താരിഖ് അലിയുടെ കുറിപ്പ്:
വേഴ്സോ ബുക്സ് ബ്ലോഗ് പോസ്റ്റ്**
1975-ൽ, ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഞാൻ ഒരു പ്രഭാഷണ പരമ്പര നടത്തിയിരുന്നു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു ഇത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി പി ഐ) അവരെ പിന്തുണച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ശക്തമായ എതിർപ്പിലായിരുന്നു. മാവോയിസ്റ്റ് അനുകൂല വിഭാഗം അവരുടെ 'സായുധ പോരാട്ടം' തുടർന്നു. ജെ എൻ യുവിൽ വച്ച് ഞാൻ കേരളത്തിൽനിന്നുള്ള സി പി ഐയുടെ ആദ്യ കാല നേതാവായ കെ. ദാമോദരനെ കാണാൻ ഇടയായി. അദ്ദേഹം അപ്പോൾ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. നിരവധി സ്വകാര്യ സംഭാഷണങ്ങൾക്കുശേഷം, ന്യൂ ലെഫ്റ്റ് റിവ്യുവിന് (എൻ എൽ ആർ) (1/199/) വേണ്ടി ഞാൻ അദ്ദേഹവുമായി ദീർഘമായി ഒരു അഭിമുഖം നടത്തുകയുണ്ടായി. ഫ്രാൻസിസ് മൾഹെൺ (Francis Mulhern) 2011-ൽ എഡിറ്റ് ചെയത് വെഴ്സോ പ്രസിദ്ധീകരിച്ച 'ലൈവ്സ് ഓൺ ദി ലെഫ്റ്റ്' എന്ന സമാഹാരത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ അഭിമുഖം പിന്നീട് നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും കുറച്ച് വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് ഞാൻ ഒരു പ്രഭാഷണം നടത്തിയപ്പോൾ അത് വീണ്ടും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു (1).
അന്ന് നിരവധി കേരളീയ യുവാക്കൾ സി പി ഐയുടെതായി അവർക്ക് 'പ്രിയപ്പെട്ട ചരിത്രം' ഇതാണെന്ന് എന്നോട് പറയുകയുണ്ടായി. സ്ഥലപരിമിതി മൂലം എൻ എൽ ആറിന്റെ എഡിറ്റർ (റോബിൻ ബ്ലാക്ക്ബേൺ) കുറച്ച് പേജുകൾ അന്ന് വെട്ടിക്കുറച്ചിരുന്നു. അടുത്തിടെയാണ് അദ്ദേഹം അവ തന്റെ ശേഖരത്തിൽ അത് വീണ്ടും കണ്ടത്. അതിനാൽ, രേഖാപരമായി, ഇപ്പോൾ ആദ്യമായി, കെ. ദാമോദരനുമായുള്ള പൂർണ്ണമായ അഭിമുഖം ലഭ്യമായിരിക്കുന്നു എന്ന് പറയാം.
ദാമോദരനുമായുള്ള എന്റെ എൻ എൽ ആർ ആമുഖം, ഞാൻ ഇങ്ങനെയാണ് ഉപസംഹരിച്ചിരുന്നത്:
ദാമോദരനുമായുള്ള ഈ അഭിമുഖം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയതാണ്. പിന്നീട് സംഭവിച്ചതൊന്നുംതന്നെ, ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ ഇരുണ്ടതും നിരാശാജനകവുമായ ബാലൻസ് ഷീറ്റിനെ സ്ഥിരീകരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. എങ്കിലും, ഭൂതകാലത്തിലെ പരാജയങ്ങളും തെറ്റുകളും തിരിച്ചറിയുക എന്ന അനിവാര്യമായ ദൗത്യം, ഭാവിയിൽ ഇന്ത്യൻ ഇടതുപക്ഷത്തെ അതിന്റെ ചരിത്രപരമായ കടമകൾ നിറവേറ്റാൻ സഹായിക്കുന്നതാണ്. ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ വ്യക്തിപരമായ ഈ ഓർമ്മക്കുറിപ്പ്, അദ്ദേഹം ഭാഗമായിരുന്ന അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികാസത്തെക്കുറിച്ച് നിരവധി ഉൾക്കാഴ്ചകൾ നൽകുന്നുണ്ടെന്നും, ഇന്ത്യൻ കമ്മ്യൂണിസം കഴിഞ്ഞകാലങ്ങളിലൂടെ സമാഹരിച്ച ശക്തികളെ ഉപഭൂഖണ്ഡത്തിലെ ഒരു യഥാർത്ഥ വിപ്ലവതന്ത്രത്തിലൂടെ പുനഃസംഘടിപ്പിക്കാനും വീണ്ടെടുക്കാനും കഴിയുമെന്ന ആത്മവിശ്വാസം അദ്ദേഹം പുലർത്തുന്നുണ്ടെന്നും വായനക്കാർക്ക് കണ്ടെത്താനാകും.
യൂറോപ്പിലെന്നതുപോലെ, ഇന്ത്യൻ കമ്മ്യൂണിസവും ഏറെക്കുറെ തകർന്നു വീണിരിക്കുന്നു. ദാമോദരന്റെ അഭിമുഖം അതിന്റെ ഭൂതകാലത്തിന്റെ സ്മാരകമാണ്. ഇവിടെ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒഴിവാക്കിയ ഭാഗങ്ങൾ ഈ അഭിമുഖത്തെ പൂർണ്ണമാക്കുന്നു.
താരിഖ് അലി,
ഏപ്രിൽ 2025.

▮
വിവർത്തകന്റെ കുറിപ്പ്:
മൂന്നു കാര്യങ്ങൾ സൂചിപ്പിക്കാനാണ് ഈ കുറിപ്പ്:
ഒന്ന്: സ്വാഭാവികമായും ഗൗരവവും കൗതുകവുമുണർത്തുന്ന കാര്യമാണ് കെ. ദാമോദരനുമായുള്ള താരിഖ് അലിയുടെ വിഖ്യാതമായ 1975-ലെ ന്യൂ ലെഫ്റ്റ് റിവ്യു അഭിമുഖത്തിൽ ചില ഭാഗങ്ങൾ സ്ഥലപരിമിതി മൂലം ഒഴിവാക്കപ്പെട്ടിരുന്നു എന്നതും ആ ഭാഗങ്ങൾ എൻ.എൽ.ആർ ആർക്കൈവ്സിൽനിന്ന് തിരികെ കിട്ടിയപ്പോൾ താരിഖ് അലിതന്നെ പ്രസിദ്ധീകരിക്കുന്നു എന്നതും. ഒഴിവാക്കിയ ഭാഗങ്ങൾ പൊതുവിൽ ചരിത്രപരമായി പ്രാധാന്യമുള്ളവയാണ് എന്നതിനപ്പുറം, മലയാളി വായനക്കാരെ സംബന്ധിച്ച് രണ്ട് പ്രധാന കാര്യങ്ങൾ ഇതിൽ നിന്നു പരാമർശിക്കപ്പെടുന്നുണ്ട്.
ഞാൻ അനുബന്ധമായി ചേർത്തിട്ടുള്ള കുറിപ്പുകൾ (5), (6) വായിച്ചാൽ അത് മനസ്സിലാകും. കേശവദേവിന്റെയും ഇ.എം.എസ്സിന്റെയും രണ്ട് ആദ്യ കാല കൃതികളെക്കുറിച്ചുള്ള പരാമർശങ്ങളാണ് ദാമോദരൻ ഇതിൽ നടത്തിയിട്ടുള്ളത്. രണ്ടു കൃതികളും ട്രോട്സ്കിയിസ്റ്റ് പശ്ചാത്തലം ഉള്ളവയാണ് എന്നതാണ് ശ്രദ്ധേയം. സോവിയറ്റ് യൂണിയനിൽ അന്ന് ട്രോട്സ്കി അനഭിമതനായി മാറിയിരുന്നെങ്കിലും അതൊന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് അനുഭാവികളായ ചെറുപ്പക്കാരിലേക്ക് അക്കാലത്ത് എത്തിയിരുന്നില്ല. ഈ ട്രോട്സ്കി ആഭിമുഖ്യം പക്ഷെ അധികകാലം നീണ്ടുനിന്നില്ല.
ഈ കാലഘട്ടത്തിൽപോലും (1930- 32) പ്രാദേശിക കോൺഗ്രസ് നേതൃത്വവും വിദ്യാർത്ഥി പ്രവർത്തനങ്ങളും തമ്മിൽ ചില സംഘർഷങ്ങൾ ഉണ്ടായിരുന്നു. പ്രക്ഷോഭങ്ങളിൽ വിദ്യാർത്ഥികളുടെ വർദ്ധിച്ച പങ്കാളിത്തവും കൂടുതൽ പ്രവർത്തനങ്ങളും വേണമെന്നും അതു പിന്നെയും ശക്തമാക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു.
രണ്ട്: മറ്റൊരു കാര്യം സൂചിപ്പിക്കാനുള്ളത്, സ്വാതന്ത്ര്യസമരത്തിലെ ആദ്യഘട്ടത്തിൽ പ്രബലമായിരുന്ന വിപ്ളവ പ്രവർത്തനങ്ങളെ ഇതിൽ terrorism എന്നാണ് പരാമർശിക്കുന്നത്. ഭീകരവാദം എന്നാണ് ഞാൻ അത് വിവർത്തനം ചെയ്തിട്ടുള്ളത്. പക്ഷെ ഭഗത് സിംഗ് അടക്കമുള്ള പോരാളികൾ സ്വീകരിച്ച രാഷ്ട്രീയത്തെയാണ് അത് സൂചിപ്പിക്കുന്നത് എന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്. ഇന്ന് പൊതുവിൽ നല്കപ്പെടുന്ന നിഷേധാർത്ഥത്തിൽ അതിനെ സമീപിക്കുന്നത് അസംഗതമാണ്.
മൂന്ന്: മുപ്പതുകളിലെ കേരള രാഷ്ട്രീയവും അന്തർദ്ദേശീയ, ദേശീയരാഷ്ട്രീയങ്ങളും പരാമർശിതമാവുന്ന ഈ ഭാഗങ്ങൾ സുദീർഘമായ മൂലസംഭാഷണത്തിന്റെ ഏതു ഭാഗത്താണ് വരുന്നതെന്ന് താരിഖ് അലി സൂചിപ്പിക്കുന്നില്ല. ദാമോദരന്റെ ജീവചരിത്രപരമായ കാര്യങ്ങളാണ് ഇവിടെ പ്രധാനമായും ചർച്ചചെയ്യുന്നത് എന്നതിനാൽ, അഭിമുഖത്തിന്റെ ആദ്യ ഭാഗത്താവാം ഈ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടാവുക എന്നേ (അദ്ദേഹത്തോട് ഇതെക്കുറിച്ച് അന്വേഷിക്കുന്നതുവരെയും) കരുതാൻ സാധിക്കൂ.
-ടി. ടി. ശ്രീകുമാർ.

▮
അഭിമുഖ ഭാഗങ്ങൾ:
താരിഖ് അലി(ടി.എ): ഏത് കാലഘട്ടത്തിലാണ് താങ്കൾ രാഷ്ട്രീയമായി സജീവമായത്? അക്കാലത്തെ രാഷ്ട്രീയാന്തരീക്ഷം എന്തായിരുന്നു? ഏത് സാഹചര്യത്തിലാണ് താങ്കൾ വിപ്ലവകാരിയായി മാറിയതും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായതും?
കെ. ദാമോദരൻ(കെ.ഡി): എന്റെ ആദ്യത്തെ പരസ്യ രാഷ്ട്രീയ പ്രവർത്തനം നടന്നത് ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, എനിക്ക് ആറ് വയസ്സുള്ളപ്പോൾ ആയിരുന്നു.
ഞങ്ങളുടെ സ്കൂളിലെയും മറ്റു സ്കൂളുകളിലേയും അധ്യാപകർ ചേർന്ന് സംഘടിപ്പിച്ച ഒരു പ്രകടനത്തിൽഞാൻ പങ്കെടുത്തു. രാജാവിനും സാമ്രാജ്യത്തിനുമുള്ള ജനപിന്തുണ പ്രകടിപ്പിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. വിശ്വസ്തതയുടെ പ്രകടനമായിരുന്നു അത്. അക്കാലത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിന്നിരുന്ന രാഷ്ട്രീയ അന്തരീക്ഷമായിരുന്നു ഇങ്ങനെയായിരുന്നു.
എന്നാൽ കുറെക്കാലത്തിനുശേഷം, എന്റെ സ്കൂൾ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ, ഞാൻ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ, സൈമൺ കമ്മീഷൻ റിപ്പോർട്ടിനെതിരെ ഒരു പ്രക്ഷോഭതരംഗം തന്നെ രൂപപ്പെട്ടു. നിരവധി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ അതിൽ പങ്കെടുത്തിരുന്നു. ഞാനും അവരിൽ ഒരാളായിരുന്നു. ഞാൻ പങ്കെടുത്ത ആദ്യത്തെ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭമായിരുന്നു അത്. അങ്ങനെയാണ് രാഷ്ട്രീയത്തിൽ എന്റെ ശരിക്കുള്ള ഇടപെടൽ ആരംഭിച്ചത്. പിന്നീട് ഞാൻ പത്രങ്ങളും രാഷ്ട്രീയ ലഘുലേഖകളും വായിക്കാൻ തുടങ്ങുകയും, താമസിയാതെ സ്വാമി വിവേകാനന്ദനെപ്പോലുള്ളവർ നേതൃത്വത്തിലുണ്ടായിരുന്ന ചില മതപ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തു (2).
മതം മാത്രമായിരുന്നില്ല അവർ വാഗ്ദാനം ചെയ്തത്. അവർ അതിനെ തീവ്രമായ ദേശീയതയുമായി സംയോജിപ്പിക്കുകയും യുവാക്കളെ നിരന്തരം തീവ്രവാദ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. സോഷ്യലിസത്തിന്റെ ആവശ്യകത, എല്ലാ ദാരിദ്ര്യവും അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയും മറ്റ് നിരവധി വിപ്ലവ മുദ്രാവാക്യങ്ങളും അവർ സൂചിപ്പിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി, അവർക്ക് ഇന്ത്യൻ യുവാക്കൾക്ക് അവരോട് ഒരു സവിശേഷ ആകർഷണം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽനിന്ന്, ഗാന്ധിയുടെ പ്രസ്ഥാനത്തിലേക്ക് നീങ്ങുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി. കൃഷ്ണപിള്ളക്കുതന്നെ ചെറുപ്പത്തിൽ ഭീകരവാദത്തോട് ആഭിമുഖ്യം ഉണ്ടായിരുന്നു. പ്രശസ്ത വിപ്ലവകാരിയായ ചന്ദ്രശേഖർ ആസാദിന്റെ വലിയ ആരാധകനായിരുന്നു അദ്ദേഹം.
1930 മുതൽ 1932 വരെ, ഞാൻ കോഴിക്കോട് കോളേജ് വിദ്യാർത്ഥിയായിരുന്നു. ഞാൻ വിദ്യാർത്ഥി യൂണിയന്റെ സംഘാടകരിൽ ഒരാളാവുകയും, അതിന്റെ അടിത്തറയിൽ ഞങ്ങൾ കേരള വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിക്കുകയും ചെയ്തു. ഞാൻ അതിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്ത് നിന്നുകൊണ്ടാണ് ബ്രിട്ടീഷുകാർക്കെതിരെ ഗാന്ധി ആരംഭിച്ച സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ ഞങ്ങൾ വിദ്യാർത്ഥികളെ സംഘടിപ്പിച്ചത്. അക്കാലത്ത് ഞങ്ങളുടെ പ്രധാന ജോലി, അധികാരികൾ നിരോധിച്ചിരുന്ന കോൺഗ്രസ് ബുള്ളറ്റിനുകൾ നിയമവിരുദ്ധമായി പ്രസിദ്ധീകരിക്കുക എന്നതായിരുന്നു. ഒളിവായി പ്രവർത്തിക്കുന്ന ഒരു അച്ചുകൂടം സ്ഥാപിക്കാനുള്ള ചുമതല ഞങ്ങളുടെ വിദ്യാർത്ഥി സംഘടനയെയാണ് ഏൽപ്പിച്ചിരുന്നത്. ഫ്രഞ്ച് അധീനതയിലായിരുന്ന മാഹിയിൽ പീടിക സ്ഥാപിച്ച് ഞങ്ങൾ അവിടെനിന്ന് ദേശീയവാദ സാഹിത്യം പ്രസിദ്ധീകരിക്കാൻ തുടങ്ങി. അന്ന് രൂപപ്പെട്ടുവന്നിരുന്ന വിശാലമായ സമരത്തിന്റെ പശ്ചാത്തലത്തിൽ, ഈ പ്രവർത്തനം താരതമ്യേന നിസ്സാരമായിരുന്നുവെങ്കിലും എനിക്കത് സംഘടനയും അച്ചടക്കവും ഉണ്ടാവേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും മനസ്സിലാക്കാൻ സഹായകമായി.
ഈ കാലഘട്ടത്തിൽപോലും (1930- 32) പ്രാദേശിക കോൺഗ്രസ് നേതൃത്വവും വിദ്യാർത്ഥി പ്രവർത്തനങ്ങളും തമ്മിൽ ചില സംഘർഷങ്ങൾ ഉണ്ടായിരുന്നു. പ്രക്ഷോഭങ്ങളിൽ വിദ്യാർത്ഥികളുടെ വർദ്ധിച്ച പങ്കാളിത്തവും കൂടുതൽ പ്രവർത്തനങ്ങളും വേണമെന്നും അതു പിന്നെയും ശക്തമാക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു. കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ അങ്ങേയറ്റം ജാഗ്രത പുലർത്തുകയും ഞങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുകയും ചെയ്തു. ബഹുജന പ്രവർത്തനങ്ങളിൽനിന്ന് ഞങ്ങളെ മാറ്റിനിർത്തിയത് ഞങ്ങൾ നടത്തിക്കൊണ്ടിരുന്ന രഹസ്യ പ്രസിദ്ധീകരണ പ്രവർത്തനങ്ങളെ അത് ബാധിക്കുമെന്ന് പറഞ്ഞായിരുന്നു. കൂട്ടത്തിൽ പറയട്ടെ, അതിന്റെ എല്ലാ ക്രെഡിറ്റും അവർ തന്നെയാണ് എടുത്തിരുന്നത്.

1931-ൽ കോൺഗ്രസ് സംഘടിപ്പിച്ച ഒരു രാഷ്ട്രീയ സമ്മേളനത്തിനു സമാന്തരമായി ഞങ്ങൾ കേരളത്തിലെ വിദ്യാർത്ഥികളുടെ ഒരു സമ്മേളനവും സംഘടിപ്പിച്ചു. നിങ്ങൾക്ക് ഊഹിക്കാവുന്നതുപോലെ, വിദ്യാർത്ഥി സമ്മേളനത്തിൽ നടന്ന രാഷ്ട്രീയ ചർച്ചകൾ കോൺഗ്രസ് നേതാക്കൾ വിചാരിച്ചതിനേക്കാൾ വിപ്ലവാത്മകമായിരുന്നു. സമ്മേളനം കഴിഞ്ഞപ്പോൾതന്നെ ഒരു വ്യക്തി എന്നിൽ വലിയ മതിപ്പുണ്ടാക്കിയിരുന്നു. കിരൺദാസ് ആയിരുന്നു അത്. അദ്ദേഹവും അദ്ദേഹത്തിന്റെ സഹോദരൻ യതീന്ദ്രദാസും (ദീർഘകാല നിരാഹാര സമരത്തിനുശേഷം അദ്ദേഹം ജയിലിൽ മരിച്ചു) ഭീകരവാദികളായിരുന്നു. കിരൺദാസ് ഏറ്റവും മുന്നണിയിൽനിന്ന ചില വിദ്യാർത്ഥികളുമായി ഒരു രഹസ്യയോഗം സംവിളിച്ചുകൂട്ടി. ആ യോഗത്തിൽ അദ്ദേഹത്തിന്റെ പ്രധാന സംഭാവന ബോംബുകൾ നിർമ്മിക്കാനുള്ള വിശദമായ നിർദ്ദേശങ്ങൾ നൽകുക എന്നതായിരുന്നു. ഇതാവട്ടെ, കോൺഗ്രസിന്റെ ഗാന്ധിയൻ ലൈനിന് തികച്ചും വിരുദ്ധമായിരുന്നതിനാൽ ഞങ്ങളിൽ പലർക്കും അതിയായ മതിപ്പ് തോന്നുകയും ചെയ്തു. കോഴിക്കോട് ബീച്ചിൽ നടത്തിയ പൊതു രാഷ്ട്രീയ പ്രസംഗത്തിൽ, ഇരുപതുകളിൽ ബ്രിട്ടീഷുകാർക്കെതിരെ സായുധ പ്രക്ഷോഭം നടത്തിയ കേരളത്തിലെ മുസ്ലീം കർഷകരായ മാപ്പിളമാരുടെ വീരത്വത്തെ അദ്ദേഹം പ്രശംസിച്ചു. ആ പ്രക്ഷോഭത്തിന്റെ ഓർമ്മ ഞങ്ങളുടെ മനസ്സിൽ അപ്പോഴും പച്ചപിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. അവരുടെ മാതൃക പിന്തുടരാനും ബ്രിട്ടീഷുകാരെ കടലിലേക്ക് തുരത്താനും ദാസ് ഞങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം വൻ കയ്യടികളോടെയും ആവേശത്തോടെയും സ്വീകരിക്കപ്പെട്ടു. സ്വാഭാവികമായും, പിറ്റേന്ന് രാവിലെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.
ടി.എ: ഇടയിലൊന്ന് ചോദിച്ചോട്ടെ, ഇന്ത്യയിലെ ഭീകരവാദത്തിന് എന്തുകൊണ്ടാണ് ബഹുജനങ്ങൾക്കിടയിൽ നീരോട്ടം ഉണ്ടാവാതിരുന്നതെന്നാണ് താങ്കൾ കരുതുന്നത്? ഗാന്ധിയൻ സമാധാനവാദത്തിന്റെ പരിമിതികൾ കണക്കിലെടുക്കുമ്പോൾ, പഞ്ചാബിലും ബംഗാളിലും മാത്രമല്ല, മറ്റിടങ്ങളിലും തീവ്രവാദം ഒരു ആകർഷണമായി മാറാൻ ഗണ്യമായ സാധ്യതയുണ്ടായിരുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നിട്ടും, മഹാനായ ഭീകരവാദ നേതാവായ ഭഗത്സിങ്ങിനെയും അദ്ദേഹത്തിന്റെ രണ്ട് സഖാക്കളെയും ബ്രിട്ടീഷുകാർ വധിച്ചതിനുശേഷം, പ്രസ്ഥാനം പെട്ടെന്ന് തകരുകയാണുണ്ടായത്.
കെ.ഡി: ഒരു കാര്യം മനസ്സിലാക്കണം, രാജ്യത്തുടനീളം ഗാന്ധിയുടെ പേരും പെരുമയും അങ്ങേയറ്റം വർദ്ധിച്ചതായിരുന്നു. ഭഗത് സിങ്ങിന്റെ വധശിക്ഷയ്ക്കുശേഷം, എന്റെ സഹപ്രവർത്തകനായ കേരള വിദ്യാർത്ഥി യൂണിയന്റെ ജോയിന്റ് സെക്രട്ടറി ഗാന്ധിയെ ആക്രമിച്ച് രൂക്ഷമായ ഒരു പ്രസംഗം നടത്തിയത് ഞാൻ ഓർമ്മിക്കുന്നു. ഭഗത് സിങ്ങിനെയും സഖാക്കളെയും തൂക്കുമരത്തിൽനിന്ന് രക്ഷിക്കാൻ ഒരു ചെറുവിരൽപോലും ഉയർത്താത്തതിനാൽ ഗാന്ധി, ഭഗത് സിങ്ങിന്റെ കൊലപാതകത്തിന് ഉത്തരവാദിയാണെന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്ത് ഞാൻ ആശയക്കുഴപ്പത്തിലായിരുന്നു. എന്റെ പ്രസംഗത്തിൽ, ഞാൻ ഒരേസമയം ഭഗത് സിങ്ങിനെയും ഗാന്ധിയെയും പ്രതിരോധിച്ചു സംസാരിച്ചു. ഒരു പരിധിവരെ, വിപ്ലവഭീകരതവാദം അക്കാലത്ത് ആകർഷണമായി മാറുകയും സംശയലേശ്യമന്യേ സാമ്രാജ്യത്വ വിരുദ്ധബോധം സൃഷ്ടിക്കുകയോ ഉത്തേജിപ്പിക്കുകയോ ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഭീകരതവാദത്തിന്റെ സ്വഭാവം കൊണ്ടുതന്നെ അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ പരിമിതമായിരിക്കും. ഭീകരവാദികളിൽ വലിയൊരു പങ്കും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. എന്നാൽ അവർ തങ്ങളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സമയത്ത് അവരെ ഉപയോഗപ്പെടുത്തി ജനങ്ങളെ അണിനിരത്താൻ കഴിയുന്ന ഒരു വിപ്ലവപാർട്ടി ഉണ്ടായിരുന്നില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി. കൃഷ്ണപിള്ളക്കുതന്നെ ചെറുപ്പത്തിൽ ഭീകരവാദത്തോട് ആഭിമുഖ്യം ഉണ്ടായിരുന്നു. പ്രശസ്ത വിപ്ലവകാരിയായ ചന്ദ്രശേഖർ ആസാദിന്റെ വലിയ ആരാധകനായിരുന്നു അദ്ദേഹം. ഓർമ്മിക്കേണ്ട മറ്റൊരു പ്രധാന വസ്തുത, ഭഗത് സിംഗ്, 1929-ൽ അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ ഒരു മാർക്സിസ്റ്റായി മാറിയിരുന്നു എന്നതാണ്. അദ്ദേഹം ‘മൂലധന’വും മറ്റ് ചില കമ്മ്യൂണിസ്റ്റ് സാഹിത്യവും അക്കാലത്ത് വായിച്ചിരുന്നു. അദ്ദേഹത്തിനുണ്ടായിരുന്ന ആവേശത്തിനു അതിരില്ലായിരുന്നു. എന്നാൽ ഭീകരവാദം ഉപേക്ഷിക്കുന്നതിനുമുമ്പ് ഒരു ആക്ഷൻ കൂടി നടപ്പിലാക്കണമെന്ന് അദ്ദേഹത്തിന് തോന്നുകയായിരുന്നു. ജയിലിൽപോലും അദ്ദേഹത്തിന് തന്റെ നിലപാട് തിരുത്താനും ദയയ്ക്കായി അപേക്ഷിക്കാനും അവസരം ലഭിച്ചതാണ്. അദ്ദേഹം അത് നിരസിക്കുകയും വൈസ്രോയിയോട് താൻ നടത്തുന്ന ഒരേയൊരു അഭ്യർത്ഥന തൂക്കിക്കൊല്ലുന്നതിനുപകരം ബ്രിട്ടീഷ് സൈനികരുടെ ഒരു ഫയറിംഗ് സ്ക്വാഡ് തന്നെ വെടിവച്ചുകൊല്ലണമെന്ന് അപേക്ഷിക്കുക മാത്രമായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം, ഗാന്ധിയോ കോൺഗ്രസ് നേതാക്കളോ ഈ മൂന്ന് ഭീകരവാദ നേതാക്കളെ രക്ഷിക്കാൻ ഗൗരവമായി ശ്രമിച്ചതുമില്ല. അവർ മോചിതരായാൽ, പ്രത്യേകിച്ച് ഭഗത് സിംഗ് മോചിതനായാൽ, അദ്ദേഹം വലിയ ജനപിന്തുണയുള്ള ഒരു കടുത്ത എതിരാളിയാകുമെന്ന് അവർക്ക് അറിയാമായിരുന്നു. ഇന്ത്യൻ കമ്മ്യൂണിസത്തിലെ ഏറ്റവും മികച്ച നേതാക്കളാകാനുള്ള സാധ്യത ഉണ്ടായിരുന്നവരെയാണ് ബ്രിട്ടീഷുകാർ വധിച്ചത്. 1916-ൽ ഡബ്ലിനിൽ ജെയിംസ് കോണോളിയെയും ഈസ്റ്റർ റൈസിംഗിലെ (3) മറ്റ് നേതാക്കളെയും വധിക്കാൻ കാരണമായ അതേ വർഗബോധമാണ് ഇതിലും അവർ പ്രകടിപ്പിച്ചത്. ഇന്ത്യയിലെ വിപ്ലവകാരികളായ ഭീകരർ പലപ്പോഴും തങ്ങളും ഐറിഷ് ദേശീയവാദികളും തമ്മിൽ ഒരു സാമ്യത ഉള്ളതായി കരുതിയിരുന്നു.

ടി.എ: നമ്മൾ പറഞ്ഞുനിർത്തിയ കാര്യത്തിലേക്ക് തിരിച്ചുവരാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മുപ്പതുകൾവരെയും താങ്കൾ ഒരു വിപ്ലവദേശീയവാദിയായിത്തന്നെ തുടർന്നു?
കെ.ഡി: അതെ. തീർച്ചയായും 1932വരെ ഞാൻ ഒരു തീവ്രദേശീയവാദിയും കോൺഗ്രസിന്റെ പിന്തുണക്കാരനുമായിരുന്നു. ഞാൻ ഖാദി ധരിച്ചു, ഹിന്ദി പഠിച്ചു, തെരുവ് ജാഥകളിൽളിൽ "മഹാത്മാ ഗാന്ധി കി ജയ്" (മഹാത്മാഗാന്ധി നീണാൾ വാഴട്ടെ) എന്ന് മുദ്രാവാക്യം വിളിച്ചു. [1]
ശാസ്ത്രീയ സോഷ്യലിസം എന്റെ ബോധത്തിലേക്ക് കയറിയിരുന്നില്ല. ആ വർഷം ഞാൻ അറസ്റ്റ് ചെയ്യപ്പെടുകയും എനിക്ക് രണ്ട് വർഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഞാൻ ഒരു ഇടത്തരം ഭൂപ്രഭു കുടുംബത്തിൽ നിന്നുള്ളയാളായതിനാൽ, പ്രോസിക്യൂട്ടർമാർ എനിക്ക് ജയിലിൽ 'ബി' ക്ലാസ് സൗകര്യങ്ങൾ നൽകാൻ ശ്രമിച്ചു. അത് ജയിലിലെ ചില പ്രത്യേകാവകാശങ്ങളാണ്. അത് കിട്ടിയാൽ, മറ്റെല്ലാറ്റിനുമുപരി ഞാൻ എന്റെ സഹപ്രതികളിൽനിന്നും ദേശീയവാദികളായ രാഷ്ട്രീയത്തടവുകാരുടെ മുഖ്യധാരയിൽനിന്നും ഒറ്റപ്പെടുമായിരുന്നു. അതിനാൽ, എനിക്ക് മറ്റ് തടവുകാരോടൊപ്പം 'സി' ക്ലാസ് പദവി നൽകിയില്ലെങ്കിൽ നിരാഹാരസമരം നടത്തുമെന്ന് ഞാൻ ഭീഷണി മുഴക്കി. അതിൽ ഞാൻ വിജയിച്ചു. അവിടെയാണ് എന്റെ യഥാർത്ഥ രാഷ്ട്രീയ വിദ്യാഭ്യാസം ആരംഭിച്ചത്. ജയിലിൽവെച്ചാണ് ഞാൻ ആദ്യമായി ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ കണ്ടതും വായിച്ചതും. ക്രോപോട്ട്കിന്റെ ചില കൃതികളും വായിച്ചത് അവിടെവെച്ചാണ്. പക്ഷേ ആ സമയത്ത് ഞാൻ കമ്മ്യൂണിസ്റ്റുകാരനായി മാറിയിരുന്നില്ല. വാസ്തവത്തിൽ ഞാൻ ആ കാലത്ത് ചില അരാജകത്വ രചനകളും ഗാന്ധിയുടെ അനാസക്തിയോഗവും മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയായിരുന്നു (4).
ജയിലിലുള്ള സോഷ്യലിസ്റ്റുകൾ, ഗാന്ധിയന്മാർ, അരാജകവാദികൾ, ഭീകരവാദികൾ തുടങ്ങിയവർക്കിടയിൽ ചൂടേറിയ സംവാദങ്ങൾ നടന്നിരുന്നു. ഈ സംവാദങ്ങൾ കേട്ടിരിക്കുന്നതുതന്നെ ഒരു വിദ്യാഭ്യാസമായിരുന്നു. കുറെ കാലമെങ്കിലും ഒരു കേൾവിക്കാരൻ മാത്രമാവാനേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. ഭാഗികമായി ഗാന്ധിയൻ, ഭാഗികമായി അരാജകവാദി, ഭാഗികമായി സോഷ്യലിസ്റ്റ് എന്ന നിലയിലായിരുന്നു ഞാൻ. പക്ഷേ ക്രമേണ ഞാൻ സോഷ്യലിസത്തിലേക്ക് അടുക്കാൻ തുടങ്ങി.
1935-ൽ ഇവിടെ വെച്ചാണ് ഞാൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുന്നത്. അക്കാലത്ത് നടന്ന ഒരു ബഹുജന സമ്മേളനത്തിൽവെച്ച് അതിവാചാലനായ ഏതോ കോൺഗ്രസ് നേതാവിനെ ഞാൻ ചോദ്യം ചെയ്യുന്നതും അതിനു സദസ്സിന്റെ പിന്തുണ കിട്ടുന്നതും കണ്ട ഒരു പ്രാദേശിക കമ്മ്യൂണിസ്റ്റ് നേതാവ് എന്നെ സമീപിക്കുകയായിരുന്നു. പാർട്ടിയിൽ ചേരാൻ അദ്ദേഹം എന്നോട് ആവശ്യപ്പെടുകയും എനിക്ക് വായിക്കാനായി ഒരു കെട്ട് പാർട്ടിസാഹിത്യം നൽകുകയും ചെയ്തു.
1931-ൽ മലയാളത്തിൽ “അഗ്നിയും സ്ഫുലിംഗവും” എന്നപേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതിലെ ‘അഗ്നി’ ലെനിനും ‘സ്ഫുലിംഗം’ ട്രോട്സ്കിയുമായിരുന്നു. അത് എഴുതിയത് കേരളത്തിലെ ഒരു സാഹിത്യകാരനായ കേശവദേവായിരുന്നു (5).
ഞാൻ അത് വായിച്ചു. ആ പുസ്തകം എന്നിൽ വലിയ മതിപ്പുണ്ടാക്കി. സ്റ്റാലിന്റെ പേരു പോലും അതിൽ പരാമർശിച്ചിരുന്നില്ല. ആ ഘട്ടത്തിൽ ഞങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ല. തുടർന്നുള്ള വർഷങ്ങളിൽ കോഴിക്കോട് മുനിസിപ്പൽ ലൈബ്രറിയിൽ രണ്ട് പുസ്തകങ്ങൾ എത്തിച്ചേർന്നു: ജോൺ റീഡിന്റെ Ten Days That Shook the World, ട്രോട്സ്കിയുടെ History of the Russian Revolution. രണ്ടു പുസ്തകങ്ങളും ഞങ്ങൾ വായിച്ചു. ഈ പുസ്തകങ്ങളും ലെനിന്റെയും ട്രോട്സ്കിയുടെയും കൃതികളും വായിക്കാൻ എന്നോട് ആവശ്യപ്പെട്ടയാൾ വളരെ ജനസ്വീകാര്യനായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, മുപ്പതുകളിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർ ട്രോട്‌സ്‌കിയെ വായിച്ചിരുന്നു എന്നത് അൽപ്പം വിചിത്രമായി തോന്നുമെങ്കിലും, അത് ഒരു വസ്തുത തന്നെയായിരുന്നു.
കേരളത്തിലെയും പിന്നീട് ഇന്ത്യൻ കമ്മ്യൂണിസത്തിന്റെയും നേതാക്കളിൽ ഒരാളായ ഇ.എം.എസ്. നമ്പൂതിരിപ്പാട് ജയിലിൽ ആയിരുന്നപ്പോൾ (1932 മുതൽ 1933 വരെ) ‘1917’ എന്ന പേരിൽ ഒരു പുസ്തകം എഴുതുകയുണ്ടായി (6). മലയാളത്തിൽ എഴുതിയ ഈ പുസ്തകം അദ്ദേഹം ജയിൽ മോചിതനായ ഉടൻ പ്രസിദ്ധീകരിക്കപ്പെട്ടു. പുസ്തകത്തിൽ ട്രോട്‌സ്‌കിയുടെ ചരിത്രത്തോടുള്ള കടപ്പാട് അദ്ദേഹം തുറന്നു സമ്മതിച്ചിരുന്നു. മറ്റൊന്നുമില്ലെങ്കിലും തന്റെ ചെറിയ ലഘുലേഖ അതിന്റെ വായനക്കാരെ ട്രോട്‌സ്‌കിയെ വായിക്കാൻ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ താൻ സംതൃപ്തനായിരിക്കുമെന്ന് അദ്ദേഹം എഴുത്തിയിരുന്നു. ഈ ലഘുലേഖ 1934-ലാണ് പ്രസിദ്ധീകരിച്ചത്.

ജയിൽ- യൂണിവേഴ്സിറ്റിയിൽ വച്ചുനടന്ന രാഷ്ട്രീയ വിദ്യാഭ്യാസത്തിനു പുറമേ, കമ്മ്യൂണിസത്തിലേക്ക് എന്നെ ആകർഷിച്ചതിൽ നിർണായക പങ്ക് വഹിച്ച മറ്റൊരു ഘടകം സാമ്പത്തിക മാന്ദ്യമായിരുന്നു. 1929-ലെ സാമ്പത്തികമാന്ദ്യത്തിന്റെ ആഘാതത്തിൽപെട്ട് മുഴുവൻ മുതലാളിത്ത ലോകവും ഉലയുന്ന സാഹചര്യത്തിൽ, സോവിയറ്റ് യൂണിയനിൽ നിലനിന്നിരുന്നത് ഒരു സാമൂഹികവൽക്കരിക്കപ്പെട്ട സമ്പദ്‌വ്യവസ്ഥയായിരുന്നതിനാൽ അവിടെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവപ്പെട്ടിരുന്നില്ല. സാമ്പത്തിക മാന്ദ്യം സ്ഥിതിഗതികൾ അങ്ങേയറ്റം വഷളാക്കിയ ഇന്ത്യപോലുള്ള ഒരു രാജ്യത്ത്, സോവിയറ്റ് യൂണിയന്റെ ഉദാഹരണം വളരെ ശ്രദ്ധേയമായിരുന്നു. അതേസമയം, കോൺഗ്രസ്സാവട്ടെ, തൊഴിലാളികളെയും കർഷകരെയും അവരുടെ സാമൂഹിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട സമരങ്ങളിൽ അണിനിരത്തുന്നതിനു പകരം രാഷ്ട്രീയമായി പാപ്പരായി നിൽക്കുന്നതായാണ് കണ്ടത്. അതിന്റെ ഒന്നാംനിര, രണ്ടാംനിര നേതാക്കളിൽ മിക്കവരും ഞായറാഴ്ചകളിൽ മാത്രമാണ് (വിനോദത്തിനു വേണ്ടിയെന്നപോലെ) കോൺഗ്രസ് ഓഫീസിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ജനങ്ങളെ സംബന്ധിച്ച് ഈ ഞായറാഴ്ച കോൺഗ്രസ് ഉപയോഗശൂന്യമാണെന്ന് പലരും നിശ്ചയിച്ചുകഴിഞ്ഞിരുന്നു. ഞങ്ങളുടെ അഭിപ്രായം, ഗാന്ധി ആരംഭിച്ച സിവിൽ സിവിൽ നിയമലംഘന പ്രസ്ഥാനം നിഷ്ഫലമായിപ്പോയത്, സ്വാതന്ത്ര്യസമരത്തിന്റെ പരിമിതികൾ കൊണ്ടല്ല, മറിച്ച് തൊഴിലാളികളെയും കർഷകരെയും അണിനിരത്താൻ കോൺഗ്രസിന് കഴിയാത്തതുകൊണ്ടാണ് എന്നായിരുന്നു. അതിനാൽ, മറ്റ് കോൺഗ്രസ് പോരാളികളോടൊപ്പം ചേർന്ന് ട്രേഡ്- യൂണിയനിസമടക്കമുള്ള ബഹുജനസമരങ്ങളിൽ ഞാൻ പങ്കെടുക്കാൻ തുടങ്ങി.
കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഞങ്ങൾ നയിച്ച ആദ്യ സമരം ഓട് തൊഴിലാളികളുടേതായിരുന്നു. രണ്ടുമാസം നീണ്ടുനിന്ന ആ സമരം ഒടുവിൽ തകർന്നത് വൻതോതിൽ കരിങ്കാലിപ്പണി ചെയ്യിപ്പിച്ചത് മൂലവും, ഗാന്ധിസത്തിനപ്പുറത്തേക്ക് നീങ്ങാൻ ഞങ്ങൾക്ക് കഴിയാതെ പോയതുകൊണ്ടുമായിരുന്നു. അതായത്, കരിങ്കാലികളോടുള്ള ഞങ്ങളുടെ സഹിഷ്ണുത പണിമുടക്കിന്റെ പരാജയത്തിൽ കലാശിച്ചു എന്നർത്ഥം. ഈ വസ്തുതകളെല്ലാം എന്നെ നിരന്തരം ഇടതുദിശയിലേക്ക് നയിക്കുകയായിരുന്നു.
പക്ഷേ കേരളത്തിൽ അപ്പോഴും ഒരു സംഘടിത കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായിരുന്നില്ല. ഒരു ഇടക്കാലത്തേക്ക് മുഴുവൻ അർദ്ധ-മാർക്സിസ്റ്റുകളും സോഷ്യലിസ്റ്റ് കോൺഗ്രസുകാരും 1934ൽ രൂപീകൃതമായ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. എന്നാൽ രാഷ്ട്രീയത്തിലെ ഈ നിരന്തരമായ ഇടപെടലുകൾക്കിടയിൽ ഞാൻ എന്റെ കോളേജ് വിദ്യാഭ്യാസത്തെ അവഗണിച്ചിരുന്നു. അതിന്റെ ആവശ്യം എനിക്ക് ബോദ്ധ്യമായിരുന്നില്ല. എന്നാൽ കൃഷ്ണപിള്ള എന്നെ ശക്തമായി ശാസിക്കുകയും വിദ്യാഭ്യാസം പൂർത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്തു. കൂട്ടനിരക്ഷരത നിലനിൽക്കുന്ന ഒരു രാജ്യത്ത്, ഓരോ ബിരുദധാരിയും രാജ്യത്തിന് മുതൽക്കൂട്ടാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെയാണ്, ഞാൻ ബനാറസിലേക്ക് ഉന്നത പഠനത്തിനായി പോവുന്നതും കാശി വിദ്യാപീഠത്തിൽ പഠിക്കാൻ ചേരുന്നതും. 1935-ൽ ഇവിടെ വെച്ചാണ് ഞാൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുന്നത്. അക്കാലത്ത് നടന്ന ഒരു ബഹുജന സമ്മേളനത്തിൽവെച്ച് അതിവാചാലനായ ഏതോ കോൺഗ്രസ് നേതാവിനെ ഞാൻ ചോദ്യം ചെയ്യുന്നതും അതിനു സദസ്സിന്റെ പിന്തുണ കിട്ടുന്നതും കണ്ട ഒരു പ്രാദേശിക കമ്മ്യൂണിസ്റ്റ് നേതാവ് എന്നെ സമീപിക്കുകയായിരുന്നു. പാർട്ടിയിൽ ചേരാൻ അദ്ദേഹം എന്നോട് ആവശ്യപ്പെടുകയും എനിക്ക് വായിക്കാനായി ഒരു കെട്ട് പാർട്ടിസാഹിത്യം നൽകുകയും ചെയ്തു. അതേക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ സമ്മതിക്കുകയും ചെയ്തു. ആ രാത്രി മുഴുവൻ ഞാൻ വായിച്ചും ചിന്തിച്ചും ചെലവഴിക്കുകയും ഒടുവിൽ പാർട്ടിയിൽ ചേരാൻ തീരുമാനിക്കുകയും ചെയ്തു. അത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇതാ ഞങ്ങൾ ലോകത്തെ മാറ്റാൻ പോകുന്നുവെന്ന് ഞാൻ വിശ്വസിച്ചു. ആ സമയത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്നു. ഞങ്ങൾ രഹസ്യമായാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ അന്നുമുതൽ, എല്ലാ ഉത്തമ കമ്മ്യൂണിസ്റ്റുകാരേയും പോലെ ഞാനും പാർട്ടി പ്രസിദ്ധീകരണങ്ങളിൽ വരുന്നതെന്തായാലും അതിനെ വിശ്വസ്തയോടെ പിന്തുണച്ചു തുടങ്ങി. എന്നാൽ എല്ലാ അർത്ഥത്തിലും, രാഷ്ട്രീയമായ ആശയക്കുഴപ്പത്തിന്റെ ഘട്ടം അവിടെ അവസാനിച്ചു. ഗാന്ധിക്കും സോഷ്യലിസ്റ്റുകൾക്കും ഇടയിലെ ചാഞ്ചാട്ടം അതോടെ അവസാനിപ്പിക്കുകയും ചെയ്തു.

▮
കുറിപ്പുകൾ:
(1) ചിന്ത രവീന്ദ്രൻ സ്മാരക പ്രഭാഷണത്തിന് 2013-ൽതാരിഖ് അലി തിരുവനന്തപുരത്ത് വന്നതും Memoir of an Indian Communist എന്ന അഭിമുഖത്തിന്റെ കെ. സച്ചിദാനന്ദൻ നിർവഹിച്ച “ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിന്റെ ഓർമ്മക്കുറിപ്പുകൾ” എന്ന 1975-ലെ പരിഭാഷയുടെ പുതിയ പതിപ്പ് പ്രകാശനം ചെയ്തതുമാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
(2) ദാമോദരൻ സൂചിപ്പിക്കുന്ന മതസംഘടന ഏതെന്ന് വ്യക്തമല്ല.
(3) 1916-ലെ ഈസ്റ്റർ വാരത്തിൽ അയർലണ്ടിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന പരാജയപ്പെട്ട സായുധകലാപമാണ് ഈസ്റ്റർ റൈസിംഗ് എന്ന് അറിയപ്പെടുന്നത്. ഐറിഷ് റിപ്പബ്ലിക്കൻ സ്വാതന്ത്ര്യ ഭടന്മാർ ആരംഭിച്ച ഈ വിപ്ലവം ആരംഭിച്ചത് സ്വതന്ത്ര ഐറിഷ് റിപ്പബ്ലിക് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പാട്രിക് പിയേഴ്‌സ്, ജെയിംസ് കോണോളി തുടങ്ങിയവരാണ് കലാപത്തിന് നേതൃത്വം നൽകിയിരുന്നത്.
[1] ഇത് താരിഖ് അലി നൽകിയിരിക്കുന്ന കുറിപ്പാണ്: “ഖാദി കൈകൊണ്ട് നൂൽക്കുന്ന തുണിയാണ്. 1930 കളിൽ ഗാന്ധിജി ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി ഈ വസ്ത്രനിർമ്മിതി പ്രോത്സാഹിപ്പിച്ചു”.
(4) പീറ്റർ ക്രോപോട്ട്കിൻ (Peter Kropotkin 1842–1921) റഷ്യൻ അരാജകവാദ കമ്മ്യൂണിസ്റ്റ്. ദാമോദരൻ 1934-ൽ ക്രോപോട്ട്കിന്റെ കൃതികൾ വിവർത്തനം ചെയ്യുകയും ഇ.എം.എസ് എഡിറ്ററായിരിക്കെ പ്രസിദ്ധീകരണത്തിനായി ഉണ്ണി നമ്പൂതിരിക്ക് അയച്ചുകൊടുക്കുകയും ചെയ്തു എന്ന് റോബിൻ ജെഫ്രി പറയുന്നു (Politics, Women and Well-Being—How Kerala became 'a Model', 1992, page:127).
(5) ‘Kesar Dev’ (sic) എന്നാണ് കൊടുത്തിരിക്കുന്നത്. കേശവദേവാണ് “അഗ്നിയയും സ്ഫുലിംഗവും” എഴുതിയത് (1931). റഷ്യൻ വിപ്ലവത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ കൃതിയാണ്. റഷ്യൻവിപ്ലവത്തെ പുകഴ്ത്തുന്ന രചനയാണിത്. “അധികാര ലബ്ധിക്കുശേഷം 24 മണിക്കൂറിനുള്ളിൽ ലെനിൻ വിളംബരം ചെയ്ത മൂന്നു പ്രഖ്യാപനങ്ങളുടെ (അധികാരം, സമാധാനം, ഭൂപരിഷ്കരണം) വിശദീകരണമാണ് ആ ഗ്രന്ഥത്തിലെ മുഖ്യപ്രമേയം” എന്ന് എൻ. ഇ ബാലറാം പറയുന്നു (കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം: ആദ്യ നാളുകളിലൂടെ, 1973, പേജ് 41). ഈ ലഘുലേഖയിൽ അദ്ദേഹം സ്റ്റാലിനെ ഒഴിവാക്കിയത് പിൽക്കാലത്തെ അദ്ദേഹത്തിന്റെ സ്റ്റാലിൻ വിരുദ്ധതയുമായി ചേർത്തുവയ്ക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഈ അഭിമുഖത്തിൽനിന്നും വ്യക്തമാവുന്നതുപോലെ അക്കാലത്ത് കേരളത്തിൽ സ്റ്റാലിൻ പൊതുവിൽ പരിചിതനായിട്ടില്ല. മാത്രമല്ല, അടുത്ത കുറിപ്പിൽ കാണാവുന്നതുപോലെ ട്രോട്സ്കിയുടെ റഷ്യൻ വിപ്ലവ ചരിത്രമാണ് ആദ്യകാല കേരള കമ്മ്യൂണിസ്റ്റുകൾ പ്രധാനമായും ആശ്രയിച്ചിരുന്നത്. പിൽക്കാലത്ത് ‘റഷ്യയുടെ കാമുകൻ” എന്ന കൃതിയിൽ കേശവദേവ് റഷ്യൻ വിപ്ലവത്തിന്റെ വിജയകഥകൾ തള്ളിക്കളയുന്നു.
(6) ഇങ്ങനെ ഒരു പുസ്തകം ഇ.എം.എസ് എഴുതിയ സാഹചര്യം അദ്ദേഹം ആത്മകഥയിൽ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: “അക്കാലത്തെഴുതിയ ഒരു ലഘുഗ്രന്ഥം പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. ട്രോട്സ്കിയുടെ റഷ്യൻ വിപ്ലവചരിത്രത്തെ ആസ്പദിച്ച് എഴുതിയതാണത്. ബോൾഷെവിക് പാർട്ടിയുടെയും റഷ്യൻ വിപ്ലവത്തിന്റെയും ചരിത്രത്തെ സംബന്ധിച്ച് ആധികാരിക ഗ്രന്ഥങ്ങൾ ഒന്നും കിട്ടാത്ത കാലത്ത് ബോൾഷെവിക് പാർട്ടിയെയും സ്റ്റാലിന്റെ നേതൃത്വത്തെയും ആക്ഷേപിച്ചുകൊണ്ടെഴുതിയ ഗ്രന്ഥമായിരുന്നതിനാൽ അതിന്റേതായ പോരായ്മകളെല്ലാം അതിലുണ്ടായിരുന്നു” (ഇ.എം.എസ്, നമ്പൂതിരിപ്പാട്, ആത്മകഥ, 1985, പേജ് 165). ഈ കൃതി സമാഹൃത കൃതികളുടെ ഒന്നാം വോള്യത്തിൽ വായിക്കാം (പേജ് 289)
** URL: https://www.versobooks.com/en-gb/blogs/news/interview-with-k-damodaran
(ഈ വിവർത്തനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നന്ദി- ഡോ. കെ.ടി. രാംമോഹൻ).
