഒരുക്കുന്നതിനായി പ്രയോജനപ്പെടുത്തി. കമ്മ്യൂണിസ്റ്റുകൾക്കും ദ്രാവിഡ കക്ഷികൾക്കും മുൻ‌തൂക്കമുണ്ടായിരുന്ന ജില്ലയിൽ ബി.ജെ.പിയുടെ കടന്നുകയറ്റത്തിന് ഹിന്ദു- മുസ്ലിം സംഘർഷങ്ങൾ ചില്ലറ പങ്കൊന്നുമില്ല വഹിച്ചത്.
1997 -ൽ നടന്ന കോയമ്പത്തൂർ കലാപം ഹിന്ദുത്വ സംഘടനകളുടെ സഹായത്തോടെ ബി.ജെ.പിയുടെ പാർട്ടിഅടിത്തറ ഒരുക്കുന്നതിനായി പ്രയോജനപ്പെടുത്തി. കമ്മ്യൂണിസ്റ്റുകൾക്കും ദ്രാവിഡ കക്ഷികൾക്കും മുൻ‌തൂക്കമുണ്ടായിരുന്ന ജില്ലയിൽ ബി.ജെ.പിയുടെ കടന്നുകയറ്റത്തിന് ഹിന്ദു- മുസ്ലിം സംഘർഷങ്ങൾ ചില്ലറ പങ്കൊന്നുമില്ല വഹിച്ചത്.

ഈ കലാപങ്ങളെത്തുടർന്നുണ്ടായ വർഗീയ ധ്രുവീകരണവും 1998-ലെ ബോംബ് സ്ഫോടനങ്ങൾ പോലുള്ള ഇസ്ലാമിക ഗ്രൂപ്പുകളുടെ പ്രതികാര നടപടികളും കാര്യങ്ങൾ ബി.ജെ.പിക്ക് അനുഗുണമാക്കി. മതധ്രുവീകരണത്തിന്റെ ഈ കാലഘട്ടത്തിൽ ഹിന്ദു മുന്നണിയെപ്പോലുള്ള അനുബന്ധ സംഘടനകളുടെ നേതൃത്വത്തിൽ ബി. ജെ. പിയുടെ അടിത്തട്ട് ശൃംഖല ശക്തിപ്പെട്ടു. ഇത് സംഘപരിവാറിന്റെ കേഡർ പിന്തുണ ഏകീകരിക്കുന്നതിനൊപ്പം കോയമ്പത്തൂരിനെ തമിഴ്നാട്ടിലെ ഏറ്റവും ശക്തമായ ബി. ജെ. പി താവളങ്ങളിലൊന്നായി മാറ്റുകയും ചെയ്തു. 1998-ൽ AIADMK മുന്നണിയുടെ ഭാഗമായും 1999 -ൽ DMK സഖ്യത്തിലും ബി.ജെ.പി നേതാവ് സി. പി. രാധാകൃഷ്ണന് (ഇന്നത്തെ ഉപരാഷ്‌ട്രപതി ) ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞത് ഇതിന്റെ ഫലമായാണ്.

തമിഴ്നാടിന്റെ മാത്രം പ്രശ്നമല്ലെങ്കിലും, മതപരമായ ഘോഷയാത്രകൾ ഇന്ത്യയിൽ വർഗീയ കലാപത്തിന്റെ ആവർത്തിച്ചുള്ള ഫ്ലാഷ് പോയിന്റാണ്, ഇത് ഹിന്ദുത്വ അനുബന്ധ ഗ്രൂപ്പുകൾ മത ധ്രുവീകരണത്തിന് ഉപയോഗിച്ചു. ഈ ഘോഷയാത്രകൾ പലപ്പോഴും മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിലൂടെ കടന്നുപോകുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചിലപ്പോൾ ഏറ്റുമുട്ടലുകളിലേക്ക് നയിക്കുകയും ചെയ്തു. 1990 -ൽ മദ്രാസിലെ ട്രിപ്ലിക്കെയ്ൻ പ്രദേശത്ത് ഹിന്ദുമത ഘോഷയാത്രക്കിടെ മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കി പള്ളിക്കുനേരെ പടക്കമെറിഞ്ഞതും മുസ്ലിം വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തതിനെയും തുടർന്നുണ്ടായ പോലീസ് വെടിവെപ്പും 2020-ൽ സാമുദായിക സംഘർഷത്തിനിടെ ഹിന്ദു മുന്നണി പ്രവർത്തകർ കോയമ്പത്തൂരിലെ ഒരു പള്ളി ആക്രമിച്ച സംഭവവും അടക്കം നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാം. ഇതിന് മറുവശമെന്ന നിലയിൽ നിരവധി ഹിന്ദു മുന്നണി നേതാക്കൾ തീവ്ര ഇസ്ലാമിക സംഘടനകളുടെ ആക്രമണങ്ങളിൽ കൊലചെയ്യപ്പെട്ടിട്ടുണ്ട്. പ്രതികാര നടപടികളുടെ ഭാഗമായി പ്രത്യാക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഇരു വിഭാഗങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് ആക്കം കൂട്ടുകയും ഇസ്ലാമിക വിരുദ്ധ മുന്നേറ്റത്തിന് കാരണമാകുകയും ചെയ്തു.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ PMK, തമിഴ് മാനില കോൺഗ്രസ്, AMMK തുടങ്ങിയ കക്ഷികളുമായി ചേർന്നുള്ള NDA സഖ്യം ഒരു സീറ്റുപോലും ലഭിക്കാതെ പരാജയപ്പെട്ടു. എന്നാൽ വോട്ടുവിഹിതത്തിലുണ്ടായ കുതിച്ചുചാട്ടം ശ്രദ്ധാർഹമാണ്.

1990 -കളുടെ അവസാനത്തിലും 2000 -ത്തിന്റെ തുടക്കത്തിലും ഹിന്ദു മുന്നണിയിലുണ്ടായ വിള്ളലുകൾ ഹിന്ദു മക്കൾ കക്ഷി പോലുള്ള ഗ്രൂപ്പുകളുടെ ആവിർഭാവത്തിലേക്ക് നയിച്ചു, ഹിന്ദുത്വയുടെ പ്രയോഗത്തെ കുറിച്ച് ഇവർക്കുള്ള അഭിപ്രായവ്യത്യാസങ്ങൾ മത ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പരസ്യമായ ആക്രമണങ്ങളായാണ് പ്രതിഫലിച്ചത്. ഹിന്ദു മക്കൾ കക്ഷി പിന്നീട് തമിഴ് സ്വാഭിമാനത്തെ ഹിന്ദുത്വ ചട്ടക്കൂടിനുള്ളിൽ എത്തിക്കാൻ ശ്രമിച്ചു. തമിഴ് പ്രതിച്ഛായയെ മതപരമായും ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയവുമായും സംയോജിപ്പിച്ച് ഹിന്ദുത്വത്തെ കൂടുതൽ തമിഴ് വൽക്കരിക്കാനുള്ള നീക്കങ്ങളും ഉണ്ടായി. തമിഴ് പ്രതീകങ്ങളെ ഹൈന്ദവവൽക്കരിക്കുക, പെരിയാർ പോലുള്ള നേതാക്കളെ അപരവൽക്കരിക്കുക പോലുള്ള നടപടികൾ ബി.ജെ.പി നേരിട്ട് ഏറ്റെടുക്കുന്നത് എൽ മുരുഗന്റെയും അണ്ണാമലൈയുടെയും നേതൃത്വകാലത്താണ്. തിരുവള്ളുവർ പ്രതിമകൾക്ക് കാവിച്ചായം പൂശിയതും, പാർട്ടി പരിപാടികളിൽ 'വെട്രിവേൽ വീരവേൽ' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയതുമൊക്കെ ഉദാഹരണങ്ങളാണ്.

സി. പി. രാധാകൃഷ്ണൻ, പൊൻ രാധാകൃഷ്‌ണൻ, തമിഴിസൈ സൗന്ദരരാജൻ തുടങ്ങി ആപേക്ഷികമായി മിതവാദം പുലർത്തിയിരുന്ന നേതാക്കളിൽനിന്ന് ഭിന്നമായി അണികളെ വൈകാരികമായും അക്രമാസക്തമായും ആവേശം കൊള്ളിച്ച രണ്ടു സംസ്ഥാന ബി.ജെ.പി അധ്യക്ഷന്മാർ എൽ. മുരുകനും, അണ്ണാമലൈയുമാണ്. കൂട്ടത്തിൽ ഏറ്റവും അക്രമോത്സുകമായി പാർട്ടിപ്രവർത്തകരിൽ വൈകാരികാവേശത്തെ തിളപ്പിച്ച് നിർത്താനും അതിനെ രാഷ്ട്രീയ പദ്ധതിയായി വികസിപ്പിക്കാനും സാധിച്ചത് അണ്ണാമലൈയ്ക്കാണ്. എന്നാൽ, പ്രായോഗിക രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളാണ്, ആസന്നമായ തെരഞ്ഞെടുപ്പു സാഹചര്യത്തിൽ നിലവിലെ അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ നേതൃത്വത്തിൽ സംസ്ഥാന ബി.ജെ.പി പയറ്റുന്നത്.

തിരുവള്ളുവർ പ്രതിമകൾക്ക് കാവിച്ചായം പൂശിയും, പാർട്ടി പരിപാടികളിൽ 'വെട്രിവേൽ വീരവേൽ' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയും തമിഴ് പ്രതീകങ്ങളെ ഹൈന്ദവവൽക്കരിക്കാനുള്ള നടപടികൾ ബി.ജെ.പി നേരിട്ട് ഏറ്റെടുക്കുന്നത് എൽ മുരുഗന്റെയും അണ്ണാമലൈയുടെയും നേതൃത്വകാലത്താണ്.
തിരുവള്ളുവർ പ്രതിമകൾക്ക് കാവിച്ചായം പൂശിയും, പാർട്ടി പരിപാടികളിൽ 'വെട്രിവേൽ വീരവേൽ' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയും തമിഴ് പ്രതീകങ്ങളെ ഹൈന്ദവവൽക്കരിക്കാനുള്ള നടപടികൾ ബി.ജെ.പി നേരിട്ട് ഏറ്റെടുക്കുന്നത് എൽ മുരുഗന്റെയും അണ്ണാമലൈയുടെയും നേതൃത്വകാലത്താണ്.

തിരിച്ചടികളിലും ഉയരുന്ന വോട്ടുവിഹിതം

1980 -ൽ ബി.ജെ.പി രൂപീകരിക്കപ്പെട്ട കാലം തൊട്ടേ, തമിഴ്നാട്ടിൽ RSS നേതാവ് കൂടിയായ കെ. സൂര്യനാരായണ റാവുവിന്റെ അധ്യക്ഷതയിൽ സംസ്ഥാന യൂണിറ്റ് നിലവിൽ വന്നു. ആ വർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് ആകെ കിട്ടിയത് 13,000 വോട്ടാണ്. അതായത് മൊത്തം വോട്ടിന്റെ 0.07 %. 1984 -ൽ നടന്ന നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത് 50,000 വോട്ട്. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിലും കനത്ത തോൽവി അഭിമുഖീകരിച്ചെങ്കിലും വോട്ടു വിഹിതത്തിൽ നേരിയ വർദ്ധനവ് വരുത്താൻ പാർട്ടിക്ക് സാധിച്ചു. 1996 -ലാണ് ബി.ജെ.പിക്ക് ആദ്യമായി ഒരു എം.എൽ.എ യെ ലഭിക്കുന്നത്, കന്യാകുമാരി ജില്ലയിലെ പത്മനാഭപുരത്തു നിന്ന്. DMK സ്ഥാനാർത്ഥിയെ 5000 വോട്ടുകൾക്ക് തോൽപിച്ച് സി. വേലായുധൻ സഭയിലെത്തി. ആ തെരഞ്ഞെടുപ്പിൽ കുളച്ചലിലും നാഗർകോവിലിലും രണ്ടാം സ്ഥാനത്തെത്താനും ബി.ജെ.പിക്കായി. അന്നത്തെ വോട്ടു വിഹിതം 1. 81 %.

1998 - ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മുന്നണി അടിസ്ഥാനത്തിൽ ബി.ജെ.പി മത്സരിക്കുന്നത്. അതിനു കാരണമായത് തൊട്ടുമുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയലളിതയ്ക്കുണ്ടായ കനത്ത തോൽവിയും, കോൺഗ്രസിന് ബദലായി ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിക്കുണ്ടായ വളർച്ചയുമാണ്. ശക്തമായ ഒരു മുന്നണി ബന്ധം മാത്രമേ തുണയാകൂ എന്ന ജയയുടെ തിരിച്ചറിവ് ബി.ജെ.പിയെ കൂടാതെ വൈകോയുടെ ADMK, രാമദാസിന്റെ PMK, മറ്റു ചെറു കക്ഷികൾ അടങ്ങിയ സഖ്യത്തിന് രൂപം കൊടുക്കാൻ പ്രേരണയായി. 1996 -ൽ ഒറ്റയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്ത ബി.ജെ.പിക്ക്, പ്രാദേശിക പാർട്ടികളുമായുള്ള ധാരണ ഗുണം ചെയ്യുമെന്ന നിലപാടും മുന്നണി രൂപീകരണത്തിന് സഹായകമായി. സംസ്ഥാനത്ത് വോട്ടുവിഹിതം തുച്ഛമായിരുന്നിട്ടും ദേശീയതലത്തിൽ നേതൃത്വം നൽകുന്ന കക്ഷി എന്ന പരിഗണന നൽകി അഞ്ച് സീറ്റുകൾ ബി.ജെ.പിക്ക് അനുവദിക്കപ്പെട്ടു. ഫലം വന്നപ്പോൾ ആകെ 39 -ൽ 30 സീറ്റുകൾ മുന്നണി സ്വന്തമാക്കി. നീലഗിരി, തിരുച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ബി.ജെ.പി ജയിച്ചു കയറി.

മുഖ്യ ദ്രാവിഡ കക്ഷികളുടെ പിന്തുണയില്ലാതെ അണ്ണാമലൈയുടെ നേതൃത്വത്തിൽ കാടിളക്കിയുള്ള, അക്രമോത്സുക വാക്പോരുകളോടുകൂടിയ പ്രചാരണം ഹിന്ദുമേഖലയിലുണ്ടാക്കിയ ചലനം ബി.ജെ.പിയുടെ നേട്ടത്തിന് വലിയൊരു കാരണമാണ്.

തനിക്കെതിരെയുള്ള കേസുകൾ പിൻവലിക്കാനും കരുണാനിധി സർക്കാരിനെ പുറത്താക്കാനുമുള്ള നിരന്തര ആവശ്യം വാജ്‌പേയ് സർക്കാർ ചെവി കൊള്ളാത്തതിനെ തുടർന്ന് അടുത്ത വർഷം ഏപ്രിലിൽ ജയലളിത പിന്തുണ പിൻവലിക്കുകയും വിശ്വാസ വോട്ടെടുപ്പിൽ ബി.ജെ.പി സർക്കാർ നിലംപൊത്തുകയും ചെയ്‌തു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ DMK പ്രത്യയശാസ്ത്രഭിന്നത മറന്ന് ബി.ജെ.പിയുമായി സഖ്യം രൂപീകരിച്ചു. ഇത്തവണ 39 -ൽ 26 സീറ്റുകൾ മുന്നണി നേടി. കോയമ്പത്തൂർ (സി. പി. രാധാകൃഷ്ണൻ ), നീലഗിരി (മാസ്റ്റർ മാതൻ) നാഗർകോവിൽ (പൊൻ രാധാകൃഷ്ണൻ), ശിവഗംഗൈ (എച്ച്. രാജ) സീറ്റുകളിൽ ബി.ജെ.പി ജയിച്ചു.

2001- ൽ DMK മുന്നണിയിൽ നാല് എം എൽ എ മാരെ ലഭിച്ച ബി.ജെ.പിക്ക്, പിന്നീട് 10 വർഷങ്ങൾ കാത്തുനിൽക്കേണ്ടിവന്നു, നിയമസഭയുടെ പടികയറാൻ. 2021 -ൽ AIADMK മുന്നണിയുടെ ഭാഗമായി നാല് ബി.ജെ.പി അംഗങ്ങൾ സഭയിലെത്തി. 2004 -ൽ DMK മുന്നണിബന്ധം വിച്ഛേദിച്ചതോടെ AIADMK- യുമായുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെട്ടു എങ്കിലും ആ മുന്നണിക്ക് വിജയം കണ്ടെത്താനായില്ല. ആ വർഷം നടന്ന തെരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റു വാങ്ങിയതിനെ തുടർന്ന്, ബി.ജെ.പിയുമായുള്ള ബന്ധം ഗുണകരമല്ല എന്ന് തിരിച്ചറിഞ്ഞ ജയലളിത സഖ്യം ഉപേക്ഷിച്ചു. 2014 - ൽ PMK, DMDK തുടങ്ങിയ കക്ഷികളുമായി സഖ്യം ചേർന്ന് മത്സരിച്ച ബി.ജെ.പി ക്കു 5.5 % വോട്ടു കിട്ടി. മുന്നണി 18.8 % വോട്ടും സമാഹരിച്ചു. ജയലളിതയുടെ മരണശേഷം പാർട്ടി ദുർബലമായ ഘട്ടത്തിൽ എടപ്പാടി പഴനിസ്വാമിയുടെ നേതൃത്വത്തിലാണ് AIADMK, ബി.ജെ.പി സഖ്യം പുനരാരംഭിക്കുന്നത്. 2019 -ലെ ലോക്സഭാ ?തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണ് സഖ്യത്തിന് ലഭിച്ചത്. ബി.ജെ.പി വട്ടപ്പൂജ്യത്തിൽ ഒതുങ്ങി. പാർട്ടിയുടെ വോട്ടുവിഹിതം 3 .85 %. 2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യത്തിന് ഭൂരിപക്ഷം നേടാനായില്ലെങ്കിലും പാർട്ടിക്ക് നാലു സീറ്റുകൾ ലഭിച്ചു. 2023 -ൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ AIADMK നേതാക്കളുമായി കൊമ്പുകോർത്തതോടെ, ബി.ജെ.പിയുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കാൻ AIADMK തീരുമാനിച്ചു.

1980 -ൽ ബി.ജെ.പി രൂപീകരിക്കപ്പെട്ട കാലം തൊട്ടേ, തമിഴ്നാട്ടിൽ RSS നേതാവ് കൂടിയായ കെ. s നാരായണ റാവുവിന്റെ അധ്യക്ഷതയിൽ സംസ്ഥാന യൂണിറ്റ് നിലവിൽ വന്നു. ആ വർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് ആകെ കിട്ടിയത് 13,000 വോട്ടാണ്.
1980 -ൽ ബി.ജെ.പി രൂപീകരിക്കപ്പെട്ട കാലം തൊട്ടേ, തമിഴ്നാട്ടിൽ RSS നേതാവ് കൂടിയായ കെ. s നാരായണ റാവുവിന്റെ അധ്യക്ഷതയിൽ സംസ്ഥാന യൂണിറ്റ് നിലവിൽ വന്നു. ആ വർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് ആകെ കിട്ടിയത് 13,000 വോട്ടാണ്.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ PMK, തമിഴ് മാനില കോൺഗ്രസ്, AMMK തുടങ്ങിയ കക്ഷികളുമായി ചേർന്നുള്ള NDA സഖ്യം ഒരു സീറ്റുപോലും ലഭിക്കാതെ പരാജയപ്പെട്ടു. എന്നാൽ വോട്ടുവിഹിതത്തിലുണ്ടായ കുതിച്ചുചാട്ടം ശ്രദ്ധാർഹമാണ്. സഖ്യം 18.27 % വോട്ട് നേടി. കന്യാകുമാരിയിൽ 38 ശതമാനവും രാമനാഥപുരം, തിരുനെൽവേലി മണ്ഡലങ്ങളിൽ 30 ശതമാനത്തിലേറെയും വോട്ട് സമാഹരിക്കാൻ പാർട്ടിക്കായി. 12 മണ്ഡലങ്ങളിൽ മുന്നണി രണ്ടാം സ്ഥാനത്തെത്തി. ബി.ജെ.പിയുടെ സംസ്ഥാനത്തെ മൊത്തം വോട്ടു വിഹിതം 11.24 %.

മുഖ്യ ദ്രാവിഡ കക്ഷികളുടെ പിന്തുണയില്ലാതെ അണ്ണാമലൈയുടെ നേതൃത്വത്തിൽ കാടിളക്കിയുള്ള, അക്രമോത്സുക വാക്പോരുകളോടുകൂടിയ പ്രചാരണം ഹിന്ദുമേഖലയിലുണ്ടാക്കിയ ചലനം ബി.ജെ.പിയുടെ നേട്ടത്തിന് വലിയൊരു കാരണമാണ്. ബി.ജെ.പി നേതൃത്വത്തിൻ കീഴിലുണ്ടായ രാജ്യപുരോഗതിയെയും മോദിയുടെ ലോക നേതാവ് എന്ന പ്രതിച്ഛായയെയും സംബന്ധിച്ച പി.ആർ വർക്കുകളുടെ സ്വാധീനത്തിൽ പെട്ട, ഉയർ വിദ്യാഭ്യാസം ലഭിച്ച ഉപരി, മധ്യവർഗ്ഗക്കാരുടെ വോട്ടും പാർട്ടിക്ക് അനുകൂല ഘടകമായതായി വിലയിരുത്തപ്പെടുന്നു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും
മുന്നണി സാധ്യതകളും

തെക്കേ ഇന്ത്യയിൽ കാര്യമായ മേൽവിലാസം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അടുത്തവർഷത്തെ നിയമസഭാ തിരഞ്ഞടുപ്പിന് ബി.ജെ.പി ഒരുക്കം കൂട്ടുന്നത്. അതിനായി ശക്തമായ മുന്നണി രൂപീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിൽ ചെന്നൈയിലെത്തിയ അമിത് ഷാ സഖ്യം പ്രഖ്യാപിച്ചു. AIADMK, പന്നീർ സെൽവത്തിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗം, ടി.ടി.വി. ദിനകരന്റെ AMMK, PMK, TMC, കൂടാതെ മറ്റു ചെറു കക്ഷികൾ ചേർന്നൊരു വിശാല മുന്നണിയാണ് ബി.ജെ.പി ലക്‌ഷ്യം. ഇതിനിടെ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനിസ്വാമിയെ അമിത് ഷാ ഏകപക്ഷീയമായി നിർദ്ദേശിച്ചതിലും ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ അവഗണനയിലും പ്രതിഷേധിച്ച് പന്നീർ സെൽവവും ടി.ടി.വിയും മുന്നണി വിട്ടതായി പ്രഖ്യാപിച്ചു. DMDK-യും നിലവിൽ സഖ്യത്തിലില്ല.

ഡി.എം.കെയ്ക്ക് ബദൽ എ.ഐ.എ.ഡി.എം.കെ അല്ല, തങ്ങളാണെന്നു വൻ ജനാവലിയെ സാക്ഷി നിർത്തി വിജയ് ഉന്നയിക്കുന്ന അവകാശവാദം തത്വത്തിൽ അംഗീകരിക്കാതെ വഴിയില്ല എന്ന് ബി.ജെ.പി തിരിച്ചറിഞ്ഞിട്ടുണ്ട്.

പന്നീർ ശെൽവത്തിന്റെ നേതൃത്വത്തിലുള്ള വിമത പ്രവർത്തനവും മറ്റു ആഭ്യന്തര പ്രശ്നങ്ങളും AIADMK- യെ മുഖ്യ പ്രതിപക്ഷകക്ഷി എന്ന നിലയിൽ കൂടുതൽ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഈ വിള്ളൽ മുതലെടുത്ത് തൽസ്ഥാനം പിടിക്കാനുള്ള സാധ്യത അണ്ണാമലൈയുടെ നേതൃത്വത്തിൽ ബി.ജെ.പി ഇടക്കാലത്ത് പരീക്ഷിക്കുകയുമുണ്ടായി. AIADMK നേതാക്കൾക്കെതിരെ വലിയ പ്രകോപനം സൃഷ്ടിക്കുന്ന വാക് പോരുകളുടെ പരമ്പര തന്നെ അണ്ണാമലൈ അഴിച്ചുവിട്ടത് ഇക്കാര്യം മുന്നിൽക്കണ്ടാണ്. തിരിച്ചുള്ള പ്രതികരണങ്ങൾക്കും മൂർച്ചയേറിയതോടെയാണ് മുന്നണി ബന്ധം വിച്‌ഛേദിക്കപ്പെട്ടത്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് ജനപിന്തുണയുടെ ലിറ്റ്മസ് ടെസ്റ്റ് ആയാണ് അണ്ണാമലൈ കണ്ടത്. സീറ്റുകളൊന്നും നേടാനായില്ലെങ്കിലും പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയില്ലാതെ തന്നെ ലഭിച്ച മെച്ചപ്പെട്ട വോട്ടു വിഹിതം ബി.ജെ.പിക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. എന്നാൽ വിജയ് യുടെ തമിഴ് വെട്രി കഴകത്തിന്റെ വരവ് ഈ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു.

ഡി.എം.കെയ്ക്ക് ബദൽ എ.ഐ.എ.ഡി.എം.കെ അല്ല, തങ്ങളാണെന്നു വൻ ജനാവലിയെ സാക്ഷി നിർത്തി വിജയ് ഉന്നയിക്കുന്ന അവകാശവാദം തത്വത്തിൽ അംഗീകരിക്കാതെ വഴിയില്ല എന്ന് ബി.ജെ.പി തിരിച്ചറിഞ്ഞിട്ടുണ്ട്. എടപ്പാടി - അമിത് ഷാ കൂടിക്കാഴ്ചയിൽ ഈ കാര്യം ഒരു മുന്നറിയിപ്പായി ഷാ നൽകുകയും ചെയ്തു. അവിഭക്ത AIADMK ഉൾപ്പെട്ട ശക്തമായ മുന്നണി എന്ന നിലപാടിലേക്ക് ബി.ജെ.പിയെ എത്തിക്കുന്നതും AIADMK-യുമായി നിരന്തരം പോരടിക്കുന്ന അണ്ണാമലൈയ്ക്കു പകരം നായനാർ നാഗേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കുന്നതും ഈ സാഹചര്യം കണക്കിലെടുത്തതാണ്. PMK-യിലെ രാമദാസ് - അൻപുമണി പോരിനെയും, മുന്നണിയിലുണ്ടാകുന്ന ഏതു ചോർച്ചയും പ്രതികൂലഘടകങ്ങളാകുമെന്നു കണ്ട്, ബി.ജെ.പി ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

ശക്തമായ മുന്നണി രൂപീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിൽ ചെന്നൈയിലെത്തിയ അമിത് ഷാ സഖ്യം പ്രഖ്യാപിച്ചു. AIADMK, പന്നീർ സെൽവത്തിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗം, ടി.ടി.വി. ദിനകരന്റെ AMMK, PMK, TMC, കൂടാതെ മറ്റു ചെറു കക്ഷികൾ ചേർന്നൊരു വിശാല മുന്നണിയാണ് ബി.ജെ.പി ലക്‌ഷ്യം.
ശക്തമായ മുന്നണി രൂപീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിൽ ചെന്നൈയിലെത്തിയ അമിത് ഷാ സഖ്യം പ്രഖ്യാപിച്ചു. AIADMK, പന്നീർ സെൽവത്തിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗം, ടി.ടി.വി. ദിനകരന്റെ AMMK, PMK, TMC, കൂടാതെ മറ്റു ചെറു കക്ഷികൾ ചേർന്നൊരു വിശാല മുന്നണിയാണ് ബി.ജെ.പി ലക്‌ഷ്യം.

ഈ അവസരത്തിലാണ് ബി.ജെ.പിക്ക് ഒരു ദുരന്തം കൂടി 'സുവർണ്ണാവസര'മായി ലഭിച്ചിരിക്കുന്നത്. കരൂരിൽ വിജയ് യുടെ റാലിയോടനുബന്ധിച്ചു നടന്ന ആൾക്കൂട്ട പൊരിച്ചിലിൽ 41 പേർ മരിച്ച സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിയോടും ഡി.എം.കെയോടും സമദൂരം പ്രഖ്യാപിച്ച് ഏറെ മുന്നോട്ട് പോയ വിജയ് യെ സി.ബി.ഐ അന്വേഷണത്തിൽ കുരുക്കിട്ട് സമ്മർദ്ദത്തിൽ ആഴ്ത്തിയാൽ ഗത്യന്തരമില്ലാതെ അദ്ദേഹം മുന്നണിയിലേക്കെത്തുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. അത്തരമൊരു സഖ്യം രൂപീകരിക്കാൻ കഴിഞ്ഞാൽ 'മുന്നണിയാകാം മുന്നണി ഭരണം വേണ്ട' എന്ന എടപ്പാടിയുടെ നിർബന്ധബുദ്ധിയെ തൃണവൽക്കരിച്ച് (തമിഴ് നാട്ടിൽ ആദ്യമായി) കൂട്ടുമന്തിസഭ എന്ന ആശയം നടപ്പാക്കാനാവുമെന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നു.

വടക്കു പടിഞ്ഞാറൻ ജില്ലകളിൽ AIADMK-യുടെയും, തെക്കൻ ജില്ലകളിൽ പന്നീർ സെൽവം (വിമത വിഭാഗം), ടി.ടി.വി. ദിനകരൻ (AMMK) വിഭാഗത്തിന്റെയും ജനസംഖ്യയുടെ 12 - 15 ശതമാനം വരുന്ന വണ്ണിയർ വോട്ടുകളിൽ PMK-യുടെയും വോട്ട് പരമാവധി സമാഹരിക്കാനും DMDK, ​TMC, ദലിത് കക്ഷിയായ പുതിയ തമിഴകം പോലുള്ളവയുടെ സ്വാധീനമേഖലയിൽ നേട്ടമുണ്ടാക്കാനും അതോടൊപ്പം ഹിന്ദു മേഖലകളിലെ തങ്ങളുടെ സ്വാധീനം വോട്ടായി മാറുകയും ചെയ്താൽ കാര്യങ്ങൾ അനുകൂലമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഡി.എം.കെക്കെതിരായ ഭരണ വിരുദ്ധവികാരവും, TVK-യുടെ മുന്നണി പ്രവേശനവും ഒക്കെ ഒത്തുചേരുന്ന പക്ഷം ബി.ജെ.പിയുടെ പ്രതീക്ഷകൾ അസ്ഥാനത്തല്ല എന്ന് പറയേണ്ടിവരും.

കരൂരിൽ വിജയ് യുടെ റാലിയോടനുബന്ധിച്ചു നടന്ന ആൾക്കൂട്ട പൊരിച്ചിലിൽ 41 പേർ മരിച്ച സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
കരൂരിൽ വിജയ് യുടെ റാലിയോടനുബന്ധിച്ചു നടന്ന ആൾക്കൂട്ട പൊരിച്ചിലിൽ 41 പേർ മരിച്ച സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ സംസ്ഥാനത്തെ കരുത്തുറ്റ ദ്രാവിഡ പാരമ്പര്യവും ഹിന്ദു ഏകീകരണത്തിന് വിഘാതമായ ജാതിധ്രുവീകരണവും സനാതന ധർമ്മത്തോടുള്ള വിമുഖതയും ബി.ജെ.പിക്കു പ്രതികൂല ഘടകങ്ങളാണ്. തമിഴ്ഭാഷയോടും സംസ്കാരത്തോടും ബി.ജെ.പി പുലർത്തുന്ന അലംഭാവവും ഹിന്ദി അടിച്ചേൽപ്പിക്കൽ നയങ്ങളും ദുരന്തകാലങ്ങളിലെ അവഗണനയുമടക്കമുള്ള കാര്യങ്ങളിലെ ജനരോഷവും, നീറ്റ് -യോഗ്യത പരീക്ഷ പോലുള്ള പ്രശ്നങ്ങളിൽ തമിഴ് താല്പര്യങ്ങൾക്കെതിരായി എടുത്തിട്ടുള്ള നിലപാടുകളും ഉൾപ്പെടെ നിരവധി കടമ്പകൾ ബി. ജെ.പിക്കുമുന്നിലുണ്ട്. ഇവയെ മുന്നണി സംവിധാനത്തിന്റെ മികവിലൂടെ ഒറ്റയടിക്ക് മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. അതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് നടക്കാനിടയുള്ള രാഷ്ട്രീയ സംഭവ വികാസങ്ങൾക്കനുസരിച്ച് ശ്രദ്ധയോടുള്ള ചുവടുവെപ്പുകൾക്കാണ് നൈനാർ നാഗേന്ദ്രന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ബി.ജെ.പി ഇപ്പോൾ ഊന്നൽ നൽകുന്നത്.


Summary: BJP's involvemnets in Tamil Nadu election politics. T Aneesh's Arasiyal Suvarottigal series that meticulously analyzes Tamil Nadu's electoral politics.


ടി. അനീഷ്

എഡിറ്റർ, മാധ്യമപ്രവർത്തകൻ. ആനുകാലികങ്ങളിൽ രാഷ്ട്രീയ, സാംസ്കാരിക ലേഖനങ്ങൾ എഴുതാറുണ്ട്.

Comments