പ്രതിഭയുടെയും ഇപ്പോൾ അരിതയുടെയും കായംകുളം

അരിതയുടെ സ്ഥാനാർഥിത്വത്തെപ്പോലെ, കഴിഞ്ഞ തവണ ലിജുവിന്റെ സ്ഥാനാർഥിത്വവും മത്സരത്തെ ആവേശഭരിതമാക്കിയിരുന്നുവെങ്കിലും പ്രതിഭ, മികച്ച ഭൂരിപക്ഷത്തോടെ ആധിപത്യം തെളിയിച്ചു. ഇത്തവണയം ആ വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്

Election Desk

2006 മുതൽ മൂന്നുതെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി എൽ.ഡി.എഫ് ജയിക്കുന്ന കായംകുളം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്, പുതുമുഖമായ അരിത ബാബുവിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ചെറുപ്പത്തിലേ ജില്ല പഞ്ചായത്തംഗമായ അരിതക്ക് പാർട്ടിക്കുപുറത്തുള്ള വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

കോൺഗ്രസ് സ്ഥാനാർഥികളിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് 27 കാരിയായ അരിത. പാലുവിറ്റ് ഉപജീവനം കഴിക്കുകയും മറ്റു സമയം സാമൂഹിക പ്രവർത്തനം നടത്തുകയും ചെയ്യുന്ന അരിതക്ക് മണ്ഡലത്തിൽ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. യൂത്ത് കോൺഗ്രസ് സെക്രട്ടറി കൂടിയായ അരിതയുടെ സ്ഥാനാർഥിത്വത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധമുണ്ടായിരുന്നു. കെ.പി.സി.സി സെക്രട്ടറി ഇ. സമീറിന് സീറ്റ് നൽകണമെന്നായിരുന്നു ആവശ്യം. രാജിഭീഷണികളും മറ്റും ഇപ്പോൾ ഏതാണ്ട് ഒടുങ്ങിയ മട്ടാണ്. കോൺഗ്രസിലെ പടലപ്പിണക്കങ്ങളാണ് കായംകുളത്ത് മുമ്പും യു.ഡി.എഫിന് പാരയായിരുന്നത്.

സിറ്റിങ് എം.എൽ.എ യു. പ്രതിഭയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. 2016ൽ
11,857 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രതിഭ കോൺഗ്രസിലെ എം. ലിജുവിനെ തോൽപ്പിച്ചത്. കഴിഞ്ഞ തവണയും ലിജുവിന്റെ സ്ഥാനാർഥിത്വം മത്സരത്തെ ആവേശഭരിതമാക്കിയിരുന്നുവെങ്കിലും പ്രതിഭ, മികച്ച ഭൂരിപക്ഷത്തോടെ ആധിപത്യം തെളിയിച്ചു. ഇത്തവണയും ആ വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നേടിയ മുൻതൂക്കമാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് 4297 വോട്ടിന്റെയും തദ്ദേശ തെരഞ്ഞെടുപ്പിൽ 12,499 വോട്ടിന്റെയും ഭൂരിപക്ഷം എൽ.ഡി.എഫിനുണ്ടായിരുന്നു.

തുടക്കത്തിൽ സി.പി.എമ്മിൽ പ്രതിഭയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രാദേശിക ഡി.വൈ.എഫ്.ഐ നേതൃത്വം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. എന്നാൽ, പ്രചാരണം മുന്നേറിയതോടെ അത് പരിഹരിക്കപ്പെട്ടു.
ക്ഷേമ പെൻഷൻ, താലൂക്ക് ആശുപത്രി വികസനം, കോവിഡ് കാല സംരക്ഷണം തുടങ്ങിയ വികസനപ്രവർത്തനങ്ങളാണ് പ്രതിഭയുടെ വിഷയങ്ങൾ.

ഇരുമുന്നണികളെയും മാറാമാറി തെരഞ്ഞെടുത്ത മണ്ഡലമാണ് കായംകുളം. 1957ൽ സി.പി.ഐയിലെ കെ.ഒ. ഐഷാ ഭായ് ആയിരുന്നു ആദ്യ എം.എൽ.എ. 1967ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലെ പി.കെ. കുഞ്ഞ്. 1970ലും 1977ലും കോൺഗ്രസിലെ ടി. കുഞ്ഞുകൃഷ്ണപിള്ള. 1980, 1982 വർഷങ്ങളിൽ കോൺഗ്രസിലെ തച്ചടി പ്രഭാകരൻ. 1987ൽ സി.പി.എം കായംകുളം തിരിച്ചുപിടിച്ചു, എം.ആർ. ഗോപാലകൃഷ്ണനിലൂടെ. 1991ൽ വീണ്ടും തച്ചടി പ്രഭാകരൻ. 1996ൽ സി.പി.എമ്മിന്റെ ജി. സുധാകരനാണ് ജയിച്ചത്. 2001ൽ കോൺഗ്രസിനുവേണ്ടി എം.എം. ഹസൻ മണ്ഡലം തിരിച്ചുപിടിച്ചു. തുടർന്ന് സി.പി.എമ്മിനാണ് ജയം.

Comments