ക്രിസംഘികളും സുടാപ്പികളും വായിച്ചറിയാന്‍

നിങ്ങൾക്കു മതം മാത്രമേ മനസിലാകൂ എന്നതുകൊണ്ട് പറയാം; നിങ്ങളിപ്പോൾ പറയുന്നതുപോലെ അവിടെ കോൺഗ്രസിനെ ജയിപ്പിച്ചത് മുസ്​ലിംകൾ മാത്രമല്ല, പ്രധാനമായും ഹിന്ദുക്കളാണ്.

ർണ്ണാടക തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു ചില കൂട്ടരോട് വായ്ക്ക് രുചിയായി രണ്ടു വർത്തമാനം പറയേണ്ടതുണ്ട്. നേരത്തെ കണക്കുകൂട്ടി വെച്ചതാണ്, അത് പറഞ്ഞില്ലെങ്കിൽ നാക്കിൽ മാത്രമല്ല ഉള്ളിലും കെട്ടിക്കിടന്നു കയ്ക്കും

തലക്കു വെളിവുള്ള സമുദായ നേതൃത്വങ്ങളും കാരണവന്മാരും കഴിഞ്ഞ രണ്ടു നൂറ്റാണ്ടു കൊണ്ട്​ നേടിത്തന്ന ഭൗതിക പുരോഗതിയുടെ മെച്ചം എല്ലിന്റെയിടയിലിരുന്ന്​ കുത്തുന്നതുകൊണ്ട്​ നിങ്ങൾക്ക് ചരിത്രം മനസിലാവില്ല. ചരിത്രമെന്നല്ല, തലച്ചോറുപയോഗിക്കണ്ട ഒരു കാര്യവും നിങ്ങൾക്ക് മനസിലാകില്ല. അതുകൊണ്ടാണ് മനുഷ്യവിരോധത്തിന്റെ സംഘടിത രൂപമായ ആർ.എസ്.എസ്​ പോലും ധൈര്യപ്പെടാത്ത വിധത്തിൽ നിങ്ങൾ മുസ്‌ലിം വിരോധം, അല്ല, വെറുപ്പ്, പ്രചരിപ്പിക്കുന്നത്.

ഹിജാബ്, മുസ്​ലിം സ്ത്രീകൾ തലമറയ്ക്കുന്ന ഒരു കഷ്ണം തുണി, എടുത്തുവച്ചു തുടങ്ങിയതാണ് ബി. ജെ.പിയുടെ കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണം. പിന്നെ ഹലാൽ. (തുപ്പൽ ഹലാൽ ഓർമയുണ്ടല്ലോ അല്ലേ? ത്ഫൂ…). ടിപ്പു സുൽത്താൻ, പിന്നെ നാലുശതമാനം സംവരണം. ബസവേശ്വരൻ. ശ്രീഹനുമാൻ. പച്ച വർഗീയതയുടെ ആറാട്ട്.

(ആ ശ്രീഹനുമാൻ എന്ന് പറഞ്ഞതുകേട്ടു കോൾമയിർ കൊള്ളേണ്ട. ആത്മാർത്ഥതയുടെ, അർപ്പണബോധത്തിന്റെ അവസാന വാക്കാണ് ആ ദൈവസങ്കല്പം. നിങ്ങൾക്കത് ഈ ജന്മം മനസിലാവില്ല)

എന്നിട്ടോ?

84 ശതമാനം ഹിന്ദുക്കളുള്ള കർണ്ണാടകം ഈ ഉടായിപ്പു മുഴുവൻ തൂത്തുവാരി കൊട്ടയിലിട്ടു. എന്നിട്ട് ഹനുമാന്റെ പേരിലുണ്ടാക്കിയ കുറുവടി സംഘത്തെ നിരോധിക്കും, മുസ്‌ലിംങ്ങളുടെ സംവരണം പുനഃസ്‌ഥാപിക്കും എന്നുപറഞ്ഞ കോൺഗ്രസിനെ, വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു.

നിങ്ങൾക്ക് വല്ലോം മനസിലാകുന്നുണ്ടോ?

ഒവ്വ.

മതത്തിന്റെ പേരിൽ മുറിക്കപ്പെട്ട രാജ്യമാണ് ഭാരതം എന്ന ഇന്ത്യ. അതിൽ ബാക്കിയായ ഈ സ്‌ഥലത്തു ഒരു മതേതര ഭരണഘടന നിർമ്മിക്കുക മാത്രമല്ല, ന്യൂനപക്ഷങ്ങൾക്ക്​ അവരുടെ സ്വത്വം നിലനിർത്താനാവശ്യമായ അവകാശം ഭരണഘടനയിൽ എഴുതിവച്ച നാടാണിത്. ഇപ്പോഴും 80 ശതമാനം ഹിന്ദുക്കളുള്ള ഈ രാജ്യം.

ഈ രാജ്യത്തെപ്പറ്റി വേറെ ആർക്കുമില്ലാത്ത ദണ്ണമാണ് ക്രിസംഘി കൃമികളേ, നിങ്ങൾക്ക്.

നാലയ്യായിരം കൊല്ലമായി, എന്നുവച്ചാൽ കുറഞ്ഞത് നാൽപതു നൂറ്റാണ്ട്, ഹിന്ദുകുഷ് പർവതത്തിന്റെ വടക്കു ഭാഗത്ത്, സിന്ധു നദിയുടെ ഇപ്പുറത്ത്, മനുഷ്യർ സംസ്കാരമുണ്ടാക്കിയിട്ട്. അതിന്റെ അവസാനത്തെ പതിനാലു നൂറ്റാണ്ട്, ആവർത്തിക്കുന്നു, പതിന്നാലു നൂറ്റാണ്ട്, കേരളം എന്ന സ്വപ്നഭൂമിയിൽ ഇസ്‌ലാമുണ്ടായിരുന്നു. സൃഷ്ടാവും പരമകാരുണികനുമായ ദൈവത്തിൽ നിങ്ങളെപ്പോലെ (യല്ല, ശരിക്കും) വിശ്വസിക്കുമ്പോഴും ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കേണ്ട രീതിയെന്താണെന്നു പതിനാലു നൂറ്റാണ്ടുകൊണ്ടു രൂപപ്പെടുത്തിയെടുത്ത ഒരു സമുദായത്തെയാണ് കുരുമുളകും തേങ്ങാക്കൊത്തുമിട്ട് പശുവിറച്ചി വരട്ടുന്ന തിരക്കിനിടയിൽ നിങ്ങൾ ചെറുതായിക്കണ്ടത്; അവരുണ്ടാക്കിയ മാതൃകകളെ നിങ്ങൾ പുച്ഛിച്ചത്.

ഈ നാൽപതു നൂറ്റാണ്ടിൽ കുറവുകളുണ്ടെങ്കിലും മനുഷ്യരുടെ മികച്ച സംസ്കാരങ്ങളൊന്നു രൂപപ്പെടുത്തിയതിന്റെ അടയാളങ്ങൾ പിരിയൻ കോവണിയിൽ കൊണ്ടുനടക്കുന്നതുകൊണ്ടാണ് കർണ്ണാടകത്തിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യർ വെറുപ്പിന്റെ തത്വശാസ്ത്രത്തോടു മാറിനിൽക്കാൻ ആവശ്യപ്പെട്ടത്. അവരിൽ 84 ശതമാനം ഹിന്ദുക്കളാണ്. (ഹിന്ദുക്കൾ, നിങ്ങളുടെ പുതിയ കൂട്ടുകാരായ സംഘികളല്ല).

നിങ്ങൾക്കു മതം മാത്രമേ മനസിലാകൂ എന്നതുകൊണ്ട് പറയാം; നിങ്ങളിപ്പോൾ പറയുന്നതുപോലെ അവിടെ കോൺഗ്രസിനെ ജയിപ്പിച്ചത് മുസ്​ലിംകൾ മാത്രമല്ല, പ്രധാനമായും ഹിന്ദുക്കളാണ്.

വെറുപ്പുമാത്രം പറഞ്ഞുകൊണ്ടിരുന്നാൽ ജീവിതം മുൻപോട്ടു പോകില്ല എന്ന് ഈ സംവിധാനത്തെ മതേതരമാക്കി നിലനിർത്തുന്ന മനുഷ്യർക്കറിയാം. അവരുണ്ടാക്കിയ സംവിധാനത്തിന്റെ മെച്ചം, ഗുണം മുഴുവൻ ഊറ്റിക്കുടിച്ചു ചീർത്തു നിങ്ങൾക്ക് കണ്ണ് കാണാതെയായി; തലച്ചോർ പ്രവർത്തിക്കാതെയായി.

സിനിമ കാണാൻ പണം കൊടുക്കാത്തതുകൊണ്ടു നക്സലൈറ്റായി എന്ന് ചില ഹാസ്യ സാഹിത്യകാരന്മാർ പറയുന്നതുപോലെ ക്രിസ്ത്യൻ പെൺകുട്ടിയെ മുസ്​ലിം പയ്യൻ കല്യാണം കഴിച്ചതുകൊണ്ടു ഞാൻ കാസക്കാരനായി, ക്രിസംഘിയായി എന്നൊക്കെ പറഞ്ഞുനടക്കുന്നത് ചരിത്രവിരുദ്ധമാണ്, മനുഷ്യത്വവിരുദ്ധമാണ്.

ചുരുക്കത്തിൽ കൂതറ പരിപാടിയാണ്.

ക്രിസ്ത്യാനികൾക്കിടയിൽ നിങ്ങളുള്ളതുപോലെ മുസ്‌ലിംകൾക്കിടയിൽ തീവ്രവാദികളുണ്ട്; മതത്തിന്റെ പാഠങ്ങളെ തോന്നിയതുപോലെ വ്യാഖ്യാനിക്കുന്ന ക്രിമിനലുകളുണ്ട്. മുസ്​ലിം മത നേതാക്കന്മാർ അത് പറഞ്ഞിട്ടുണ്ട്. ആ ക്രിമിനലുകളുടെ പേരിൽ മുഴുവൻ സമുദായത്തെയും ആക്രമിക്കുമ്പോൾ കറുപ്പും വെളുപ്പുമല്ലാതെ ഒന്നും കാണാൻ കഴിയുന്നില്ല എന്ന പരമ ദയനീയമായ അവസ്‌ഥയിൽ നിങ്ങൾ എത്തുകയാണ്. അക്ഷരം പഠിക്കാൻ പള്ളിക്കൂടമുണ്ടാക്കി അങ്ങോട്ട് പറഞ്ഞുവിട്ട കാർന്നോമ്മാരോട് ചെയ്യുന്ന അപരാധമാണ് അത്.

ആ പൊട്ട പാഠങ്ങൾ കേരളത്തിൽ വിൽക്കാൻ ശ്രമിക്കുക എന്നാൽ നിങ്ങളുടെ പാവപ്പെട്ട തലച്ചോറിന്റെ ഐ ക്യൂ സ്‌കോർ ഇന്റർനെറ്റിൽ ഇടുന്നതുപോലെയാണ്.

നാണക്കേടാണ്. സൗകര്യമുണ്ടെങ്കിൽ അതേക്കുറിച്ച് ആലോചിച്ചു തിരുത്തണം. വെറുപ്പിന്റെ കമ്പോളം ഇന്നല്ലെങ്കിൽ നാളെ മനുഷ്യർ പൂട്ടിക്കും. അപ്പോൾ അതിന്റെ കച്ചവടക്കാരായി നടന്നവരോട് മക്കൾ ചോദിക്കും, എന്ത് ബോർ പരിപാടിയാണപ്പാ കാണിച്ചോണ്ടിരുന്നേന്ന്; കുറച്ചൊക്കെ ബുദ്ധി ഉപയോഗിച്ചുകൂടായിരുന്നോ, അപ്പൂപ്പന്മാർ അങ്ങിനെ ആയിരുല്ലോ എന്ന്.

സമയം മുഴുവൻ തീർന്നിട്ടില്ല.

മൗദൂദി- സുടാപ്പി സഖ്യത്തോടാണ്.
നിങ്ങളുടെ സങ്കടം എനിക്ക് മനസിലാകും.

ഈ രാജ്യം മുഴുവൻ ഹിന്ദുത്വ ശക്തികൾ കൊണ്ടുപോയി എന്ന് പോസ്റ്ററൊട്ടിച്ച് നടക്കുമ്പോഴാണ് കർണ്ണാടകത്തിൽ മതം മാത്രം പറഞ്ഞു തെരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പിയെ അവിടത്തെ ജനമെടുത്ത് കൊട്ടയിലിട്ടത്.

നിങ്ങൾ പരമാവധി ശ്രമിച്ചതുകൊണ്ടു ദക്ഷിണ കന്നടയിൽ ബി.ജെ.പിക്ക്​ ഇപ്പോഴും മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അയ്യോ ഞങ്ങൾ ആകെ ഇത്ര സീറ്റിൽ അല്ലെ മത്സരിച്ചുള്ളൂ എന്ന പയ്യാരം പറച്ചിൽ കാണുന്നുണ്ട്. നിങ്ങടെ സമുദായം നിങ്ങളെ വേലിക്കകത്ത് കയറ്റില്ല എന്ന് അറിയുന്നവർക്കറിയാം. പക്ഷെ നിങ്ങളാണ് നിങ്ങളുടെ സമുദായം എന്ന് പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ നിങ്ങൾക്കാകും; അക്കാര്യത്തിൽ നിങ്ങൾ അസാമാന്യ വിജയമാണ്. കേരളത്തിൽ പള്ളിക്കൂടത്തിൽ പോകാൻ ഭാഗ്യം കിട്ടിയ ക്രിസംഘികൾ ഇപ്പോഴും വിചാരിച്ചിരിക്കുന്നത് നിങ്ങളാണ് മുസ്​ലിംകൾ എന്നാണ്!

പക്ഷെ കർണ്ണാടകത്തിലെ മനുഷ്യർ, ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്​ലിംകളും ഇതൊന്നുമി ല്ലാത്തവരും ഒക്കെ, ഇവിടത്തെ ക്രിസംഘികളെപ്പോലെ പൊട്ടന്മാരല്ലാത്തതുകൊണ്ടു നിങ്ങളുടെയും സഹോദരങ്ങളായ ആർ.എസ്​.എസിന്റെയും കയ്യിലിരുപ്പ് നന്നായി മനസിലാക്കി; എല്ലാത്തിനെയും വാരി കൂട്ടിയിട്ടു കത്തിച്ചു.

നിങ്ങൾക്കിനി ചെയ്യാവുന്നത്, പുതുതായി തയ്യാറാക്കിവച്ച കുറെ സാഹിത്യം കെട്ടിക്കിടപ്പുണ്ടല്ലലോ, അതും കൂടിയെടുത്ത്​ ആ തീയിലേക്കിടണം. ബുദ്ധിമുട്ടാകും എന്നറിയാം; പക്ഷെ വേറെ വഴിയില്ല.

ഹിജാബ് വിഷയം നിങ്ങൾ എടുത്തു നന്നായി കത്തിച്ചു നിർത്തിയതാണ്. സംവരണ വിഷയത്തിൽ അങ്ങനെയൊരു സ്കോപ്പുണ്ടായില്ല. ഒക്കച്ചങ്ങായികളായ മിത്രങ്ങൾ തെരെഞ്ഞെടുപ്പിൽ ഗുണമാകും എന്ന് വിചാരിച്ചു നിങ്ങളെ നിരോധിച്ചതുകൊണ്ട്​ നിങ്ങൾക്ക് കുളം കലക്കി അവർക്കു കൊടുക്കാൻ ഒരു ചാൻസ് കിട്ടിയില്ല. മുസ്​ലിംകളാകട്ടെ നിങ്ങടെ മാതിരി കത്തിയെടുത്തു വഴിയിലിറങ്ങിയില്ല, അവർ നേരെ കോടതിയിൽ പോയി. കോടതി അത് ഏകദേശം തീർത്തുകൊടുത്തേനേ. ഏതായാലും ഇനിയതിന്റെ ആവശ്യം വരില്ല.

ജീവിക്കാൻ പെടാപ്പാട് പെടുന്ന മനുഷ്യർ, മുസ്​ലിംകളടക്കം, ഈ രാജ്യത്തിന്റെ, ജനാധിപത്യത്തിന്റെ വഴികളിൽകൂടി അടുത്ത തലമുറയുടെ ജീവിതം മെച്ചപ്പെടുത്താനുള്ള വഴി നോക്കും. അപ്പോഴും നിങ്ങൾ മതബോധം പുഴുവരിച്ച തലയുമായി നടന്ന് കോലായയേക്കാൾ അടുക്കളയാണ് മെച്ചം എന്നും ‘ഹിജാബ് ആദ്യം പിന്നെ കിത്താബ്’ എന്നുമൊക്കെ തമാശ പറഞ്ഞു നടക്കും. നടക്കണം.

കൂടെ ക്രിസ്മഘികളേയും കൂട്ടണം. നല്ല കോംബോ ആണ്.

പി.എസ്: നല്ല മുസ്​ലിമും മോശം മുസ്​ലിമുമായി ഞങ്ങളെ മാറ്റലാണ് നിങ്ങളുടെ സ്‌ഥിരം നമ്പർ എന്നല്ലേ? മതം പറഞ്ഞു മനുഷ്യരുടെ ജീവിതം കുട്ടിച്ചോറാക്കുന്ന നിങ്ങളൊക്കെ എനിക്ക് മനുഷ്യരിൽ താഴെയാണ്. എനിക്കറിയാവുന്ന മുസ്​ലിംകളൊക്കെ മനുഷ്യരാണ്. ഗംഭീര മനുഷ്യർ.

ഇനിയുള്ളത് സംഘികളോടാണ്,
നമസ്കാരം.
പ്രണാമം.

Comments