ഇന്ദിരയിൽനിന്ന് മോദിയിലേക്ക്;
ചില ഫാഷിസ്റ്റ് വ്യാഖ്യാന കൗശലങ്ങൾ

അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഓരോ ചർച്ചയും ഇന്നത്തെ ഫാഷിസ്റ്റ്- കോർപ്പറേറ്റ് വാഴ്ചക്കെതിരായ സമരമായാണ് വളരേണ്ടത്. പലപ്പോഴും മലയാള മാധ്യമങ്ങളിലൂടെ വരുന്ന അടിയന്തരാവസ്ഥാ ചർച്ചകളെല്ലാം കേവലം ഓർമകളുടെ അയവിറക്കൽ മാത്രമാകുന്നത് കഴിഞ്ഞുപോയൊരു ദുഷ്ടകാലത്തെക്കുറിച്ചുള്ള പതംപറച്ചിലായി മാത്രം തീരും- പ്രമോദ് പു​ഴങ്കര എഴുതുന്നു.

ടിയന്തരാവസ്ഥയ്ക്ക് അരനൂറ്റാണ്ട് തികയുമ്പോൾ അത് ഓർമ്മപ്പെടുത്തൽ മാത്രമല്ല, യാഥാർത്ഥ്യത്തിലേക്കുള്ള തിരിച്ചറിവ് കൂടിയാണ്. ഇന്ത്യൻ ജനാധിപത്യം എത്രമാത്രം ദുർബ്ബലമായൊരു അടിത്തറയിലാണ് നിലനിൽക്കുന്നതെന്ന് ഒറ്റയടിക്ക് ബോധ്യപ്പെടുത്തിയ പ്രഖ്യാപനമായിരുന്നു അടിയന്തരാവസ്ഥ. അതിനു മുമ്പ് ഇന്ത്യൻ ഭരണകൂടം ജനാധിപത്യത്തിന്റെ ശുദ്ധമാതൃകകളെ പിൻപറ്റിയിരുന്നൊന്നുമില്ല. എന്നാൽ കേവലമായ ജനാധിപത്യ വാചകമടികൾപ്പോലും തങ്ങൾക്കാവശ്യമില്ലെന്ന് വിളിച്ചുപറയുകയായിരുന്നു അടിയന്തരാവസ്ഥയിലെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ.

പ്രതിപക്ഷം, പ്രതിഷേധം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെല്ലാം ഉരുട്ടിക്കൊല്ലേണ്ട ആശയങ്ങളായി മാറി. ഭരണാധികാരിയുടെ ചുറ്റും വാഴ്ത്തുപാട്ടുകളുമായി നിറയുന്ന അനുചരവൃന്ദങ്ങളുടെ വേതാളനൃത്തമായിരുന്നു ഇന്ത്യയിൽ നിറഞ്ഞത്. ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും മാത്രമല്ല വി.സി. ശുക്ലയും ബൻസിലാലും മുതൽ കെ. കരുണാകരൻ വരെയുള്ള ജനാധിപത്യവിരുദ്ധതയുടെ ദുർമൂർത്തികളെല്ലാം ഒരേ ഭാഷയിലും സ്വരത്തിലും ആക്രോശിച്ചു. പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകർ മുതൽ ഭരണകൂടത്തിനും ഇന്ദിരാ ഭരണത്തിനുമെതിരെ സംസാരിച്ച മാധ്യമ പ്രവർത്തകരും കലാകാരരുമൊക്കെ തടവറകളിലടയ്ക്കപ്പെട്ടു. തനിക്കഹിതമായ വിധി പറഞ്ഞ ന്യായാധിൻമാരെ മറികടന്ന് തന്റെ വിധേയനായി നിന്നൊരാളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കി. അടിയന്തരാവസ്ഥയിൽ പൗരാവകാശങ്ങൾക്ക് ഭരണഘടനയുടെയും കോടതിയുടെയും സംരക്ഷണമില്ലെന്ന് കോടതി വിധിയെഴുതി. ഇന്ദിരാഗാന്ധിക്കും കേന്ദ്രസർക്കാരിനും വേണ്ടവിധത്തിൽ ഭരണഘടനയെ എങ്ങനെയും മാറ്റിയെഴുതാനുള്ള ഭേദഗതികൾ പാർലമെന്റിൽ ചുട്ടെടുത്തു. സഞ്ജയ് ഗാന്ധിയുടെ കിങ്കരന്മാർ ഡൽഹിയിലും പ്രവിശ്യകളിലും സാമന്തപ്രഭുക്കളും പ്രഭ്വികളുമായി.

സഞ്ജയ് ഗാന്ധി
സഞ്ജയ് ഗാന്ധി

ജനാധിപത്യം തിരിച്ചുവരവില്ലാത്തവിധം നഷ്ടമായെന്ന് കരുതിയ നാളുകളായിരുന്നു അത്. വാസ്തവത്തിൽ അടിയന്തരാവസ്ഥയ്ക്ക് ശേഷവും ഭരണകൂടം ആർജ്ജിച്ചെടുത്ത ജനാധിപത്യവിരുദ്ധ ശീലങ്ങൾ പല രൂപത്തിൽ ഇന്ത്യയിൽ നിലനിന്നു എന്നതാണ് വാസ്തവം. പാർലമെന്റ് എന്നത് ഒരു ഭരണപക്ഷത്തിന്റെ കോമാളിസഭയാകുന്നതിലേക്കുള്ള യാത്രയുടെ വേഗം അന്ന് തുടങ്ങി. അടിയന്തരാവസ്ഥക്ക് 1977-ൽ അന്ത്യമായെങ്കിലും അന്നത്തെ രാഷ്ട്രീയകളിക്കാരൊന്നും മാഞ്ഞുപോയില്ല. ഇന്ദിരാഗാന്ധി മുതൽ കരുണാകരൻ വരെയുള്ള സകല ജനാധിപത്യവിരുദ്ധരും അന്നത്തെ അതിക്രങ്ങൾക്ക് വിചാരണ ചെയ്യപ്പെടാതെ വീണ്ടും നമ്മളെ ഭരിക്കാനെത്തി. സ്നേഹലത റെഡ്ഢിയും രാജനും വർക്കല വിജയനുമൊക്കെ മരിച്ചതെത്ര നന്നായി എന്ന് കരുതാവുന്ന വിധത്തിൽ, അടിയന്തരാവസ്ഥയുടെ നടത്തിപ്പുകാർ പുലിക്കോടൻ നാരായണനെപ്പോലെ ഭക്തിപ്രസ്ഥാനക്കാരായി.

ഇന്ദിരാഗാന്ധി മുതൽ കരുണാകരൻ വരെയുള്ള സകല ജനാധിപത്യവിരുദ്ധരും അന്നത്തെ അതിക്രങ്ങൾക്ക് വിചാരണ ചെയ്യപ്പെടാതെ വീണ്ടും നമ്മളെ ഭരിക്കാനെത്തി.
ഇന്ദിരാഗാന്ധി മുതൽ കരുണാകരൻ വരെയുള്ള സകല ജനാധിപത്യവിരുദ്ധരും അന്നത്തെ അതിക്രങ്ങൾക്ക് വിചാരണ ചെയ്യപ്പെടാതെ വീണ്ടും നമ്മളെ ഭരിക്കാനെത്തി.

അടിയന്തരാവസ്ഥക്കാലത്ത് ചില അതിക്രമങ്ങളുണ്ടായെങ്കിലും അന്നത് ആവശ്യമായിരുന്നു എന്നും ഇന്ത്യയെ തകർക്കാനുള്ള അന്താരാഷ്ട്ര CIA ഗൂഢാലോചനയെ പ്രതിരോധിച്ചതാണെന്നുമുള്ള സിദ്ധാന്തം ഇപ്പോഴും പുറത്തിറക്കുന്നുണ്ട്. ജനാധിപത്യവിരുദ്ധതയുടെ കോമ്പല്ലുകൾ ഒളിപ്പിച്ചുവെച്ചിട്ടേയുള്ളൂ, പറിച്ചുകളഞ്ഞിട്ടില്ല എന്നാണ് അതൊക്കെ നമ്മെ ഓർമ്മിപ്പിക്കുന്നത്. കേരളത്തിൽ നിരവധി കോൺഗ്രസുകാരും കുറേ സി പി ഐക്കാരുമൊക്കെ ഈ അനുശാസനാപർവ്വത്തിന്റെ ചരിത്രപരമായ ആവശ്യകത തികട്ടിവരുന്നവരാണ്. അതിഭീകരമായ ജനാധിപത്യവിരുദ്ധതയുടെ കാലത്ത് അതിനൊപ്പം ഒരു സന്ദേഹവുമില്ലാതെ ചേർന്നുനിന്നതിന്റെ കാലം കേരളത്തിന്റെ ചരിത്രത്തിലെ സുവർണ്ണകാലമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന സി പി ഐക്കാരൊക്കെ ധാരാളമാണ്. ഇന്ദിരയുടെ ഇരുപതിന പരിപാടി വിജയിപ്പിക്കാനാണ് അന്നത്തെ യുവ സി പി ഐ നേതാക്കളൊക്കെ പ്രസംഗിച്ചു നടന്നതെന്നത് ഇപ്പോൾപ്പോലും ഒട്ടും തമാശയല്ലാത്ത കാര്യമാണ്. സാമൂഹ്യ, ജീവിതവികസനത്തിന് ജനാധിപത്യസ്വാതന്ത്ര്യമെന്ന മറ്റൊരർഥം കൂടിയുണ്ടെന്ന് ഇന്നത്തെ കാലത്തും തിരിച്ചറിയാത്ത മനുഷ്യരെക്കൊണ്ട് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ വലിയ ഗുണമൊന്നുമുണ്ടാകാൻ ഇടയില്ല.

ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കും സംഘപരിവാർ /മോദി ഭരണത്തിനും തമ്മിലുള്ള വ്യത്യാസം, അടിയന്തരാവസ്ഥ സമഗ്രാധിപത്യ ഭരണകൂടത്തിന്റെ ഭീകരമായ നടത്തിപ്പും സംഘ്പരിവാറിന്റേത് ഫാഷിസ്റ്റ് ഭരണകൂടവുമാണ് എന്നതാണ്. സ്വേച്ഛാധിപത്യത്തിന്റെയും ജനാധിപത്യ നിഷേധത്തിന്റെയും എല്ലാ ഭീകരതയും അടിയന്തരാവസ്ഥയിലുണ്ടായിരുന്നു. എന്നാലത് ഫാഷിസ്റ്റ് ഭരണകൂടമായിരുന്നില്ല. അങ്ങനെ പറയുമ്പോൾ അതിനർത്ഥം അത് മെച്ചമായിരുന്നു എന്നല്ല, ഇന്നുള്ള സംഘപരിവാർ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ സ്വഭാവത്തെ കൂടുതൽ തെളിച്ചതോടെ തിരിച്ചറിയുക എന്നതാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ദേശാഭിമാനിയിൽ ‘അർധ ഫാഷിസത്തിൽ നിന്ന് ഫാഷിസത്തിലേക്ക്’ എന്ന തലക്കെട്ട് നൽകിയെങ്കിലും വാസ്തവത്തിലത് ഫാഷിസ്റ്റ് ഭരണകൂടമായിരുന്നില്ല. ആ തലക്കെട്ടിൽ അത്ര തെറ്റൊന്നും അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ കാണേണ്ടതില്ല. നേരിടുന്ന ഭരണകൂട ഭീകരതയെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കാനുള്ള ഏറ്റവും ശക്തമായൊരു രാഷ്ട്രീയ തലക്കെട്ടെന്നു പറയാം.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ദേശാഭിമാനിയിൽ ‘അർധ ഫാഷിസത്തിൽ നിന്ന് ഫാഷിസത്തിലേക്ക്’ എന്ന തലക്കെട്ട് നൽകിയെങ്കിലും വാസ്തവത്തിലത് ഫാഷിസ്റ്റ് ഭരണകൂടമായിരുന്നില്ല.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ദേശാഭിമാനിയിൽ ‘അർധ ഫാഷിസത്തിൽ നിന്ന് ഫാഷിസത്തിലേക്ക്’ എന്ന തലക്കെട്ട് നൽകിയെങ്കിലും വാസ്തവത്തിലത് ഫാഷിസ്റ്റ് ഭരണകൂടമായിരുന്നില്ല.

എന്നാൽ ഇന്നിപ്പോൾ നമ്മൾ അരനൂറ്റാണ്ടിനിപ്പുറം അടിയന്തരാവസ്ഥയെയും സംഘപരിവാറിന്റെ ഫാഷിസ്റ്റ് സർക്കാരിനെയും താരതമ്യം ചെയ്യുമ്പോൾ പ്രത്യയശാസ്ത്രപരമായൊരു വിശകലനകൃത്യത പാലിക്കേണ്ടതുണ്ട്. ഫാഷിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രം ഭരണകൂടാധികാരത്തിലേക്ക് എത്തുമ്പോളാകട്ടെ അതിനു നവ ഫാഷിസത്തിന്റെ ചില ലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന വ്യാഖ്യാനപ്പിഴവ് പ്രതിരോധത്തിലെ ദൗർബ്ബല്യത്തെ മറച്ചുവെക്കാനുള്ള ഒരു കൗശലമായി ഇപ്പോൾ മാറ്റുന്നതും നാം കാണുന്നുണ്ട്.

ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ജനിതക ഘടനയും ആവാസവ്യവസ്ഥയുമാണ് ഫാഷിസ്റ്റ് ഭരണകൂടത്തെയും അടിയന്തരാവസ്ഥ പോലുള്ള സമഗ്രാധിപത്യ ഭരണകൂട ഭീകരതയെയും വ്യത്യസ്തമാക്കുന്നത്. ഭരണകൂട ഭീകരതയുടെ നിരവധി കാര്യങ്ങളിൽ സമാനത കണ്ടെത്താനാകുമെങ്കിലും ഈയൊരു വ്യത്യാസം വളരെ നിർണ്ണായകമാണ്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ അതൊരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതിയുടെ രാഷ്ട്രീയ, സാമൂഹ്യ പ്രയോഗമല്ല. അത് അധികാര കേന്ദ്രീകരണത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും ജനങ്ങളുടെ ഉയർന്നുവരുന്ന രാഷ്ട്രീയ കലാപശ്രമങ്ങളെ അടിച്ചമർത്തുന്നതിനുമുള്ള ഭരണകൂട പ്രയോഗമായിട്ടായിരുന്നു വന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുന്നതോടെ അതിന്റെ പ്രകടമായ ഒരുപാട് ഘടകങ്ങൾ ഇല്ലാതാവുകയും ചെയ്യാം.

‘ഓപ്പറേഷൻ കഗാറി’ലൂടെ  മാവോവാദികളെ 2026 മെയ് മാസത്തോടെ സമ്പൂർണമായി ഉന്മൂലനം ചെയ്യുമെന്ന പേരിൽ മധ്യേന്ത്യയിൽ നടക്കുന്ന ആദിവാസി കൂട്ടക്കൊലകൾ
‘ഓപ്പറേഷൻ കഗാറി’ലൂടെ മാവോവാദികളെ 2026 മെയ് മാസത്തോടെ സമ്പൂർണമായി ഉന്മൂലനം ചെയ്യുമെന്ന പേരിൽ മധ്യേന്ത്യയിൽ നടക്കുന്ന ആദിവാസി കൂട്ടക്കൊലകൾ

എന്നാൽ ഫാഷിസ്റ്റ് ഹിന്ദുത്വ ഭരണകൂടം അത്തരത്തിലല്ല ഉണ്ടാകുന്നത്. അത് രാഷ്ട്രീയ, സാമൂഹ്യ ശരീരത്തിൽ നീണ്ടുനിൽക്കുന്ന, നിർണ്ണായകമായ മാറ്റങ്ങൾ പൊതുബോധത്തിലും ജീവിതക്രമത്തിലും സാമൂഹ്യബന്ധങ്ങളിലും വരെ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുക. നീണ്ടുനിൽക്കുന്നൊരു രാഷ്ട്രീയ, സാമൂഹ്യാധികാര പദ്ധതിയുടെ ഭാഗമായാണ് സംഘപരിവാറിന്റെ കേന്ദ്ര സർക്കാർ ഉണ്ടാകുന്നത്. അവർ പതിനായിരം കൊല്ലം മുമ്പുള്ള ചരിത്രം മുതൽ തിരുത്തിയെഴുതുന്നത് അതുകൊണ്ടാണ്. കേവലമായ ഭരണാധികാരത്തിന്റെ ജനാധിപത്യവിരുദ്ധ നടത്തിപ്പ് മാത്രമല്ല അതിന്റെ ലക്‌ഷ്യം. അതുകൊണ്ടുകൂടിയാണ് സംഘപരിവാറിന് ഇന്ദിരാഗാന്ധിയെപ്പോലെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവരാത്തതും.

‘ഓപ്പറേഷൻ കഗാറി’ലൂടെ മാവോവാദികളെ 2026 മെയ് മാസത്തോടെ സമ്പൂർണമായി ഉന്മൂലനം ചെയ്യുമെന്ന പേരിൽ മധ്യേന്ത്യയിൽ നടക്കുന്ന ആദിവാസി കൂട്ടക്കൊലകൾ മാധ്യമങ്ങളിൽ ഭരണകൂട വ്യാഖ്യാനങ്ങൾ മാത്രമായി പ്രത്യക്ഷപ്പെടുന്ന തരത്തിലൊരു പൊതുമണ്ഡലം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. അദാനിയെപ്പോലുള്ള കോർപ്പറേറ്റുകളുടെ സ്വീകാര്യത മോദി സർക്കാരിന് മാത്രമല്ല, പ്രതിപക്ഷ കക്ഷികളുടെ സംസ്ഥാന സർക്കാരുകൾക്കും വേണ്ടപ്പെട്ടതായി മാറുന്നു. ഫാഷിസത്തെക്കുറിച്ചു സംസാരിക്കുമ്പോൾ ഫാഷിസ്റ്റ്- കോർപ്പറേറ്റ് സംയുക്ത സംരംഭമെന്നായല്ലാതെ അതിനെ കാണാനാകില്ല എന്നു കൂടിയുണ്ട്. ഈ കോർപ്പറേറ്റ് വശത്തെ തന്ത്രപൂർവ്വം ഒഴിവാക്കുന്ന ദല്ലാൾപ്പണി നടത്താനാണ് ഫാഷിസത്തെക്കുറിച്ചുള്ള സാംസ്‌കാരിക സന്ധ്യകളിൽ ഗാന്ധി വധത്തിന്റെ കഥ പറയലും രാമായണത്തിലെ രാമ, ശംബൂക പാത്രവ്യാഖ്യാനങ്ങളുമൊക്കെയായി ചുരുക്കുന്നത്. സവർക്കറിൽ തുടങ്ങി ഗാന്ധിവധത്തിൽ അവസാനിക്കുന്നതോ ഗുജറാത്ത് കലാപം അനുബന്ധമായി വരുന്നതോ മാത്രമല്ല ഇന്ത്യയിലെ ഫാഷിസം. അത് അദാനിയിലേക്കും അംബാനിയിലേക്കും അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പൗരാവകാശ നിഷേധങ്ങളിലേക്കും നീളുന്നതാണ്.

അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഓരോ ചർച്ചയും ഇന്നത്തെ ഫാഷിസ്റ്റ്-കോർപ്പറേറ്റ് വാഴ്ചക്കെതിരായ സമരമായാണ് വളരേണ്ടത്. പലപ്പോഴും മലയാള മാധ്യമങ്ങളിലൂടെ വരുന്ന അടിയന്തരാവസ്ഥ ചർച്ചകളെല്ലാം കേവലം ഓർമകളുടെ അയവിറക്കൽ മാത്രമാകുന്നത് കഴിഞ്ഞുപോയൊരു ദുഷ്ടകാലത്തെക്കുറിച്ചുള്ള പതംപറച്ചിലായി മാത്രം തീരും. ജനാധിപത്യവും പൗരാവകാശങ്ങളും എത്ര സൂക്ഷ്മമായാണ് ജനങ്ങളുടെ നിരന്തരമായ രാഷ്ട്രീയപ്പോരാട്ടങ്ങളിലൂടെ മാത്രം നിലനിൽക്കുക എന്നതിന്റെ സാക്ഷ്യമാണ് അടിയന്തരാവസ്ഥയും അതിന്റെ തുടർകാലങ്ങളും. പുതിയ ഫാഷിസ്റ്റ്- കോർപ്പറേറ്റ് വാഴ്ചയുടെ പുത്തൻ സ്വാഭാവികത രാഷ്ട്രീയപ്പോരാട്ടങ്ങളിലെ ഭീതിദമായ ശൂന്യതയെക്കൂടി വെളിപ്പെടുത്തുന്നു.

ഉമർ ഖാലിദ് അടക്കമുള്ള അനേകം മനുഷ്യര്‍ ഫാഷിസ്റ്റ് കാലത്തിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നീണ്ട ഇരുട്ടിൽ ഇപ്പോഴും കഴിയുന്നു.
ഉമർ ഖാലിദ് അടക്കമുള്ള അനേകം മനുഷ്യര്‍ ഫാഷിസ്റ്റ് കാലത്തിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നീണ്ട ഇരുട്ടിൽ ഇപ്പോഴും കഴിയുന്നു.

ഇന്ദിരാഗാന്ധിയും ഒരു സംഘം അനുചരന്മാരും തോൽക്കുകയോ പ്രതിരോധിക്കപ്പെടുകയോ ചെയ്‌താൽ അടിയന്തരാവസ്ഥ വീണ്ടും നടപ്പാക്കാൻ ജനങ്ങൾക്കിടയിൽ രാഷ്ട്രീയപ്രചാരണം നടത്താനുള്ള പ്രത്യയശാസ്ത്രം അതിനില്ല. നരേന്ദ്ര മോദിയും അമിത് ഷായും മോഹൻ ഭാഗവതും ഇല്ലെങ്കിലും അവരൊക്കെ തോറ്റാലും ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം അതേ രാഷ്ട്രീയപദ്ധതിയുടെ നടത്തിപ്പിനായി ഇവിടെയുണ്ടാകുമെന്നും അവർക്കുമുമ്പും ഇവിടെയുണ്ടായിരുന്നുമെന്നുമാണ് ഹിന്ദുത്വ- കോർപ്പറേറ്റ് ഫാഷിസ്റ്റ് ഭരണകൂടത്തെ അടിയന്തരാവസ്ഥയിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഏറ്റവും നിർണ്ണായകമായ ചരിത്ര രാഷ്ട്രീയ ഘടകം.

ദുരധികാരികളുടെ ഓരോ മുരൾച്ചയിലും, അടിയന്തരാവസ്ഥക്കാലത്ത് തടവറകളിൽ എല്ലിൻകൂട് തകർന്ന്, പേശികൾ വേർപ്പെട്ട്, വെള്ളം കിട്ടാതെ കൊല്ലപ്പെട്ട മനുഷ്യർ പൗരാവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല എന്ന് നിങ്ങളെയോർമ്മിപ്പിക്കുന്നു. ഭീമ കൊറേഗാവ് കേസിലെ തടവുകാരും ഉമർ ഖാലിദ് അടക്കമുള്ള അനേകം മനുഷ്യരും ഫാഷിസ്റ്റ് കാലത്തിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നീണ്ട ഇരുട്ടിൽ ഇപ്പോഴും കഴിയുന്നു. വികസനത്തിന്റെ പേരിൽ കോർപ്പറേറ്റ് കൊള്ളക്കാരും ഭരണകൂടവും ആട്ടിയോടിക്കുകയും കൊന്നുതള്ളുകയും ചെയ്യുന്ന മനുഷ്യരുടെ നിഴലുകൾ പോലും ഈ മഹാരാജ്യത്തിന്റെ മൂലകളിലെല്ലാം കൂട്ടിയിട്ടു കത്തിക്കുകയാണ്. “ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണിന്ത്യ” എന്ന അശ്ളീല മുദ്രാവാക്യം പേരുമാറ്റി മോദിക്കു വേണ്ടി മാത്രമല്ല അയാളുടെ എതിരാളികളെന്നു പറയുന്നവർക്കു വേണ്ടിയും മുഴങ്ങുമ്പോഴെല്ലാം, ഇപ്പോഴും നിവർന്നിരിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ നട്ടെല്ലുകളിലൂടെ കാലം ഓർമ്മകളുടെ ഇടിമിന്നൽ പായിക്കുന്നുണ്ടായിരിക്കും.

Comments