‘സംഘ്​പരിവാർ ഇന്ത്യ’ക്ക്​ എതിരായ ഒരു ഇന്ത്യ രൂപപ്പെടുന്നു

മതവാദത്തിന്റെ, ജനാധിപത്യ തിരസ്കാരത്തിന്റെ, ഹിന്ദുത്വ ഭീകരതയുടെ, ക്ഷുദ്ര ദേശീയതയുടെ, സർവ്വാധികാരിയായ ഏകനേതാവിന്റെ, ആൾക്കൂട്ട ഹിംസയുടെ, ഹിന്ദി പശുപ്രദേശത്തിന്റെ ഛായയിലുള്ള ഒരു ഇന്ത്യയെ സംഘപരിവാർ ഉണ്ടാക്കിയെടുക്കുമ്പോൾ അതിനെതിരായ ഒരിന്ത്യ സാവകാശം തിരിച്ചടികളെ മറികടന്ന്​ രൂപപ്പെടുന്നു എന്നതിലേക്കുള്ള വഴികളാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് തെളിക്കുന്നത്.

ന്ത്യ അതിന്റെ അപാരമായ വൈവിധ്യത്തിന്റെ രാഷ്ട്രീയ ഭാവനയെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യ, അതിനെ നിർമ്മിച്ചെടുത്ത ദേശീയ വിമോചനസമരത്തിന്റെ മതേതര ജനാധിപത്യ രാഷ്ട്രീയത്തെ കൈവിട്ടുകളയാതിരിക്കാനുള്ള അവസാന ശ്രമങ്ങളിലാണ്. ഇന്ത്യ, അതിന്റെ ശിഥിലീകരണത്തിനെ തടയാനുള്ള വഴികൾ തിരയുകയാണ്.

ബി.ജെ.പിയും സംഘപരിവാറും മോദി സർക്കാരുമാണ് ഇന്ത്യയുടെ മുന്നിൽ ഈ സമരത്തിലുള്ള ചരിത്രസന്ധികൾ. ഇന്ത്യ ഈ വൈതാളികകാലങ്ങളെ മറികടക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് കർണാടകം നൽകിയ ഉത്തരം രാജ്യത്തെ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന് അടിമുടി ഊർജ്ജം പകരുന്നതാണ്. ‘ഓപ്പറേഷൻ താമര’ എന്ന അശ്ലീലത്തെ തോൽപ്പിച്ച്​ കർണാടക നിയമസഭയിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി കോൺഗ്രസ് നേടിയ വലിയ വിജയം, ഇന്ത്യ എങ്ങനെ നിലനിൽക്കണം എന്നതിന്റെ ചരിത്രസന്ദേഹങ്ങളെ പൂരിപ്പിക്കാൻ ശ്രമിക്കുന്നു.

Photo: Ajmal M.K.

ഇന്ത്യയുടെ ഫെഡറൽ ഘടനയുടെ നേരെ ബി.ജെ.പി നടത്തുന്ന വലിയ ആക്രമണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനങ്ങളെ വെറും അടിമപ്രദേശങ്ങളായി കണക്കാക്കുകയും ബി.ജെ. പി ഇതര രാഷ്ട്രീയകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറികളും കുഴപ്പങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നത് സ്വാഭാവികരീതിയായി ബി.ജെ.പി മാറ്റി. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നതിന് കേന്ദ്ര സർക്കാരും ബി.ജെ.പിയും യാതൊരു ലജ്ജയുമില്ലാതെ പരസ്യമായിത്തന്നെ മുന്നിൽനിന്നു. ഇന്ത്യയെ ഒരു ഏകശിലാ രൂപത്തിലുള്ള ഹിന്ദു ഫാഷിസ്റ്റ് രാജ്യമാക്കി മാറ്റുക എന്ന സംഘപരിവാർ അജണ്ടയുടെ നടത്തിപ്പ് അതിവേഗം പ്രയോഗത്തിൽ വന്നുകൊണ്ടിരിക്കുന്നു.

തെക്കേ ഇന്ത്യയിലെത്തുമ്പോഴും തങ്ങളുടെ ഹിന്ദി ഹിന്ദുത്വത്തിന്റെ പ്രയോഗങ്ങളാണ് ബി.ജെ.പി നടത്തുക. അത് തെക്കേ ഇന്ത്യയിൽ വളരെ വേഗത്തിൽ തിരസ്കരിക്കപ്പെടുകയാണ് എന്നതൊരു ശുഭസൂചനയാണ്.

എന്നാൽ, ഇതൊട്ടും സുഗമമാകില്ല എന്ന മുന്നറിയിപ്പും പ്രതിഷേധവും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന്​ വളരെ ശക്തമായിത്തന്നെ ഉയരുന്നു എന്നതിന്റെ കൂടി സംശയരഹിതമായ സൂചനയാണ് കർണാടക ഫലം. ബി.ജെ.പി ഇന്ത്യ ഭരിക്കുന്നത് ഹിന്ദി പശുപ്രദേശത്തെ തങ്ങളുടെ സ്വാധീനശേഷി വെച്ചാണ്. ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന,ഡൽഹി ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമായും ബി.ജെ.പിയുടെ കേന്ദ്ര ഭരണത്തിന്റെ ശക്തി. അത് സംശയരഹിതമായും ഹിന്ദി പശു പ്രദേശ ഹിന്ദുത്വ കക്ഷിയാണ്. ഇന്ത്യയുടെ ഭാഷാ, സാമൂഹ്യ, ജന വൈവിധ്യങ്ങളെ ഉൾക്കൊള്ളാനോ അംഗീകരിക്കാനോ അതിനു കഴിയില്ല. അതുകൊണ്ടുതന്നെ തെക്കേ ഇന്ത്യയിലെത്തുമ്പോഴും തങ്ങളുടെ ഹിന്ദി ഹിന്ദുത്വത്തിന്റെ പ്രയോഗങ്ങളാണ് അവർ നടത്തുക. അത് തെക്കേ ഇന്ത്യയിൽ വളരെ വേഗത്തിൽ തിരസ്കരിക്കപ്പെടുകയാണ് എന്നതൊരു ശുഭസൂചനയാണ്.

Photo: Ajmal M.K.

ബി.ജെ.പിയും സംഘപരിവാറും ഇന്ത്യയെ പല തരത്തിൽ വിഭജിച്ചുകഴിഞ്ഞു. മതവാദത്തിന്റെ, ജനാധിപത്യ തിരസ്കാരത്തിന്റെ, ഹിന്ദുത്വ ഭീകരതയുടെ, ക്ഷുദ്ര ദേശീയതയുടെ, സർവ്വാധികാരിയായ ഏകനേതാവിന്റെ, ആൾക്കൂട്ട ഹിംസയുടെ, ഹിന്ദി പശുപ്രദേശത്തിന്റെ ഛായയിലുള്ള ഒരു ഇന്ത്യയെ സംഘപരിവാർ ഉണ്ടാക്കിയെടുക്കുമ്പോൾ അതിനെതിരായ ഒരിന്ത്യ സാവകാശം തിരിച്ചടികളെ മറികടന്ന്​ രൂപപ്പെടുന്നു എന്നതിലേക്കുള്ള വഴികളാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് തെളിക്കുന്നത്. ആ ഇന്ത്യ, പഴയ ഇന്ത്യയുടെ ഏകശിലാ ശാഠ്യങ്ങളില്ലാത്ത ഒന്നാണ്.

ബി.ജെ.പിയുടെ ആധിപത്യത്തിന്റെ ഭാഷയ്ക്ക് ഇന്ത്യയുടെ വൈവിധ്യങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ മരണം എന്നൊരു അർത്ഥം കൂടിയുണ്ടെന്ന് ഇന്ത്യയിലെ ബഹുജനതകൾ തിരിച്ചറിയുന്നതോടെ ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ സമരം പുതിയൊരു മാനം കൈവരിക്കുകയാണ്.

സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും ഭരണത്തിനുകീഴിൽ തുടരുന്ന ഇന്ത്യ അതിന്റെ അന്താരാഷ്‌ട്ര അതിർത്തികളും കണക്കുകളിലും ഭൂപടങ്ങളിലും ഇന്ത്യയായി തുടർന്നേക്കാമെങ്കിലും ഇന്ത്യ എന്ന ആശയത്തിന്റെ മരണമാണ് എന്നത് അതിവേഗത്തിൽ തിരിച്ചറിയുന്നത് ഹിന്ദി പശു പ്രദേശത്തിന് പുറത്തുള്ള ഇന്ത്യയിലെ ജനതകളാണ്. തങ്ങളുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പുകൾ മാത്രമല്ല സാമൂഹ്യജീവിതത്തെയും ചരിത്രത്തേയും അസ്തിത്വത്തെയുമാണ് സംഘപരിവാറിന്റെ ഹിന്ദുത്വം ആക്രമിക്കുന്നതെന്ന് ഈ മറുഇന്ത്യ തിരിച്ചറിയുന്നുണ്ട്. ബംഗാളിലും തമിഴ്​നാട്ടിലും കേരളത്തിലും ഒഡീഷയിലും ആന്ധ്രയിലും തെലങ്കാനയിലും മഹാരാഷ്ട്രയിലും വരെ ആ തിരിച്ചറിവുണ്ട്. ബി.ജെ.പിയുടെ ആധിപത്യത്തിന്റെ ഭാഷയ്ക്ക് ഇന്ത്യയുടെ വൈവിധ്യങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും മരണം എന്നൊരർത്ഥം കൂടിയുണ്ടെന്ന് ഇന്ത്യയിലെ ബഹുജനത തിരിച്ചറിയുന്നതോടെ ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ സമരം പുതിയൊരു മാനം കൈവരിക്കുകയാണ്. അതിന് ഇന്ത്യയുടെ ഇന്നത്തെ രീതിയിലുള്ള നിലനിൽപ്പിന്റെ സാധ്യത എന്താണെന്ന ചോദ്യത്തിനുകൂടി ഉത്തരം തരുന്ന രാഷ്ട്രീയ സ്വഭാവമുണ്ട്.

കർണാടകയിൽ കൂടി പരാജയപ്പെട്ടതോടെ തെക്കേ ഇന്ത്യയിലെ തങ്ങളുടെ ഏക കേന്ദ്രം ബി.ജെ.പിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. മഹാരാഷ്ട്രയിൽ നാനാവിധ ജനാധിപത്യ വിരുദ്ധ മാർഗങ്ങളിലൂടെ മഹാ വികാസ് മുന്നണി സർക്കാരിനെ അട്ടിമറിച്ചു സ്ഥാപിച്ച തട്ടിക്കൂട്ട് സർക്കാരിന്റെ ബലം കൂടിയില്ലെങ്കിൽ സംഘപരിവാറിന്റെ യഥാർത്ഥ രാഷ്ട്രീയശേഷിയുടെ ചിത്രം കൃത്യമാണ്.

തെക്കേ ഇന്ത്യയുമായി പൊരുത്തപ്പെടാൻ കഴിയാത്തൊരു രാഷ്ട്രീയാശയത്തിന് ഇന്ത്യ ഭരിക്കാമെന്നും അതുവഴി തെക്കേ ഇന്ത്യ അടക്കമുള്ള ജനസമൂഹ വൈവിധ്യത്തെ പലരീതിയിൽ ആക്രമിക്കാമെന്നും വരുന്നത് ഇനിയും അധികനാൾ തുടരാനാകില്ല. ചരിത്രം എങ്ങനെയാണ് ഇത്തരം പ്രതിസന്ധികളോട് പ്രതികരിക്കുന്നത് എന്നത് അത്ര ഉദാരമായ ഉത്തരങ്ങളാണ് കാത്തുവെക്കുന്നത്. കർണാടകത്തിൽ നിന്നും ഓടിച്ചുവിട്ട ഹിന്ദുത്വ ഭീകരതയുടെ ദംഷ്ട്രകളുള്ള പശു ഹിന്ദി പശുപ്രദേശത്തു നിന്ന്​ എത്ര വേഗം നിഷ്ക്കാസിതനാകുന്നു എന്നത് കേവലം തെരഞ്ഞെടുപ്പിലെ ജയപരാജ്യങ്ങൾ മാത്രമല്ല, ഇന്ത്യ ഈ രൂപത്തിൽ നിലനിൽക്കാനോ എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാകും നൽകുക.

വൊക്കലിഗ സമുദായത്തിന് സ്വാധീനമുള്ളിയിടങ്ങളിലും അവസരവാദ രാഷ്ട്രീയത്തിന്റെയും ബി.ജെ.പിക്കൊപ്പം പോകാൻ യാതൊരു മടിയുമില്ലാത്തവരുമായ ദേവഗൗഡ-കുമാരസ്വാമി കക്ഷിയായ ജനതാദൾ സെക്യുലറിനൊപ്പം പൊതുവെ നിൽക്കുന്ന വൊക്കലിഗ പ്രദേശങ്ങളും കോൺഗ്രസിനാണ് വോട്ടു ചെയ്തത്.

കർണാടകയിലെ കോൺഗ്രസ് വിജയം ജനാധിപത്യ രാഷ്ട്രീയത്തിന് നൽകുന്ന ഊർജ്ജം ചെറുതല്ല. നരേന്ദ്ര മോദിക്ക് കീഴിൽ ബി.ജെ.പി വളരെ വിജയകരമായി പ്രയോഗിച്ചുവന്ന പല ഹീനമായ തെരഞ്ഞെടുപ്പ് അടവുകളെയും അത് തള്ളിക്കളഞ്ഞു എന്നത് ചെറിയ കാര്യമല്ല. തെരഞ്ഞെടുപ്പുകളും പ്രചാരണവേളയിൽ ജനങ്ങളുടെ ജീവൽപ്രശ്നങ്ങളോ സർക്കാരിന്റെ പ്രകടനമോ കാതലായ സാമൂഹ്യവിഷയങ്ങളോ ഉയർത്തിക്കാട്ടാതെ പൊടുന്നനെ കടുത്ത വർഗീയവിഷയങ്ങളും മതാടിസ്ഥാനത്തിലുള്ള വെറുപ്പും എതിർരാഷ്ട്രീയക്കാരെ തേജോവധം ചെയ്യുന്നതിനായി വളച്ചൊടിച്ച വർത്തമാനങ്ങളും ‘മോദിയെ അപമാനിച്ചേ’ എന്ന നിലവിളിയുമൊക്കെ കർണാടകത്തിലും പൂർവ്വാധികം ഭംഗിയായി നടന്നു. രാമനെ തള്ളിപ്പറഞ്ഞ കോൺഗ്രസ് ഹനുമാനെ തള്ളിപ്പറയുന്നു എന്ന് നരേന്ദ്രമോദി പ്രസംഗിച്ചു. ജയ് ബജ്‌രംഗ് ബലിയും ഹനുമാൻ പൂജകളും ബി.ജെ.പിയുടെ പ്രചാരണ വിഷയങ്ങളായി. തീർത്തും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുന്ന ‘കേരള സ്റ്റോറി’ എന്ന മുസ്‌ലിം- ഇടതുപക്ഷ വിരുദ്ധ സംഘപരിവാർ പ്രചാരണ ചിത്രം വരെ മോദി തന്റെ പ്രചാരണത്തിനുപയോഗിച്ചു. ഹിജാബ് നിരോധനമടക്കമുള്ള മുസ്‌ലിം വിരുദ്ധതയുടെ വലിയ പശ്ചാത്തലവും ഉണ്ടായിരുന്നു. എന്നാൽ, അതൊന്നും ജനങ്ങൾക്കിടയിലെ യഥാർത്ഥ പ്രശ്​നങ്ങൾ വിസ്മരിക്കാൻ തക്ക സ്വാധീനം ചെലുത്തിയില്ല എന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ ബി.ജെ.പിയുടെ ഹീനതന്ത്രങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ സ്വാഭാവികമായ രാഷ്ട്രീയാതിരിച്ചറിവ് രൂപപ്പെടുന്നു എന്നതിന്റെ ചെറുതെങ്കിലും ആഹ്‌ളാദകരമായ തുടക്കങ്ങളിലൊന്നാണ്.

വൊക്കലിഗ, ലിംഗായത്ത് സമുദായക്കാർക്ക് സംവരണം നൽകാനും അതിന്റെ പേരിൽ മുസ്‌ലിം സംവരണം ഒ.ബി.സി പട്ടികയിൽ നിന്ന്​ എടുത്തുകളയാനുമുള്ള തീരുമാനത്തോടെ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന കുബുദ്ധിയാണ് ബി.ജെ.പി പ്രയോഗിച്ചത്. കർണാടകത്തിലെ ശക്തമായ സമുദായങ്ങളായ വൊക്കലിഗ, ലിംഗായത് വിഭാഗങ്ങളെ ഒപ്പം നിർത്താനും മുസ്‌ലിം വിരുദ്ധതയുടെ പേരിൽ ഹിന്ദുത്വ രാഷ്ട്രീയവോട്ടുകൾ സമാഹരിക്കാനും കഴിയുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് ബി.ജെ.പിയുടെ വലിയ സ്വാധീനമുള്ള ലിംഗായത് പ്രദേശങ്ങളിൽ പോലും ബി.ജെ.പിക്കെതിരായാണ് ജനങ്ങൾ വോട്ടുചെയ്തത് എന്നാണ്. വൊക്കലിഗ സമുദായത്തിന് സ്വാധീനമുള്ളിയിടങ്ങളിലും അവസരവാദ രാഷ്ട്രീയത്തിന്റെയും ബി.ജെ.പിക്കൊപ്പം പോകാൻ യാതൊരു മടിയുമില്ലാത്തവരുമായ ദേവഗൗഡ- കുമാരസ്വാമി കക്ഷിയായ ജനതാദൾ സെക്യുലറിനൊപ്പം പൊതുവെ നിൽക്കുന്ന വൊക്കലിഗ പ്രദേശങ്ങളും കോൺഗ്രസിനാണ് വോട്ടു ചെയ്തത്. ബി.ജെ.പി വിരുദ്ധ വോട്ടുകളും ബി.ജെ.പിക്കെതിരായ രാഷ്ട്രീയ ബദലിനുള്ള വോട്ടുമാണ് ഇത്തവണ ഉണ്ടായത് എന്നാണ് ഇത് കാണിക്കുന്നത്.

ക്ഷേത്രവും കുരങ്ങുദൈവവും രാമനും സീതയും തുടങ്ങി ജനറൽ കരിയപ്പയും നെഹ്​റുവും വരെ ജനങ്ങളെ പൂർണ്ണമായും വിഡ്ഢികളാക്കുന്ന മോദിയുടെ പ്രചാരണ തന്ത്രങ്ങൾക്ക് ബദലായുള്ളൊരു രാഷ്ട്രീയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ത്യയിൽ ഏറെ നാളുകൾക്കുശേഷം വിജയം നേടാനായത് ചെറിയ കാര്യമല്ല.

കോൺഗ്രസിന്റെ പ്രചാരണം അപൂർവ്വം അവസരങ്ങളിൽ ബി.ജെ.പി കാമ്പയിനിലേക്ക്​ വഴുതിവീഴാനുള്ള പ്രവണത കാണിച്ചിരുന്നുവെങ്കിലും (ഹനുമാൻ ക്ഷേത്രം മുതലായവ) പൊതുവിൽ ജനകീയ പ്രശ്നങ്ങളും ബി.ജെ.പി സർക്കാരിന്റെ അഴിമതിയും എടുത്തുകാട്ടിയാണ് പ്രചാരണം നടന്നത്. അതായത്, ക്ഷേത്രവും കുരങ്ങുദൈവവും രാമനും സീതയും തുടങ്ങി ജനറൽ കരിയപ്പയും നെഹ്​റുവും വരെ ജനങ്ങളെ പൂർണമായും വിഡ്ഢികളാക്കുന്ന മോദിയുടെ പ്രചാരണ തന്ത്രങ്ങൾക്ക് ബദലായ രാഷ്ട്രീയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ത്യയിൽ ഏറെ നാളുകൾക്കുശേഷം വിജയം നേടാനായത് ചെറിയ കാര്യമല്ല. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ഇരുനൂറ് യൂണിറ്റ് സൗജന്യ വൈദ്യുതി, ബിരുദധാരികൾക്ക് രണ്ടു വർഷം സാമ്പത്തിക സഹായം തുടങ്ങിയ അഞ്ചു വാഗ്ദാനങ്ങൾ കേവലം വാഗ്ദാനങ്ങൾ എന്നതിനപ്പുറം ക്ഷേമരാഷ്ട്രീയത്തിന്റെയും ഭരണകൂടത്തിന്റെ രാഷ്ട്രീയസ്വഭാവത്തിന്റെയും ജനാധിപത്യപരമായ ചർച്ചകൾക്ക് ഇടം നൽകുന്നതായിരുന്നു.

കർണാടകത്തിലെ വിജയം ദേശീയതലത്തിൽ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ മുന്നേറ്റത്തെ ഏറെ സഹായിക്കുമെന്നതിൽ സംശയമൊന്നുമില്ല. ഈ വര്ഷം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാജസ്ഥാനിലും ചത്തീസ്ഗഢിലും ഭരണകക്ഷിയായ കോൺഗ്രസിന് കാര്യങ്ങൾ അത്ര എളുപ്പമല്ലെങ്കിലും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഏകപക്ഷീയമാകാതിരിക്കാനുള്ള സന്നാഹങ്ങളൊരുക്കാൻ പ്രതിപക്ഷത്തിന് അവസരമുണ്ട്. കോൺഗ്രസ് ഈ വിജയത്തെ സമ്പൂർണ്ണമായി രാഹുൽഗാന്ധിയുടെ വിജയമെന്നൊക്കെയുള്ള ലളിത സമവാക്യങ്ങളിലേക്ക് ഒതുക്കാതെ വിശാലമായ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ സമീപിക്കണം. രാഹുൽ ഗാന്ധിയുടെ നേതൃ പ്രതിച്ഛായക്ക് കർണാടക വിജയം ഗുണം ചെയ്യുമെങ്കിലും രാജ്യത്തെ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷത്തിന്റെ ഐക്യവും മുന്നേറ്റവും കൂട്ടായ നേതൃത്വത്തിലൂടെ മാത്രമേ സാധ്യമാവൂ. ബി.ജെ.പിക്കും കോൺഗ്രസിനും രാഷ്ട്രീയ ബദലുകളുള്ള സംസ്ഥാനങ്ങളിൽ ഇപ്പോഴും ജനം കോൺഗ്രസിനെ തിരസ്കരിക്കുന്നുണ്ട് എന്ന്​ കോൺഗ്രസ് തിരിച്ചറിയണം. പഞ്ചാബിൽ കോൺഗ്രസിന്റെ കയ്യിലുണ്ടായിരുന്ന ജലന്ധർ ലോക്സഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇന്ന് ഫലം വന്നപ്പോൾ അര ലക്ഷത്തിലേറെ വോട്ടിന് ജയിച്ചത് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയാണ് എന്നത് ശ്രദ്ധിക്കാതെ പോകരുത്.

ഹിന്ദി പശുപ്രദേശത്തിനു പുറത്തുള്ള ഇന്ത്യയുടെ രാഷ്ട്രീയവും ഹിന്ദി ഹിന്ദുത്വ രാഷ്ട്രീയവും തമ്മിലുള്ള അകൽച്ച ഇന്ത്യയെന്ന ആശയത്തെയും അതിന്റെ മൂർത്തമായ രാഷ്ട്രീയ ഘടനയെയും നിർണ്ണായകമായ രീതിയിൽ നിശ്ചയിക്കാൻ പോവുകയാണ്.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വ്യക്തമായി നൽകുന്ന സൂചനകളിൽ ഏറ്റവും ശക്തമായവ ഇവയാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ മതേതര, ജനാധിപത്യ രാഷ്ട്രീയത്തിന് നേരിടാനും തോൽപ്പിക്കാനുമാകും. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലിനിയമങ്ങൾക്ക് പുറത്താണ് മതേതര രാഷ്ട്രീയം അതിന്റെ രാഷ്ട്രീയ അജണ്ടകൾ ഉണ്ടാക്കേണ്ടത്. സൂക്ഷ്മവും സ്ഥൂലവുമായ ഫാഷിസ്റ്റ് വിരുദ്ധ ഐക്യം എന്നത് ഒഴിവാക്കാനാകാത്ത രാഷ്ട്രീയ ആവശ്യമാണ്. ഹിന്ദി പശുപ്രദേശത്തിനു പുറത്തുള്ള ഇന്ത്യയുടെ രാഷ്ട്രീയവും ഹിന്ദി ഹിന്ദുത്വ രാഷ്ട്രീയവും തമ്മിലുള്ള അകൽച്ച, ഇന്ത്യയെന്ന ആശയത്തെയും അതിന്റെ മൂർത്തമായ രാഷ്ട്രീയ ഘടനയെയും നിർണ്ണായകമായ രീതിയിൽ നിശ്ചയിക്കാൻ പോവുകയാണ്. നരേന്ദ്ര മോദി എന്ന ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രചാരണ താരംബിംബത്തിന്റെ മൂല്യം അതിന്റെ പൊള്ളത്തരം വെളിവാക്കിക്കൊണ്ടിരിക്കുന്നു. കൃത്യമായ ജനാധിപത്യ, മതേതര രാഷ്ട്രീയ പ്രതിരോധം രൂപപ്പെടുന്നതോടെ മോദി തന്റെ ഫാഷിസ്റ്റ് ഭീകരതയുടെ നഗ്‌നതയിലേക്ക് ചുരുക്കപ്പെടും.

കർണാടകം ഇന്ത്യയുടെ ജീവിതത്തിന്റെ സാധ്യതയെ ഒന്നുകൂടി നീട്ടിയിരിക്കുന്നു.

Comments