കെ. ഇ. എൻ/ ഫോട്ടോ: ഷഫീഖ് താമരശ്ശേരി

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ചോദ്യത്തെ വളച്ചൊടിക്കുന്നവർ അസാധുവാക്കുന്ന ഇസ്‌ലാമോഫോബിയ ചർച്ചകൾ

ലോകത്ത്, പൊതുവിൽ ഇന്ത്യയിൽ "ഇസ്‌ലാമോഫോബിയ' നിലനിൽക്കുന്നുണ്ടെന്നുള്ളത് പ്രത്യേകിച്ചൊരു ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട കാര്യമല്ല. രാഷ്ട്രീയമായി മൂന്നടി മുന്നിട്ട് നിൽക്കുമ്പോഴും, സാംസ്‌കാരികമായി രണ്ടടി പിന്നിട്ട് നിൽക്കുന്ന കേരളത്തിലും, ഇസ്‌ലാമോഫോബിയ സജീവമായി പ്രവർത്തിക്കുന്നുണ്ട്. "ലൗ ജിഹാദ്' മുതൽ മതപരിവർത്തന വിവാദം വരെ സ്ഥൂല സൂക്ഷമതലങ്ങളിൽ അതിന്റെ പ്രവർത്തനം വ്യാപിച്ചു നിൽക്കുന്നു. അതിനെതിരെ ആശയസമരം നിർവഹിക്കുന്നതിനു പകരം ""യു.ഡി.എഫിന്റെ നേതൃത്വം മുസ്‌ലിം ലീഗ് ഏറ്റെടുക്കുകയാണോ?'' എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസക്തമായ രാഷ്ട്രീയ ചോദ്യത്തെ, ഇസ്‌ലാമോഫോബിയ എന്ന് മുദ്ര ചാർത്തുന്നത്, യഥാർഥത്തിൽ നിലവിലുള്ള ഇസ്‌ലാമോഫോബിയക്കെതിരായ സമരത്തെ ഒരു സെന്റിമീറ്റർ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കില്ല.

മുസ്‌ലിം ലീഗ് നേതാക്കളായ കാദർ മൊയ്ദീൻ, ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ

മർദ്ദിതർക്കൊപ്പം നിൽക്കുന്നതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ, മുസ്‌ലിം, ന്യൂനപക്ഷ പ്രീണന പാർട്ടിയായി, അതുവഴി ഹിന്ദുവിരുദ്ധ പാർട്ടിയായി ചിത്രീകരിക്കുന്ന സംഘപരിവാർ ശക്തികൾക്ക് മാത്രമായിരിക്കും അത് ഊർജം നൽകുക. സങ്കുചിത കക്ഷിരാഷ്ട്രീയ കോർട്ടിലിട്ട് തട്ടിക്കളിക്കാവുന്ന പന്തല്ല ഇസ്‌ലാമോഫോബിയ. കേരളത്തിൽ നവഫാസിസ്റ്റുകളുടെ നേതൃത്വത്തിൽ നടന്ന "ലൗ ജിഹാദ് കോലാഹങ്ങളെ' ധീരമായി പ്രതിരോധിക്കുന്നതിൽ മുന്നിൽ നിന്നതാരാണ്? സംഘപരിവാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന അത്യന്തം അപകടകരമായ "മേൽക്കോയ്മാ ദേശീയത'ക്കെതിരെയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നതാരാണ്? നവഫാസിസ്റ്റുകൾ നടത്തുന്ന കായികാക്രമങ്ങൾക്ക് നിരന്തരം വിധേയരാവുന്നവർ ആരാണ്? തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങളൊക്കെയും മാറ്റിവെച്ച് വർഗീയതക്കും ഫാസിസത്തിനുമെതിരെ ജീവൻ നൽകി പോരാടുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെ ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമം സങ്കുചിത രാഷ്ട്രീയ കാര്യപരിപാടിയുടെ ഭാഗമാണ്.

ജനാധിപത്യം ആവശ്യപ്പെടുന്നത് "ഇസ്‌ലാമോഫോബിയ'യോ, "ഇസ്‌ലാമോഫീലിയ'യോ അല്ല, മതനിരപേക്ഷതയാണ്

മുസ്‌ലിം സംഘടനകൾക്കെതിരായ ജനാധിപത്യ വിമർശനങ്ങളെയും, ഇസ്‌ലാമോഫോബിയയേയും കൂട്ടിക്കുഴക്കുന്നത് ഫാസിസ്റ്റുകളെ ഒഴിച്ച് മറ്റാരെയും സഹായിക്കില്ല. ജനാധിപത്യം ആവശ്യപ്പെടുന്നത് "ഇസ്‌ലാമോഫോബിയ'യോ, "ഇസ്‌ലാമോഫീലിയ'യോ അല്ല, മതനിരപേക്ഷതയാണ്. വർക്കലക്കടുത്തെ തന്റെ സുഹൃത്തായ അബ്ദുൾ അസീസ് മൗലവിയോട് ശിവഗിരിയിൽ ഒരു പള്ളി കഴിപ്പിച്ചുതരാം എന്ന് മുമ്പ് ശ്രീനാരായണ ഗുരു പറഞ്ഞത്, ഫീലിയക്കും ഫോബിയക്കുമപ്പുറമുള്ള കാവ്യാത്മക മതകാഴ്ചപാടാണ്, അല്ലെങ്കിൽ "കവിതാമത'ത്തിന്റെ മാനിഫസ്റ്റോയാണ്. വ്യത്യസ്ത മതങ്ങൾക്കും, വ്യത്യസ്ത മതരഹിതർക്കും സ്വാഗതമാശംസിക്കാനും, അനിവാര്യമായാൽ "സ്‌നേഹ-സംവാദം' നിർവ്വഹിക്കാനുമുള്ള ധീരവിനയവും അഗാധവിവേകവുമാണ് പൊതുവിൽ ഗുരു മുന്നോട്ടു വെക്കാൻ ശ്രമിച്ചത്. സൂക്ഷമതനിരപേക്ഷത ആവിഷ്‌കൃതമാവുന്നിടത്ത് "ഫോബിയ'യെന്ന പോലെ "ഫീലിയ'യും അപ്രസക്തമാവും. അരക്ഷിത സന്ദർഭങ്ങളിൽ അനിവാര്യമാകുന്ന "രക്ഷാകർതൃത്വ'ത്തിന്റെ അവസാനത്തെ അവശിഷ്ടങ്ങൾ കൂടി കണ്ടെടുക്കാൻ കഴിയാത്ത വിധത്തിൽ ഇല്ലാതാവുമ്പോഴാണ്, പ്രീണന-പീഡനങ്ങൾ അപ്രത്യക്ഷമാവുമ്പോഴാണ് മതാത്മകമായും അല്ലാതെയും സ്വയം ആവിഷ്‌കരിക്കാനുള്ള ഒരോ വ്യക്തിയുടേയും അവകാശം ഉറപ്പു വരുത്തപ്പെടുമ്പോഴാണ്, സമൂഹങ്ങൾ ഫോബിയ-ഫീലിയ ദ്വന്ദ്വങ്ങളെ അതിജീവിക്കാൻ പാകമാവുന്നത്.

ഇതൊക്കെ അവഗണിച്ച്, ഇടതുക്ഷവും സംഘപരിവാറും ഒരേ തൂവൽപക്ഷികൾ എന്നർഥം വരുംവിധമുള്ള സങ്കുചിത കക്ഷിരാഷ്ട്രീയ കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള മറയായി ഇസ്‌ലാമോഫോബിയയെ മാറ്റാനുള്ള ശ്രമം അപകടകരമാണ്. ആർക്കും ആരെയും വിമർശിക്കാവുന്നതാണ്. എന്നാൽ സംഘപരിവാറിന്റെ പേടിസ്വപ്‌നമായ "മലയാളി പ്രബുദ്ധത' പൊളിക്കുവാൻ ഇടനൽകിയേക്കാവുന്ന തരത്തിലുള്ള "ചാപ്പകുത്തലുകൾ' ഒഴിവാക്കപ്പെടേണ്ടതാണ്. കൃത്രിമമായ ഉത്കർഷതാബോധം ഉത്പാദിപ്പിക്കുന്ന, അതുവഴി തങ്ങളൊഴിച്ച് മറ്റുള്ളവരെയാകെ അപകർഷപ്പെടുത്തുന്ന ജാതിമേൽക്കോയ്മയും, ആ ജാതിമേൽക്കോയ്മയിലും,കോർപറേറ്റ് സാമ്പത്തിക കാഴ്ചപ്പാടിലും, വംശീയവിദ്വേഷത്തിലും വേരാഴ്ത്തി നിൽക്കുന്ന സംഘപരിവാർ ശക്തികളാണ് ഇസ്‌ലാമോഫോബിയയുടെ സ്രോതസ്സ്.

സാമ്രാജ്യത്വ- സയണിസ്റ്റ് നവഫാസിസ്റ്റ് അച്ചുതണ്ടിനെ ‌സപർശിക്കാതെ, അതിനെതിരെയുള്ള നിരന്തര സമരങ്ങളിൽ പങ്കുചേരാതെ ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കാനാവില്ല. ഗുജറാത്തിലും ഉത്തർപ്രദേശിലുമടക്കം സംഘപരിവാർ കേന്ദ്രങ്ങളിൽ നിലനിൽക്കുന്ന വിവേചനഭീകരതയും, കേരളത്തിൽ നിലനിൽക്കുന്ന സംവാദാത്മകമായ അന്തരീക്ഷത്തെയും വേർതിരിച്ചു കാണാതെ, ഹിന്ദു- മുസ്‌ലിം
ക്രിസ്ത്യൻ സമുദായങ്ങളടക്കം സർവ്വ സമൂഹങ്ങളും നിരവധി പ്രവണതകളുടെ പരസ്പരം ചേർന്നും ചേരാതെയും നിൽക്കുന്ന കൂട്ടായ്മകളണെന്ന് തിരിച്ചറിയാതെ, "സാമാന്യ അവസ്ഥകളെ' കേവലമായി ആഘോഷിക്കുന്ന സമ്പ്രദായം സൂക്ഷസംവാദങ്ങളെത്തന്നെ അസാധ്യമാക്കും. ആർക്കും ആരെയും എങ്ങനെയും വിമർശിക്കാവുന്നതാണ്. തത്വചിന്തയുടെ തലത്തിൽ നിന്ന് നോക്കുമ്പോൾ, വിമർശിക്കാൻ മാത്രമല്ല നിന്ദിക്കാനും അവകാശമുണ്ടെന്ന് അംഗീകരിക്കേണ്ടിവരും.

ഇന്ത്യയിൽ അവസാനം മാത്രം അപ്രത്യക്ഷമാവുന്ന ജാതിമേൽക്കോയ്മയുടെ സമ്പൂർണ അന്ത്യത്തോടെ മാത്രമേ, ഇസ്‌ലാമോഫോബിയ അടക്കമുള്ള "ഇന്ത്യൻ ഫോബിയകൾ' അവസാനിക്കുകയുള്ളൂ

ഓരോ ചരിത്രഘട്ടവും നാനാതരത്തിൽ നിർണയിക്കുന്ന നൈതികയും, വ്യക്തികൾ സ്വാംശീകരിക്കുന്ന നൈതികതയുമായിരിക്കും, ഒരോരുത്തരിലും വന്ദിക്കുമ്പോഴും, നിന്ദിക്കുമ്പോഴും പ്രവർത്തിക്കുക. അസമമായ ഒരു സമൂഹത്തിൽ സ്വയം നിൽക്കുന്നതായി നടിക്കുന്ന ആ സിന്ദാബാദ് പോലും, മറ്റെന്തിനോടോ ഉള്ളൊരു മൂർദാബാദാണെന്ന് മനസ്സിലാക്കാൻ അത്ര വലിയ അന്വേഷണമൊന്നും ആവശ്യമില്ലല്ലോ. എന്നാൽ അതേ സിന്ദാബാദ് സമന്മാരുടെ സമൂഹത്തിൽ ഒരപരമില്ലാതെ സ്വയം പ്രകാശിക്കും. അപ്പോൾ ഒരു ഫോബിയക്കും സമൂഹത്തിൽ സൂചികുത്താൻ ഇടമുണ്ടാവില്ല. വ്യക്തികൾ സൂക്ഷമാർഥത്തിൽ നിലനിൽക്കുന്ന സർവ്വ അവികസിതാവസ്ഥകൾക്കെതിരെ സമരോത്സുകമാവുമ്പോഴും, ഫോബിയകൾക്ക് അസ്സൽ രൂപത്തിൽ ഒളിപ്പിക്കാനുള്ള ഇടം സമൂഹത്തിൽ കുറയും. പ്രച്ഛന്ന ഫോബിയ പുറത്തേക്കാളേറെ, അകത്തളങ്ങളിൽ പിന്നെയും ദീർഘകാലം പാർപ്പുറപ്പിക്കും.

ബിൻലാദനെ അറിയുന്നവർ നാഥുറാം ഗോഡ്‌സയേയും, തിമോത്തി മക്വെെയേയും ആ അർഥത്തിൽ അറിയാതിരിക്കുന്നത് അവർക്കൊക്കെയും അൾഷിമേഴ്‌സ് ബാധിച്ചത് കൊണ്ടല്ല, ഇസ്‌ലാമോഫോബിയക്ക് അടിമപ്പെട്ടതു കൊണ്ടാണ്

ഇന്ത്യയിൽ അവസാനം മാത്രം അപ്രത്യക്ഷമാവുന്ന ജാതിമേൽക്കോയ്മയുടെ സമ്പൂർണ അന്ത്യത്തോടെ മാത്രമേ, ഇസ്‌ലാമോഫോബിയ അടക്കമുള്ള "ഇന്ത്യൻ ഫോബിയകൾ' അവസാനിക്കുകയുള്ളൂ. താടി പോലെ തന്നെയാണ് ക്ലീൻ ഷേവ്, പൊട്ട് പോലെ തന്നെയാണ് തട്ടം, നമസ്‌തേ പോലെ തന്നെയാണ് സലാം, കാവി പോലെ തന്നെയാണ് പച്ച, ശ്ലോകം പോലെത്തന്നെയാണ് ബൈത്ത്, മണിപ്രവാളം പോലെത്തന്നെയാണ് ജിഹാദ്....! "പോലെ'കളോട് ആവശ്യത്തിലേറെ പ്രിയം പുലർത്തുന്നവർക്കു പോലും ഇവിടെ ആവർത്തിച്ച "പോലെ'കളോട് അത്ര പ്രതിപത്തി തോന്നുകയില്ല. അതിനു കാരണം അവർ ഇസ്‌ലാമോഫോബുകളായതു കൊണ്ടല്ല, മറിച്ച് അത്തരമൊരു ഇന്ത്യൻ അന്തരീക്ഷത്തെ പ്രതിരോധിക്കാനവർക്ക് വേണ്ട വിധം കഴിയാത്തതു കൊണ്ടാണ്.

സിനോവീവ്

മലാലയെക്കുറിച്ച് കേൾക്കുന്നവർ, സുരേഖ ബോധ്മാംഗയേയും, മറിയം ശർബിനിയേയും കുറിച്ച് കേൾക്കാതിരിക്കുന്നതും, ബിൻലാദനെ അറിയുന്നവർ നാഥുറാം ഗോഡ്‌സയേയും, തിമോത്തി മക്വെെയേയും ആ അർഥത്തിൽ അറിയാതിരിക്കുന്നതും, സെപ്തംബർ 11- നെ ഓർക്കുന്നവർ, അതിനേക്കാൾ ഭീകരമായ എത്രയോ സെപ്തംബറുകൾ മറക്കുന്നതും, അവർക്കൊക്കെയും അൾഷിമേഴ്‌സ് ബാധിച്ചത് കൊണ്ടല്ല, ഇസ്‌ലാമോഫോബിയക്ക് അടിമപ്പെട്ടതു കൊണ്ടാണ്.

മഹത്തായ സമരം എന്ന അർഥത്തിൽ ഒരറബിഭാഷാ പരിചയവുമില്ലാതെത്തന്നെ അന്ന് വിനിമയം ചെയ്യപ്പെട്ട ജിഹാദ് എന്ന വാക്കിന് ഇന്ന് ഇസ്‌ലാം ഫോബിയാ നിമിത്തം സംഭവിച്ച രൂപാന്തരീകരണം എത്ര ഭീകരമാണ്!

1920 കമ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ സോവിയറ്റ് യൂനിയനിൽ ചേർന്ന പൗരസ്ത്യ സമ്മേളനത്തിൽ, ഇന്റർനാഷനൽ നേതാവായ സിനോവീവ്‌ പ്രഭാഷണം നടത്തവേ,""to wage a jihad against imperialism and capitalism'' എന്ന് പറഞ്ഞപ്പോൾ, പ്രതിനിധികൾ എഴുന്നേറ്റ് കയ്യടിച്ചാണ് അന്നതിനെ അഭിവാദ്യം ചെയ്തത്. മഹത്തായ സമരം എന്ന അർഥത്തിൽ ഒരറബിഭാഷാ പരിചയവുമില്ലാതെത്തന്നെ അന്ന് വിനിമയം ചെയ്യപ്പെട്ട ജിഹാദ് എന്ന വാക്കിന് ഇന്ന് ഇസ്‌ലാമോഫോബിയാ നിമിത്തം സംഭവിച്ച രൂപാന്തരീകരണം എത്ര ഭീകരമാണ്! പലരും ആ വാക്കിലാണ് ഇന്ന് ഭീകരത കാണുന്നതെങ്കിലും!

അതുകൊണ്ടാണ്‌ മുസ്‌ലിം ഭീകരവാദികൾ വെച്ച ബോംബ് സ്‌ഫോടനത്തിൽ സ്വന്തം ഭാര്യ മരിച്ചിട്ടു പോലും സിറിയൻ കവി നിസ്സാർ ഖ്വബ്ബാനി, I am wirth terrorism എന്ന സാമ്രാജ്യത്ത വിരുദ്ധ കവിതയെഴുതിയത്. ജിഹാദ് ഒരറബി പദമെങ്കിലുമാണ്. എന്നാൽ ഇസ്‌ലാമോഫോബിയ കൂട് കൂട്ടുന്ന ആ താടി, അറബിയോ സംസ്‌കൃതമോ അല്ല! ചിലർ വടിച്ചു കളയുന്നതും, മറ്റു ചിലർ വളർത്തുന്നതുമായ, ഒരു പരിധിവരെ "സെകുലറായ' വി.ഐ.പി രോമരാജിയാണത്!

താലിബാൻ താടി നിർബന്ധമാക്കുന്നതിന് എത്രയോ മുമ്പ് മുതലേ താടിവെച്ച് പോരുന്ന ജനസമൂഹങ്ങളെ താലിബാനാക്കുന്നത് പൊറുക്കാവുന്നൊരു തമാശയല്ല! പ്രത്യേകിച്ചും ആ ഒരൊറ്റക്കാരണം കൊണ്ട് ജീവിതം നഷ്ടമായവരെ ഓർക്കുമ്പോൾ! തൊണ്ണൂറുകളിലെ ബോബം കലാപകാലത്താണ് താടിക്കാരനായതു കൊണ്ടുമാത്രം രമേഷ് പൊടേക്കർ എന്നൊരു ഹിന്ദു യുവാവ് കൊല്ലപ്പെട്ടത്.

ബഷീർ രോമ മതത്തെപ്പറ്റി എഴുതിയിട്ടുണ്ട്. മതങ്ങൾ രോമം കൊണ്ട് നിർവഹിക്കുന്ന "സർകസ് കളിയെ' പരിഹസിക്കുന്നൊരു മികച്ച സൃഷ്ടിയാണ്. ചിലർ തലയിലെ രോമം വടിച്ച്, മുഖത്ത് രോമം വളർത്തുന്നത് നല്ലതായി കാണുമ്പോൾ, വേറെ ചിലർ തലയിൽ വളർത്തി മുഖത്തുള്ള വടിക്കുന്നത് മഹത്തായി കാണുന്നു. സ്വന്തം ഇഷ്ടം പാലിക്കുന്നത് ശരി. എന്നാൽ ആ ഇഷ്ടം മഹത്തായൊരു തത്വമാക്കി ലോകത്തിന്റെ തലയിൽ കെട്ടിവെക്കുന്നത്, ഹാ കഷ്ടം..!

ജവഹർലാൽ നെഹ്‌റു

ഇന്ത്യൻ സെക്യുലറിസത്തിന്റെ എക്കാലത്തേയും വറ്റാത്ത സ്രോതസ്സുകളിൽ ഒന്നായ നെഹ്‌റുപോലും ഒരല്പം പതറിപ്പോയി താടിരോമങ്ങൾക്കു മുമ്പിൽ! എനിക്ക് താടിയും മീശയും വെക്കുന്നത് ഇഷ്ടമല്ല എന്ന് നെഹ്‌റു. നൂറു ശതമാനവും സെക്യുലറായൊരു പ്രസ്താവന. മറ്റുള്ളവർ പക്ഷേ താടിയും മീശയും വെക്കുന്നതിൽ എനിക്ക് എതിർപ്പില്ല. അതും സെക്യുലർ. എന്നാൽ ഇതു രണ്ടും എഴുതിയതിനു ശേഷം സ്വന്തം പ്രബന്ധത്തിൽ നെഹ്‌റു എഴുതിയത്, അമാനുള്ള ഖാൻ അഫ്ഗാനിസ്ഥാനിൽ നിയമം മൂലം താടി നിരോധിച്ചെന്നറിഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദമുണ്ടായി എന്നാണ്. അതൊട്ടും സെക്യുലറല്ല! സെക്യുലറിസത്തിന് അകത്തും അത്ര സെക്യുലറല്ലാത്ത ആശയങ്ങൾ കുടിയിരിക്കും. അതിനൊക്കെ എതിരെ പൊരുതുന്നതിനു പകരം, ഇസ്‌ലാമോഫോബിയയെ അടക്കം സെക്യുലർ വിരുദ്ധമായ എല്ലാറ്റിനുമെതിരെ സമരം ചെയ്യുന്ന ഇടതുപക്ഷത്തെത്തന്നെ ഇസ്‌ലാമോഫോബിക്കായി അവതരിപ്പിക്കുന്നത് ആർക്കുവേണ്ടിയാണ്?

പൊട്ടിടുന്നവരുടേതും, തട്ടമിടുന്നവരുടേതും, ഇതൊന്നുമല്ലാത്തവരുടേതുമാണ് കാമ്പസ് എന്നത്, ഇത്രയൊക്കെ പഠിച്ചിട്ടും പഠിപ്പിച്ചിട്ടും അധ്യാപകരിലും വിദ്യാർഥികളിലും ഒരു വിഭാഗത്തിന് മനസ്സിലാവുന്നില്ലെങ്കിൽ, അതിനോളം വലിയൊരു മുറിവ് മറ്റൊന്നുമില്ലെന്ന് നമ്മൾ മനസ്സിലാക്കണം

""ഹിന്ദുമതത്തിൽ പെട്ട പത്താളുകളും മുസ്‌ലിമായ രണ്ടാളുകളും ഒരു കുറ്റത്തിന് പിടിക്കപ്പെട്ടാൽ മുസ്‌ലിമായ രണ്ടാളുടെ പേരുകളായിരിക്കും മുന്നിൽ നിൽക്കുക. അവരെക്കുറിച്ചായിരിക്കും വാർത്തകൾ വരുക. ഒരു മുസ്‌ലിം പേരുപോലും അപകടകരമാവുന്ന ഒരവസ്ഥയിൽ നാം എത്തിക്കഴിഞ്ഞിരിക്കുന്നു'' (സച്ചിദാനന്ദൻ).മുസ്‌ലിമാവുന്നത് കുറ്റകരമാവുന്ന കാലം എന്ന് പ്രകാശ് കാരാട്ട് എഴുതിയതും ഇതോട് ചേർത്ത് വായിക്കണം.

""ഞാനൊരിക്കലും മതനിഷ്ഠകൾക്കനുസരിച്ച് ജീവിച്ചിട്ടില്ല. എന്നിട്ടും മുസ്‌ലിം ഭീകരൻ എന്ന് വിളിക്കപ്പെട്ടു. ഞാൻ നേരിട്ടത് എന്റെ വിചാരണയല്ല. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ മുഴുവൻ വിചാരണയുമാണ്. ഞാൻ അസംഗഡിൽ നിന്നു വരുന്ന നമസ്‌കാരത്തൊപ്പി ധരിച്ചു മുസ്‌ലിമായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? ആ മതചിഹ്നങ്ങൾ മതിയായിരുന്നു എനിക്ക് ഭീകരമുദ്ര ചാർത്തിക്കിട്ടാൻ'' (ഉമർ ഖാലിദ്, ജെ.എൻ.യു സ്‌കോളർ).

ഉമർ ഖാലിദ്

മദ്രാസ് ഐ.ഐ.ടിയിൽ, ""എന്റെയീ ഫാത്തിമ എന്ന പേരു തന്നെ പ്രശ്‌നമാണ് വാപ്പിച്ചാ. ഞാനെന്റെ പേരു മാറ്റുന്നതിനെക്കുറിച്ചു പോലും ആലോചിച്ച് പോയി'', എന്ന് അകാലത്തിൽ ഇസ്‌ലാമോഫോബിക് അവസ്ഥയുടെ സമ്മർദ്ദം നിമിത്തം ജീവിതമവസാനിപ്പിക്കേണ്ടി വന്ന യുവപ്രതിഭ ഫാത്തിമ ലത്തീഫ്. പൊട്ടിടുന്നവരുടേതും, തട്ടമിടുന്നവരുടേതും, ഇതൊന്നുമല്ലാത്തവരുടേതുമാണ്, ആയിരിക്കണം ക്യാമ്പസ് എന്നത്, ഇത്രയൊക്കെ പഠിച്ചിട്ടും പഠിപ്പിച്ചിട്ടും അധ്യാപകരിലും വിദ്യാർഥികളിലും ഒരു വിഭാഗത്തിന് മനസ്സിലാവുന്നില്ലെങ്കിൽ, അതിനോളം വലിയൊരു മുറിവ് മറ്റൊന്നുമില്ലെന്ന് ഇനിയെങ്കിലും നമ്മൾ മനസ്സിലാക്കണം.

പ്രകാശ് കാരാട്ട്

മലയാളത്തിന്റെ മഹാപ്രതിഭ വൈക്കം മുഹമ്മദ് ബഷീർ, പാകിസ്ഥാനിലേക്ക് പോകേണ്ടി വന്നാൽ സ്വന്തം പേര് വൈ. മു. ബ. പണിക്കർ എന്നാക്കി മാറ്റുമെന്ന്, മുമ്പ് തമാശയല്ലാത്തൊരു തമാശ പറഞ്ഞത്, പതുക്കെ വന്നു കൊണ്ടിരിക്കുന്ന, ഏതോ ഒരു വിപത്കാലത്തെക്കുറിച്ചുള്ള താക്കീതായിരുന്നുവെന്ന് ഇന്നൊരു വേദനയോടെ, ഇന്ത്യക്കാർ തിരിച്ചറിയുന്നു. സമാനതകളില്ലാത്ത ഒരവസ്ഥയിലൂടെയാണ് ഇന്ത്യൻ ജനത പൊതവിലും, ദളിത് ന്യൂപക്ഷ വിഭാഗങ്ങൾ പ്രത്യേകിച്ചും കടന്നു പോകുന്നത്. മുസ്‌ലിമാവുന്നത് കുറ്റമാകുന്ന കാലം എന്ന പ്രബന്ധത്തിൽ പ്രകാശ് കാരാട്ട് എഴുതി. ""ഈ വർഗീയക്രമണങ്ങളോടുള്ള പ്രതികരണം രണ്ടു വിധത്തിലായിരിക്കണം. ഒന്നാമതായി, ഹിന്ദുത്വ വലതു പക്ഷ ശക്തികൾക്കെതിരെ ജനങ്ങൾക്കിടയിൽ അതിശക്തമായ രാഷ്ട്രീയ പ്രത്യയ ശാസ്ത്ര പ്രചാരണം സംഘടിപ്പിക്കണം. ഇതോടൊപ്പം ഇത്തരം ആക്രമണങ്ങൾക്കെതിരെ പ്രതിരോധം തീർക്കുകയും വേണം. ഈ ഉത്തരവാദിത്തം മുസ്‌ലിംകളുടെ മാത്രം ചുമലിലിടരുത്. ഈ കടമ ഇടതുപക്ഷ ജനാധിപത്യ ശക്തികൾ നിർബന്ധമായും ഏറ്റെടുക്കണം.''


കെ.ഇ.എൻ

​​​​​​​ഇടതുപക്ഷ സാംസ്​കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ

Comments