പുതിയ കാലത്തോടും ലോകത്തോടും മാർക്​സ്​ പറയുന്നത്​…

മുതലാളിത്തം പ്രകൃതിയോടും തൊഴിലാളികളോടും കാണിക്കുന്ന ലാഭാർത്തമായ ഇടപെടലുകളുടെ ഫലമാണ് സാമ്പത്തിക പ്രതിസന്ധിയും പാരിസ്ഥിതികത്തകർച്ചയും. അതിൻ്റെ പരിണതികളാണ് കാലാവസ്ഥാ വ്യതിയാനവും ജൈവാവസ്ഥയിലെ മാറ്റങ്ങളും അപരിചിതങ്ങളായ സാംക്രമിക രോഗാണുക്കളുടെ പ്രജനനവുമെല്ലാം. ഇവിടെയാണ് മാർക്സിൻ്റെ പ്രകൃതിയെയും മുതലാളിത്തയെയും സംബന്ധിച്ച നിരീക്ഷണങ്ങളുടെ മൗലിക പ്രാധാന്യം. ഇന്ന്​ കാൾ മാർക്​സിൻ്റെ 205-ാം ജന്മവാർഷിക ദിനം.

ലോകത്തെ അസമത്വങ്ങളുടെ വിളഭൂമിയാക്കി മാറ്റിയിരിക്കുകയാണ്​ സാമ്രാജ്യത്വ- ആഗോളവൽക്കരണ നയങ്ങൾ. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഹൃദയശൂന്യമാബന്ധങ്ങൾ അഭൂതപൂർവ്വമായ മാനങ്ങളിലെത്തിയിരിക്കുന്നു. അപമാനവീകരണത്തെയും അപരിചിതനാക്കപ്പെടുന്ന മനുഷ്യനെയും പ്രകൃതിയെയും സംബന്ധിച്ച ആഴമേറിയ അന്വേഷണ പഠനങ്ങളിലൂടെയാണ് മാർക്സിസം ലോകത്തെ മാറ്റുന്ന ദർശന പദ്ധതിയായി വളർന്നത്. മുതലാളിത്തം സൃഷ്ടിച്ച വൈരുധ്യങ്ങളുടെയും അസന്തുലിത്വങ്ങളുടെയും അടിസ്ഥാനങ്ങളെ നിർധാരണം ചെയ്താണ്​ മാർക്സ് ലോകത്തെ എങ്ങനെ മാറ്റാം എന്നും ആ സാമൂഹ്യവിപ്ലവത്തിന് നേതൃത്വം കൊടുക്കാൻ കഴിയുന്ന സാമൂഹ്യശക്തി ആരാണ്​ എന്നുമൊക്കെ വിശദമാക്കി തന്നത്.

1970 മുതൽ 5 ദശകം സാമ്പത്തിക സാമൂഹ്യ ചിന്താമേഖലകളിൽ മേൽക്കൈ നേടികൊണ്ടിരിക്കുന്ന സ്വതന്ത്ര വിപണി സിദ്ധാന്തങ്ങൾ ഇന്ന് വിചാരണ ചെയ്യപ്പെടുകയാണ്.

1818 മെയ് 5-നാണ് മാർക്സ് ജർമനിയിലെ ത്രിയറിൽ ജനിക്കുന്നത്. 65 വർഷം നീണ്ട സമരോത്സുകവും ത്യാഗപൂർണവുമായ ജീവിതം. 19-ാം നൂറ്റാണ്ടിലെ ബൗദ്ധിക ചരിത്രത്തെയാകെ ഇളക്കിമറിച്ച ധൈഷണിക ഇടപെടലിലൂടെ മനുഷ്യരാശിയുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് പുതിയൊരു ദിശാമുഖം നൽകിയ മാർക്സ് ആധുനിക തൊഴിലാളി വർഗത്തിൻ്റെ പ്രത്യയശാസ്ത്ര പദ്ധതികൾ ആവിഷ്ക്കരിച്ചു. സാർവത്രികവും സാർവ്വദേശീയവുമായ വർഗ്ഗസമര സിദ്ധാന്തങ്ങൾ. മനുഷ്യരാശിയുടെ സാമൂഹ്യപരിണാമ ചരിത്രത്തെയും മുതലാളിത്തത്തെയും സംബന്ധിച്ച അപഗ്രഥനാത്മക പഠനങ്ങൾ, ചരിത്രത്തിൻ്റെയും സാമൂഹ്യ വ്യവസ്ഥകളുടെയും വികാസ പരിണാമങ്ങളെയും അതിനടിസ്ഥാനമായി പ്രവർത്തിക്കുന്ന ചലനനിയമങ്ങളെയും സംബന്ധിച്ച ശാസ്ത്രീയ നിരീക്ഷണങ്ങൾ. സാർവ്വദേശീയവിജ്ഞാനത്തിൻ്റെ അടിത്തറയിലും സ്വാംശീകരണത്തിലുമാണ് മാർക്സിസമതിൻ്റെ ചിന്താപദ്ധതികളും സിദ്ധാന്തങ്ങളും രൂപപ്പെടുത്തിയത്.

കാൾ മാർക്സ്

ജർമ്മൻ തത്വചിന്തയുടെയും ഇംഗ്ലീഷ്​ അർത്ഥശാസ്ത്രത്തിൻ്റെയും സോഷ്യലിസത്തെയും കമ്യൂണിസത്തെയും സംബന്ധിച്ച ഫ്രഞ്ച് ചിന്തകളുടെയും വിമർശനാത്മക പഠനങ്ങളുടെ അടിത്തറയിലാണ് മാർക്സും എംഗൽസും തങ്ങളുടെ രാഷ്ട്രീയ സിദ്ധാന്തങ്ങളും ദർശന പദ്ധതികളും ആവിഷ്ക്കരിച്ചത്. ചരിത്രത്തെയും തങ്ങൾ ജീവിച്ച കാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹ്യ സംഭവഗതികളെയും പഠിച്ചും അതിലിടപെട്ടുമാണ് മാർക്സിസത്തിൻ്റെ രാഷ്ട്രീയ- സൈദ്ധാന്തിക ആവിഷ്ക്കാരങ്ങളിലൂടെ അവർ തൊഴിലാളി വർഗത്തിൻ്റെ സ്വതന്ത്ര രാഷ്ടീയകക്ഷിയെന്ന നിലയിൽ കമ്യൂണിസ്റ്റു പാർട്ടികൾ കെട്ടിപ്പടുക്കാനുള്ള സാർവ്വദേശീയ ഇടപെടലുകൾ നടത്തിയത്. തിളച്ചുമറിയുന്ന മുതലാളിത്ത വിരുദ്ധ സമരങ്ങളെ സാമൂഹ്യ വിപ്ലവങ്ങളിലേക്കും സോഷ്യലിസ്റ്റ് ലോക നിർമിതിയിലേക്കും തിരിച്ചുവിടാനുള്ള രാഷ്ട്രീയവും സൈദ്ധാന്തികവും പ്രായോഗികവുമായ ഇടപെടലുകൾ. ലോകമെമ്പാടുമുള്ള, പണിയെടുക്കുന്നവരുടെ സംഘടനയും അവരുടെ സാർവ്വദേശീയ ഐക്യത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ.

കടുത്ത വിപണി വാദികൾ പോലും പശ്ചാത്താപ വിവശരായി ആഗോളവൽക്കരണത്തിനെതിരെ കുറ്റപത്രം തയ്യാറാക്കുന്നു. ലോകത്തിന് മാർക്സിലേക്ക് മടങ്ങിയേ പറ്റൂവെന്നാണവർ പറയുന്നത്.

പാരീസ്​ കമ്യൂണും ഒക്ടോബർ വിപ്ലവവും കോളനി രാജ്യങ്ങളുടെ ദേശീയ വിമോചനവും ഫാഷിസ്റ്റ് വിരുദ്ധ യുദ്ധവിജയവും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് വിപ്ലവങ്ങളും ചൈനീസ് വിപ്ലവവും വടക്കൻ കൊറിയൻ വിമോചനവും ക്യൂബൻ വിപ്ലവവും വിയറ്റ് നാം വിമോചനവും ലാറ്റിനമേരിക്കൻ നാടുകളിലെ വിപ്ലവങ്ങളും മനുഷ്യരാശിയുടെ ചരിത്രത്തിൽ മാർക്സിസം ചെലുത്തിയ മഹാസ്വാധീനത്തിൻ്റെ ഫലങ്ങളായിരുന്നു.

1980- കളോടെ, സോവിയറ്റ്​ സോഷ്യലിസ്റ്റ് ബ്ലോക്കിൻ്റെ തകർച്ചയോടെ പ്രചണ്ഡമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല ശക്തിപ്പെട്ടു. കമ്യൂണിസം കാലഹരണപ്പെട്ടുവെന്ന് മുതലാളിത്ത വാദികളും വംശീയവാദികളും ലോകമാകെ പ്രചാരണമഴിച്ചുവിട്ടു. സ്വതന്ത്രവിപണി വ്യവസ്ഥക്കുവേണ്ടിയുള്ള സ്തുതിഗീതങ്ങൾ ലോകമെമ്പാടുമുള്ള വലതുപക്ഷശക്തികളും മാധ്യമങ്ങളും പാടി നടന്നു.

1970 മുതൽ 5 ദശകം സാമ്പത്തിക സാമൂഹ്യ ചിന്താമേഖലകളിൽ മേൽക്കൈ നേടികൊണ്ടിരിക്കുന്ന സ്വതന്ത്ര വിപണി സിദ്ധാന്തങ്ങൾ ഇന്ന് വിചാരണ ചെയ്യപ്പെടുകയാണ്. നിയോലിബറൽ മുതലാളിത്തം ലോകത്തെ അസമത്വങ്ങളുടെയും ദുരിതങ്ങളുടെയും വിളഭൂമിയാക്കിയിരിക്കുന്നു. കടുത്ത വിപണി വാദികൾ പോലും പശ്ചാത്താപ വിവശരായി ആഗോളവൽക്കരണത്തിനെതിരെ കുറ്റപത്രം തയ്യാറാക്കുന്നു. ലോകത്തിന് മാർക്സിലേക്ക് മടങ്ങിയേ പറ്റൂവെന്നാണവർ പറയുന്നത്.

2020-ൽ മഹാമാരി സൃഷ്ടിച്ച അരക്ഷിത പൂർണമായ സാഹചര്യം അതിജീവിക്കാൻ സ്റ്റേറ്റിടപെടലിൻ്റെയും സാമൂഹ്യ നിയന്ത്രണത്തിൻ്റെയും തത്വങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാറുകൾക്കേ കഴിയൂവെന്ന് തിരിച്ചറിഞ്ഞ ലോകാനുഭവങ്ങൾ… സർവതന്ത്രസ്വതന്ത്രമായ വിപണി സിദ്ധാന്തത്തിൻ്റെ അനിവാര്യമായ ദുരന്തമാണ് ഇന്നത്തെ പ്രതിസന്ധിയും മഹാമാരിയെ നേരിടുന്നതിൽ സംഭവിച്ച കുറ്റകരമായ പാളിച്ചകളെന്നും മുതലാളിത്ത ലോകത്തുനിന്ന് വിമർശനങ്ങൾ ഉയർന്നുവരുന്നു. മുതലാളിത്തം പ്രകൃതിയോടും തൊഴിലാളികളോടും കാണിക്കുന്ന ലാഭാർത്തമായ ഇടപെടലുകളുടെ ഫലമാണ് സാമ്പത്തിക പ്രതിസന്ധിയും പാരിസ്ഥിതികത്തകർച്ചയും. അതിൻ്റെ പരിണതികളാണ് കാലാവസ്ഥാ വ്യതിയാനങ്ങളും ജൈവാവസ്ഥയിലെ മാറ്റങ്ങളും അപരിചിതങ്ങളായ സാംക്രമിക രോഗാണുക്കളുടെ പ്രജനനവുമെല്ലാം. ഇവിടെയാണ് മാർക്സിൻ്റെ പ്രകൃതിയെയും മുതലാളിത്തയെയും സംബന്ധിച്ച നിരീക്ഷണങ്ങളുടെ മൗലിക പ്രാധാന്യം.

Comments