കണ്ണൂരിന്റെ സാധ്യതാസൂചി ഇത്തവണ യു.ഡി.എഫിലേക്കും സഞ്ചരിക്കുന്നുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥിയായ രാമചന്ദ്രൻ കടന്നപ്പള്ളിക്ക്, എൽ.ഡി.എഫിന്റെ ഭരണനേട്ടങ്ങളുടെയും മന്ത്രിയെന്ന നിലയ്ക്കുള്ള പ്രതിച്ഛായയുടെയും പിൻബലം തീർച്ചയായും ഉണ്ട്. എന്നാൽ, 2016ലെ അവസ്ഥയിലല്ല യു.ഡി.എഫ്. കോൺഗ്രസിൽ ഗ്രൂപ്പുതർക്കത്തിനും "കെ. സുധാകരൻ ഫാക്ടറി'നുമെല്ലാം ശമനം വന്നിട്ടുണ്ട്. മാത്രമല്ല, കണ്ണൂരിലെ യു.ഡി.എഫ് വിജയം കെ. സുധാകരന്റെ കൂടി അഭിമാനപ്രശ്‌നമായി മാറിയതോടെ അരയും തലയും മുറുക്കിയാണ് യു.ഡി.എഫ് രംഗത്തുള്ളത്.
2016ൽ രാമചന്ദ്രൻ കടന്നപ്പള്ളി 1196 വോട്ടിനാണ് കോൺഗ്രസിലെ സതീശൻ പാച്ചേനിയെ തോൽപ്പിച്ചത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനായിരുന്നു മുൻതൂക്കം. കണ്ണൂർ കോർപറേഷൻ യു.ഡി.എഫിനൊപ്പമാണ്. ഈ സാഹചര്യം വച്ച്, 1196 എന്ന സംഖ്യ നിഷ്പ്രയാസം മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
2011ൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന എ.പി. അബ്ദുള്ളക്കുട്ടി 6533 വോട്ടിനാണ് കടന്നപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ചത്. 2016ൽ അബ്ദുള്ളക്കുട്ടിക്ക് കണ്ണൂർ ലഭിച്ചില്ല, പകരം വന്ന സതീശൻ പാച്ചേനിക്ക് കടന്നപ്പള്ളിയെ പിടിച്ചുനിർത്താനായെങ്കിലും ജയം വഴുതിപ്പോയി.
കെ. സുധാകരന്റെ കളികളാണ് കണ്ണൂർ കഴിഞ്ഞ തവണ നഷ്ടപ്പെടാനിടയാക്കിയതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിട്ടുണ്ട്: ""2016ൽ മണ്ഡലം മാറി മത്സരിക്കേണ്ടിവന്ന ഏക കോൺഗ്രസ് എം.എൽ.എ ഞാനാണ്. സിറ്റിങ് സിറ്റ് ഉപേക്ഷിച്ച് തലശ്ശേരിക്ക് മാറിയത് സുധാകരൻ ആവശ്യപ്പെട്ടതിനെതുടർന്നാണ്. തന്നെ മാറ്റിയാൽ കണ്ണൂരിൽ മറ്റാരും ജയിക്കില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. ഇത് മനസ്സിലാക്കി സുധാകരൻ ഉദുമയിൽ മത്സരിച്ചു. പകരം സതീശൻ പാച്ചേനിക്ക് കണ്ണൂർ നൽകി. അങ്ങനെയാണ് 2016ൽ കണ്ണൂർ കൈവിട്ടുപോയത്''.
കഴിഞ്ഞ തവണ എൽ.ഡി.എഫിനുപോലും പ്രതീക്ഷയില്ലാത്ത മണ്ഡലത്തിൽ, ഇത്തരം പടലപ്പിണക്കങ്ങളാണ് യു.ഡി.എഫിന്റെ തോൽവിക്കിടയാക്കിയത്.
മുസ്‌ലിം സ്വാധീനം ചൂണ്ടിക്കാട്ടി മുസ്‌ലിംലീഗ് കണ്ണൂരിനുവേണ്ടി രംഗത്തുണ്ടായിരുന്നു. ലീഗ് കണ്ണൂർ ജില്ല നേതൃത്വം യു.ഡി.എഫിനെ സമീപിച്ചിക്കുകയും ചെയ്തു. എന്നാൽ, മണ്ഡലം തിരിച്ചുപിടിക്കുമെന്ന സുധാകരന്റെ ഉറപ്പിൽ ലീഗിന്റെ കരച്ചിൽ വറ്റിപ്പോയി.
കോൺഗ്രസ് എസിന് സംസ്ഥാനത്ത് ആകെയുള്ള മണ്ഡലം നിലനിർത്താനുള്ള ആവേശം കടന്നപ്പള്ളിയിൽ ഇപ്പോഴുമുണ്ട്. 26ാമത്തെ വയസ്സിൽ, 1971ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കേ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ഇ.കെ. നായനാരെ തോൽപ്പിച്ച അതേ ബാല്യത്തിന്റെ ആവേശം. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന് അരനൂറ്റാണ്ടു തികയുന്ന സമയത്താണ് കണ്ണൂരിൽ മൂന്നാമത് ജനവിധി തേടുന്നത്. 1977ൽ കോൺഗ്രസിലുണ്ടായ പിളർപ്പിനുശേഷം എ.കെ. ആന്റണിക്കൊപ്പം ഇടതുപക്ഷത്തെത്തിയ കടന്നപ്പള്ളി, ആന്റണിയും മറ്റു സഹപ്രവർത്തകരും തിരിച്ചുപോയിട്ടും ഇടതുപക്ഷത്ത് തുടർന്നു. താനും തന്റെ പാർട്ടിയും എന്ന ഏകാംഗ സൈന്യമായി നിലകൊണ്ടു.
ഇടതുപക്ഷത്തിന് സ്വാധീനമുണ്ടെങ്കിലും കണ്ണൂർ ജില്ലയിലെ കോൺഗ്രസിന്റെ അഭിമാന മണ്ഡലം കൂടിയാണ് കണ്ണൂർ 1965 മുതലുള്ള തെരഞ്ഞെടുപ്പുചരിത്രത്തിൽ കോൺഗ്രസാണ് കൂടുതൽ തവണയും ജയിച്ചിട്ടുള്ളത്. 1965 ൽ നിലവിൽവന്ന കണ്ണൂർ മണ്ഡലത്തിന്റെ ആദ്യ എം.എൽ.എ മുസ്ലിംലീഗ് സ്വതന്ത്രൻ കെ.എം. അബൂബക്കറായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയെയാണ് അദ്ദേഹം തോൽപ്പിച്ചത്. 1967 ൽ ലീഗിലെ ഇ. അഹമ്മദ് കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി. 70ൽ ഇ. അഹമ്മദ് എൻ.കെ. കുമാരനോട് പരാജയപ്പെട്ടു. അടിയന്തരാവസ്ഥക്കു ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ കുമാരൻ ലോക്ദൾ സ്ഥാനാർഥി പി. ഭാസ്‌കരനോട് പരാജയപ്പെട്ടു. പിന്നീട് മൂന്ന് തെരഞ്ഞെടുപ്പിലും യു.ഡി.എഫ് സ്ഥാനാർഥിയായ പി. ഭാസ്‌കരൻ വിജയിച്ചു. 1991ൽ കോൺഗ്രസിലെ എൻ. രാമകൃഷ്ണൻ. തുടർന്ന് 1996 മുതൽ 2006 വരെ തുടർച്ചയായി കെ. സുധാകരൻ. 2009ലെ ഉപതെരഞ്ഞെടുപ്പിലും 2011ലും എ.പി. അബ്ദുള്ളക്കുട്ടി.
കണ്ണൂർ നഗരസഭ, ചേലോറ, എടക്കാട്, എളയാവൂർ, മുണ്ടേരി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം.