ജമാഅത്ത് വഖഫ് മാർച്ചിലെ ഹസനുൽ ബന്ന; ലീഗ് എന്തു പറയുന്നു?

വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റിയും എസ്.ഐ.ഒയും നടത്തിയ പ്രതിഷേധത്തിൽ രാഷ്ട്രീയ ഇസ്ലാമിസത്തിന്റെ ആചാര്യന്മാരായ ഹസനുൽബന്നയുടെയും സയ്ദ്ഖുതബിന്റെയും ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചതിന് പിന്നിലെ രാഷ്ട്രീയം ച‍ർച്ച ചെയ്യുകയാണ് കെ.ടി. കുഞ്ഞിക്കണ്ണൻ. വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

വഖഫ് നിയമഭേദഗതിക്കെതിരായി സോളിഡാരിറ്റിയും എസ്.ഐ.ഒയും നടത്തിയ കരിപ്പൂർ എയർപോർട്ട് മാർച്ചിന് അവരെന്തിനാണ് ആഗോള രാഷ്ട്രീയ ഇസ്ലാമിസത്തിന്റെ ആചാര്യന്മാരായ ഹസനുൽബന്നയുടെയും സയ്ദ്ഖുതബിന്റെയും ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചത്? വഖഫ് നിയമഭേദഗതി നിയമം ബി.ജെ.പി സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ഫാസിസ്റ്റ് നടപടികളുടെ ഭാഗമാണെന്നും അതിനെ മതനിരപേക്ഷ ജനാധിപത്യ നിലപാടുകളിൽ നിന്ന് പ്രതിരോധിക്കേണ്ടതുണ്ടെന്നുമാണ് രാജ്യത്തെ പ്രതിപക്ഷപാർടികളുടെയെല്ലാം പൊതുസമീപനം. ആ നിലയിൽ തന്നെയാണ് പാർലമെന്റിനകത്തും പുറത്തും സി.പി.ഐ(എം)ഉം മറ്റ് ഇടതുപക്ഷപാർട്ടികളും സമാജ്‌വാദി പാർട്ടിയും കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പ്രതിപക്ഷപാർട്ടികളും വഖഫ് നിയമഭേദഗതിക്കെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധമായ നിയമനിർമ്മാണങ്ങളെയും അടിച്ചമർത്തലുകളെയും എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി നേരിടുകയെന്ന മതനിരപേക്ഷ കാഴ്ചപ്പാടിനെ അട്ടിമറിക്കാനും വഖഫ് നിയമഭേദഗതി ഒരു മുസ്ലീം പ്രശ്‌നമാണെന്നും അത് തങ്ങളുടെ മതരാഷ്ട്രവാദ അജണ്ടയിൽ നിന്ന് ഉന്നയിക്കപ്പെടേണ്ടതുമാണെന്ന അങ്ങേയറ്റം വിധ്വംസകമായ സന്ദേശമാണ് ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിദ്യാർത്ഥിസംഘം നടത്തിയ എയർപോർട്ട് മാർച്ചിലൂടെ ഉയർത്തിയിരിക്കുന്നത്. ഹിന്ദുത്വ സർക്കാരിനെതിരായി മതനിരപേക്ഷശക്തികളുടെ വിശാല പ്ലാറ്റ്‌ഫോമിൽ നിന്നുയരേണ്ട പ്രതിഷേധത്തെ മതാത്മകതയിലേക്ക് ചുരുക്കിയെടുക്കാനുള്ള ആർ.എസ്.എസിന്റെ ഇംഗിതമനുസരിച്ചുള്ള കളിയാണ് കരിപ്പൂരിൽ സോളിഡാരിറ്റി - എസ്.ഐ.ഒ യുവാക്കൾ നടത്തിയത്.

തീർച്ചയായിട്ടും മുസ്ലീംലീഗ് നേതാക്കൾ സയ്ദ്ഖുതബ്ദിന്റെയും ഹസനുൽ ബന്നയുടെയും ചിത്രമേന്തി നടത്തിയ സോളിഡാരിറ്റി കരിപ്പൂർ മാർച്ചിനോടും വഖഫ് പ്രശ്‌നത്തെ മതാത്മകമാക്കാനുള്ള രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ അട്ടിമറി നീക്കങ്ങളോടുമുള്ള നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.
തീർച്ചയായിട്ടും മുസ്ലീംലീഗ് നേതാക്കൾ സയ്ദ്ഖുതബ്ദിന്റെയും ഹസനുൽ ബന്നയുടെയും ചിത്രമേന്തി നടത്തിയ സോളിഡാരിറ്റി കരിപ്പൂർ മാർച്ചിനോടും വഖഫ് പ്രശ്‌നത്തെ മതാത്മകമാക്കാനുള്ള രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ അട്ടിമറി നീക്കങ്ങളോടുമുള്ള നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.

മോദി സർക്കാരിനെയല്ല പിണറായി സർക്കാരിനെയാണ് അവർ ലക്ഷ്യമിട്ടത് എന്നതാണ് അപഹാസ്യവും അങ്ങേയറ്റം വഞ്ചനാപരവുമായ കാര്യം. പോലീസുമായി ഏറ്റുമുട്ടലുണ്ടാക്കി കേരളത്തിലേത് യു.പിയിലെ ആദിത്യനാഥ് സർക്കാരിന് സമാനമായ സർക്കാരാണ് എന്നൊക്കെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്താനുള്ള ഒരു സെറ്റിട്ട സമരമായിരുന്നു ഹസനുൽബന്നയെയും സയ്ദ്ഖുതബിനെയുമൊക്കെ മുന്നിൽ നിർത്തി കരിപ്പൂരിൽ നടന്നത്. ഇത് അങ്ങേയറ്റം അപകടകരമായ മതരാഷ്ട്രവാദികളുടെ അട്ടിമറി നീക്കമാണെന്ന് ന്യൂനപക്ഷ സമൂഹവും എല്ലാ വിഭാഗം മതനിരപേക്ഷശക്തികളും തിരിച്ചറിയേണ്ടതുണ്ട്.

ഖേദകരമായ വസ്തുത ഈ അട്ടിമറി സമരത്തിൽ കോൺഗ്രസ് നേതാക്കൾ നേരിട്ടുതന്നെ പങ്കെടുക്കുകയും മുസ്ലീംലീഗുകാർ ബ്രദർഹുഡ് ആചാര്യന്മാരുടെ ചിത്രമേന്തിയ മാർച്ചിൽ സന്തോഷിക്കുന്നതുമാണ് നാം കണ്ടത്. തീർച്ചയായിട്ടും മുസ്ലീംലീഗ് നേതാക്കൾ സയ്ദ്ഖുതബ്ദിന്റെയും ഹസനുൽ ബന്നയുടെയും ചിത്രമേന്തി നടത്തിയ സോളിഡാരിറ്റി കരിപ്പൂർ മാർച്ചിനോടും വഖഫ് പ്രശ്‌നത്തെ മതാത്മകമാക്കാനുള്ള രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ അട്ടിമറി നീക്കങ്ങളോടുമുള്ള നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.

സി.പി.ഐ(എം)നെ ഇസ്ലാമോഫോബിക് പാർട്ടിയായും മുസ്ലീം വിരുദ്ധരായുമൊക്കെ ആക്ഷേപിക്കുന്ന അപവാദ പ്രചരണങ്ങളാണ് മൗദൂദിസ്റ്റുകളും അവരോടൊപ്പം ചേർന്ന മുസ്ലീംലീഗിലെയും കോൺഗ്രസിലെയും ഛിദ്രശക്തികൾ കഴിഞ്ഞ കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തെല്ലായിടത്തും മനുഷ്യരുടെ മതാതീതമായ ഐക്യവും പണിയെടുക്കുന്നവരുടെ വർഗപരമായ ഏകോപനവും ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നവരായതുകൊണ്ടാണ് മതരാഷ്ട്രവാദികളായ ആർ.എസ്.എസുകാർക്കും ജമാഅത്തെഇസ്ലാമിക്കാർക്കും കമ്യൂണിസ്റ്റുകാർ എതിർക്കപ്പെടേണ്ടവരാകുന്നത്. ലോകത്തെല്ലായിടത്തും മതരാഷ്ട്രവാദികളായ എല്ലാ ഫാസിസ്റ്റ് സംഘങ്ങളും കമ്യൂണിസ്റ്റുകാരെ ലക്ഷ്യമിട്ട് ആക്ഷേപങ്ങളും നുണപ്രചരണങ്ങളും അഴിച്ചുവിട്ടിട്ടുണ്ട്. കമ്യൂണിസ്റ്റ് ഇടതുപക്ഷപ്രസ്ഥാനങ്ങളെയും മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളെയും അസ്ഥിരീകരിച്ചാലെ ആർ.എസ്.എസുകാർക്കും ജമാഅത്തെ ഇസ്ലാമിക്കാർക്കുമൊക്കെ തങ്ങളുടെ അജണ്ടയനുസരിച്ച് ഹിന്ദു ധ്രുവീകരണവും മുസ്ലീം ധ്രുവീകരണവുമുണ്ടാക്കാൻ കഴിയൂ.

പോലീസുമായി ഏറ്റുമുട്ടലുണ്ടാക്കി കേരളത്തിലേത് യു.പിയിലെ ആദിത്യനാഥ് സർക്കാരിന് സമാനമായ സർക്കാരാണ് എന്നൊക്കെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്താനുള്ള ഒരു സെറ്റിട്ട സമരമായിരുന്നു ഹസനുൽബന്നയെയും സയ്ദ്ഖുതബിനെയുമൊക്കെ മുന്നിൽ നിർത്തി കരിപ്പൂരിൽ നടന്നത്.
പോലീസുമായി ഏറ്റുമുട്ടലുണ്ടാക്കി കേരളത്തിലേത് യു.പിയിലെ ആദിത്യനാഥ് സർക്കാരിന് സമാനമായ സർക്കാരാണ് എന്നൊക്കെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്താനുള്ള ഒരു സെറ്റിട്ട സമരമായിരുന്നു ഹസനുൽബന്നയെയും സയ്ദ്ഖുതബിനെയുമൊക്കെ മുന്നിൽ നിർത്തി കരിപ്പൂരിൽ നടന്നത്.

താന്താങ്ങളുടെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ധ്രുവീകരണവും ചേരിതിരിവുമുണ്ടാക്കാനാണ് ഓരോ വിഷയത്തെയും വർഗീയവാദികളും മതരാഷ്ട്രവാദികളും ഉപയോഗിക്കുന്നത് എന്ന് കാണണം. സി.എ.എ സമരകാലത്തും ജമാഅത്തെ ഇസ്ലാമിക്കാർ മതാത്മകമായി വിഷയത്തെ അവതരിപ്പിക്കാനും പരിമിതപ്പെടുത്താനുമുള്ള പൊളിപ്പൻ പണിയാണ് എടുത്തത്. എന്നാൽ ഇസ്ലാമിനെയും അതിന്റെ വ്യവസ്ഥയെയുമൊക്കെക്കുറിച്ച് ആവേശം കൊള്ളുന്ന ഈ മതരാഷ്ട്രവാദികൾക്ക് ഇസ്ലാമിന്റെ ദർശനവും പ്രബോധനചരിത്രവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം. എണ്ണയുടെ കണ്ടുപിടുത്തത്തോടെ അറബ് ലോകത്ത് വിഭവങ്ങൾക്കും വാണിജ്യപാതകൾക്കും വേണ്ടി ബ്രിട്ടനും ഫ്രാൻസും അമേരിക്കയും നടത്തിയ അധിനിവേശങ്ങളെ പ്രതിരോധിച്ച അറബ് ദേശീയ ഉണർവ്വുകളെയും ഉത്ഥാനത്തെയും അസ്ഥിരീകരിക്കാനാണ് ഇസ്ലാമിന്റെ വ്യവസ്ഥയെയും ദൈവികാധികാരത്തെയുമൊക്കെ സംബന്ധിച്ച ഹസനുൽബന്നയുടെയും പിൽക്കാലത്ത് സയ്ദ്ഖുതബിന്റെയുമൊക്കെ പ്രതിലോമകരമായ സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടത്.

സിപിഐ -എം ന്യൂനപക്ഷ വിരുദ്ധമായ മോദി സർക്കാരിന്റെ എല്ലാ നീക്കങ്ങളെയും നിയമ നിർമ്മാണങ്ങളെയും ഒരു വിട്ടുവീഴ്ചയുമില്ലാതെ എതിർക്കുന്ന നിലപാടാണ് എല്ലായ്പ്പോഴും സ്വീകരിച്ചിട്ടുള്ളത്. മുത്തലാഖ്, 370-ാം വകുപ്പ്, ഏകീകൃത സിവിൽ കോഡ്, പൗരത്വം തുടങ്ങി എല്ലാ വിഷയങ്ങളിലും മുന്നിൽ നിന്ന് മോദി സർക്കാറിനെ പ്രതിരോധിച്ചതും സിപിഐ -എം ആണ്. സാർവ്വദേശീയ വിഷയങ്ങളിലെല്ലാം ഇസ്ലാമോഫോബിയ പടർത്തുന്ന യുഎസ് സയണിസ്റ്റ് നിലപാടുകളെ ശക്തമായി തന്നെ തുറന്നുകാട്ടുന്ന കാമ്പയിനുകൾ തുടരുന്ന പാർട്ടിയാണ് സിപിഐ -എം. പലസ്തീൻ ഐക്യദാർഢ്യം പാർട്ടി കോൺസിൽ സവിശേഷ പരിപാടിയായി തന്നെ നടത്തിയതുൾപ്പെടെ ലോകമെമ്പാടുമുള്ള മർദ്ദിത സമൂഹത്തോടും വിമോചന പോരാട്ടങ്ങളോടുമുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്.

20-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ ഈജിപ്തിൽ ഉയർന്നുവന്ന സാമ്രാജ്യത്വവിരുദ്ധ ദേശീയ മുന്നേറ്റങ്ങളെ തകർക്കാനാണ് ഹസനുൽബന്നയുടെ സിദ്ധാന്തങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള മുസ്ലീംബ്രദർഹുഡും മുന്നോട്ടുവരുന്നത്. ഇസ്ലാമികലോകത്തെ ദേശീയവാദികളെയും കമ്യൂണിസ്റ്റുകാരെയും കൂട്ടക്കൊലചെയ്ത സാമ്രാജ്യത്വശക്തികളുടെ പിണിയാളന്മാരായിട്ടാണ് മുസ്ലീം ബ്രദർഹുഡ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ മാതൃസംഘടന 1928-ൽ ജന്മമെടുക്കുന്നതുതന്നെ. 1928-ൽ ഈജിപ്തിൽ ജന്മംകൊണ്ട ബ്രദർഹുഡ് 1935-ൽ സിറിയയിലും 1946-ൽ പലസ്തീനിലും 1954-ൽ യെമനിലും ടുണീഷ്യയിലും ലിബിയയിലും അൾജീരിയയിലും ഇറാഖിലും ഇറാനിലും പലരൂപങ്ങളിൽ അവതരിപ്പിക്കപ്പെട്ടു. ബ്രദർഹുഡിന്റെ ആശയധാരയെ പിന്തുടരുന്ന തീവ്രവാദ പ്രസ്ഥാനങ്ങളെ ശീതയുദ്ധകാലത്തെ കമ്യൂണിസത്തിനും ദേശീയ വിമോചനപ്രസ്ഥാനങ്ങൾക്കുമെതിരായ പ്രത്യയശാസ്ത്രവും അസ്ഥിരീകരണശക്തിയുമായി സാമ്രാജ്യത്വശക്തികൾ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ഇസ്ലാമിന്റെ പേരിൽ മതരാഷ്ട്രവാദികളായ രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ അധികാരം സ്ഥാപിച്ച് നിലനിൽക്കുന്ന സാമ്രാജ്യത്വ ചൂഷണാധികാരക്രമത്തെ നിലനിർത്താനാണ് ഹസനുൽബന്നയും സയ്ദ്ഖുതബും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂദിയുമെല്ലാം തങ്ങളുടെ സിദ്ധാന്തങ്ങളിലൂടെയും വിധ്വംസക സംഘങ്ങളിലൂടെയും ശ്രമിച്ചത്.
ഇസ്ലാമിന്റെ പേരിൽ മതരാഷ്ട്രവാദികളായ രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ അധികാരം സ്ഥാപിച്ച് നിലനിൽക്കുന്ന സാമ്രാജ്യത്വ ചൂഷണാധികാരക്രമത്തെ നിലനിർത്താനാണ് ഹസനുൽബന്നയും സയ്ദ്ഖുതബും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂദിയുമെല്ലാം തങ്ങളുടെ സിദ്ധാന്തങ്ങളിലൂടെയും വിധ്വംസക സംഘങ്ങളിലൂടെയും ശ്രമിച്ചത്.

ഇറാനിലും സിറിയയിലും ഇറാഖിലും ചോരപ്പുഴകൾ സൃഷ്ടിച്ചത് ബ്രദർഹുഡ് സംഘങ്ങളെ ഉപയോഗിച്ചാണ്. 1950-കളിൽ ഇറാനിലെ ഡോ. മുഹമ്മദ് മൊസാദിക് സർക്കാരിനെതിരെ സി.ഐ.എ നടത്തിയ അട്ടിമറിസമരത്തിനുമുമ്പിൽ ബ്രദർഹുഡുകാരായിരുന്നു. മൊസാദിക് സർക്കാരിന്റെ ദേശസാൽക്കരണ നടപടികളിലും സോവിയറ്റ് അനുകൂല നിലപാടുകളിലും പ്രകോപിതരായിട്ടാണ് ബ്രദർഹുഡുകാർ ആ സർക്കാരിനെ അട്ടിമറിക്കാനുള്ള സി.ഐ.എ പദ്ധതിയുടെ നിർവ്വാഹകരായി അധഃപതിച്ചത്. 1980-കളിൽ കമ്യൂണിസ്റ്റ് പിന്തുണയോടെ ഭരിച്ച ഇന്തോനേഷ്യയിലെ സുകാർണോവിനെ അട്ടിമറിച്ചതും 5 ലക്ഷത്തോളം കമ്യൂണിസ്റ്റുകാരെയും ദേശീയ ജനാധിപത്യവാദികളെയും കൂട്ടക്കൊല ചെയ്തതും ബ്രദർഹുഡുകാരായിരുന്നു.

അറബ് ദേശീയതയുടെ പ്രയോഗശാസ്ത്രം വികസിപ്പിച്ച, വൻശക്തി മേധാവിത്വത്തിനെതിരെ ചേരിചേരാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നെഹ്റുവിനും ചൗലായ്ക്കും മാർഷൽ ടിറ്റോവിനുമൊപ്പം നേതൃത്വം നൽകിയ ഈജിപ്തിലെ ജമാൽ അബ്ദുൾ നാസറെ അട്ടിമറിക്കുന്നതിനു പിന്നിലും അമേരിക്കയുടെയും സി.ഐ.എയുടെ കരുവായി പ്രവർത്തിച്ചത് ബ്രദർഹുഡുകാരായിരുന്നു. സോളിഡാരിറ്റി പ്രവർത്തകർ കരിപ്പൂർ മാർച്ചിൽ ഉയർത്തിപ്പിടിച്ച സയ്ദ്ഖുതബ് നാസറുടെ മതനിരപേക്ഷ ദേശീയ കാഴ്ചപ്പാടുകൾക്കെതിരെ ഇസ്ലാമിന്റെ വ്യവസ്ഥ കെട്ടിപ്പടുക്കാൻ ഈജിപ്തിൽ ബ്രദർഹുഡിനെ നയിച്ച ഭീകരവാദിയായിരുന്നു. ലോകമെമ്പാടുമുള്ള രാഷ്ട്രീയ ഇസ്ലാമിസ്റ്റ് ഭീകരവാദികൾ തങ്ങളുടെ മാനിഫെസ്റ്റോവായി സ്വീകരിച്ചിരിക്കുന്നത് സയ്ദ്ഖുതബിന്റെ കുപ്രസിദ്ധമായ മൈൽസ്റ്റോൺസ് എന്ന കൃതിയാണ്.

ഇന്ത്യപോലൊരു ബഹുമത സമൂഹത്തിൽ സയ്ദ്ഖുതബിനെ ഉയർത്തിക്കൊണ്ടുവരുന്നതിനെ മതനിരപേക്ഷബോധമുള്ള ഒരാൾക്കും അംഗീകരിക്കാനാവില്ല.
ഇന്ത്യപോലൊരു ബഹുമത സമൂഹത്തിൽ സയ്ദ്ഖുതബിനെ ഉയർത്തിക്കൊണ്ടുവരുന്നതിനെ മതനിരപേക്ഷബോധമുള്ള ഒരാൾക്കും അംഗീകരിക്കാനാവില്ല.

ഇസ്ലാമിന്റെ ചരിത്രത്തെയും ആവിർഭാവ ദർശനത്തെയും ചരിത്രവിരുദ്ധമായ നിലപാടുകളിൽ നിന്ന് വിശദീകരിക്കുകയും വളച്ചൊടിക്കുകയുമാണ് സയ്ദ്ഖുതബ് ചെയ്തത്. മതത്തിൽ നിർബന്ധമില്ല എന്ന ഖുറാൻ വചനത്തിന്റെ അത്യന്തം ജനാധിപത്യപരവും ഉദാരപരവുമായ സമീപനത്തെ അംഗീകരിക്കാൻ തയ്യാറാവാതെ ഇസ്ലാമല്ലാത്ത മറ്റൊന്നിനെയും തെരഞ്ഞെടുക്കാനോ അംഗീകരിക്കാനോ തയ്യാറല്ലെന്ന കൊടുംവാദമാണ് സയ്ദ്ഖുതബ് മുന്നോട്ടുവെച്ചത്. ഇസ്ലാം അല്ലാത്ത മറ്റൊരു വ്യവസ്ഥയും നിലവിലില്ലാത്ത ഘട്ടം വരെ വിശുദ്ധയുദ്ധം നടത്തണമെന്നാണ് ഖുതബ് ഇസ്ലാമിന്റെ പേരിൽ വാദിച്ചത്. അദ്ദേഹത്തിന്റെ നിലപാടുകൾ അത്യന്തം അസഹനീയവും ഭീകരവുമാണ്. ഇന്ത്യപോലൊരു ബഹുമത സമൂഹത്തിൽ സയ്ദ്ഖുതബിനെ ഉയർത്തിക്കൊണ്ടുവരുന്നതിനെ മതനിരപേക്ഷബോധമുള്ള ഒരാൾക്കും അംഗീകരിക്കാനാവില്ല. ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അത്തരം നീക്കങ്ങൾ അങ്ങേയറ്റം ആത്മഹത്യാപരവുമായിരിക്കും.

സയ്ദ്ഖുതബ് പറയുന്നത്; ഇസ്ലാമിന്റെ ലക്ഷ്യം ഭൂമിയിലുള്ള മുഴുവൻ താഗൂത്തുകളെയും (ഇസ്ലാമേതര ശക്തികൾ) തുടച്ചുമാറ്റി അല്ലാഹുവിന്റെ മാത്രം അടിമകളുടെ വ്യവസ്ഥ സൃഷ്ടിക്കണമെന്നാണ്. അതായത് മറ്റ് വിശ്വാസികളെ, താഗൂത്തുകളെ ഭൂമിയിൽ നിന്ന് പൂർണമായി ഉന്മൂലനം ചെയ്ത് അല്ലാഹുവിന്റെ വ്യവസ്ഥ സ്ഥാപിക്കണമെന്നാണ്. ഇതുതന്നെയാണ് മൗദൂദി തന്റെ ഹുക്കുമത്തെ ഇലാഹി എന്ന സങ്കൽപത്തിലൂടെ മുന്നോട്ടുവെച്ചതും. ജിഹാദിനെക്കുറിച്ച് സയ്ദ്ഖുതബ് വ്യക്തമാക്കുന്നത്; ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത് എന്നാണ്. അത് വാളും കുന്തവും ഉപയോഗിച്ച് നടത്തേണ്ട വിശുദ്ധയുദ്ധമാണെന്നാണ്. ആധിപത്യം മുഴുവനും അല്ലാഹുവിനാക്കുന്ന വിശുദ്ധയുദ്ധപദ്ധതിയാണ് ഇസ്ലാമെന്നാണ് സയ്ദ്ഖുതബ് തെറ്റായ രീതിയിൽ സമർത്ഥിക്കാൻ ശ്രമിക്കുന്നത്. ഇസ്ലാമിന്റെ പേരിൽ മതരാഷ്ട്രവാദികളായ രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ അധികാരം സ്ഥാപിച്ച് നിലനിൽക്കുന്ന സാമ്രാജ്യത്വ ചൂഷണാധികാരക്രമത്തെ നിലനിർത്താനാണ് ഹസനുൽബന്നയും സയ്ദ്ഖുതബും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂദിയുമെല്ലാം തങ്ങളുടെ സിദ്ധാന്തങ്ങളിലൂടെയും വിധ്വംസക സംഘങ്ങളിലൂടെയും ശ്രമിച്ചത്.

Comments