ജയിപ്പിച്ചത് വ്യക്തിയെയോ മുന്നണിയെയോ? ഇത്തവണ ഇടുക്കി പറയും

കഴിഞ്ഞ നാലുതവണയും ഇടുക്കിക്കാർ ജയിപ്പിച്ചത് വ്യക്തിയെയാണോ മുന്നണിയെയാണോ? ഇത്തവണ അത് ഇടുക്കി പറഞ്ഞുതരും.

Election Desk

2016ൽ ഏറ്റുമുട്ടിയ അതേ സ്ഥാനാർഥികൾ, പക്ഷെ, വെവ്വേറെ മുന്നണികളിലാണെന്നുമാത്രം.

കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥിയായി ജയിച്ച റോഷി അഗസ്റ്റിൻ ഇത്തവണ എൽ.ഡി.എഫിലാണ്. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഫ്രാൻസിസ് ജോർജ് യു.ഡി.എഫിലും.

കേരള കോൺഗ്രസിലെ ജോസ്- ജോസഫ് വിഭാഗങ്ങൾ നേർക്കുനേർ ഏറ്റുമുട്ടുന്ന നാലു മണ്ഡലങ്ങളിലൊന്ന്. കഴിഞ്ഞ നാലുതവണയും ഇടുക്കിക്കാർ ജയിപ്പിച്ചത് വ്യക്തിയെയാണോ മുന്നണിയെയാണോ? ഇത്തവണ അത് ഇടുക്കി പറഞ്ഞുതരും.

2016ൽ യു.ഡി.എഫിലായിരുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ റോഷി അഗസ്റ്റിൻ 9333 വോട്ടിനാണ് എൽ.ഡി.എഫിലെ ഫ്രാൻസിസ് ജോർജിനെ തോൽപ്പിച്ചത്. 2011ൽ റോഷി സി.പി.എമ്മിലെ സി.വി. വർഗീസിനെ തോൽപ്പിച്ചത് 15,806 വോട്ടിനാണ്. 2001, 2006 വർഷങ്ങളിലും റോഷിക്കുതന്നെയായിരുന്നു ജയം.

ഈ കണക്കാണ് യു.ഡി.എഫ് ഇപ്പോൾ എടുത്തുപറയുന്നത്- അതായത്, റോഷി നാലുവട്ടവും ജയിച്ചത് കേരള കോൺഗ്രസ് യു.ഡി.എഫിലായിരുന്നപ്പോഴാണ്, തോൽപ്പിച്ചത് സി.പി.എമ്മിന്റെയും ജനാധിപത്യ കേരള കോൺഗ്രസിന്റെയും സ്ഥാനാർഥികളെ, അതായത്; വോട്ട് യു.ഡി.എഫിനായിരുന്നു, റോഷിയുടേതായിരുന്നില്ല എന്നാണ്​ വാദം.

നാലുവട്ടം തുടർച്ചയായി നേടിയ ജയം അഞ്ചാം തവണ ആവർത്തിക്കാമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് റോഷി അഗസ്റ്റിൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന്റെ പിന്തുണയോടെ ഉണ്ടാക്കിയ മേൽക്കൈ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാം എന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.

കട്ടപ്പന നഗരസഭ, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കുടയത്തൂർ പഞ്ചായത്തുകളിൽ യു.ഡി.എഫിനാണ് ജയം. അറക്കുളത്ത് എൽ.ഡി.എഫിനാണ് ഭൂരിപക്ഷമെങ്കിലും പ്രസിഡൻറ്​ പദം യു.ഡി.എഫിനാണ്. കാമാക്ഷി, കൊന്നത്തടി, വാഴത്തോപ്പ് പഞ്ചായത്തുകൾ മാത്രമാണ് എൽ.ഡി.എഫിനുള്ളത്. കാഞ്ചിയാറിൽ എൽ.ഡി.എഫിനാണ് ഭൂരിപക്ഷമെങ്കിലും പ്രസിഡന്റ് പദം എൻ.ഡി.എക്കാണ്.

2016- നിയസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനില

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് ഇടുക്കിയിൽ ലഭിച്ച ഭൂരിപക്ഷം 20,982 വോട്ടാണ്.

കേരള കോൺഗ്രസുകളുടെ പിളർപ്പുകളുടെയും ലയനങ്ങളുടെയും വിചിത്രാനുഭവങ്ങൾ കൂടി ഇത്തവണ ഇടുക്കിയിലെ വോട്ടർമാർക്കുമുന്നിലുണ്ട്. ജനാധിപത്യ കേരള കോൺഗ്രസ് പിളർന്നാണ് ഫ്രാൻസിസ് ജോർജ് ജോസഫ് ഗ്രൂപ്പിലെത്തുകയും യു. ഡി.എഫിന്റെ ഭാഗമാകുകയും ചെയ്തത്. ഏറ്റവുമൊടുവിൽ ജോസഫ് വിഭാഗം തോമസ് കേരള കോൺഗ്രസിൽ ലയിച്ചു. കേരള കോൺഗ്രസ് പിളർന്ന് ജോസ് കെ. മാണിക്കൊപ്പം റോഷി എൽ.ഡി.എഫിലുമായി.

1996ൽ മാത്രം ഇടുക്കി എൽ.ഡി.എഫിൻേറതായത്; ജനതാദൾ സ്ഥാനാർഥിയായ പി.പി. സുലൈമാൻ റാവുത്തറിലൂടെ. റാവുത്തർ പിന്നീട് കോൺഗ്രസിലെത്തി.


Comments