'കൊടും തോൽവിയാണ്, സാരമില്ല, സഹതാപമ​ല്ലേ'
എന്ന ന്യായം എൽ.ഡി.എഫിനെ ഇനിയും രക്ഷിക്കില്ല

പുതുപ്പള്ളിയിലെ, ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തെ പൂർണമായും ഒരു വൈകാരിക സമസ്യയായി തള്ളിക്കളയാനാകില്ല. കാരണം, ഇവിടെ, പാർട്ടിയും മുന്നണിയും മാത്രമല്ല, സർക്കാറും കൂടി കാമ്പയിനിൽ പങ്കാളിയായിരുന്നു. ആ കാമ്പയിൻ തള്ളിക്കളഞ്ഞ് ജനം എന്തുകൊണ്ട് അരനൂറ്റാണ്ടിന്റെ തുടർച്ചയെ ഒരുതരം സന്ദേഹവുമില്ലാതെ സ്വീകരിച്ചു എന്നതാണ് ഇടതുപക്ഷത്തിനുമുന്നിൽ ഇപ്പോഴുള്ള പ്രധാന ചോദ്യവും വെല്ലുവിളിയും. ഈ തോൽവിയിൽ രണ്ടാം പിണറായി സർക്കാറിന്റെ വിശ്വാസത്തകർച്ച എന്ന ഫാക്ടർ മറച്ചുപിടിക്കാനാകില്ല.

53 വർഷം പഴക്കമുള്ള ഒരു പുരാവൃത്തം പുതുപ്പള്ളി തുടരാൻ തീരുമാനിച്ചിരിക്കുന്നു, എല്ലാം പ്രവചിക്കപ്പെട്ട പോലെ തന്നെ. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം; 37,719. എൽ.ഡി.എഫിന്റെ തോൽവിക്കുള്ള കാരണം പോലും, സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രവചിച്ചിരുന്നു; ചാണ്ടി ഉമ്മന്റെ ജയം ബി.ജെ.പിയുടെ വോട്ടു കിട്ടിയിട്ടാകും.

ഇങ്ങനെ എല്ലാ നിലയ്ക്കും സുനിശ്ചിതമായ ഒരു തെരഞ്ഞെടുപ്പുഫലം എന്ന ന്യായത്തിൽ പുതുപ്പള്ളിയെ അങ്ങനെയങ്ങ് തള്ളിക്കളയാനാകില്ല; പ്രത്യേകിച്ച് എൽ.ഡി.എഫിന്. ഒരു നിയമസഭാ മണ്ഡലത്തിലെ ജയപരാജയങ്ങൾ സംസ്ഥാന ഭരണത്തെക്കുറിച്ചുള്ള വിധിയെഴുത്തായി കാണേണ്ടതില്ല എങ്കിലും, ജനം നൽകിയ കൊടുംതോൽവിയിൽ ഭരണകക്ഷിക്കും ഭരണകൂടത്തിനും എതിരായ പ്രതികരണം കൂടി അടങ്ങിയിരിക്കുന്നുണ്ട്. സി.പി.എമ്മിന് കുറഞ്ഞ 12,000-ഓളം വോട്ട് അതാണ് കാണിക്കുന്നത്.

'വികസനം ചർച്ച ചെയ്യാം' എന്ന തീരുമാനത്തിലായിരുന്നു പുതുപ്പള്ളിയിൽ എൽ.ഡി.എഫ്. ഉമ്മൻചാണ്ടിയുടെ വിയോഗം മൂലമുണ്ടാകാനിടയുള്ള വൈകാരിക വോട്ടിങ്ങിനെ രാഷ്ട്രീയമായി നേരിടാനുള്ള വഴിയും അതുതന്നെയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഈ ചർച്ചക്ക് മുന്നിട്ടിറങ്ങിയതും. പുതുപ്പള്ളിയെക്കുറിച്ചല്ല, തന്റെ സർക്കാർ നടപ്പാക്കിയ വികസനമാണ് അദ്ദേഹം ജനങ്ങൾക്കുമുന്നിൽ വച്ചത്. ഒപ്പം, കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നതിനെക്കുറിച്ചും പറഞ്ഞു. സംസ്ഥാനം നേരിടുന്ന ചില പ്രശ്‌നങ്ങൾ, പുതുപ്പള്ളി സവിശേഷമായി നേരിടുന്നുമുണ്ട്. അതിൽ പ്രധാനം, റബർ വിലയിടിവാണ്. പുതുപ്പള്ളി മണ്ഡലത്തിൽ എല്ലാ പഞ്ചായത്തുകളിലുമുള്ള ഏക കൃഷിയാണ് റബർ. ടാപ്പിങ് കൂലി പോലും കർഷകർക്ക് തിരിച്ചുകിട്ടാത്ത സ്ഥിതിയാണിപ്പോൾ. അന്താരാഷ്ട്ര വാണിജ്യ കരാറുകളുടെയും കേന്ദ്രത്തിന്റെ ഇറക്കുമതി നയങ്ങളുടെയും പ്രത്യാഘാതം വിലയിടിവിന്റെ പ്രധാന കാരണം തന്നെയാണ്.

ഇപ്പോൾ സംസ്ഥാനത്തുള്ള ഭരണയന്ത്രത്തിന്റെ ജനകീയത, ഇടതുപക്ഷ സമീപനത്തോടെ വിശകലനം ചെയ്തുനോക്കിയാൽ കടുത്ത നിരാശയായിരിക്കും ഫലം. ബ്യൂറോക്രസിയും പൊലീസുമെല്ലാം അടങ്ങുന്ന ഭരണസംവിധാനത്തെ വലതുപക്ഷത്തുറപ്പിച്ചുനിർത്തുന്നതിൽ, ഇപ്പോഴത്തെ ഇടതുപക്ഷ ഭരണകൂടത്തിനുള്ള പങ്ക്, ആ രാഷ്ട്രീയ സംവിധാനം തന്നെയാണ് വിമർശനാത്മകമായി സ്വയം പരിശോധന നടത്തേണ്ടത്.

എന്നാൽ, റബറിന് താങ്ങുവില 250 രൂപയാക്കും എന്ന എൽ.ഡി.എഫ് വാഗ്ദാനം കർഷകർക്കുമുന്നിലുണ്ട്. റബർ ഉൽപാദന ഇൻസെന്റീവായി സംസ്ഥാന സർക്കാർ നൽകാനുള്ള കോടികൾ കുടിശ്ശികയാണെന്ന് കർഷകർ തന്നെ പരാതിപ്പെടുന്നു. സമാന പ്രശ്‌നങ്ങൾ മറ്റ് വിളകളുടെയും കാര്യത്തിലുണ്ട്. കർഷകർക്ക് സർക്കാർ നൽകേണ്ട വിഹിതം പോലും മുടങ്ങിക്കിടക്കുന്നു. റബർ അടക്കമുള്ള തോട്ട- നാണ്യവിളകളെയും നെൽകൃഷിയെയും സംരക്ഷിക്കാനുള്ള കാർഷിക ബദൽ ഇടതുസർക്കാറിനില്ല. വ്യവസായവൽക്കരണത്തെക്കുറിച്ച് നിരന്തരം സംസാരിക്കുമ്പോൾ തന്നെ, അതിരൂക്ഷമായ കാർഷിക പ്രശ്‌നം മറച്ചുപിടിക്കുകയാണ് സർക്കാർ. കൃഷി അടക്കമുള്ള മേഖലകളിൽ അടിസ്ഥാന പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ജനങ്ങളുടെ മുന്നിൽ വികസനത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾ ഒരു ദുരന്ത പരിഹാസത്തിന്റെ റിസർട്ടാണുണ്ടാക്കുക. പുതുപ്പള്ളിയിലും അതാണ് സംഭവിച്ചത്.

കേരളത്തിലുണ്ടാകേണ്ട ഒരു ജനകീയ ഭരണയന്ത്രത്തെക്കുറിച്ച് ഡോ. തോമസ് ഐസക് പറയുന്നുണ്ടല്ലോ. ഇപ്പോൾ സംസ്ഥാനത്തുള്ള ഭരണയന്ത്രത്തിന്റെ ജനകീയത, ഇടതുപക്ഷ സമീപനത്തോടെ വിശകലനം ചെയ്തുനോക്കിയാൽ കടുത്ത നിരാശയായിരിക്കും ഫലം. ബ്യൂറോക്രസിയും പൊലീസുമെല്ലാം അടങ്ങുന്ന ഭരണസംവിധാനത്തെ വലതുപക്ഷത്തുറപ്പിച്ചുനിർത്തുന്നതിൽ, ഇപ്പോഴത്തെ ഇടതുപക്ഷ ഭരണകൂടത്തിനുള്ള പങ്ക്, ആ രാഷ്ട്രീയ സംവിധാനം തന്നെയാണ് വിമർശനാത്മകമായി സ്വയം പരിശോധന നടത്തേണ്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങളെപോലും ഇല്ലാതാക്കുന്ന തരത്തിൽ, കേന്ദ്ര ഭരണകൂടം നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാറിന് കഴിയാത്തത്, ഭരണസംവിധാനം ചലനാത്മകമല്ലാത്തതുകൊണ്ടാണ്, അതിവേഗം വലതുപക്ഷവൽക്കരിക്കപ്പെടുന്നതിനാലാണ്.

പുതുപ്പള്ളിയിലെ മത്സരത്തെ, രാഷ്ട്രീയമത്സരമാക്കി മാറ്റുന്നതിലുള്ള ഇടതുപക്ഷത്തിന്റെ തോൽവിയാണ്, ചാണ്ടി ഉമ്മന്റെ വലിയ ഭൂരിപക്ഷം കാണിക്കുന്നത്. ഉമ്മൻചാണ്ടിയുടെ മരണവും അദ്ദേഹത്തിന്റെ മകന്റെ സ്ഥാനാർഥിത്വവും സൃഷ്ടിച്ച വൈകാരികത പുതുപ്പള്ളിയെ ഹൈജാക്ക് ചെയ്യുമെന്നത് ഉറപ്പായിരുന്നു. ആ മേൽക്കൈയും മണ്ഡലത്തിന്റെ അരനൂറ്റാണ്ടിന്റെ പാരമ്പര്യവും യു.ഡി.എഫ് നേടിയ വലിയ ഭൂരിപക്ഷത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇത്തരം അരാഷ്ട്രീയ സാഹചര്യങ്ങളെ, രാഷ്ട്രീയമായി മാറ്റിക്കൊണ്ടുള്ള വിജയങ്ങൾ മുമ്പും ഇടതുപക്ഷത്തിന് നേടാനായിട്ടുമുണ്ട്.

ഉമ്മൻചാണ്ടിയോളം സഹതാപമുണർത്തുന്ന വിയോഗം തന്നെയായിരുന്നു മാണിയുടേതും. എന്നിട്ടും പാലായിൽ എൽ.ഡി.എഫ് ജയിച്ചതിന്റെ രാഷ്ട്രീയ കാരണങ്ങൾ ഇപ്പോഴും ദേശാഭിമാനി പത്രത്തിന്റെ ആർക്കൈവ്സിൽ കിടപ്പുണ്ട്. ആ രാഷ്ട്രീയം പുതുപ്പള്ളിയിൽ അപ്രത്യക്ഷമായത് എങ്ങനെയാണ്?

അരനൂറ്റാണ്ടിലേറെ കാലം കെ.എം. മാണിയെ മാത്രം വിജയിപ്പിച്ച പാലായിൽ, അദ്ദേഹത്തിന്റെ മരണശേഷം നടന്ന തെരഞ്ഞെടുപ്പിലും സമാനമായ സാഹചര്യമായിരുന്നുവല്ലോ ഉണ്ടായിരുന്നത്. ഉമ്മൻചാണ്ടിയോളം സഹതാപമുണർത്തുന്ന വിയോഗം തന്നെയായിരുന്നു മാണിയുടേതും. എന്നിട്ടും പാലായിൽ എൽ.ഡി.എഫ് ജയിച്ചതിന്റെ രാഷ്ട്രീയ കാരണങ്ങൾ ഇപ്പോഴും ദേശാഭിമാനി പത്രത്തിന്റെ ആർക്കൈവ്സിൽ കിടപ്പുണ്ട്. ആ രാഷ്ട്രീയം പുതുപ്പള്ളിയിൽ അപ്രത്യക്ഷമായത് എങ്ങനെയാണ്?

ഇന്ന് ത്രിപുരയിൽനിന്നുവന്ന ഒരു റിസൽട്ട് നോക്കുക. 2003 മുതൽ സി.പി.എം തുടർച്ചയായി ജയിച്ചുവരുന്ന ബോക്സാനഗർ മണ്ഡലത്തിൽ മരിച്ച സി.പി.എം എം.എൽ.എ ഷംസുൽ ഹഖിന്റെ മകൻ മിയാൻ ഹുസൈനായിരുന്നു സ്ഥാനാർഥി. അവിടെ സഹതാപം വർക്ക് ചെയ്തില്ല എന്നു മാത്രമല്ല, സി.പി.എമ്മിന് കെട്ടിവച്ച പണവും നഷ്ടമായി.

പുതുപ്പള്ളിയിലെ സഹതാപത്തെക്കുറിച്ച് പറയുമ്പോൾ ഈ രണ്ട് ഉദാഹരണങ്ങൾ കൂടി ഓർമയിലെത്തുന്നുവെന്നുമാത്രം.

പുതുപ്പള്ളിയിലെ, ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തെ പൂർണമായും ഒരു വൈകാരിക സമസ്യയായി തള്ളിക്കളയാനാകില്ല. കാരണം, ഇവിടെ, പാർട്ടിയും മുന്നണിയും മാത്രമല്ല, സർക്കാറും കൂടി കാമ്പയിനിൽ പങ്കാളിയായിരുന്നു. ആ കാമ്പയൻ തള്ളിക്കളഞ്ഞ് ജനം എന്തുകൊണ്ട് അരനൂറ്റാണ്ടിന്റെ തുടർച്ചയെ ഒരുതരം സന്ദേഹവുമില്ലാതെ സ്വീകരിച്ചു എന്നതാണ് ഇടതുപക്ഷത്തിനുമുന്നിൽ ഇപ്പോഴുള്ള പ്രധാന ചോദ്യവും വെല്ലുവിളിയും. യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയഘടകം, എൽ.ഡി.എഫും സർക്കാറും രൂപപ്പെടുത്തിക്കൊടുത്തതു കൂടിയാണ്. എൽ.ഡി.എഫിന്റെ തോൽവിയിൽ രണ്ടാം പിണറായി സർക്കാറിന്റെ വിശ്വാസത്തകർച്ച എന്ന ഫാക്ടർ മറച്ചുപിടിക്കാനാകില്ല.

വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങൾ പ്രതിപക്ഷത്തിന് നൽകുന്ന സൂചനകൾ കാണാതിരുന്നുകൂടാ. ബി.ജെ.പിക്കെതിരെ, കുറെക്കൂടി വ്യക്തതയുള്ള ഒരു പ്രതിപക്ഷ രാഷ്ട്രീയ നിലപാടിന്റെ പ്രാധാന്യം അടിവരയിടുന്നു, ഈ തെരഞ്ഞെടുപ്പുഫലങ്ങൾ.

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ ഫലങ്ങളും രാഷ്ട്രീയപ്രാധാന്യമുള്ളതാണ്. നാലിടത്ത് എൻ.ഡി.എക്കാണ് ജയം. ബി.ജെ.പി തങ്ങളുടെ സിറ്റിംഗ് സീറ്റുകളായ മൂന്നെണ്ണത്തിൽ രണ്ടെണ്ണം നിലനിർത്തി. സി.പി.എമ്മിന്റെ ഒരു സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു.

പ്രതിപക്ഷ പാർട്ടികൾ 'ഇന്ത്യ' മുന്നണിയെന്ന നിലയിൽ ബി.ജെ.പിയെ നേരിട്ട യു.പിയിൽ 'ഇന്ത്യ'ക്കാണ് ജയം; എന്നാൽ, ജാർക്കണ്ഡിൽ 'ഇന്ത്യ' മുന്നണിയെ എൻ.ഡി.എ തോൽപ്പിച്ചു.

'ഇന്ത്യ' മുന്നണിയിലെ പാർട്ടികൾ പരസ്പരം മത്സരിച്ച ത്രിപുരയിലും ഉത്തരാഖണ്ഡിലും ബി.ജെ.പി ജയിച്ചു. ബംഗാളിൽ, 'ഇന്ത്യ' മുന്നണി പരസ്പരം മത്സരിച്ചിട്ടും തൃണമൂൽ കോൺഗ്രസ് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു.

ത്രിപുരയിൽ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ ബോക്‌സാ നഗർ പിടിച്ചെടുത്ത ബി.ജെ.പി, ധൻപുർ നിലനിർത്തുകയും ചെയ്തു. വോട്ടെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി സി.പി.എം ആരോപിച്ചിരുന്നു.

ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുഫലങ്ങളിൽ ഒരു പൊതുസ്വഭാവം തീർച്ചയായും ഇല്ല. ഏഴിൽ അഞ്ചിടത്തും സിറ്റിംഗ് എം.എൽ.എമാരുടെ മരണത്തെതുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. രണ്ടിടത്ത്, എം.എൽ.എമാരുടെ രാജിയെ തുടർന്നും. സിറ്റിംഗ് എം.എൽ.എമാർ മരിച്ച അഞ്ചിൽ രണ്ടിടത്തും അതാതു പാർട്ടികൾ സീറ്റ് നിലനിർത്തുകയാണ് ചെയ്തത്. ജാർക്കണ്ഡിലും ത്രിപുരയിലെ ഒരിടത്തും ബി.ജെ.പി പിടിച്ചെടുത്തു, ബംഗാളിൽ തൃണമൂലും.

തീർത്തും പ്രാദേശികമായ ഇഷ്യുകളിലൂന്നിയുള്ള ഈ തെരഞ്ഞെടുപ്പിന്റെ ഫലങ്ങളെ, 'ഇന്ത്യ' എന്ന പുതിയ പ്രതിപക്ഷ മുന്നണിയുടെ രൂപീകരണത്തിനുശേഷമുള്ള ആദ്യത്തെ 'ബിഗ് ടെസ്റ്റ്' എന്ന നിലയ്ക്ക് വിശകലനം ചെയ്യുന്നത് ഒരു അതിവായനയായിരിക്കും. കാരണം, പുതിയ മുന്നണി ദേശീയ- സംസ്ഥാന തലങ്ങളിൽ ഒരു ഇലക്ഷൻ പരിപാടി പ്രഖ്യാപിച്ചിട്ടില്ല. അതാത് സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ച് പരമാവധി സീറ്റുകളിൽ ഒന്നിച്ച് മത്സരിക്കാമെന്ന ധാരണ മാത്രമാണുണ്ടായിട്ടുള്ളത്. മുന്നണിയുടേതായ ഒരു പൊളിറ്റിക്കൽ കാമ്പയിനും വോട്ടുകളെ രാഷ്ട്രീയമായി സംഘടിപ്പിക്കാനുള്ള സംവിധാനവും ഈ തെരഞ്ഞെടുപ്പിലുണ്ടായിട്ടില്ല.

അതേസമയം, ഈ റിസൾട്ടുകൾ പ്രതിപക്ഷത്തിന് നൽകുന്ന സൂചനകൾ കാണാതിരുന്നുകൂടാ. ബി.ജെ.പിക്കെതിരെ, കുറെക്കൂടി വ്യക്തതയുള്ള ഒരു പ്രതിപക്ഷ രാഷ്ട്രീയ നിലപാടിന്റെ പ്രാധാന്യം അടിവരയിടുന്നു, ഈ തെരഞ്ഞെടുപ്പുഫലങ്ങൾ.

Comments