ലിബറലുകള്‍ക്ക് ഇസ്​ലാമില്‍ ഒരു മുറി ഉണ്ടായിരുന്നു

ഇസ്​ലാമിന്റെ ഉദാര വ്യാഖ്യാന രീതിശാസ്ത്രം അടിസ്ഥാനമാക്കിത്തന്നെയാണ് ലിബറല്‍ ഇസ്ലാം പ്രവര്‍ത്തിക്കുന്നത്. അത് സാമ്പ്രദായിക ഇസ്​ലാമിക ചിന്താരീതിയില്‍ നിന്ന് വിഭിന്നമാണെങ്കിലും ഇസ്​ലാമിക ചിന്താപൈതൃകത്തിന്റെ ഭാഗം തന്നെയാണ്. ലിബറല്‍ മുസ്​ലിംകള്‍ക്കും ഈ സമൂഹത്തില്‍ ഒരു മുറിയുണ്ട്. അതില്ലെന്ന് പറയുന്നവര്‍ തങ്ങളുടെ ചരിത്രത്തിനും വര്‍ത്തമാനത്തിനും നേരെ കണ്ണടക്കുകയാണ്.

രാജ്യത്തെ മുസ്​ലിംകള്‍ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് 'ലിബറല്‍ മുസ്​ലിംകളില്‍' നിന്നാണെന്ന മുറവിളി അടുത്തിടെ ശക്തമാണ്. മുസ്​ലിം സംഘടനകള്‍ വിഭാഗീയതകള്‍ മറന്ന് ലിബറലുകള്‍ക്ക് എതിരെ സംയുക്ത പോരാട്ടം നടത്തുന്നതും നാം കാണുന്നു.

കേരളത്തിലെ പാരമ്പര്യവാദികളായ സുന്നികള്‍, ലിബറലിസത്തിനും മോഡേണിസത്തിനും എതിരെ നിലകൊള്ളുന്നത് മനസ്സിലാക്കാം. കാരണം യാഥാസ്ഥിതിക കാഴ്ചപ്പാടില്‍ ഊന്നി നിന്ന്, മത പരിഷ്‌കരണ ശ്രമങ്ങളെ ചെറുത്ത ചരിത്രമാണ് അവരുടേത്. 'പരിഷ്‌കരണ വാദികളായ' മുസ്​ലിം വിഭാഗങ്ങളെ നവീനവാദികള്‍ എന്നാണവര്‍ വിശേഷിപ്പിച്ചത്. ആ നിലപാടിന്റെ തുടര്‍ച്ചയായി ഇപ്പോഴത്തെ അവരുടെ ലിബറല്‍ വിമര്‍ശനങ്ങളെയും കാണാം.

Photo: flickr

എന്നാല്‍, പാരമ്പര്യവാദികളല്ലാത്ത കേരളത്തിലെ മുസ്​ലിംകളുടെ ചരിത്രം വ്യത്യസ്തമാണ്. പരിഷ്‌കരണ വാദികള്‍, പുരോഗമന ആശയക്കാര്‍, ഉല്‍പതിഷ്ണുകള്‍, മോഡേണിസ്റ്റുകള്‍ എന്നിങ്ങനെ പല വിശേഷണങ്ങളില്‍ അറിയപ്പെട്ട ഇതര മത, രാഷ്ട്രീയ സംഘടനകള്‍ മതത്തിന്റെ ഉദാരവാദത്തെ, ലിബറല്‍ വ്യാഖ്യാനങ്ങളെ പിന്‍പറ്റുകയും ഏറ്റുപിടിക്കുകയുമാണ് ചെയ്തിരുന്നത്. അതിന്റെ പേരില്‍ 'മത നിഷേധി', കാഫിര്‍, യുക്തിവാദി ചാപ്പകള്‍ നിര്‍ലോഭം അവര്‍ക്കെതിരെ പ്രയോഗിക്കപ്പെടുകയും ചെയ്യുകയുണ്ടായിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ലിബറല്‍ ഇസ്​ലാം ആശയങ്ങളെ ഏറ്റവുമധികം പ്രമോട്ട് ചെയ്തത് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ആയിരുന്നു. അദ്ദേഹത്തിനെതിരെ ഏറ്റവും ചുരുങ്ങിയത് 500 മത നിഷേധ ഫത്വകള്‍ ഇറങ്ങിയിട്ടുണ്ടെന്ന് ഓര്‍ക്കണം. പ്രശസ്ത ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് എഴുതിയ The dilemma of the Muslim liberal' എന്ന പ്രബന്ധത്തില്‍ സര്‍ സയ്യിദിനെ ആധുനിക ഇന്ത്യയിലെ ലിബറല്‍ ഇസ്​ലാമിന്റെ പ്രധാന വക്താവായി ചൂണ്ടി കാണിക്കുന്നുണ്ട്. സര്‍ സയ്യിദ് ചെയ്തത്, ഇസ്​ലാമിനെ കാലോചിതമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുക എന്നതായിരുന്നു. എന്നാല്‍ പാരമ്പര്യ വാദികള്‍ക്ക് മത പ്രമാണങ്ങളെ കാലോചിതമായി വ്യാഖ്യാനിക്കുന്നത് സ്വീകാര്യമായിരുന്നില്ല.

സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ | Photo : Wikipedia

ഇസ്​ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനിനെയും ഹദീസിനെയും ആധുനിക ശാസ്ത്രത്തിന്റെയും യുക്തിയുടെയും വെളിച്ചത്തില്‍ പുനര്‍വ്യാഖ്യാനിക്കുക എന്ന തത്വമാണ് ലോകത്ത് എവിടെയുമുള്ള മുസ്​ലിം പുരോഗമന വാദികള്‍ സാമാന്യമായി ചെയ്തത്. സര്‍ സയ്യിദും അതായിരുന്നു ചെയ്തത്. ആ രീതിശാസ്ത്രം തന്നെയാണ് കേരളത്തിലെ പരിഷ്‌കരണ പ്രസ്ഥാനങ്ങളും പിന്തുടര്‍ന്നത്.

കേരളത്തില്‍ മുസ്​ലിം പുരോഗമന പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ പ്രധാനമായ ഒരു പേര് വക്കം മൗലവിയുടേതാണ്. വക്കം മൗലവിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് സര്‍ സയ്യിദ് ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ ജീവ ചരിത്രങ്ങളില്‍ കാണാം. മുജാഹിദ് പ്രസ്ഥാനവും ജമാഅത്തെ ഇസ്​ലാമിയും മുസ്​ലിം ലീഗും ഇള്‍പ്പെടെയുള്ള സംഘടനകള്‍, സര്‍ സയ്യിദിനെ ഇന്ത്യയിലെ ഏറ്റവും വലിയ മുസ്​ലിം പരിഷ്‌കരണ ചിന്തകനായി രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, കേരളത്തില്‍ സ്കൂളുകളും കോളജുകളുമായി അനേകം സ്ഥാപനങ്ങള്‍ക്ക് സര്‍ സയ്യിദ് എന്ന് നാമകരണം ചെയ്തതിന്ന് പിന്നില്‍ അദ്ദേഹത്തിന്റെ ആശയപരമായ പ്രചോദനം ആണെന്ന് മനസ്സിലാക്കാം.

ഇസ്​ലാമിലെ ഉദാരവ്യാഖ്യാന ധാരയെയാണ് 'ലിബറല്‍ ഇസ്​ലാം' എന്ന് പൊതുവില്‍ വിവക്ഷിക്കുന്നത്. ഇതൊരു ചിന്താരീതിയാണ്. അല്ലാതെ വ്യവസ്ഥാപിത സംഘടനയല്ല. 'ലിബറല്‍ മുസ്​ലിംകള്‍' എന്ന് അറിയപ്പെടുന്ന ചിന്തകരില്‍ പോലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ആധുനിക ജീവിത മൂല്യങ്ങളുമായി ചേര്‍ന്ന് പോകുന്ന വിധം മതപ്രമാണങ്ങളെ വ്യാഖ്യാനിക്കുക എന്ന പൊതു നിലപാട് മാത്രമാണ് അവരെ യോജിപ്പിക്കുന്ന ഘടകം. വിശദാംശങ്ങളില്‍ അവയ്ക്കിടയില്‍ ഭിന്നതയൂണ്ടാകാം.

വക്കം മൗലവി

പ്രമാണങ്ങളെ അത് ആവിര്‍ഭവിച്ച സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്തി, അതിലടങ്ങിയ പൊതു മൂല്യങ്ങള്‍ വേര്‍തിരിച്ചെടുത്ത് ഇന്നത്തെ കാലത്തിന് യോജിക്കുന്ന വിധം വിശദീകരിക്കുന്ന പദ്ധതിയെ 'ഇജ്തിഹാദ്' എന്നാണ് പഴയ കാലത്ത് വ്യവഹരിച്ചത്. ആധുനിക ജീവിതത്തെ അഭിമുഖീകരിക്കാന്‍ മുസ്​ലിംകള്‍ക്ക് ആത്മവിശ്വാസം നല്‍കിയത് ലിബറല്‍ വ്യാഖ്യാനങ്ങള്‍ ആയിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമൊക്കെയുള്ള മുസ്​ലിം പരിഷ്‌കര്‍ത്താക്കള്‍, പാരമ്പര്യവാദികളുടെ ആക്ഷേപം കേള്‍ക്കാന്‍ കാരണമായ വിഷയങ്ങള്‍ കേട്ടാല്‍ ഇന്ന് നമുക്ക് അത്ഭുതം തോന്നും. ആധുനിക, സെക്യുലര്‍ വിദ്യാഭ്യാസം സ്വീകരിക്കുവാന്‍ ആഹ്വാനം ചെയ്തതും ഇംഗ്ലീഷ് വിദ്യാഭ്യാസം അനുവദിച്ചതും സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹി പ്പിച്ചതുമൊക്കെയാണ് അന്നത്തെ 'വിപ്ലവകരമായ' ആശയങ്ങള്‍. അത്തരം പരിഷ്‌കരണ വാദങ്ങളെ എതിര്‍ത്ത പൗരോഹിത്യത്തെ മത പ്രമാണങ്ങളെ തന്നെ വ്യാഖ്യാനിച്ച് കൊണ്ടാണ് അവര്‍ നേരിട്ടത്. സര്‍സയ്യിദിന്റെയും വക്കം മൗലവിയുടെയുമൊക്കെ രചനകളില്‍ ആ സംവാദങ്ങള്‍ കാണാം.

Photo: flickr

ആധുനിക വിദ്യാഭ്യാസത്തെയും സ്ത്രീ വിദ്യാഭ്യാസത്തെയും എതിര്‍ത്തവരും സര്‍ സയ്യിദിനെ ആക്ഷേപിച്ചവരും ഇന്ന് അതൊന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ധാരാളം നടത്തുന്നുമുണ്ട്. പഴയ ഫത്വകള്‍ ഏതോ ലൈബ്രറികളില്‍ പൊടി പിടിച്ച് കിടക്കുന്നുണ്ടാകും. കാലം മുന്നോട്ട് തന്നെ പോകുന്നു.

വിദ്യാഭ്യാസ രംഗത്ത് പരിമിതമല്ല ഉദാരവ്യാഖ്യാനങ്ങള്‍. അത് രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ എല്ലാ മേഖലകളിലും ഉണ്ടായിട്ടുണ്ട്. മത പ്രമാണങ്ങളില്‍ നിഷിദ്ധമെന്ന് വിധിച്ചിട്ടുള്ള കാര്യങ്ങള്‍ പോലും, അതിലടങ്ങിയ യുക്തി കൂടി പരിഗണിച്ച് പുനര്‍വായിക്കുന്ന രീതി പുതിയതല്ല. ഉദാഹരണത്തിന്ന് പലിശ ഹറാം ആണെന്ന് പ്രമാണങ്ങളില്‍ അസന്നിഗ്ധമായി പറയുന്നുണ്ട്. എന്നാല്‍ പ്രവാചകന്റെ കാലത്ത് പലിശ കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന ഒന്നല്ല ഇന്നത്തെ ധനകാര്യ ഇടപാടുകളിലെ പലിശ എന്ന് വ്യാഖ്യാനിക്കുന്ന ഒട്ടേറെ പണ്ഡിതന്മാരുണ്ട്. സര്‍ സയ്യിദിന്ന് ആ നിലപാട് ആയിരുന്നു. മുജാഹിദ് സംഘടനകള്‍ അവയുടെ മാതൃപ്രസ്ഥാനമായി കരുതുന്ന കേരള മുസ്ലിം ഐക്യ സംഘം പലിശയോട് ഉദാരമായ ആ സമീപനമാണ് പുലര്‍ത്തിയിരുന്നത്. എന്ന് മാത്രമല്ല, കൊച്ചിയില്‍ ഐക്യസംഘം ഒരു ബാങ്ക് സ്ഥാപിക്കുക കൂടി ചെയ്തിരുന്നു. വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത്. പലിശ ഉള്‍ക്കൊള്ളുന്ന എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളും തെറ്റാണെന്ന് താത്വികമായി വിശ്വസിക്കുന്നവര്‍ പോലും പ്രായോഗികമായി ബാങ്ക് ഇടപാടുകള്‍ നടത്തുന്നുണ്ട് എന്നതാണ് വാസ്തവം.

ഇസ്​ലാമിക പ്രമാണങ്ങള്‍ പ്രകാരം നിയമ ദാതാവ് അല്ലാഹുവാണ്. അല്ലാഹുവിന്റെ നിയമങ്ങള്‍ മാത്രമേ മുസ്ലിംകള്‍ അംഗീകരിക്കേണ്ടതുള്ളൂ. അത് സര്‍വകാല പ്രസക്തവും മാറ്റങ്ങള്‍ക്ക് അതീതവുമാണ്. ഖിലാഫത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ സംവിധാനമാണ് ആദ്യകാല ഇസ്ലാമിക ചരിത്രത്തില്‍ കാണാന്‍ കഴിയുക. എന്നാല്‍ ഇന്ന് ലോക മുസ്ലിംകളില്‍ ഏറ്റവും കൂടുതല്‍ ജനാധിപത്യ രാജ്യങ്ങളിലാണ് ജീവിക്കുന്നത്. കോടിക്കണക്കിന് ആളുകള്‍ സെക്യുലര്‍ ഭരണഘടന അംഗീകരിച്ചാണ് ജീവിക്കുന്നത്. ഇതെങ്ങനെയാണ് സാധ്യമായത്?

Photo: flickr

മതം അടിസ്ഥാനപരമായി വ്യക്തിപരമാണ്. രാഷ്ട്ര വ്യവസ്ഥിതി എന്തായാലും വ്യക്തികളുടെ നൈതികവും ധാര്‍മികവുമായ മൂല്യങ്ങളാണ് പ്രധാനം എന്ന നിലപാടിലേക്ക് മാറിയതുകൊണ്ടാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ മുസ്​ലിംകള്‍ക്ക് ജീവിക്കാന്‍ കഴിയുന്നത്.

അല്ലാതെ ജനാധിപത്യത്തില്‍ ജനഹിതമാണ്, ദൈവഹിതമല്ല പ്രസക്തം എന്ന് അറിയാത്തത് കൊണ്ടല്ല. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കേണ്ടത് മുസ്​ലിംകളുടെ ബാധ്യതയായി കരുതുന്ന ഇസ്ലാമിസ്റ്റുകള്‍ പോലും പ്രായോഗിക തലത്തില്‍ രാഷ്ട്രീയമായി ഉദാര നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. അല്ലാതെ ആധുനിക ലോകത്ത് മുസ്​ലിംകള്‍ക്ക് അതിജീവനം സാധ്യമല്ല എന്ന് അവര്‍ക്കും അറിയാം. എന്നാല്‍ അര നൂറ്റാണ്ട് മുമ്പ് ജമാഅത്തെ ഇസ്​ലാമി മറ്റ് മുസ്​ലിംകള്‍ക്ക് എതിരെ ഉന്നയിച്ച ആരോപണം, അവര്‍ നിയമ ദാതാവ് എന്ന നിലയിലുള്ള ദൈവത്തിന്റെ ആധിപത്യം (ഹാകിമിയ്യത്ത്) അംഗീകരിക്കുന്നില്ല എന്നായിരുന്നു.

മനുഷ്യാരംഭത്തെ കുറിച്ച്​ ഖുര്‍ആന്‍ പരാമര്‍ശിച്ച ആഖ്യാനങ്ങളെ പുനര്‍വ്യാഖ്യാനിച്ച് കൊണ്ട് ഡാര്‍വിനിസത്തെ ന്യായീകരിച്ച പ്രമുഖ പണ്ഡിതന്മാര്‍ കേരളത്തിലെ പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ ഉണ്ട്. അതൊന്നും രഹസ്യവുമായിരുന്നില്ല. പരസ്യമായി എഴുതിയ രേഖകള്‍ തന്നെയുണ്ട്. അതിലപ്പുറം 'ലിബറല്‍ ചിന്ത' വേറെ എന്താണ്?.

ഇന്നത്തെ ലിബറലുകള്‍ക്ക് അഥവാ പരിഷ്‌കരണവാദികള്‍ക്ക് കുറേക്കൂടി പുതിയ പ്രശ്‌നങ്ങളെയാണ് നേരിടാനുള്ളത്. സ്ത്രീ വിദ്യാഭ്യാസത്തില്‍ നിന്ന് ഏറെ മുന്നോട്ടുപോയി ലിംഗ സമത്വത്തെക്കുറിച്ചാണവര്‍ ചിന്തിക്കുന്നത്. എല്‍ ജി ബി ടി സമൂഹങ്ങളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും മുസ്​ലിം രാജ്യങ്ങളിലെ ജനാധിപത്യ രാഹിത്യത്തെക്കുറിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചുമാണ് പുതിയ കാലത്തെ ലിബറലുകള്‍ സംസാരിക്കുന്നത്. കാലവും മനുഷ്യ ജീവിതവും മാറുമ്പോള്‍ പുതിയ ചോദ്യങ്ങള്‍ ഉയരും. യുക്തിപരവും വിമര്‍ശനാത്മകവുമായ ചിന്തയിലൂടെ മാത്രമേ അത്തരം ചോദ്യങ്ങളെ നേരിടാന്‍ കഴിയൂ.

Photo: Pexels

ഇസ്​ലാമിന്റെ ഉദാര വ്യാഖ്യാന രീതിശാസ്ത്രം അടിസ്ഥാനമാക്കിത്തന്നെയാണ് ലിബറല്‍ ഇസ്​ലാം പ്രവര്‍ത്തിക്കുന്നത്. അത് സാമ്പ്രദായിക ഇസ്​ലാമിക ചിന്താരീതിയില്‍ നിന്ന് വിഭിന്നമാണെങ്കിലും ഇസ്​ലാമിക ചിന്താപൈതൃകത്തിന്റെ ഭാഗം തന്നെയാണ്. ലിബറല്‍ മുസ്​ലിംകള്‍ക്കും ഈ സമൂഹത്തില്‍ ഒരു മുറിയുണ്ട്. അതില്ലെന്ന് പറയുന്നവര്‍ തങ്ങളുടെ ചരിത്രത്തിനും വര്‍ത്തമാനത്തിനും നേരെ കണ്ണടക്കുകയാണ്.

പറഞ്ഞ് വരുന്നത് ഇത്രയേയുള്ളൂ; പരിഷ്‌കര്‍ത്താക്കള്‍ ഇന്നലെകളില്‍ തെറി വിളി കേള്‍ക്കാന്‍ കാരണമായ 'വിപ്ലവകരമായ' ആശയങ്ങള്‍ ഇന്ന് വളരെ നോര്‍മല്‍ ആയി മാറി കഴിഞ്ഞിരിക്കുന്നു. ഇന്ന് ലിബറലുകളെ ഭ്രഷ്ട് കല്‍പ്പിക്കാന്‍ കാരണമാകുന്ന ഉദാരവ്യാഖ്യാനങ്ങളും സമീപനങ്ങളും ഒരു പത്ത് കൊല്ലം കഴിഞ്ഞാല്‍ കാലം തന്നെ നോര്‍മലൈസ് ചെയ്യും. കാലത്തിന്ന് മുന്നോട്ട് പോകാനല്ലേ പറ്റൂ, പുറകോട്ട് സഞ്ചരിക്കാനാകില്ലല്ലോ.

Comments