സഖാവ് കക്കോത്ത് ബാലൻ: പിണറായിക്കൊപ്പം പുഴ കടന്ന, മർദ്ദനമേറ്റ കമ്യൂണിസ്റ്റ്

രാഷ്ട്രീയമെന്താണ് എന്ന് പിന്നീടൊരിക്കൽ, കണ്ണൂരിൽ വെച്ച് കണ്ടപ്പോൾ കക്കോത്ത് ബാലേട്ടനോട് ഞാൻ ചോദിക്കുന്നുണ്ട്. ജെമിനി ശങ്കരേട്ടന് പിണറായി കൂടി പങ്കെടുത്ത ഒരു സ്വീകരണച്ചടങ്ങിൽ പങ്കെടുക്കാൻ വന്നതായിരുന്നു, ബാലേട്ടൻ. 'നിങ്ങളുടെ തലമുറ അനുഭവിക്കുന്ന ആ സന്തോഷമുണ്ടല്ലൊ അത് രാഷ്ട്രീയം കൊണ്ടുണ്ടായതാ...'

ളരെ ലളിതവും സ്വച്ഛവും അത്ര തന്നെ സംഘർഷം നിറഞ്ഞതുമായ ഒരു രാഷ്ട്രീയ ഓർമയാണ്, കക്കോത്ത് ബാലൻ. ആരാണ് കമ്യൂണിസ്റ്റ് എന്ന് ചോദിച്ചാൽ "അതാ, ആ മനുഷ്യൻ ' എന്ന് വിരൽ ചൂണ്ടി പറയാവുന്ന രാഷ്ട്രീയ മനുഷ്യൻ ഇന്നലെ വിട പറഞ്ഞിരിക്കുന്നു. പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുമ്പോൾ ഇപ്പോൾ കണ്ണൂർ ചുവരുകളിൽ നിറയുന്ന ഓർമ്മ മുഖങ്ങളിൽ ഇനി ആ മുഖം കൂടി വരച്ചു ചേർക്കേണ്ടതാണ്. ഓർമയുടെ ചുവന്ന മുദ്രയാണ് കക്കോത്ത് ബാലൻ.

"പാർട്ടി പിറന്ന നാട് 'എന്ന അന്വേഷണത്തിന്റെ ഭാഗമായി പാറപ്രം/പിണറായി ഭാഗങ്ങളിൽ നടത്തിയ സഞ്ചാരങ്ങൾക്കിടയിലാണ് കക്കോത്ത് ബാലനെ പരിചയപ്പെടുന്നത്. അന്നദ്ദേഹം ഒരു മിൽമ ബൂത്ത് നടത്തുകയായിരുന്നു. "കക്കോത്ത് ബാലേട്ടനെ കണ്ടാൽ പാറപ്രം ചരിത്രമറിയാം' - എന്ന് പലരും പറഞ്ഞു. കാണുന്നതിന് മുന്നേ മനസ്സിൽ മറ്റൊരു രൂപമായിരുന്നു. അതിവാചാലനായ കമ്യൂണിസ്റ്റുകാരനായിരിക്കാം, ചിലപ്പോൾ അതിവൈകാരികമായി ഏറെ സംസാരിക്കുന്ന ഒരാൾ- ചരിത്രം നീട്ടിപ്പരത്തി പറയുന്ന അങ്ങനെ ഒരാളേ ആയിരുന്നില്ല, കക്കോത്ത് ബാലൻ.

പിണറായി - പാറപ്രം കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക സമ്മേളന സ്മാരക സ്തൂപത്തിനരികെ സഖാവ് കക്കോത്ത് ബാലൻ
പിണറായി - പാറപ്രം കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക സമ്മേളന സ്മാരക സ്തൂപത്തിനരികെ സഖാവ് കക്കോത്ത് ബാലൻ

ബുദ്ധ നിർമലമായ ചിരിയോടെ ആ സഖാവ് മുണ്ട് മാടിക്കുത്തി ഒപ്പം നടന്നു. പിണറായിയെ അടിയന്തിരാവസ്ഥക്കാലത്ത് പുഴ കടത്താൻ സഹായിച്ചത് കക്കോത്ത് ബാലനാണ്. ആ പുഴക്കടവിലേക്ക് കക്കോത്ത് ബാലൻ കൊണ്ടുപോയി. പിണറായിയോടൊപ്പമുള്ള ഒളിവുകാല തോണിയാത്രകളായിരുന്നു കക്കോത്ത് ബാലന്റെ ഓർമകളിൽ. ഇ.എം.എസും എ.കെ.ജിയും മറ്റു പലരും ഒളിവിൽ താമസിച്ച കണ്ടൽക്കാടുകളും കാട്ടു പടർപ്പുകളും നിറഞ്ഞ പാറപ്രത്തെ ചെറു മാവിലായിലെയും ഒളിയിടങ്ങളിലേക്ക് കക്കോത്ത് ബാലേട്ടനോടൊപ്പം പോയി. പ്രാചീനമായ ഒരു വന്യത ഇപ്പോഴും തളം കെട്ടി നിൽക്കുന്ന ആ ഒളിയിടങ്ങളിൽ എത്രയോ ദിവസങ്ങൾ ഏതൊക്കെയോ പേരുകളിൽ രാപാർത്ത സഖാക്കളെ ഓർത്ത് എത്രയോ നേരം അവിടെ മൗനമായി നിന്നു. ഓർമകളുടെ ഒളിയിടങ്ങളിൽ പാർത്തവരാണ് കാലത്തെ ഇത്രമേൽ തുറസ്സായ തെളിഞ്ഞയിടങ്ങളാക്കി മാറ്റിയത്. ഇ.എം.എസ്. എത്രയോ കാലം ഒളിവിൽ കഴിഞ്ഞ ഒറ്റ മുറിക്ക് താഴെയുള്ള ചായ പീട്യയിൽ നിന്ന് ബാലേട്ടൻ ചായയും അരിമുറുക്കും വാങ്ങി തന്നു.

ബാലേട്ടൻ കുറച്ചു മാത്രമേ സംസാരിച്ചിരുന്നുള്ളൂ. "ഇതിലൂടെയാണ് പിണറായിയും ഞാനും പുഴ കടന്നത്.' "അതാ, അതാണ് ഇ.എം.എസ് ഇരുന്ന അട്ട പീട്യ...'
ഇങ്ങനെ, ഒറ്റവരിയിൽ ചരിത്രത്തിലേക്കുള്ള വിരൽ നീട്ടങ്ങൾ. അടിയന്തിരാവസ്ഥയിൽ കഠിനമായ മർദ്ദനമേറ്റു വാങ്ങിയിരുന്നു. പോലീസുകാരിൽ നിന്നും കോൺഗ്രസ് ഗുണ്ടകളിൽ നിന്നും ജീവൻ പിടയുന്ന മർദ്ദനങ്ങളേറ്റു. "മനുഷ്യപ്പറ്റില്ലാത്തെ മെയ്യഭ്യാസികളെ പോലെയാണ് കോൺഗ്രസ് ഗുണ്ടകൾ അടിച്ചത്' എന്ന്, ചിരിച്ചു കൊണ്ടു പറയും. ആ ചിരി കനൽപാതകൾ മുറിച്ചു കടന്ന നിസ്വനായ ഒരു കമ്യൂണിസ്റ്റിന്റെ ചിരിയായിരുന്നു.

ബീഡിത്തൊഴിലാളികളുടെ ആത്മാഭിമാനമുയർത്തുന്ന രാഷ്ട്രീയ പോരാട്ടങ്ങളിൽ ബാലേട്ടൻ മുൻ നിരയിൽ തന്നെ നിന്നു. അവിടെയും തടവ് കാലങ്ങളിലൂടെ കടന്നു പോയി.

അമ്മയ്ക്ക് സുഖമില്ലാതിരുന്ന ഒരു പുലർച്ചെയാണ് പിണറായി അടിയന്തിരാവസ്ഥയിൽ കീഴടങ്ങുന്നതെന്ന് കക്കോത്ത് ബാലൻ പറഞ്ഞു. മഞ്ഞിലും തുളച്ചു കയറുന്ന ശൈത്യത്തിലും ബാലേട്ടനും പിണറായിയും പാറപ്രം / അഞ്ചരക്കണ്ടി പുഴകളിൽ രാവുകളിൽ തോണികളിൽ കിടന്നുറങ്ങി. ഏതോ തരത്തിൽ ലോകത്തെ മാറ്റിത്തീർക്കുമെന്ന ഉറപ്പുള്ള പ്രസ്ഥാനത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും വിശ്വാസത്തിലായിരുന്നു, അശാന്തമായ ആ രാത്രി സഞ്ചാരങ്ങൾ. പിണറായിയും കക്കോത്ത് ബാലനും ക്രൂരമായ പീഡനങ്ങൾക്കിരയായി. "കൂടുതലും കിട്ടിയത് സഖാവിനാണ് ' - പിണറായിയെ ഓർത്ത് ബാലേട്ടൻ പറയും.

പാറപ്രം അങ്ങാടിയിൽ സഖാവ് കക്കോത്ത് ബാലൻ
പാറപ്രം അങ്ങാടിയിൽ സഖാവ് കക്കോത്ത് ബാലൻ

രാഷ്ട്രീയമെന്താണ് എന്ന് പിന്നീടൊരിക്കൽ, കണ്ണൂരിൽ വെച്ച് കണ്ടപ്പോൾ കക്കോത്ത് ബാലേട്ടനോട് ഞാൻ ചോദിക്കുന്നുണ്ട്. ജെമിനി ശങ്കരേട്ടന് പിണറായി കൂടി പങ്കെടുത്ത ഒരു സ്വീകരണച്ചടങ്ങിൽ പങ്കെടുക്കാൻ വന്നതായിരുന്നു, ബാലേട്ടൻ. "നിങ്ങളുടെ തലമുറ അനുഭവിക്കുന്ന ആ സന്തോഷമുണ്ടല്ലൊ അത് രാഷ്ട്രീയം കൊണ്ടുണ്ടായതാ...'

അതിനേക്കാൾ മനോഹരമായി രാഷ്ട്രീയത്തെ വിശദീകരിക്കുന്ന ഒരു ദർശനം മാർക്‌സ് തന്നെ പറഞ്ഞിരിക്കാനിടയില്ല. ഞങ്ങൾ തിന്ന വെയിയും മഞ്ഞുമാണ് നിങ്ങൾ കൈയും വീശി നടക്കുന്ന ഈ തുറസ്സായ കാലം എന്ന ഊന്നിപ്പറയൽ അതിലുണ്ടായിരുന്നു.

രാഷ്ട്രീയത്തിലെ വിപ്ലവകരമായ ഒളിപ്പാർപ്പുകൾ, തടവ്, ബീഡിത്തൊഴിലാളി, പാൽ കച്ചവടം, സെവൻസ് ഫുട്‌ബോളിലെ ഗോളി....

കക്കോത്ത് ബാലേട്ടൻ ഒരു ജൈവിക രസമുള്ള രാഷ്ട്രീയ ജീവിതം നയിച്ചു. എല്ലായ്‌പ്പോഴും അദ്ദേഹം പിണറായി വിജയന്റെ ആത്മ സ്‌നേഹിതനായി തുടർന്നു.

കോവിഡിന് മുമ്പ് കണ്ണൂരിൽ നടന്ന ഏതോ ചടങ്ങിൽ, തോളിൽ ബാഗുമിട്ട് പിൻനിരയിൽ നിന്ന് വേദിയിലേക്ക് നോക്കി നിൽക്കേ എന്നെ പിറകിൽ നിന്ന് തൊട്ടു വിളിക്കുന്നു, ഒരാൾ.
തിരിഞ്ഞു നോക്കിയപ്പോൾ കക്കോത്ത് ബാലേട്ടൻ.

"മറന്നോ, ഞങ്ങളെ?'
"എങ്ങനെ മറക്കും, ബാലേട്ടാ'

വിട.
ലാൽ സലാം.


Summary: രാഷ്ട്രീയമെന്താണ് എന്ന് പിന്നീടൊരിക്കൽ, കണ്ണൂരിൽ വെച്ച് കണ്ടപ്പോൾ കക്കോത്ത് ബാലേട്ടനോട് ഞാൻ ചോദിക്കുന്നുണ്ട്. ജെമിനി ശങ്കരേട്ടന് പിണറായി കൂടി പങ്കെടുത്ത ഒരു സ്വീകരണച്ചടങ്ങിൽ പങ്കെടുക്കാൻ വന്നതായിരുന്നു, ബാലേട്ടൻ. 'നിങ്ങളുടെ തലമുറ അനുഭവിക്കുന്ന ആ സന്തോഷമുണ്ടല്ലൊ അത് രാഷ്ട്രീയം കൊണ്ടുണ്ടായതാ...'


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments