ഇപ്പോൾ നമ്മുടെ രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരങ്ങൾ മുൻ മാതൃകകളില്ലാത്തവയാണ്. ഈ സമരങ്ങളുടെ ചരിത്രപ്രാധാന്യം നമുക്ക് തിരിച്ചറിയാൻ കഴിയണം. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രം ഇതോടെ വഴിതിരിയുകയാണ് എന്നുതന്നെ പറയാം.
എന്നാൽ, ഈ വഴിത്തിരിവ് പരമ്പരാഗത രാഷ്ട്രീയത്തിന്റെ വഴിത്തിരിവല്ല എന്നോർക്കണം. പരമ്പരാഗത രാഷ്ട്രീയ മാതൃകകളിൽ നിന്നുള്ള ആഴമേറിയ ഒരു വിച്ഛേദം (Break) ഈ വഴിത്തിരിവിലൂടെ സംഭവിക്കാൻ പോവുകയാണ്. ഇത് വ്യക്തമാക്കണമെങ്കിൽ ഈ പൊതുസമരങ്ങൾ സൃഷ്ടിക്കുന്ന വഴിത്തിരിവ് ജനാധിപത്യത്തിന്റെ പരമോന്നത മാതൃകയിലേക്കുള്ള മാനവരാശിയുടെ മുന്നേറ്റത്തിന്റെ ചരിത്രവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുകൂടി അറിയണം.
ഇന്ന് നടക്കുന്ന സമരങ്ങളുടെ രാഷ്ട്രീയം പഴയ ദേശീയ രാഷ്ട്രീയത്തിന്റെ അതിരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ഭൂമിയെ ഒന്നാകെ വിഴുങ്ങിയിരിക്കുന്ന ആഗോള മൂലധന സാമ്രാജ്യ വ്യവസ്ഥയ്ക്കും അതിന്റെ ദല്ലാന്മാർക്കും എതിരെ ലോകജനത വിവിധ രീതികളിൽ നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളുടെ ഭാഗമാണ് ഇന്ന് ഇന്ത്യയിലും ഉയർന്നുവന്നിരിക്കുന്ന സമരങ്ങൾ.
ഇന്ന് നടക്കുന്ന സമരങ്ങളുടെ രാഷ്ട്രീയം പഴയ ദേശീയ രാഷ്ട്രീയത്തിന്റെ അതിരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല.
ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ മുല്ലപ്പൂ വിപ്ലവം എന്ന് മാധ്യമങ്ങൾ വിളിക്കുന്ന, പല സ്വേച്ഛാധിപതികളെയും കൊട്ടാരം വിട്ടോടാൻ പ്രേരിപ്പിച്ച ആഗോള ജനസഞ്ചയ ജനാധിപത്യ സമരപരമ്പരയിലെ ഏറ്റവും പുതിയ രൂപമാണ് ഇപ്പോൾ ഇന്ത്യയിൽ അരങ്ങേറുന്നത്. നമ്മുടെ അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും ഇത് നാം കണ്ടു. ഇപ്പോൾ സ്‌പെയിനിലും ഫ്രാൻസിലും ചിലിയിലും വിദ്യാർത്ഥികളും യുവജനങ്ങളും അടക്കം ജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തെരുവിലാണ്.
അതുകൊണ്ട് ഇന്ത്യയിൽ രൂപം കൊണ്ടിരിക്കുന്ന ഈ നൂതന രാഷ്ട്രീയ പ്രക്ഷോഭം ആഗോള മൂലധന വ്യവസ്ഥയുടെ ഇന്ത്യയിലെ നടത്തിപ്പുകാരായ നരേന്ദ്രമോദിയുടെയും കൂട്ടരുടെയും ഉള്ളിൽ ഭയത്തിന്റെ തീ കോരിയിട്ടുകഴിഞ്ഞിരിക്കുന്നു എന്നതിന് സംശയമില്ല.
ഇതോടൊപ്പം, ദേശീയ മുതലാളിത്ത മൂലധനത്തിന്റെ ആഗോളതലത്തിലുള്ള ഉദ്ഗ്രഥനത്തിന്റെ ഭാഗമായി ദേശീയ സമ്പദ് വ്യവസ്ഥയിലും രാഷ്ട്രീയത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഘടനാപരമായ പരിവർത്തനം പഴയ ലിബറൽ- ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബോധപൂർവ്വമല്ലെങ്കിലും മാറാൻ പ്രേരിപ്പിക്കുകയാണ്.

കാരണം, ആഗോളതലത്തിൽ ഇത് ഒരു പുതിയ രാഷ്ട്രീയ യുഗത്തിന്റെ ഉദയമാണ്. സമത്വമില്ലാതെ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന ലിബറൽ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യമില്ലാതെ സമത്വം വാഗ്ദാനം ചെയ്യുന്ന സോവിയറ്റ് മാർക്സിസത്തിന്റെയും പരിമിതികളെ ലംഘിച്ചുകൊണ്ട്, പൂർണ്ണ ജനാധിപത്യത്തിനു വേണ്ടിയുള്ള സമരപാതയിലാണ് ഇന്ന് ലോക ജനത. മറ്റൊരുതരത്തിൽ പറഞ്ഞാൽ മുകളിൽ അധികാരം കേന്ദ്രീകരിക്കുന്ന പഴയ മേലാള ജനാധിപത്യ രൂപങ്ങളെ മറികടന്ന്, കീഴാള ബദൽ ജനാധിപത്യത്തിന്റെ തിരശ്ചീന (Horizontal) ബന്ധങ്ങൾക്കായുള്ള, ജനാധിപത്യത്തിന്റെ പൂർത്തീകരണത്തിനായുള്ള സമരപാതയിലാണ് ഇന്ന് ലോകജനത.
നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട പഴയ ലിബറൽ-സോവിയറ്റ് മാർക്സിസ്റ്റ് രാഷ്ട്രീയവുമായി താരതമ്യം ചെയ്യുമ്പോൾ തികച്ചും ബാല്യദശയിലായ ഈ നൂതന സമരപാതയിലേക്ക് പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കടന്നുവരുന്നു എന്നത് ഈ പുതിയ സമരമുന്നേറ്റങ്ങളെ നിശ്ചയമായും ശക്തിപ്പെടുത്താൻ സഹായിക്കും. ശ്രീലങ്കയിൽ രാജപക്സെയെ കൊട്ടാരം വിട്ടോടാൻ പ്രേരിപ്പിച്ച ജനസഞ്ചയപ്രക്ഷോഭത്തെ മുന്നോട്ടു നയിക്കാൻ പാർലമെന്റിൽ വെറും മൂന്നു സീറ്റ് മാത്രമുണ്ടായിരുന്ന ജനതാ വിമുക്തി പെരുമുനേ എന്ന സി.പി.ഐ- എം.എൽ പാർട്ടിക്ക് കഴിഞ്ഞു എന്നോർക്കണം. മറ്റു പല ഇടങ്ങളിലും ജനസഞ്ചയ മുന്നേറ്റങ്ങളെ പ്രതിലോമശക്തികൾ തട്ടിയെടുക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ലിബറൽ -ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഈ നവയുഗ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലേക്ക് കടന്നുവന്നിരിക്കുന്നു എന്നത് ഇന്ത്യൻ രാഷ്ട്രീയം വഴിതിരിയുന്നു എന്നതിന്റെ സൂചന തന്നെയാണെന്ന് കാണാം.
ഇന്ത്യയിലെ ലിബറൽ -ഇടതു പ്രസ്ഥാനങ്ങളും വർത്തമാനകാല ലോക സമ്പദ്ഘടനയിലും രാഷ്ട്രീയത്തിലും വന്നുകഴിഞ്ഞ വമ്പിച്ച പരിവർത്തനങ്ങൾ കണക്കിലെടുത്ത്, ആഴമേറിയ ആത്മപരിശോധനയ്ക്കും ആത്മപരിവർത്തനത്തിനും വിധേയരാക്കേണ്ടതുണ്ട്.
പൊളിറ്റിക്കൽ ഷിഫ്റ്റ്
ലോകത്തെ ഏറ്റവും വലിയ കാർഷിക രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ കൃഷിസമ്പ്രദായങ്ങളെ ഒന്നാകെ കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുന്നതിനുള്ള നരേന്ദ്രമോദിയുടെ കാർഷിക ബില്ലിനെതിരെ നടന്ന കർഷകസമരം പരമ്പരാഗത ഇന്ത്യൻ രാഷ്ട്രീയം വഴിതിരിയുന്നതിന്റെ ആദ്യത്തെ ശക്തമായ സൂചനയായിരുന്നു. അതിനുശേഷം നരേന്ദ്രമോദിയെ രണ്ടാം തവണ മുട്ടുകുത്തിച്ച സമരമായിരുന്നു സി.ജെ.പിയുടെ ജന്തർ മന്തർ സമരം. ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കുശേഷം ഇന്ത്യയെ ഗ്രഹിച്ച കോർപറേറ്റ് -ഫാഷിസ്റ്റ് ഭരണത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നതിനുള്ള ഇന്ത്യൻ ജനതയുടെ പുതിയ സ്വാതന്ത്ര്യസമരമാണ് ഇതിലൂടെ മുന്നോട്ടു വന്നിരിക്കുന്നത്. ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം.
ജന്തർ മന്തർ സമരം ആരംഭിച്ച ഘട്ടത്തിൽ തന്നെ CJP ഒരു മാനിഫെസ്റ്റോ പുറത്തിറക്കിയിരുന്നു. പരീക്ഷാതട്ടിപ്പ് മാത്രമല്ല അതിൽ അവർ ഉന്നയിച്ചത്. നരേന്ദ്രമോദി ഇലക്ഷൻ കമ്മീഷനേയും കോടതികളെയും മാധ്യമങ്ങളെയും വിലക്കെടുക്കുന്നതിനെതിരായ രാഷ്ട്രീയ നിലപാട് ആ മാനിഫെസ്റ്റോ കൈകൊണ്ടിരുന്നു. അത് അവർ ശക്തമായി തുടരുന്നതാണ് നാം ഇന്ന് കാണുന്നത്. ഇന്ത്യ ഇന്നകപ്പെട്ടിരിക്കുന്ന അടിമത്തത്തിന്റെ ആഴം തിരിച്ചറിഞ്ഞ് പ്രതിപക്ഷപാർട്ടികളും അവരുടെ സമരത്തെ ഏറ്റെടുത്തിരിക്കുകയാണ്.

പഴയ രാഷ്ട്രീയ പാർട്ടികളുടെ മുകളിൽ നിന്നും അണികളെ അണിനിരത്തുന്ന രീതിയിൽനിന്ന് വ്യത്യസ്തമായി, സ്ത്രീപുരുഷഭേദമില്ലാതെ വിദ്യാർത്ഥികളും യുവജനങ്ങളും തൊഴിലാളികളും സാധാരണക്കാരും സ്വമേധയാ ആയിരങ്ങളായി ഈ സമരങ്ങളിൽ അണിനിരക്കുന്നതാണ് നാം കാണുന്നത്.
കാരണം, ഇത് മുകളിൽനിന്നുള്ള ബാഹ്യ പ്രേരണയുടെ രാഷ്ട്രീയമല്ല. ജനങ്ങളുടെ ആന്തരിക ശക്തി (Immanent power) പരസ്പരം സംക്രമിക്കുന്നതിലൂടെ രൂപപ്പെടുന്ന രാഷ്ട്രീയമാണിത്. അടിത്തട്ടിൽ നിന്നുയരുന്ന ബദൽ അധികാരത്തിന്റെ ഉയർച്ചയാണിത്. ഡിജിറ്റൽ മുതലാളിത്തത്തിന്റെയും അതിനെതിരെ ഉയരുന്ന ഡിജിറ്റൽ ചെറുത്തുനിൽപ്പുകളുടെയും കാലത്ത് സ്വകാര്യ സ്വാർത്ഥവ്യക്തിത്വത്തിന്റെ മനഃശാസ്ത്രത്തെ തള്ളിക്കളയുന്ന യുവജനത ഈ പുതിയ സമരങ്ങളുടെ മുന്നിൽ നിൽക്കുന്നു എന്നത് സ്വാഭാവികമാണ്. ആ നിലയ്ക്ക് ഇതൊരു പൊളിറ്റിക്കൽ ഷിഫ്റ്റ് തന്നെയാണ്.
ഫാഷിസം അടിയിൽനിന്ന് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ മനോരോഗമാണ്. ഇത് തിരിച്ചറിയുന്നതിലും അതിനെതിരായ സമരതന്ത്രങ്ങൾ ഭാവന ചെയ്യുന്നതിലും ഇന്ത്യയിലെ ലിബറൽ -ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പൂർണമായും പരാജയപ്പെട്ടു.
മോദി സർക്കാറിന്റെ ഭാവി
നരേന്ദ്രമോദിക്കും കൂട്ടർക്കും ഈ പുതിയ സമരങ്ങളുടെ ചരിത്രം ഓർക്കുമ്പോൾ നിശ്ചയമായും ഭയചകിതരാകാതിരിക്കാൻ കഴിയില്ല. എന്നാൽ, കോർപ്പറേറ്റ് മൂലധനത്തിന്റെ വമ്പിച്ച പിന്തുണയോടൊപ്പം കഴിഞ്ഞ ഒരു നൂറ്റാണ്ടായി അവർ വളർത്തിയെടുത്ത ഹിന്ദുത്വ ഫാഷിസത്തിന്റെ ജനകീയ അടിത്തറയും ഉണ്ട്.
ഫാഷിസം അടിയിൽനിന്ന് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ മനോരോഗമാണ്. ഇത് തിരിച്ചറിയുന്നതിലും അതിനെതിരായ സമരതന്ത്രങ്ങൾ ഭാവന ചെയ്യുന്നതിലും ഇന്ത്യയിലെ ലിബറൽ -ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പൂർണമായും പരാജയപ്പെട്ടു. അടിത്തട്ടിൽ നിന്നുയരുന്ന ഇന്നത്തെ പുതിയ ബദൽ ജനാധിപത്യ സമരങ്ങളുടെ പരമ്പരകളിലൂടെ മാത്രമേ ഫാഷിസത്തിന്റെ രാഷ്ട്രീയ മനഃശാസ്ത്രത്തെ തകർക്കാൻ കഴിയൂ. അത് ഈ പ്രക്ഷോഭങ്ങളിലൂടെ ഇന്ത്യയിൽ തുടങ്ങിക്കഴിഞ്ഞു. എന്നാൽ ഇതോടൊപ്പം നേരത്തെ സൂചിപ്പിച്ചതുപോലെ, ഇന്ത്യയിലെ ലിബറൽ -ഇടതു പ്രസ്ഥാനങ്ങളും വർത്തമാനകാല ലോക സമ്പദ്ഘടനയിലും രാഷ്ട്രീയത്തിലും വന്നുകഴിഞ്ഞ വമ്പിച്ച പരിവർത്തനങ്ങൾ കണക്കിലെടുത്ത്, ആഴമേറിയ ആത്മപരിശോധനയ്ക്കും ആത്മപരിവർത്തനത്തിനും വിധേയരാക്കേണ്ടതുണ്ട്.
ആഗോള കോർപ്പറേറ്റ് മൂലധന വ്യവസ്ഥയും ആഗോള മുതലാളിത്തവും ദേശീയ മൂലധനത്തെയും ദേശീയ മുതലാളിത്തത്തെയും വിഴുങ്ങിക്കഴിഞ്ഞ ഇക്കാലത്ത് കോൺഗ്രസിനെ പോലെയുള്ള ദേശീയ മുതലാളിത്ത പാർട്ടികളുടെ വർഗ്ഗാടിത്തറ തന്നെ ഇല്ലാതായിരിക്കുന്നു. അതുപോലെ ദേശീയ മുതലാളിത്തത്തിന്റെ പൂർത്തീകരണത്തിലൂടെ, (അതായത് ദേശീയ -ജനകീയ ജനാധിപത്യ വിപ്ലവങ്ങളിലൂടെ) തൊഴിലാളി വർഗ്ഗവിപ്ലവം സ്വപ്നം കാണുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ദേശീയ മൂലധനത്തിന്റെ ആഗോളതലത്തിലുള്ള ഉദ്ഗ്രഥനം ഉയർത്തുന്ന രാഷ്ട്രീയസിദ്ധാന്തപരമായ വെല്ലുവിളി വളരെ വലുതാണ്.

പഴയ തരത്തിലുള്ള ദേശീയ ബൂർഷ്വാവിപ്ലവത്തിന്റെ പൂർത്തീകരണം തന്നെ ഇന്ന് ചരിത്രം മറികടന്നു കഴിഞ്ഞ ഒരു ശൂന്യസങ്കല്പമാണ്. എന്നാൽ ഇങ്ങനെ രാഷ്ട്രീയാടിസ്ഥാനം തന്നെ വെല്ലുവിളിക്കപ്പെടുന്ന ഇന്ത്യയിലെ ലിബറൽ -ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക്, ഇന്ന് ഉയർന്നുവന്നിരിക്കുന്ന ആഗോള മൂലധനവിരുദ്ധ ജനസഞ്ചയ ജനാധിപത്യ സമരങ്ങളിൽ പങ്കെടുക്കുന്നതിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാൻ കഴിയും. ശ്രീലങ്കയിൽ അതാണ് കണ്ടത്.
ഈ വിധത്തിൽ പഴയ ലിബറൽ -ഇടതു പ്രസ്ഥാനങ്ങളും പുതിയ യുവജനസഞ്ചയ പ്രക്ഷോഭങ്ങളും ഉയർത്തിവിടുന്ന ജനാധിപത്യ സമരപരമ്പരയ്ക്കുമുന്നിൽ നരേന്ദ്രമോദിക്കും കൂട്ടർക്കും അധികകാലം പിടിച്ചുനിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
