ഇരിഞ്ഞാലക്കുടയിലെ പാർട്ടി ചിഹ്നങ്ങൾ

സഭയും മധ്യവർഗ വോട്ടുകളും ചാഞ്ചാട്ടം നടത്തുന്ന ഇരിങ്ങാലക്കുടയിൽ എൽ.ഡി.എഫിന് നേടാൻ കഴിഞ്ഞ ഒരു രാഷ്ട്രീയ വിജയം കൂടിയായിരുന്നു 2016ൽ കെ.യു. അരുണന്റേത്. എന്നാൽ, വിശദീകരിക്കാനാകാത്ത കാരണങ്ങളാൽ അദ്ദേഹത്തിന് രണ്ടാമൂഴം ലഭിച്ചില്ല.

Think

2001 മുതൽ തുടർച്ചയായി മൂന്നുവട്ടം ഇരിങ്ങാലക്കുടയിൽനിന്ന് വിജയിച്ച കേരള കോൺഗ്രസിലെ തോമസ് ഉണ്ണിയാടനെ സി.പി.എമ്മിലെ കെ.യു. അരുണൻ 2016ൽ 2361 വോട്ടിനാണ് അട്ടിമറിച്ചത്. എന്നാൽ, അരുണന് ഇത്തവണ സി.പി.എം ടിക്കറ്റ് നിരസിച്ചു, പകരം, ആർ. ബിന്ദുവിന് നൽകി.

സി.പി.എം ആക്റ്റിങ് സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യയായതുകൊണ്ടല്ല സ്ഥാനാർഥിയാക്കിയതെന്നും 30 വർഷമായി പൊതുരംഗത്തുണ്ടെന്നുമാണ് ബിന്ദു, തനിക്കെതിരായ ആക്ഷേപങ്ങളോട് പ്രതികരിക്കുന്നത്. തൃശൂർ കോർപറേഷൻ മേയറായിരുന്നു അവർ. എന്നാൽ, എന്തുകൊണ്ടാണ് അരുണന് ഒരുവട്ടം കൂടി നൽകാതിരുന്നത് എന്ന് പാർട്ടിക്ക് വിശദീകരിക്കാൻ കഴിയുന്നില്ല.

2011ൽ 12,404 വോട്ടിന്റെ ഭൂരിപക്ഷത്തിന് സി.പി.എമ്മിലെ കെ.ആർ. വിജയയെ തോൽപ്പിച്ച, 15 വർഷം തുടർച്ചയായി ജയിച്ചുവന്നിരുന്ന ഉണ്ണ്യാടനെയാണ്, നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും അരുണൻ അട്ടിമറിച്ചത്. സഭയും മധ്യവർഗ വോട്ടുകളും ചാഞ്ചാട്ടം നടത്തുന്ന ഇരിങ്ങാലക്കുടയിൽ എൽ.ഡി.എഫിന് നേടാൻ കഴിഞ്ഞ ഒരു രാഷ്ട്രീയ വിജയം കൂടിയായിരുന്നു അരുണന്റേത്. എന്നാൽ, വിശദീകരിക്കാനാകാത്ത കാരണങ്ങളാൽ അരുണന് രണ്ടാമൂഴം ലഭിച്ചില്ല.

ജോസഫ് ഗ്രൂപ്പിനോടൊപ്പമുള്ള ഉണ്ണിയാടൻ തന്നെയാണ് യു.ഡി.എഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് എൽ.ഡി.എഫിലേക്ക് പോയ സാഹചര്യത്തിൽ ഇരിങ്ങാലക്കുട ഏറ്റെടുക്കണമെന്ന് കോൺഗ്രസിൽ ആവശ്യമുയർന്നിരുന്നുവെങ്കിലും, മണ്ഡലം അവസാന നിമിഷം ഉണ്ണ്യാടന്റെ തലയിൽ പൊട്ടിവീഴുകയായിരുന്നു. എല്ലാ വിഭാഗങ്ങളുടെയും വോട്ട് സമാഹരിക്കാൻ അദ്ദേഹം സമർഥനാണെങ്കിലും മാണി ഗ്രൂപ്പ് ഇടതുപക്ഷത്തായത് തിരിച്ചടിയായേക്കും. യു.ഡി.എഫ് പ്രചാരണത്തിൽ ഒരു മെല്ലേപ്പോക്ക് അനുഭവപ്പെടുന്നുമുണ്ട്.

വ്യക്തിബന്ധം കൊണ്ടും പൊതുപ്രവർത്തനത്തിലൂടെയും ആർ. ബിന്ദുവിന് മണ്ഡലത്തിൽ പൊതുസ്വീകാര്യതയുണ്ട്. അതുകൊണ്ടുതന്നെ, നിലവിലെ സാഹചര്യത്തിൽ ബിന്ദുവിനാണ് വിജയസാധ്യത.

മുൻ ഡി.ജി.പി. ജേക്കബ് തോമസ് എൻ.ഡി.എക്കുവേണ്ടി ഇരിഞ്ഞാലക്കുടയിലുണ്ട്. മണ്ഡലത്തിന്റെ വികസന രൂപരേഖ തയാറാക്കിയും ആൻറി കറപ്​ഷൻ ഇൻഡെക്​സ്​ തയാറാക്കുമെന്ന്​ പ്രഖ്യാപിച്ചും മണ്ഡലത്തിലെ കാലാവസ്​ഥ വ്യതിയാന ഭീഷണി പഠിക്കാൻ കർമപദ്ധതി പ്രഖ്യാപിച്ചുമാണ്​ അദ്ദേഹം പ്രചാരണം നടത്തുന്നത്​. ആർ.എസ്​.എസാണ്​ ഇത്തരം ‘ബൗദ്ധിക’ വ്യായാമങ്ങൾക്ക്​ ചുക്കാൻ പിടിക്കുന്നത്​. മറുവശത്ത്​, സഭയുമായുള്ള പുത്തൻസഖ്യം ജേക്കബ് തോമസിലൂടെ മുതലാക്കാമെന്ന തന്ത്രം ബി.ജെ.പിയും പയറ്റുന്നു. എന്നിട്ടും അദ്ദേഹത്തിന് പ്രചാരണരംഗത്ത് ഒട്ടും മുന്നേറാനായിട്ടില്ല.

ഇ. ശ്രീധരന്റേതുപോലെ, തുടക്കത്തിലേ പാളിപ്പോയ ഒരു പ്രതിച്ഛായാ സ്ഥാനാർഥിയായി മാറിയിരിക്കുകയാണ് ജേക്കബ് തോമസ്.

മുൻമുഖ്യമന്ത്രി സി. അച്യുതമേനോനായിരുന്നു 1957ൽ ആദ്യമായി ഇരിങ്ങാലക്കുടയുടെ എം.എൽ.എയായത്. 1960ലും അദ്ദേഹം തന്നെ ജയിച്ചു. 1982 മുതൽ 1996 വരെ നാലുവട്ടം തുടർച്ചയായി ഇടതുപിന്തുണയോടെ ലോനപ്പൻ നമ്പാടൻ എം.എൽ.എയായി. 2001 മുതലായിരുന്നു തോമസ് ഉണ്ണ്യാടന്റെ ഊഴം.


Comments