കരുണാകരൻ

‘പാർട്ടി’,
പിണറായി വിജയൻ,
കേരളവും

കേരളത്തിന്റെ വികാസം, അല്ലെങ്കിൽ ഇന്ത്യയിലെ ഏതൊരു ദേശീയതയുടെയും സമഗ്രമായ വികസനം, വിഭവ സമാഹരണത്തിലൂടെയോ സാമ്പത്തിക വളർച്ചയിലൂടെയോ മാത്രമല്ല എന്നും, മറിച്ച്, അതാത് ജനതയുടെ ജനാധിപത്യ വികാസത്തിന്റെയും സ്വാതന്ത്ര്യ ബോധത്തിന്റെയും അടിസ്ഥാനത്തിലൂടെയും ആയിരിക്കണം എന്ന് നാം ആഗ്രഹിക്കുന്നുവെങ്കിൽ “പാർട്ടി”യും “പിണറായി വിജയനും” തോൽപ്പിക്കപ്പെടണമെന്നുതന്നെ ഞാൻ കരുതുന്നു: കരുണാകരൻ എഴുതുന്നു.

ലോകമെങ്ങും ‘വലതുപക്ഷ വ്യതിയാനം’ എന്നേ പുതിയ ഭരണകൂട സാഹചര്യങ്ങളെ നമ്മൾ വിലയിരുത്തുനുള്ളൂവെങ്കിൽ നമ്മൾ ‘മിസ്‌’ ചെയ്യുന്നത് പാർലിമെന്ററി ജനാധിപത്യം അതിന്റെ അകത്തുനിന്നുതന്നെ നേരിടുന്ന ഒരു വെല്ലുവിളിയെ കൂടിയായിരിക്കും: ശക്തനായ, രക്ഷാകർത്താവായ ഒരു ആണിനെ കാലം ആവശ്യപ്പെടുന്നു എന്ന ഫാഷിസ്റ്റ് രാഷ്ട്രീയമാണത്. ഇത് ഒരു പഴയ സങ്കൽപ്പത്തിന്റെ പുതിയ വേഷപ്രവേശമാണ്. നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യയെ അങ്ങനെ “വലത്തോട്ടും പാട്രിയാർക്കിയിലേക്കും” നീങ്ങിയ ഒന്ന് എന്ന് രാഷ്ട്രീയചിന്തകർ വിലയിരുത്തുന്നുമുണ്ട്. ഈ ഒരു പശ്ചാത്തലത്തിലാണ്, മോദി രാഷ്ട്രീയത്തിനും കോവിഡിനും ഒപ്പം, സ്റ്റാലിനിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് പിണറായി വിജയൻ കേരളത്തിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് തന്റെ പാർട്ടി ഒത്താശയോടെ സ്വയം അവരോധിക്കുന്നത്.

ഇതിനെ എങ്ങനെ മനസിലാക്കാം?

കേരളത്തിലെ പ്രായം കൂടിയ രാഷ്ട്രീയക്കാരിൽ ഒരാളാണ് വിജയൻ: ആ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ രാഷ്ട്രീയ പശിമ ഫ്യൂഡലും സോവിയറ്റ് കാല സ്റ്റാലിനിസവുമാണ്. ‘ഫ്യൂഡൽ’ എന്നു പറയുന്നത് വലിയ തോതിൽപാട്രിയാർക്കിക് ആയ, ഹിന്ദു- ജാതിവ്യവസ്ഥ നിർണ്ണയിച്ച ഒന്ന് എന്ന അർത്ഥത്തിലാണ്. പിണറായി വിജയൻ, പിന്നാക്ക ജാതിയിൽനിന്നുമുള്ള ഒരാൾ എന്ന നിലയിലുള്ള തന്റെ പിന്നാക്കാവസ്ഥയെ (നരേന്ദ്രമോദി അവകാശപ്പെടുന്നതുപോലെതന്നെ) സ്വയം മറികടക്കുന്നത് “കമ്യൂണിസ്റ്റ്” എന്ന തന്റെ പദവി മാറ്റത്തിലൂടെയാണ്. (നരേന്ദ്രമോദി ഇതിനെ മറികടക്കുന്നത് സ്വയം എടുത്തണിയുന്ന ബ്രാഹ്മണിക് ചിഹ്നങ്ങളിലൂടെയും പ്രവർത്തിയിലൂടെയുമാണ്). കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റ് എന്നാൽ പുരോഗമനപരമായ ഒരു നിലപാട് ആണ് എന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്: പാർട്ടിയുടെ പരസ്യമായ ജനാധിപത്യ ലംഘനങ്ങൾക്കും പാർട്ടി നേതൃത്വത്തിൽ നടക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകരുടെ ഉന്മൂലനത്തിലും വർഗേതര സംഘടനകളുടെയും മനുഷ്യാവകാശ സമരങ്ങളെ ഉപരോധിക്കുന്നതിലും രൂപപ്പെട്ട നീണ്ടകാലത്തെ രാഷ്ട്രീയ സംസ്കാരത്തെ മറച്ചുവെച്ചുകൊണ്ടുതന്നെ. അതിനാൽ, കേരളത്തിൽ ഒരാൾ ‘കമ്യൂണിസ്റ്റ് വിരുദ്ധനാവുക’ എന്നാൽ ശാസിക്കാനും അവമതിക്കാനും ശിക്ഷിക്കാനുമുള്ള കാരണങ്ങൾ ചോദിച്ചു വാങ്ങുക എന്നുമാണ്. പലരും അത് ഉപേക്ഷിക്കുന്നു. പലരും ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്നു.

‘ജനാധിപത്യ ശോഷണ’ത്തെ മുതലാക്കിക്കൊണ്ടാണ് ‘പാർട്ടി’യും ‘പിണറായി വിജയനും’ തങ്ങളുടെ മൂന്നാം ഭരണത്തെ ലക്ഷ്യമാക്കുന്നത്. ഇതിനെ കേരളം പ്രതിരോധിക്കേണ്ടതുണ്ടോ?

മേപ്പറഞ്ഞതിന് രണ്ട് കാരണങ്ങളുണ്ട്:
ഒന്ന്, നീണ്ട കാലത്തെ കമ്യൂണിസ്റ്റ് (സ്റ്റാലിനിസ്റ്റ്) ആശയങ്ങളുടെ രാഷ്ട്രീയ സമ്പർക്കം കേരളീയരിലുണ്ടാക്കിയ ‘ജനാധിപത്യത്തെ കുറിച്ചുള്ള ഭയം’ ഏക പാർട്ടി ആധിപത്യത്തെ സാധൂകരിക്കുന്നു.
രണ്ട്, കേരളത്തിലെ മറ്റൊരു പ്രമുഖ രാഷ്ട്രീയകക്ഷിയും പാർലമെന്ററി ജനാധിപത്യത്തെ സാമൂഹികമായി വികസിപ്പിക്കാൻ സാധ്യതയും ബാധ്യതയും ഉണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളത്തിന്റെ ഈ സവിശേഷ രാഷ്ട്രീയ സാഹചര്യത്തെ മനസ്സിലാക്കുന്നതിൽ ആദ്യം ആശയപരമായും പിന്നീട് പ്രായോഗിക തലത്തിലും പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്റെ കമ്യൂണിസ്റ്റ് മനോഘടനയുടെ ഒരു മിറർ ഇമേജ് മാത്രമായി കോൺഗ്രസ്. ഈ മിറർ ഇമേജിന്റെ പ്രത്യക്ഷ സാക്ഷാത്ക്കാരമായിരുന്ന ഇന്ദിരാഗാന്ധിയുടെ ആഭ്യന്തര അടിയന്തരാവസ്ഥയെ കേരളം ‘ജയിപ്പിച്ചു വിടുമ്പോൾ’ നാം കണ്ടത്: ജനാധിപത്യത്തിന്റെ രാഷ്ട്രീയമൂല്യങ്ങൾ കേരളത്തിൽ എത്ര ദുർബലവും പിന്നീട് ആലോചിക്കുമ്പോൾ എത്ര അപകടകരവുമെന്ന് ഇതിലൂടെ നമ്മൾ മനസിലാക്കുകയായിരുന്നു.

എങ്കിൽ, ഈ ‘ജനാധിപത്യ ശോഷണ’ത്തെ മുതലാക്കിക്കൊണ്ടാണ് ‘പാർട്ടി’യും ‘പിണറായി വിജയനും’ തങ്ങളുടെ മൂന്നാം ഭരണത്തെ ലക്ഷ്യമാക്കുന്നത്. ഇതിനെ കേരളം പ്രതിരോധിക്കേണ്ടതുണ്ടോ? അതിനുള്ള എന്റെ ഉത്തരത്തിലേക്ക് എത്തുന്നതിനും മുമ്പ് കേരളത്തിലെ ബൗദ്ധിക ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ രാഷ്ട്രീയവും അതിന്റെ കൂടെ പ്രത്യക്ഷമായും അല്ലാതെയും ഉടലെടുത്ത സ്ഥാപനങ്ങളും ഇതിന്റെയൊക്കെ വാഹകരായ ബുദ്ധിജീവികളും നിർമ്മിച്ച ഒരു ‘പിരീഡ്’കൂടി പരിശോധിക്കേണ്ടിവരും.

പിണറായി വിജയൻ,  പിന്നാക്ക ജാതിയിൽനിന്നുമുള്ള ഒരാൾ എന്ന നിലയിലുള്ള തന്റെ പിന്നാക്കാവസ്ഥയെ സ്വയം മറികടക്കുന്നത് “കമ്യൂണിസ്റ്റ്” എന്ന തന്റെ  പദവിമാറ്റത്തിലൂടെയാണ്.
പിണറായി വിജയൻ, പിന്നാക്ക ജാതിയിൽനിന്നുമുള്ള ഒരാൾ എന്ന നിലയിലുള്ള തന്റെ പിന്നാക്കാവസ്ഥയെ സ്വയം മറികടക്കുന്നത് “കമ്യൂണിസ്റ്റ്” എന്ന തന്റെ പദവിമാറ്റത്തിലൂടെയാണ്.

നവോത്ഥാന സമരങ്ങളും ദേശീയ പ്രസ്ഥാനവും അതിന്റെ സമരങ്ങളും കേരളീയ സമൂഹത്തിലുണ്ടാക്കിയ വമ്പിച്ച മുന്നേറ്റത്തെ ഈ സമരങ്ങളുടെ തന്നെ ആസ്തി ഉപയോഗിച്ച് കമ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ ആശയങ്ങളും റാഞ്ചുന്നതോടെ ഏറെക്കുറെ ഒരു സാംസ്കാരിക മേധാവിത്വവും കൂടി ഇവിടെ നിലവിൽ വരുകയായിരുന്നു: ആദ്യകാല കമ്യൂണിസ്റ്റ് സാംസ്കാരിക പ്രസ്ഥാനം മുതൽ നക്സലൈറ്റുകളുടെ ‘ജനകീയ സാംസ്കാരിക വേദി’വരെ ഈ മേധാവിത്വ രാഷ്ട്രീയം തുടരുന്നുമുണ്ട്. ഇതിന്റെ രാഷ്ട്രീയ ഉള്ളടക്കമാകട്ടെ, സ്വാഭാവികമായും, ജനാധിപത്യ വിരുദ്ധതയുടെയായിരുന്നു. അതായത്, പാർലമെന്ററി ജനാധിപത്യത്തെ അത് അവിശ്വസിക്കുന്നു. ജനാധിപത്യത്തെ ഇപ്പോഴും നമ്മുടെ ‘ഇടത്’ നിര (പുരോഗമനവാദികൾ എന്ന് നടിക്കുന്നവർ) കാണുന്നത് ഒരു ‘ബൂർഷ്വാ സങ്കൽപ്പം’ എന്നാണ് – ലെനിന്റെ ഭരണകൂട സങ്കൽപ്പം എങ്ങനെ മനുഷ്യചരിത്രം കണ്ട ഏറ്റവും മനുഷ്യവിരുദ്ധമായ ഒരു മെഷിനറി ആയി എന്ന് മറച്ചുവെച്ചുകൊണ്ടുതന്നെ.

സ്വാഭാവികമായും, ഇന്ന് പാർട്ടിയും പിണറായി വിജയനും പ്രതിനിധീകരിക്കുന്ന തലമുറയുടെ ഫ്യൂഡൽ കമ്മ്യൂണിസത്തിന്റെ ബൗദ്ധിക ജീവിതമാണ് ആ തലമുറയിൽ നിന്നുവരുന്ന ഏറിയ പങ്ക് എഴുത്തുകാർക്കും ഉള്ളത്.

അതുകൊണ്ടുതന്നെ, ജനാധിപത്യത്തിന്റെ സാമൂഹ്യ ഇടപെടലുകളുടെ ഒരു മേഖലയിലും കേരളത്തിന് ഫലപ്രദമായി ഇടപെടാനോ സംഭാവന ചെയ്യാനോ കഴിഞ്ഞില്ല. ഏതെങ്കിലും തരത്തിൽ നമ്മുടെ സമൂഹത്തിലുണ്ടായ മുന്നേറ്റങ്ങൾക്ക് കാരണം കേരളീയ ജീവിതത്തിന്റെ തന്നെ അരികുകളിൽ നിന്നുവന്ന (പലപ്പോഴും) സ്വാത്മപ്രചോദിതമായ ഇടപെടലുകളിലൂടെയാണ്. ഇത് എഴുതുമ്പോൾ നടക്കുന്ന ആശ വർക്കർമാരുടെ സമരം തന്നെ മതി, നമ്മുടെ സമൂഹം ‘കൂലി’യിലും ‘അവകാശ’ത്തിലും പുലർത്തുന്ന യാഥാസ്ഥിതിക മനോഭാവത്തെ കാണാൻ. അല്ലെങ്കിൽ, കേരളത്തിന്റെ മാത്രം സവിശേഷതകളോടെ വർഷങ്ങളായി സംരക്ഷിച്ചു നിർത്തുന്ന ജാതി വ്യവസ്ഥയെ പാർട്ടിയുടെ ‘കൊല്ലം സമ്മേളനം’പോലും തൊടാതിരിക്കൽ.

പ്രാചീനകാലം മുതലുള്ള മലയാളികളുടെ (വിദേശ / സ്വദേശ) കുടിയേറ്റങ്ങൾക്കും - സാമ്പത്തികമായോ സാമൂഹ്യമായോ മെച്ചപ്പെട്ട ജീവിതം സമ്മാനിക്കാൻ കഴിഞ്ഞുവെങ്കിലും - കേരളത്തിന്റെ രാഷ്ട്രീയ ഘടനയിൽ ഒന്നും ഇടപെടാനായില്ല. ഇരുപതാം നൂറ്റാണ്ടിലെ മധ്യപൂർവ്വ ദേശങ്ങളിലേയ്ക്കുള്ള മലയാളികളുടെ വമ്പിച്ച കുടിയേറ്റവും ജീവിതവും അതിന്റെ നീണ്ട ചരിത്രവും സ്വാധീനവും ജനാധിപത്യ പരീക്ഷണങ്ങളിൽ താൽപര്യമില്ലാത്ത തലമുറകളുടെ നിർമ്മിതിക്കും ഒരു ഇടപെടലുണ്ടായി എന്നും വിചാരിക്കണം. അല്ലെങ്കിൽ, കേരളത്തിന്റെ യാഥാസ്ഥിതിക രാഷ്ടീയത്തിന്റെ പോഷക സംഘടനാ ജീവിതമായിരുന്നു നമ്മുടെ കുടിയേറ്റങ്ങളുടെയും സാംസ്കാരിക ഉള്ളടക്കവും.

എം. മുകുന്ദനോ സച്ചിദാനന്ദനോ  എൻ.എസ്. മാധവനോ പോലുള്ള എഴുത്തുകാർക്ക്  പാർട്ടിയും  പിണറായി വിജയനും  പ്രതിനിധീകരിക്കുന്ന രക്ഷാകർതൃത്വ രാഷ്ടീയത്തോട് അതിവേഗം ഐക്യപ്പെടാൻ കഴിയുന്നു.
എം. മുകുന്ദനോ സച്ചിദാനന്ദനോ എൻ.എസ്. മാധവനോ പോലുള്ള എഴുത്തുകാർക്ക് പാർട്ടിയും പിണറായി വിജയനും പ്രതിനിധീകരിക്കുന്ന രക്ഷാകർതൃത്വ രാഷ്ടീയത്തോട് അതിവേഗം ഐക്യപ്പെടാൻ കഴിയുന്നു.

സ്വാഭാവികമായും, ഇന്ന് പാർട്ടിയും പിണറായി വിജയനും പ്രതിനിധീകരിക്കുന്ന തലമുറയുടെ ഫ്യൂഡൽ കമ്മ്യൂണിസത്തിന്റെ ബൗദ്ധിക ജീവിതമാണ് ആ തലമുറയിൽ നിന്നുവരുന്ന ഏറിയ പങ്ക് എഴുത്തുകാർക്കും ഉള്ളത്. അതുകൊണ്ടാണ് എം. മുകുന്ദനോ സച്ചിദാനന്ദനോ എൻ.എസ്. മാധവനോ പോലുള്ള എഴുത്തുകാർക്ക് പാർട്ടിയും പിണറായി വിജയനും പ്രതിനിധീകരിക്കുന്ന രക്ഷാകർതൃത്വ രാഷ്ടീയത്തോട് അതിവേഗം ഐക്യപ്പെടാൻ കഴിയുന്നത്‌. വിജയന്റെ ഒരു ദശകത്തിലധികമുള്ള ആധിപത്യ രാഷ്ടീയത്തോട് ഒത്തുതീർപ്പാവാൻ വേഗം കഴിയുന്നത്‌. തീർച്ചയായും, അവരതിന് കണ്ടെത്തുന്ന ന്യായം ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദൽ എന്നാവും. അതായത്, സ്വേച്ഛാധിപത്യ രാഷ്ട്രീയത്തിന് ബദലാവുക ജനാധിപത്യത്തിന്റെ ഉറവകളും മുൻകൈയ്യുകളും സമൂഹവും ചരിത്രവും എന്ന രാഷ്ട്രീയ കണ്ടെത്തലുകളെ ഇവർ മറ്റൊരു സ്വേച്ഛാധിപത്യത്തെ വാഴിച്ചു കൊണ്ട് തമസ്ക്കരിക്കാൻ ശ്രദ്ധിക്കുന്നു. ഇതിനെ പ്രതിരോധിക്കുക തന്നെ വേണം എന്നാണ് എന്റെ നിലപാട്.

ജനാധിപത്യത്തിന്റെ സ്വേച്ഛാധിപത്യവൽക്കരണം, മോദിയിലൂടെ ആർ എസ് എസ് സാധ്യമാക്കിയത്, പിണറായി വിജയനും സി പി എം കക്ഷിയും തങ്ങൾക്കുള്ള ഭരണപാഠമായി സ്വീകരിക്കുകയായിരുന്നു ഈ കാലത്ത്. അവരുടെ പ്രത്യക്ഷമായ മുസ്‍ലിം വിരുദ്ധതയും രക്ഷാകർതൃത്വ രാഷ്ട്രീയവും അതിന് തെളിവുമാണ്.

കഴിഞ്ഞ പത്ത് പതിനഞ്ചു കൊല്ലം കൊണ്ട് കേരളീയ സമൂഹത്തെ രാഷ്ട്രീയമായി ഹിംസവൽക്കരിച്ചതിൽ പിണറായി വിജയന്റെ പങ്ക് നാം ചർച്ച ചെയ്യാതിരുന്നുകൂടാ. ഈ കാലങ്ങളിലെ ദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്തകളും ദൃശ്യങ്ങളും മാത്രം മതിയാകും അതിന്. എന്നാൽ, രാഷ്ട്രീയമായി കേരളം തോൽപ്പിക്കപ്പെട്ടത്, എന്നത്തെക്കാളുമധികം ഈ തുടർഭരണത്തിന്റെ കാലത്താണ്. ജനാധിപത്യത്തിന്റെ സ്വേച്ഛാധിപത്യവൽക്കരണം, മോദിയിലൂടെ ആർ എസ് എസ് സാധ്യമാക്കിയത്, പിണറായി വിജയനും സി പി എം കക്ഷിയും തങ്ങൾക്കുള്ള ഭരണപാഠമായി സ്വീകരിക്കുകയായിരുന്നു ഈ കാലത്ത്. അവരുടെ പ്രത്യക്ഷമായ മുസ്‍ലിം വിരുദ്ധതയും രക്ഷാകർതൃത്വ രാഷ്ട്രീയവും അതിന് തെളിവുമാണ്.

കേരളത്തിന്റെ വികാസം, അല്ലെങ്കിൽ ഇന്ത്യയിലെ ഏതൊരു ദേശീയതയുടെയും സമഗ്രമായ വികസനം, വിഭവ സമാഹരണത്തിലൂടെയോ സാമ്പത്തിക വളർച്ചയിലൂടെയോ മാത്രമല്ല എന്നും, മറിച്ച്, അതാത് ജനതയുടെ ജനാധിപത്യ വികാസത്തിന്റെയും സ്വാതന്ത്ര്യ ബോധത്തിന്റെയും അടിസ്ഥാനത്തിലൂടെയും ആയിരിക്കണം എന്ന് നാം ആഗ്രഹിക്കുന്നുവെങ്കിൽ “പാർട്ടി”യും “പിണറായി വിജയനും” തോൽപ്പിക്കപ്പെടണമെന്നുതന്നെ ഞാൻ കരുതുന്നു: രണ്ടും ഗതകാല രാഷ്ട്രീയത്തിന്റെ ആശയശാസ്ത്രഭാരങ്ങൾ എന്ന നിലയ്ക്ക്; എന്തായാലും.


Summary: Communist Party Of India (CPIM) and it's political significance and Pinarayi Vijayan, Karunakaran writes on the context of Kollam state conference.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments