നവലിബറൽ നയങ്ങളെ പിന്നോട്ടടിപ്പിക്കുന്നതിന് പ്രേരണയാകുന്ന തരത്തിലുള്ള നിരന്തര പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുവാനും അതിനെ രാഷ്ട്രീയ മുന്നേറ്റമായി പരിവർത്തനപ്പെടുത്താനും കഴിയുന്ന സംഘാടനങ്ങളൊന്നും പാർലമെന്ററി ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്ന്​ ഉണ്ടായിട്ടില്ല.

ഇടതു മുന്നണി തുടർഭരണപക്ഷമാവുമ്പോൾ ആരാവും പ്രതിപക്ഷത്തെ ഇടതുപക്ഷം?

ഭരണം നിലനിർത്തുന്നതിനുള്ള അച്ചടക്കം മുഖ്യ അജൻഡയാവുന്ന ഇടതുപക്ഷത്തിന്റെ ആവിർഭാവം സ്വാഭാവികമായും പ്രതിപക്ഷത്തെ ഇടതുപക്ഷം ആരാവുമെന്ന ചോദ്യം ഉയർത്തുന്നു.

സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു- ജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ ആരാവും സംസ്ഥാനത്തെ ഇടതുപക്ഷ പ്രതിപക്ഷം?. ഇടതുപക്ഷം ഭരണകക്ഷിയാവുമ്പോൾ വലതുപക്ഷ നയങ്ങളുടെ വിശ്വസ്ത സേവകരായി മാറുന്ന പ്രക്രിയ കേരളത്തിൽ മാത്രമല്ല ലോകമാകെ ദൃശ്യമായ സാഹചര്യത്തിലാണ് ഈയൊരു ചോദ്യത്തിന്റെ പ്രസക്തി. തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേരളത്തിലെ പരമ്പരാഗത ഇടതു-വലതു രാഷ്ട്രീയ നിലപാടുകളെ നിർണയിച്ചിരുന്ന ചാലകശക്തികളുടെ ഭ്രമണപഥങ്ങളിൽ സംഭവിച്ച, സംഭവിക്കുന്ന പരിവർത്തനങ്ങളുടെ വിശകലനമാവും ഈ ചോദ്യത്തിനുളള ഉത്തരത്തെ നിർണയിക്കുക.
ഐക്യകേരള രൂപീകരണത്തിനു ശേഷമുള്ള 1957-ലെ ആദ്യ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റു പാർട്ടി അധികാരത്തിലെത്തിയതും, രണ്ടു കൊല്ലത്തിനകം അതിനെ പിരിച്ചു വിട്ടതുമാണ് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ വാസ്തുഘടനയെ തിട്ടപ്പെടുത്തിയതിന്റെ പ്രധാന പ്രേരണ. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സർക്കാരിനെതിരെ അണിനിരന്ന യാഥാസ്ഥിതിക ശക്തികളുടെ രാഷ്ട്രീയമായ ഏകീകരണത്തിന്റെ ഫലമായിരുന്നു കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി.

രണ്ടു മുന്നണികൾ തമ്മിലുള്ള വേർതിരിവിന്റെ പ്രധാന മാനദണ്ഡം വിവിധ കക്ഷികളുടെ ഉന്നത ശ്രേണിയിലുള്ള അധികാര കേന്ദ്രങ്ങൾ പ്രതിനിധാനം ചെയ്ത ഭിന്ന താൽപര്യങ്ങൾ മാത്രമായിരുന്നു. ഭിന്നതാൽപര്യങ്ങളുടെ പേരിലുള്ള ഈ വേർതിരിവുകൾ പോലും മാഞ്ഞുപോകുന്ന പ്രക്രിയ പൂർണതയിലെത്തുന്നതാണ് പുതിയ നൂറ്റാണ്ടിൽ ഇതുവരെ ദൃശ്യമായ രാഷ്ട്രീയചിത്രം.

ഭൂവുടമസ്ഥതയിലെ നാടുവാഴിത്തവും മറ്റുള്ള സ്വത്തുടമാ ബന്ധങ്ങളും, മൂലധനവും, അദ്ധ്വാനവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുമെല്ലാം പൂർണമായും ഉടച്ചുവാർക്കുകയും, പുനഃസംഘടിപ്പിക്കുകയും ചെയ്യുന്ന ബദൽ ലോകക്രമത്തിന്റെ പാതയിലെ ഇടത്താവളങ്ങളിൽ ഒന്നായിരുന്നു തെരഞ്ഞെടുപ്പും അതിന്റെ ഭാഗമായി കൈവരുന്ന ഭരണസംവിധാനത്തിന്റെ നിയന്ത്രണാധികാരവും എന്നതായിരുന്നു കമ്യൂണിസ്റ്റ് വീക്ഷണം. ഭൂപരിഷ്‌ക്കരണം മുതൽ വിദ്യാഭ്യാസ ബില്ലുകൾ വരെയുള്ളവ അതിന്റെ തിരുശേഷിപ്പുകളായി ഇപ്പോഴും കൊണ്ടാടപ്പെടുന്നു. ഈ മാറ്റങ്ങളെ അട്ടിമറിക്കുന്നതിന് വേണ്ടിയുളളതായിരുന്നു 57-ലെ സർക്കാരിനെതിരെ യാഥാസ്ഥിതിക ശക്തികളുടെ നേതൃത്വത്തിലുള്ള ഏകീകരണം എന്ന വിലയിരുത്തലിലാണ് കമ്യൂണിസ്റ്റ് പാർട്ടി സ്വാഭാവികമായും എത്തിയത്. ജാതകമെഴുത്തുകാർ "ശേഷം ചിന്ത്യം' എന്നു പറയുന്ന ശൈലിയിൽ പറഞ്ഞാൽ കമ്യൂണിസ്റ്റ് പദ്ധതി വിഭാവന ചെയ്ത സമൂല പരിവർത്തനത്തിന്റെ ഗതി എന്തായി എന്നാണ് ചിന്തനീയം.

വിമോചന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വിദ്യാർഥികളുടെ ജാഥ / Photo: Keralaculture.org

"പാഠപുസ്തകത്തിലെ പീലിക്കിനാവ് ലോകമയൂരമായി വിടർന്നില്ല' 1 എന്ന ഖേദവും പരിഹാസവും രോഷവുമായി ചരിത്രം വർത്തമാനകാലത്തെ വിലയിരുത്തുമ്പോഴാണ് ഭരണപക്ഷമാവുന്ന ഇടതുപക്ഷത്തിനെതിരായ പ്രതിപക്ഷ ഇടതുപക്ഷത്തെ കുറിച്ചുള്ള സ്വപ്നങ്ങളുടെ ഭാഷ രൂപം കൊള്ളുക. വർത്തമാനത്തിന്റെ ചേറുകളെല്ലാം ചാർത്തിക്കൊടുക്കാൻ പറ്റിയ ദുർമൂർത്തിയായ പിണറായി വിജയനെന്ന സ്ഥിരപ്രതിഷ്ഠയുടെയും, തുടർഭരണം ജനാധിപത്യത്തിന്റെ വീട്ടുമുറ്റത്ത് കലമുടയ്ക്കന്ന ഏർപ്പാടാണെന്ന പരിദേവനങ്ങളുടെയും കലമ്പലുകൾക്കിടയിലാണ് സ്വപ്നങ്ങളുടെ ഭാഷ അതിന്റെ വ്യാകരണം തേടുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ അവസാനത്തോടെ കേരളത്തിലെ ഇടതു-വലതു മുന്നണികളുടെ രാഷ്ട്രീയ അടിത്തറകളെ നിർണയിച്ചിരുന്ന അതിർവരമ്പുകൾ ഏതാണ്ട് മാഞ്ഞു പോയിരുന്നു. രണ്ടു മുന്നണികൾ തമ്മിലുള്ള വേർതിരിവിന്റെ പ്രധാന മാനദണ്ഡം വിവിധ കക്ഷികളുടെ ഉന്നത ശ്രേണിയിലുള്ള അധികാര കേന്ദ്രങ്ങൾ പ്രതിനിധാനം ചെയ്ത ഭിന്ന താൽപര്യങ്ങൾ മാത്രമായിരുന്നു. ഭിന്നതാൽപര്യങ്ങളുടെ പേരിലുള്ള ഈ വേർതിരുവുകൾ പോലും മാഞ്ഞുപോകുന്ന പ്രക്രിയ പൂർണതയിലെത്തുന്നതാണ് പുതിയ നൂറ്റാണ്ടിൽ ഇതുവരെ ദൃശ്യമായ രാഷ്ട്രീയചിത്രം. കേരളത്തിൽ മാത്രമല്ല സമാനമായ പ്രക്രിയ ഇതേ കാലയളവിൽ ലോകമാകെ അരങ്ങേറിയിരുന്നു. ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങളെ പൂർണമായും കൈയൊഴിഞ്ഞ രാഷ്ട്രീയ കക്ഷികൾ നവലിബറൽ നയങ്ങളുടെ നടത്തിപ്പുകാരായി. മൂലധനവും, അധ്വാനവും തമ്മിലുള്ള സംഘർഷത്തിന്റെ, പഴയ ഭാഷയിൽ പറഞ്ഞാൽ വർഗസമരത്തിന്റെ, ഒരു ഘട്ടത്തിൽ മൂലധനശക്തികൾ നേടിയ വലിയ വിജയത്തിന്റെ പരിസമാപ്തിയാണ് നവലിബറൽ നയങ്ങൾ. ലാറ്റിനമേരിക്കൻ രാജ്യമായ ചിലെയിൽ അഗസ്റ്റിനോ പിനോഷെയുടെ 1973-മുതലുള്ള സൈനിക സേച്ഛാധിപത്യം ആയിരുന്നു നവലിബറൽ നയങ്ങളുടെ പരീക്ഷണശാല. ബ്രിട്ടനിലെ ഖനി തൊഴിലാളികളുടെ സമരവും, അമേരിക്കയിൽ വ്യോമയാന മേഖലയിലെ ജീവനക്കാരുടെ സമരവും തകർന്നതോടെ മാർഗരറ്റ് താച്ചറുടെയും, റൊണാൾഡ് റെയ്ഗന്റെയും നേതൃത്വത്തിൽ നവലിബറൽ നയങ്ങളുടെ അധീശത്വം ലോകവ്യാപകമാകുന്നതിനുള്ള അടിത്തറയൊരുങ്ങി.

മധ്യവർഗത്തെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഡോ. തോമസ് ഐസക്കിന്റെ സാമ്പത്തിക നയങ്ങളിലെ അന്തർലീനമായ പൊരുത്തക്കേടുകൾ ഗൗരവമായ ചർച്ച ആവശ്യപ്പെടുന്നുണ്ട്

1980-കളോടെ അറച്ചറച്ച് തുടങ്ങിയ നവലിബറൽ പരിഷ്‌ക്കാരങ്ങൾ 1990-കളോടെ ഇന്ത്യയുടെ ഔദ്യോഗിക നയമായി. നവലിബറലിസത്തിന്റെ ശക്തരായ വിമർശകരെന്ന സ്ഥാനം സ്വയം അവകാശപ്പെടുമെങ്കിലും കഴിഞ്ഞ 30-വർഷക്കാലയളവിൽ ഈ നയങ്ങൾക്കെതിരെ മൂർത്തമായ ബദൽ എന്നു പറയാവുന്ന മാർഗരേഖകൾ പാർലമെന്ററി ഇടതുപക്ഷം മുന്നോട്ടു വച്ചതായി കരുതാനാവില്ല. അഖിലേന്ത്യ തലത്തിൽ ഒന്നുരണ്ടു ദിവസം നീണ്ടുനിൽക്കുന്ന ചട്ടപ്പടി സമരങ്ങൾ മിക്കവാറും എല്ലാ വർഷങ്ങളിലും ട്രേഡ് യൂണിയനുകൾ നടത്തുന്നതൊഴിച്ചാൽ നവലിബറൽ നയങ്ങളെ പിന്നോട്ടടിപ്പിക്കുന്നതിന് പ്രേരണയാകുന്ന തരത്തിലുള്ള നിരന്തര പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുവാനും അതിനെ രാഷ്ട്രീയ മുന്നേറ്റമായി പരിവർത്തനപ്പെടുത്താനും കഴിയുന്ന സംഘാടനങ്ങളൊന്നും പാർലമെന്ററി ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കേന്ദ്രസർക്കാർ നവലിബറൽ നയങ്ങളുമായി മുന്നോട്ടു പോവുമ്പോൾ സംസ്ഥാനങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും ഏറിയാൽ ജനങ്ങൾക്ക് ചില്ലറ ആശ്വാസ നടപടികൾ നൽകുകയെന്ന പരിമിതലക്ഷ്യങ്ങൾ നിറവേറ്റുവാൻ മാത്രമാണ് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾക്ക് സാധ്യമാവുകയെന്നും സി.പി.എം നേതൃത്വം തുറന്നു സമ്മതിക്കുന്ന കാര്യമാണ്. പശ്ചിമ ബംഗാളിലും, കേരളത്തിലും 90-കൾ മുതലുള്ള കാലയളവിൽ നിലനിന്ന ഇടതു മുന്നണി സർക്കാരുകളുടെ നയങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന എല്ലാവർക്കും ഇക്കാര്യം ബോധ്യപ്പെടും.

കാര്യങ്ങൾ ഇനിയും തിരിഞ്ഞിട്ടില്ലാത്തവർക്കുവേണ്ടി ധനമന്ത്രി തോമസ് ഐസക് ഇക്കാര്യം വളരെ വ്യക്തമായി രേഖപ്പെടുത്തുന്നു.കേരളത്തിലെ ഇടതു-ജനാധിപത്യ ഭരണം നടപ്പിലാക്കുന്നത് "ക്ലാസ് കോമ്പ്രമൈസ്' ആണെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു. കിഫ്ബി വഴി നടപ്പിലാക്കുന്ന വർഗ ഒത്തുതീർപ്പിന്റേതായ ഈ പുതിയ വിപ്ലവത്തിന് അനുയോജ്യമായ നിലയിൽ കേരളത്തിന്റെ സാമൂഹ്യഘടന മാറിയിരിക്കുന്നതായും, പഴയതുപോലെ വിരുദ്ധ താൽപര്യങ്ങളുടെ സമൂഹമല്ല കേരളമെന്നും അദ്ദേഹം വിലയിരുത്തുന്നു. പ്രവാസം, വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി, വിദ്യാഭ്യാസം എന്നിവയുടെ നേട്ടങ്ങൾ സ്വായത്തമാക്കിയ 30 ശതമാനം ഉയർന്ന മധ്യവർഗം, 40 ശതമാനം മധ്യവർഗം, 30 ശതമാനം ദരിദ്രർ എന്നീ നിലയിലാണ് കേരളത്തിലെ വർഗ ഒത്തു തീർപ്പിന്റെ ഡെമോഗ്രഫി.

ഗിഗ് എക്കോണമിയും, കെ-ഫോണുമെല്ലാം ചേർന്ന ഫ്രിക്ഷൻ- ഫ്രീ വികസനത്തെ കുറിച്ച് ഡോ. ഐസക് സ്വപ്നം കാണുമ്പോൾ ഇടതു ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോ 10,000 കോടി രൂപയുടെ സ്വകാര്യ മൂലധന നിക്ഷേപം അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്തിനുള്ളിൽ സാധ്യമാക്കുമെന്ന് ഉറപ്പു നൽകുന്നു.

40 ശതമാനം മധ്യവർഗവും, 30 ശതമാനം ദരിദ്രരും തമ്മിലുള്ള "സാമൂഹ്യ ഒത്തുതീർപ്പിന്റെ' ചുക്കാൻ പിടിക്കുന്ന ദൗത്യം ഇടതുപക്ഷം നിർവഹിക്കുന്നു. ഡോ. ഐസക്കിന്റെ വിലയിരുത്തലനുസരിച്ച് 40 ശതമാനം മധ്യവർഗത്തിന്റെ അഭിലാഷം സമ്പന്നരായ 30 ശതമാനത്തിന്റെ ശ്രേണിയിൽ എത്തുകയാണ്. അതിനുള്ള എളുപ്പവഴി ആഗോളതൊഴിൽ മേഖലയിൽ അടുത്ത അഞ്ചുകൊല്ലത്തിനകം വരുമെന്നു കിനാവ് കാണുന്ന 18 കോടിയോളം വർക്ക് ഫ്രം ഹോം തൊഴിലവസരങ്ങൾ ആണ്. അതിൽ 20-25 ലക്ഷത്തോളം അവസരങ്ങൾ അഞ്ചുകൊല്ലത്തിനുള്ളിൽ കേരളത്തിലേക്ക് ആകർഷിച്ചു കഴിഞ്ഞാൽ രക്ഷപ്പെട്ടു എന്നാണ് അദ്ദേഹത്തിന്റെ അനുമാനം. സ്ഥിരജോലിക്ക് പകരം തൽക്കാല പണികളും, ഫ്രീലാൻസിഗും എല്ലാം ചേർന്ന "ഗിഗ് എക്കോണമി' എന്നറിയപ്പെടുന്ന ഏർപ്പാടിന്റെ ഭാഗമായി 20-25 തൊഴിൽ അവസരങ്ങൾ കേരളത്തിലേക്ക് ആവാഹിക്കുന്നതിനുള്ള ഒറ്റുമൂലിയാണ് കെ-ഫോൺ സംവിധാനം. അടിത്തട്ടിലുള്ള ദരിദ്രരായ 30 ശതമാനത്തിനുള്ള വാഗ്ദാനം തൽക്കാലം സാമൂഹ്യ സുരക്ഷയും അവരുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരവും. ഡോ. ഐസക്കിന്റെ ഈ വിലയിരുത്തലിൽ അന്തർലീനമായ പൊരുത്തക്കേടുകൾ ഗൗരവമായ ചർച്ച ആവശ്യപ്പെടുന്നു.

കെ. ഫോൺ പദ്ധതിയുടെ സാങ്കേതിക വശങ്ങൾ വിശദീകരിക്കുന്ന ഐ.ടി സെക്രട്ടറി മുഹമ്മദ് വൈ. സഫീറുള്ള / kfon.kerala.gov.in

ഇന്റർനെറ്റ് സർവവ്യാപിയാവുന്നതിന്റെ മുന്നോടിയായ 1995-ൽ മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബിൽ ഗേറ്റ്സ് ഫ്രിക്ഷൻ-ഫ്രീ ക്യാപിറ്റലിസം (സംഘർഷരഹിതമായ മുതലാളിത്തം) എന്ന ആശയം മുന്നോട്ടു വച്ചിരുന്നു. ഇന്റർനെറ്റ് പോലുള്ള സാങ്കേതിക വിദ്യയുടെ മുന്നേറ്റം അതിന് വഴിയൊരുക്കുമെന്നായിരുന്നു ദ റോഡ് എഹെഡ് എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലെ ഒരു കണ്ടെത്തൽ. ഫ്രിക്ഷൻ-ഫ്രീ മുതലാളിത്തമെന്ന വ്യാമോഹത്തെപ്പറ്റി ഗേറ്റ്സ് ഇപ്പോൾ നിശ്ശബ്ദനാണ്.

ചൈനയിൽ മുതലാളിത്തം പുനഃസ്ഥാപിച്ചശേഷം പത്താം തരം പാസ്സായ ഒരു തലമുറിയൻ സോവിയറ്റു യൂണിയൻ പൊളിഞ്ഞതിന് ശേഷം പിറന്ന തലമുറയോട് ഏതു ഭാഷയിലാവും വിമോചനത്തിന്റെ രാഷ്ട്രീയം സംസാരിക്കുകയെന്ന ചോദ്യം പോലെ സങ്കീർണ്ണമാണ് പ്രതിപക്ഷത്തെ ഇടതുപക്ഷത്തെ കുറിച്ചുള്ള ചോദ്യങ്ങളും.

ഗിഗ് എക്കോണമിയും, കെ-ഫോണുമെല്ലാം ചേർന്ന ഫ്രിക്ഷൻ- ഫ്രീ വികസനത്തെ കുറിച്ച് ഡോ. ഐസക് സ്വപ്നം കാണുമ്പോൾ ഇടതു ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോ 10,000 കോടി രൂപയുടെ സ്വകാര്യ മൂലധന നിക്ഷേപം അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്തിനുള്ളിൽ സാധ്യമാക്കുമെന്ന് ഉറപ്പു നൽകുന്നു. അതിനായി നിക്ഷേപാന്തരീക്ഷവും, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് സംവിധാനവും മെച്ചപ്പെടുത്തുന്നതാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ ഇടതു-മുന്നണി സർക്കാർ ഏതു നിലയിലാവും മുന്നോട്ടു നീങ്ങുകയെന്ന വിഷയത്തിൽ ദിശാബോധം നൽകുന്നവയാണ് ഡോ. ഐസക്കിന്റെ അഭിമുഖ സംഭാഷണവും, സ്വകാര്യ മൂലധനത്തെ കുറിച്ചുള്ള മാനിഫെസ്റ്റായിലെ വാഗ്ദാനങ്ങളും. നിലവിലുള്ള അധികാരഘടനയിൽ അലോസരങ്ങളൊന്നും സൃഷ്ടിക്കാത്ത ഭരണം നിലനിർത്തുന്നതിൽ മാത്രം ശ്രദ്ധയൂന്നുന്ന മുന്നണി എന്ന നിലയിലുളള എൽ.ഡി.എഫിന്റെ പരിണാമത്തിൽ ആർക്കും അത്ഭുതമുണ്ടാവില്ല. ഭരണം നിലനിർത്തുന്നതിനുള്ള അച്ചടക്കം മുഖ്യ അജൻഡയാവുന്ന ഇടതുപക്ഷത്തിന്റെ ആവിർഭാവം സ്വാഭാവികമായും പ്രതിപക്ഷത്തെ ഇടതുപക്ഷം ആരാവുമെന്ന ചോദ്യം ഉയർത്തുന്നു. ചൈനയിൽ മുതലാളിത്തം പുനഃസ്ഥാപിച്ചതിനുശേഷം പത്താം തരം പാസ്സായ ഒരു തലമുറിയൻ സോവിയറ്റു യൂണിയൻ പൊളിഞ്ഞതിനുശേഷം പിറന്ന തലമുറയോട് ഏതു ഭാഷയിലാവും വിമോചനത്തിന്റെ രാഷ്ട്രീയം സംസാരിക്കുകയെന്ന ചോദ്യം പോലെ സങ്കീർണമാണ് പ്രതിപക്ഷത്തെ ഇടതുപക്ഷത്തെ കുറിച്ചുള്ള ചോദ്യങ്ങളും.▮

റഫറൻസ്
1: കെജിഎസ്: ഒടിച്ചുമടക്കിയ ആകാശം
2: ഡോ. തോമസ് ഐസക് -രാജേഷ് എബ്രഹാം: അഭിമുഖം ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് മാർച്ച്​ 29, 2021


കെ.പി. സേതുനാഥ്‌

ഡക്കാൻ ക്രോണിക്കിൾ മുൻ സീനിയർ എഡിറ്റർ. മുപ്പത് വർഷം പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളിൽ ജേണലിസ്റ്റ് ആയിരുന്നു. ഇപ്പോൾ ഫ്രീലാൻസ്​ ജേണലിസ്റ്റ് .

Comments