ഒക്ടോബറിൽ മാത്രം മൂന്നു പരസ്യങ്ങൾ പിൻവലിപ്പിച്ച് സംഘപരിവാർ

പരസ്യങ്ങളിലൂടെയുള്ള ഉപരിപ്ലവമായ പുരോഗമനവാദങ്ങൾ പോലും ഹിന്ദുത്വവാദികളെ അലോസരപ്പെടുത്തുന്നത് രാജ്യത്തിനു മേൽ തങ്ങൾക്കുണ്ടെന്ന് കരുതുന്ന സ്വാഭാവിക ആധിപത്യം അവഗണിക്കപ്പെടുകയാണെന്ന അരക്ഷിതബോധമാണ്. ഈ ആധിപത്യബോധം തിരിച്ചു പിടിക്കാനുള്ള ക്യാമ്പയ്ൻ ആണ് എം.പി.മാരിലൂടെയും മന്ത്രിമാരിലൂടെയും ഓൺലൈൻ ട്രോൾ കൂട്ടങ്ങളിലൂടെയും ബി.ജെ.പി. നേതൃത്വം ഔദ്യോഗികമായി നടത്തുന്നത്.

ഹിന്ദു വികാരം വ്രണപ്പെട്ടതിന്റെ പേരിൽ മൂന്നു പരസ്യചിത്രങ്ങളാണ് ഒക്ടോബർ അവസാനവാരങ്ങളിലായി മാത്രം ഇന്ത്യയിൽ പിൻവലിക്കപ്പെട്ടത്. ഫാബ് ഇന്ത്യ, ഡാബർ, സാബ്യസാച്ചി, സിയറ്റ് എന്നീ കമ്പനികൾ ദിവാലി, കർവാ ചൗത്ത് തുടങ്ങിയ ഹിന്ദു ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ പരസ്യചിത്രങ്ങളാണ് മതമൗലികവാദികളുടെ സെൻസറിങ്ങിനും ഭീഷണികൾക്കും വിധേയമായത്.

ഡാബർ ഫെം ക്രീം

മതേതര മൂല്യങ്ങളും, സ്വവർഗ്ഗ ബന്ധങ്ങളും ഉൾക്കൊള്ളുന്ന വിശാല കാഴ്ചപ്പാടുള്ള ഒന്നായി ഹിന്ദു മതത്തെ അവതരിപ്പിക്കാനായിരുന്നു പിൻവലിക്കപ്പെട്ട "വോക്' പരസ്യങ്ങളിലൂടെ കമ്പനികൾ ശ്രമിച്ചത്. ഡാബറിന്റെ സൗന്ദര്യവർധക ഉൽപന്നത്തിന്റെ പരസ്യത്തിൽ ഹിന്ദുമത വിശ്വാസത്തിലെ കർവ ചൗത്ത് ആചാരത്തിൽ ലെസ്ബിയൻ ദമ്പതികളെ അവതരിപ്പിച്ചതാണ് ഹെറ്ററോനോർമേറ്റിവ് ഹിന്ദു മതമൗലികവാദികളെ ചൊടിപ്പിച്ചത്.

രാജ്യത്തെ പൊതുവായ അസഹിഷ്ണുതയാണ് സ്വവർഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം പിൻവലിച്ചതിന് കാരണമെന്ന് കഴിഞ്ഞ ദിവസം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടിരുന്നു. 2018ൽ സ്വവർഗ ബന്ധങ്ങളെ നിയമപരമാക്കിക്കൊണ്ടുള്ള ചരിത്രപരമായ വിധി പുറപ്പെടുവിച്ച അഞ്ചംഗം ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഒക്ടോബർ 25ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര കമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ കമ്പനി പരസ്യം പിൻവലിക്കുകയായിരുന്നു. ജനാധിപത്യം ഉൾപ്പടെ ഭരണഘടന പൗരർക്ക് പ്രദാനം ചെയ്യുന്ന അവകാശങ്ങൾ തങ്ങളുടെ ഔദാര്യമായി കാണുന്ന ഭൂരിപക്ഷ വർഗീയതയാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ഫാബ് ഇന്ത്യ

ദിവാലിയുടെ പശ്ചാത്തലത്തിൽ ഫാബ് ഇന്ത്യ പുറത്തിറക്കിയ പരസ്യത്തിൽ തങ്ങളുടെ പുതിയ വസ്ത്രശേഖരത്തെ "പാരമ്പര്യത്തിന്റെ ആഘോഷം' എന്നർത്ഥം വരുന്ന ജഷൻ റിവാസ് എന്ന ഉർദു പദമുപയോഗിച്ച് വിശേഷിപ്പിച്ചത്, ഹിന്ദു ആചാരങ്ങളെ ബോധപൂർവം ഇസ്‌ലാമികവത്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണെന്ന് ആരോപിച്ചത് ബി.ജെ.പി. എം.പി. തേജസ്വി സൂര്യയാണ്. മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾക്ക് മുമ്പും നേതൃത്വം നൽകിയ ബി.ജെ.പി. നേതാവാണ് തേജസ്വി സൂര്യ.

2021 മെയ് നാലിന് മൂന്ന് ബി.ജെ.പി എം.എൽ.എമാരോടൊപ്പം കർണാടകയിലെ സൗത്ത് ബി.ബി.എം.പി കോവിഡ് വാർ റൂമിൽ ചെന്ന് 16 മുസ്‌ലിം ജീവനക്കാരുടെ പേരുകൾ വായിച്ച് അവരെ തീവ്രവാദികളാക്കി ചിത്രീകരിച്ച് തേജസ്വി സൂര്യ ബഹളം വെച്ചത് നേരത്തെ വിവാദമായിരുന്നു.

സാബ്യസാച്ചി

സബ്യാസാചിയുടെ മംഗൾസൂത്ര പരസ്യം പിൻവലിക്കാൻ 24 മണിക്കൂർ സമയം അനുവദിച്ചു നൽകിയതും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ്. ഹിന്ദുക്കൾ പവിത്രമായി കരുതുന്ന മംഗൾസൂത്രയുമായി ബന്ധപ്പെട്ട പരസ്യത്തിൽ ബോഡി പോസിറ്റിവിറ്റി പ്രോത്സാഹിപ്പിച്ചു കൊണ്ട് സ്ത്രീകളുടെ ശരീരഭാഗങ്ങൾ കാണിച്ചതാണ് പരസ്യത്തിനെതിരായ സെെബർ ആക്രമണത്തിന് കാരണം.

പിൻവലിക്കപ്പെട്ട സബ്യാസാച്ചിയുടെ മംഗൾസൂത്ര പരസ്യങ്ങളിലൊന്ന്

സിയറ്റ് ടയേഴ്സ്

പൊതുസ്ഥലങ്ങളിൽ പടക്കം പൊട്ടിക്കുന്നതിനെതിരെ സിയറ്റ് ടയേഴ്‌സ് പുറത്തിറക്കിയ പരസ്യം ഹിന്ദുക്കളെ അസ്വസ്ഥരാക്കിയെന്ന് കാണിച്ച് സിയറ്റ് ചീഫ് എക്‌സിക്യുട്ടിവ് ഓഫിസർ ആനന്ദ് വർധൻ ഗോയൻകയ്ക്ക് കത്തെഴുതിയത് മറ്റൊരു ബി.ജെ.പി. എം.പി.യായ ആനന്ദ കുമാർ ഹെഗ്‌ഡെയാണ്. പരസ്യത്തിലഭിനയിച്ച ആമിർ ഖാന്റെ മതമായിരുന്നു ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്.

ബി.ജെ.പി. രാഷ്ട്രീയ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഹിന്ദു മതത്തിന്റെ കർതൃത്വം ഏറ്റെടുക്കാനുള്ള അവസരങ്ങളാണിത്. ഹിന്ദുമത വിശ്വാസികളിൽ നിന്നുയരുന്ന സ്വാഭാവിക പ്രതികരണങ്ങളെക്കാൾ ബി.ജെ.പി. എം.പിമാരും മന്ത്രിമാരും ഭീഷണിയുയർത്തിയാണ് മേൽപറഞ്ഞ പരസ്യചിത്രങ്ങളെല്ലാം തന്നെ പിൻവലിക്കപ്പെട്ടത്.

വോക് ക്യാപിറ്റലിസവും അസ്വസ്ഥരാവുന്ന ഹിന്ദുക്കളും

മുൻതലമുറയെ അപേക്ഷിച്ച് ലിബറൽ മൂല്യങ്ങൾക്ക് പ്രധാന്യം നൽകുന്ന മില്ലേനിയൽ, ജെൻ സി ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനികൾ ഉപയോഗിക്കുന്ന മാർക്കറ്റിങ്ങ് തന്ത്രമാണ് "വോക് അഡ്വട്ടൈസിങ്ങ്'. കാലഹരണപ്പെട്ട സമ്പ്രദായങ്ങളെ തിരിച്ചറിഞ്ഞ്, അതിൽ നിന്ന് പുറത്തു കടക്കുന്ന പ്രക്രിയയെ തങ്ങളുടെ ഉത്പന്നവുമായി ബന്ധിപ്പിച്ച് ടാർഗെറ്റ് ഓഡിയൻസിനിടയിൽ സ്വീകാര്യതയുണ്ടാക്കുന്ന പ്രകോപനപരമായ പരസ്യനിർമാണ രീതിയാണത്. ഒരുൽപന്നത്തിന്റെ ഉപയോഗത്തിന് പുറത്തു നിൽക്കുന്ന സാമൂഹിക മൂല്യവുമായി അതിനെ ബന്ധിപ്പിച്ച് സ്വീകാര്യത സൃഷ്ടിക്കാനുള്ള തന്ത്രം.

2016-ൽ യു.എസിലെ പൊലീസ് അതിക്രങ്ങൾക്കെതിരെ അമേരിക്കൻ ഫുട്‌ബോൾ ക്വാർട്ടർബാക്ക് ആയിരുന്ന കോളിൻ കോപർനിക് മുട്ടു കുത്തി പ്രതിഷേധിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനു ശേഷം ടീമുകളിൽ നിന്ന് തഴയപ്പെട്ട കോളിനെ കേന്ദ്രീകരിച്ച് സ്‌പോർട്‌സ് ആക്‌സസറി നിർമാണ കമ്പനിയായ നൈക്കി നിർമിച്ച പരസ്യചിത്രം രാജ്യത്തെ യാഥാസ്ഥിതിക ജനവിഭാഗത്തെ ചൊടിപ്പിച്ചെങ്കിലും, ഏഷ്യൻ രാജ്യങ്ങളിലെ നിർമാണ കേന്ദ്രങ്ങളിൽ കമ്പനി സ്വീകരിച്ച പരിതാപകരമായ തൊഴിൽ നയങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളിൽ നിന്നും പുറത്തുകടന്ന് ലിബറലുകൾക്കിടയിൽ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ നൈക്കിയെ സഹായിച്ചതായി ദി എകണോമിസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

പരസ്യങ്ങളിലൂടെയുള്ള ഉപരിപ്ലവമായ പുരോഗമനവാദങ്ങൾ പോലും ഹിന്ദുത്വവാദികളെ അലോസരപ്പെടുത്തുന്നത് രാജ്യത്തിനു മേൽ തങ്ങൾക്കുണ്ടെന്ന് കരുതുന്ന സ്വാഭാവിക ആധിപത്യം അവഗണിക്കപ്പെടുകയാണെന്ന അരക്ഷിതബോധമാണ്. ഈ ആധിപത്യബോധം തിരിച്ചു പിടിക്കാനുള്ള ക്യാമ്പയ്ൻ ആണ് എം.പി.മാരിലൂടെയും മന്ത്രിമാരിലൂടെയും ഓൺലൈൻ ട്രോൾ കൂട്ടങ്ങളിലൂടെയും ബി.ജെ.പി. നേതൃത്വം ഔദ്യോഗികമായി നടത്തുന്നത്.

രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ഹിന്ദു മുസ്‌ലിം ഐക്യത്തെ പ്രോത്സാഹിപ്പിച്ച് 2019ൽ പുറത്തു വന്ന സർഫ് എക്‌സലിന്റെ പരസ്യവും, 2020 ൽ പുറത്തിറങ്ങിയ ടാറ്റയുടെ ആഭരണ കമ്പനിയായ തനിഷ്‌കിന്റെ പരസ്യവും ഹിന്ദു മതമൗലികവാദികളുടെ ആക്രമണത്തിന് ഇതിന് മുമ്പ് ഇരയായിട്ടുണ്ട്.

Comments