ത്രികോണ പ്രതീതിയിൽ കാഞ്ഞിരപ്പള്ളി

എൻ.ഡി.എ സ്ഥാനാർഥിയായി അൽഫോൺസ് കണ്ണന്താനത്തിന്റെ സാന്നിധ്യം ത്രികോണ മത്സരത്തിന്റെ പ്രതീതിയുണ്ടാക്കിയിട്ടുണ്ടെങ്കിലും ഹാട്രിക് തികയ്ക്കുമെന്ന പ്രതീക്ഷയിലാണ് കേരള കോൺഗ്രസ്- എമ്മിലെ ഡോ. എൻ. ജയരാജ്. കേരള കോൺഗ്രസ് വോട്ടിനൊപ്പം എൽ.ഡി.എഫ് വോട്ടുകൾ കൂടി ചേർന്നാൽ ജയം ഉറപ്പാണെന്ന് ജയരാജ് പറയുന്നു

Election Desk

കേരള കോൺഗ്രസ്- എമ്മിന്റെ മുന്നണി മാറ്റം ജനവിധിക്കുവിധേയമാകുന്ന മണ്ഡലങ്ങളിലൊന്നാണ് കാഞ്ഞിരപ്പള്ളി. 2016ൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച മാണി ഗ്രൂപ്പിലെ ഡോ. എൻ. ജയരാജ് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർഥിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയരാജ് 3890 വോട്ടിനാണ് സി.പി.ഐയിലെ വി.കെ. ബിനുവിനെ തോൽപ്പിച്ചത്. 2011ല ജയരാജിന്റെ ഭൂരിപക്ഷം 12,206 വോട്ടായിരുന്നു.

യു.ഡി.എഫ് സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കനും എൻ.ഡി.എ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനവും മണ്ഡലം ഇളക്കിമറിക്കുന്നുണ്ട്.

കഴിഞ്ഞ തവണ ബി.ജെ.പിയിലെ വി.എൻ. മനോജ് 31,411 വോട്ട് നേടിയിരുന്നു. കഴിഞ്ഞ ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും പാർട്ടി 30,000 ലധികം വോട്ടുനേടി. ഈ എണ്ണത്തിലും സഭാവോട്ടുകളിലും ഇരുകണ്ണുകളും വെച്ചാണ് ബി.ജെ.പി അൽഫോൺസ് കണ്ണന്താനത്തെ തന്നെ സ്ഥാനാർഥിയാക്കിയത്. ശബരി എയർപോർട്ടും മണിമല മേജർ കുടിവെള്ള പദ്ധതിയും അടക്കമുള്ള വൻകിട പദ്ധതികളാണ് അൽഫോൺസ് കണ്ണന്താനത്തിന്റെ വാഗ്ദാനം. 2006ൽ എൽ.ഡി.എഫ് സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയിൽനിന്ന് വിജയിച്ച് എം.എൽ.എയായപ്പോൾ നടത്തിയ വികസനവും അദ്ദേഹം വോട്ടർമാരെ ഓർമിപ്പിക്കുന്നുണ്ട്.

അൽഫോൺസിന്റെ സാന്നിധ്യം ത്രികോണ മത്സരത്തിന്റെ പ്രതീതിയുണ്ടാക്കിയിട്ടുണ്ടെങ്കിലും ഹാട്രിക് തികയ്ക്കുമെന്ന പ്രതീക്ഷയിലാണ് ജയരാജ്. കേരള കോൺഗ്രസ് വോട്ടിനൊപ്പം എൽ.ഡി.എഫ് വോട്ടുകൾ കൂടി ചേർന്നാൽ ജയം ഉറപ്പാണെന്ന് ജയരാജ് പറയുന്നു. മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റത്തിനുശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ ഗംഭീര ജയം ജയരാജിന്റെ പ്രതീക്ഷക്ക് ചിറകുനൽകുന്നു.

ഒമ്പതിൽ ഏഴു പഞ്ചായത്തും എൽ.ഡി.എഫിനാണ്. ഒരെണ്ണം യു.ഡി.എഫിനും ഒരെണ്ണം എൻ.ഡി.എക്കും. മണ്ഡലത്തിൽ 77 വാർഡുകളിൽ എൽ.ഡി.എഫും യു.ഡി.എഫ് 35 വാർഡുകളിലും ജയിച്ചു. എൻ.ഡി.എക്ക് ലഭിച്ചത് 20 വാർഡുകളാണ്.

എന്നാൽ, മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റമാണ് യു.ഡി.എഫ് വിഷയമാക്കുന്നത്. അത്, അത്ര ക്ലച്ചുപിടിച്ചിട്ടില്ല. ഇത്തവണ മൂവാറ്റുപുഴയിൽ സീറ്റുറപ്പിച്ച് തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്ക് അവിടെ തുടക്കം കുറിച്ചുകഴിഞ്ഞശേഷമാണ് വാഴക്കന് കാഞ്ഞിരപ്പള്ളിയിലേക്ക് മാറ്റം കിട്ടിയത്.

വാഴക്കൻ മത്സരിക്കുമെന്ന സൂചന കിട്ടിയതോടെ, മൂവാറ്റുപുഴയിൽ അദ്ദേഹത്തിനെതിരെ പോസ്റ്ററുകളുയർന്നു. ‘മൂവാറ്റുപുഴയിലെ കോൺഗ്രസിന്റെ അന്തകൻ' എന്നായിരുന്നു സ്വന്തം പാർട്ടിക്കാരുടെ തന്നെ സ്‌നേഹവിശേഷണം.
കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല എന്നീ പഞ്ചായത്തുകളും, ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെട്ട കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം, വാഴൂർ, വെള്ളാവൂർ എന്നീ പഞ്ചായത്തുകളും. കോട്ടയം താലൂക്കിലെ പള്ളിക്കത്തോട് പഞ്ചായത്തും മണ്ഡലത്തിൽ ഉൾപ്പെടുന്നു.


Comments