ഡി.കെ. ശിവകുമാർ, മല്ലികാർജുൻ ഖാർഗെ, സിദ്ധരാമയ്യ

സംഘ്​പരിവാറിന്​ ലിംഗായത്ത്​ നൽകിയ ഇടതു ചൂണ്ടുവിരൽ താക്കീത്​

വേദങ്ങളെയും വിഗ്രഹാരാധനയെയും വര്‍ണ്ണാശ്രമധര്‍മ്മങ്ങളെയും കര്‍മ്മ സിദ്ധാന്തത്തേയും നിരാകരിച്ച ലിംഗായതത്തെ ഹിന്ദുമതത്തിന്റെ പര്യായമാക്കി മാറ്റാനുള്ള ശ്രമങ്ങളില്‍ നിന്നുള്ള കുതറല്‍ കുറേക്കാലമായി കന്നഡയില്‍ പ്രകടമാണ്. ലിംഗായത്തുകള്‍ ഹിന്ദുക്കളല്ല എന്ന പ്രഖ്യാപനത്തേയും പ്രത്യേക മതപദവിയെന്ന ആവശ്യത്തേയും സംഘപരിവാര്‍ അസ്വസ്ഥതയോടെയാണ് കാണുന്നത്.

ര്‍ണാടക ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കൃത്യവും വ്യക്തവുമായ ദിശാസൂചിയാണ്. ‘നമ്മള്‍ തോറ്റ ജനതയല്ല’ എന്നു തെളിയിച്ച തിരഞ്ഞെടുപ്പാണിത്.

തീവ്ര സമഗ്രാധിപത്യ വ്യവസ്ഥയുടെ കിരീടങ്ങള്‍ നിലം പതിക്കുന്നതിന്റെ ആരവങ്ങള്‍ കന്നഡമണ്ണില്‍നിന്നുയരുന്നുണ്ട്. കര്‍ണാടകയിലെ കോണ്‍ഗ്രസ്​ വിജയം ഇന്ത്യയിലെ ജനാധിപത്യ മതേതര ചേരിക്കും ന്യൂനപക്ഷ- ദലിത് വിഭാഗങ്ങള്‍ക്കും നല്‍കുന്ന ആത്മവിശ്വാസവും ധൈര്യവും ചെറുതല്ല. പ്രബുദ്ധരായ ജനതയ്ക്ക് ചൂണ്ടുവിരല്‍ത്തുമ്പിലെ മഷിയടയാളത്തിലൂടെ ഏതു ഫ്രാങ്കന്‍സ്റ്റീന്‍ മോണ്‍സ്റ്ററിനേയും കീഴ്പ്പെടുത്താമെന്ന ആത്മവിശ്വാസം ഈ വിജയം നല്‍കുന്നുണ്ട്. ബഹുസ്വര ഇന്ത്യയുടെ മഴവില്‍ നിറങ്ങളെ അത് ഒന്നുകൂടി മനോഹരമാക്കുന്നുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയാശയത്തെയും മള്‍ട്ടി ഫെഡറല്‍ വ്യവസ്ഥയേയും ഭരണഘടനാ മൂല്യങ്ങളേയും അത് കുറേക്കൂടി ഊര്‍ജ്ജസ്വലമാക്കുന്നുണ്ട്.

കന്നഡയിലെ കോണ്‍ഗ്രസ് വിജയത്തിനുപിന്നില്‍ ബഹുമുഖ കാരണങ്ങള്‍ കണ്ടെത്താമെങ്കിലും നിരന്തരമായ അപമാനവും അപഹസിക്കലുകളും ഏറ്റുവാങ്ങിയ രാഹുല്‍ഗാന്ധി എന്ന മനുഷ്യന്‍ വെയിലത്തും മഴയത്തും നടന്നു തീര്‍ത്ത ദൂരങ്ങളുണ്ട്. ‘വിദ്വേഷത്തിന്റെ അങ്ങാടിയില്‍ സ്‌നേഹത്തിന്റെ കട’ തുറക്കാനെത്തിയ അയാളുടെ ചേര്‍ത്തുപിടിക്കലുകളുണ്ട്. ഇന്ത്യയിലെ പരശ്ശതം സാധാരണക്കാരോട് അദ്ദേഹം നടത്തിയ ജനാധിപത്യ സംവാദങ്ങളുടെ പാരസ്പര്യമുണ്ട്.

രാഹുൽ ഗാന്ധി കർണാടക ഇലക്ഷൻ കാമ്പയിനിടെ
രാഹുൽ ഗാന്ധി കർണാടക ഇലക്ഷൻ കാമ്പയിനിടെ

ഭരണകൂട വ്യവസ്ഥയുടെ വാള്‍മുനകളാല്‍ തുടര്‍ച്ചയായി മുറിവേല്‍ക്കപ്പെടുന്ന ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ ചെറുത്തുനില്‍പ്പുകളുണ്ട്. വിലവര്‍ധനകളായും സബ്‌സിഡി നിയന്ത്രണങ്ങളായും കര്‍ഷകദ്രോഹ നടപടികളായും അഴിമതിയായും ജനതയുടെ ജീവിതം ദുഃസഹമാക്കുന്ന അധികാര വ്യവസ്ഥയോടുള്ള ജനാധിപത്യ പ്രതികരണങ്ങളുണ്ട്. ഭക്ഷണത്തിലും വസ്ത്രത്തിലും സ്വകാര്യതകളിലും അരിച്ചുകയറുന്ന ഫാഷിസ്റ്റാശയങ്ങള്‍ക്കും ധ്രുവീകരണ രാഷ്ട്രീയത്തിനുമെതിരായ താക്കീതുകളുണ്ട്.

ആള്‍ക്കൂട്ടമെന്നും, ഗ്രൂപ്പുകളിക്കാരുടെ സംഘമെന്നും വിമര്‍ശിക്കപ്പെടുമ്പോഴും ഇന്ത്യയിലെ ഏറ്റവും വൈവിധ്യപൂര്‍ണമായ സാമൂഹിക കൂട്ടായ്മയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കുന്നുണ്ട് കന്നഡ മണ്ണില്‍ അവര്‍ നേടിയ ആധികാരിക വിജയം.

Photo: Ajmal M.K.
Photo: Ajmal M.K.

മനുഷ്യരെ മതങ്ങളായി പിളര്‍ക്കുന്ന മാനവിക വിരുദ്ധതയ്ക്കുള്ള ശക്തവും തീവ്രവും ജനാധിപത്യപരവുമായ പ്രതികരണമെന്ന നിലയില്‍ ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ കന്നഡ നിയമസഭാ ഫലത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. കര്‍ണാടകയില്‍ കാലൂന്നി ദക്ഷിണേന്ത്യ പിടിക്കാമെന്ന സംഘപരിവാര്‍ മോഹങ്ങള്‍ക്കേറ്റ തിരിച്ചടിയില്‍ അവര്‍ സന്തോഷിക്കുന്നു. ഹിംസാത്മകമായ കാലത്തെ അപൂര്‍വ്വമായി കടന്നുവരുന്ന സന്തോഷ നിമിഷങ്ങള്‍ക്ക്, ഇന്ത്യയെന്ന ആശയത്തെ സജീവമാക്കി നിര്‍ത്തുന്നതിന്, ഇന്ത്യയുടെ ജനാധിപത്യ- മതേതര ജീവിതത്തെ കുറേക്കൂടി നീട്ടിക്കൊണ്ടുപോകുന്നതിന്, അവര്‍ നെടുവീര്‍പ്പോടെ കോണ്‍ഗ്രസിന് നന്ദി പറയുന്നു.

ലിംഗായതത്തെ ഹിന്ദുമതത്തിന്റെ പര്യായമാക്കി മാറ്റാനുള്ള ശ്രമങ്ങളില്‍ നിന്നുള്ള കുതറല്‍കുറേക്കാലമായി കന്നഡയില്‍ പ്രകടമാണ്. ലിംഗായത്തുകള്‍ ഹിന്ദുക്കളല്ല എന്ന പ്രഖ്യാപനത്തേയും പ്രത്യേക മതപദവിയെന്ന ആവശ്യത്തേയും സംഘപരിവാര്‍ അസ്വസ്ഥതയോടെയാണ് കാണുന്നത്.

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിനു പിന്നില്‍ വ്യത്യസ്ത കാരണങ്ങളുണ്ടെങ്കിലും കന്നഡയിലെ പ്രബല സാമുദായിക വിഭാഗമായ ലിംഗായത്തുകളുടെ മനോഭാവത്തില്‍ വന്ന മാറ്റമാണ് തിരഞ്ഞെടുപ്പു വിശകലനത്തില്‍ സവിശേഷമായി പരിഗണിക്കേണ്ട ഘടകം. കര്‍ണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളില്‍ നൂറെണ്ണത്തിലെങ്കിലും ലിംഗായത്തുകള്‍ ശക്തമായ വോട്ടുബാങ്കാണ്. മറ്റിടങ്ങളിലും അവര്‍ക്ക് മോശമല്ലാത്ത സ്വാധീനമുണ്ട്. വടക്കന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വന്‍മുന്നേറ്റത്തില്‍ ലിംഗായത് സ്വാധീനം പ്രകടമാണ്.

1990- കള്‍ക്കുശേഷം കോണ്‍ഗ്രസിനെ വിട്ട് ബി.ജെ പിയ്‌ക്കൊപ്പം നിലകൊണ്ട ലിംഗായത് വോട്ടുബാങ്കില്‍ വന്ന ചോര്‍ച്ചയാണ് ബി.ജെ.പിയുടെ വന്‍പതനത്തിനു വഴിതെളിച്ചത്. 1990 വരെ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടവരാണ് ലിംഗായത്തുകള്‍. കര്‍ണാടകയുടെ ചരിത്രത്തിലെ 23 മുഖ്യമന്ത്രിമാരില്‍9 പേരെ സംഭാവന ചെയ്ത സമുദായമാണത്.

വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള ലിംഗായത് നേതാവും മുഖ്യമന്ത്രിയുമായ വീരേന്ദ്രപാട്ടീലിനെ 1990- ലെ സമുദായിക ലഹളയെത്തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജീവ്ഗാന്ധി പുറത്താക്കിയ നടപടി ലിംഗായത്തുകളെ കോണ്‍ഗ്രസില്‍ നിന്നകറ്റാന്‍ കാരണമായി. പാട്ടീലിനെ മാറ്റി പിന്നാക്കവിഭാഗ നേതാവ് എസ്. ബംഗാരപ്പയെ നിയമിക്കാനുള്ള തീരുമാനം ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് രാജീവ് ഗാന്ധി പ്രഖ്യാപിച്ചത്. ഈ നടപടി കന്നഡിഗ അഭിമാന ബോധം പേറുന്ന ലിംഗായത്തുകളെ മുറിവേല്‍പ്പിച്ചു. അതോടെ ലിംഗായത് മഠങ്ങളും മഠാധിപതികളും നിയന്ത്രിക്കുന്ന ലിംഗായത്ത് സമുദായം കോണ്‍ഗ്രസിനെ വിട്ട് മറ്റു സാധ്യതകള്‍ തേടി.

ബി.ജെ.പി യിലെ ബി.എസ്. യദ്യൂരപ്പയെന്ന ലിംഗായത് നേതാവാണ് പില്‍ക്കാലത്ത് സമുദായത്തിന്റെ ചോദ്യം ചെയ്യാത്ത ശബ്ദമായി മാറിയത്. യദ്യൂരപ്പയോടുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അവഗണനാപൂര്‍വ്വമായ സമീപനം ലിംഗായത്തുകളെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. യദ്യൂരപ്പയുടെ അനുയായികളായിരുന്ന മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെയും ലക്ഷ്മണ്‍ സാവദിയുടേയും കോണ്‍ഗ്രസിലേക്കുള്ള കൂറുമാറ്റവും ലിംഗായത്തുകളില്‍ സ്വാധീനമുണ്ടാക്കി. ബി.ജെ.പി ലിംഗായത് വിരുദ്ധ പാര്‍ട്ടിയാണെന്ന കോണ്‍ഗ്രസ് പ്രചാരണം മറികടക്കാന്‍ മുസ്​ലിം വിഭാഗത്തിനുണ്ടായിരുന്ന സംവരണം ലിംഗായത് - വൊക്കലിഗ വിഭാഗങ്ങള്‍ക്ക് നല്‍കിയെങ്കിലും അതൊന്നും തിരഞ്ഞെടുപ്പു ഫലത്തെ ആത്യന്തികമായി സ്വാധീനിച്ചില്ല.

ബി.എസ്​. യെദ്യൂരപ്പ
ബി.എസ്​. യെദ്യൂരപ്പ

വീരേന്ദ്ര പാട്ടീലിനെ പുറത്താക്കി ബംഗാരപ്പയെ മുഖ്യമന്ത്രിയാക്കിയതിനു സമാനമായി യദ്യൂരപ്പയെ മാറ്റി ബസവരാജ് ബൊമ്മയെ വാഴിച്ച ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നടപടി ലിംഗായത്തുകളെ അസ്വസ്ഥരും അസംതൃപ്തരുമാക്കി. ബസവരാജ ബൊമ്മെയും ലിംഗായത് സമുദായാംഗമെങ്കിലും യദ്യൂരപ്പയെപ്പോലെ ലിംഗായത്തുകളുടെ മനസ്സ് കീഴടക്കിയ നേതാവല്ല. ബി.ജെ.പി ഒഴുകിപ്പോയത് യദ്യൂരപ്പയുടെ കണ്ണീരിലാണെന്ന ലിംഗായത് മഠാധിപതി ദിംഗലേശ്വര സ്വാമിയുടെ പ്രസ്താവന ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. അധികാരത്തിലേറിയശേഷം മഠങ്ങളേയും മഠാധിപതികളേയും ബി.ജെ.പി അവഗണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനൊപ്പം ഭരണപരമായ കഴിവുകേടുകളും അഴിമതിയും ജനവിരുദ്ധ കാര്‍ഷിക വിരുദ്ധ നടപടികളും ചേര്‍ന്ന് ജനങ്ങളെ സര്‍ക്കാരില്‍ നിന്നകറ്റുകയും ചെയ്തു. ദേശീയ വിഷയങ്ങളുന്നയിച്ചു കൊണ്ട് പ്രാദേശിക പ്രശ്‌നങ്ങളെ മറികടക്കാമെന്ന സ്ഥിരം തന്ത്രത്തിന് കര്‍ണാടക തീര്‍ത്തും പ്രാദേശിക വിഷയങ്ങളിലൂടെ ഉചിതമായ മറുപടി നല്‍കി.

ഉത്തര്‍പ്രദേശിലേയും മധ്യപ്രദേശിലേയും ബീഹാറിലേയുമൊക്കെ ദലിത് - ബഹുജന്‍ - യാദവ സ്വത്വരാഷ്ട്രീയത്തെ ഹിന്ദുത്വ രാഷ്ട്രീയമാക്കി പരിവര്‍ത്തിപ്പിച്ചാണ് സംഘപരിവാര്‍ ഇന്ത്യയില്‍ മതരാഷ്ട്രീയത്തിന്റെയും അക്രാമക ദേശീയതയുടയും വേരുകളാഴ്ത്തിയത്.

സംഘപരിവാറിന്റെ ഹിന്ദു ആഗിരണ രാഷ്രീയത്തിനേറ്റ ശക്തമായ തിരിച്ചടി കൂടിയാണ് കര്‍ണാടക തിരഞ്ഞെടുപ്പ്. വൈദിക ബ്രാഹ്മണ്യത്തിനുനേരെ നിരന്തരം ചോദ്യങ്ങളുന്നയിച്ച ജൈന-ബുദ്ധ ദര്‍ശനങ്ങളെയും ദലിത് - ഒ.ബി.സി വിഭാഗങ്ങളേയും ഹിന്ദുവെന്ന ഏകശിലാ കേന്ദ്രീകൃത ചട്ടക്കൂടിനുള്ളിലുറപ്പിക്കാനാണ് രാഷ്ട്രീയ ഹിന്ദുത്വം എക്കാലവും ശ്രമിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശിലേയും മധ്യപ്രദേശിലേയും ബീഹാറിലേയുമൊക്കെ ദലിത് - ബഹുജന്‍ - യാദവ സ്വത്വരാഷ്ട്രീയത്തെ ഹിന്ദുത്വ രാഷ്ട്രീയമാക്കി പരിവര്‍ത്തിപ്പിച്ചാണ് സംഘപരിവാര്‍ ഇന്ത്യയില്‍ മതരാഷ്ട്രീയത്തിന്റെയും അക്രാമക ദേശീയതയുടയും വേരുകളാഴ്ത്തിയത്. ഇന്ത്യയുടെ സാമൂഹികജീവിതത്തിന്റെ അനിവാര്യതയായ ജാതിയെ തകര്‍ത്ത് മതത്തെ സ്ഥാപിക്കുകയാണ് അവര്‍ ചെയ്തത്.

ലിംഗായത് മഠാധിപതി ദിംഗലേശ്വര സ്വാമി
ലിംഗായത് മഠാധിപതി ദിംഗലേശ്വര സ്വാമി

ഹിന്ദുമത വ്യവസ്ഥയുടെ പുറത്തേക്കു കടക്കാനുള്ള ശ്രമം മിക്കപ്പോഴും ലിംഗായത്തുകളില്‍നിന്നുണ്ടായിട്ടുണ്ട്. ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ പ്രത്യേക മതപദവിയ്ക്കായി ലിംഗായതര്‍ ആവശ്യമുന്നയിച്ചിരുന്നു. ബോംബെ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന നിജലിംഗപ്പ, മൈസൂരിലെ സിദ്ദവീരപ്പ, രാം ദുര്‍ഗിലെ മാനവല്ലി, മഹാരാഷ്ട്രയിലെ രത്‌നപ്പ കമ്പാര്‍ എന്നിവര്‍ ഈ ആവശ്യമുന്നയിച്ചവരില്‍ പ്രധാനികളാണ്.

ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കണമെന്ന് അക്കാലത്തെ സെന്‍സസ് കമീഷണറോട് ലിംഗായത് സംഘടനകള്‍ ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നു. ഹിന്ദുത്വത്തിനെതിരായി രൂപം കൊണ്ട ബുദ്ധ- ജൈന- സിഖ് ദാര്‍ശനിക ധാരകളെ പ്രത്യേക മതമായി പരിഗണിക്കാമെങ്കില്‍ ലിംഗായത്തുകള്‍ക്കും അതാകാവുന്നതാണെന്ന വാദഗതിയാണ് അവര്‍ ഉയര്‍ത്തിയത്. 1940ലും 1979 ലുമെല്ലാം ലിംഗായതത്തെ പ്രത്യേക മതവിഭാഗമെന്ന നിലയില്‍ പരിഗണിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. അതിനാധാരമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് മറ്റു ശൈവ വിശ്വാസികളില്‍ നിന്ന്​ വ്യത്യസ്തമായി ലിംഗായത്തുകളുടെ സ്വകീയമായ വിശ്വാസ പ്രമാണങ്ങളേയും ആരാധനാ സമ്പ്രദായങ്ങളെയുമാണ്.

ബസവണ്ണയുടെ സമാധികേന്ദ്രമായ ഉത്തര കര്‍ണ്ണാടകയിലെ കൂടല സംഗത്തിലെ ബസവേശ്വര ജന്മ വാര്‍ഷികചടങ്ങിൽ രാഹുൽ ഗാന്ധി
ബസവണ്ണയുടെ സമാധികേന്ദ്രമായ ഉത്തര കര്‍ണ്ണാടകയിലെ കൂടല സംഗത്തിലെ ബസവേശ്വര ജന്മ വാര്‍ഷികചടങ്ങിൽ രാഹുൽ ഗാന്ധി

ബ്രാഹ്മണനായി ജനിച്ച്, ബ്രാഹ്മണ്യത്തെ തിരസ്‌ക്കരിച്ച് ഒരു ബദല്‍ ആത്മീയ -ദാര്‍ശനിക ജീവിത പദ്ധതി മുന്നോട്ടു വെച്ച ബസവേശ്വരന്‍ എന്ന് കന്നഡിഗര്‍ വിശേഷിപ്പിക്കുന്ന ബസവണ്ണയേയും ബസവാനുയായികളായ ലിംഗായകരേയും ഹിന്ദുവിശ്വാസ പദ്ധതിയ്ക്കുള്ളിലേക്കാനയിച്ച് ഇല്ലാതാക്കാനുള്ള പലവിധ ശ്രമങ്ങള്‍ പില്‍ക്കാലത്തുണ്ടായി. വേദങ്ങളെയും വിഗ്രഹാരാധനയെയും വര്‍ണ്ണാശ്രമധര്‍മ്മങ്ങളെയും തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള കര്‍മ്മ സിദ്ധാന്തത്തെയും നിരാകരിച്ച ലിംഗായതത്തെ ഹിന്ദുമതത്തിന്റെ പര്യായമാക്കി മാറ്റാനുള്ള ശ്രമങ്ങളില്‍ നിന്നുള്ള കുതറല്‍കുറേക്കാലമായി കന്നഡയില്‍ പ്രകടമാണ്. ലിംഗായത്തുകള്‍ ഹിന്ദുക്കളല്ല എന്ന പ്രഖ്യാപനത്തേയും പ്രത്യേക മതപദവിയെന്ന ആവശ്യത്തേയും സംഘപരിവാര്‍ അസ്വസ്ഥതയോടെയാണ് കാണുന്നത്.

പ്രത്യേക മതപദവി ലഭിക്കുന്നതോടെ ലിംഗായത്തുകള്‍ ഹിന്ദു വിശ്വാസവഴികളില്‍ നിന്ന്​ പുറത്താകുമെന്നും ഇത് കന്നഡയുടെ പ്രാദേശിക ദ്രാവിഡ സ്വത്വപ്രഖ്യാപനമാവുമെന്നും അവര്‍ കരുതുന്നു. ഒരു പക്ഷേ മതേതരത്വമെന്ന ആശയത്തേക്കാളേറെ, പ്രാദേശിക സ്വത്വബോധത്തേയും ഉത്ക്കര്‍ഷേച്ഛകളേയുമാണ് ഏകീകൃതരാഷ്ട്ര രൂപീകരണ വാദക്കാര്‍ ഭയക്കുന്നത്. തമിഴ് നാട്ടിലെ ദ്രാവിഡ രാഷ്ട്രീയമെന്ന പത്മവ്യൂഹം ഇന്നും പശുരാഷ്ട്രീയവാദികള്‍ക്ക് മനസ്സിലാക്കാനാവാത്ത സമസ്യയാണല്ലോ.

സിദ്ധരാമയ്യ, എം.ബി. പാട്ടീല്‍
സിദ്ധരാമയ്യ, എം.ബി. പാട്ടീല്‍

കോണ്‍ഗ്രസില്‍ നിന്നകന്നുപോയ ലിംഗായത് സമുദായത്തെ തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ അവര്‍ക്ക് മതന്യൂനപക്ഷ പദവി അനുവദിച്ചത്. എം.ബി. പാട്ടീലിനേപ്പോലുള്ള ലിംഗായത് നേതാക്കള്‍ അതിനു പിന്നിലുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ ലിംഗായത് - വീരശൈവ വിഭാഗങ്ങള്‍ചേരിതിരിഞ്ഞ് പോരടിച്ചതിനാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്തില്ല. അതിനു ശേഷമാണ് ലിംഗായത്തുകളെ ഒപ്പം കൂട്ടാനുള്ള സമഗ്രമായപദ്ധതികള്‍ കോണ്‍ഗ്രസ് തയാറാക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഏറ്റവും തരംഗമുണ്ടാക്കിയ സംസ്ഥാനങ്ങളിലൊന്ന് കര്‍ണ്ണാടകയായിരുന്നു. അദ്ദേഹത്തിന്റെ ശൈവവിശ്വാസ പ്രഖ്യാപനത്തെ ഉപയോഗിച്ചു കൊണ്ട് ലിംഗായത്തുകളെ കൂടെക്കൂട്ടാമെന്ന കോണ്‍ഗ്രസ് തന്ത്രം വിജയമായി. ലിംഗായത് സമുദായത്തിന്റെ പ്രധാന മഠങ്ങളിലൊന്നായ ചിത്രദുര്‍ഗ്ഗയിലെ മുരുകമഠത്തിലെത്തിയ രാഹുല്‍ ഗാന്ധി ലിംഗായത്തുകളുടെ പ്രധാന ചടങ്ങായ ഇഷ്ടലിംഗദീക്ഷ സ്വീകരിച്ച് ലിംഗായത് ജീവിതപദ്ധതിയുടെ ഭാഗമായിരുന്നു.

ബസവേശ്വര ജന്മ വാര്‍ഷികചടങ്ങിനെത്തിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കുന്നു
ബസവേശ്വര ജന്മ വാര്‍ഷികചടങ്ങിനെത്തിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കുന്നു

എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടശേഷം രാഹുല്‍ ഗാന്ധി പങ്കെടുത്ത ആദ്യ പരിപാടി ബസവണ്ണയുടെ സമാധികേന്ദ്രമായ ഉത്തര കര്‍ണ്ണാടകയിലെ കൂടല സംഗത്തിലെ ബസവേശ്വര ജന്മ വാര്‍ഷികചടങ്ങുകളിലായിരുന്നു. കന്നഡയിലെ മൂന്നു പ്രബല സാമുദായിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സിദ്ധരാമയ്യ, ഡി.കെ.ശിവകുമാര്‍, എം.ബി. പാട്ടീല്‍ എന്നിവരെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് നടത്തിയ സോഷ്യല്‍ എന്‍ജീനീയറിംഗ് വിജയകരമായിരുന്നെന്ന് കന്നഡ റിസള്‍ട്ട് തെളിയിക്കുന്നു.

ബസവണ്ണയുടെ വചനങ്ങള്‍ എഡിറ്റു ചെയ്​ത്​ ലിംഗായതം ഹിന്ദുമതമല്ലെന്ന്​ വ്യക്തമാക്കിയതിനാണ് എം.എം. കല്‍ബുര്‍ഗ്ഗി കൊല്ലപ്പെട്ടത്. സമാനമായി, ലിംഗായത്തുകള്‍ ഹിന്ദുക്കളല്ലെന്ന പ്രഖ്യാപനവും വീരശൈവരും ലിംഗായത്തുകളും വ്യത്യസ്തരാണെന്ന പ്രഖ്യാപനവുമാണ് ഗൗരി ലങ്കേഷിന്റെ ജീവനെടുത്തത്. കന്നഡ മണ്ണില്‍ സംഘപരിവാര്‍ ആഗിരണ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയില്‍ കല്‍ബുര്‍ഗ്ഗിയുടേയും ഗൗരിയുടേയും സംഘപരിവാറിനാല്‍ നിരന്തരം പരിക്ഷീണനാക്കപ്പെട്ട യു. ആര്‍. അനന്തമൂര്‍ത്തിയുടേയും സ്പന്ദിക്കുന്ന ഓര്‍മ്മകളുണ്ട്. വാക്കുകളുടെ മുന കൂര്‍പ്പിച്ച് വൈദിക ബ്രാഹ്മണ്യത്തിനും കാപട്യങ്ങള്‍ക്കുമെതിരെ ചോദ്യങ്ങളുയര്‍ത്തിയ ബസവണ്ണയെന്ന കര്‍ണാടകയിലെ ഭക്തിപ്രസ്ഥാനാചാര്യന്റെ വചനങ്ങളിലെ അദ്യശ്യ സാന്നിധ്യവുമുണ്ട്.


Summary: Sanghparivar and lingayats kv manoj writes about karnataka election results


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments