പാംപ്ലാനിയുടെ പ്രസ്​താവനക്ക്​ രാഷ്​ട്രീയ പാർട്ടികളും ഉത്തരവാദികളാണ്​

തോമാശ്ലീഹയില്‍ തുടങ്ങുകയും ചാവറയച്ചനിലൂടെ വികസിക്കുകയും ബിഷപ്പ് പൗലോസ് മാര്‍ പൗലോസിനെപ്പോലുളളവരിലൂടെ പരിഷ്‌കരിക്കപ്പെടുകയും ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയുടെ നര്‍മ്മബോധം സ്വാംശീകരിക്കുകയും ഇങ്ങേയറ്റത്ത് ബോബി ജോസ് കപ്പൂച്ചിന്‍ സന്യാസിയുടെ സൗമ്യസാന്നിദ്ധ്യം തൊട്ടറിയുകയുമൊക്കെ ചെയ്തതിലൂടെയാണ് കേരളത്തിലെ പൊതു സമൂഹത്തിനുമുന്നില്‍ ക്രിസ്തുമതം സ്‌നേഹമതമായി നിലകൊള്ളുന്നത്. പള്ളിമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനംകൂടിയാണത്. മതം ഒരു സാംസ്‌കാരിക മൂല്യമായി മാറുകയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും ഊര്‍ജരേണുക്കള്‍ പ്രസരിപ്പിക്കുകയും ചെയ്യുന്നതായി കേരളീയ പൊതുമണ്ഡലത്തിന് അനുഭവപ്പെടുകയും ചെയ്തത് വിവേകമതികളായ ഇത്തരം വ്യക്തികളിലൂടെയാണ്. വിമോചന സമര നേതാവായിരുന്ന ഫാദര്‍ ജോസഫ് വടക്കന്‍ പോലും പിന്നീട് സഭക്കുപുറത്തായതും കേരളത്തിലെ ക്രിസ്തുമത ചരിത്രത്തിന്റെ ഭാഗമാണ്.

ഫാദര്‍ ജോസഫ് വടക്കന്‍

ഈ ഒരു ചരിത്രത്തിന്റെ തുടര്‍ച്ചയില്‍ നിന്നുകൊണ്ടാണ് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയില്‍ ചെയ്ത പ്രസംഗത്തില്‍, രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരും പോലീസിനെ ഭയന്ന് പാലത്തിനു മുകളില്‍നിന്ന് ചാടി മരിച്ചവരുമാണ് എന്ന പരാമര്‍ശം നടത്തിയത്. ക്രിസ്തുവിന്റെ 12 അപ്പോസ്തലന്‍മാരില്‍ 10 പേരും മത പ്രചാരണഘട്ടത്തില്‍ രക്തസാക്ഷികളായവരാണന്നും അത്ര മഹത്വം രാഷ്ട്രീയ രക്തസാക്ഷിത്വത്തിനില്ല എന്നുമാണ് ഈ പിതാവ് പറയുന്നത്.

രാഷ്ട്രീയ രക്തസാക്ഷിത്വം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മാത്രമെ ഉള്ളൂ എന്ന ധാരണയാണ് ഈ ‘വിശുദ്ധ’ പിതാവിനുള്ളത് എന്നു തോന്നുന്നു. യൂദാസാണ് പുള്ളിയുടെ ഇഷ്ട അപ്പോസ്തലന്‍. റബ്ബറിന് 300 രൂപ കിട്ടിയാല്‍ ബി. ജെ. പിക്ക്​ വോട്ടു ചെയ്യാന്‍ കുഞ്ഞാടുകളെ പ്രേരിപ്പിക്കാം എന്ന് ഈ അഭിനവ അപ്പോസ്തലന്‍ പറഞ്ഞതും യൂദാസിന്റെ സ്വാധീനത്താലാവണം. ഇന്ത്യയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം നടന്ന ക്രിസ്ത്യന്‍പെര്‍സിക്യുഷന്റെ കണക്ക് ബിഷപ് പാംപ്ലാനി പരിശോധിച്ചിട്ടുണ്ടോ? അതോ അത്തരം രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ അവസരമൊരുക്കിയവരെയും സ്‌നേഹിക്കുക എന്ന യേശുവിന്റെ മഹത്തായ ആശയമാണോ ഇദ്ദേഹം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്?

മഹാത്മാഗാന്ധിയും ഭഗത് സിങ്ങും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കയ്യൂര്‍, കരിവെള്ളൂര്‍, ഒഞ്ചിയം, പുന്നപ്രവയലാര്‍ രക്തസാക്ഷികളും ഒക്കെ അടങ്ങുന്നതാണ്​ ഇന്ത്യയിലെ രാഷ്ട്രീയ രക്തസാക്ഷികളുടെ നിര. ഈ ധീരരക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണകളെയാണ് പീഡനകേസുകളിലും കൊലപാതക കേസുകളിലും പെട്ട് ചിലര്‍ ജയിലിലും ചിലര്‍ ജാമ്യത്തിലും കഴിയുന്ന ഒരു സഭയുടെ പ്രതിനിധി അപമാനിക്കാന്‍ ശ്രമിക്കുന്നത്. അഴിമതി ആരോപണങ്ങളുടെ ദുര്‍ഗന്ധം വമിപ്പിക്കുന്ന കര്‍ദിനാളും പരസ്പരം കയ്യാങ്കളി വരെ അരങ്ങേറുന്ന സഭാതര്‍ക്കങ്ങളും ഒക്കെ പേറുന്ന ഒരു സഭാപ്രതിനിധി ഇത്തരം പ്രയോഗം നടത്തുന്നത് യാദൃച്​ഛികമല്ലതന്നെ.

ക്രിസ്തുവിന്റെ വഴിയും സഭയുടെ വഴിയും എത്ര വിഭിന്നമാണ് എന്ന് ഇവരെപ്പോലുള്ളവര്‍ നമുക്ക് കാട്ടിത്തരുന്നു. സ്വന്തം മതത്തിനുവേണ്ടിയോ കുടുംബത്തിന് വേണ്ടിയോ അല്ല രാഷ്ട്രീയ രക്തസാക്ഷികള്‍ ജീവത്യാഗം ചെയ്തത്. മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ് അവര്‍ സ്വജീവിതം ബലി നല്കിയത്. അത് സമൂഹത്തിനു ഗുണകരമായി ഭവിച്ചോ എന്നതില്‍ തര്‍ക്കങ്ങളാവാം. എന്നാല്‍ അവരുടെ പോരാട്ടങ്ങളും ജീവത്യാഗവും സ്വാതന്ത്രത്തിനും ആത്മാഭിമാനത്തോടോടെ ജീവിക്കാനും വേണ്ടിയുള്ളതായിരുന്നു എന്നത് മറക്കാവുന്നതല്ല.

ഗുസ്താവോ ഗറ്റിറസി

രക്തസാക്ഷി സമം മാര്‍ക്‌സിസ്റ്റുപാര്‍ട്ടി എന്ന ലളിതയുക്തിയില്‍ നിന്നുകൊണ്ടാണ് ഈ പ്രസ്താവന നടത്തിയത് എന്നതിനാല്‍ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കാം എന്ന് തോന്നുന്നു. മാര്‍ക്‌സിസ്റ്റ് ദര്‍ശനം സ്വാംശീകരിച്ച ക്രിസ്തുമത വിഭാഗമായ വിമോചന ദൈവശാസ്ത്രത്തെ (Liberation Theology) ക്കുറിച്ചോ അതിന്റെ ഉപജ്ഞാതാവായ ഗുസ്താവോ ഗറ്റിറസി (Gtsuavo GutiWprrez) നെക്കുറിച്ചോ പാംപ്ലാനി കേട്ടിട്ടുണ്ടാവും എന്ന് തോന്നുന്നില്ല. ലോകത്തെ ദാരിദ്ര്യത്തെ ചാരിറ്റിയിലൂടെ ഇല്ലാതാക്കാം എന്ന ക്രിസ്തുമത സങ്കല്‍പ്പത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ലിബറേഷന്‍ തിയോളജിസ്റ്റുകള്‍ ദാരിദ്ര്യം സമൂഹത്തിന്റെ ഘടനാപരമായ പ്രശ്നമാണെന്നും നിലനില്‍ക്കുന്ന ഘടന തകര്‍ത്തുകൊണ്ടുമാത്രമേ ദാരിദ്ര്യം ശാശ്വതമായി നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയൂ എന്നുമുള്ള മാര്‍ക്‌സിസ്റ്റ് വീക്ഷണം ഉയര്‍ത്തിപ്പിടിച്ചത്. രണ്ടായിരം വര്‍ഷമായി ചാരിറ്റി ചെയ്തിട്ടും ദിവസം 6.85 ഡോളര്‍ (ഏകദേശം 500 രൂപ) കൂലികിട്ടാത്തവരാണ് ലോക ജനസംഖ്യയുടെ പാതിയും എന്നാണ് ലോകബാങ്ക് കണക്ക്. ഇതില്‍ 648 ദശലക്ഷം ജനങ്ങള്‍ കൊടും ദാരിദ്ര്യത്തിലാണ് എന്നും പറയുന്നു. സഭകളും വിവിധ മത സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും എല്ലാം ചാരിറ്റി ചെയ്തിട്ടും ഇതാണ് അവസ്ഥ. ദാരിദ്ര്യം ഘടനാപരമായ ഒരു പ്രശ്നമാണ്​ എന്നതിന് കൂടുതല്‍ ഉദാഹരണം ആവശ്യമില്ലല്ലോ. ഈ ഒരു ലോകാവസ്ഥയില്‍, സഭയും അതിന്റെ പ്രവര്‍ത്തനങ്ങളും എന്തിനുവേണ്ടി എന്ന ആത്മപരിശോധന നടത്തേണ്ടുന്ന ഘട്ടത്തില്‍, വിനയത്തിന്റെയും സ്‌നേഹത്തിന്റെയും മാര്‍ഗം വെടിഞ്ഞ് വിഷം ചീറ്റാന്‍ ശ്രമിക്കുന്നവര്‍ മനുഷ്യരാശിക്കുവേണ്ടി കുരിശുമരണം വരിച്ച ക്രിസ്തുവിനെ അവരുടെ വിദൂരസ്മരണയില്‍പ്പോലും അവശേഷിപ്പിക്കുന്നില്ല എന്ന് ഞെട്ടലയോടെ നാം മനസ്സിലാക്കുന്നു.

ലോകത്താകമാനം വിദ്യാഭ്യാസ വിചാര വിപ്ലവത്തിന് തുടക്കം കുറിച്ച ‘മര്‍ദ്ദിതരുടെ ബോധനശാസ്ത്രം’ (Pedagogy of the Oppressed ), ‘വിമര്‍ശന അവബോധത്തിനായുള്ള വിദ്യാഭ്യാസം’ (Education for Critical Conscience) എന്നീ രണ്ടുപുസ്തകങ്ങള്‍ രചിക്കുകയും പ്രാക്‌സിസ് (Praxis) അഥവാ സൈദ്ധാന്തിക പ്രയോഗം എന്ന സംജ്ഞ വിദ്യാഭ്യാസത്തില്‍ എങ്ങനെ പ്രസക്തമാവുന്നു എന്നു കാണിച്ചുതരികയും ചെയ്ത പൗലോ ഫ്രയര്‍ എന്ന പാതിരിയെക്കുറിച്ചും പാംപ്ലാനി കേട്ടിട്ടുണ്ടാവില്ല. സിദ്ധാന്തവും പ്രയോഗവും ഒരുമിപ്പിക്കുക എന്നതാണ് പ്രാക്‌സിസ്. എന്നാല്‍ ക്രിസ്തുവിന്റെ ഉന്നതമായ സിദ്ധാന്തങ്ങളും സഭയുടെ വിചിത്രമായ പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യമാണ് നാം ഇന്ന് നിരന്തരം കണ്ടുകൊണ്ടിരിക്കുന്നത്.

‘കക്കുകളി' നാടകത്തിൽ നിന്ന്

ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍മാത്രം ഇടം കിട്ടുന്ന ഇത്തരം പ്രസ്താവനകള്‍ സംഭവിക്കുന്നു എന്നത് കേരളത്തിന്റെ സമകാല രാഷ്ട്രീയ ദുരവസ്ഥയുടെകൂടി ഫലമാണ് എന്നത് പറയാതെ വയ്യ. വോട്ടിനുവേണ്ടി ഏതു നിലപാടിലും വെള്ളം ചേര്‍ക്കുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഈ അപമാനകരമായ പ്രസ്താവനയുടെ ഉത്തരവാദികളാണ്. തങ്ങളുടെ മുന്നില്‍ മുട്ടിലിഴയാന്‍ കേരളത്തിലെ സകല രാഷ്ട്രീയ നേതൃത്വവും എത്തും എന്ന ഉറപ്പാണ് ഇതുപോലുള്ള പ്രസ്താവനകള്‍ ചെയ്യാന്‍ പാംപ്ലാനിമാര്‍ക്ക് ധൈര്യം നല്‍കുന്നത്. യേശുക്രിസ്തുവിനെ ഉയര്‍ത്തിപ്പിടിക്കുകയും സഭയുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്ത കക്കുകളി എന്ന നാടകം ഇനി കളിക്കേണ്ട എന്നതീരുമാനത്തിലേക്ക് ആലപ്പുഴയിലെ നെയ്തല്‍ നാടക സംഘം തീരുമാനിക്കുന്നതും ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്.

ആയതിനാല്‍ തിരുമേനീ, ‘നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം നടപ്പിന്‍’ (എഫെസ്യര്‍ 4:1)

Comments