അരവിന്ദ് കെജ്രിവാള്‍

തെരഞ്ഞെടുപ്പിൽ ശേഷിക്കുന്ന ഇന്ത്യയിൽ
അരവിന്ദ് കെജ്രിവാൾ ആരായിരിക്കും?

‘ഇന്ത്യ’ സഖ്യത്തിലെ മറ്റെല്ലാ കക്ഷികളേക്കാളും ശത്രുവായി ബി.ജെ.പി സർക്കാരിന് ആപ്പും അതിന്റെ നേതാവായ അരവിന്ദ് കെജ്രിവാളും മാറുന്നുണ്ടെങ്കിൽ അത് ‘ഇന്ത്യ’ സഖ്യത്തിൻ്റെ ശക്തനായ നേതാവ് എന്നതുകൊണ്ടുമാത്രമല്ല മറിച്ച് തങ്ങളുടെ അതേ സ്പേസിൽ രാഷ്ട്രീയം കളിക്കാൻ പൊട്ടെൻഷ്യലുള്ള ഒരു എതിരാളി എന്ന തിരിച്ചറിവുകൊണ്ടു കൂടിയാണ് - മനില സി. മോഹൻ എഴുതുന്നു.

ന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ച് 2024- ലെ തെരഞ്ഞെടുപ്പ്, ഒരു മതേതര ജനാധിപത്യ രാജ്യമെന്ന അതിൻ്റെ ആധാരശിലയെ മുൻനിർത്തി വിലയിരുത്തുമ്പോൾ, ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒന്നാണ് എന്നു പറയേണ്ടിവരും. ഫെഡറൽ സംവിധാനവും ഭരണഘടനയും, സ്വാതന്ത്ര്യാനന്തര ഇന്ത്യ അനുഭവിച്ച രീതിയിൽ തുടരുമോ എന്ന് സംശയിക്കുന്ന തരത്തിലാണ് നരേന്ദ്ര മോദി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ.

ഒരു സർവ്വാധിപത്യ ഫാഷിസ്റ്റ് സർക്കാരിൻ്റെ സകല ലക്ഷണങ്ങളും പേറുന്ന ഒരു ഭരണസംവിധാനം, ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാനമായ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. പ്രത്യയ ശാസ്ത്രപരമായിത്തന്നെ സംഘപരിവാർ സംവിധാനം വോട്ടെടുപ്പ് എന്ന അവരാഗ്രഹിക്കാത്ത ഒരു ജനാധിപത്യ വ്യവഹാരത്തെയാണ് അഭിമുഖീകരിക്കുന്നത്. അതുകൊണ്ട് അധികാരമുപയോഗിച്ചും ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ചും ജനാധിപത്യത്തിൻ്റെ തന്നെ സാധ്യതകളെ വക്രീകരിച്ചുപയോഗിച്ചും തെരഞ്ഞെടുപ്പിനെ പല രീതിയിൽ, മാനങ്ങളിൽ, അടരുകളിൽ അട്ടിമറിക്കാനും ഉള്ളിൽ നിന്ന് തകർക്കാനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ആ സംവിധാനം.

പ്രതിപക്ഷം എന്ന ആശയത്താലാണ് ഒരു ജനാധിപത്യ രാജ്യം അതിൻ്റെ നിർവ്വചനത്തിലും ഭരണനിർവ്വഹണ പ്രക്രിയയിലും പൂരകവും മനോഹരവുമാകുന്നത്. പ്രതിപക്ഷത്തെ ഇല്ലാതാക്കലാണ് ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിൻ്റെ ആവശ്യവും ലക്ഷ്യവും. ഇന്ത്യ പോലൊരു രാജ്യത്ത്, യൂണിയൻ ഗവൺമെന്റ്, അതിൻ്റെ നിലനിൽപിൻ്റെ തന്നെ ആധാരമായ ബഹുസ്വരതയെ ഇല്ലാതാക്കി, ഫെഡറൽ സംവിധാനത്തെ ദുർബലമാക്കി, സംസ്ഥാന ഭരണകൂടങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും ഒരു വിലയും കൊടുക്കാതെ നശിപ്പിക്കുന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ അപ്രതീക്ഷിത ഉദാഹരണമാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്.

അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നു

പ്രതിപക്ഷത്തെ അതിശക്ത വ്യക്തിത്വമായ അരവിന്ദ് കെജ്രിവാൾ എന്ന ഡൽഹി മുഖ്യമന്ത്രി ഇപ്പോൾ അഴിമതി ആരോപണക്കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിലാണ്. മാർച്ച് 28 ന് അവസാനിക്കേണ്ടിയിരുന്ന കസ്റ്റഡി 4 ദിവസം കൂടി നീട്ടി. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി അറസ്റ്റിലാവുന്നത്. അതും പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത്. ഡൽഹിയിൽ പുതിയ മദ്യനയം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാണ് ആരോപിക്കപ്പെടുന്നത്. പക്ഷേ കൃത്യമായും ഇലക്ട്രൽ ബോണ്ട്, അഴിമതിപ്പണമായി വാങ്ങി ബി.ജെ.പി കെജ്രിവാളിനെതിരെ സാക്ഷിമൊഴിയുണ്ടാക്കിയതാണ് എന്നതിൻ്റെ തെളിവുകൾ പുറത്തുവന്ന് കഴിഞ്ഞു.

അഴിമതിക്കേസിൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിനുപിന്നിൽ മറ്റനേകം രാഷ്ട്രീയ കാരണങ്ങൾക്കൊപ്പം, അഴിമതിക്കെതിരായ ‘ആപ്പ്’ മുദ്രാവാക്യത്തിൻ്റെ അടിക്കല്ലിൽ വിള്ളലുണ്ടാക്കിയിടുക എന്ന വൈകാരിക ലക്ഷ്യം കൂടിയുണ്ട്.

മദ്യനയക്കേസിൽ 2022 നവംബറിൽ 10 ന് അറസ്റ്റു ചെയ്യപ്പെട്ട ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അരബിന്ദോ ഫാർമയുടെ ഉടമയായ ശരത് ചന്ദ്ര റെഢിയാണ് ഇപ്പോൾ ഈ കേസിലെ മാപ്പുസാക്ഷി. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട റെഡി അഞ്ച് ദിവസം കഴിഞ്ഞപ്പോൾ അഞ്ച് കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയിരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖയിലുണ്ട്. അത് ബി.ജെ.പിക്കു വേണ്ടിയുള്ള പണമായിരുന്നു. അവിടം കൊണ്ട് തീർന്നില്ല. ആകെ 34.5 കോടി രൂപയുടെ ബോണ്ട്, ബി.ജെ.പിക്കുവേണ്ടി ശരത് റെഢി വാങ്ങി. അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ അരവിന്ദ് കെജ്‌രിവാളിനെ കണ്ടിട്ടേയില്ലെന്ന് മൊഴി നൽകിയ റെഢി, കുറച്ച് മാസത്തെ ജയിൽ വാസത്തിനും മാപ്പുസാക്ഷിയായുള്ള രൂപാന്തര പ്രാപ്തിയ്ക്കും ശേഷം പറഞ്ഞു, അരവിന്ദ് കെജരിവാളിനെ കണ്ടിരുന്നു എന്ന്. ഈ ഒരൊറ്റ മൊഴിയിലാണ് ഒരു മുഖ്യമന്ത്രിയെ, ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തിൻ്റ ശക്തനായ നേതാവും കണക്ടിംഗ് ഹബുമായ അരവിന്ദ് കെജരിവാളിനെ ഹിന്ദുത്വ ഫാഷിസ്റ്റ് സർക്കാർ അറസ്റ്റ് ചെയ്തിരിക്കുന്നത്. കെജ്രിവാളിലേക്ക് എത്തുന്നതിനു മുൻപ് ആപ്പ് നേതാക്കളായ മനീഷ് സിസോദിയയെയും സഞ്ജയ്സിങ്ങിനേയും വിജയ് നായരേയും ബി.ആർ. എസ് നേതാവ് കവിതയെയും അറസ്റ്റു ചെയ്തിരുന്നു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച അമേരിക്കയക്കെതിരെ, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് കാണിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പ്

സുതാര്യമായ തെരഞ്ഞെടുപ്പ് ഇന്ത്യയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അന്താരാഷ്ട്ര സമൂഹം, അമേരിക്കയും ജർമനിയും കെജ്രിവാളിൻ്റെ അറസ്റ്റിനെത്തുടർന്ന് ഇന്ത്യയെ വിമർശിച്ചിരുന്നു. അതിനോടും ധാർഷ്ട്യം നിറഞ്ഞ, പ്രതികരണമാണ് ഇന്ത്യൻ സർക്കാർ നടത്തിയത്. ഇന്ത്യയുടെ എതിർപ്പിനെത്തുടർന്ന് അമേരിക്കൻ വിദേശമന്ത്രാലയം അവരുടെ നിലപാടും ഭാഷയും മയപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഏറ്റവും ഒടുവിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആലോചിക്കുന്നുവെന്ന് വാർത്തകൾ വരുന്നു.

ഇന്ത്യ കണ്ട ബ്രഹ്മാണ്ഡ അഴിമതിയായ നിയമാനുസൃത കൊള്ളയാണ് ഇലക്ട്രൽ ബോണ്ട്. ആ ഇലക്ട്രൽ ബോണ്ട് അഴിമതി തന്നെയാണ് കെജ്രിവാളിനെതിരായ കേസിൻ്റെയും പിറകിൽ. ഇലക്ട്രൽ ബോണ്ടെന്ന മഹാ അഴിമതിയിൽ മുണ്ടിക്കിടക്കുന്ന ബിജെപിയാണ് ഒരു മുഖ്യമന്ത്രിയെ, ഉണ്ടാക്കിയെടുത്ത മൊഴിയുടെ പേരിൽ അറസ്റ്റ് ചെയ്തത് എന്നത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് എത്ര മാത്രം സുതാര്യവും സത്യസന്ധവുമായിരിക്കുമെന്ന് ഇന്ത്യൻ ജനതയ്ക്ക് മുന്നറിയിപ്പു നൽകുന്നുണ്ട്. പറയുന്നതും പ്രവർത്തിക്കുന്നതുമൊന്നും ന്യായമോ നീതിയോ അല്ലെന്നും നുണകളാണെന്നും അത് നുണകളാണെന്ന് ജനങ്ങൾക്കു മുഴുവൻ ബോധ്യപ്പെട്ടുന്നുണ്ട് എന്നും മനസ്സിലായിട്ടും ഭരണകൂട അധികാരത്തിൻ്റെ ബലത്തിൽ രാജ്യത്തെയും രാജ്യത്തിനു പുറത്തെയും ജനാധിപത്യ വിശ്വാസികളെ അമ്പരപ്പിച്ചുകൊണ്ട് മോദി സർക്കാർ പ്രതിപക്ഷനിരയെ തകർക്കുന്ന അശ്വമേധയജ്ഞം തുടരുകയാണ്.

മധ്യവർഗ്ഗ ആകുലതകളിൽ നിന്ന് ഉരുവം കൊണ്ട ആം ആദ്മി പാർട്ടിയുടേയും ബി.ജെ.പി.യുടേയും വോട്ട് ബേസ് ഒരർത്ഥത്തിൽ ഒന്നുതന്നെയാണ്. ഒരേ ഗ്രൗണ്ടിൽ കളിക്കുന്ന രണ്ട് പാർട്ടികൾ.

അഴിമതിയ്ക്കെതിരെ സമരമായി ഉയർന്നു വന്ന ഒരു മുന്നേറ്റമാണ് 2012- ൽ ആം ആദ്മി പാർട്ടിയുടെ രൂപീകരണത്തിന് കാരണമായത്. അഴിമതിവിരുദ്ധതയാണ് എ.എ.പി അതിൻ്റെ മുദ്രാവാക്യമായി എല്ലാക്കാലത്തും ഉയർത്തിയതും. അതുകൊണ്ടുതന്നെ അഴിമതിക്കേസിൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിനുപിന്നിൽ മറ്റനേകം രാഷ്ട്രീയ കാരണങ്ങൾക്കൊപ്പം തന്നെ പാർട്ടി മുദ്രാവാക്യത്തിൻ്റെ അടിക്കല്ലിൽ വിള്ളലുണ്ടാക്കിയിടുക എന്ന വൈകാരിക ലക്ഷ്യം കൂടിയുണ്ട്.

പത്ത് വർഷത്തെ രാഷ്ട്രീയ ചരിത്രം മാത്രമേ അനുഭവമായി കയ്യിലുള്ളൂ എങ്കിലും രണ്ട് സംസ്ഥാനങ്ങളിൽ, പഞ്ചാബിലും ഡൽഹിയിലും ഭരണം നേടിയെടുക്കാൻ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് കഴിഞ്ഞു എന്നത് വലിയ രാഷ്ട്രീയ കാര്യവും നേട്ടവുമാണ്. പതിനൊന്ന് വർഷത്തിനിപ്പുറം ഗോവയിലും ഗുജറാത്തിലും കൂടി നേടിയെടുത്ത വോട്ടിൻ്റെ അടിസ്ഥാനത്തിൽ ദേശീയ പാർട്ടി പദവിയിലാണ് എ എ പി ഇപ്പോഴുള്ളത്. അതുതന്നെയാണ് യൂണിയൻ സർക്കാരിനെ, ബി.ജെ.പിയെ, സംഘപരിവാറിനെ, ആർ.എസ്.എസിനെ അങ്കലാപ്പിലാക്കുന്നതും.

അരവിന്ദ് കെജ്രിവാൾ ജനകീയ വ്യക്തിത്വമാണ്. സാധാരണക്കാരൻ എന്ന ഇമേജ് ശരീരഭാഷയിലും വെൽഫെയർ സൊസൈറ്റി എന്ന രാഷ്ട്രീയ ഭാഷയിലും ജനങ്ങളോട് സംവദിക്കുന്ന രാഷ്ട്രീയ നേതാവ്

മധ്യവർഗ്ഗ ആകുലതകളിൽ നിന്ന് ഉരുവം കൊണ്ട ആം ആദ്മി പാർട്ടിയുടേയും ബി.ജെ.പി.യുടേയും വോട്ട് ബേസ് ഒരർത്ഥത്തിൽ ഒന്നുതന്നെയാണ്. ഒരേ ഗ്രൗണ്ടിൽ കളിക്കുന്ന രണ്ട് പാർട്ടികൾ. ആം ആദ്മി പാർട്ടിയില്ലായെങ്കിൽ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യാൻ രാഷ്ട്രീയ വിയോജിപ്പിൻ്റെ പേരിൽ പ്രത്യേകിച്ച് മടിയൊന്നും ഇല്ലാത്ത വോട്ട് ബേസ്. അവിടെയാണ് അരവിന്ദ് കെജ്രിവാളിനെ പൂട്ടാൻ ബി.ജെ.പിയ്ക്ക് ഏറ്റവും ശക്തമായ കാരണം കിട്ടുന്നത്. കോൺഗ്രസിനും യു പി എ സർക്കാരിനും എതിരായി രൂപപ്പെട്ട അഴിമതിവിരുദ്ധ പ്ലാറ്റ്ഫോമിൽ ഈ രണ്ട് കൂട്ടരും മധ്യവർഗ്ഗ സങ്കടതന്ത്രങ്ങളും മധ്യവർഗ്ഗത്തിനുള്ള വാഗ്ദാനങ്ങളുമായി ഇരിപ്പിടം പങ്കിട്ടിരുന്നു.

കഴിഞ്ഞ പത്തുപന്ത്രണ്ട് വർഷം ബി.ജെ.പിയുടെ നരേന്ദ്ര മോദി യൂണിയൻ സർക്കാരും ആം ആദ്മിയുടെ കെജ്രിവാൾ ഡൽഹി സർക്കാരും അതി തീവ്ര വലതുപക്ഷവും വലതുപക്ഷവുമായി ഭരണം നടത്തുകയായിരുന്നു.

അഴിമതി ആരോപിക്കപ്പെട്ട് അരവിന്ദ് കെജ്രിവാൾ ഇ.ഡി കസ്റ്റഡിയിൽ ഇരിക്കുമ്പോൾ, പാർലമെൻ്റ് ഇലക്ഷൻ മുന്നിൽ നിൽക്കുമ്പോൾ, കെജ്രിവാൾ എന്ന വ്യക്തി ഒരു ആശയമാണോ പ്രതിച്ഛായയാണോ എന്ന് ചർച്ച ചെയ്യുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന് തെരഞ്ഞെടുപ്പ്പരമായും ഭാവിയെ മുൻനിർത്തിയും ഗുണകരമാവില്ല.

അരവിന്ദ് കെജ്രിവാൾ ജനകീയ വ്യക്തിത്വമാണ്. സാധാരണക്കാരൻ എന്ന ഇമേജ് ശരീരഭാഷയിലും വെൽഫെയർ സൊസൈറ്റി എന്ന രാഷ്ട്രീയ ഭാഷയിലും ജനങ്ങളോട് സംവദിക്കുന്ന രാഷ്ട്രീയ നേതാവ്. പ്രാദേശിക ജനകീയതയ്ക്കപ്പുറം ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരാൾ. നിരവധി സംസ്ഥാനങ്ങളിൽ, കേരളത്തിൽപ്പോലും സ്വാധീനമുണ്ടാക്കാനും മത്സരിക്കാനും കുറഞ്ഞ സമയത്തിനുള്ളിൽ ശേഷിയുണ്ടാക്കുകയും ധൈര്യം കാണിക്കുകയും ചെയ്തയാൾ. ഒരു രാഷ്ട്രീയ നേതാവിലേക്കും ഭരണകർത്താവിലേക്കുമുള്ള അരവിന്ദ് കെജ്രിവാളിൻ്റെ ആദ്യകാല യാത്രയെ കരിയർ ഡവലപ്പ്മെൻ്റ് എന്നോ സാമൂഹ്യ സേവന യാത്രയെന്നോ വിലയിരുത്തുന്നതായിരിക്കും രാഷ്ട്രീയ പ്രവർത്തനം എന്ന വിലയിരുത്തലിനേക്കാൾ നല്ലത്.
ഡൽഹി ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റിലെ അസിസ്റ്റൻ്റ് കമ്മീഷണറായുള്ള അനുഭവ പരിചയമാണ് ഭരണകേന്ദ്രങ്ങളിലെ അഴിമതിയുടെ സങ്കീർണതയും ആഴവും കെജ്രിവാളിനെ ബോധ്യപ്പെടുത്തിയത്. ഹരിയാനയിലെ ഹിസാർ ജില്ലയിലെ ഒരു മധ്യവർഗ്ഗ കുടുംബപശ്ചാത്തലത്തിൽ ജനിച്ച കെജ്രിവാൾ ഐ. ഐ. ടി കാൺപൂരിൽ നിന്നാണ് ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങ് ബിരുദം നേടിയത്.

ജോലി ലഭിച്ചെങ്കിലും അതുപേക്ഷിച്ചു. ഐ.പി.എസായിരുന്നു കെജ്രിവാളിൻ്റെ ആദ്യകാല ലക്ഷ്യം. ലഭിച്ചത് പക്ഷേ ഇന്ത്യൻ റവന്യൂ സർവ്വീസ്. ഡൽഹിയിൽ ഇൻകം ടാക്സ് ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റൻ്റ് കമ്മീഷണറായി ജോലി ചെയ്തെങ്കിലും അധികകാലം അവിടെ തുടർന്നില്ല. മുഴുവൻ സമയ ആക്ടിവിസത്തിലേക്ക് 2006- ഓടെ കെജ്രിവാൾ എത്തി. ആദായനികുതി വകുപ്പിലെ അഴിമതിയ്ക്കെതിരെ മനീഷ് സിസോദിയയുമായി ചേർന്ന് പരിവർത്തൻ എന്ന സംഘടനയും സിസോദിയ, അഭിനന്ദൻ സെഖ്രി എന്നിവരുമായി ചേർന്ന് വിവരാവകാശ നിയമത്തെക്കുറിച്ച് പ്രചാരണം നടത്തുന്നതിന് പബ്ലിക് കോസ് റിസർച്ച് ഫൗണ്ടേഷനും ആരംഭിച്ചു. കെജ്രിവാളിൻ്റെ പ്രവർത്തനങ്ങൾക്ക് മാഗ്സസെ അവാർഡും ലഭിച്ചു.

ആപ്പിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ കെജ്രിവാളിനെ അനങ്ങാൻ വിടാതെ ജയിലിലിടണം എന്ന തീരുമാനമാണ് ബി.ജെ.പി യുടെ രാഷ്ട്രീയ തന്ത്രം

ഭരണനിർവ്വഹണ സംവിധാനങ്ങൾ ജനങ്ങൾക്ക് ഉത്തരം നൽകാനും ജനങ്ങളെ കേൾക്കാനും തയ്യാറാവണം, അതാണ് സർക്കാർ സംവിധാനങ്ങളുടെ അടിസ്ഥാന ബാധ്യത എന്ന രാഷ്ട്രീയ ആശയത്തിൽ നിന്നാണ് 2012- ൽ ആം ആദ്മി പാർട്ടി രൂപം കൊള്ളുന്നത്. അതിനു മുൻപ് ലോക്പാൽ നടപ്പിലാക്കണമെന്ന ആവശ്യവുമായി അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന മുന്നേറ്റത്തിൽ കെജ്രിവാളിൻ്റെ നേതൃത്വപരമായ പങ്കുണ്ടായിരുന്നു. തുടർന്ന് ആപ് രൂപീകരിച്ചതിനു ശേഷം വെൽഫെയർ രാഷ്ട്രീയം മുന്നോട്ടുവച്ചു നടന്ന തെരഞ്ഞെടുപ്പിൽ കെജ്രിവാൾ ഭരണത്തിൽ വന്നു. പക്ഷേ പിന്നീട് പലപ്പോഴായി, കൂടെയുണ്ടായിരുന്ന പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ആശിഷ് ഖേതനുമുൾപ്പെടെയുള്ളവർ കെജ്രിവാളിനോട് കലഹിച്ച് വഴിപിരിഞ്ഞു.

അഴിമതി ആരോപിക്കപ്പെട്ട് അരവിന്ദ് കെജ്രിവാൾ ഇ.ഡി കസ്റ്റഡിയിൽ ഇരിക്കുമ്പോൾ, പാർലമെൻ്റ് ഇലക്ഷൻ മുന്നിൽ നിൽക്കുമ്പോൾ, കെജ്രിവാൾ എന്ന വ്യക്തി ഒരു ആശയമാണോ പ്രതിച്ഛായയാണോ എന്ന് ചർച്ച ചെയ്യുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന് തെരഞ്ഞെടുപ്പ്പരമായും ഭാവിയെ മുൻനിർത്തിയും ഗുണകരമാവില്ല. ആം ആദ്മി പാർട്ടിയും ചില മാധ്യമപ്രവർത്തകരുമെങ്കിലും കെജരിവാൾ ഒരു ആശയമാണെന്നും ആ ആശയത്തെ തകർക്കലാണ് മോദി സർക്കാരിൻ്റെ ആത്യന്തിക ലക്ഷ്യം എന്നും പറയുന്നുണ്ട്. അക്കാദമിക്കും സാമൂഹ്യ- രാഷ്ട്രീയ ശാസ്ത്രജ്ഞനുമായ സുഹാസ് പൽഷികറിനേപ്പോലുള്ളവർ കെജ്രിവാൾ ഒരു പ്രതിച്ഛായയാണ് എന്ന തിരുത്തൽ നടത്തുന്നുമുണ്ട്.

‘ഇന്ത്യ’ സഖ്യം മാർച്ച് 31 ന് രാംലിലാ മൈതാനത്ത് കെജ്രിവാളിൻ്റെ അറസ്റ്റിനെതിരെ മഹാറാലി സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷം അതിൻ്റെ ദുർബല സ്വരത്തിൽ ഒരു സമഗ്രാധിപത്യ ഭരണകൂടത്തിനെതിരെ അണിനിരക്കാൻ ശ്രമിക്കുകയാണ്. അതിൻ്റെ ബഹുസ്വരതയാണ് ജനാധിപത്യത്തിൻ്റെ മനോഹാരിതയും.

‘ഇന്ത്യ’ സഖ്യത്തിലെ മറ്റെല്ലാ കക്ഷികളേക്കാളും ശത്രുവായി ബി.ജെ.പി സർക്കാരിന് ആപ്പും അതിന്റെ നേതാവായ അരവിന്ദ് കെജ്രിവാളും മാറുന്നുണ്ടെങ്കിൽ അത് ‘ഇന്ത്യ’ സഖ്യത്തിൻ്റെ ശക്തനായ നേതാവ് എന്നതുകൊണ്ടുമാത്രമല്ല മറിച്ച് തങ്ങളുടെ അതേ സ്പേസിൽ രാഷ്ട്രീയം കളിക്കാൻ പൊട്ടെൻഷ്യലുള്ള ഒരു എതിരാളി എന്ന തിരിച്ചറിവുകൊണ്ടു കൂടിയാണ്. കോൺഗ്രസിനൊപ്പം സഖ്യമുണ്ടാക്കാനുള്ള ആപ്പിൻ്റെ തീരുമാനം ആ തിരിച്ചറിവിൻ്റെ സൈറൺ കൂടിയായി ബി.ജെ.പിയും ആർ.എസ്.എസും മനസ്സിലാക്കുന്നു. ആപ്പിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ കെജ്രിവാളിനെ അനങ്ങാൻ വിടാതെ ജയിലിലിടണം എന്ന തീരുമാനമാണ് ബി.ജെ.പി യുടെ രാഷ്ട്രീയ തന്ത്രം. പഞ്ചാബ് സർക്കാരിനേയും സമാന കേസിൽ ഉന്നമിട്ടിട്ടുണ്ട്. കോൺഗ്രസുൾപ്പെടെയുള്ള ലഗസിപാർട്ടികളേപ്പോലും ഭയപ്പെടുത്തുകയോ പർച്ചേസ് ചെയ്യുകയോ ചെയ്യുമ്പോൾ ആപ്പിൻ്റെ ദേശീയ കൺവീനറായ, ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിനെ ദുർബലമായ കേസിൽ, അതിലും ദുർബലമായ മാപ്പുസാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ പൂട്ടിയത് ആ പാർട്ടിയെ അടപടലം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. കെജ്രിവാളില്ലെങ്കിൽ പാർട്ടിയെ ആ പ്രഭാവത്തോടെ നയിക്കാനുള്ള നേതൃശേഷി ആ പാർട്ടി ആർജ്ജിച്ചെടുത്തിട്ടുണ്ട് എന്ന് തോന്നുന്നുമില്ല. അപ്പോൾ ഒരു പാർട്ടിയുടെ കുന്തമുനയെത്തന്നെ, അത് ആശയമായാലും പ്രതിയച്ഛായയായാലും ഒടിച്ചുകളയാൻ ഹിംസാത്മകമായിത്തന്നെ തീരുമാനിച്ചിട്ടുണ്ട് നരേന്ദ്ര മോദി സർക്കാർ.

പ്രതിപക്ഷം എന്ന ആശയത്താലാണ് ഒരു ജനാധിപത്യ രാജ്യം അതിൻ്റെ നിർവ്വചനത്തിലും ഭരണനിർവ്വഹണ പ്രക്രിയയിലും പൂരകവും മനോഹരവുമാകുന്നത്. പ്രതിപക്ഷത്തെ ഇല്ലാതാക്കലാണ് ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിൻ്റെ ആവശ്യവും ലക്ഷ്യവും

തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും. ജീവൻമരണ പോരാട്ടത്തിൽ എന്നും പറയാം. ‘ഇന്ത്യ’ സഖ്യം മാർച്ച് 31 ന് രാംലിലാ മൈതാനത്ത് കെജ്രിവാളിൻ്റെ അറസ്റ്റിനെതിരെ മഹാറാലി സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷം അതിൻ്റെ ദുർബല സ്വരത്തിൽ ഒരു സമഗ്രാധിപത്യ ഭരണകൂടത്തിനെതിരെ അണിനിരക്കാൻ ശ്രമിക്കുകയാണ്. അതിൻ്റെ ബഹുസ്വരതയാണ് ജനാധിപത്യത്തിൻ്റെ മനോഹാരിതയും. അപ്പോഴും അരവിന്ദ് കെജ്രിവാളിനെ പുറത്തുവിടാതിരിക്കാൻ ഇ ഡിയും കോടതിയുമൊക്കെ, യൂണിയൻ സർക്കാരിനോട് ജനാധിപത്യത്തെ വഞ്ചിച്ച് വിധേയത്വത്തിൻ്റെ കൂറു കാട്ടലുമായിരിക്കും. അപ്പോഴും തെരഞ്ഞെടുപ്പിൽ ബാക്കിയാവുന്ന ഇന്ത്യയിൽ അരവിന്ദ് കെജ്രിവാൾ എന്ന നേതാവ് പ്രതിപക്ഷത്തിൻ്റെ പ്രതീകമായി നിലനിൽക്കും.

Comments