വി.കെ. ബാബു: സി.പി.ഐ (എം.എൽ.) റെഡ് സ്റ്റാറിന്റെ 12-ാമത് പാർട്ടി കോൺഗ്രസ് കോഴിക്കോട് നടക്കുന്ന പാശ്ചാത്തലത്തിലാണ് ഈ സംഭാഷണം. പാർട്ടി കോൺഗ്രസിലൂടെ ഇന്ത്യൻ ജനതയ്ക്ക് നൽകുന്ന ആഹ്വാനം, സന്ദേശം എന്തെല്ലാമാണ്?
കെ.എൻ. രാമചന്ദ്രൻ: പാർട്ടി കോൺഗ്രസിന്റെ ഇപ്പോഴത്തെ കേന്ദ്ര മുദ്രാവാക്യം മനുവാദി, ആർ.എസ്.എസ് നവഫാസിസത്തെ പരാജയപ്പെടുത്തുക, സോഷ്യലിസത്തിലേക്ക് മുന്നേറുക എന്നതാണ്.
1970-ൽ ഒരു നക്സലൈറ്റ് പ്രസ്ഥാനമായി സി.പി.ഐ (എം.എൽ) രൂപം കൊണ്ട കാലത്തെ പാർട്ടി പരിപാടികളിൽ നിന്ന് 12-ാം പാർട്ടി കോൺഗ്രസിലെത്തുമ്പോഴുള്ള പാർട്ടി പരിപാടികളിൽ വന്നിട്ടുള്ള മാറ്റങ്ങൾ എന്തെല്ലാമാണ്? ഇന്ത്യൻ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുന്നതിൽ പാർട്ടിക്ക് എത്ര മുന്നോട്ടുപോകാനായിട്ടുണ്ട്?
70-ലെ പാർട്ടി പരിപാടിയുടെ അടിസ്ഥാന ദൗർബല്യം പിന്നീട് ചരിത്രത്തിൽ അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടതുപോലെ, അത് ഇന്ത്യൻ സാഹചര്യങ്ങളെ വിലയിരുത്തുന്നതിൽ വലിയ തെറ്റു ചെയ്തു എന്നതാണ്. യാന്ത്രികമായി ചൈനീസ് പാത പിന്തുടരുന്ന സമീപനമാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതിനാൽ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായി പാർട്ടി കെട്ടിപ്പടുക്കുന്നതിനോ ആശയപരമായി കൂടുതൽ മുന്നേറുന്നതിനോ അതനുസരിച്ച് ജനങ്ങളെ സംഘടിപ്പിക്കുന്നതിനോ പാർട്ടിക്ക് കഴിഞ്ഞില്ല. അതാണ് അന്ന് വളരെ പെട്ടെന്ന് തിരിച്ചടികൾക്കും ശിഥിലീകരണത്തിനും കാരണമായത്. സി.പി.ഐ (എം.എൽ.) പ്രസ്ഥാനം അന്ന് പല ഗ്രൂപ്പുകളായി തകരുകയായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ട അതേവർഷം രൂപീകരിക്കപ്പെട്ട ആർ.എസ്.എസ് ഇന്ന് രാജ്യത്ത് സർവാധിപത്യത്തിലേക്കെത്തിയിരിക്കുകയാണ്. ആർ.എസ്.എസ്. വളരുന്നു, കമ്യൂണിസ്റ്റ് പ്രസ്ഥാനം തകരുന്നു. അതിന്റെ കാരണങ്ങളെന്താണ്?
അതിനുശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിലും പിന്നീട് ഒരുപാട് മാറ്റങ്ങളുണ്ടായി. കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ട അതേവർഷം രൂപീകരിക്കപ്പെട്ട ആർ.എസ്.എസ് ഇന്ന് നമ്മുടെ രാജ്യത്ത് സർവാധിപത്യത്തിലേക്കെത്തിയിരിക്കുകയാണ്. 2024-ലെ തെരഞ്ഞെടുപ്പ് കൂടി അവർ വിജയിക്കുകയാണെങ്കിൽ ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കുന്നതിലേക്കെത്തുന്ന ഒരവസ്ഥയാണ് ഇപ്പോഴുള്ളത്. ആർ.എസ്.എസ്. വളരുന്നു, കമ്യൂണിസ്റ്റ് പ്രസ്ഥാനം തകരുന്നു. അതിന്റെ കാരണങ്ങളെന്താണ്? ഇതാണ് ഞങ്ങൾ അന്വേഷിച്ചിരുന്നത്. ഈ അന്വേഷണങ്ങളാണ് പാർട്ടി പരിപാടികളെ നവീകരിക്കുന്നതിലേക്കെത്തിച്ചത്. ജാതിവ്യവസ്ഥയെ അഭിമുഖീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മനുവാദി - ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള സമീപനം, ലിംഗസമത്വത്തിനുവേണ്ടിയുള്ള സമരങ്ങൾ, പാരിസ്ഥിതിക വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകൾ. ഇവയിലെല്ലാം കാലാനുസൃതമായ കാഴ്ചപ്പാടുകൾ സ്വീകരിച്ച് അതനുസരിച്ച് പുതിയ തലമുറയെ സംഘടിപ്പിക്കാതെ പ്രസ്ഥാനത്തിന് മുന്നോട്ടുപോകാൻ കഴിയില്ല എന്ന യാഥാർത്ഥ്യം ഞങ്ങൾ തിരിച്ചറിയുന്നുണ്ട്.
സംഘപരിവാർ ഫാസിസം ഒരു ഫൈനൽ ഘട്ടത്തിലേക്ക് കടക്കുന്ന ഒരവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് പറഞ്ഞല്ലോ. പാർട്ടി കരട് റസല്യൂഷനിൽ പറയുന്ന ഒരു കാര്യമുണ്ട്, ഇതിനെതിരായിട്ടുള്ള ഒരു സമരമുന്നണി വികസിപ്പിക്കണമെങ്കിൽ ഇവിടെയുള്ള കമ്യൂണിസ്റ്റ് പാർട്ടികളെയും മറ്റു വിപ്ലവ സംഘടനകളെയും ഏകോപിപ്പിക്കേണ്ടതുണ്ട് എന്നുള്ളത്. ഇന്ത്യയിലുള്ള കമ്യൂണിസ്റ്റ് പാർട്ടികൾക്കും വിപ്ലവ സംഘടനകൾക്കും അപ്പുറത്ത് ഒരു സെക്യുലറിസ്റ്റുകളുടെയും നെഹ്രുയിസ്റ്റുകളുടെയും ലോഹ്യയുടെ പിൻമുറക്കാരും പൗരാവകാശപ്രവർത്തകരും അടങ്ങുന്ന വിപ്ലവ ഇടതുപക്ഷത്തിന് അപ്പുറത്തുള്ള വലിയൊരു ജനവിഭാഗമുണ്ട്. അവരും കൂടി ഉൾപ്പെട്ട ഒരു വിശാല മുന്നണി അല്ലേ വേണ്ടത്?
തീർച്ചയായും. ഇതാണ് ഈ പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാൻ പോകുന്ന രാഷ്ട്രീയപ്രമേയത്തിൽ ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പത്തുവർഷമായി മോദി സർക്കാരിന്റെ കീഴിൽ ഫാസിസ്റ്റ് പ്രവണത ശക്തിപ്പെടുകയും അതിന്ന് ആധിപത്യത്തിൽ വരികയും ചെയ്യുകയാണ്. അതിനിയും അപകടകരമായ അവസ്ഥയിലേക്ക് പോവുകയാണ്. ഇത് നേരിടണമെങ്കിൽ ഏറ്റവും വിശാലമായ ഐക്യമുണ്ടാകണം. ഇന്ന് ഇന്ത്യയിലെ വസ്തുനിഷ്ഠ സാഹചര്യം നോക്കുകയാണെങ്കിൽ കമ്യൂണിസ്റ്റുകാർ ചെറിയ ശക്തിയാണ്. എല്ലാ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളും ചേർന്നാലും വളരെ ചെറിയ ശക്തിയാണ്. അത്തരമൊരു സാഹചര്യത്തിൽ കമ്യൂണിസ്റ്റുകാർ ചേർന്ന് ഫാസിസത്തെ നേരിടുമെന്ന് പറയുന്നതിൽ അർഥമില്ല. പക്ഷെ വേറൊരു പ്രശ്‌നം കൂടിയുണ്ട്. ഫാസിസ്റ്റ് ഭീഷണി നേരിടുന്നുണ്ടെന്ന് അംഗീകരിക്കാൻ തയ്യാറാകാത്ത വിഭാഗങ്ങളാണ് ഇപ്പോൾ രാജ്യത്തുള്ളത്. അതാണ് ഏറ്റവും പ്രധാന പ്രശ്‌നം. സാമ്പത്തികനയങ്ങളിലും മൃദുഹന്ദുത്വ സമീപനങ്ങളിലും പൊതുവിൽ ആർ.എസ്.എസിൽ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാത്ത പാർട്ടികളെ സംബന്ധിച്ച്ഇന്നുണ്ടായിരിക്കുന്ന അവരുടെ കുതിച്ചുചാട്ടം മനസിലാക്കുന്നതിൽ അവർക്ക് വൈമുഖ്യമുണ്ട്, അല്ലെങ്കിൽ അവരതിന് തയ്യാറല്ല.
രാഹുൽഗാന്ധി ആർ.എസ്.എസിനെ ഫോക്കസ് ചെയ്ത്, ബി.ജെ.പി.യെ ഫോക്കസ് ചെയ്ത്, ഒരു ജാഥ ആരംഭിച്ച സമയത്തുതന്നെയാണ് ഗോവയിൽ കോൺഗ്രസ് എം.എൽ.എ.മാർ ബി.ജെ.പി.യിലേക്ക് പോയത്. ഇത് മറ്റു സംസ്ഥാനങ്ങളിലും സംഭവിക്കാം. എം.പി.മാരുടെ കാര്യത്തിലും സംഭവിക്കാം. ഇത്തരം അവസ്ഥ വീണ്ടും വീണ്ടും നിലനിൽക്കുകയാണ്. ഇത് കാണിക്കുന്നത്, മഹാരാഷ്ട്രയിൽ സംഭവിച്ചതുപോലെ, ബിഹാറിൽ കുറച്ച് വ്യത്യസ്തമായത് സംഭവിച്ചെങ്കിൽ പോലും അതിനെയൊക്കെ മറികടക്കുന്ന ശക്തിയോടെയാണ് മഹാരാഷ്ട്രയിൽ സംഭവിച്ചത്. ഇങ്ങനെയൊരു സാധ്യതയുള്ള സമയത്ത് നമ്മൾ വെറുതെയൊരു വിശാല മുന്നണി എന്ന് പറഞ്ഞതുകൊണ്ടായില്ല.
വിശാലമുന്നണിക്ക് സഹായകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഒരു പ്രേരകശക്തിയാകാൻ കമ്യൂണിസ്റ്റുകാർക്ക് കഴിയുമെന്നതാണ് ഞങ്ങൾ കാണുന്നത്. ഞങ്ങളുടെ തന്നെ രണ്ട് അനുഭവങ്ങളുണ്ട്. 2021-ലെ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ആർ.എസ്.എസ്. ജയിക്കുന്നതിനുവേണ്ടി വലിയ സമ്മർദമുണ്ടായി. ആ സമയത്ത് സി.പി.എമ്മാകട്ടെ കോൺഗ്രസും ഒരു ഇസ്ലാമിക സംഘടനയുമായി ചേർന്ന് എല്ലാ സീറ്റിലും മത്സരിക്കുകയാണ് ചെയ്തത്. ഇങ്ങനെയൊരു ത്രികോണമത്സരത്തിൽ ബി.ജെ.പി.ക്ക് അനുകൂലമായ അവസ്ഥയുണ്ടാകുമെന്ന് കണ്ട് ഞങ്ങൾ അതിൽ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും 'നോ വോട്ട് ടു ബി.ജെ.പി.' എന്നുപറഞ്ഞ് കാമ്പയിൻ നടത്തുകയും ചെയ്തു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലും ഞങ്ങൾ അതുതന്നെയാണ് ചെയ്തത്. ‘ഡിഫീറ്റ് ബി.ജെ.പി., സേവ് ഡെമോക്രസി' എന്ന കാമ്പയിനാണ് നടത്തിയത്. ഇടതുപക്ഷം എന്നുപറയുന്നവർ പോലും അതിലേക്ക് വരാൻ തയ്യാറായില്ലെങ്കിലും അതിന് കുറച്ച് ഇംപാക്റ്റുണ്ടായി. 60 സീറ്റിൽ, 200 വോട്ടിനും 2000 വോട്ടിനും ഇടയിലാണ് ബി.ജെ.പി. ജയിച്ചത്. ഇടതുപക്ഷമെന്നു പറയുന്ന ആളുകളെങ്കിലും ചേർന്നിരുന്നെങ്കിൽ അവിടെയൊക്കെ ബി.ജെ.പി.യെ തോൽപ്പിക്കാൻ കഴിയുമായിരുന്നു. ബി.ജെ.പി. വിരുദ്ധ ശക്തികൾക്കിടയിലെ ഈയൊരു ഭിന്നതയാണ് ബി.ജെ.പി.ക്ക് അനുകൂലമായ ഒരു ഘടകം. ഇതിനെ മറികടക്കുന്നതിനുള്ള ഒരു പ്രേരകശക്തിയാകാൻ കഴിയണം. അതാണിപ്പോൾ ഞങ്ങൾ ശ്രമിക്കുന്നത്.
കോൺഗ്രസ് ഇല്ലാതെയുള്ള ഒരു ഐക്യമുന്നണി കെട്ടിപ്പടുക്കുമെന്ന് കേരളത്തിലെ സി.പി.എം മാത്രമെ പറയൂ. അവർ കേരളത്തിന് പുറത്തേക്ക് ഇന്ത്യയെ കാണുന്നില്ല. അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിലും, കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിലെ പോലെ, ജനം സി.പി.എമ്മിന് വോട്ട് ചെയ്യാത്ത ഒരവസ്ഥയുണ്ടാകും.
കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്നത്തെ പ്രതിപക്ഷ കക്ഷികൾക്ക് ബൂർഷ്വാ വർഗത്തിന്റെ രാഷ്ട്രീയപാർട്ടി എന്ന നിലക്കുള്ള വർഗപരിമിതിയുണ്ട്. ആർ.എസ്.എസ് അതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2025-ൽ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തണമെന്ന രീതിയിലാണ് അവർ മുന്നോട്ടുപോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ആശയം തന്നെ വെല്ലുവിളിക്കപ്പെടുന്ന ഒരു അവസരത്തിൽ, വർഗപരിമിതികളുള്ള ഈ പാർട്ടികളെ മനസിലാക്കിക്കൊണ്ടുതന്നെ വിശാല മുന്നണി പ്രത്യേക കാലഘട്ടത്തേക്കെങ്കിലും ആവശ്യമായി വരില്ലേ?
യു.പി.യിൽ ഞങ്ങൾ ആഹ്വാനം ചെയ്തത് അതാണ്. ഞങ്ങളുടെ സഖാക്കൾ എല്ലാ പാർട്ടി ഓഫിസുകളിലും പോയി കത്തുകൾ കൊടുക്കുകയും, ബി.ജെ.പി.ക്കെതിരായി വോട്ടുകൾ ധ്രുവീകരിക്കുന്ന എന്തെങ്കിലും ശ്രമങ്ങൾ അവരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. കോൺഗ്രസിന്റെയൊക്കെ വർഗസ്വഭാവം മനസിലാക്കി തന്നെ. ഇന്നിപ്പോൾ കോൺഗ്രസ് ഇല്ലാതെയുള്ള ഒരു ഐക്യമുന്നണി കെട്ടിപ്പടുക്കുമെന്ന് കേരളത്തിലെ സി.പി.എം മാത്രമെ പറയൂ. അവർ കേരളത്തിന് പുറത്തേക്ക് ഇന്ത്യയെ കാണുന്നില്ല. സംഭവിക്കാൻ പോകുന്നത്, അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിലും, കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിലെ പോലെ, ജനം സി.പി.എമ്മിന് വോട്ട് ചെയ്യാത്ത ഒരവസ്ഥയുണ്ടാകും. കോൺഗ്രസ് ഉൾപ്പെടെ, പ്രാദേശികപാർട്ടികളുൾപ്പെടെയുള്ള വിശാലമുന്നണി കെട്ടിപ്പടുക്കാതെ ബി.ജെ.പി.യെ തോൽപ്പിക്കാൻ കഴിയില്ല. ഇതിന്റെയർഥം, ഇവരൊക്കെ ഇടതുപക്ഷത്തേക്ക് വരുമെന്നൊന്നുമല്ല. പക്ഷെ ഇടതുപക്ഷത്തിന് ഒരു റോളുണ്ട്. ഇങ്ങനെയൊരു മുന്നേറ്റം ഉണ്ടാകുന്ന സമയത്ത് ഇടതുപക്ഷം അതിന്റേതായ ഒരു സ്വതന്ത്ര ഇടതുപക്ഷ ശക്തിയായിട്ട് രാഷ്ട്രീയമായിട്ട് നിലനിൽക്കുകയാണെങ്കിൽ തീർച്ചയായിട്ടും അവരുടെ ഭാഗത്തേക്ക് ജനങ്ങൾ വരും.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ തന്നെ, എം.എൽ. പാർട്ടികളിൽ തന്നെ പ്രധാനപ്പെട്ട പാർട്ടികളാണ് സി.പി.ഐ (എം.എൽ) റെഡ്സ്റ്റാറും സി.പി.ഐ (എം.എൽ) ലിബറേഷനും. അടുത്തകാലത്തുണ്ടായ ഒരു സംഭവവികാസം സി.പി.ഐ (എം.എൽ) ലിബറേഷന്റെ പൊളിറ്റ്ബ്യൂറോ മെമ്പർ കവിത കൃഷ്ണൻ പാർട്ടിയുമായുള്ള ബന്ധം വേർപെടുത്തിയതാണ്. അവർ രണ്ടുമൂന്ന് പ്രശ്‌നങ്ങൾ അതിൽ ഉന്നയിച്ചിട്ടുണ്ട്. ഒന്ന് റഷ്യ- യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി സ്വീകരിക്കുന്ന നിലപാടിന്റെ പരിമിതിയാണ്. മറ്റൊന്ന് സ്റ്റാലിനെ സംബന്ധിച്ച ഒരു പ്രസ്താവന അവരിറക്കി. അവർ പറഞ്ഞത് ദാർശനികമായി സംസാരിക്കുകയാണെങ്കിൽ സ്റ്റാലിൻ ഒരു മാർക്‌സിസ്റ്റല്ല, കാരണം സ്റ്റാലിൻ ഒരു ഡയലക്ടിക്കൽ തിങ്കർ ആയിരുന്നില്ല എന്നായിരുന്നു. സ്റ്റാലിന്റെ വ്യതിയാനങ്ങളെപ്പറ്റി റെഡ്റ്റാറൊക്കെ പല സന്ദർഭങ്ങളിലായി പറഞ്ഞിട്ടുണ്ട്. പലപ്പോഴും തോന്നിയത്, സ്റ്റാലിൻ 70% ശരിയായിരുന്നു, 30% തെറ്റായിരുന്നു എന്ന മാവോയുടെ വീക്ഷണങ്ങളിലധിഷ്ഠിതമായിക്കൊണ്ടാണ് എം.എൽ. പാർട്ടികൾ ഇന്ത്യയിൽ ആ ഒരു കാര്യത്തെ സമീപിച്ചത്. അതിലും അപ്പുറം, സ്റ്റാലിന്റെ വ്യതിയാനങ്ങളുടെ അടിസ്ഥാനമായി വർത്തിച്ച ദാർശനികമായ തെറ്റെന്തായിരുന്നു എന്നതിനെപ്പറ്റി മാർക്‌സിസ്റ്റുകൾ ആഴത്തിൽ പഠനം നടത്തിയിട്ടുണ്ടോ?
കവിതാ കൃഷ്ണൻ ഒരു മാർക്‌സിസ്റ്റാകാത്തതുകൊണ്ടല്ല, അവർ സ്റ്റാലിനെ വിമർശിക്കുന്നത്. മറിച്ച് അവർ കണ്ടെത്തിയിരിക്കുന്നത് മാർക്‌സിസം തന്നെ കാലഹരണപ്പെട്ടു എന്നാണ്. അതാണല്ലോ അവർ ബൂർഷ്വാ ജനാധിപത്യത്തെ വാഴ്ത്തുന്നത്. അവർ പറഞ്ഞിരിക്കുന്നത്, ഇതുവരെയുള്ള ജനാധിപത്യ പരീക്ഷണങ്ങളിൽ ബൂർഷ്വാ ജനാധിപത്യമാണ് ഏറ്റവും ഉന്നതമായതെന്നാണ്. അതോടൊപ്പം അവർ പറഞ്ഞത്, ഹിറ്റ്‌ലറേക്കാൾ വലിയ ഫാസിസ്റ്റായിരുന്നു സ്റ്റാലിനെന്നാണ്. അങ്ങനെയൊരു വിലയിരുത്തൽ നടത്തുമ്പോൾ സ്റ്റാലിനെ അവർ പൂർണമായി തള്ളിക്കളയുകയാണ്. ഞങ്ങളുടെ വിലയിരുത്തലും അവരുടെ വിലയിരുത്തലും തമ്മിലുള്ള വ്യത്യാസം എന്താണെന്നുവെച്ചാൽ, ഞങ്ങൾ കാണുന്നത് മുതലാളിത്ത വ്യവസ്ഥക്കുള്ള ബദൽ എന്ന രീതിയിലാണ് സോഷ്യലിസം വരുന്നത്. അങ്ങനെയൊരു ബദലാകാൻ കഴിയുന്ന ഒരു പ്രക്രിയയുണ്ടല്ലോ, അത് പൂർത്തീകരിക്കുന്നതിലാണ് തെറ്റുണ്ടായത്. സോവിയറ്റ് യൂണിയൻ രൂപീകരിക്കപ്പെടുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സമയത്ത് ലോകത്തെ ഏതാണ്ട് എല്ലാ ബുദ്ധിജീവികളും അവിടെ പോവുകയുണ്ടായി. അവർ മടങ്ങിയെത്തിയത് ഒരു പുതിയ ലോകം കണ്ടു എന്ന പ്രസ്താവനയോടെയാണ്. ഇന്ത്യയിൽ നിന്നാണെങ്കിൽ പെരിയാർ രാമസ്വാമി നായ്കർ, ജവാഹർലാൽ നെഹ്രു, രവീന്ദ്രനാഥ ടഗോർ തുടങ്ങി എല്ലാ ആളുകൾക്കും ഒരേ അഭിപ്രായമായിരുന്നു. ഒരു വലിയ സംഭവമായിരുന്നു അത്. ജനാധിപത്യപ്രക്രിയയിൽ സ്ത്രീകൾക്ക് ആദ്യമായി വോട്ടവകാശം പ്രഖ്യാപിക്കുന്നത് സോവിയറ്റ് യൂണിയനാണ്. പക്ഷെ അതിനെ സമ്രാജ്യത്വത്തിന് ബദലായി വികസിപ്പിക്കുന്നതിലുണ്ടായ പരിമിതികളാണ് അവരെ പുറകോട്ടടിപ്പിച്ചത്. ഉത്പാദന മേഖലയിൽ കൂടുതൽ കൂടുതൽ ഉത്പാദിപ്പിക്കുക എന്ന ലൈനിലേക്കെത്തുകയാണെങ്കിൽ അമേരിക്കൻ എഫിഷ്യൻസിയെക്കുറിച്ചൊക്കെ സംസാരിച്ചുതുടങ്ങും. അതാണ് സോവിയറ്റ് യൂണിയനിൽ സംഭവിച്ചത്. രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്‌ലർ ഉയർന്നുവന്നപ്പോൾ, അത് നേരിടണമെങ്കിൽ സോവിയറ്റ് യൂണിയനെ സാമ്പത്തികമായും സൈനികമായും ശക്തിപ്പെടുത്തണം. അതിന് കൂടുതൽ എഫിഷ്യൻസി വേണം. അമേരിക്കൻ എഫിഷ്യൻസിയെപ്പറ്റി അവർ പറയുന്നത് അപ്പോഴാണ്.
സോഷ്യലിസത്തിന്റെ പാതയിൽ നിന്ന് വ്യതിചലിക്കുന്നതിനുള്ള കാരണം, എഫിഷ്യൻസിയെപ്പറ്റിയൊക്കെയുള്ള തെറ്റായ ധാരണകൾ മൂലം ഉത്പാദനം ശക്തിപ്പെടുത്താൻ ശ്രമിച്ചതാണ്. ഈ പ്രശ്‌നങ്ങളെ വിലയിരുത്താതെയാണ് ഇപ്പോൾ കവിതാ കൃഷ്ണൻ സംസാരിക്കുന്നത്. അവരുടേത് മാർക്‌സിസ്റ്റ് നിലപാടല്ല. സ്റ്റാലിൻ മാർക്‌സിസ്റ്റല്ല എന്ന് വിലയിരുത്തണമെങ്കിൽ അവർ ഒരു മാർക്‌സിസ്റ്റായിരിക്കണം. അവർ അതല്ലാതായി എന്നുള്ളതാണ് പ്രശ്‌നം. പ്രത്യേകിച്ച് 30 വർഷത്തെ അനുഭവം എന്നൊക്കെ പറഞ്ഞിട്ട് അവർ എത്തിപ്പെട്ടിരിക്കുന്നത് എവിടെയാണ്?
സോവിയറ്റ് യൂണിയനിൽ സ്റ്റാലിസ്റ്റ് കാലഘട്ടത്തിൽ അവിടെ സോഷ്യലിസം എങ്ങനെ കെട്ടിപ്പടുക്കണമെന്നതു സംബന്ധിച്ച് പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അങ്ങനെ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും അവിടെ വിവിധ ഇടതുപാർട്ടികളോ കമ്യൂണിസ്റ്റ് പാർട്ടികളോ ഉണ്ടായിട്ടില്ല. പക്ഷെ ഇന്ത്യയുടെ കാര്യമെടുത്താൽ, അല്ലെങ്കിൽ പാർലമെന്ററി ജനാധിപത്യമുള്ള മറ്റു രാജ്യങ്ങളെടുത്താൽ അവിടത്തെ ഭരണകൂടത്തെ പിഴുതെറിയാൻ വേണ്ടി ഏത് ലൈൻ സ്വീകരിക്കണം, എങ്ങനെയുള്ള മുന്നണി കെട്ടിപ്പടുക്കണം എന്നുള്ളതൊക്കെ സംബന്ധിച്ച് ഒന്നിലേറെ ഇടതുപാർട്ടികളുണ്ട്. ഇന്ത്യയിൽ തന്നെ ഡസനോളം എം.എൽ. പാർട്ടികളുണ്ടല്ലോ. പക്ഷെ സോവിയറ്റ് യൂണിയനിൽ ഇടതു സ്‌പെക്ട്രത്തിനകത്തുതന്നെ വേറെ ഇടതുപാർട്ടികൾ സോഷ്യലിസം കെട്ടിപ്പടുക്കുന്നതുസംബന്ധിച്ച് അവരുടെ ബദൽ നിലപാട് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാനും ജനങ്ങളെ സംഘടിപ്പിക്കാനുമൊക്കെയുള്ള ഒരു തുറസ് ഒരിക്കലും സ്റ്റാലിന്റെ കാലഘട്ടത്തിലോ ലെനിന്റെ കാലഘട്ടത്തിലോ ഉണ്ടായിരുന്നില്ലല്ലോ.
ഇന്നത്തെ അവസ്ഥ വെച്ച് അന്നത്തെ അവസ്ഥയെ വിലയിരുത്തിയാൽ തെറ്റുപറ്റും. ലെനിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയൻ രൂപംകൊള്ളുന്ന സമയത്ത് ലോകം മുഴുവൻ പരിശോധിച്ചുകഴിഞ്ഞാൽ, പശ്ചിമ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും കാനഡയും ഒരളവിൽ ആസ്‌ട്രേലിയയും ന്യൂസിലൻഡും ഒഴിച്ച് ഒരു രാജ്യത്തും ആ അർഥത്തിൽ ബൂർഷ്വാ ജനാധിപത്യം ഉണ്ടായിരുന്നില്ല. പലയിടത്തും രാജഭരണമായിരുന്നു, സൈനികഭരണമായിരുന്നു. മാത്രമല്ല, സോവിയറ്റ് യൂണിയനിൽ തന്നെ ഹ്രസ്വകാലത്തേക്ക് ഡ്യൂമ പോലുള്ള പാർലമെന്റിൽ വളരെ ചുരുങ്ങിയ അംശം ജനങ്ങൾക്കേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. അങ്ങനെയൊരു ബൂർഷ്വാ ജനാധിപത്യം സങ്കൽപം പോലും അന്ന് വികസിച്ചിരുന്നില്ല. ഇന്ന് ലോകത്ത് ഒരളവിൽ ബൂർഷ്വാ ജനാധിപത്യത്തിന്റെ പല രൂപത്തിലാണ് എല്ലാ ഗവൺമെന്റുകളും. നിയോ ഫാസിസം വളർന്നുവരുന്നത് പാർലമെന്ററി സംവിധാനം ഉപയോഗിച്ചാണ്. അതുകൊണ്ട് ഇന്നത്തെ അവസ്ഥ വെച്ച് അന്നത്തെ അവസ്ഥയെ അളക്കരുത്. അതാണ് കവിതാ കൃഷ്ണന് പറ്റുന്ന ഏറ്റവും വലിയ തെറ്റ്. ഇന്ത്യയിൽ ഇപ്പോൾ ജനകീയ മുന്നേറ്റത്തിലൂടെ അധികാരം പിടിക്കുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടി വിജയിക്കുകയാണെങ്കിൽ, ഒറ്റ പാർട്ടി സമ്പ്രദായം നടപ്പാക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല. കാലം മാറിക്കഴിഞ്ഞു.
മാർക്‌സിസ്റ്റ് വിരുദ്ധരെല്ലാം മാവോയുടെ സംഭാവനകളെ മറച്ചുവെക്കുകയാണ് ചെയ്തത്. മാവോ ചെയ്തത്, അവിടത്തെ മുതലാളിത്തത്തിനെതിരായ സാംസ്‌കാരിക വിപ്ലവമാണ്. അതായത് ആശയപരമായ ഒരു മാറ്റമില്ലാതെ ഇവിടെ സ്വകാര്യസ്വത്തില്ലാത്ത സമൂഹം കെട്ടിപ്പടുക്കാൻ പറ്റില്ല.
1951-ലെ പാർട്ടി പരിപാടിയിൽ തന്നെ, ബഹുകക്ഷി സമ്പ്രദായം തന്നെയാണ് വിപ്ലവം നടന്നാലും ഇന്ത്യയിൽ ഉണ്ടാവുക എന്നുള്ളത് പറഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്.
അന്നുതന്നെ ചർച്ച ആരംഭിച്ചിരുന്നു. അങ്ങനെ ചർച്ച ആരംഭിക്കേണ്ട അവസ്ഥയാണ് രണ്ടാം ലോകയുദ്ധത്തിനുശേഷമുണ്ടായത്. യുദ്ധത്തിനുശേഷം അമേരിക്ക ആധിപത്യത്തിൽ വരികയും ബ്രിട്ടൻ ബലഹീനമാവുകയും അപ്പോൾ കോളനിഭരണത്തിനു പകരം അതത് രാജ്യത്തെ സാമ്രാജ്യത്വ അനുകൂല ശക്തികളിലേക്ക് അധികാര കൈമാറ്റം നടത്തുന്ന സമ്പ്രദായം നടപ്പിലായി. അങ്ങനെ നടപ്പായപ്പോഴാണ് ഇന്ത്യയിലടക്കം ബൂർഷ്വാ ജനാധിപത്യ ഭരണം ഉണ്ടായത്. ഇത് ലോകം മുഴുവനുണ്ടായി. ഇന്ന് ഈ അവസ്ഥയിൽ കമ്യൂണിസ്റ്റ് പാർട്ടി എങ്ങനെ പ്രവർത്തിക്കണമെന്നാണ് ചിന്തിക്കേണ്ടത്.
മുതലാളിത്തത്തിനെതിരെ ഒരു ബദലുണ്ടാക്കുക എന്നത് ഇന്ന് ഒരു ചെറിയ പ്രശ്‌നമല്ല. ഇന്നിപ്പോൾ ഏറ്റവും വലിയ പ്രശ്‌നം പരിസ്ഥിതി പ്രശ്‌നങ്ങളാണല്ലോ. അത് സൃഷ്ടിക്കുന്നതുതന്നെ മുതലാളിത്തമാണല്ലോ. ഇതിൽ നിന്ന് വ്യത്യസ്തമായിട്ടൊരു സാമൂഹിക- സാമ്പത്തിക വ്യവസ്ഥയുണ്ടാക്കുക എന്നുപറയുമ്പോൾ അതിന് സാമ്രാജ്യത്വത്തിന്റെ എല്ലാ സ്വഭാവങ്ങളും നഷ്ടപ്പെടുത്തേണ്ടിവരും. കൺസ്യൂമറിസം അടക്കമുള്ള എല്ലാ പ്രശ്‌നങ്ങളും നേരിടേണ്ടിവരും. അപ്പോൾ സ്വാഭാവികമായിട്ടും ആശയത്തിന്റെ തലത്തിൽ വലിയ മാറ്റമുണ്ടാകും. അത് കവിതാ കൃഷ്ണൻ പറയുന്നില്ല. മാർക്‌സിസ്റ്റ് വിരുദ്ധരെല്ലാം മാവോയുടെ സംഭാവനകളെ മറച്ചുവെക്കുകയാണ് ചെയ്തത്. മാവോ ചെയ്തത്, അവിടത്തെ മുതലാളിത്തത്തിനെതിരായ സാംസ്‌കാരിക വിപ്ലവമാണ്. അതായത് ആശയപരമായ ഒരു മാറ്റമില്ലാതെ ഇവിടെ സ്വകാര്യസ്വത്തില്ലാത്ത സമൂഹം കെട്ടിപ്പടുക്കാൻ പറ്റില്ല. രണ്ടാമത്, എങ്ങനെ അധികാരം ജനങ്ങളിലേക്കെത്തിക്കാൻ പറ്റും. അതാണ് പീപ്പിൾസ് കമ്യൂൺ. പാരിസ് കമ്യൂണിന്റെയും സോവിയറ്റിന്റെയുമൊക്കെ തുടർച്ചയായി പീപ്പിൾസ് കമ്യൂൺ എന്ന സങ്കൽപം വികസിപ്പിക്കുകയുമാണ് ചെയ്തത്. ഇവിടത്തെ അയൽക്കൂട്ടം എന്നൊക്കെ പറയുന്നത് ചൈനയിൽ മുമ്പേ നടപ്പാക്കിയതാണ്. ബ്രിഗേഡ് എന്നാണ് അവിടെ പറഞ്ഞിരുന്നത്. അയൽക്കൂട്ടങ്ങളിൽ തീരുമാനമെടുക്കുകയും അത് പഞ്ചായത്തിൽ അല്ലെങ്കിൽ കമ്യൂണിൽ തീരുമാനമാവുകയും അങ്ങനെ അധികാരം കീഴെ വരികയും അവിടെനിന്ന് തീരുമാനങ്ങൾ ക്രോഡീകരിച്ച് മുകളിലേക്ക് പോവുകയും ചെയ്യുന്ന ഒരു എതിർപ്രക്രിയ അവിടെ ഉണ്ടായി എന്നതാണ്. അത്തരം പരീക്ഷണങ്ങളൊക്കെ ഉണ്ടായിരുന്നു. അതിനെപ്പറ്റിയൊന്നും കവിത കൃഷ്ണന് പറയാൻ കഴിയുന്നില്ല.
റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ, റഷ്യ നടത്തുന്ന ആക്രമണത്തിനെതിരായി, അമേരിക്ക വിയറ്റ്‌നാമിനെ ആക്രമിച്ചപ്പോഴുണ്ടായിട്ടുള്ളതുപോലെയൊന്നുമുള്ള ഒരു യുദ്ധവിരുദ്ധ കാമ്പയിൻ നടത്താൻ ഇടതുപക്ഷക്കാർ തയ്യാറാകുന്നില്ല എന്ന കാര്യം അവർ പറയുന്നുണ്ട്.
ഞങ്ങളുടെ പാർട്ടിയെ സംബന്ധിച്ച്, റഷ്യ യുക്രെയ്‌നെ ആക്രമിച്ച ആദ്യ ദിവസം തന്നെ, വളരെ ശക്തമായി എതിർക്കുകയും അപലപിക്കുകയും ചെയ്തു. ഇത് സാമ്രാജ്യത്വ റഷ്യയുടെ ആക്രമണമാണ് എന്നുതന്നെയാണ് ഞങ്ങൾ പറഞ്ഞത്.
ദേശീയ വിമോചനത്തിനുവേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടം എന്നതിനപ്പുറത്തേക്ക് റഷ്യൻ സാമ്രാജ്യത്വ ആക്രമണം ചെറുക്കാനായി നവനാസികളുടെ ഐക്യവും അതിനുപിന്നിൽ നാറ്റോയുടെ ധ്രുവീകരണവുമാണ് സംഭവിക്കുന്നത്.
പാർട്ടിരേഖകളിൽ ശ്രദ്ധിച്ച ഒരു കാര്യം, ഇതിൽ ഉപയോഗിച്ച വാക്കുകൾ സോഷ്യൽ സാമ്രാജ്യത്വമായ ചൈന എന്നും സാമ്രാജ്യത്വ റഷ്യ എന്നും നവ നാസി യുക്രെയ്ൻ എന്നുമാണ്. അത് കൃത്യമാണ്. പക്ഷെ യുക്രെയ്ൻ എന്നുപറയുന്നത് നാറ്റോയുടെ കൈയിൽ കളിക്കുന്ന ഒരു പാവരാഷ്ട്രം പോലെ പെരുമാറുന്നുണ്ടെങ്കിലും ജനാധിപത്യവാദികളായ മാർക്‌സിസ്റ്റുകൾ എക്കാലവും ഒരു ജനതയെ ആക്രമിക്കുന്നതിന് എതിരാണല്ലോ. അതിനനുസരിച്ചുള്ള ഒരു പ്രക്ഷോഭമോ കാമ്പയിനോ ഉണ്ടാകുന്നില്ല എന്നതാണ്. സി.പി.ഐ (എം.എൽ) റെഡ്സ്റ്റാറിനെ സംബന്ധിച്ച് ആ വിമർശനത്തിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം സാമ്രാജ്യത്വ റഷ്യ എന്നുതന്നെ ഉപയോഗിക്കുന്നുണ്ട്. പക്ഷെ പല ഇടതുപക്ഷക്കാരും സ്വതന്ത്ര ചിന്താഗതിയുള്ളവർ എന്നുപറയുന്നവർ പോലും അതൊരു ആക്രമണമായി എടുക്കുന്നില്ല എന്ന വിമർശനം കൂടിയുണ്ട്. പലപ്പോഴും യുദ്ധം എന്നാണല്ലോ പറയുന്നത്.
അതിൽ അവർ കാണാത്ത ഒരു പ്രശ്‌നമുണ്ട്. വിയറ്റ്‌നാം യുദ്ധമെടുക്കുക. വിയറ്റ്‌നാം എന്നുപറയുന്ന ഒരു ദുർബല രാജ്യത്തെ അമേരിക്ക എന്നുപറയുന്ന വലിയൊരു ശക്തി ആക്രമിക്കുകയാണ്. അതിനെ ചെറുത്തുനിൽക്കുന്നത് ഒരു കമ്യൂണിസ്റ്റ് പാർട്ടിയാണ്. അവർ ദേശീയ വിമോചന സമരം നടത്തുകയാണ്. ആ സമരത്തെ പിന്താങ്ങി ലോകം മുഴുവൻ വലിയൊരു മുന്നേറ്റമുണ്ടായി, അമേരിക്കയിൽ ഉൾപ്പെടെ. യുക്രെയ്‌നെ അതുമായി താരതമ്യപ്പെടുത്താൻ പറ്റില്ല. റഷ്യയുടെ ആക്രമണം ചെറുക്കാൻ യുക്രെയ്‌നെ സഹായിക്കുന്നത് നാറ്റോയാണ്. അതുപോലെ അമേരിക്കയാണ്. അവർ ആയുധങ്ങളെത്തിക്കുന്നു. അതുമാത്രമല്ല, പല യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും നവ നാസി ശക്തികൾ അവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ യുദ്ധത്തിന്റെ സ്വഭാവം തന്നെ മാറുകയാണ്. ദേശീയ വിമോചനത്തിനുവേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടം എന്നതിനപ്പുറത്തേക്ക് റഷ്യൻ സാമ്രാജ്യത്വ ആക്രമണം ചെറുക്കാനായി നവനാസികളുടെ ഐക്യവും അതിനുപിന്നിൽ നാറ്റോയുടെ ധ്രുവീകരണവുമാണ് സംഭവിക്കുന്നത്.
നാറ്റോ കൂടുതൽ വികസിതമാകുന്നുണ്ട്. നാറ്റോ തുടങ്ങിയ സമയത്ത് 11 രാഷ്ട്രങ്ങളാണുണ്ടായിരുന്നത്. ഇന്ന് 30 ആയി. സോവിയറ്റ് യൂണിയൻ തകരുമ്പോൾ 15 രാഷ്ട്രങ്ങളാണുണ്ടായിരുന്നത്.
അവർ പറഞ്ഞിരുന്നത് ഇത് രണ്ടാം ലോകയുദ്ധത്തിനുശേഷം ഇത് പിരിച്ചുവിടുമെന്നായിരുന്നു. വാഴ്‌സ സഖ്യം പിരിച്ചുവിടുന്നതിനൊപ്പം തന്നെ നാറ്റോയും പിരിച്ചുവിടുമെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇപ്പോൾ ശക്തിപ്പെടുത്തുകയാണ്. ഇന്ന് ആഗോളതലത്തിലുള്ള ഒരു സൈനികസഖ്യമായിട്ടത് മാറിക്കൊണ്ടിരിക്കുകയാണ്.
ഇതിലുള്ള ചൈനയെപ്പറ്റിയുള്ള പരാമർശം പാർട്ടി വിലയിരുത്തൽ തന്നെയാണല്ലോ? സോഷ്യൽ സാമ്രാജ്യത്വ രാഷ്ട്രം എന്നാണ് പറയുന്നത്. അതോടൊപ്പം, അതിൽ പറയുന്ന ഒരു കാര്യം, 1976-ൽ മാവോ സെതുങ്ങിന്റെ മരണത്തോടെ ചൈന ഒരു സാമ്രാജ്യത്വ സ്വഭാവമുള്ള രാഷ്ട്രമായി മാറി എന്നാണ്. അതുവരെ ഭരിച്ചിരുന്നത് മാവോ സെതുങ്ങായിരുന്നല്ലോ. അതിനുശേഷം അതൊരു സാമ്രാജ്യത്വ രാഷ്ട്രമായി മാറി എന്നുപറയുമ്പോൾ അതിലൊരു ലളിതവത്കരണമില്ലേ? കാരണം, അതുവരെ ഭരിച്ച ഒരു ഭരണാധികാരിക്കും പാർട്ടിക്കും അവരുടെ നയങ്ങൾക്കും രാജ്യം സോഷ്യൽ സാമ്രാജ്യത്വമായി മാറിയിട്ടുണ്ടെങ്കിൽ അതിലൊരു പ്രധാനപ്പെട്ട റോൾ ഉണ്ടാകില്ലേ?
ഉണ്ട്. അത് മാവോ അംഗീകരിച്ച കാര്യമാണ്. 1974-ൽ മാവോയുടെ സുഹൃത്തായിരുന്ന വില്യം ഹിന്റൻ മാവോയെ ഇന്റർവ്യൂ ചെയ്തിരുന്നു. ചൈനീസ് വിപ്ലവം നടക്കുന്ന കാലത്ത് അവിടെ അധ്യാപകനായി ജോലി ചെയ്തിരുന്ന അമേരിക്കക്കാരനാണ് ഹിന്റൺ. സാംസ്‌കാരിക വിപ്ലവം കഴിഞ്ഞ്, 10-ാം കോൺഗ്രസും കഴിഞ്ഞ് മുതലാളിത്തവുമായുള്ള സംഘട്ടനം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഹിന്റൺ മാവോയെ കാണുന്നത്. മാവോയോട് ഹിന്റൺ ചോദിക്കുന്നത് സാംസ്‌കാരിക വിപ്ലവം നടന്നുകഴിഞ്ഞ ചൈനയിൽ ഇനി തിരിച്ചുപോക്കിന് സാധ്യതയുണ്ടോ എന്നാണ്. തീർച്ചയായും ഉണ്ടെന്നാണ് മാവോ മറുപടി പറഞ്ഞത്. 25 കൊല്ലം നിരന്തരമായിട്ട് സോഷ്യലിസ്റ്റ് പരിവർത്തനത്തിനുവേണ്ടി ശ്രമിച്ചിട്ടുപോലും പഴയ ആശയങ്ങളിൽ നിന്നും ചിന്താഗതികളിൽ നിന്നും ആചാരങ്ങളിൽ നിന്നും സാധാരണ ജനങ്ങളെ തട്ടിയുണർത്തുന്നതിൽ ഇന്നും ഞങ്ങൾ പരാജയപ്പെട്ടിരിക്കുകയാണെന്നും മാവോ പറഞ്ഞു. അപ്പോൾ ഇത് വളരെ ലളിതമായ ഒരു കാര്യമല്ല.
സാംസ്‌കാരിക വിപ്ലവത്തെപ്പറ്റി പറഞ്ഞപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം, സാംസ്‌കാരിക വിപ്ലവത്തിന്റെ അവസാനഘട്ടത്തിൽ അതൊരു സെക്ടേറിയൻ പാതയിലേക്ക് പോയി എന്ന് റെഡ്സ്റ്റാർ വിലയിരുത്തുന്നുണ്ട്. പക്ഷെ അത് നടന്ന അവസരത്തിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ അങ്ങനെ വിലയിരുത്താൻ പ്രാപ്തിയുള്ളവരായിരുന്നോ? സാംസ്‌കാരിക വിപ്ലവം നടന്ന സമയത്ത് അങ്ങനെയുള്ള വിലയിരുത്തലുണ്ടായിരുന്നോ? വർഷങ്ങൾ കഴിഞ്ഞാണ് സെക്ടേറിയൻ പാതയിലേക്ക് പോയി എന്നും അത് ചൈനയുടെ പുരോഗതി തടസ്സപ്പെടുത്തി എന്നൊക്കെ വിലയിരുത്തുന്നത്. ഇന്ത്യൻ കമ്യൂണിസ്റ്റുകളെ എടുക്കുകയാണെങ്കിൽ റഷ്യയിലുണ്ടായ സംഭവവികാസങ്ങളാണെങ്കിലും ചൈനയിലുള്ള സംഭവവികാസങ്ങളായാലും അതത് സമയം തന്നെ വിലയിരുത്തി അതിലെ പിശകുകൾ കണ്ടെത്തി ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ വളർത്തുന്നതിൽ പ്രയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടോ? സി.പി.എം.എൽ. റെഡ്സ്റ്റാർ ധാരാളം സ്വയം വിമർശനങ്ങൾ നടത്തുന്നുണ്ട്. ഇപ്പോൾ 12-ാം കോൺഗ്രസ് വരെയുള്ള വിവിധ കാലങ്ങളിലുണ്ടായിരുന്ന സെക്ടേറിയൻ ഘടകങ്ങളെപ്പറ്റി പറയുന്നുണ്ട്. ആ സമയത്തുതന്നെ അത് കണ്ടെത്തി ജനങ്ങളോട് പറയാനും അതിന്റെ ഫലമായി മനസിലാക്കിയ കാര്യങ്ങൾ ഇന്ത്യൻ രാഷ്്ട്രീയത്തിൽ പ്രയോഗിക്കാനും കഴിഞ്ഞിട്ടുണ്ടോ?
ഞങ്ങളെ സംബന്ധിച്ച് അതിന് കഴിഞ്ഞിട്ടുണ്ട്. സി.പി.ഐ (എം.എൽ) പ്രസ്ഥാനം ശിഥിലമായശേഷം കേരളത്തിലെ പാർട്ടിക്ക് മറ്റു സംസ്ഥാനങ്ങളിലെ പാർട്ടികളുമായി ബന്ധമുണ്ടായിരുന്നില്ല. 1972-ലാണ് ഞാനിവിടെ ആക്ടീവാകുന്നത്. 72-ൽ പഴയ നിലപാട് ഉപേക്ഷിച്ച് ഒരു പുതിയ ലൈൻ സ്വീകരിക്കുമ്പോൾ കോമ്രേഡ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. ഈ പ്രസിദ്ധീകരണത്തിലൂടെ ചൈനയിൽ നടക്കുന്ന സാംസ്‌കാരിക വിപ്ലവത്തിന് വലിയ ഊന്നൽ നടത്തിക്കൊണ്ട് ഞങ്ങൾ പ്രചാരണം നടത്തി. സെക്ടേറിയൻ രീതിയിലേക്ക് പോകുന്നു എന്ന് മനസിലാക്കിക്കൊണ്ടുതന്നെയായിരുന്നു പ്രചാരണം. 76-ൽ ഞങ്ങൾ ജയിലിലാണ്. ജയിലിൽ കിട്ടുന്ന ചെറിയ വാർത്തകളനുസരിച്ച് ഞങ്ങൾക്ക് പെട്ടെന്ന് തീരുമാനത്തിലെത്താൻ കഴിയില്ല.
റാഡിക്കലായി അവതരിപ്പിക്കപ്പെടുന്ന ഇന്ത്യയിലെ മാവോയിസ്റ്റുകളുടെ പോലും അവസ്ഥയെന്താണ്? ഒരു സ്‌ക്വാഡ് പൊളിറ്റിക്‌സിനപ്പുറത്തേക്ക് അവർക്കൊന്നും പോകാൻ കഴിയുന്നില്ല. അവർ മാവോയിസ്റ്റുകളല്ല, മാവോയുടെ ലൈനുമായി അവർക്ക് ബന്ധമൊന്നുമില്ല.
ആ കാലഘട്ടത്തിൽ സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ എന്ന രീതിയിൽ വന്നിട്ടുമില്ലല്ലോ?
ഇല്ല. അന്ന് സി.ആർ.സി. സി.പി.ഐ (എം.എൽ) ആണ്. 12-ാം പാർട്ടി കോൺഗ്രസ് 2022-ൽ നടക്കുന്നു. 1982-ലെ സമ്മേളനം ഒന്നാമത്തേത് എന്ന നിലയിലാണ് ഇപ്പോൾ 12-ാമത്തേതാകുന്നത്. 1982-ലേത് അഖിലേന്ത്യാ സമ്മേളനമായിരുന്നു. മൂന്നുവർഷം കൂടുമ്പോൾ അഖിലേന്ത്യാ സമ്മേളനമാണ് നടത്തിയിരുന്നത്. പിന്നെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കൂടി ഞങ്ങൾ വേരുപിടിക്കുകയും ചില സംസ്ഥാനങ്ങളിൽ സമരങ്ങൾ നയിക്കുകയും ചെയ്ത സാഹചര്യത്തിൽ 2011-ലാണ് 1970-നുശേഷം, അതായത് 41 വർഷത്തിനുശേഷം അതുവരെയുള്ള അനുഭവങ്ങളെ വിലയിരുത്തി എട്ടാം കോൺഗ്രസിൽ നിന്ന് ഒമ്പതാം കോൺഗ്രസിലേക്ക് എന്നുള്ള നിലപാട് സ്വീകരിക്കുന്നത്. അതിനുശേഷം 10, 11 കഴിഞ്ഞ് ഇപ്പോൾ 12-ലേക്കെത്തി.
എം.എൽ. പ്രസ്ഥാനത്തിനകത്തു തന്നെ പല പാർട്ടികളും ഇപ്പോഴും ചൈന സോഷ്യലിസ്റ്റാണെന്ന് വിചാരിക്കുന്നുണ്ട്. സി.പി.ഐ., സി.പി.എം പോലെ തന്നെ. അവയ്‌ക്കൊന്നും നിലപാട് സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. ക്രമേണ ക്രമേണ വലതുപക്ഷ ദൗർബല്യം എല്ലാവരിലും ബാധിക്കുന്നുണ്ട്. മാത്രമല്ല, മാവോയൊക്കെ പരീക്ഷിച്ച ബദൽ സംവിധാനമുണ്ടല്ലോ അത് കഴിയുന്നില്ല എന്നുള്ളതാണ്.
റാഡിക്കലായി അവതരിപ്പിക്കപ്പെടുന്ന ഇന്ത്യയിലെ മാവോയിസ്റ്റുകളുടെ പോലും അവസ്ഥയെന്താണ്? ഒരു സ്‌ക്വാഡ് പൊളിറ്റിക്‌സിനപ്പുറത്തേക്ക് അവർക്കൊന്നും പോകാൻ കഴിയുന്നില്ല. അവർ മാവോയിസ്റ്റുകളല്ല, മാവോയുടെ ലൈനുമായി അവർക്ക് ബന്ധമൊന്നുമില്ല. മാവോയിസ്റ്റുകൾ എന്നുപറയുന്നവർ സായുധസമരത്തെ മാവോയുടെ നിലപാടുകൾക്ക് വിരുദ്ധമായി, യാന്ത്രികമായി നടപ്പാക്കുന്നയാളുകളാണ്. മാവോ ആവർത്തിച്ചു പറഞ്ഞിരുന്നത്, കനു സന്യാലൊക്കെ ചൈനയിൽ പോയപ്പോൾ മാവോ ചൂണ്ടിക്കാണിച്ചത്, നിങ്ങളുടെ രാജ്യത്തെ വിപ്ലവം നിങ്ങളാണ് നടത്തേണ്ടത്, നിങ്ങളുടെ സാഹചര്യത്തിൽ. ചൈനീസ് വിപ്ലവം എല്ലാത്തിനുമുള്ള പരിഹാരമല്ല. ചൈനീസ് വിപ്ലവം പ്രത്യേക സാഹചര്യത്തിലുണ്ടായതാണ്. കുമിന്താങ് സൈന്യത്തിന്റെ ഭാഗമൊക്കെ വളർന്നുവന്ന് ഉണ്ടായതാണ്. അത് നിങ്ങൾ ആവർത്തിക്കരുത്. നിങ്ങളുടെ രാജ്യത്തെ അനുഭവങ്ങൾ വെച്ച് നിങ്ങൾ വിലയിരുത്തുക.
രാഷ്ട്രീയപ്രമേയത്തിലൊക്കെ സാമ്രാജ്യത്വം അപ്‌ഡേറ്റ് ചെയ്യുന്നതിനെപ്പറ്റി പറയുന്നുണ്ട്. മൂലധന സമാഹരണം നടത്തുന്നതിന്റെ വഴികളൊക്കെ ഇപ്പോൾ മാറിയിട്ടുണ്ടല്ലോ. ആധുനിക സാങ്കേതികവിദ്യയൊക്കെ അതിനുവേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ട്. സാമ്രാജ്യത്വം ആഴമേറിയ പ്രതിസന്ധിയിലാണ് എന്നുള്ള രീതിയിൽ എല്ലാ കമ്യൂണിസ്റ്റുകളും മാർക്‌സിസ്റ്റുകളും ജനങ്ങളോട് പറയാറുണ്ട്. 2008-ൽ പ്രതിസന്ധി വന്നു. അങ്ങനെ വിവിധ ഘട്ടങ്ങളിൽ അവർക്ക് പ്രതിസന്ധി ഉണ്ടാകുന്നുണ്ട്. മൗലികമായി അവർക്ക് ആ പ്രതിസന്ധി പരിഹരിക്കാൻ പറ്റില്ലെങ്കിലും സാങ്കേതികവിദ്യയുടെയൊക്കെ സഹായത്തോടുകൂടി അവർക്ക് വലിയൊരളവിൽ അതിജീവിക്കാൻ പറ്റുന്നുണ്ട് എന്നത് സത്യമല്ലേ?
മുതലാളിത്തത്തിന്റെ ആവിർഭാവം തൊട്ട് മുതലാളിത്തം പ്രതിസന്ധിയിലാണെന്ന് മാർക്‌സിസം പറയുന്നത് ഒരു ഭംഗിവാക്കല്ല, അത് യാഥാർഥ്യമാണ്. കാരണം, മുതലാളിത്തത്തിന് ലാഭവിഹിതം വർധിപ്പിക്കണമെങ്കിൽ കൂടുതൽ ചൂഷണം ചെയ്യേണ്ടിവരും. ഉപഭോക്താക്കളായിട്ടുള്ള സാധാരണ ജനങ്ങളെ കൂടുതൽ ചൂഷണം ചെയ്യുമ്പോൾ അവരുടെ വരുമാനം കുറയുകയാണ് ചെയ്യുന്നത്. വലിയതോതിൽ ഉത്പാദിപ്പിക്കുന്ന സാധനങ്ങൾ വിറ്റഴിക്കാൻ കഴിയാത്ത ഒരവസ്ഥ വരും. ഇത് മുതലാളിത്തത്തിന്റെ നിരന്തര പ്രതിസന്ധിയുടെ കാരണമായി വരുന്നു.
ആധുനികകാലത്ത് തൊഴിലാളിവർഗം സമൂഹത്തിന്റെ ഏറ്റവും വികസിതമായ പ്രപഞ്ചബോധമുള്ള വർഗമാണ്. അതാണ് തൊഴിലാളിവർഗത്തിന്റെ ഒരു നേതൃത്വം സമൂഹത്തിലുണ്ടാവും എന്ന് നമ്മൾ പറയുന്നത്. ഈ ആധുനികകാലത്ത് ജോലിചെയ്യാൻ റോബോട്ടുകൾ ലഭ്യമാകുന്ന അവസ്ഥയുണ്ട്. അതേപോലെ അടുത്ത ഘട്ടമായി, പറയുന്നത് സൈബോർഗുകളാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലായി ചിപ്പ് ഘടിപ്പിച്ച മനുഷ്യർ. ഭാവിയിൽ വരാൻ പോകുന്ന അങ്ങനെയുള്ള ഒരു കമ്യൂണിറ്റിക്കകത്ത് ക്ലാസിക്കലായ തൊഴിലാളിവർഗത്തെപ്പറ്റിയുള്ള മാർക്‌സിന്റെയോ ഏംഗൽസിന്റെയോ വിലയിരുത്തലുകൾ പൂർണമായി ശരിയാകുമെന്ന് പറയാൻ പറ്റില്ല. അതിനെന്തെങ്കിലും അപ്‌ഡേഷൻ ആവശ്യമായി വരുന്നുണ്ടോ?
മുതലാളിവർഗം, തൊഴിലാളിവർഗം എന്നുപറയുമ്പോൾ ഇന്ത്യയിൽ തന്നെ നമ്മൾ വിലയിരുത്തേണ്ടത് ആരാണ് തൊഴിലാളിവർഗം എന്നാണ്. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയിൽ പറ്റിയ വലിയ തെറ്റെന്താണെന്നുവെച്ചാൽ, ഇവിടെ തൊഴിലാളിവർഗത്തിനെ കാണാൻ കഴിയുന്നില്ല. യഥാർഥത്തിൽ വർഗരൂപീകരണമല്ല ഇവിടെ നടക്കുന്നത്. ഇവിടെ വർണവ്യവസ്ഥയാണ് രൂപംകൊണ്ടത്. വർണാശ്രമധർമത്തിനനുസരിച്ചുള്ള വിഭാഗങ്ങൾ. അതിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ ശൂദ്രർ. ഇന്നിപ്പോൾ അത് ദലിത്, ആദിവാസി, മത്സ്യത്തൊഴിലാളി, സ്ത്രീകൾ എന്നിങ്ങനെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ. ഇവരാണ് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത്. ഏറ്റവും അടിച്ചമർത്തപ്പെടുന്നത്, ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നത്. ആ വിഭാഗത്തെ ഐക്യപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാതെ വിപ്ലവം നടക്കില്ല. ഓരോ രാജ്യത്തെ അവസ്ഥയനുസരിച്ചാണ് അത് കാണേണ്ടത്. ആ അവസ്ഥ മനസിലാക്കുന്നതിലുണ്ടായ തെറ്റാണ് പല രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നോട്ടുപോകാൻ കഴിയാത്തതിന് കാരണം.
ഇവിടെ പലരും ബി.ജെ.പി.യെ വിമർശിക്കുന്നുണ്ട്. ആർ.എസ്.എസിനെ വിമർശിക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ പ്രഭാഷണം എടുത്താലും, അതിൽ ആർ.എസ്.എസിനെ ടാർഗറ്റ് ചെയ്യുന്നില്ല. ബി.ജെ.പി.യെയാണ് അല്ലെങ്കിൽ മോദിയെയാണ് ഫോക്കസ് ചെയ്യുന്നത്. ആർ.എസ്.എസിനെ അതിന്റെ പ്രത്യയശാസ്ത്രത്തെ, മനുവാദി ഹിന്ദുത്വത്തെ ആക്രമിക്കുന്നില്ല.
നിയോഫാസിസത്തെപ്പറ്റി പറഞ്ഞല്ലോ. ഇപ്പോൾ ലോകത്തെങ്ങും പല രാഷ്ട്രങ്ങളിലും വലതുപക്ഷ സർക്കാരുകളാണ് ഇന്നുള്ളത്. പ്രതിസന്ധിയുടെ ഭാഗമായിത്തന്നെ നിയോഫാസിസ്റ്റ് നിലപാടുകളിലേക്ക് സർക്കാരുകളൊക്കെ മാറുന്ന ഒരവസ്ഥയുമുണ്ട്. ഇന്ത്യയിലാണെങ്കിൽ ഹിന്ദുത്വ ഭരണകൂടം ധാരാളം അതിജീവനശ്രമങ്ങൾ നടത്തുന്നുണ്ട്. അതിലൊന്ന് ഈ പറഞ്ഞ ദലിത്, ആദിവാസി, പിന്നാക്ക ജനവിഭാഗങ്ങൾക്കിടയിലേക്ക് കടന്നുകയറിക്കൊണ്ടാണ്. ഇപ്പോൾ ഹിന്ദുത്വ എന്നതിന് പല ചിന്തകരും സബാൾട്ടൻ ഹിന്ദുത്വ എന്ന വാക്കുപയോഗിക്കുന്നുണ്ട്. വനവാസി കല്യാൺ പോലെയുള്ള സംഘടനകളുണ്ടല്ലോ. അവർ വളരെ വേഗം അപ്‌ഡേറ്റ് ചെയ്യുന്ന പുതിയ തന്ത്രങ്ങൾ മെനയുന്ന തിങ്ക് ടാങ്കുകളാണ്. അതിന്റെ ഭാഗമായി ഇന്ത്യയിൽ ആദിവാസി, ദലിത് വിഭാഗങ്ങളിലേക്ക് കൂടുതൽ കടന്നുകയറാനും അവരെ ഹിന്ദുത്വ ഐഡിയോളജയിലേക്ക് ആഗിരമം ചെയ്യാനുമുള്ള ശ്രമം നടക്കുന്നുണ്ട്. അത് ഒരു പരിധി വരെ വിജയിക്കുന്നുമുണ്ട്. അത്തരമൊരു സന്ദർഭത്തിൽ ഇന്ത്യയിൽ ഒരു ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന ഇടത് ജനാധിപത്യ പ്രസ്ഥാനങ്ങൾ അതിനെതിരായിട്ടുള്ള തന്ത്രങ്ങളും അടവുകളും സ്വീകരിക്കുന്നത് എങ്ങനെയായിരിക്കും?
അത് വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഇപ്പോൾ യു.പി.യിൽ അവർ പരീക്ഷിച്ച് വിജയിച്ചതാണ് ഈ വിഭാഗങ്ങളെ ഹിന്ദുത്വവത്കരിക്കുന്നതാണ്. ദലിത് പെൺകുട്ടികൾ ഭീകരമായി ആക്രമിക്കപ്പെട്ട് ഇല്ലാതാക്കപ്പെടുന്ന യു.പി.യിൽ ദലിതർ അവർക്ക് വോട്ട് ചെയ്യുന്ന അവസ്ഥയെത്തി. മുസ്‌ലിം പ്രതിരോധത്തിന്റെ ശബ്ദമായി വിശേഷിപ്പിക്കപ്പെടുന്ന ഒവൈസി തന്നെ ഫലത്തിൽ ഇപ്പോൾ അംഗീകരിക്കപ്പെട്ടത് ഒരു വസ്തുതയാണ്. ഒവൈസിയുടെ മത്സരം ആർ.എസ്.എസിനെ വിജയിപ്പിക്കുന്നതിൽ ഒരു പ്രധാന ഘടകമാണ്. ഇപ്പോൾ ആർ.എസ്.എസ്. ചാനലുകളിലെല്ലാം ഒവൈസി സ്ഥിരം ക്ഷണിതാവാണ്. അയാളുടെ അവതരണവും അതിനെതിരായിട്ട് ഹിന്ദുത്വശക്തികളുടെ പ്രതികരണവും എല്ലാം തന്നെ അവരെ സഹായിക്കുകയാണ് ചെയ്യുന്നത്. ഈ രീതിയിൽ ഹിന്ദുത്വശക്തികൾ ചെയ്യുന്നത് എല്ലാത്തിനെയും ഹിന്ദുത്വവത്കരിക്കുകയാണ്. അതിലവർ വിജയിക്കുന്നുണ്ട്.
ആ സമയത്ത് അവർ എപ്പോഴും മറുഭാഗത്ത് നിർത്തുന്നത് മുസ്‌ലിംകളെയാണ്. ദലിത് വിഭാഗങ്ങളുടെ മുന്നിലും അവർ ശത്രുവായിട്ട് കാണിക്കുന്നത് മുസ്‌ലിംകളെയാണ്.
2002-ൽ മുസ്‌ലിംകൾക്കെതിരായിട്ടുള്ള ഗുജറാത്ത് കലാപത്തിൽ അവർ ആദിവാസികളെ ഉപയോഗിച്ചു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷമുണ്ടായ സിഖ് കലാപത്തിൽ കോൺഗ്രസ് ഉപയോഗപ്പെടുത്തി.
ഇന്ത്യയിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ജനാധിപത്യ പ്രസ്ഥാനങ്ങളുമൊക്കെ ഈ പറയുന്ന പിന്നാക്ക- ആദിവാസി- ദലിത് വിഭാഗങ്ങളെ കൂടെനിർത്താൻ ഒരുമ്പെടുന്നതിന് മുമ്പുതന്നെ ഹിന്ദുത്വശക്തികൾ അവരുടെ ഭാഗത്തേക്ക് ഇവരെ കൊണ്ടുപോകാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. അതാണ് ഞാൻ പറയുന്നത് ഇടതുപക്ഷം അല്ലെങ്കിൽ ജനാധിപത്യത്തിന്റെ പക്ഷത്തുള്ളവർ അപ്‌ഡേറ്റ് ചെയ്യുന്നതിനേക്കാൾ വേഗത്തിലും ഫലപ്രദമായും വലതുപക്ഷം അപ്‌ഡേറ്റ് ചെയ്യുന്ന ഒരവസ്ഥ ഇന്ത്യയിലുണ്ട്. അതിനെ എങ്ങനെ മറികടക്കും?
ഞങ്ങൾ പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് ഒരു പ്രഭാഷണ പരമ്പര ഓൺലൈനായി നടത്തി. ശംസുൽ ഇസ്ലാം, രാം പുനിയാന, ഭഗത് സിങ്ങിന്റെ മരുമകൻ ജഗ്മോഹൻസിങ് തുടങ്ങിയ പ്രമുഖരാണ് സംസാരിച്ചത്. ഇത്തരം ആളുകൾ ചൂണ്ടിക്കാണിച്ച ഒരു പ്രശ്‌നമുണ്ട്. ഇവിടെ പലരും ബി.ജെ.പി.യെ വിമർശിക്കുന്നുണ്ട്. ആർ.എസ്.എസിനെ വിമർശിക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ പ്രഭാഷണം എടുത്താലും, അതിൽ ആർ.എസ്.എസിനെ ടാർഗറ്റ് ചെയ്യുന്നില്ല. ബി.ജെ.പി.യെയാണ് അല്ലെങ്കിൽ മോദിയെയാണ് ഫോക്കസ് ചെയ്യുന്നത്. ആർ.എസ്.എസിനെ അതിന്റെ പ്രത്യയശാസ്ത്രത്തെ, മനുവാദി ഹിന്ദുത്വത്തെ ആക്രമിക്കുന്നില്ല. ഞങ്ങൾ കഴിഞ്ഞ ഏഴെട്ട് വർഷമായിട്ട് ഞങ്ങളുടെ സാധ്യതയനുസരിച്ച് ഓൺലൈനിലൊക്കെ ഒരുപാട് ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ശംസുൽ ഇസ്ലാമിന്റെ പുസ്തകങ്ങൾ ഉൾപ്പെടെ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. പാർട്ടി കോൺഗ്രസിന്റെ ഭാഗമായിട്ടും കുറേയേറെ പുസ്തകങ്ങൾ വരുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾ ഏറ്റവും അടിത്തട്ടിലേക്കെത്തിക്കണം.
ഞാൻ ചന്ദ്രശേഖർ ആസാദുമായി സംസാരിച്ചു. ഞാൻ ചൂണ്ടിക്കാട്ടിയത്, നിങ്ങൾ ദലിത് വിഭാഗത്തിലെ ഏറ്റവും റാഡിക്കലായ ശക്തിയാണ്. നമ്മൾ തമ്മിലുള്ള ഐക്യത്തിന് എന്താണ് തടസമായി വരുന്നത്.
പാർട്ടിയുടെ മുൻകൈയിൽ ആരംഭിച്ച ജാതി ഉൻമൂലന പ്രസ്ഥാനമുണ്ടല്ലോ. അത് എത്രമാത്രം മുന്നോട്ടുപോയിട്ടുണ്ട്?
ഞങ്ങൾ ഇവിടെ ഒരു സംവാദം നടത്തുകയുണ്ടായി. അതിൽ വരുന്ന ആളുകളും പരസ്പരം വിമർശിക്കുന്നില്ല. ഞാൻ വിഷയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞത് നമുക്ക് ഒരുപാട് വിമർശനങ്ങളും വ്യാഖ്യാനങ്ങളും വന്നു. ഇനിയുള്ള പ്രശ്‌നം എങ്ങനെ നവഫാസിസ്റ്റുകളുടെ ആക്രമണത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ കഴിയുമെന്നതാണ്. ഇപ്പോഴും ദലിത് ബുദ്ധിജീവികൾ പ്രധാനമായും ചർച്ചചെയ്യുന്നത് സംവരണത്തെക്കുറിച്ചാണ്. സംവരണം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. പത്ത് കൊല്ലം കഴിയുമ്പോഴേക്കും ഉണ്ടാകില്ല.
നവ അംബേദ്കറിസ്റ്റുകൾ അംബേദ്കർ വിഭാവന ചെയ്ത ആശയങ്ങൾക്കെതിരായാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഈയിടെ കണ്ടു. അപ്പോഴും സംവരണത്തിനുവേണ്ടി പറയുക എന്നത് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഒരു പ്രധാനപ്പെട്ട കാര്യം തന്നെയല്ലേ?
പക്ഷേ അവരത് ചെയ്യുന്നില്ലല്ലോ. അവർ, ഉള്ള സംവരണം വിതരണം ചെയ്യുന്നതിനെക്കുറിച്ചാണ് പറയുന്നത്. അല്ലാതെ സംവരണം നഷ്ടപ്പെടുന്നതിനെക്കുറിച്ചല്ല. ഈ വിഷയം ഞാൻ ചന്ദ്രശേഖർ ആസാദുമായി സംസാരിച്ചു. ഞാൻ ചൂണ്ടിക്കാട്ടിയത്, നിങ്ങൾ ദലിത് വിഭാഗത്തിലെ ഏറ്റവും റാഡിക്കലായ ശക്തിയാണ്. നമ്മൾ തമ്മിലുള്ള ഐക്യത്തിന് എന്താണ് തടസമായി വരുന്നത്. കാൻഷിറാമിൽ നിന്ന് വ്യത്യസ്തമായി അംബേദ്കർ ചൂണ്ടിക്കാണിച്ച പ്രശ്‌നം വെറും സംവരണത്തിന്റേതായിരുന്നില്ലല്ലോ. ഭൂമിക്കുവേണ്ടിയുള്ള സമരത്തിന്റെ പ്രശ്‌നം. ഭൂമിയും വ്യവസായങ്ങളും ദേശസാത്കരിക്കണമെന്ന നിലപാടാണ് അംബേദ്കർ മുന്നോട്ടുവെച്ചത്. എന്തുകൊണ്ട് ആ നിലപാടിലേക്ക് നമുക്ക് പോയിക്കൂടാ. അങ്ങനെ നമുക്ക് ഐക്യപ്പെട്ടുകൂടെ.
1930കളിലൊക്കെ അങ്ങനെ ഐക്യപ്പെട്ട സമരം ഉണ്ടായിരുന്നുവെന്ന് തോന്നുന്നു.
ഉണ്ടായിരുന്നു. അതിൽ നിന്ന് 1936-ൽ ഒരു ചർച്ചയുണ്ടായി, കമ്യൂണിസ്റ്റ് പാർട്ടിയുമായി.
അന്നത്തെ അവിഭക്ത സി.പി.ഐയുടെ ചില പിശകുകളാണ് വഴിപിരിയലിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഞങ്ങൾ ആവർത്തിച്ചുപറയുന്നത് അതാണ്. പക്ഷെ അവർ അംഗീകരിക്കാൻ തയ്യാറാകുന്നില്ല. കാരണം അംബേദ്കർ അന്ന് പറഞ്ഞത് ഒറ്റ പോയിൻറ് അംഗീകരിക്കുകയാണെങ്കിൽ നമുക്ക് യോജിച്ച് പ്രവർത്തിക്കാമെന്നാണ്. അതായത് തൊഴിൽമേഖലയിൽ ശൂദ്രർക്കെതിരായി, ദലിതർക്കെതിരായുള്ള വിവേചനം അവസാനിപ്പിക്കണം. ചിലയിടങ്ങളിൽ ദലിതരെ പ്രവർത്തിപ്പിക്കില്ല. തൊട്ടുകൂടായ്മയുടെ പ്രശ്‌നമാണത്. നൂൽനൂൽപ്പ് പോലെയുള്ള ചില വിഭാഗങ്ങളിൽ തുപ്പൽ തൊട്ടാണ് നൂല് ചേർത്തിരുന്നത്. അപ്പോൾ ദലിതരുടെ തുപ്പൽ തൊട്ടാൽ പിന്നെ ബ്രാഹ്‌മണൻ എങ്ങനെയാണ് വസ്ത്രം ധരിക്കുക. അത്തരം വിവേചനങ്ങൾ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടത്.
ഇന്നും ജാതിയെ ഏറ്റവും ഫലപ്രദമായി അഡ്രസ് ചെയ്യാൻ ഇവിടത്തെ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയുന്നില്ലല്ലോ?
ജാതി ഉൻമൂലനം എന്ന ഒരു സംവർഗം ഉപയോഗിക്കുന്നത് ഞങ്ങൾ മാത്രമേയുള്ളൂ. ബാക്കിയെല്ലാവരും ജാതീയമായ അടിച്ചമർത്തൽ വരെയേ എത്തിയിട്ടുള്ളൂ. അംബേദ്കർ കമ്യൂണിസ്റ്റുകാരെ ഒരുപാട് വിമർശിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കലും കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നില്ല. 1956-ൽ അവസാനത്തെ ഇലക്ഷനിൽ പോലും മഹാരാഷ്ട്രയിൽ മത്സരിക്കുന്നത് അവിടത്തെ സി.പി.ഐ.യും റിപ്പബ്ലിക്കൻ പാർട്ടിയും ചേർന്ന് ഐക്യമുന്നണിയായിട്ടാണ്. അതായിരുന്നു അംബേദ്കറുടെ നയം. പക്ഷെ യുവ അംബേദ്കറിസ്റ്റുകൾ കമ്യൂണിസ്റ്റ് വിരുദ്ധരാണ്. ഇവർ യഥാർഥത്തിൽ ഭൂമിക്കുവേണ്ടിയുള്ള സമരമൊക്കെ ഉപേക്ഷിച്ചവരാണ്. കമ്യൂണിസ്റ്റുകാർ അവരെ വിമർശിച്ചതുകൊണ്ട് മാത്രമായില്ല. നമ്മൾ അത് ഏറ്റെടുക്കണം.
ഷഹീൻ ബാഗിൽ സമരം തുടങ്ങിയ മെഹറുന്നീസ എന്ന സഖാവ് 21-ന് ഇവിടെ വരുന്നുണ്ട്. അവർ ഞങ്ങളുടെ കൂടെ വരുന്നത് ഷഹീൻ ബാഗ് സമരത്തെ പിന്തുണച്ചുകൊണ്ട് ഞങ്ങളെടുത്ത നിലപാടിൽ ആകർഷിക്കപ്പെട്ടതുകൊണ്ടാണ്.
കമ്യൂണിസ്റ്റുകാർ അതേറ്റെടുക്കാത്തതിന്റെ ഒരു സ്‌പേസിലാണ് ബി.ജെ.പി. വരുന്നതെന്ന് പറയാം. നേരത്തെ പറഞ്ഞല്ലോ ദലിതരെയും ആദിവാസികളെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും ചേർത്തുനിർത്താൻ ഹിന്ദുത്വശക്തികൾ ഇവിടെ ശ്രമിക്കുന്നുണ്ട്. അവർ മുസ്‌ലിംകളെ അപരവത്കരിച്ചുകൊണ്ടാണ് ഇവരെ കൂടെക്കൂട്ടാൻ ശ്രമിക്കുന്നത്. നേരത്തെ ഒവൈസിയെപ്പറ്റി പറഞ്ഞല്ലോ. അതായത് ബി.ജെ.പി.യെ സഹായിക്കുന്ന തരത്തിലുള്ള നിലപാടെടുക്കുന്നു. അങ്ങനത്തെ സാഹചര്യത്തിൽ ഒരു സമരമുന്നണി വികസിപ്പിക്കുമ്പോൾ, ഉദാഹരണത്തിന് സി.എ.എ.യ്‌ക്കെതിരായ സമരം. അവിടെ എസ്.ഡി.പി.ഐ., വെൽഫെയർ പാർട്ടി, ഒവൈസിയുടെ പാർട്ടി അങ്ങനെ പലരുമുണ്ട്. അപ്പോൾ ഒരു പൊതു മുദ്രാവാക്യം വെച്ചുകൊണ്ട് അത്തരം പാർട്ടികളുമായി സഹകരിക്കുന്നതിൽ തെറ്റുണ്ടോ? ഞാൻ ചോദിക്കുന്നത് രാഷ്ട്രീയമായ ഐക്യമുന്നണി ഉണ്ടാക്കുമോ എന്നല്ല, ഏതെങ്കിലും ഒറ്റ മുദ്രാവാക്യത്തിന്റെ പേരിൽ അവരുമായിട്ട് ഐക്യപ്പെടുമോ, ഒരുമിച്ച് സമരം ചെയ്യുമോ എന്നാണ്. അങ്ങനെയും ചെയ്യരുത് എന്നുള്ള വാദം ഇവിടെ നിലനിൽക്കുന്നുണ്ട്. ഹിന്ദുത്വശക്തികൾ ആധിപത്യം നേടിയ ഒരു അവസ്ഥയിൽ അത് തെറ്റായ സമരമുന്നണി സ്വഭാവമാണെന്ന് പറയാൻ പറ്റുമോ?
പൗരത്വപ്രശ്‌നം ഉന്നയിച്ച് ആദ്യമായി ഡൽഹിയിൽ ഒരു വലിയ പ്രകടനം നടത്തിയത് ഞങ്ങളാണ്. ഞങ്ങൾ ഡൽഹിയിലെ വിവിധ ജനാധിപത്യശക്തികളെ ഐക്യപ്പെടുത്തി ഒക്ടോബർ 14ന് പൊലീസ് അനുമതി ഇല്ലാതിരുന്നിട്ടും ആയിരത്തിലേറെ ആളുകൾ പങ്കെടുത്ത ജാഥ നടത്തി. അന്ന് പൊലീസൊക്കെ ഭീഷണിപ്പെടുത്തിയിട്ടും ഞങ്ങൾ ജാഥ വിജയിപ്പിച്ചു, സമ്മേളനം നടത്തി. തുടർന്ന് ജാമിയയിൽ പ്രക്ഷോഭമുണ്ടായി. അലിഗഡിലുണ്ടായി. ഷഹീൻബാഗിലേക്ക് മുസ്‌ലിംകളെ പ്രക്ഷോഭത്തിന് കൊണ്ടുവരുന്നതിൽ ഞങ്ങൾ പ്രധാന പങ്കുവഹിച്ചു എന്നുള്ളതാണ്. ഭോപാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മുസ്‌ലിംകൾക്കിടയിലുണ്ടായിരുന്ന കാരണം അവർ ഷഹീൻബാഗിലേക്കെത്താൻ തയ്യാറായിരുന്നില്ല. ഞങ്ങളുടെ പ്രവർത്തനമാണ് ഇവരെ ഐക്യപ്പെടുത്തുന്നത്. പിന്നീട് അവർ വലിയ ശക്തിയായി മാറി. എല്ലാ മതങ്ങളിലും മതതീവ്രവാദികളുണ്ട്. മതതീവ്രവാദികൾ എപ്പോഴും ശ്രമിക്കുന്നത് കൂട്ടായ്മയ്ക്കല്ല.
ഈ വിഭാഗത്തിൽ നിന്ന് ആളുകളെ നേടിയെടുക്കുന്നതിന് പല സന്ദർഭങ്ങളിലും കമ്യൂണിസ്റ്റുകൾക്ക് അവരുമായി ഒന്നിച്ചുചേർന്ന് സമരം ചെയ്യേണ്ടിവരില്ലേ? ഒരു മതസങ്കുചിത പാർട്ടിയാണെങ്കിൽ പോലും അവർക്കെതിരായിട്ട് മതത്തിന്റെ അടിസ്ഥാനത്തിലുള്ള പീഡനം നടക്കുമ്പോൾ അവരതിനെതിരായിട്ട് മുദ്രാവാക്യം വിളിക്കും. അപ്പോൾ ആ മുദ്രാവാക്യത്തിന്റെ പേരിൽ യോജിക്കാൻ കഴിയില്ലേ?
കഴിയുമല്ലോ. രണ്ടാഴ്ച മുമ്പ് ജാമിയ മിലിയയിൽ പിഎച്ച്.ഡി ചെയ്യുകയായിരുന്ന ജയിലിലടയ്ക്കപ്പെട്ട ഗർഭിണിയായ സഫൂറ സർഗർ എന്ന പെൺകുട്ടിയെ കോഴ്‌സ് പൂർത്തിയാക്കാൻ അനുവദിക്കാതെ പുറത്താക്കി. അതിൽ വലിയ പ്രക്ഷോഭമുണ്ടായി. അതിൽ പ്രധാന പങ്കുവഹിച്ചത് ഞങ്ങളുടെ എ.ആർ.എസ്.ഒ.യുടെ സഖാക്കളാണ്. അവർ എല്ലാവരെയും ഐക്യപ്പെടുത്താൻ ശ്രമിച്ചു. എല്ലാവരെയും ഐക്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഓരോ വിഭാഗങ്ങൾ എടുക്കുന്ന നിലപാടുകളിൽ പ്രശ്‌നമുണ്ട്. അതിനുശേഷം കർഷക പ്രക്ഷോഭത്തിലും അതുതന്നെയാണ് ഞങ്ങൾ ശ്രമിച്ചത്. ഷഹീൻ ബാഗിൽ സമരം തുടങ്ങിയ മെഹറുന്നീസ എന്ന സഖാവ് 21-ന് ഇവിടെ വരുന്നുണ്ട്. അവർ ഞങ്ങളുടെ കൂടെ വരുന്നത് ഷഹീൻ ബാഗ് സമരത്തെ പിന്തുണച്ചുകൊണ്ട് ഞങ്ങളെടുത്ത നിലപാടിൽ ആകർഷിക്കപ്പെട്ടതുകൊണ്ടാണ്. പിന്നീട് അവർ കർഷകസമരത്തിന്റെ ഭാഗമായി. നമുക്കവിടെ നേതൃത്വം വഹിക്കാൻ കഴിയുമോ എന്നല്ല, ആശയപരമായി ശരിയായ നിലപാട് വെച്ചുകൊണ്ട് ഐക്യപ്പെടുത്തുക എന്നുള്ളതാണ്. ▮
(കെ.എൻ. രാമചന്ദ്രനുമായുള്ള വീഡിയോ അഭിമുഖത്തിന്റെ പൂർണരൂപം ട്രൂ കോപ്പി തിങ്കിൽ പബ്ലിഷ് ചെയ്യും)