കേരളത്തിൽ ഇസ്‌ലാം മതത്തോടുള്ള ഭീതി, മുസ്‌ലിം വിശ്വാസികളോടുള്ള വിരോധം, ഇവ വളരുന്നു എന്നു പറയുന്നതിനെ അപായസൂചനയായി കണക്കാക്കാതെ മുസ്‌ലിം "തീവ്രവാദ'ത്തിനു നൽകുന്ന ആനുകൂല്യമായി ചിത്രീകരിക്കുന്ന രീതി ഇവിടെ വേരോടിയിട്ട് അനേകം വർഷമായിക്കഴിഞ്ഞിരിക്കുന്നു. ഏതൊരു തർക്കത്തെയും യുക്തിയുടെ മാനദണ്ഡങ്ങളുപയോഗിച്ച് പരിശോധിച്ചു തീർപ്പുകൽപിക്കണമെന്ന് ഉപദേശിക്കുന്ന മലയാളി ഇടതുപക്ഷ സാംസ്‌കാരിക ലോകവും ഈ പ്രവണതയിലേയ്ക്ക് ഉത്സാഹത്തോടെ ചാടിവീണിട്ടുണ്ട്. ഹാദിയാക്കേസിനു ചുറ്റും നടന്ന ദീർഘവും അത്യന്തം വേദനാജനകവുമായ ചർച്ചയിൽ ഇതു സുവ്യക്തമായിരുന്നു. മുഖ്യമന്ത്രി സമീപകാലത്തു നടത്തിയ പ്രസ്താവന മുസ്‌ലിം ഭീതിയും വിരോധവും അന്നത്തെക്കാളും എത്രയോ അ ധികം സാധാരണവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിനു തെളിവാണ്.
മുഖ്യമന്ത്രിയുടെ പ്രസ്താവത്തെ അദ്ദേഹവും അദ്ദേഹത്തിന്റെ ശ്രോതാക്കളും ജീവിക്കുന്ന സമൂർത്തമായ സാമൂഹ്യ- രാഷ്ട്രീയ- ചരിത്ര സാഹചര്യങ്ങളിൽ നിന്ന് അടർത്തിമാറ്റിയാൽ മാത്രമേ ആരാധകരുടെ വ്യാഖ്യാനം സാധുവാകൂ എന്നാണ് എനിക്കു തോന്നുന്നത്
എന്നാൽ അതിൽ യാതൊരു പ്രശ്‌നവും ഇല്ലെന്നും കോൺഗ്രസിനെ നയിക്കുന്നത് കേരളാ കോൺഗ്രസ് ആണെന്നു പറയുന്നതുപോലെ മാത്രമേ ഉള്ളൂ എന്നും മറ്റുമാണ് ആരാധകരുടെ പക്ഷം. മുഖ്യമന്ത്രിയുടെ പ്രസ്താവത്തെ അദ്ദേഹവും അദ്ദേഹത്തിന്റെ ശ്രോതാക്കളും ജീവിക്കുന്ന സമൂർത്തമായ സാമൂഹ്യ- രാഷ്ട്രീയ-ചരിത്ര സാഹചര്യങ്ങളിൽ നിന്ന് അടർത്തിമാറ്റിയാൽ മാത്രമേ ആരാധകരുടെ വ്യാഖ്യാനം സാധുവാകൂ എന്നാണ് എനിക്കു തോന്നുന്നത്. കേരളത്തിൽ ക്രിസ്ത്യാനിഭീതി അങ്ങിങ്ങ് കണ്ടുതുടങ്ങിക്കഴിഞ്ഞിട്ടുണ്ടെങ്കിലും ഇവിടുത്തെ മുസ്‌ലിം ഭീതിയുടെയത്ര തീവ്രത അതിന് പൊതുവ്യവഹാരങ്ങളിൽ ഉണ്ടായിട്ടില്ല (സ്വകാര്യവ്യവഹാരങ്ങളിൽ ക്രിസ്ത്യാനിഭീതി അതിതീവ്രമാണെന്ന് ഗവേഷണാർത്ഥമുള്ള ഫീൽഡ് പഠനങ്ങളിൽ എനിക്കു ബോദ്ധ്യമായിട്ടുണ്ടെങ്കിലും). അതുകൊണ്ട് കെ. ടി. ജലീലിനെപ്പോലുള്ളവർ ഉന്നയിക്കുന്ന താരതമ്യം അസാധുവാണ്. ലീഗ് സാമൂഹ്യമേലങ്കി കളഞ്ഞ് രാഷ്ട്രീയ കുപ്പായം ധരിക്കണമെന്നും മറ്റുമുള്ള ജലീലിന്റെ പറച്ചിൽ വെറും വാചാടോപമാണ്. രാഷ്ട്രീയവും സാമൂഹ്യവും തമ്മിൽ കൃത്യമായി വേർതിരിക്കാനാവുമെന്നും അങ്ങനെയൊരു കാലം പണ്ടെങ്ങാണ്ടുണ്ടായിരുന്നെന്നും മറ്റുമുള്ള അടിസ്ഥാനരഹിതമായ അവകാശവാദങ്ങളിൻമേലാണ് അതു കെട്ടിപ്പടുത്തിരിക്കുന്നത്. കേരളത്തിലെ സാമൂഹ്യാസമത്വഘടനകളെ രാഷ്ട്രീയവത്ക്കരിക്കാൻ എളുപ്പമാണെന്ന അബദ്ധ ധാരണയും അതിൽ സൂചിതമാണ്, ദളിതരെ കർഷകത്തൊഴിലാളികൾ എന്നു വിളിച്ചാൽ സാമൂഹ്യപ്രശ്‌നം രാഷ്ട്രീയവത്ക്കരിക്കപ്പെട്ടു എന്നു ധരിച്ചുവശാവുന്നതുപോലെ.
കേരളത്തിലെ ഇന്നത്തെ മുസ്‌ലിം ഭീതി വെറും കെട്ടുകഥയോ തീവ്രവാദികളോടുള്ള എതിർപ്പ് തെറ്റിദ്ധരിക്കപ്പെട്ടതോ അല്ല. കേരള ചരിത്രത്തിന്റെ ചില സവിശേഷതകൾ കൊണ്ട് വടക്കേയിന്ത്യയിലും ഹിന്ദുത്വവാദികൾ പൊതുസ്ഥാപനങ്ങളും വ്യവഹാരങ്ങളും പിടിച്ചടക്കിയ സ്ഥലങ്ങളിലും കാണുന്നതുപോലെയല്ല ഇവിടെ അതിന്റെ രൂപം ഇന്നും, ഒരുപക്ഷേ. കൊളോണിയൽ-പൂർവ മലയാളദേശങ്ങളിൽ ബ്രാഹ്‌മണമതക്കാരും നസ്രാണികളും മുസ്ലിംകളും ഇടയ്ക്ക് ജൂതമതക്കാരും തമ്മിലുള്ള അലിഖിതമായ സാമൂഹ്യാധികാര ഉടമ്പടിയാണ് നിലനിന്നിരുന്നത്. ഇവയെല്ലാം ഇവിടുത്തെ പ്രബല സമുദായങ്ങളായിരുന്നു. അതായത് ഈ നാട്ടിലേക്കു വന്നെത്തിയതിനെപ്പറ്റിയും ഇവിടുത്തെ വിഭവങ്ങൾ കൈപ്പറ്റിയതിനെക്കുറിച്ചും ഉത്പത്തിക്കഥകൾ സൃഷ്ടിച്ച വിഭാഗങ്ങളാണിവ. ബ്രാഹ്‌മണ മതക്കാരുടെ പരശുരാമകഥ ഈ ഭൂമിയുടെ ഉടമസ്ഥതയെ മാത്രമല്ല, സൃഷ്ടിയെത്തന്നെ സ്ഥാപിക്കുന്ന കഥയാണ്. നസ്രാണികൾക്ക് തോമാശ്‌ളീഹായുടെയും ക്‌നായിത്തൊമ്മന്റെയും കഥകളുണ്ട്. മുസ്‌ലിം സമുദായത്തിന് മാലിക് ദിനാറിന്റെ കഥയുണ്ട്. ഇവയിലോരോന്നിലും ഈ നാട്ടിലെത്തുകയോ സൃഷ്ടിക്കുകയോ ചെയ്തവരും അവർ സമുദായത്തിനായി നേടിയെടുത്ത അവകാശങ്ങളും പരാമർശിക്കപ്പെടുന്നു അതായത്, ആ സമുദായം അനുഭവിക്കുന്ന സവിശേഷാധികാരങ്ങൾ ആ കഥകളിലൂടെ ന്യായീകരിക്കപ്പെടുന്നുണ്ട്. മറിച്ച് മലയാളദേശങ്ങളിലെ ദളിത് ജനങ്ങളുടെ ഉത്പത്തിക്കഥകളിൽ പലതും വന്നുകയറിയവരുടെ വഞ്ചനയുടെയും, ഇവിടുത്തുകാർ അനുഭവിച്ച അധികാര- വിഭവ നഷ്ടത്തിന്റെയും കഥകളാണ്.
ഈ ചട്ടക്കൂടിൽ മുസ്‌ലിം സമുദായം അന്യമായല്ല നിലനിൽക്കുന്നത്. ബ്രാഹ്‌മണ മതക്കാരുടെ കുത്തകയായിരുന്നു രാഷ്ട്രീയാധികാരം, അധികപക്ഷവും ചില ചെറിയ അപവാദങ്ങളൊഴിച്ചാൽ. ഈ മേൽക്കോയ്മ ചോദ്യം ചെയ്യാൻ മറ്റു പ്രബല വിഭാഗങ്ങൾ ശ്രമിച്ചിരുന്നില്ലെന്നു മാത്രമല്ല, ബ്രാഹ്‌മണമതത്തിന്റെ ജന്മഭേദ വ്യവസ്ഥയ്ക്കുള്ളിൽ അവ അധികവും സ്ഥാനപ്പെടുകയും ചെയ്തു. സജാതീയ വിവാഹത്തിലൂടെയും ജാതിധർമ പാലനത്തിലൂടെയുമാണ് ഈ വ്യവസ്ഥ പുലർന്നത്. നസ്രാണികളും മുസ്ലിംകളും രാഷ്ട്രീയാധികാരത്തിനു പുറത്ത് വൈശ്യധർമം പാലിച്ചവരായിരുന്നു.
അധിനിവേശം ഇതിൽ പല മാറ്റങ്ങളും വരുത്തി. അടിച്ചമർത്തപ്പെട്ടിരുന്ന അവർണ വിഭാഗങ്ങൾക്ക് വളരാൻ പലവിധത്തിലുള്ള സാഹചര്യങ്ങൾ ഇക്കാലത്തു കണ്ടുതുടങ്ങി, മതംമാറ്റവും സമുദ്രസഞ്ചാരസാദ്ധ്യതയുമടക്കം. ബ്രിട്ടിഷ് അധിനിവേശം ഈ പ്രക്രിയകളെ മാറ്റുകയും ത്വരിതപ്പെടുത്തുകയും ചെയ്തു. പ്രൊട്ടസ്റ്റന്റ് മിഷണറിമാരുടെ വരവും ലോകവിപണിയുമായി ഉണ്ടായ പുതുബന്ധങ്ങളും മറ്റും മുൻപു സൂചിപ്പിച്ച അധിനിവേശപൂർവ സാമൂഹ്യാധികാര ഉടമ്പടിയിൽ വിള്ളലുകൾ വരുത്തിത്തുടങ്ങി.
1940കളിൽ പോലും തിരുവിതാംകൂറിലെ സുറിയാനികൾക്കിടയിൽ ബാലവിവാഹം ഉണ്ടായിരുന്നു. തിരുവിതാംകൂറിൽ നടന്ന ബാലവിവാഹങ്ങളിൽ വലിയൊരു ശതമാനം അവർക്കിടയിലായിരുന്നു. എങ്കിലും ക്രിസ്തുമതമോ സമുദായമോ ഒരിക്കലും കേരള വ്യവഹാരത്തിനുള്ളിൽ പിന്തിരിപ്പനായി ചിത്രീകരിക്കപ്പെട്ടില്ല
ഈ പ്രക്രിയകളിൽ ഒരുപക്ഷേ ഏറെ നഷ്ടം അനുഭവിച്ചത് മുസ്‌ലിം സമുദായമാണ്. കാരണം അധിനിവേശത്തെ ഏറ്റവും ശക്തമായി ചെറുത്തത് അവരാണ്. കൊളോണിയൽ - പൗരസ്ത്യവാദ വാർപ്പുമാതൃകകളിലൂടെ ക്രൂരന്മാരും ആക്രമണകാരികളുമായി അവർ ചിത്രീകരിക്കപ്പെട്ടുവെന്നു മാത്രമല്ല, മലബാറിൽ കൊളോണിയൽ ഭൂനികുതിയുടെയും മറ്റു സാമ്പത്തികമാറ്റങ്ങളുടെയും ഇരകൾ പലപ്പോഴും അവരായിരുന്നു. ക്രമേണ മലയാളിസമുദായത്തിലെ ആധുനിക വിദ്യാഭ്യാസം നേടിയ നവവരേണ്യസമുദായങ്ങളിൽ (ശൂദ്രരും ഈഴവരും ക്രിസ്ത്യാനികളും പരിഷ്‌കൃത മലയാള ബ്രാഹ്‌മണരും മറ്റും) മുഹമ്മദീയരെപ്പറ്റിയുള്ള പുതിയ അധിനിവേശ വാർപ്പുമാതൃകകൾ വേരോടിത്തുടങ്ങി. മാപ്പിള ലഹള പോലുള്ള ചരിത്രസംഭവങ്ങൾ ആ തോന്നലുകളുടെ തീവ്രത കൂട്ടുകയും ചെയ്തു. എങ്കിലും ആ കാലത്തെ കേരള ചരിത്രരചനയിൽ മലബാറിലെ മാപ്പിള മേധാവികൾ അധിനിവേശത്തെ ചെറുത്തതും അവർ ഇവിടുത്തെ രാഷ്ട്രീയാധികാരം കാംക്ഷിക്കാതിരുന്നതും പരാമർശിക്കപ്പെട്ടു. ഇത് ആധുനിക കേരളത്തിൽ അവരെ ഉൾപ്പെടുത്താനുള്ള ഉപാധി തന്നെയായിത്തീരുകയും ചെയ്തു. മാത്രമല്ല, ഒരു സമുദായമെന്ന നിലയ്ക്ക് കേരളീയ സ്വഭാവമുള്ളതും വർണപ്പൊലിമയുള്ളതുമായ സംസ്‌കാരത്തിന്റെ ഉടമകളായി വാഴ്ത്തപ്പെട്ടപ്പോൾ തന്നെ ഇസ്‌ലാം എന്ന മതം, അതിലുള്ള ഉറച്ചവിശ്വാസം, ഇവ പൂർണമായും പിന്തിരിപ്പനാണെന്ന ധാരണയും വ്യവഹാരങ്ങളിൽ, പ്രത്യേകിച്ച് നവ സവർണ സമുദായങ്ങൾക്കുള്ളിലെ സ്വകാര്യവ്യവഹാരങ്ങളിൽ, സജീവമായി. ഇതിലാണ് ക്രിസ്തീയ സമുദായം കേരള വ്യവഹാരങ്ങളിൽ ഉൾച്ചേർക്കപ്പെട്ടതിലെ വ്യത്യാസം വെളിവാകുന്നത്. 1940 കളിൽ പോലും തിരുവിതാംകൂറിലെ സുറിയാനികൾക്കിടയിൽ ബാലവിവാഹം ഉണ്ടായിരുന്നു. തിരുവിതാംകൂറിൽ നടന്ന ബാലവിവാഹങ്ങളിൽ വലിയൊരു ശതമാനം അവർക്കിടയിലായിരുന്നു. എങ്കിലും ക്രിസ്തുമതമോ സമുദായമോ ഒരിക്കലും കേരള വ്യവഹാരത്തിനുള്ളിൽ പിന്തിരിപ്പനായി ചിത്രീകരിക്കപ്പെട്ടില്ല. സമുദായത്തിനുള്ളിലെ സാമ്പത്തിക പ്രക്രിയകൾ ശക്തിപ്രാപിച്ചതോടെ ബാലവിവാഹങ്ങൾ ക്രമേണ ഇല്ലാതാവുകയും ചെയ്തു.
ചുരുക്കിപ്പറഞ്ഞാൽ, ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇവിടുത്തെ മുസ്‌ലിം സമുദായം ആധുനിക മലയാളി സമൂഹത്തിന്റെ പാർശ്വങ്ങളിലായിരുന്നില്ലെങ്കിലും കേരളത്തെപ്പറ്റിയുള്ള വ്യവഹാരങ്ങളിൽ പാർശ്വവത്ക്കരിക്കപ്പെട്ടു തുടങ്ങിയിരുന്നു. 1960കളിൽ പുരോഗമനപരമായി കണക്കാക്കപ്പെട്ടിരുന്ന കുടുംബാസൂത്രണം പോലുള്ള ഭരണകൂട പദ്ധതികളുടെ വഴിയിലെ തടസമായി അവർ കണക്കാക്കപ്പെട്ടു. ആധുനികവത്ക്കരണ- വികസനപദ്ധതികളോടു സഹകരിക്കുമെന്ന ഉപാധിയോടുകൂടിയാണ് അവർക്ക് അതിനുള്ളിൽ അല്പമെങ്കിലും ഇടം ലഭിച്ചത്. കൊളോണിയൽ ഭരണം മൂലം, പ്രത്യേകിച്ചു മലബാറിൽ, കാര്യമായ സാമ്പത്തികനഷ്ടം അനുഭവിച്ചതു കൊണ്ടാണ് മുസ്‌ലിം സമുദായത്തിന് താരതമ്യേന കൂടുതൽ വികസനവെല്ലുവിളികളെ നേരിടേണ്ടിവന്നത്. അതാണ് പലപ്പോഴും "മതഭ്രാന്താ'യി ചിത്രീകരിക്കപ്പെട്ടത്.
മുസ്‌ലിം സമുദായത്തിലെ സാമ്പത്തികവും സാംസ്‌കാരികവുമായ ചലനങ്ങൾ കേരളത്തിന്റെ ഏറ്റവും പുരോഗമനപരമെന്നു അവകാശപ്പെട്ട ഇടങ്ങളിൽപ്പോലും അന്തർലീനമായ നവ സവർണ മേധാവിത്വത്തെ അലോസരപ്പെടുത്തുകതന്നെ ചെയ്തു
എന്നാൽ 1970നുശേഷം തീവ്രമായ ഗൾഫ് കുടിയേറ്റം കേരളത്തിലെ മുസ്‌ലിം സമുദായത്തെ കാര്യമായി മാറ്റിമറിച്ചു. ഉപഭോഗത്തിൽ മാത്രമല്ല, ഉന്നതവിദ്യാഭ്യാസരംഗത്തും മറ്റും കാര്യമായ ഉയർച്ച ഈ സമുദായത്തിലുണ്ടായി. മാത്രമല്ല, 1990 കളോടെ ആഗോളീകരണത്തിലൂടെ ശക്തിപ്രാപിച്ച ട്രാൻസ്- ദേശീയ ഇസ്ലാമിക വ്യവഹാരങ്ങളും മതാചാരശീലങ്ങളും ഇന്ത്യയിൽത്തന്നെ രൂപമെടുത്ത പുതിയ തന്മാബോധങ്ങളും മറ്റും ഇവിടെയും പ്രകടമായി. എന്നാൽ ഈ മാറ്റത്തിന്റെ ഏകകാരണം വിദേശവാസമോ സ്വാധീനമോ അല്ലായിരുന്നു. 1990 കളിൽ ലഭ്യമായ ഒ.ബി.സി സംവരണം മുസ്‌ലിം യുവജനങ്ങളുടെ വിദ്യാഭ്യാസപരമായ കുതിച്ചുചാട്ടത്തിന്റെ മുഖ്യകാരണങ്ങളിലൊന്നാണ്. കേരളമെന്ന വ്യവഹാരത്തിലേക്കു തങ്ങളെ ചേർത്തതിന്റെ വ്യവസ്ഥകളെ ഈ തലമുറ ചോദ്യം ചെയ്യാൻ മുതിരുകയും ചെയ്തു. മുസ്‌ലിം സമുദായത്തിലെ സാമ്പത്തികവും സാംസ്‌കാരികവുമായ ഈ ചലനങ്ങൾ കേരളത്തിന്റെ ഏറ്റവും പുരോഗമനപരമെന്നു അവകാശപ്പെട്ട ഇടങ്ങളിൽപ്പോലും അന്തർലീനമായ നവ സവർണ മേധാവിത്വത്തെ അലോസരപ്പെടുത്തുകതന്നെ ചെയ്തു. അത് ഇസ്‌ലാം വിരോധവും ഭീതിയുമായി പ്രകടിപ്പിക്കപ്പെടുകയും ചെയ്തു. സാമ്പത്തികവും സാംസ്‌കാരികവുമായ മാറ്റങ്ങൾ സമുദായത്തിന്റെ മുഖച്ഛായ മാറ്റിത്തുടങ്ങി. ഉദാഹരണത്തിന്, കുടുംബങ്ങളുടെ വലുപ്പം കുറഞ്ഞുതുടങ്ങി. എങ്കിലും ഇത്തരം മാറ്റങ്ങളെക്കാളധികം ഇന്നും ശ്രദ്ധിക്കപ്പെടുന്നത് കൗമാരകാല വിവാഹവും മറ്റുമാണ്. ഏതൊരുതരം സാമൂഹ്യസാഹചര്യങ്ങളാണ് അവയ്ക്ക് ഇടവരുത്തുന്നതെന്ന് നിരീക്ഷിക്കുന്നതിനു പകരം പിൻതിരിപ്പൻ മതവിശ്വാസമാണ് അതിന്റെയൊക്കെ പിന്നിൽ എന്ന് വളരെ എളുപ്പം പ്രഖ്യാപിക്കാൻ നമുക്കിന്ന് കഴിയുന്നു. എന്തിന്, വന്നുവന്ന് ഇന്നത്തെ മലയാളി മുസ്‌ലിംകൾ ചെയ്യുന്ന കാര്യങ്ങളിൽ നവ സവർണർക്ക് ഇഷ്ടപ്പെടാത്ത എന്തും അവരുടെ തീവ്രമായ മതവിശ്വാസം മൂലമാണെന്നു സ്ഥാപിക്കാൻ സാംസ്‌കാരിക മുഖ്യധാര നിരന്തരം ശ്രമിക്കുന്നു.
കേരളീയ സമൂഹത്തിന്റെ സമുദായ കേന്ദ്രിത സ്വഭാവത്തിന്റെ ആണിക്കല്ലായ സജാതീയ വിവാഹത്തിന് ഭീഷണികൾ ഉയരുന്നുവെന്ന തോന്നൽ ഇസ്‌ലാം ഭീതിയ്ക്ക് ഇടവരുത്തുന്നത് ഹാദിയ എന്ന യുവതിയുടെ വിശ്വാസവും വിവാഹവും സംബന്ധിച്ച അവകാശങ്ങളെച്ചൊല്ലി നടന്ന കോലാഹലത്തിൽ എത്രയും വ്യക്തമായി
ഇതേ കാലത്തിൽ ഹിന്ദുത്വശക്തികൾ വളർന്നുമുറ്റി എന്നുതന്നെയുമല്ല, ആഗോളതലത്തിൽ മുസ്‌ലിംഭീതി അതിശക്തമായി എന്നു മാത്രമല്ല, ഇവിടുത്തെ പ്രബല നവ- സവർണ സമുദായങ്ങൾ - ശൂദ്രർ, സുറിയാനി ക്രിസ്ത്യാനികൾ, ഈഴവവരേണ്യർ - തദ്ദേശഭരണകൂടത്തിൽ നിന്നു ലഭിക്കാവുന്നത് ഇനി പരിമിതമാണെന്ന് കാണുകയും, ദേശീയതലത്തിൽ ഉയർന്നു വരുന്ന പുതിയ അധികാരസ്രോതസ്സായ ഹിന്ദുത്വകുടുംബത്തിൽ തങ്ങൾക്ക് ഇടം ലഭിക്കുമോ എന്ന് (പലവിധത്തിൽ, പല അളവുകളിൽ) അന്വേഷിച്ചു തുടങ്ങുകയും ചെയ്തു. ഇത് കേരളത്തിലെ മുസ്‌ലിം ജനങ്ങളെ അന്യരായി ചിത്രീകരിക്കാനുള്ള വാസനയെ വളരെയധികം വളർത്തിയിട്ടുമുണ്ട്. ഇതേ കാലയളവിൽ ആഗോളവ്യവഹാരങ്ങൾക്കും പുതിയ വിവരസാങ്കേതികവിദ്യയ്ക്കും ഡിജിറ്റൽ ഇടങ്ങളുടെ വ്യാപനത്തിനും വിധേയരായ കേരളീയ യുവജനങ്ങളെ സമുദായപരിധികൾക്കുള്ളിൽ നിലനിർത്താൻ ഈ സമുദായങ്ങൾ ഏറെ വിയർപ്പൊഴുക്കേണ്ടിവരുന്നതും നാം കണ്ടു.
കേരളീയ സമൂഹത്തിന്റെ സമുദായ കേന്ദ്രിത സ്വഭാവത്തിന്റെ ആണിക്കല്ലായ സജാതീയ വിവാഹത്തിന് ഭീഷണികൾ ഉയരുന്നുവെന്ന തോന്നൽ ഇസ്‌ലാം ഭീതിയ്ക്ക് ഇടവരുത്തുന്നത് ഹാദിയ എന്ന യുവതിയുടെ വിശ്വാസവും വിവാഹവും സംബന്ധിച്ച അവകാശങ്ങളെച്ചൊല്ലി നടന്ന കോലാഹലത്തിൽ എത്രയും വ്യക്തമായി. തങ്ങൾ മുസ്‌ലിം സമുദായത്തിന്റെ പക്ഷത്തുതന്നെയാണെന്നും, പക്ഷേ ഇസ്‌ലാം എന്ന മതം, ആ മതത്തോടുള്ള തുറന്നതും ശക്തവുമായ ആഭിമുഖ്യം, ഇവ പിന്തിരിപ്പൻ തന്നെയെന്നും, അതു പ്രകടിപ്പിക്കുന്നവർ ഹിന്ദുത്വ ആക്രമണത്തിൽ നിന്ന് രക്ഷിക്കപ്പെടേണ്ടതില്ലെന്നും, അവർക്കു ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടാമെന്നും, പച്ചയായി, വീണ്ടും വീണ്ടും പറഞ്ഞ പ്രമുഖ ഇടതുശബ്ദങ്ങൾ അന്ന് വളരെയധികമായിരുന്നു.
രാഷ്ട്രീയാധികാരത്തിന്റെ വലിയപങ്ക് മുസ്‌ലിം സമുദായമോ അതിന്റെ പ്രതിനിധികളോ ആവശ്യപ്പെടില്ല എന്ന ഉൾപ്പെടുത്തൽ- വ്യവസ്ഥയെ മുസ്‌ലിം ലീഗ് ലംഘിച്ചിരിക്കുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ സൂചന. ഇത് ബോധപൂർവ്വമല്ലായിരിക്കാം. ഇസ്‌ലാം ഭീതി സാധാരണവത്ക്കരിക്കപ്പെട്ടിരിക്കുന്ന സമൂഹത്തിൽ അത് ബോധപൂർവ്വമാകണമെന്നുമില്ല. എന്നുവെച്ച് ആ പരാമർശമുണ്ടാക്കുന്ന, നമ്മുടെ കൂട്ടായ സാമൂഹ്യജീവിത്തിൽ, ഇടതിനെപ്പറ്റി വല്ല പ്രതീക്ഷയും ബാക്കിനിൽക്കുന്നുണ്ടെങ്കിൽ അതിൽ, സൃഷ്ടിച്ച മുറിവ് ചില്ലറയല്ല. ഇടതിന് ഇടതുസ്വഭാവമുള്ള രാഷ്ട്രീയ ഭാവന ഇല്ലാതായ ഈ കാലത്ത് ഈ വിധത്തിലുള്ള കൂട്ടലും കുറയ്ക്കലുമായ അധികാരക്കളികൾ മാത്രമേ അവർക്കും സാധിക്കൂ.