ഇന്ത്യൻ കമ്യൂണിസം എവിടെ നിന്ന് ഏതുകാലം ഉത്ഭവം കൊണ്ടു എന്ന കാര്യത്തിൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ അഭിപ്രായ ഐക്യമില്ല. 1920-ൽ അന്നത്തെ സോവിയറ്റ് യൂണിയനിലെ താഷ്കന്റിലെ പ്രവാസക്യാമ്പിൽ വച്ചാണ്, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടതെന്ന് സി.പി.ഐ- എം കരുതുമ്പോൾ, അതല്ല 1925-ൽ ഇന്ത്യൻ മണ്ണിൽ രൂപം കൊണ്ട ‘കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ’യാണ് തങ്ങളുടെ മാതൃപാർട്ടി എന്ന് സി.പി.ഐ വിശ്വസിക്കുന്നു.
‘ഇന്ത്യൻ ദേശീയത’യെച്ചൊല്ലി ഇരു കമ്യൂണിസ്റ്റ് പാർട്ടികളും തമ്മിലുള്ള ആശയഭിന്നത കൂടിയാണ് ഇത്തരം വ്യത്യസ്തമായ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനിടയാക്കിയത്. ഒരു ദേശീയതയ്ക്കുള്ളിൽ പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യത്തിൽ, കമ്യൂണിസ്റ്റ് പാർട്ടിക്ക് പ്രവാസജീവിതമാകാമെന്ന നിഗമനത്തിലാണ്, ഇ.എം.എസ് നമ്പൂതിരിപ്പാട്, താഷ്ക്കന്റ് പാർട്ടി രൂപീകരണം സംബന്ധിച്ച് വിശദീകരണം നൽകിയത്. "കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ" ഭാരതത്തിന്റെ മണ്ണിൽ തന്നെയാണ് അതിന്റെ വേരുകൾ കണ്ടെത്തേണ്ടത് എന്ന് സി.പി.ഐ സൈദ്ധാന്തികരും കരുതി. എം.എൽ രാഷ്ട്രീയക്കാരുടെയും കെ. വേണുവിന്റെയും കഥ വേറെ.
ഇന്ത്യൻ ദേശീയതയുടെ പങ്കിട്ടെടുക്കലിലൂടെയല്ല, ഇന്ത്യയെ എങ്ങനെ അതിന്റെ സമ്പന്നതയിലും പൈതൃകത്തിലും മുന്നോട്ടുകൊണ്ടുപോകാം എന്ന ആലോചനയിൽ നാം മുഴുകുമ്പോൾ, അതിനു മുന്നോടിയായി കമ്യൂണിസത്തെ നമുക്ക് കയ്യൊഴിയാതെ വയ്യ.
കമ്യൂണിസ്റ്റ് ഇന്റർനാഷണൽ നിലനിന്നു പോന്ന കാലത്ത്, ഓരോ രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടിയും ഇന്റർനാഷണലിന്റെ ഘടകങ്ങൾ എന്ന നിലയിലായിരുന്നു പ്രവർത്തിച്ചു പോന്നത്. മാർക്സിസത്തിന്റെ "സാർവ്വദേശീയത"യിൽ ഊന്നിയ വിമോചന പ്രത്യയശാസ്ത്രത്തിന്റെ നിലപാട്, സംഘടനാരൂപം കൈകൊണ്ടതായിരുന്നു ഇന്റർനാഷണലുകൾ. "സർവ്വരാജ്യത്തൊഴിലാളികൾ" എന്നാണ് തൊഴിലാളി വർഗ്ഗത്തെ "മാർക്സിസം" സംബോധന ചെയ്തത്. സൗന്ദര്യശാസ്ത്രത്തിലും രാഷ്ട്രീയത്തിലും സാമ്പത്തിക- സാമൂഹിക ശാസ്ത്രങ്ങളിലും തത്വചിന്തയിലും "സാർവ്വദേശീയത" എന്ന സംജ്ഞയ്ക്ക് അക്കാലത്തുണ്ടായിരുന്ന മേൽക്കൈ (hegemony) ആയിരുന്നു ഇതു കാണിച്ചത്. "ദേശ- രാഷ്ട്രം’’ എന്ന, യൂറോപ്യൻ മുതലാളിത്ത സാമ്പത്തിക സാമൂഹിക യൂണിറ്റ് എന്ന നിലയിലുള്ള ചൂഷകയന്ത്രത്തെ, "തൊഴിലാളികളുടെ സാർവ്വദേശീയമായ ഐക്യം" കൊണ്ട് പ്രതിരോധിക്കുക എന്ന ആശയമാണ് മാർക്സും സഹപ്രവർത്തകരും മുന്നോട്ടുവെച്ചത്.
മുതലാളിത്ത നിർമ്മാണത്തിന്റെയും ദേശ-രാഷ്ട്രങ്ങളുടെ രൂപീകരണങ്ങളുടെയും നടുവിൽ രൂപംകൊണ്ട മാർക്സിസത്തിന്റെ ആശയ പ്രപഞ്ചത്തിന്, "സാർവ്വദേശീയത" എന്ന സാധ്യത ഒരു വിപ്ലവ ബദലായിത്തീരുകയായിരുന്നു. മണ്ണും കൃഷിയുമായി ബന്ധപ്പെട്ട വർഗ്ഗങ്ങൾ, തങ്ങളുടെ അസ്തിത്വ ഉപാധികളിൽ നിന്ന് പറിച്ചെറിയപ്പെട്ട്, ദേശവും ദേശീയതയും നഷ്ടപ്പെട്ട്, അധ്വാനം മാത്രം കൈമുതലായ വർഗ്ഗങ്ങളായി രൂപംകൊണ്ട സാഹചര്യമാണ്, "തൊഴിലാളി വർഗ്ഗത്തിന്റെ സാർവ്വദേശീയത" എന്നത്, തങ്ങളുടെ ആശയ തലത്തിന്റെ അടിത്തറയായി മാർക്സും അനുയായികളും സ്വീകരിക്കാൻ ഇടയായത്. മുതലാളിത്ത രാഷ്ട്രങ്ങൾ കൊളോണിയൽ ശക്തികളായി വികസിച്ചതിലൂടെ, മുതലാളിത്തം സാമ്രാജ്യത്വമായി വളരുകയും, "സാർവ്വദേശീയത" എന്ന ആശയം തന്നെ പതുക്കെ കൊളോണിയൽ ആശയങ്ങൾ വിഴുങ്ങുകയും ചെയ്യുന്നതിനു പിൽക്കാലം സാക്ഷ്യം വഹിക്കുകയും ചെയ്തു. ഇത് ദേശീയതയെയും സാർവ്വദേശീയതയെയും പുതിയ നിലയിൽ നിർവചിക്കേണ്ട നിലവരുത്തി. അതിന്റെ പേരായിരുന്നു ലെനിനിസം.

ബ്രിട്ടീഷ് ദേശീയതയ്ക്ക് പ്രതിരോധമായി രൂപം കൊണ്ട ഐറിഷ് പ്രക്ഷോഭങ്ങളും, സാർവ്വദേശീയ സാമ്രാജ്യത്വ വികസനത്തിന് ബദൽ പ്രഖ്യാപിച്ചുകൊണ്ട് റഷ്യൻ ദേശീയ സോഷ്യലിസവും ഉയർന്നുവന്നത് ഈ സാഹചര്യങ്ങളെത്തുടർന്നാണ്. പ്രാദേശികവും തദ്ദേശീയവുമായ സംസ്കാരത്തിന്റെ ഊന്നലിൽ നിലകൊണ്ട വിപ്ലവ പ്രസ്ഥാനങ്ങളും, സാമ്രാജ്യത്വ വികസനത്തിനു ബദലായി ലെനിൻ മുന്നോട്ടുവെച്ച ദേശീയ സോഷ്യലിസവും, മാർക്സിസ്റ്റ് വിമോചന പ്രത്യയശാസ്ത്രങ്ങൾക്ക് രണ്ടു കൈവഴികൾ തീർത്തുകൊണ്ട് നിലവിൽ വന്നു എന്നർത്ഥം.
അങ്ങനെ, "സാർവ്വദേശീയത", "ദേശീയത", "പ്രാദേശികത" എന്നീ മൂന്ന് പ്രതലങ്ങൾ, കമ്യൂണിസത്തിന്റെ ആശയരൂപീകരണത്തിൽ സവിശേഷ സമരസ്ഥലികളായിത്തീർന്നു. ദേശീയതയെ സംബന്ധിച്ച ഈ പ്രതലങ്ങളുടെ ഭിന്നതകളും വൈരുധ്യങ്ങളും കൂടിക്കലരുകളും കമ്യൂണിസ്റ്റ് സാർവ്വദേശീയതയ്ക്ക് എന്നും തീരാ തലവേദനയായി നിലനിന്നു.
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ സാമ്രാജ്യത്വ വിരുദ്ധതയുടെ അടിത്തറയും, ഭാഷാ ദേശീയതകളോടുള്ള കൂറും, ഇന്ത്യൻ ദേശീയതയെ സംബന്ധിച്ച അവ്യക്ത നിലപാടുകളും ഇന്നും വേണ്ടത്ര വിശകലനം ചെയ്യപ്പെടാതെ കിടക്കുകയാണ്
ഒരു ഭാഗത്ത് തൊഴിലാളി വർഗത്തിന്റെ സാർവ്വദേശീയമായ നിലനിൽപ്പ് എന്ന വർഗ്ഗാസ്തിത്വം സംബന്ധിച്ച കാഴ്ച്ചപ്പാടുകൾ. മറുഭാഗത്ത് സാർവ്വദേശീയ മുതലാളിത്തം എന്ന സാമ്രാജ്യത്വ വികസനത്തിനോടുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ എതിർപ്പിൽ അധിഷ്ഠിതമായ സാമ്രാജ്യത്വ വിരുദ്ധത എന്ന നിലപാടുതറ. വേറൊരു ഭാഗത്ത് ഭാഷാദേശീയതയെ അനുകൂലിച്ചുകൊണ്ട് ആശയസമരം നയിക്കേണ്ടിവന്ന ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ സവിശേഷ പരിതോവസ്ഥ. സർവ്വോപരി ദേശീയതയോടും ദേശ-രാഷ്ട്രത്തിന്റെ നിലനിൽപ്പിനോടും എക്കാലത്തും അവ്യക്തവും വെള്ളം ചേർത്തതുമായ കമ്യൂണിസ്റ്റ് നിലപാട്. കുഴഞ്ഞു മറിഞ്ഞ് അസ്തമയ രാശിയിൽ നിലകൊള്ളുന്ന ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ, ഇന്ത്യയിൽ തീർത്ത തീക്കാറ്റുകൾ, ഈ നിലയിൽ വർഗീകരിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യാമെന്ന് തോന്നുന്നു.
ഏതായാലും, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ സാമ്രാജ്യത്വ വിരുദ്ധതയുടെ അടിത്തറയും, ഭാഷാ ദേശീയതകളോടുള്ള കൂറും, ഇന്ത്യൻ ദേശീയതയെ സംബന്ധിച്ച അവ്യക്ത നിലപാടുകളും ഇന്നും വേണ്ടത്ര വിശകലനം ചെയ്യപ്പെടാതെ കിടക്കുകയാണ്. സോവിയറ്റ് യൂണിയന്റെയോ ചൈനയുടെയോ അനുബന്ധമായി മാത്രം സാർവ്വദേശീയതയെയും ഇന്ത്യൻ ദേശീയതയെയും നിർവചിക്കേണ്ടി വന്ന നില. ഗാന്ധിയുടെയോ നെഹ്റുവിന്റെയോ ദേശീയതാ സങ്കൽപ്പങ്ങളുമായി ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രകാരന്മാർക്ക് യോജിപ്പ് നിലവിൽ വരാത്ത സ്ഥിതി. ഭാഷാ ദേശീയതകളെ തങ്ങളുടെ "പ്രതിരോധ സൈറ്റ്" ആക്കി "സാംസ്കാരിക മൂലധനം", (cultural capital) കണ്ടെത്തിയ ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ പ്രത്യയശാസ്ത്ര നിലപാട്. ഇവയെല്ലാം കൂടുതൽ വിശദീകരണം ആവശ്യപ്പെടുന്നത് തന്നെ.

അതേസമയം, ബഹുരാഷ്ട്ര മൂലധനവുമായി സന്ധിചെയ്ത് ഇന്ത്യൻ ബൂർഷ്വാസി വിട്ടൊഴിഞ്ഞ, ഭൂപരിഷ്കരണം, ഭാഷാദേശീയതയിൽ അധിഷ്ഠിതമായ ഫെഡറൽ ഭരണഘടന, ഗ്രാമ സ്വരാജ് എന്ന ഗാന്ധിയൻ വികേന്ദ്രീകരണ പ്രസ്ഥാനം എന്നിവയെല്ലാം സ്വയം ഏറ്റെടുത്തുകൊണ്ടാണ്, ഏതെങ്കിലും നിലയിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇന്ത്യൻ മണ്ണിൽ സ്വയം അടയാളപ്പെടുത്താനായത് എന്നു കാണാം. ഭൂപരിഷ്കരണം, ഭാഷാദേശീയതയുടെ രൂപീകരണം, ഗ്രാമസ്വരാജ് എന്ന വികേന്ദ്രീകരണ ആശയങ്ങൾ ഇവ മൂന്നും തങ്ങൾക്ക് ഭൂരിപക്ഷം ലഭിച്ച സംസ്ഥാനങ്ങൾ ഭാഗികമായെങ്കിലും നടപ്പിലാക്കി. ഇതാകട്ടെ, ഇന്ത്യൻ ദേശീയ ബൂർഷ്വാസി ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലൂടെ മുന്നോട്ടുവെച്ച ആശയാഭിലാഷങ്ങൾ തന്നെയായിരുന്നു. ആ നിലയിൽ സാർവ്വദേശീയതയുടെയും സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെയും വാനമ്പാടികൾക്ക്, ഇന്ത്യൻ ദേശീയതാ നിർമ്മാണത്തിൽ തങ്ങളുടേതായ എളിയ പങ്കുവഹിക്കാനായി എന്നു പറയാം. കമ്യൂണിസ്റ്റ് പാർട്ടികളുടെ ഇന്ത്യയിലെ നിലനിൽപ്പ് തന്നെ ഈ ബൂർഷ്വാ വികസന നയങ്ങൾ തങ്ങളുടേതായ നിലയിൽ നടപ്പിലാക്കി പോന്നു എന്നുള്ളതിലാണ് കുടികൊള്ളുന്നത്.
വിപ്ലവത്തെ സംബന്ധിച്ച മാർക്സിന്റെയും ലെനിന്റെയും മാവോയുടെയും ആശയങ്ങൾ, കൽക്കത്താ തിസീസിന്റെയും നക്സൽബാരിയുടെയും കാലത്തിനുശേഷം, കമ്യൂണിസ്റ്റ് പാർട്ടികൾ പൂർണമായി കയ്യൊഴിയുകയും ചെയ്തിരുന്നു. അങ്ങനെ മാർക്സിന്റെയും ആദ്യകാല ലെനിന്റെയും വിപ്ലവ സിദ്ധാന്തങ്ങളിൽ നിന്ന്, ആദ്യകാലങ്ങളിൽതന്നെ പിൻവാങ്ങി, "ജനകീയ ജനാധിപത്യ വിപ്ലവം" എന്നു പേരിട്ട ബൂർഷ്വാവിപ്ലവത്തിന്റെ അണിയറ ശില്പികളായി സ്വയം പേര് മാറ്റിയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ തുടർക്കാലമത്രയും പ്രവർത്തിച്ചു പോന്നത്. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് യൂറോപ്പിൽ സംഭവിച്ച "ജനാധിപത്യവൽക്കരണം" എന്ന ബൂർഷ്വാവൽക്കരണത്തിന് ഇന്ത്യൻ കമ്യൂണിസവും വശംവദമായി എന്നു സാരം. ഒരർത്ഥത്തിൽ കാലം കഴിയുമ്പോൾ, നിൽക്കക്കള്ളിയില്ലാതായി വരുമ്പോൾ, ഏതൊരു വിപ്ലവപ്രസ്ഥാനത്തിനും അതിന്റെ ഊർജ്ജവും ശക്തിസ്രോതസ്സുകളും നഷ്ടപ്പെടുമ്പോൾ, സംഭവിക്കുന്ന വിപര്യയങ്ങൾ തന്നെയാണിത്.
പഴയ കമ്യൂണിസം എന്ന നൊസ്റ്റാൾജിയയിൽ സി.പി.ഐ. ഇടത്തരക്കാരുടെയും മധ്യവർഗത്തിന്റെയും പാർട്ടിയായി ഊർദ്ധ്വശ്വാസം വലിക്കുന്ന സി.പി.ഐ- എം. കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളാകട്ടെ, മുന്നോട്ടുപോകാനാവാതെ, എല്ലാ നിലയിലും വഞ്ചിക്കപ്പെട്ടു.
രണ്ട്
ഇന്ത്യൻ ദേശീയതയെ സംബന്ധിച്ച ഈ അങ്കലാപ്പ്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തുടക്കം മുതൽ പിന്തുടർന്നിട്ടുണ്ട്. അവസരങ്ങൾ ഏറെയുണ്ടായിട്ടും ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ പ്രതിഷ്ഠ നേടാൻ കമ്യൂണിസത്തിനു കഴിയാതെ പോയത് അതുകൊണ്ടുതന്നെ. ദേശീയതയെ ശരിയായി നിർവചിക്കാനും, ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനു ഫലപ്രദമായി പിന്തുണ നൽകാനും, ദേശീയതാ നിർമ്മാണത്തിൽ തങ്ങളുടെതായ പങ്കു വഹിക്കാനും സാധിക്കാതെ പോയത് ഈ ദൗർബല്യം നിമിത്തമാണ്.
സാർവ്വദേശീയത എന്ന കമ്യൂണിസ്റ്റ് ആദർശത്തെ നിർവചിക്കാനുള്ള പരിശ്രമങ്ങളിൽ, ദേശീയതയുടെ ചോദ്യങ്ങൾ മുങ്ങിമരിക്കുകയായിരുന്നു. സാർവ്വ ദേശീയതയുടെയും, ദേശീയതയെ സംബന്ധിച്ച സങ്കൽപ്പങ്ങളുടെയും, തദ്ദേശീയ ജീവിതത്തിന്റെ സവിശേഷമായ നിലനിൽപ്പിന്റെയും, അവയുടെയെല്ലാം മാറിവരികയും പരിണമിക്കുകയും ചെയ്യുന്ന മുന്നോട്ടുപോക്കിനെയും മനസ്സിലാക്കുന്നതിലുണ്ടായ സൈദ്ധാന്തികമായ ദാരിദ്ര്യവും പക്വതയില്ലായ്മയും പിന്തിരിപ്പൻ മനോഭാവങ്ങളും, കമ്യൂണിസത്തെ ഇന്ത്യയിൽ ഒരു നാഥനില്ലാ കളരിയാക്കിമാറ്റി. നേതൃത്വത്തെ അംഗീകരിക്കുന്നതിലും അതിന്റെ ഐക്യത്തെ കാത്തുസൂക്ഷിക്കുന്നതിലും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ എക്കാലത്തും പരാജയപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറിയെയും അദ്ദേഹം പ്രതിനിധാനം ചെയ്ത കാലികമായ നിലപാടുകളെയും അട്ടിമറിക്കാനുള്ള എതിർപക്ഷങ്ങളുടെ കേളീരംഗമായി സംഘടനയുടെ ആന്തരികമായ നിലനിൽപ്പ് മാറി. പിളർപ്പുകളും ഫ്രാക്ഷൻ തിരിഞ്ഞുള്ള ഏറ്റുമുട്ടലുകളും, വംഗ നാട്ടിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും തമിഴകത്തു നിന്നും ഡെക്കാനില്‍ നിന്നുമുള്ള വിവിധ നിലപാടുകളും കൊണ്ട്, പാർട്ടിയ്ക്ക് സൈദ്ധാന്തികമായി ഒരു "സിങ്കുലാരിറ്റി" കണ്ടെത്തുന്നതിൽ എന്നും പരാജയം സംഭവിച്ചു. അതിനൊന്നും പുതുതായി ഉത്പാദിപ്പിക്കാനില്ലാതെ ആശയചർച്ചകൾ മാത്രമായി ഒതുങ്ങി. നേതൃത്വം പിടിച്ചെടുക്കാനുള്ള സംരംഭങ്ങൾ പരാജയപ്പെട്ടപ്പോൾ പിളർപ്പിലേക്ക് നീങ്ങി. പിളർപ്പ് വീണ്ടും പിളർപ്പായി. ശിഥിലമായ കമ്യൂണിസ്റ്റു ശേഷിപ്പുകൾ കൊണ്ട് ഇന്ത്യ ഒരു പുതിയ പുരാവസ്തു വിജ്ഞാനീയം നിർമ്മിച്ചു.
ധനിക കർഷകർ, ഇടത്തരം കർഷകർ, ദരിദ്ര കർഷകർ, കർഷകത്തൊഴിലാളികൾ, തൊഴിലാളികൾ എന്ന മുന്നണി വർഗ്ഗപരമായി തന്നെ പിളർന്നു. വേറെ വേറെ പാർട്ടിയായി. ധനിക കർഷകർ സി.പി.ഐയിൽ ശേഷിച്ചു. ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളും ഒരു വിഭാഗം തൊഴിലാളികളും സി.പി.ഐ- എമ്മിനു കീഴിൽ അണിനിരന്നു. കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങളിന്മേൽ എം.എൽ ഗ്രൂപ്പുകൾ സംഘടിപ്പിക്കപ്പെട്ടു. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം അങ്ങനെ മൂന്നു തലങ്ങളിൽ പിളർന്നു. പാർട്ടി പരിപാടിയിൽ പറഞ്ഞ സമരമുന്നണി എട്ടു നിലയിൽ പൊട്ടി. ഒരിക്കലും വീണ്ടും യോജിപ്പു കണ്ടെത്താനാകാത്ത വേർപിരിയൽ. അത് ആശയങ്ങളുടെയും സമീപനത്തിന്റെയും കാര്യത്തിലുള്ള പിളർപ്പുമായിരുന്നു. പഴയ കമ്യൂണിസം എന്ന നൊസ്റ്റാൾജിയയിൽ സി.പി.ഐ. ഇടത്തരക്കാരുടെയും മധ്യവർഗത്തിന്റെയും പാർട്ടിയായി ഊർദ്ധ്വശ്വാസം വലിക്കുന്ന സി.പി.ഐ- എം. കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളാകട്ടെ, മുന്നോട്ടുപോകാനാവാതെ, എല്ലാ നിലയിലും വഞ്ചിക്കപ്പെട്ടു. തൊഴിലാളികൾ, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്ന് ഊർജ്ജം കിട്ടാതെ, ജാതിയുടെയും മതത്തിന്റെയും, പുതുതായി വന്ന ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെയും ഭാഗമായി. മുംബൈയിൽ ദത്താ സാമന്തിന്റെ കൊലയോടെ കമ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ പ്രസ്ഥാനം നിലച്ചു. ശിവസേനയും ബി.ജെ.പിയും വിശ്വഹിന്ദു പരിഷത്തും തൊഴിലാളികളെയും, അസംഘടിത മേഖലയിലെ പണിയെടുക്കുന്ന വിഭാഗങ്ങളേയും, നഗരങ്ങളിലെ അതൃപ്തരായ ലുംബൻ പ്രോലിറ്ററേറ്റ് വിഭാഗങ്ങളെയും തങ്ങൾക്കു കീഴിലാക്കി.

ഇന്ത്യൻ ദേശീയതയുടെ കാര്യത്തിലെന്നപോലെ, ഇന്ത്യൻ ജനതയുടെ ചരിത്രത്തെയും സാമൂഹിക ജീവിതത്തെയും സാംസ്കാരിക സവിശേഷതകളെയും വിശ്വാസപ്രമാണങ്ങളെയും തൊഴിൽ സംസ്കാരത്തെയും കൃഷിയെയും കാലാവസ്ഥയെയും പലായനങ്ങളെയും കുടിയേറ്റങ്ങളെയും മനസ്സിലാക്കാൻ കഴിയാതെ കൽക്കട്ടയിലെയും ബോംബെയിലെയും മദ്രാസ് പ്രസിഡൻസിയിലെയും ബുദ്ധിജീവി കേന്ദ്രങ്ങളിൽ, ദാർശനികമായ സംവാദങ്ങളിൽ മാത്രം സജീവമായ ഒരു സാന്നിധ്യമായി കമ്യൂണിസം മാറി. സ്വന്തം ദേശത്തെ പ്രസ്ഥാനങ്ങളെയും മുന്നേറ്റങ്ങളെയും പ്രതിരോധ സാധ്യതകളെയും മനസ്സിലാക്കുന്നതിനു പകരം, ജർമ്മനിയിലെയും ഫ്രാൻസിലെയും റഷ്യയിലെയും ചൈനയിലെയും സാഹചര്യങ്ങൾ വെച്ച് ഇന്ത്യയെ പുനർനിർമ്മിക്കാൻ ഒരുമ്പെട്ടു. യുക്തിവാദം തലക്കുപിടിച്ച ഈ 'ബ്രഹ്മസമാജക്കാർ' ഇന്ത്യയിലെ തിളയ്ക്കുന്ന ജനജീവിതത്തിലേക്ക് ഒരിക്കലും കണ്ണയച്ചില്ല. ഗ്രാമങ്ങളിലും ജനപഥങ്ങളിലും നടന്നു നോക്കിയില്ല. ഇന്ത്യൻ ദേശീയതയെയും അവിടുത്തെ ചരിത്രത്തെയും ജനജീവിതത്തെയും അവർക്ക് ഒരിക്കലും സ്വാധീനിക്കാൻ കഴിഞ്ഞില്ല. മറിച്ച്, മുകളിൽ നിന്ന് കെട്ടിപ്പടുത്ത പാർട്ടി, എല്ലാം മുകളിൽ നിന്ന് കൊണ്ടുവരാൻ ശ്രമിച്ചു. ആശയങ്ങളും പദ്ധതികളും. അടിത്തട്ടിലെ സാമ്പത്തിക ജീവിതം ഒരിക്കലും പരിഗണിച്ചില്ല. സാംസ്കാരിക ജീവിതത്തെ പൂർണ്ണമായി അവഗണിച്ചു. അടിസ്ഥാനങ്ങൾ ഇല്ലാത്ത ആശയ കൊടുങ്കാറ്റായി അതു മാറി. സാഹിത്യത്തിനും സൗന്ദര്യശാസ്ത്രത്തിനും ഒരു വിഷയമായി ഭവിച്ചു.
ഇന്ത്യൻ ദേശീയതയ്ക്കകത്ത് എന്തിനെയാണ് തങ്ങൾ പ്രതിനിധീകരിക്കപ്പെടുന്നത് എന്നറിയാതെ, സാർവ്വദേശീയതയിൽ തന്നെ, ഏതു പക്ഷത്തെ പ്രതിനിധീകരിക്കണം എന്നുറപ്പില്ലാതെ, മധ്യവർഗ്ഗത്തിന്റെ പ്രസിദ്ധമായ ചാഞ്ചാട്ടമനോഭാവം പ്രകടിപ്പിക്കുന്ന അസ്‌തിത്വങ്ങളായിത്തീർന്നു കമ്യൂണിസ്റ്റ് പാർട്ടികൾ.
ഇന്ത്യൻ ദേശീയതയെ നിർവ്വചിച്ചുകൊണ്ടാണ് കോൺഗ്രസും സംഘപരിവാര പ്രസ്ഥാനങ്ങളും തങ്ങളുടെ പ്രവർത്തനരേഖ ആവിഷ്കരിച്ചത്. നേരത്തെ തന്നെ കോമിന്റോണിന്റെ, അന്തർദേശീയത എന്ന ഹാങ്- ഓവർ ഉള്ളതിനാൽ, ഇന്ത്യൻ ദേശീയതയെ ഒരിക്കലും പരിഗണിക്കാൻ ഇന്ത്യൻ കമ്യൂണിസത്തിനു കഴിഞ്ഞില്ല. പകരം ഭാഷാദേശീയതയായി ഇന്ത്യൻ സാംസ്കാരിക ജീവിതത്തെ നിർവ്വചിച്ചു. അതാത് പ്രവിശ്യകളിൽ ഉയർന്നു വന്ന ഭാഷാദേശീയ പ്രസ്ഥാനങ്ങളുടെ നേതൃത്വം തന്നെ കമ്യൂണിസ്റ്റുകാർ ഏറ്റടുത്തു. അതാത് ഭാഷാദേശീയതയുടെ ചരിത്രമെഴുതാൻ എഴുത്തുകാരെ നിയോഗിച്ചു. "കേരളം മലയാളികളുടെ മാതൃഭൂമി" പോലുള്ള ചരിത്രനിർമ്മാണങ്ങൾ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ നേതൃത്വത്തിൽ മറ്റു സംസ്ഥാനങ്ങളിലും നടന്നു. ഇന്ത്യൻ ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തിയ ഈ ശ്രമങ്ങൾ, ഭാഷയ്ക്കപ്പുറം ഇന്ത്യൻ ദേശീയത പങ്കിടുന്ന ചരിത്രപരവും സംസ്കാരികവും സൗന്ദര്യശാസ്ത്രപരവും ശൈലീപരവുമായ സവിശേഷതകളെ കണക്കിലെടു ത്തില്ല. ഇവയുടെ കൂട്ടത്തിൽ ഒന്നു മാത്രമായിരുന്നു "ഭാഷാ ദേശീയത" എന്ന തിരിച്ചറിവിൽ നിലകൊണ്ട് മുന്നോട്ടു പോയില്ല.
ഹിന്ദു ജാതിവ്യവസ്ഥയുടെ നേരെ നോക്കുവാൻ പോലും മുതിർന്നില്ല. ദേശീയ പ്രശ്നങ്ങളെ, സാർവ്വദേശീയത കൊണ്ടും, ജനാധിപത്യപരമായ നീക്കങ്ങളെ ബോൾഷെവിസം കൊണ്ടും, ആവശ്യമെങ്കിൽ സൈനികവൽക്കരണത്തിലൂടെയും മുടിവെയ്ക്കാനാണ് കമ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിച്ചത്. വിക്ടോറിയൻ സദാചാരത്തിന്റെ ഒരു മൊഡാലിറ്റിയിൽ, ഇന്ത്യയിൽ കൊളോണിയൽ കേന്ദ്രങ്ങൾ നിലനിന്ന ഇടങ്ങളിൽ, ബംഗാളിലും കേരളത്തിലുമായി, കമ്യൂണിസം അതിന്റെ വർണ്ണ വ്യവസ്ഥയെ വിവൃതമാക്കി. ഇന്ത്യൻ കമ്യൂണിസത്തെ വംഗനാടും കേരളവും പിളർത്തി. സമീപകാലത്ത് ഒരു പടി കൂടി കടന്നു, തങ്ങൾ വിഭജിച്ചെടുത്ത ബംഗാളും കേരളവും തമ്മിൽ തമ്മിലും പിളർന്നു. ഇരു ഘടകങ്ങളും എല്ലാ വിഷയത്തിലും വ്യത്യസ്ത നിലപാടുകൾ പ്രകടിപ്പിക്കുന്നു. മറ്റൊരു പിളർപ്പു കൂടി പൂർത്തിയാകുന്നു. ഇനി ക്യൂബയെ പോലെ ഒരു 'നഗര രാഷ്ട്രമായി' കമ്യൂണിസത്തിന് കേരളത്തിൽ അവശേഷിക്കേണ്ടി വരുമോ എന്ന ചോദ്യത്തിലാണ് ബേബി സഖാവ്.

മൂന്ന്
ഇന്ത്യൻ ദേശീയതയെ ഒരു "സാംസ്കാരിക ദേശീയത"യായി നിർവചിച്ചുകൊണ്ടാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന് സമീപകാലത്ത് വിപുലമായി ഇടവഴികൾ വെട്ടാനായത്. യൂറോപ്യൻ സെക്യുലറിസത്തിന്റെ മാതൃകയിലുള്ള നെഹ്റുവിയൻ ദേശീയതയ്ക്കും, ഗ്രാമീണ ഇന്ത്യയെ വിഭാവനം ചെയ്ത ഗാന്ധിയൻ ദേശീയതാ സങ്കൽപത്തിനും ഇതിനകം 'സ്മൃതിനാശം' സംഭവിച്ചിരുന്നു. പകരം, ചരിത്രത്തിന്റെയും സാംസ്കാരിക നിലനിൽപ്പിന്റെയും സാമ്പത്തിക ഉദ്ഗ്രഥനത്തിന്റെയും അവബോധമുള്ള ഒരു ദേശീയതയെ നിർവചിക്കാൻ കമ്യൂണിസ്റ്റുകാർക്ക് കഴിഞ്ഞതുമില്ല. ഇന്ത്യൻ ദേശീയതയെ ഒരു എക്‌ലറ്റിക് ദേശീയതയായി നിർവചിക്കണമോ? അതൊരു ഹിന്ദു ദേശീയതയാണോ? സെക്യുലർ ദേശീയത എന്നത് എന്താണ് അർത്ഥമാക്കുന്നത്? ദേശീയതയ്ക്കുള്ളിൽ ന്യൂനപക്ഷങ്ങൾ എന്ന ആശയം… സാമൂഹികമായി പിന്നാക്കാവസ്ഥകൾ നേരിടുന്ന സമൂഹങ്ങളെ സംബന്ധിച്ച പ്രശ്നങ്ങൾ.. ഇതിനൊന്നും വ്യക്തമായ ഉത്തരമുണ്ടായില്ല.
തൊണ്ണൂറുകളിൽ ഉയർന്നുവന്ന പിന്നാക്ക ന്യൂനപക്ഷ ദലിത് മുന്നേറ്റത്തെ മനസ്സിലാക്കുന്നതിലും കമ്യൂണിസ്റ്റ് പാർട്ടികളെ പരാജയം പുണർന്നു.
ഇന്ത്യൻ കമ്യൂണിസം ഒരു ഹാരിപോർട്ടർ കഥയായിത്തീർന്നു. എ.കെ.ജിയുടെ ജീവിതകഥ ഒരപസർപ്പക നോവലായി. ഇ.എം.എസിന്റെ ആത്മകഥ ഇല്ലം വിട്ടിറങ്ങിയ ഒരു നമ്പൂതിരി ബാലന്റെ സാഹസിക കഥ പറയുന്ന നോവലെറ്റായി. കമ്യൂണിസവും മാർക്സിസവും അക്കാദമിക ബുദ്ധിജീവികൾക്ക് ഗവേഷണത്തിനുള്ള കഥന കഥയായി.
ഇന്ത്യൻ ദേശീയതയ്ക്കകത്ത് എന്തിനെയാണ് തങ്ങൾ പ്രതിനിധീകരിക്കപ്പെടുന്നത് എന്നറിയാതെ, സാർവ്വദേശീയതയിൽ തന്നെ, ഏതു പക്ഷത്തെ പ്രതിനിധീകരിക്കണം എന്നുറപ്പില്ലാതെ, മധ്യവർഗ്ഗത്തിന്റെ പ്രസിദ്ധമായ ചാഞ്ചാട്ടമനോഭാവം പ്രകടിപ്പിക്കുന്ന അസ്‌തിത്വങ്ങളായിത്തീർന്നു കമ്യൂണിസ്റ്റ് പാർട്ടികൾ. നഗര മധ്യവർഗങ്ങളുടെ ചർച്ചാവിഷയവും സാഹിത്യത്തിന്റെ സവിശേഷ സാമഗ്രിയുമായി അതു മാറിയത് ശരി തന്നെ. ആ "ഫാഷൻ പാഷൻ" കഴിഞ്ഞതോടെ,
ഇന്ത്യൻ കമ്യൂണിസം ഒരു ഹാരിപോർട്ടർ കഥയായിത്തീർന്നു. എ.കെ.ജിയുടെ ജീവിതകഥ ഒരപസർപ്പക നോവലായി. ഇ.എം.എസിന്റെ ആത്മകഥ ഇല്ലം വിട്ടിറങ്ങിയ ഒരു നമ്പൂതിരി ബാലന്റെ സാഹസിക കഥ പറയുന്ന നോവലെറ്റായി. കമ്യൂണിസവും മാർക്സിസവും അക്കാദമിക ബുദ്ധിജീവികൾക്ക് ഗവേഷണത്തിനുള്ള കഥന കഥയായി. കമ്യൂണിസത്തിന് കാവ്യാത്മകമായി മാത്രമേ നിലനിൽപ്പുള്ളൂ എന്നു വന്നു. മാർക്സിന്റെ കാവ്യപൈങ്കിളികളായി മാർക്സിസം വൈകാരികതയുടെ അട്ടിപ്പേറായി മാറി. ഫാഷിസത്തിന്റെ അതേ ചട്ടക്കൂടിൽ, അല്ലെങ്കിൽ അതിൽ കുറഞ്ഞ ഏകാധിപത്യങ്ങളായി അധികാരം കിട്ടിയ ഇടങ്ങളിൽ ഭരണസാരഥ്യം വഹിച്ചു.
ഇന്ത്യൻ ദേശീയതയെക്കുറിച്ച് നെഹ്റുവിൽ നിന്നും അംബേദ്കറിൽ നിന്നും ലോഹ്യ പ്രസ്ഥാനങ്ങളിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നും ഹിന്ദുത്വ വ്യാഖ്യാനങ്ങളിൽ നിന്നും മുന്നോട്ടുപോകുന്ന ഒരു തത്വത്തിലൂടെയും സങ്കല്പനത്തിലൂടെയും മാത്രമേ, സമകാലീന ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ അഭിമുഖീകരിക്കാൻ നാം കരുത്തുനേടൂ. ദേശീയതയെ സംബന്ധിച്ച് ഈ വീണ്ടുവിചാരങ്ങളിലൂടെയല്ലാതെ ഒരു പാർട്ടിക്കും ഇന്ത്യയിൽ ഭാവിയില്ല.
ഇന്ത്യൻ ദേശീയതയുടെ പങ്കിട്ടെടുക്കലിലൂടെയല്ല, ഇന്ത്യയെ എങ്ങനെ അതിന്റെ സമ്പന്നതയിലും പൈതൃകത്തിലും മുന്നോട്ടുകൊണ്ടുപോകാം എന്ന ആലോചനയിൽ നാം മുഴുകുമ്പോൾ, അതിനു മുന്നോടിയായി കമ്യൂണിസത്തെ നമുക്ക് കയ്യൊഴിയാതെ വയ്യ.