യൂത്ത് ലീഗിന്റെ വിദ്വേഷ മുദ്രാവാക്യം സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ വിജയമാകുമ്പോള്‍

മുസ്‌ലിം യൂത്ത് ലീഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി മണിപ്പുരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാഞ്ഞങ്ങാട്ട്​ നടത്തിയ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട്​ ശിഹാബുദ്ദീൻ പൊയ്​ത്തുംകടവ്​ എഴുതുന്നു.

2024 എന്ന വർഷം ഇന്ത്യൻ ചരിത്രം ഒരു പക്ഷേ ഇന്നോളം കണ്ടിട്ടില്ലാത്ത രാഷ്ട്രീയ പ്രതിസന്ധിയുടെതായിരിക്കും. പ്രധാന കാരണങ്ങളിൽ ഒന്ന്, സംഘ്പരിവാർ രാഷ്ട്രീയം അതിന്റെ ലക്ഷ്യപ്രാപ്തിയുടെ സമീപതീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നത് തന്നെ. ഓരോ പ്രതിസന്ധിയെയും എങ്ങനെ നേരിടണം എന്ന സോഷ്യൽ എഞ്ചിനീയറിങ്ങിന്റെ വിജയവും മികവും അവരിലുണ്ടാക്കിയ ആത്മവിശ്വാസം ഒരു വശത്തും, ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിന് സംഭവിച്ച പ്രതിസന്ധികൾ നൽകുന്ന വൈവിധ്യമാർന്ന അലോസരങ്ങൾ മറുവശത്തും മുഖാമുഖം നോക്കുന്ന സന്ദർഭമാണ് ഇനി വരാൻ പോകുന്ന കാലം.

രാഷ്ട്രീയ മുദ്രാവാക്യങ്ങൾ സൂക്ഷ്മമായി നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ട ബാധ്യത സംഘ്​പരിവാർ വിരുദ്ധപക്ഷത്ത് നില്ക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കുണ്ട്; അവയുടെ നേതാക്കൾക്കുണ്ട്. ഇത് രാഷ്ട്രീയ ജാഗ്രതയുടെ പ്രാഥമിക പാഠമാണ്.

ഇന്ത്യയെ പൂർണമായും സംഘിവൽവൽക്കരിക്കുകയും അംബേദ്ക്കർ മുഖ്യ ശില്‌പിയായി നിർമ്മിച്ച ഇന്ത്യൻ പീനൽ കോഡ് ദൂരെ വലിച്ചെറിയുകയേ ഇനി അവർക്കാവശ്യമുള്ളൂ. ഇപ്പോൾത്തന്നെ നിയമവ്യവസഥയെ വളരെ ആഴത്തിൽ ദുർബലപ്പെടുത്തിക്കഴിഞ്ഞു. ഇത് സാമാന്യബുദ്ധിയുള്ള ഏവർക്കും അറിയാം - സൈബർ സയൻസിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാവാനും അവർക്ക് കഴിഞ്ഞിരിക്കുന്നു. ഇവയുടെ പ്രധാന സന്ദേശ ശൈലി, തീർച്ചയായും ഹെയ്റ്റ് കാമ്പയിനാണെന്ന കാര്യവും നമുക്ക് ഇന്നറിയാം. ഇന്ത്യയിൽ ഇന്നുള്ള ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയതയെ കക്ഷി രാഷ്ട്രീയതയിലേക്ക് ചുരുക്കി പ്രതിഷ്ഠിച്ചപ്പോൾ, കൃത്യമായ രാഷ്ട്രീയ പ്രവർത്തനവും ലക്ഷ്യബോധത്തിലധിഷ്ഠിതമായ രാഷ്ട്രീയ പ്രവർത്തന ശൈലിയും നിർവ്വഹിച്ചത് സംഘ്പരിവാർ രാഷ്ട്രീയമാണ് എന്നു കാണാം.
കോർപറേറ്റ് താല്പര്യങ്ങളെയും അമാനവികതയെയും ഒരുമിപ്പിച്ച് നിർവഹിക്കാൻ അവർക്ക് സാധിച്ചത് ഹെയ്റ്റ് കാമ്പയിൻ എന്ന രാഷ്ട്രീയ വഴിയിലൂടെയാണെന്നത് ഒരു പക്ഷേ, അവർ തന്നെ സമ്മതിച്ചു തന്നേക്കാവുന്ന വിധം പ്രകടമായ വസ്തുതയാണ്. അത്രമാത്രം പ്രത്യക്ഷതയിലാണ് ഇന്ന് അത് അധിവസിക്കുന്നത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ സൂക്ഷ്മമായി നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ട ബാധ്യത സംഘ്​പരിവാർ വിരുദ്ധപക്ഷത്ത് നില്ക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കുണ്ട്; അവയുടെ നേതാക്കൾക്കുണ്ട്. ഇത് രാഷ്ട്രീയ ജാഗ്രതയുടെ പ്രാഥമിക പാഠമാണ്. ഈ പാഠം പോലും മറന്നു പോയ ഒന്നാണ് കാഞ്ഞങ്ങാ​ട്ടെ റാലിയിൽ മുഴങ്ങിക്കേട്ട യൂത്ത്ലീഗ് മുദ്രാവാക്യം.

ഇന്നലെ യൂത്ത് ലീഗ് നേതൃത്വം ഇത്തരമൊരു മുദ്രാവാക്യം മുഴക്കിയ ആൾക്കെതിരെ നടപടിയെടുക്കുമെന്ന പ്രസ്താവന സ്വാഗതാർഹമാണെങ്കിലും എങ്ങനെയാണ് അമ്ലസ്വഭാവമുള്ള ഇത്തരമൊരു മുദ്രാവാക്യം സംഭവിച്ചു എന്നതിനെക്കൂടി അവർ പഠിക്കേണ്ടതുണ്ട്. എങ്ങനെയാണ് സംഘ്​പരിവാർ രാഷ്ട്രീയത്തിന് ഗുണകരമായിത്തീർന്ന, തീർന്നുകൊണ്ടിരിക്കുന്ന ഒരു മുദ്രാവാക്യം ഈ വിധം യാതൊരു മുന്നറിയിപ്പുമില്ലാതെ പൊട്ടിപ്പുറപ്പെട്ടത്? ഇതിൽ ദുരൂഹതയില്ലേ? ഉണ്ടെങ്കിൽ എങ്ങനെ ഈ മുദ്രാവാക്യം ആ ജാഥയിൽ വന്നെത്തി എന്ന് അന്വേഷിക്കാനുള്ള രാഷ്ട്രീയബാധ്യത അതിന്റെ നേതാക്കൾക്ക് തീർച്ചയായുമുണ്ട്. അതിനെച്ചൊല്ലിയുള്ള അലസസമീപനത്തിന്റെ ഓരോ സെക്കന്റിനും പിഴയടക്കേണ്ടിവരുന്നത്, ന്യൂനപക്ഷ സമുദായങ്ങൾ മാത്രമല്ല, വഴിയേ പോകുന്ന നിരപരാധികളായ പൗരസമൂഹം കൂടിയാണ്. സംശയിക്കേണ്ട, തങ്ങളുടെ അനുയായികളിൽ നിന്ന് മുഴങ്ങുന്ന മുദ്രാവാക്യങ്ങൾക്ക് ഉത്തരം പറയേണ്ട ബാധ്യത എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അതിന്റെ ഒന്നാം നിര നേതാക്കൾക്കുമുണ്ട്. മുസ്​ലിം ലീഗിന്റെ നയവും ലക്ഷ്യവുമാണ് ഈ മുദ്രാവാക്യമെങ്കിൽ തീർച്ചയായും വിഷയം വേറെയാണ്. ഇക്കാര്യത്തിൽ ലീഗ് രാഷ്ട്രീയത്തിന് വിയോജിപ്പുണ്ടെങ്കിൽ അവർ ആദ്യം കണ്ടുപിടിക്കേണ്ടത് മുദ്രാവാക്യമെഴുതിക്കൊടുത്ത ആളെത്തന്നെയാണ്. ആരാണ് ഈ വരികൾ പറഞ്ഞു കൊടുത്തതെന്ന് തീർച്ചയായും അന്വേഷിക്കപ്പെടണം. പ്രസ്ഥാനത്തിൽ തീവ്രവാദ ഏജന്റുമാർ കയറിക്കൂടിയിട്ടുണ്ടോ എന്നുതന്നെയാണ് അവർ രണ്ടാമത് അന്വേഷിക്കേണ്ടത്. അതിനുള്ള രാഷ്ട്രീയ ഉണർച്ച വേണ്ടത് ലീഗിലെ നേതാക്കൾക്ക് തന്നെയാണ്. അവർക്കൊക്കെ അതിനൊക്കെ സംവിധാനമുണ്ടോ സമയം കിട്ടുമോ എന്നറിയില്ല. എന്തായാലും സംഘ്​പരിവാർ രാഷ്ട്രീയത്തെ പരിപോഷിപ്പിക്കുന്ന മുദ്രാവാക്യമാണ് അവിടെ മുഴങ്ങിയതെന്ന് ഇതെഴുതുന്ന ആളിന് യാതൊരു സംശയവുമില്ല.

ഈ മുദ്രാവാക്യം ആത്യന്തികമായി സംഘ്​പരിവാർ രാഷ്ട്രീയത്തിന്റെ വിജയമാണ്. 24 മണിക്കൂറിനകം പരിഭാഷപ്പെടുത്തി ഉത്തരേന്ത്യൻ സംഘ്​പരിവാർ മാധ്യമ കോട്ടകളിലെത്തി ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ഈ മുദ്രാവാക്യത്തെ കൂടുതൽ സംശയത്തിലാഴ്ത്തുന്നുണ്ട്.

പച്ചയ്ക്കിട്ടല്ല, പരസ്പരമാണ് കത്തുക എന്ന മുദ്രാവാക്യം പൊതുസമൂഹത്തിന്റെ ഉണർച്ചയെയും മതേതര ചിന്തയേയുമാണ് മുറിവേൽപ്പിക്കുന്നത്. അതേ, വഴിയെ പോകുന്ന നിരപരാധികളായ മനുഷ്യർ തന്നെയാണ് പിഴയടക്കേണ്ടിവരിക. ഇത് പ്രാഥമികമായ സാമാന്യ യുക്തിയാണ്. ഇത് ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. തീർച്ചയായും നിത്യജീവിതത്തിനുള്ള അരി തേടിപ്പോയ കുടുംബനാഥനും സ്കൂൾ വിട്ട് വരുന്ന കുട്ടികളുമാണ് പിഴയടക്കേണ്ടി വരിക. അവരാണ് ബലിയാടാവുന്നത്. അവർക്ക് പേരില്ല. ജാതിയും മതവുമില്ല. രാഷ്ട്രീയാഭിമുഖ്യം പോലുമുണ്ടാവില്ല. യഥാർത്ഥ ക്രിമിനലുകൾ ഒരിക്കലും പ്രതിപ്പട്ടികയിൽ വരില്ല. പ്ലാൻ ചെയ്തവർ തീരെ പെടില്ല. കാരണം കണ്ടുപിടിക്കുമ്പോഴേക്കും അവർ സുരക്ഷിതമായ അകലത്തെത്തിയിരിക്കും. തങ്ങൾ വിളിക്കുന്ന മുദ്രാവാക്യം ഏതുതരം പ്രത്യാഘാതമാണുണ്ടാക്കുന്നതെന്ന് ജാഥയിലെ, തലയ്ക്കുള്ളിൽ ആൾത്താമസമില്ലാത്ത ആൾക്കൂട്ടത്തിനറിയില്ല. പെട്രോളുമായി പതുങ്ങി നില്ക്കുന്നവരുടെ അടുത്തേക്കാണ് അവർ തീയും കൊണ്ടുപോകുന്നതെന്ന്. ഇത് അവരോട് ആര് പറഞ്ഞു കൊടുക്കും?

1957ൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിംലീഗ് അംഗങ്ങൾ. ഇരിക്കുന്നവരിൽ ഇടത്തുനിന്ന് മണ്ണിശ്ശേരി കെ.വി മുഹമ്മദ് (മങ്കട), കെ. ഹസ്സൻ ഗനി (മലപ്പുറം), സി.എച്ച് മുഹമ്മദ് കോയ (താനൂർ), ചാക്കീരി അഹമ്മദ് കുട്ടി (കുറ്റിപ്പുറം), കെ. മൊയ്തീൻകുട്ടി എന്ന ബാവഹാജി (തിരൂർ), നിൽക്കുന്നവരിൽ ഇടത്തുനിന്ന് എം.പി.എം അഹമ്മദ് കുരിക്കൾ (കൊണ്ടോട്ടി), എം. ചടയൻ (മഞ്ചേരി ദ്വയാംഗ മണ്ഡലം), കെ. അവുക്കാദർ കുട്ടി നഹ (തിരൂരങ്ങാടി)
1957ൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിംലീഗ് അംഗങ്ങൾ. ഇരിക്കുന്നവരിൽ ഇടത്തുനിന്ന് മണ്ണിശ്ശേരി കെ.വി മുഹമ്മദ് (മങ്കട), കെ. ഹസ്സൻ ഗനി (മലപ്പുറം), സി.എച്ച് മുഹമ്മദ് കോയ (താനൂർ), ചാക്കീരി അഹമ്മദ് കുട്ടി (കുറ്റിപ്പുറം), കെ. മൊയ്തീൻകുട്ടി എന്ന ബാവഹാജി (തിരൂർ), നിൽക്കുന്നവരിൽ ഇടത്തുനിന്ന് എം.പി.എം അഹമ്മദ് കുരിക്കൾ (കൊണ്ടോട്ടി), എം. ചടയൻ (മഞ്ചേരി ദ്വയാംഗ മണ്ഡലം), കെ. അവുക്കാദർ കുട്ടി നഹ (തിരൂരങ്ങാടി)

ഈ മുദ്രാവാക്യം ആത്യന്തികമായി സംഘ്​പരിവാർ രാഷ്ട്രീയത്തിന്റെ വിജയമാണ്. 24 മണിക്കൂറിനകം പരിഭാഷപ്പെടുത്തി ഉത്തരേന്ത്യൻ സംഘ്​പരിവാർ മാധ്യമ കോട്ടകളിലെത്തി ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ഈ മുദ്രാവാക്യത്തെ കൂടുതൽ സംശയത്തിലാഴ്ത്തുന്നുണ്ട്. ഉത്തരേന്ത്യൻ സംഘ്​പരിവാർ കൂട്ടായ്മകളിലെ സോഷ്യൽ മീഡിയകളിൽ, ടെലിവിഷനിൽ, ഈ മുദ്രാവാക്യം കോഴി ബിരിയാണിയായിത്തീർന്നതെങ്ങനെയെന്ന് ലീഗിന്റെ സംസ്ഥാന നേതൃത്വമെങ്കിലും പരിശോധിക്കണം. അവരൊക്കെ വലിയ തിരക്കുള്ള മഹനീയ വ്യക്തികളാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഇത് പറയുന്നത്.

ഇടതും വലതും ചേർത്തുപിടിച്ചു പോകുന്ന കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ഒരു മുദ്രാവാക്യം മതി. അതുകൊണ്ടുതന്നെ അത് എഴുതിക്കൊടുത്തവരെ അന്വേഷിച്ച് പിടിക്കുകയാണ് പരമപ്രധാനമായി ചെയ്യേണ്ടത്. തീർച്ചയായും അവിടെ ഒരു വാടകക്കാരൻ ക്രിമിനലിനെ കണ്ടെത്താം. അവരുടെയും മുകളിൽ തീർച്ചയായും സ്ഥിരം ശമ്പളക്കാരനായ കൊടും ക്രിമിനലുകളുടെ മുഖംമൂടിയണിഞ്ഞ രൂപവും കാണാം.

സത്യത്തിൽ, രാഷ്ട്രീയ പാർട്ടികളുടെ മുദ്രാവാക്യങ്ങൾ സംസ്ഥാന കമ്മിറ്റികളിൽ നിന്നല്ലേ പുറപ്പെടേണ്ടത്? എന്റെ അറിവിൽ സി.എച്ച്. മുഹമ്മദ് കോയ അങ്ങനെയൊരു നിലപാട് ലീഗിൽ കൊണ്ടുവന്നിരുന്നു. അങ്ങനെയൊരു നയം ലീഗിൽ ഇപ്പോഴുമുണ്ടോ എന്ന് ഇതെഴുതുന്ന ആളിനറിയില്ല. മുദ്രാവാക്യങ്ങൾ ശത്രുക്കുടെ കൈയിൽ നൽകുന്ന വാളായിത്തീരുന്ന കാലമാണിതെന്ന് അനുയായികളിലാരെങ്കിലും നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തുന്നത് നല്ലതാണ്.

പണ്ട്, തൊണ്ണൂറുകളുടെ ആദ്യം തിരൂർ ഭാഗത്ത് നിന്ന് കള്ളപ്പണം പിടിച്ചത് ചെറിയൊരുവാർത്തയായി പത്രങ്ങളുടെ ഉൾപ്പേജിൽ ഒറ്റക്കോളത്തിൽ വന്നതോർക്കുന്നു. ബദ്ധശത്രുക്കളായ രണ്ട് സമുദായ പാർട്ടികൾക്ക് ഒരേ സോഴ്സിൽ നിന്ന്​ പണം വന്നു എന്ന് വാർത്തയിൽ ധ്വനിയുണ്ടായിരുന്നു. പിറ്റേന്ന് ആ വാർത്തയുടെ പൊടിപോലുമുണ്ടായില്ല. ഒരാളും അതേപ്പറ്റി അസ്വസ്ഥരായില്ല. പതിയെ അന്തരീക്ഷത്തിൽ നിന്ന് അതൊക്കെ മാഞ്ഞു പോയി. ഒരു പത്രത്തിലും ആ വാർത്തയുടെ ഫോളോ അപ് എന്തേ വരാതിരുന്നത്? വർഗ്ഗീയതയ്ക്കെതിരായ ആലോചന നാം ഇവിടെ നിന്നാണ് ആരംഭിക്കേണ്ടത്? പക്ഷേ, അത് ഒരിക്കലും സംഭവിക്കുകയുണ്ടായില്ല.

Comments