കണ്ണൂരിലെ ‘പാംപ്ലാനി സുവിശേഷ’ത്തിൽ ഇല്ലാത്ത ചില രക്തസാക്ഷികളെക്കുറിച്ച്​

സംഘ്പരിവാര്‍ സഖ്യകക്ഷിയാകുമ്പോള്‍, സഭയുടെ സ്വഭാവിക ശത്രു, കേരളത്തില്‍ ഇടതുപക്ഷമാകാതെ വയ്യല്ലോ. ഇവിടെ, മനുഷ്യപക്ഷത്തുനിന്നുള്ള രാഷ്ട്രീയ രക്തസാക്ഷിത്വത്തെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ പ്രസ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണ്. അത്, പാംപ്ലാനി പറയുന്ന മതരക്തസാക്ഷിത്വത്തില്‍നിന്ന് ഭിന്നവുമാണ്.

രാഷ്ട്രീയ രക്തസാക്ഷികളെ ആക്ഷേപിച്ച്​ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നടത്തിയ പ്രസ്താവനയെപ്പോലെ പരിശോധനയര്‍ഹിക്കുന്ന ഒന്നാണ്, പിതാവ് അതിനായി ബോധപൂര്‍വം തെരഞ്ഞെടുത്ത സ്ഥലവും കാലവും. സഭയിലെ യുവാക്കളെ, യേശുശിഷ്യരായ അപ്പോസ്തലന്മാരുടെ ത്യാഗജീവിതത്തെക്കുറിച്ച് പഠിപ്പിക്കുകയായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. പകരം, കേരളത്തില്‍ സഭാനേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന ഒരു പൊളിറ്റിക്കല്‍ ഡീലിന്റെ സുവിശേഷം വിശദീകരിക്കുകയാണ് ചെയ്തത്.

കമ്യൂണിസ്റ്റ് വിരുദ്ധത എന്ന അടിസ്ഥാന ഐഡിയോളജിയില്‍ കെട്ടിപ്പടുത്ത കത്തോലിക്കാ സഭയുടെ അരാഷ്ട്രീയ ഇടപാടുകളെ തിരിച്ചറിഞ്ഞ് തള്ളിക്കളഞ്ഞിട്ടുള്ള രാഷ്ട്രീയസമൂഹമാണ് കേരളം. സഭ ആളും അര്‍ഥവുമിറക്കി വിജയിപ്പിച്ച വിമോചനസമരത്തെ, അതിന്റെ നടത്തിപ്പുകാര്‍ക്കുപോലും പിന്നീട് തള്ളിപ്പറയേണ്ടിവന്നു. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിലുള്ള മുന്നണി രാഷ്ട്രീയത്തില്‍, സഭാനേതൃത്വങ്ങളുടെയും പുരോഹിതവര്‍ഗങ്ങളുടെയും കറ പറ്റിക്കിടക്കുന്നുണ്ടെങ്കിലും, വര്‍ഗീയ രാഷ്ട്രീയത്തോടുള്ള അത്തരം ഒത്തുതീര്‍പ്പുകളെ നിരന്തരം സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ഇവിടുത്തെ പൗരസമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈയൊരു ജാഗ്രത കൊണ്ടുകൂടിയാകാം, ഇരുമുന്നണികളുടെയും പരിലാളനയേറ്റുവളര്‍ന്ന്, മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ വേണ്ടതിലുമധികം മെയ്‌വഴക്കം നേടിയെടുത്തിട്ടും, ഇടതുപക്ഷം പോലും പിന്തുണച്ചിട്ടും, കെ.എം. മാണി കേരളത്തിന്റെ മുഖ്യമന്ത്രിയാകാതിരുന്നത്.

എന്നാല്‍, ഇതുവരെ പയറ്റിയ മുന്നണി രാഷ്ട്രീയം, സഭയുടെ അനുദിനം ‘വിശാലമായി’ വരുന്ന താല്‍പര്യങ്ങള്‍ക്ക് ഇനി പോരാതെ വരുമെന്ന തിരിച്ചറിവാണ്, പാംപ്ലാനിമാരുടെ വിടുവായത്വം എന്ന് തോന്നിപ്പിക്കുന്ന വാക്കുകളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേവലമൊരു വിശ്വാസി സമൂഹത്തിനെ അഭിസംബോധന ചെയ്യുന്ന സംവിധാനമെന്ന നിലയ്ക്കല്ല, വലിയ സാമ്പത്തിക- മൂലധന- ഭരണകൂട താല്‍പര്യങ്ങളുള്ള ഒരു സിസ്റ്റമായി തന്നെയാണ് കേരളത്തിലും ക്രിസ്ത്യന്‍ സഭ പ്രവര്‍ത്തിക്കുന്നത്. സ്വന്തം വിശ്വാസിസമൂഹം അതിനെ സംബന്ധിച്ച് ഒരു ഉപഭോഗവസ്തു മാത്രമാണ്. വിഭവങ്ങളുടെയും സമ്പത്തിന്റെയും മേലുള്ള നിയന്ത്രണാധികാരത്തിനുവേണ്ടിയുള്ള വിലപേശലുകളാണ് കേരളത്തില്‍, സഭ നടത്തുന്ന ഏതൊരു രാഷ്ട്രീയ വിനിമയങ്ങളുടെയും അടിസ്ഥാനം. സി.പി.എമ്മിലും കോണ്‍ഗ്രസിലും സഭക്ക് നടത്താന്‍ കഴിയുന്ന വിലപേശലിന് ഒരിടിവ് വന്നിട്ടുണ്ട്, ആ സ്‌പെയ്‌സിലേക്കാണ് ബി.ജെ.പിയും സംഘ്പരിവാറും കടന്നുവരുന്നത്.

സംഘ്പരിവാര്‍ സഖ്യകക്ഷിയാകുമ്പോള്‍, സ്വഭാവിക ശത്രു, കേരളത്തില്‍ ഇടതുപക്ഷമാകാതെ വയ്യല്ലോ. ഇവിടെ, മനുഷ്യപക്ഷത്തുനിന്നുള്ള രാഷ്ട്രീയ രക്തസാക്ഷിത്വത്തെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ പ്രസ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണ്. അത്, പാംപ്ലാനി പറയുന്ന മതരക്തസാക്ഷിത്വത്തില്‍നിന്ന് ഭിന്നവുമാണ്. സ്വന്തം വിശ്വാസസംരക്ഷണത്തിനുവേണ്ടിയുള്ള അല്‍ഭുതകൃത്യങ്ങളാല്‍ വിശുദ്ധരാക്കപ്പെട്ടവരല്ല അവര്‍. ലോകത്തിന്റെ സുസ്ഥിരമായ ഭാവിക്കുവേണ്ടിയായിരുന്നു അപ്പോസ്തലന്മാരുടെ രക്തസാക്ഷിത്വം എന്ന് പാംപ്ലാനി പറയുന്നുണ്ട്. മതങ്ങളുടെ പേരില്‍ ചൊരിയപ്പെട്ട ചോര ഏതുതരം ലോകത്തെയാണ് സൃഷ്ടിച്ചത് എന്നും ആ ലോകങ്ങളോടെല്ലാം കലഹിച്ചും യുദ്ധം ചെയ്തുമാണ് രാഷ്ട്രീയ രക്തസാക്ഷികള്‍ പുതിയ ലോകം സൃഷ്ടിച്ചതെന്നും പാംപ്ലാനിക്കുമുന്നില്‍ കൂടിയിരുന്ന യുവജനങ്ങളോട് കേരളം പറഞ്ഞുകൊടുക്കേണ്ടതുണ്ട്.

ആ യുവാക്കള്‍ക്കുമുന്നില്‍ പാംപ്ലാനി മറച്ചുപിടിച്ച ചില മതരക്തസാക്ഷികളെ കുറിച്ചുകൂടി ആ യുവാക്കളെ ഓര്‍മിപ്പിക്കണം. അതില്‍ ആദ്യത്തേത്, സഭയുടെ ഇപ്പോഴത്തെ സഖ്യകക്ഷിക്കാര്‍ ചുട്ടുകൊന്ന ആസ്‌ത്രേലിയന്‍ മിഷനറി ഗ്രഹാം സ്‌റ്റൈയിനും പത്തും ആറും വയസ്സുള്ള അദ്ദേഹത്തിന്റെ മക്കളുമാണ്. സ്വന്തം വിശ്വാസം സംരക്ഷിക്കാനുള്ള ജീവിതത്തിനിടെ ചുട്ടുകരിക്കപ്പെട്ടവരുടെ കണക്ക് മണിപ്പുരില്‍നിന്ന് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നുണ്ട്. യൂണിയന്‍ ക്രിസ്ത്യന്‍ ഫോറം എന്നൊരു സംഘടന നടത്തിയ സര്‍വേ ഈയിടെ പുറത്തുവന്നിരുന്നു. 2014ല്‍ നിന്ന് 2022ലെത്തുമ്പോള്‍, ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ 400 ശതമാനത്തിന്റെ വര്‍ധനയുണ്ട് എന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. കൊല്ലപ്പെട്ട വിശ്വാസികളും തകര്‍ക്കപ്പെട്ട ചര്‍ച്ചുകളുമെല്ലാം അടങ്ങിയതാണ് ഈ കണക്ക്.

പാംപ്ലാനി മറച്ചുപിടിച്ച ഇതുപോലുള്ള മതരക്തസാക്ഷിത്വങ്ങള്‍ ഇന്ത്യയുടെ സമകാലിക ചരിത്രത്തില്‍നിന്ന് ഇനിയുമുണ്ട്. വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട സ്വന്തം വിശ്വാസികളുടെ ചോരയിലാണ് പാംപ്ലാനിമാര്‍ പുതിയ രാഷ്ട്രീയ സഖ്യത്തിന്റെ അസ്ഥിവാരമുറപ്പിക്കുന്നത്. അതിന് ആദ്യം വേണ്ടത്, യഥാര്‍ഥ രക്തസാക്ഷികളെ ചരിത്രത്തില്‍നിന്ന് നിഷ്‌കാസനം ചെയ്യുകയാണ് എന്ന് ഈ പിതാക്കന്മാര്‍ക്ക് അറിയാം. എന്നാല്‍, സഭക്ക് വിലയ്‌ക്കെടുക്കാന്‍ കഴിയുന്ന ഒരു സമൂഹമല്ല, കേരളം. അതുകൊണ്ടുതന്നെ പാംപ്ലാനിമാരെ ഈ സമൂഹം അതിജീവിക്കുക തന്നെ ചെയ്യും.

Comments