ഇന്ത്യൻ സമൂഹത്തെയും ചരിത്രത്തെയും മാർക്സിസ്റ്റ് രീതിയിൽ വിശകലനം ചെയ്യുകയും ഇന്ത്യൻ സോഷ്യലിസത്തിന്റെ പാതയെ നിർവ്വചിക്കുകയും ചെയ്ത ഇ.എം.എസിന്റെ 27–ാം ചരമദിനവാർഷികമാണ് ഇന്ന്, മാർച്ച് 19. ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും മാർക്സിസ്റ്റ് വീക്ഷണഗതിയിൽ വിശകലനം ചെയ്ത പണ്ഡിതരിൽ പ്രമുഖനാണ് ഇ.എം.എസ്. യൂറോപ്യൻ മുതലാളിത്ത വളർച്ചയുടെ പശ്ചാത്തലത്തിൽ മൂലധനം പോലെയുള്ള ഗഹനങ്ങളായ കൃതികൾ രചിച്ച മാർക്സ് ഇന്ത്യ പോലെ പിന്നാക്ക കാർഷിക രാജ്യങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ടോയെന്ന ചോദ്യം പല പണ്ഡിതരും ഉയർത്തിയിരുന്ന സന്ദർഭത്തിലാണ് ഇ.എം.എസ് ഇന്ത്യയുടെ ചരിത്രത്തെയും സംസ്കാരത്തെയുമൊക്കെ സംബന്ധിച്ച മാർക്സിന്റെയും എംഗൽസിന്റെയും പഠനക്കുറിപ്പുകളെ സൂക്ഷ്മമായി പഠിച്ച് അവതരിപ്പിക്കുന്നത്.
മാർക്സിന്റെ കൃതികളെ സമഗ്രമായി പഠിക്കാനും സൂക്ഷ്മമായി അതിലെ നിരീക്ഷണങ്ങളെ കണ്ടെത്താനും ശ്രമിക്കാത്ത ബൂർഷ്വാചിന്തകരാണ് മാർക്സിസം ഇന്ത്യൻ സമൂഹത്തെക്കുറിച്ച് പഠിക്കുന്നതിന് സഹായകരമല്ലെന്ന അബദ്ധവാദങ്ങൾ ഉയർത്തിയിരുന്നത്. അത്തരം പണ്ഡിതരിൽ പലരും ഇന്ത്യൻ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ കഴിയാത്ത ഒരു യൂറോപ്യൻ പണ്ഡിതനായിട്ടു മാത്രമാണ് മാർക്സിനെ മനസ്സിലാക്കിയിരുന്നത്. ഇത്തരം ബൂർഷ്വാപണ്ഡിതരുടെ മാർക്സിസത്തെയും ഇന്ത്യൻ സമൂഹത്തെയും കുറിച്ചുള്ള അവരുടെ അബദ്ധധാരണകളെ തുറന്നുകാട്ടുകയാണ് ഇ.എം.എസ് ചെയ്തത്. കാൾ മാർക്സ് പുതുയുഗത്തിന്റെ വഴികാട്ടി, മാർക്സിസം മാർക്സിനുശേഷം തുടങ്ങിയ ഇ.എം.എസിന്റെ പ്രബന്ധങ്ങൾ ഈ ദിശയിലുള്ള ശ്രമങ്ങളാണെന്നു പറയാം.
1853 മുതൽ 1858 വരെയുള്ള ഇന്ത്യൻ സംഭവങ്ങളെ വിശകലനം ചെയ്ത് മാർക്സ് ന്യൂയോർക്ക് ഡെയ്ലി ട്രിബ്യൂണിൽ എഴുതിയ ലേഖനങ്ങൾ ഇന്ത്യയെന്ന കോളനി രാജ്യത്തെ സംബന്ധിച്ച സൂക്ഷ്മവിശകലനങ്ങൾ അടങ്ങുന്നതായിരുന്നു. ഈ ലേഖനങ്ങളെല്ലാം സമാഹരിച്ച് മോസ്കോയിലെ മാർക്സിസം–ലെനിനിസം ഇൻസ്റ്റിറ്റ്യൂട്ട് ഒരു പുസ്തകം ഇറക്കിയിട്ടുണ്ട്. 1857–ലെ ബ്രിട്ടീഷ് ചരിത്രകാരർ ശിപായി ലഹള എന്ന് വിശേഷിപ്പിച്ച കലാപത്തെ വിശകലനം ചെയ്ത്, മാർക്സ് അത് ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒന്നാമത്തെ യുദ്ധമാണെന്ന നിഗമനം മുന്നോട്ടുവെച്ചു. മാർക്സ് ഒരു ഇന്ത്യൻ വിദഗ്ധനായിരുന്നില്ലെങ്കിലും (Indologist) ഇന്ത്യൻ കാര്യങ്ങളിൽ, ഇന്ത്യയുടെ ചരിത്രത്തിലും സംസ്കാരത്തിലും സാമ്പത്തിക വ്യവസ്ഥയിലും അഗാധമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

ആധുനിക മുതലാളിത്തത്തിന്റെ വളർച്ചയും അതിന്റെ ആധിപത്യവാഞ്ചയുമായി ബന്ധപ്പെടുത്തിയാണ് മാർക്സിന്റെ പഠനങ്ങളെല്ലാം തയ്യാറാക്കിയിട്ടുള്ളത്. ചരിത്രത്തെയും സംസ്കാരത്തെയും സമ്പദ്ഘടനയെയുമൊക്കെ അവയുടെ പരസ്പര ബന്ധത്തിലും സമഗ്രതയിലും വിശകലനം ചെയ്യാനാണ് മാർക്സ് ശ്രദ്ധിച്ചിട്ടുള്ളത്. മാർക്സിസ്റ്റുകൾ എന്ന് പറയുന്ന പലരും സംശയിച്ചിരുന്നത്, മാർക്സിനെ പോലെ തൊഴിലാളിവർഗത്തിന്റെ വിപ്ലവകരമായ പ്രപഞ്ചദർശനത്തിൽ നിന്ന് മുതലാളിത്തത്തിന്റെ വളർച്ചയെയും പരിഗണാമഗതികളെയും അപഗ്രഥിച്ച് തൊഴിലാളിവർഗ വിപ്ലവകാരികൾക്ക് മാർഗദർശനം നൽകുന്ന ഒരു ധിഷണാശാലിക്ക് മുതലാളിത്തം വളർന്നിട്ടില്ലാത്ത ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ എങ്ങനെയാണ് വിശകലനവിധേയമാക്കാൻ കഴിയുക എന്നാണ്. യൂറോപ്യൻ മുതലാളിത്ത രാജ്യങ്ങളിലെ ഭരണകർത്താക്കൾ എങ്ങനെയാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ കീഴ്പ്പെടുത്തുന്നത് എന്നാണ് മാർക്സ് ഇന്ത്യയെക്കുറിച്ചുള്ള പഠനങ്ങളിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. മാർക്സിന്റെ ഈ വിശകലനങ്ങളുടെ അക്കാദമീയമായ സൂചനകൾ മൂലധനത്തിൽതന്നെ പലയിടത്തും വായിച്ചെടുക്കാൻ കഴിയും. ചരക്ക്, വിനിമയം, പണം, മൂലധനം മുതലായവയെ സംബന്ധിച്ച വിശദീകരണങ്ങൾക്കിടയ്ക്ക് ഇതോരോന്നും മുതലാളിത്ത പൂർവ്വഘട്ടത്തിൽ ഏതേത് രൂപങ്ങളിലാണ് നിലനിന്നിരുന്നതെന്നും അതിലോരോന്നിലും എന്തെല്ലാം മാറ്റങ്ങളാണ് മുതലാളിത്തം ഉണ്ടാക്കിയതെന്നും മാർക്സ് വിശകലനാത്മകമായി അവതരിപ്പിക്കുന്നുണ്ട്. അവിടെ മാർക്സ് ഇന്ത്യ, ചൈന, പേർഷ്യ മുതലായ ഏഷ്യൻ രാജ്യങ്ങളിലെ ഈ പരിവർത്തനത്തിെൻ്റ സ്വാധീനത്തെയും സംഭവഗതികളെയും വിശകലവിധേയമാക്കുന്നുണ്ട്.
മാർക്സിന്റെയും എംഗൽസിന്റെയും ആ കാലഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആനുകാലിക പ്രസക്തമായ പല ലേഖനങ്ങളും ഇരുവരും നടത്തിയിട്ടുള്ള കത്തിടപാടുകളും 1856 മുതൽ 58 വരെയുള്ള മൂന്ന് വർഷത്തിനിടയിൽ ഇന്ത്യയിൽ നടന്ന അതീവ പ്രാധാന്യമുള്ള ചരിത്രസംഭവങ്ങളെ സ്പർശിച്ചുപോകുന്നുണ്ട്. ഇതൊക്കെ ചേർത്താണ് മാർക്സിന്റെ ഇന്ത്യാ ചരിത്രക്കുറിപ്പുകൾ തയ്യാറാക്കിയിട്ടുള്ളത്.

ഇതിൽ മാർക്സിന്റെയും എംഗൽസിന്റെയും ഇന്ത്യൻ കാര്യങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളെ രണ്ടു തരമായി കാണാം.
ഒന്ന്; ബ്രിട്ടീഷ് പാർലമെൻ്റിൽ ഇന്ത്യയുടെ ഭരണം സംബന്ധിച്ച നിയമഭേദഗതികൾ ചർച്ചചെയ്തുകൊണ്ടിരുന്നപ്പോൾ അതിനെ അവലോകനം ചെയ്ത് അപ്പപ്പോൾ എഴുതിയ ലേഖനങ്ങൾ. അതുപോലെ ബ്രിട്ടീഷ് ഭരണത്തിന്റെ നെടുംതൂണുകളെ പിടിച്ചുകുലുക്കിയ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പ്രക്ഷുബ്ധ ദിനങ്ങളിലെഴുതിയ ലേഖനങ്ങൾ. 1856 മുതൽ 58 വരെയുള്ള കാലത്തെ ആസ്പദമാക്കി ഇന്ത്യാ ചരിത്രക്കുറിപ്പുകൾ എഴുതാൻ മാർക്സ് തയ്യാറായതിൽ നിന്നുതന്നെ ആ കാലഘട്ടത്തിലെ ഇന്ത്യൻ സംഭവഗതികളെ എത്ര സൂക്ഷ്മമായി മാർക്സിസ്റ്റ് ആചാര്യന്മാർ നോക്കിക്കണ്ടിരുന്നുവെന്നാണ് വ്യക്തമാവുന്നത്.
1853–ൽ മാർക്സ് എഴുതിയ മൂന്ന് ലേഖനങ്ങളെ ആസ്പദമാക്കി ഇന്ത്യയുടെ ചരിത്രം സംസ്കാരം എന്നിവ സംബന്ധിച്ച മാർക്സിസ്റ്റ് വീക്ഷണാടിസ്ഥാനത്തിലുള്ള വിശകലനങ്ങൾ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പല മാർക്സിസ്റ്റുകളും നടത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽപ്പെട്ട ഒരാളാണ് താനെന്നും എളിയ സംഭാവനകൾ തന്റേതായി നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇ.എം.എസ് എഴുതുന്നു; ‘ഞങ്ങളുടെയൊക്കെ വിശകലനങ്ങളിൽ പലതിലും പല പോരായ്കളും തെറ്റുകളും ഉണ്ടായിട്ടുണ്ട്, അത് തിരുത്തി ഇന്ത്യയെ സംബന്ധിച്ച മാർക്സിസ്റ്റ് വീക്ഷണം വികസിപ്പിക്കാനാണ് പൊതുവെ മാർക്സിസ്റ്റുകളായ ഞങ്ങളൊക്കെ ശ്രമിച്ചിട്ടുള്ളത്’.
ഇവിടെ ഒരു കാര്യം എടുത്തുപറയേണ്ടതുണ്ട്. ഇന്ത്യയുടെ ഭൂതകാലത്തെ സുവർണകാലമായി അവതരിപ്പിക്കുന്ന ദേശീയ ചരിത്രവാദികളുടെ അബദ്ധധാരണകളെയും വേദസംസ്കാരത്തിന്റെ പ്രതിലോമപരതയെയും തുറന്നുകാണിച്ചാണ് ഇ.എം.എസ് വേദങ്ങളുടെ നാട് എന്ന പുസ്തകം എഴുതുന്നത്. ഇന്ത്യയുടെ പൗരാണിക സംസ്കൃതിയെയും അതിൽ അന്തർഹിതമായിരിക്കുന്ന ജാതിബ്രാഹ്മണ്യാധികാരത്തെയും നിശിതമായ വിമർശനത്തിന് വിധേയമാക്കുകയാണ് ഇ.എം.എസ് വേദങ്ങളുടെ നാട് എന്ന കൃതിയിലൂടെ ചെയ്തത്.

1853 ജൂൺ 10–ന് ന്യൂയോർക്ക് ഡെയ്ലി ട്രിബ്യൂണിൽ എഴുതിയ ലേഖനത്തിൽ മാർക്സ് പറയുന്നത്; ഹിന്ദുസ്ഥാന്റെ സുവർണദശയിൽ വിശ്വസിക്കുന്നവരുടെ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല എന്നാണ്. ഇന്ത്യൻ സമൂഹത്തിലെ ഈ ചെറിയ സമുദായങ്ങൾ (ഗ്രാമീണ സംഘടനയെയാണ് മാർക്സ് ഇവിടെ സൂചിപ്പിക്കുന്നത്) ജാതിയുടെയും അടിമത്വത്തിന്റെയും ഭേദചിന്തകൾകൊണ്ട് കലുഷമായിരുന്നു. അവ മനുഷ്യനെ പരിതസ്ഥിതികളുടെ നാഥനാക്കുന്നതിനുപകരം അവയുടെ അടിമയാക്കി, അവ സ്വയം വികസിക്കുന്ന ഒരു സാമൂഹ്യരാഷ്ട്രത്തെ യാതൊരു മാറ്റവും വരുത്താത്ത പ്രാകൃതികവിധിയാക്കി മാറ്റി, ഇതിന്റെയൊക്കെ ഫലമായി പ്രകൃതിയുടെ അതിനാഥനാകേണ്ട മനുഷ്യൻ കാൽമുട്ട് മടക്കി വാനരനായ ഹനുമാനെയും പശുവായ ശബലയെയും ആരാധിക്കത്തക്കവണ്ണം അധഃപതിച്ചുവെന്ന വസ്തുത നാം വിസ്മരിച്ചുകൂടാ.
ചിരപുരാതനമായ ഇന്ത്യൻ സംസ്കാരത്തിൽ, ഭൂതകാലമഹിമയിൽ അഭിരമിക്കാനുള്ള പ്രവണതയെ മാർക്സ് തന്റെ ചരിത്രനിഷ്ഠമായ പഠനങ്ങളിലൂടെ വിമർശനവിധേയമാക്കുകയാണ്. ആർ.എസ്.എസുകാർ സുവർണകാലമായി കൊണ്ടാടുന്ന ഇന്ത്യയുടെ ഭൂതകാലം അതായത് അക്കാലത്തെ സമൂഹവും സംസ്കാരവും എത്രത്തോളം ജീർണിച്ചതും മുരടിച്ചതുമായിരുന്നുവെന്നാണ് മാർക്സ് തന്റെ വിശകലനങ്ങളിലൂടെ ചൂണ്ടിക്കാണിച്ചത്. ഈ ജീർണോന്മുഖവും മുരടിച്ചതുമായ സാമൂഹ്യവ്യവസ്ഥയുടെ അടിസ്ഥാനങ്ങളെ തകർക്കാൻ പ്രാപ്തിയുള്ള ഒരു സാമൂഹ്യശക്തിയും ഇന്ത്യയിൽ രൂപപ്പെട്ടുകഴിഞ്ഞിരുന്നില്ലെന്നും ആ ഒരു സാഹചര്യത്തിൽ ബോധപൂർവ്വമല്ലാതെയാണെങ്കിലും ചരിത്രത്തിന്റെ ആയുധമെന്ന നിലയ്ക്ക് ഇന്ത്യയിലേക്ക് കടന്നുവന്ന ബ്രിട്ടീഷുകാർ ഒരു സാമൂഹ്യവിപ്ലവം നടത്തുകയുമാണെന്ന വിശകലനമാണ് മാർക്സ് നടത്തുന്നത്.
അതിനർത്ഥം ബ്രിട്ടീഷ് മുതലാളിത്തത്തെയും അവരുടെ ഭരണത്തെയും പുരോഗമനപരവും വിപ്ലവകരവുമായ ഒന്നായി മാർക്സ് കണ്ടുവെന്നല്ല, മറിച്ച്, ഇന്ത്യൻ ജനതയെ നിർദ്ദയമായ മനുഷ്യത്വരാഹിത്യത്തിനും ചൂഷണത്തിനും ക്രൂരമർദ്ദനങ്ങൾക്കും ഇരയാക്കുകയാണ് ബ്രിട്ടീഷുകാർ ചെയ്തതെന്ന് ചൂണ്ടിക്കാട്ടുകയാണ് മാർക്സ്. 1853 ജൂൺ 10–ന് ന്യൂയോർക്ക് ഡെയ്ലി ട്രിബ്യൂണിൽ എഴുതിയ ലേഖനത്തിൽ മാർക്സ് പറയുന്നു; ‘‘ഇംഗ്ലീഷുകാർ നൂൽനൂൽപ്പുകാരനെ ലങ്കാഷെയറിലും കൈത്തറിക്കാരനെ ബംഗാളിലുമാക്കി, അഥവാ കൈത്തറിക്കാരനും നൂൽനൂൽപ്പുകാരനുമായ ഇന്ത്യക്കാരെ തൂത്തുവാരി ദൂരെ കളഞ്ഞു... ഇന്ത്യയിൽ സാമൂഹ്യവിപ്ലവത്തിന് ഇംഗ്ലണ്ട് ഇടവരുത്തിയത് ഏറ്റവും ദുഷിച്ച താൽപര്യങ്ങൾക്കൊണ്ട് മാത്രമാണ്, അത് നടപ്പിലാക്കിയത് വിവരംകെട്ട രീതിയിലുമാണ്.’’
1853–ൽ തന്നെ എഴുതിയ മറ്റ് രണ്ട് ലേഖനങ്ങളെയും ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നടപ്പിലാക്കിയ കണ്ണിൽചോരയില്ലാത്ത നയങ്ങളെയും പീഢനങ്ങളെയും കുറിച്ചാണ് മാർക്സ് വിശദീകരിക്കുന്നത്. 1858 ജൂണിൽ എഴുതിയ ഒരു ലേഖനത്തിെൻ്റ തലക്കെട്ട് തന്നെ ഇന്ത്യയിലെ നികുതികൾ എന്നായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ നികുതിപിരിവുകാരിൽ നിന്നും ഇന്ത്യൻ ജനത അനുഭവിക്കേണ്ടിവരുന്ന മർദ്ദനങ്ങളുടെയും പീഢനങ്ങളുടെയും ഹൃദയഭേദകമായ കഥകളാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. 1857–58 കാലത്തെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ വിപ്ലവകാരികൾ ബ്രിട്ടീഷ് സേനാനികൾക്ക് നേരെ നടത്തിയ ക്രൂരതകളെക്കുറിച്ച് കഥകൾ പ്രചരിപ്പിച്ച ബ്രിട്ടീഷ് മാധ്യമങ്ങളെ വിമർശിച്ച മാർക്സ്, ഇന്ത്യയിൽ യഥാർത്ഥത്തിൽ എന്താണ് നടന്നന്നത് എന്നും സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ കാലാപകാരികൾക്കുനേരെ ബ്രിട്ടീഷുകാർ കാണിച്ച കൊടുംക്രൂരതകളും തുറന്നുകാട്ടാൻ തന്റെ പത്രപംക്തികൾ ഉപയോഗിച്ചു. ഒന്നാം സ്വാതന്ത്ര്യസമരത്തെ വിശകലനം ചെയ്തുകൊണ്ട് മാർക്സ് എഴുതുന്നത്; കലാപം അടിച്ചമർത്തപ്പെട്ടെങ്കിലും, അടിച്ചമർത്തപ്പെട്ട കലാപത്തിന്റെ ആത്മാവ് വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്നാണ്.
മാർക്സിന്റെ ഇന്ത്യ ചരിത്രക്കുറിപ്പുകൾ വായിക്കുമ്പോൾ ഇന്ത്യയെ കീഴടക്കിയ ബ്രിട്ടീഷുകാരോടെന്നപോലെ തങ്ങൾക്ക് നഷ്ടപ്പെട്ടുപോയ അധികാരം നിലനിർത്താൻ വേണ്ടി പോരാടുന്ന ഫ്യൂഡൽ നാടുവാഴി ഭരണകർത്താക്കളോട് യാതൊരു അനുഭാവവും അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നു കാണാം. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭാവിഫലങ്ങൾ എന്ന ലേഖനം തുടങ്ങുന്നതുതന്നെ; ഇന്ത്യയിൽ ബ്രിട്ടീഷ് മേൽക്കോയ്മ എങ്ങനെയാണ് സ്ഥാപിക്കപ്പെട്ടത് എന്ന ചോദ്യം ഉയർത്തിക്കാണ്ടാണ്. മാർക്സ് തുടരുന്നു: ‘‘മഹത്തായ മുഗളന്മാരുടെ പരമാധികാരം മുഗള വൈേസ്രായിമാർതന്നെ തകർത്തു. ഈ വൈസ്രോയിമാരുടെ അധികാരം മറാത്തികൾ തകർത്തു. മറാത്തികളുടെ അധികാരം അഫ്ഗാൻകാർ തകർത്തു. എന്നിട്ട് എല്ലാവരും എല്ലാവർക്കുമെതിരായി കലഹിച്ചുകൊണ്ടിരിക്കുമ്പോൾ ബ്രിട്ടൻ തള്ളിക്കയറി. അവർക്കെല്ലാറ്റിനെയും കീഴടക്കാൻ കഴിഞ്ഞു. ആ രാജ്യം ഹിന്ദുക്കളും മുസൽമാൻമാരും തമ്മിൽ മാത്രമല്ല ഗോത്രങ്ങളും ഗോത്രങ്ങളും തമ്മിലും ജാതികളും ജാതികളും തമ്മിലും വിഭജിക്കപ്പെട്ട് കിടക്കുകയായിരുന്നു. പൊതുവായ അന്യോന്യ തിരസ്കാരത്തിന്റെയും ദേശാചാരപരമായ അകൽച്ചയുടെയും ഫലമായുണ്ടായ ഒരുതരം സമതുലിതാവസ്ഥയുടെ ചട്ടക്കൂടിന്മേലാണ് ഇവിടുത്തെ സാമൂഹ്യവ്യവസ്ഥ നിലനിന്നിട്ടുള്ളത്.
ഇത്തരം ഒരു രാജ്യവും ഇത്തരമൊരു സമുദായവും ആക്രമണത്തിനിരയാകാതിരിക്കുകയില്ലെന്ന് വ്യക്തമല്ലേ? ഇന്ത്യയുടെ പൂർവ്വകാലചരിത്രത്തെക്കുറിച്ച് നമുക്ക് അറിഞ്ഞുകൂടെങ്കിൽ തന്നെയും, ഈ അവസരത്തിൽപോലും ഇന്ത്യയെ ഇംഗ്ലീഷുകാരന്റെ പിടിയിലമർത്തുന്നത് ഇന്ത്യയുടെ ചെലവിൽതന്നെ സംരക്ഷിക്കപ്പെടുന്ന ഒരിന്ത്യൻ പട്ടാളത്തെക്കൊണ്ടാണെന്നത് അനിഷേധ്യമായ ഒരു വസ്തുതയല്ലേ. ആക്രമണത്തിന് വിധേയമാവുകയെന്ന തലയിലെഴുത്തിൽ നിന്ന് ഇന്ത്യയ്ക്ക് രക്ഷപ്പെടുവാൻ കഴിയുമായിരുന്നില്ലേ?’’

മാർക്സിന്റെ ലേഖനത്തിൽ ഇത്രയും ഉദ്ധരിച്ചതിനുശേഷം ഇ.എം.എസ് എഴുതുന്നത്; 1857–58 കാലത്ത് നടന്ന വിദേശീയ മേധാവിത്വത്തിനെതിരായ യാതൊരു വിപ്ലവ ബഹുജന പ്രസ്ഥാനവും ഈ വരികൾ മാർക്സ് എഴുതിയ കാലത്ത് ഇവിടെയില്ലായിരുന്നുവെന്നാണ്. തികച്ചും 32 വർഷത്തിനുശേഷമാണ് പേരിനെങ്കിലും ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊണ്ടത്. പക്ഷെ ആ സംഘടനയും മറ്റ് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളും വളർന്ന കാലത്ത് അവയുടെ വക്താക്കളും നേതാക്കളും ഉയർത്തിയ ഹിന്ദു- മുസ്ലീം ഐക്യം, ജാതിഭേദ നിർമ്മാർജ്ജനം, ദേശീയോദ്ഗ്രഥനം മുതലായവയുടെ തുടക്കമാണ് മാർക്സിന്റെ ഈ വിശകലനത്തിനൂടെ മുന്നോട്ടുവെക്കപ്പെടുന്നത് എന്നാണ്.
ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് നയം, അത് നടപ്പിലാക്കാൻ ശ്രമിക്കുന്ന ജാതിമതാധികാരങ്ങൾ എന്നിവയ്ക്കുനേരെ വിരൽചൂണ്ടുന്ന നിലപാടുകളിലേക്ക് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യ തലമുറയ്ക്ക് വഴി കാണിച്ചത് മാർക്സിന്റെ നിരീക്ഷണങ്ങളാണെന്ന് ഇ.എം.എസ് വിശദീകരിച്ച് എഴുതുന്നുണ്ട്.
ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ സനാതന ധർമ്മങ്ങളായി അവതരിപ്പിച്ച് വർണാശ്രമ ധർമ്മങ്ങളിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്ര നിർമ്മാണത്തിന്റെ ചരിത്രത്തിലേക്കും പ്രത്യയശാസ്ത്രത്തിലേക്കും മാർക്സിനെ തുടർന്ന് പിൽക്കാല ഇന്ത്യൻ ഭരണവർഗ രാഷ്ട്രീയപരിണാമഗതികളെ വിശകലനം ചെയ്തുകൊണ്ട് മുന്നറിയിപ്പ് നൽകുന്നത് ഇ.എം.എസാണ്.