കേരളത്തിന്റെ 22ാ-മത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന പിണറായി വിജയൻ

തിരിമറികളുണ്ടായില്ലെങ്കിൽ ഇടതുമുന്നണി തിരിച്ചുവരും

പത്രാധിപരുടെ കാലവും സാക്ഷ്യവും; ഭാഗം 2

കേരള രാഷ്ട്രീയം വലിയൊരു മാറ്റത്തിന്റെ വക്കിലാണെന്ന് എനിക്ക് തോന്നിയിട്ടേയില്ല. സ്റ്റാറ്റസ്‌കോ തുടരുക തന്നെ ചെയ്യും.

എൻ. ഇ. സുധീർ: ഇപ്പോൾ മാറിനിന്ന് നോക്കുമ്പോൾ കേരള രാഷ്​ട്രീയത്തെക്കുറിച്ച്​ എന്തൊക്കെയാണ് തോന്നുന്നത്? മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി പറഞ്ഞു കൊണ്ട് നമുക്ക് തുടങ്ങാം. മുൻകാല നേതാക്കളിൽ നിന്ന്​ പല രീതിയിൽ വ്യത്യസ്തനാണ് അദ്ദേഹം. എന്താണ് താങ്കളുടെ വിലയിരുത്തൽ?

എസ്. ജയചന്ദ്രൻ നായർ: ഭരണകർത്താവ് എന്ന നിലയിൽ പിണറായി വിജയൻ വിജയമോ പരാജയമോ എന്ന് നിശ്ചയിക്കാൻ എനിക്കു കഴിയില്ല. എന്നാൽ മുമ്പ് വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും ഇപ്പോൾ മുഖ്യമന്ത്രിയായി ഭരിക്കുമ്പോഴും ആരോപണങ്ങൾ അദ്ദേഹത്തെ വിടാതെ പിന്തുടരുന്നതെന്തുകൊണ്ടാണെന്ന് ഞാൻ ആലോചിച്ചിട്ടുള്ളതാണ്. കടുത്ത ഇഷ്ടാനിഷ്ടങ്ങളുള്ള ഒരാളാണ് അദ്ദേഹമെന്ന് തോന്നിയിട്ടുണ്ട്. സഹപ്രവർത്തകരുമായി ബന്ധം പുലർത്തുന്നതിൽ പോലും അദ്ദേഹം പിശുക്കനാണ്. ഈ തോന്നൽ ശരി വെയ്ക്കുന്ന ഒരു സംഭവം എന്റെ ഓർമയിലുണ്ട്. തന്റെ നിലപാടുകളെ എതിർക്കുന്നു എന്ന തെറ്റിദ്ധാരണയിൽ അദ്ദേഹം അകറ്റി നിർത്തിയ ഒരു സഹപ്രവർത്തകനുമായി എനിക്ക് അക്കാലത്ത് പരിചയമുണ്ടായിരുന്നു. സമകാലിക മലയാളത്തിൽ ജോലി ചെയ്യുന്ന കാലത്ത് എന്റെ കൂട്ടുകാരനായ ഒരു പത്രപ്രവർത്തകനോടൊപ്പം എന്നെ കാണാൻ പിണറായിയുടെ സഹപ്രവർത്തകനായ ആ നേതാവ് വന്നു. ജനകീയാസൂത്രണം തൊട്ടുള്ള വിവിധ പദ്ധതികളുമായുള്ള തന്റെ ബന്ധവും പൊതുജീവിതത്തിന് താൻ നൽകിയ സംഭാവനയും വിശദമായി പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യു ഉടനെ മലയാളത്തിൽ പ്രസിദ്ധീകരിച്ചു. പിണറായിയുമായി അടുക്കാൻ അതിലൂടെ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോഴത്തെ മന്ത്രിസഭയിലെ അംഗം കൂടിയായ അദ്ദേഹമിപ്പോൾ പിണറായിയുടെ വിശ്വസ്തനാണത്രേ!

വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണല്ലോ പിണറായി വിജയൻ "ലാവ​ലിൻ കോഴക്കേസിൽ' പെടുന്നത്. അതിപ്പോൾ സുപ്രീം കോടതിയിൽ എത്തിനിൽക്കുന്നു. വർഷങ്ങൾക്കു മുമ്പ്, ആ സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ബാലാനന്ദൻ നിയോഗിക്കപ്പെട്ടു. ഒരിക്കൽ "സ്വാമി' (ബാലാനന്ദൻ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) യുമായി അതെപ്പറ്റി സംസാരിക്കാനിടയായി.

ഇ. ബാലാനന്ദൻ

അപ്പോൾ അദ്ദേഹം പറഞ്ഞതൊന്നും പിണറായിക്ക് അനുകൂലമായിരുന്നില്ല. മുഖ്യമന്ത്രിയായി ഭരിക്കുന്ന ഇക്കാലത്തും പല തരം വിവാദങ്ങളിലേക്കും അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ? ആരുടെ കൈയിലുണ്ട്, ഇതിനുള്ള ഉത്തരം? കോൺഗ്രസ് നേതാവായ കരുണാകരനെ ഓർമിപ്പിക്കുന്ന നേതാവാണ് പിണറായി വിജയൻ. നേരത്തെ സൂചിപ്പിച്ചതു പോലെ കടുത്ത ഇഷ്ടാനിഷ്ടങ്ങളാണ് അദ്ദേഹത്തെ നിയന്ത്രിക്കുന്നതെന്നു തോന്നുന്നു.

കേരള രാഷ്ടീയത്തെ കാത്തിരിക്കുന്ന വലിയൊരു മാറ്റത്തെപ്പറ്റി പലരും ഭയപ്പെടുന്നുണ്ട്. ഇപ്പോഴത്തെ ഇടതുപക്ഷം നേരിടുന്ന വെല്ലുവിളിയും അതാണ്. അങ്ങനെയൊരു പാരഡൈം ഷിഫ്റ്റ് കേരള രാഷ്ട്രീയത്തിൽ ഉടൻ സംഭവിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?

കേരള രാഷ്ട്രീയം വലിയൊരു മാറ്റത്തിന്റെ വക്കിലാണെന്ന് എനിക്ക് തോന്നിയിട്ടേയില്ല. സ്റ്റാറ്റസ്‌കോ തുടരുക തന്നെ ചെയ്യും. എന്തെന്നാൽ അത് അട്ടിമറിക്കാനോ പുതിയൊരു കാഴ്ചപ്പാടോ, സമീപനമോ നടപ്പാക്കാൻ പ്രാപ്തമായതോ ആയ പ്രത്യയശാസ്ത്രപരമായ ഇളക്കിമറിക്കലുകൾ ഇവിടെ ഉണ്ടായിട്ടില്ല. വലിയ ശബ്ദമുണ്ടാക്കി സ്വയം കെട്ടടങ്ങുന്നു. ഇതിന് പ്രധാന കാരണമായി എനിക്ക് തോന്നുന്നത്, നമ്മളിൽ മയങ്ങിക്കിടന്നിരുന്ന സ്വാർത്ഥത നമ്മുടെ ശീലമോ സ്വഭാവമോ ആയി മാറിയതുകൊണ്ടാണെന്നാണ്. ‘കോവിഡ് ' ഈ അവസ്ഥയെ കൂടുതൽ തീവ്രമാക്കിയതായി താങ്കൾക്ക് അനുഭവപ്പെട്ടിട്ടില്ലേ? ആർക്ക് എന്തു സംഭവിച്ചാലും എനിക്കും എന്റെ കുടുംബത്തിനും യാതൊരു പോറലുമേൽക്കാതെ രക്ഷപ്പെടണമെന്ന വിചാരത്തിലാണ് നമ്മളെല്ലാം. ഇതിനൊരു മാറ്റം? സാമൂഹിക ബന്ധങ്ങൾക്ക് ഈ മഹാമാരി ഏല്പിച്ച ആഘാതം ഇപ്പോൾ നാം തിരിച്ചറിഞ്ഞില്ലെന്ന് വരാം. വരും നാളുകളിൽ നമ്മളെയത് വേട്ടയാടും. കാത്തിരുന്ന് കാണുക തന്നെ.

എന്തായാലും അടുത്ത തിരഞ്ഞെടുപ്പിൽ വലിയ തിരിമറികൾ സംഭവിച്ചില്ലെങ്കിൽ ഇടതു മുന്നണി മടങ്ങി വരുമെന്നത് ഉറപ്പാണ്. മറിച്ച് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മാർക്‌സിസ്റ്റ്​ കമ്യൂണിസ്റ്റ് പാർട്ടിയെ ഒറ്റപ്പെടുത്താനാണ് ഘടകകക്ഷികൾ തീരുമാനിക്കുന്നതെങ്കിൽ എല്ലാ കണക്കുകൂട്ടലും തെറ്റും.

എ.കെ.ജി സെന്ററിൽ തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന എൽ.ഡി.എഫ് നേതാക്കൾ

കോൺഗ്രസും ലീഗും ഉൾക്കൊള്ളുന്ന വലതു മുന്നണിയിൽ കമ്യൂണിസ്റ്റ് പാർട്ടി ഘടക കക്ഷിയായി എത്തുമോ? സി.പി.എം നേതൃത്വത്തിന്റെ ഏകശാസനാധികാരത്തിൽ പരിക്കേറ്റ കക്ഷിയാണ് സി.പി.ഐ. അതിന് പ്രതികാരം ചെയ്യാൻ തിരഞ്ഞെടുപ്പ് മത്സരത്തെ അവർ ആയുധമാക്കുമോ? അങ്ങനെ സംഭവിച്ചാൽ നേരത്തെ ചോദിച്ചതു പോലെ മാറ്റം ഉണ്ടാകും. മറ്റൊരു കാര്യം കൂടിയുണ്ട്. മാർക്‌സിസ്റ്റ്​ കമ്യൂണിസ്റ്റു പാർട്ടിയുടെ അടുക്കളയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇളക്കങ്ങൾ ശക്തിപ്പെട്ടാൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായേക്കാം. പരസ്പര വിശ്വാസമില്ലാത്തവരായി മാറിയിരിക്കുകയാണ് ആ പാർട്ടിയിലെ നേതാക്കൾ. തന്റെ പിറകിൽ കത്തിയുമായി ആരോ തക്കംപാർത്തു നിൽക്കുകയാണെന്ന ഭയാശങ്കയിലാണ് ഏവരും. പിണറായി വിജയന്റെ ഇഷ്ടാനിഷ്ട ശാഠ്യങ്ങൾക്ക് ഇതിലൊരു വലിയൊരു പങ്കുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തെത്താൻ ഏതാണ്ട് പതിനേഴ് കൊല്ലത്തോളമായി കാത്തു കഴിയുകയായിരുന്നു പിണറായി വിജയൻ. പാർട്ടിയുടെ അതിരുകൾക്കപ്പുറം ബന്ധങ്ങൾ ഉണ്ടാക്കുകയും ജനങ്ങളുടെ കലവറയില്ലാത്ത സ്‌നേഹാദരങ്ങൾ നേടുകയും ചെയ്ത നായനാരുടെ വിടവാങ്ങലോടെ ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് അദ്ദേഹം കരുതിയിരിക്കാം. എന്നാൽ നായനാരുടെ ഒഴിവ് നികത്താനായി വി. എസ്. അച്ചുതാനന്ദൻ എത്തിയത് അദ്ദേഹത്തിന്റെ മോഹത്തിനു മേൽ അപ്രതീക്ഷിത നിഴൽ വീഴ്ത്തി. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും തമ്മിലുണ്ടായിരുന്ന ശീതസമരം അങ്ങനെ സംഭവിച്ചതാണ്.

പിണറായി വിജയൻ ഇ. കെ. നായനാരോടൊപ്പം

മുമ്പ്, നേതൃനിരയിലെ ഉന്നതങ്ങളിലെത്തിയ വി.എസ് ആ പദവിയ്ക്ക് ഭംഗം സംഭവിക്കാതിരിക്കാൻ ഗൗരിയമ്മയുമായി രഹസ്യ രാഷ്ട്രീയ ബന്ധം പുലർത്തിയിരുന്നു. അപ്പോഴെല്ലാം പരിക്കേറ്റത് വി.എസിനായിരുന്നു. ഒരു യാഥാസ്ഥിതിക കമ്യൂണിസ്റ്റായ അദ്ദേഹം സഹപ്രവർത്തകരെപ്പോലും അവിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം വളരെ കരുതിയാണ് ഓരോ ചുവടും മുന്നോട്ടു വെച്ചിരുന്നത്. അധികാരത്തെയും അത് പ്രദാനം ചെയ്യുന്ന സൗകര്യങ്ങളേയും ഇത്രമേൽ സ്‌നേഹിച്ചിരുന്ന മറ്റൊരു നേതാവ് കരുണാകരൻ മാത്രമായിരുന്നു. അക്ഷരാർത്ഥത്തിൽ അദ്ദേഹം മുഖ്യമന്ത്രി പദം ആസ്വദിച്ചു.

പിണറായി വിജയനാകട്ടെ, തന്റെ അവസരം തട്ടിയെടുത്ത ഒരാളായിട്ടാണ് വി.എസിനെക്കണ്ടത്. അതുകൊണ്ടു തന്നെ തൊട്ടതിനും പിടിച്ചതിനും പാർട്ടി സെക്രട്ടറിയെന്ന നിലയിൽ അദ്ദേഹം വി.എസിനെ വരിഞ്ഞുകെട്ടാൻ ശ്രമിച്ചു. പ്രത്യക്ഷത്തിൽ അതിനു വിധേയനാണെന്നു ഭാവിച്ചിട്ട് അതിനെ അട്ടിമറിക്കുകയായിരുന്നു അച്ചുതാനന്ദൻ. രണ്ടാം വട്ടവും മുഖ്യമന്ത്രി സ്ഥാനം കിട്ടാൻ അദ്ദേഹം കരുതിക്കൂട്ടി നീക്കം നടത്തിയിരുന്നു. അതു നടന്നില്ല. പാർട്ടിക്കകത്ത് വിശ്വസ്തരെ ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അതിനുള്ള തന്ത്രശാലിത്വം വി.എസിന് ഇല്ലാതെ പോയി. സഹോദരന്റെ തുണിക്കടയിൽ തുന്നൽക്കാരനായി ജോലി ചെയ്തിരുന്ന അച്ചുതാനന്ദൻ അത്യുന്നതമായ സമരപാരമ്പര്യം അവകാശപ്പെട്ടിരുന്നുവെങ്കിലും അതൊന്നും ആരും കണക്കിലെടുത്തിരുന്നില്ല. ഇടതുമുന്നണി കൺവീനറായ ലോറൻസിനെപ്പോലുള്ളവർ രഹസ്യമായും പരസ്യമായും അദ്ദേഹത്തെ നിരന്തരം ആക്രമിച്ചിരുന്നു. ഒടുവിൽ നിരവധി ക്ലേശങ്ങളെ അതിജീവിച്ച് അദ്ദേഹം കാലാവധി പൂർത്തിയാക്കുകയായിരുന്നു.

വി. എസ്. അച്ചുതാനന്ദനുമായി കൂടിക്കാഴ്ച നടത്തുന്ന പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും

പിണറായി മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തെ കുത്തിനോവിക്കുന്നത് തന്റെ ചരിത്രദൗത്യമായി വി.എസ്. കണ്ടു. എന്നാൽ തന്ത്രപൂർവ്വം അതിനെ പിണറായി കൈകാര്യം ചെയ്തു. ഭരണപരിഷ്‌ക്കാര കമ്മറ്റി ചെയർമാനെന്ന നിലയിൽ ക്യാബിനറ്റ് പദവി നൽകി അദ്ദേഹത്തെ നിശ്ശബ്ദനാക്കാൻ പിണറായിക്കു സാധിച്ചു. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ കൈവരിക്കുന്ന ആദ്യവിജയമായിരുന്നു ഇത്. അതു സാധ്യമായതോടെ, ഞാനില്ലെങ്കിൽ ആരും വേണ്ട എന്ന നിലപാട് സ്വീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. സ്വാഭാവികമായും ഈ നിലപാട് പാർട്ടിക്കുള്ളിൽ നീറിപ്പുകയുന്ന ഒരഗ്‌നിപർവ്വതമായി നിലനിൽക്കുന്നുണ്ട്. എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന നിലയിലാണത്. ഉൾപ്പാർട്ടി അച്ചടക്കം കൊണ്ടു മാത്രമാണ് അതങ്ങനെ നിൽക്കുന്നത്. എന്നാൽ അവസരം സംജാതമായാൽ അത് പൊട്ടിത്തെറിയ്ക്കുക തന്നെ ചെയ്യും. ബംഗാളിലെ അനുഭവമായിരിക്കും അപ്പോൾ ഇവിടെയും ഉണ്ടാവുക.

കേരളം പിടിക്കാൻ ബി.ജെ.പി പ്രയാസപ്പെടും എന്നാണോ തറപ്പിച്ചു പറയുന്നത്? എന്തുകൊണ്ടാണ് അങ്ങനെയൊരു നിഗമനത്തിലെത്തുന്നത് ?

ഈ ചോദ്യത്തിന് ചരിത്രപരമായി തന്നെ ഉത്തരം തേടണം. 1957 മുതൽ എന്താണ് സംഭവിച്ചത് എന്നു നോക്കണം. കേരളത്തിലെ ജനസംഖ്യയിൽ കഷ്ടിച്ച് ഇരുപതിൽപ്പരം ശതമാനമാണ് ക്രൈസ്തവർ. അതിശക്തമായ സഭകളുടെ കുടക്കീഴിൽ അവർ ശക്തരായി. അതിന്റെ പ്രതിഫലനം പൊതുജീവിതത്തിൽ പ്രകടമായിരുന്നു. ഇതിന്റെ പ്രതികരണം എന്നതിനേക്കാൾ, സ്വന്തം അവകാശങ്ങൾ അപഹരിക്കപ്പെടുമെന്ന ഭൂരിപക്ഷത്തിന്റെ ആശങ്കയായിരിക്കണം കമ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടുന്ന ഇടതുപക്ഷ ശക്തികൾക്ക് വളരാനുള്ള അരങ്ങൊരുങ്ങാൻ കാരണം. ക്രൈസ്തവരോടൊപ്പം നായർ സമുദായം ചേർന്ന പശ്ചാത്തലത്തിൽ ഈഴവ സമുദായവും മറ്റു പിന്നോക്ക വിഭാഗങ്ങളും ഇടതുപക്ഷക്കാരായി. കമ്യൂണിസ്റ്റു പാർട്ടികളുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ശക്തികളെ പ്രതിനിധാനം ചെയ്തത് ത്യാഗോജ്ജ്വലമായ പാരമ്പര്യമുള്ള കമ്യൂണിസ്റ്റു നേതാക്കളും. സാധാരണക്കാരുടെ ജീവിതോന്നമനത്തിനായി ജീവിതം സമർപ്പിച്ചവരായിരുന്നു അവർ. അതിന്റെ ഫലമായി കേരളം അവരെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുകയും മാറോട് അമർത്തി ആശ്ലേഷിക്കുകയും ചെയ്തത് സ്വാഭാവികമായിരുന്നു. അങ്ങനെയൊക്കയാണ് ഇടവിട് ഇടവിട്ട് ഇവിടെ ഇടതുപക്ഷം ഭരണത്തിലെത്തിയത്.

1957ൽ അധികാരത്തിലെത്തിയ ഇ. എം. എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ / photo: wikimedia commons

എന്നാൽ, കാലക്രമേണ മഹത്തായ കമ്യൂണിസ്റ്റു പാരമ്പര്യത്തിൽ പുഴുക്കുത്തേറ്റു തുടങ്ങി. സാധാരണക്കാരന്റെ മേൽവിലാസത്തിൽ നേടിയ അധികാരത്തിന്റെ ശീതളഛായയിൽ അവരിൽ പലരും സുഖസമൃദ്ധിയിൽ മുങ്ങിത്താണു. വലതുപക്ഷ ശക്തികൾക്ക് വളരുവാൻ വഴിയൊരുങ്ങിയത് അങ്ങനെയായിരുന്നു. കേരളം ഇന്ന് നേരിടുന്ന പ്രതിസന്ധി അപഗ്രഥിച്ച് പരിശോധിച്ചാൽ ഇത് മനസ്സിലാകും. ഈ പശ്ചാത്തലത്തിലാണ് ആർ.എസ്.എസിന്റെ രാഷ്ട്രീയമുഖമായ ബി.ജെ.പി. കേരളത്തിൽ പ്രവർത്തനനിരതമാകുന്നത്. വർഷങ്ങൾക്കു മുമ്പുണ്ടായ ഒരു സംഭവം ഓർമയിലെത്തുകയാണ്. ആർ.എസ്.എസിന്റെ പ്രചാരണാർത്ഥം അവരുടെ ആചാര്യനായ ഗോൾവാക്കർ കേരളം സന്ദർശിക്കാനെത്തി. അദ്ദേഹത്തിനു പ്രസംഗിക്കാൻ പഴവങ്ങാടി മൈതാത്തിൽ തയ്യാറാക്കിയിരുന്ന പ്ലാറ്റ്‌ഫോം രാത്രിയുടെ മറവിൽ അവരെ എതിർക്കുന്ന ഒരു സംഘം തകർത്തെറിഞ്ഞു. അതുമൂലം ഗോൾവാൾക്കർ പ്രസംഗിക്കാതെ മടങ്ങി. ആർ.എസ്.പി നേതാവായ ജി. വേണുഗോപാലും സംഘവുമായിരുന്നു ആ കൃത്യം നടത്തിയതെന്നു പിൽക്കാലത്താണ് പുറത്തുവന്നത്.

നിയമസഭയിൽ ഒ. രാജഗോപാലിനെ അംഗമാക്കാൻ സാധിച്ചതുകൊണ്ട് അടുത്ത നിയമസഭയിലെ ഭൂരിപക്ഷ കക്ഷിയാവുമെന്ന് പലരും സ്വപ്നം കാണുന്നുണ്ടാവാം. മുപ്പതിൽപരം കൊല്ലങ്ങൾ, ഇടതടവില്ലാതെ ഭരിച്ച മാർക്‌സിസ്റ്റ് കമ്യൂണിസ്റ്റു പാർട്ടിയിൽ നിന്ന്​ ബംഗാൾ പിടിച്ചെടുത്ത മമതാ ബാനർജിയെ അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിൽ നിന്ന്​ പുറത്താക്കുമെന്ന് ബി.ജെ.പി. നേതാവ് അമിത് ഷാ പ്രതീക്ഷിക്കുന്നതു പോലെയാണ് കേരളത്തിലെ ബി.ജെ.പി നേതൃത്വവും പ്രതീക്ഷ പുലർത്തുന്നത്. എന്നാൽ രണ്ടും വെറും സ്വപ്നങ്ങളായി കലാശിക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഇതിന് പ്രധാന കാരണം, സാമുദായിക ശക്തികളാണ് രാഷ്ട്രീയ പാർട്ടികളുടെ ഭാവി നിശ്ചയിക്കുന്നതെങ്കിൽ അത്തരമൊരു പിന്തുണ ബി.ജെ.പിക്ക് അവകാശപ്പെടാനില്ല എന്നതാണ്. നായർ സമുദായത്തിന്റെ കലവറയില്ലാത്ത പിന്തുണ ഉറപ്പാണെന്നാണ് അവർ കരുതുന്നത്. എന്നാൽ നായർ സമുദായത്തിന്റെ സംഘടനയായ എൻ.എസ്.എസ് തീട്ടൂരം പുറപ്പെടുവിച്ചാലൊന്നും നായന്മാർ അതനുസരിക്കാറില്ലെന്ന് പല തെരഞ്ഞെടുപ്പുകളും തെളിയിച്ചിട്ടുള്ളതാണ്. ഈഴവ സമുദായത്തിന്റെ ചെറിയൊരു വിഭാഗം, അതും താൽക്കാലികമായി, ബി.ജെ.പിയെ സ്വീകരിച്ചേക്കാം. അധികാരം പങ്കിടുന്ന വ്യക്തിപരമായ തന്ത്രത്തെ ആശ്രയിച്ചിട്ടുള്ളതാണ് അത്.

ബി.ജെ.പിയിൽ നിന്ന്​ അകന്നുനിൽക്കുന്നവരാണ് വിവിധ സഭകളുടെ നേതൃത്വത്തിലുള്ള ക്രൈസ്തവർ. ബി.ജെ.പിക്ക് തൊട്ടുകൂടാത്തവരാണല്ലോ മുസ്‌ലിംകൾ. ഈ സാഹചര്യത്തിൽ അധികാരത്തിലെത്താൻ ബി.ജെ.പിക്ക് എങ്ങനെ സാധിക്കും? അധികാരത്തിൽ നിന്ന് ഇടതുപക്ഷത്തെ ഒഴിച്ചുനിർത്താൻ കോൺഗ്രസും കോൺഗ്രസിനെ തോൽപിക്കാൻ കമ്യൂണിസ്റ്റു പാർട്ടിയും നടത്തുന്ന അടവുരാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാവുമെന്ന് കരുതുന്നവരാണ് ബി.ജെ.പിക്കാർ. രാജഗോപാലിന് കിട്ടിയ ഒരു സീറ്റ് അതിന്റെ ഭാഗമായിട്ടായിരുന്നു. ആ പാർട്ടിക്കാർ അടുത്ത തെരഞ്ഞെടുപ്പോടെ അധികാരത്തിൽ എത്തുമെന്ന കണക്കുകൂട്ടൽ അമിതമോഹമല്ലാതെ മറ്റെന്താണ്? അവർ കേരള രാഷ്ട്രീയ ഭൂമികയിൽ കാലുറപ്പിച്ചു എന്നത് ശരിയാണ്. അതിന്റെ വ്യാസം വലുതാക്കുവാനുള്ള തിടുക്കത്തിലാണ് അവർ. സുപ്രീം കോടതി വിധിക്കെതിരെ ശബരിമലയിൽ അരങ്ങേറിയ നാടകങ്ങൾ അതിന്റെ ഭാഗമായിട്ടായിരുന്നു. ആൺ- പെൺ വ്യത്യാസമില്ലാതെ ഏവർക്കും ശബരിമല ദർശനത്തിന് അവസരം നൽകേണ്ടതാണ്. ജന്മാവകാശത്തിന്റെ ഭാഗമായ ഇക്കാര്യം നിയമത്തിലൂടെയോ സമരത്തിലൂടെയോ പരിഹരിക്കാവുന്നതല്ല. ഭരണകേന്ദ്രങ്ങൾ അതിനു വിലങ്ങാവുന്നത് ഭരണഘടന ഉറപ്പുചെയ്യുന്ന മൗലികാവകാശത്തിന്റെ ലംഘനവുമാണ്. സ്വാഭാവികനീതി നടപ്പാക്കേണ്ടത് പ്രതിഷേധത്തിന്റെ മുൾമുനയിലൂടെ യാത്ര ചെയ്തല്ല.

മുന്നണി മാറ്റം കേരളവികസത്തിന് ആക്കം കൂട്ടിയെന്ന ഒരു വാദം പ്രശസ്ത സ്‌കോളറായ റോബിൻ ജെഫ്രി മുന്നോട്ടുവെച്ചിരുന്നു. മുന്നണികൾ തമ്മിൽ ഒരു മത്സരബുദ്ധി പ്രവർത്തിച്ചത് കേരളത്തിന്റെ വികസനത്തുടർച്ചയ്ക്കും മുന്നോട്ടുപോക്കിനും വഴിയൊരുക്കി എന്നാണ് അദ്ദേഹം വിശദീകരിച്ചത്. അതിനെ എങ്ങനെ നോക്കിക്കാണുന്നു ?

ജെഫ്രിയുടെ ഈ നിരീക്ഷണം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്താണ്. ഗ്രൗണ്ട് റിയാലിറ്റി അതിനു വിരുദ്ധവുമാണ്.

റോബിൻ ജെഫ്രി

ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാം. കമ്യൂണിസ്റ്റു ഭരണകാലത്താണല്ലോ ഭൂപരിഷ്‌കരണത്തിനുള്ള ആദ്യകാല നടപടികൾ കൈക്കൊള്ളുന്നത്. അവരുടെ സങ്കൽപത്തിലുള്ള നടപടികൾ സാക്ഷാത്കരിക്കപ്പെട്ടിരുന്നുവെങ്കിൽ ഭൂവുടമ സമ്പ്രദായം തിരുത്തിക്കുറിക്കപ്പെടുമായിരുന്നു. ഒപ്പം, കാലൂന്നാൻ ഇത്തിരി മണ്ണ് സ്വന്തമാക്കാൻ, ഒന്നുമില്ലാത്തവർക്ക് സാധിക്കുമായിരുന്നു. അതിനുപകരം ആ ബില്ലിൽ ഒടുവിൽ വെള്ളംചേർത്ത നിലയിൽ ഭൂപരിഷ്‌കരണം നടപ്പിലാക്കിയെങ്കിലും അത് സാമൂഹ്യമാറ്റത്തിനൊന്നും തുടക്കമിട്ടില്ല. കമ്യൂണിസ്റ്റുകാർ അധികാരത്തിൽ നിന്നു പുറത്തുപോകുമ്പോൾ, അവർ ചെയ്തതെല്ലാം അഴിച്ചുപണിയുകയാണ് അധികാരത്തിലെത്തുന്ന കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ചെയ്തുപോന്നത്. സാമുദായിക ശക്തികൾ പൊതുജീവിതത്തിൽ നിർണായക സ്വാധീനമായി വർത്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അഞ്ചുകൊല്ലത്തിനു പകരം അത് പത്തുകൊല്ലമായി നീണ്ടിരുന്നുവെങ്കിൽ കാര്യങ്ങളിൽ മാറ്റം വരുമായിരുന്നു. അപ്പോഴും ഒരപായം ഉണ്ട്. ആ ഭരണകൂടം നട്ടുനനക്കുന്നത് വിഷച്ചെടിയാണെങ്കിൽ അപകടത്തിലാവുന്നത് ജനാധിപത്യ ജീവിതമായിരിക്കും. ഈ സാഹചര്യത്തിൽ ജനക്ഷേമം മാത്രം ലാക്കാക്കി ഭരണം നടന്നാൽ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടാകും. ഇല്ല, അതൊന്നും സംഭവിക്കില്ല. പാർട്ടി രാഷ്ടീയും സാമുദായിക രാഷ്ട്രീയവും പൊതുജീവിതത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. എനിക്ക് അതിൽ വലിയ വിശ്വാസമൊന്നുമില്ല.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സി. അച്ചുത മേനോൻ / photo: I & PRD Kerala

ഇതിനിടയിലാണ് കേരള മോഡൽ, അച്ചുതമേനോന്റെ ഭരണകാലം ലോകശ്രദ്ധ ആകർഷിക്കുന്നത്. പാർട്ടി രാഷ്ട്രീയം ഉപേക്ഷിക്കാതെ തന്നെ നാടിനു പ്രയോജനമായ നടപടികളെടുക്കാമെന്ന് തെളിയിച്ചതായിരുന്നു ആ ഭരണം. അമർത്യാ സെന്നിന് നോബൽ പുരസ്‌കാരം നേടാൻ വഴിയൊരുക്കിയതായിരുന്നു കേരള മോഡൽ. സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ (സി.ഡി.എസ്) സ്ഥാപകനായ ധനശാസ്ത്രജ്ഞൻ ഡോ. കെ.എൻ. രാജുമായി ഇതേപ്പറ്റി ഞാൻ സംസാരിച്ചിരുന്നു. യഥാർത്ഥത്തിൽ കേരള മോഡലിന്റെ ഉപജ്ഞാതാവായിരുന്നു രാജ്.

കെ. എൻ. രാജ് ‌/ photo: wikimedia commons

കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി ഓർമിക്കുകയാണ്. വിശ്രുതമായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ വൈസ് ചാൻസലറായിരുന്നു ഡോ. രാജ്. അദ്ദേഹത്തിന്റെ പ്രവർത്തികൾ, ആർ.എസ്.എസിനും മറ്റു പിന്തിരിപ്പൻ ശക്തികൾക്കും സ്വീകാര്യമായില്ല. അങ്ങനെ അദ്ദേഹത്തിനെതിരെ പ്രക്ഷോഭം ഉണ്ടായി. ചുവരെഴുത്തുകളും പ്രകടനങ്ങളും നടന്നു. ഒടുക്കം വൈസ് ചാൻസലർ പദവി ഒഴിയാൻ അദ്ദേഹം നിർബന്ധിതനായി. ഇന്ത്യയുടെ പഞ്ചവത്സര പദ്ധതി തയ്യാറാക്കിയ സംഘത്തിന്റെ മേധാവിയായിരിക്കെ, അതിന്റെ ആമുഖം വായിച്ച് അദ്ദേഹത്തെ നെഹ്‌റു ഹൃദയപൂർവ്വം അഭിനന്ദിച്ചതായി കേട്ടിട്ടുണ്ട്.

ആദ്യ പഞ്ചവത്സര പദ്ധതിയിൽ ഒപ്പു വെക്കുന്ന നെഹ്‌റു. ഇടത്തു നിന്ന് ഒന്നാമത് കെ. എൻ. രാജ്‌

അച്ചുതമേനോൻ ക്ഷണിച്ചിട്ടാണ് ഡോ. രാജ് തിരുവനന്തപുരത്ത് വരുന്നതും സി.ഡി.എസ് സ്ഥാപിക്കുന്നതും. ധനശാസ്ത്രരംഗത്ത് അതിവേഗം സി.ഡി.എസിന് വ്യക്തിത്വം സ്ഥാപിക്കാനും സാധിച്ചു. കേരളത്തിലെ വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം എന്നീ മേഖലകൾ യൂറോപ്പിനും അമേരിക്കക്കും തുല്യമാണെന്ന് തെളിവുകളും രേഖകളും കൊണ്ട് സ്ഥാപിക്കുന്നതായിരുന്നു കേരള മോഡൽ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ആ മോഡൽ അനുകരിക്കാൻ ശ്രമിച്ചിരുന്നു. ജനകീയാസൂത്രണ പരിപാടിയുടെ മേധാവിയായും ഡോ. രാജ് പ്രവർത്തിച്ചിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് കൂട്ടുകക്ഷി മന്ത്രിസഭയാണെങ്കിൽപ്പോലും പാർട്ടി രാഷ്ട്രീയം ഉപേക്ഷിക്കാതെ തന്നെ നിലയുറപ്പിച്ചാൽ സാധാരണക്കാരുടെ നിലവാരം മെച്ചപ്പെടുത്താമെന്നാണ്.

വർത്തമാനകാല രാഷ്ട്രീയം വിശദമാക്കിയ സ്ഥിതിക്ക് നമുക്ക് പുറകോട്ടു പോവാം. എന്താണ് കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനം മുന്നോട്ടുവെച്ച പ്രതീക്ഷ ? അതെത്രത്തോളം യാഥാർത്ഥ്യമായി?

ആലപ്പുഴയിലെ ഒരു കുടിലിൽ രഹസ്യജീവിതം നയിക്കവേ പാമ്പുകടിയേറ്റ് മരിച്ച പി.കൃഷ്ണപിള്ള കൊളുത്തിയ ചെറുനാളം കേരളത്തിലുടനീളം പ്രഭ പരത്തുന്ന മഹാദീപമായി കത്തിജ്വലിക്കുന്നത് നേരിൽ കാണാനായവരിൽ ഒരാളാണ് ഞാൻ. ജനങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചതിനു പുറമെ, ഒരു തലമുറയുടെ ജീവിതവീക്ഷണത്തെ അപ്പാടെ പുതുക്കിപ്പണിയുകയും ചെയ്തായിരുന്നു ആ മഹാപ്രസ്ഥാനം. എന്നാൽ ഇന്നത് എത്തിനിൽക്കുന്ന അവസ്ഥ എന്നിൽ ഉത്കണ്ഠ ഉണ്ടാക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്‌ലർക്കെതിരെ യുദ്ധം നടത്തുന്ന സഖ്യകക്ഷികളെ പിന്താങ്ങണമെന്ന് വാദിച്ച എസ്.എ. ഡാംഗെയെ നശിപ്പിച്ചതു പോലെയായിരുന്നു മാവോയുടെ ചൈനയ്ക്കുള്ള (അതൊരു ഒന്നാന്തരം ഏകാധിപത്യമായിരുന്നു) പിന്തുണയുടെ പേരിൽ രണ്ടായി പിളരുകയും, സി.പി.എം എന്ന പേരിൽ ബംഗാളിലും ത്രിപുരയിലും കേരളത്തിലും വളർന്നു വലുതാവുകയും ചെയ്ത കമ്യൂണിസ്റ്റ് പ്രസ്ഥാനം. കോൺഗ്രസിനെതിരെ കേന്ദ്രത്തിൽ രൂപീകരിക്കേണ്ടുന്ന കൂട്ടുമന്ത്രിസഭയെ നയിക്കാൻ ജ്യോതി ബസു ക്ഷണിക്കപ്പെടുകയുണ്ടായി. അതിനെതിരെ നിലപാടെടുത്ത പാർട്ടി നേതൃത്വം മറ്റൊരു ചരിത്രപ്രപരമായ വിഡ്ഢിത്തം നടത്തുകയായിരുന്നു എന്ന് ചരിത്രം തെളിയിക്കുന്നു.

പശ്​ചിമബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസു

കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി യാതൊരു ശുഭചിന്തയും ഞാൻ വെച്ചുപുലർത്തുന്നില്ല. ഇ.എം.എസിന്റെ സാരഥ്യത്തിൽ കേരളമെന്ന കൊച്ചുസംസ്ഥാനം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായിത്തുടങ്ങിയതായിരുന്നു. അതൊരു നീണ്ട യാത്രയായിരുന്നു. സഫലമായ യാത്ര. ഇപ്പോൾ? അധികാരത്തിന്റെ ഉന്നതങ്ങളിൽ എന്തൊക്കെ ചീഞ്ഞുനാറ്റങ്ങളാണ്! ഇ.എം.എസ്സിനു പുറകെ നായനാരും വി.എസും. തീർന്നു ആ ലിസ്റ്റ്. വ്യക്തിപരമായി എന്തെല്ലാം കുറവുണ്ടായാലും അവർ നന്മ നിറഞ്ഞവരായിരുന്നു. അളവറ്റ സ്വത്തിന്റെ ഉടമകളായിരുന്നു ഇ.എം.എസ്സിന്റെ കുടുംബം. ഭൂപരിഷ്‌കരണത്തോടു കൂടി അതെല്ലാം അവർ കൈവിട്ടു. മുഖ്യമന്ത്രിയായിരുന്നപ്പോൾ ആദ്യകാലത്ത് തിരുവനന്തപുരത്ത് ഒരു ചെറിയ വസതിയിലായിരുന്നു കുടുംബവുമായി അദ്ദേഹം താമസിച്ചത്. പിന്നീട് സിറ്റി ഇംപ്രൂവ്‌മെന്റ് ട്രസ്റ്റിൽ നിന്ന് വാങ്ങിയ ശാന്തിനഗറിലെ പത്താംനമ്പർ വീട്ടിലായി താമസം. ആ വീടും വിറ്റതിനുശേഷം മരണംവരെ വാടകവീട്ടിലായിരുന്നു അദ്ദേഹം തിരുവനന്തപുരത്ത് താമസിച്ചത്. ആരെയും ബോധ്യപ്പെടുത്താനായിരുന്നില്ല അദ്ദേഹം അങ്ങനെ ചെയ്തത്. തന്റെ വിശ്വാസവുമായി ജീവിക്കുവാൻ അദ്ദേഹം ശ്രമിച്ചു. അത്രതന്നെ.

ഇ.എം.എസുമായി വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നോ?

ഇ.എം.എസിനെ അടുത്തറിയാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്. ആ അറിയലിനെ വ്യക്തിപരമായ അടുപ്പം എന്നവകാശപ്പെടാൻ ഞാനാളല്ല. വ്യക്തിപരമായ നിലയിൽ ഇ.എം.എസ് ഒരകലം സൂക്ഷിച്ചിരുന്നു എന്നുതന്നെ പറയാം. ഇ.എം.എസിന്റെ വസതിയിൽ പല ദിവസങ്ങളിൽ പോയി മണിക്കൂറുകളോളം ഞാൻ ചെലവഴിച്ചിരുന്നു. ആ പരിചയത്തിലൂടെയാണ് അദ്ദേഹത്തിന്റെ പത്‌നി ആര്യ അന്തർജ്ജനത്തെക്കുറിച്ച് കലാകൗമുദിയിൽ മുഖചിത്രം സഹിതം ഒരു ഫീച്ചർ ഞാൻ പ്രസിദ്ധീകരിച്ചത്. ‘കേരളത്തിന്റെ അമ്മ' എന്നായിരുന്നു ആ ഫീച്ചറിന്റെ തലവാചകം.

ആര്യ അന്തർജനവും ഇ. എം. എസ്സും

അതിനിടയിൽ ഇ.എം.എസിനു കാണാനായി ‘പിറവി'' സിനിമയുടെ ഒരു പ്രത്യേക പ്രദർശനം ഏർപ്പാടുചെയ്തു. ചിത്രം കണ്ട ശേഷം അദ്ദേഹം തിയറ്ററിന്റെ ലോബിയിൽ വെച്ച് എന്റെ കൈകൾ ഗ്രഹിച്ചതും മിണ്ടാതെ നിന്നതും എന്റെ ഓർമയിലുണ്ട്. വാചാലമായ മൗനത്തിന്റെ അർത്ഥം എത്ര ആഴത്തിലുള്ളതാണെന്ന് അനുഭവിച്ചതായിരുന്നു ആ മുഹൂർത്തം.

ആ തലമുറയിലെ മറ്റ് കമ്യൂണിസ്റ്റു നേതാക്കളെ ആരെയെങ്കിലും പറ്റി പറയണം എന്ന് തോന്നുന്നുണ്ടോ? ഏറെ അടുപ്പമുണ്ടായിരുന്നവർ, ഇഷ്ടമുണ്ടായിരുന്നവർ അങ്ങനെ ആരെങ്കിലും?

ഇ.എം.എസിനുപുറമെ അച്ചുതമേനോനും എൻ. ഇ. ബാലറാമും എം.എൻ. ഗോവിന്ദൻ നായരും എനിക്കേറെ അടുപ്പവും ഇഷ്ടവുമുണ്ടായിരുന്നവരാണ്.

എം. ജി. ഗോവിന്ദൻ നായർ/ photo: wikimedia commons

അവരിൽ എം. എൻ. ഗോവിന്ദൻ നായർ എന്നെ സംബന്ധിച്ച്​ 'ഗാന്ധിയനായ കമ്യൂണിസ്റ്റു'കാരനായിരുന്നു. ഭരണകർത്താവായിരുന്നപ്പോൾ അദ്ദേഹം നടപ്പാക്കിയ ലക്ഷംവീടു പദ്ധതി ചരിത്രത്തിൽ സ്വർണ്ണലിപികളാൽ രേഖപ്പെടുത്തേണ്ടതാണ്. അധികാരത്തിൽ നിന്നെല്ലാം ഒഴിഞ്ഞ്, പട്ടത്തുള്ള വസതിയിൽ വിശ്രമകാലം കഴിക്കുന്നതിനിടയിൽ പുലർച്ചെ നടക്കാൻ ഇറങ്ങുന്ന കൂട്ടത്തിൽ എന്റെ വീട്ടിൽ അദ്ദേഹം വന്നിരുന്നു. ചൂടുള്ള ഒരു കപ്പ് ചായയും കുടിച്ച് വീടിന്റെ വരാന്തയിലിരുന്ന കാലം. ഒന്നും പറയാറില്ല. നിശ്ശബ്ദനായി, ഓർമ്മയിൽ മറന്ന്... ഒരിക്കലും മറക്കാനാവുന്നതല്ല ആ ചിത്രം.

കുളിച്ച് ഈറൻമാറി വരുന്ന ഒരു മുഖമാണ് എൻ. ഇ. ബാലറാം എന്നിൽ സൃഷ്ടിച്ചിട്ടുള്ളത്. അരക്കൈയൻ വെള്ളഷർട്ടും ചെറിയ മൽമുണ്ടും ചെത്തിയൊരുക്കിയ തലമുടിയും മുഖത്ത് പതിഞ്ഞ ചിരിയും. ഇപ്പോഴും മനസ്സിലുണ്ട് ആ ചിത്രം. അസാധാരണമായ അറിവുനേടിയ വിസ്മയിപ്പിക്കുന്ന വായനക്കാരൻ കൂടിയായിരുന്നു ബാലറാം. പോർച്ചുഗീസ് എഴുത്തുകാരൻ സാരമാഗുവിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം കിട്ടിയ വിവരം പങ്കുവെക്കാൻ ഞാനദ്ദേഹത്തെ വിളിച്ചു. അദ്ദേഹം ഏറെ ആഹ്ലാദിച്ചു. കാരണം അതിനു മുമ്പുതന്നെ സാരമാഗുവിന്റെ നോവലുകളിൽ പലതും ബാലറാം വായിച്ചുകഴിഞ്ഞിരുന്നു. പിന്നീട് ഡൽഹിയിൽ നിന്ന് വരുമ്പോൾ ലണ്ടൻ ടൈംസ് പ്രസിദ്ധീകരിച്ച സാരമാഗുവിനെപ്പറ്റിയുള്ള ഒരു ലേഖനം അദ്ദേഹം എനിക്കായി കൊണ്ടുവന്ന് തന്നത് മറക്കാനാവാത്ത അനുഭവമാണ്. അദ്ദേഹം അപ്പോൾ രാജ്യസഭാ മെമ്പറായിരുന്നു.

എൻ. ഇ. ബാലറാം / photo: wikimedia commons

സ്റ്റീഫൻ ഹോക്കിങ്ങിന്റെ A Brief History of Time എന്ന പുസ്തകം ഇറങ്ങിയപ്പോൾ അത് വായിച്ച് കാലചരിത്രത്തെപ്പറ്റിയുള്ള ഇന്ത്യൻ സങ്കൽപമുൾപ്പടെ പ്രതിപാദിച്ച് വിശദമായ ഒരു പഠനം തയ്യാറാക്കിയിരുന്നു ബാലറാം. അങ്ങനെ വിസ്മയിപ്പിച്ച എത്രയെത്ര അനുഭവങ്ങളാണ് ബാലറാമിനെപ്പറ്റി ഓർക്കുമ്പോൾ മനസ്സിൽ വന്നുനിറയുന്നത് . ബുദ്ധമതവുമായി ബന്ധപ്പെട്ട കൃതികൾ വായിച്ചു മനസ്സിലാക്കാൻ പാലി ഭാഷ പഠിച്ചയാളായിരുന്നു അദ്ദേഹം. അധികമാരും ഓർക്കാത്ത മറ്റൊരു കാര്യം, ബാലറാമും അച്ചുതമേനോനും തമ്മിലുണ്ടായിരുന്ന ബന്ധമാണ്. അച്ചുതമേനോൻ എന്ന മുഖ്യമന്ത്രിയുടെ വലംകയ്യും ഉപദേഷ്ടാവും കൂടിയായിരുന്നു ബാലറാം. അന്നദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്നു. അച്ചുതമേനോന്റെ ഡയറിക്കുറിപ്പുകൾ വായിച്ചാൽ അവരു തമ്മിലുണ്ടായിരുന്ന ബന്ധം മനസ്സിലാവും. ബാലറാം എന്ന നിശ്ശബ്ദനായ പോരാളി ഒന്നിനും അവകാശവാദം ഉന്നയിച്ചിരുന്നില്ല. അധികാരത്തിനും അദ്ദേഹത്തെ ദുഷിപ്പിക്കാനായില്ല. വ്യവസായവകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം അത് വിട്ടൊഴിഞ്ഞു പോകുമ്പോൾ മാലിന്യത്തിന്റെ ഒരു പൊടിപോലും അദ്ദേഹത്തിലുണ്ടായിരുന്നില്ല.

ഇവരിൽ നിന്നൊക്കെ വ്യത്യസ്തനായിരുന്നു അച്ചുതമേനോൻ. അധികാരത്തിൽ നിന്നൊഴിഞ്ഞ ശേഷം, തൃശ്ശൂരിലേക്ക് പോകാൻ ട്രാൻസ്‌പോർട്ട് ബസിലിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം എന്റെ ഓർമയുടെ ഭാഗമാണ്. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ കലാകൗമുദിയിൽ പ്രസിദ്ധീകരിക്കുമ്പോൾ രാജൻ സംഭവത്തെപ്പറ്റി എഴുതുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. എന്നാൽ അതെപ്പറ്റി ഒരക്ഷരം അതിലദ്ദേഹം എഴുതിയില്ല. മറ്റു പലതും വിശദമായി എഴുതുകയും ചെയ്തു.

അടിയന്തരാവസ്ഥ കാലത്ത് പൊലിസ് മർദനത്തിനിരയായി കൊല്ലപ്പെട്ട കോഴിക്കോട് ആർ. ഇ. സി വിദ്യാർഥി രാജൻ

ലേഖനം എഴുതിയതിന് 500 രൂപ പ്രതിഫലം കാട്ടിയതും അതുപയോഗിച്ച് വീട്ടു ചെലവ് നടത്തിയതുമൊക്കെ അതിവിശദമായി രേഖപ്പെടുത്തി. രാജൻ സംഭവത്തെപ്പറ്റി എഴുതാത്തതിനെപ്പറ്റി സൂചിപ്പിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചില്ല. ഒടുവിൽ, ഏറെക്കാലത്തിനു ശേഷം രാഷ്ട്രീയത്തിൽ നിന്നും പൂർണമായും അകലുകയാണെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം അയച്ച കത്തിൽ രാജൻ സംഭവത്തിൽ തനിക്ക് ദുഃഖമുണ്ടെന്ന് എഴുതിയിരുന്നു. പശ്ചാത്താപം രേഖപ്പെടുത്തിയ ആ കത്ത് കുറെക്കാലം ഞാൻ സൂക്ഷിച്ചിരുന്നു. മറ്റാർക്കും അവകാശപ്പെടാനാവാത്ത എത്രയെത്ര നേട്ടങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകിയത്.

ഇനി കേരളത്തിലെ കോൺഗ്രസിന്റെ അവസ്ഥയെപ്പറ്റി സംസാരിച്ചാലോ?

കേരളത്തിന്റെ പൊതുജീവിതത്തിൽ നിറഞ്ഞു നിന്നിരുന്ന കോൺഗ്രസ്​ ഇപ്പോൾ ചെന്നിത്തലയിൽ എത്തി നിൽക്കുമ്പോൾ ചുരുങ്ങിച്ചുരുങ്ങി കാറ്റുപോയ ബലൂൺ പോലെയായിരിക്കുന്നു. കരുണാകരനിൽ നിന്ന് തുടങ്ങുന്നതാണ് കോൺഗ്രസിന്റെ പതനം. പഴയകാല യുദ്ധപ്രഭുക്കന്മാരെ ഓർമ്മിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി. പ്രതിയോഗികളായി മുദ്രകുത്തി സഹപ്രവർത്തകരെപ്പോലും നിസ്‌തേജരാക്കാൻ അധികാരമെന്ന മൂർച്ചയുള്ള ആയുധം ഉപയോഗിക്കുന്നതിൽ അദ്ദേഹം സവിശേഷമായ മെയ്​വഴക്കം പ്രദർശിപ്പിച്ചു.

1982 മെയ് 24ന്, സംസ്ഥാനത്തിന്റെ 13ാമത് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന കെ. കരുണാകരൻ/ photo: I & PRD Kerala

ഒരു ഘട്ടത്തിൽ, കോൺഗ്രസിന്റെ ഉന്നതാധികാര കേന്ദ്രമായ ഹൈക്കമാന്റ് പോലും അദ്ദേഹത്തിനെതിരെ ചെറുവിരലനക്കാൻ ഭയപ്പെട്ടിരുന്നു. ഇക്കാര്യം അറിയാൻ അധികാരത്തിൽ വിലസിയിരുന്ന കരുണാകരനും അധികാരത്തിൽ നിന്ന് പുറത്തായ കരുണാകരനും തമ്മിൽ താരതമ്യം ചെയ്താൽ മതി. ആ അധികാര ഗർവ്​ നേരിടാൻ, യുവതുർക്കികളെന്ന് അറിയപ്പെട്ടിരുന്ന എ.കെ.ആന്റണിയെപ്പോലുള്ളവർക്ക് സാധിച്ചിരുന്നു. സി.കെ. ഗോവിന്ദൻ നായരായിരുന്നു യൂത്ത് കോൺഗ്രസ്​ നേതാക്കളായ ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും വയലാർ രവിയേയും പി. സി. ചാക്കോയേയും വി.എം. സുധീരനേയും അധികാരത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിച്ചത്.

സി. കെ. ഗോവിന്ദൻ നായർ

അവരിൽ ആന്റണിയും സുധീരനും മാത്രം കറപുരളാത്ത വ്യക്തിത്വങ്ങളായി നമുക്കിടയിൽ ജീവിക്കുന്നു. മുഖ്യമന്ത്രിയും എം.പിയും കേന്ദ്രമന്ത്രിയുമൊക്കെ ആയിട്ടും പരിക്കുകളില്ലാതെ ആന്റണി രക്ഷപ്പെട്ടതിന്റെ കാരണം എന്തായിരുന്നു? വ്യക്തിപരമായി ധനാർത്തിയിൽ നിന്ന് അകന്നുനിൽക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. അതിനെതിരെ ശബ്ദിക്കാനും ആന്റണി തയ്യാറായിട്ടുണ്ട്. നിർമലമെന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വത്തിന് ഉടമയാവാൻ അങ്ങനെയാണ് അദ്ദേഹത്തിന് സാധിച്ചത്. ആന്റണിയുടെ പേരിനൊടൊപ്പം എഴുതിച്ചേർക്കാവുന്നതാണ് വി.എം.സുധീരന്റെ പേര്. അദ്ദേഹം ആരോഗ്യമന്ത്രിയായിരുന്ന കാലം മാത്രം നോക്കിയാൽ മതി കറപുരളാത്ത ആ വ്യക്തിത്വം മനസ്സിലാക്കാൻ.

കരുണാകരനെപ്പറ്റി പറയുമ്പോൾ നക്‌സലിസത്തിന്റെ നാളുകളും അടിയന്തരാവസ്ഥയെ പറ്റിയും ഓർമ വരുന്നത് സ്വാഭാവികമാണല്ലോ. അക്കാലത്ത് സജീവമായി മാധ്യമരംഗത്ത് പ്രവർത്തിച്ചൊരാൾ എന്ന നിലയിൽ അതെപ്പറ്റിയൊക്കെ ഒന്നു വിശദീകരിക്കാമോ?

എന്റെ കേരളകൗമുദിക്കാലത്താണ് നക്‌സലിസം തീവ്രവും തീക്ഷ്ണവുമായി ഒരു തലമുറയുടെ ചിന്താധാരകളെ ആഴത്തിൽ സ്വാധീനിച്ചത്. വസന്തത്തിന്റെ ഇടിമുഴക്കം എന്ന ശീർഷകത്തിൽ കേരളകൗമുദിയുടെ എഡിറ്റോറിയൽ പേജിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചത് ഓർക്കുന്നുണ്ട്. ആയിടക്കാണ് പുൽപ്പള്ളി, കിളിമാനൂർ ആക്രമണങ്ങൾ.

വയനാട്ടിൽ പൊലീസ്​ വെടിവെച്ചുകൊന്ന നക്​സലൈറ്റ്​ നേതാവ്​ എ. വർഗീസ്‌

വർഗീസ് എന്ന യുവാവിന്റെ നേതൃത്വത്തിൽ, വയനാട്ടിലെ ഒറ്റപ്പെട്ട ഗ്രാമമായ പുൽപ്പള്ളിയിലെ പൊലീസ് സ്റ്റേഷൻ നക്‌സലൈറ്റുകൾ ആക്രമിച്ചു. തോക്കുകളും മറ്റു ആയുധങ്ങളും തട്ടിയെടുക്കുകയായിരുന്നു ആക്രമണോദ്ദേശ്യം. ഇരുപതുകാരിയായ അജിത ആ സംഘത്തിലുണ്ടായിരുന്നു. നക്‌സലൈറ്റായി മാറിയ കുന്നിക്കൽ നാരായണൻ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെയും ഭാര്യ മന്ദാകിനിയുടെയും ഏക മകളായിരുന്നു അജിത. സ്‌കൂൾ വിദ്യാർത്ഥിനി. നല്ല നാളെയെ സ്വപ്നം കണ്ടിരുന്ന ആ കുട്ടി സ്വമേധയാ നക്‌സലൈറ്റാവുകയായിരുന്നു.

പോലീസ് സ്റ്റേഷൻ അക്രമിച്ച്, കാവൽക്കാരനായ ഒരു പൊലീസുകാരനെ സംഘട്ടനത്തിൽ വധിച്ചെങ്കിലും അജിതയും സംഘവും പിടിയിലായി. ആ സംഭവങ്ങൾ കേരളകൗമുദി വസ്തുനിഷ്ഠമായി റിപ്പോർട്ടു ചെയ്തിരുന്നു. കൂട്ടത്തിൽ പൊലീസുകാരുടെ നിർദ്ദയ പെരുമാറ്റത്തിന് വിധേയയായ അജിതക്കുണ്ടായ ക്രൂരമായ അനുഭവങ്ങൾ അതിവിശദമായി കേരളകൗമുദിയിൽ അച്ചടിച്ചുവന്നു. പാവാടയും ബ്ലൗസും ധരിപ്പിച്ച് ആ പെൺകുട്ടിയെ സ്റ്റൂളിൽ കയറ്റി നിർത്തിയാണ് പൊലീസ് പത്രലേഖകർക്കു മുന്നിൽ നിർത്തിയത്. മര്യാദയില്ലായ്മയുടെ നിന്ദ്യമായ കാഴ്ച.

1968 നവംബറിൽ നടന്ന തലശ്ശേരി, പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണങ്ങൾക്കുശേഷം പൊലീസ് അറസ്റ്റുചെയ്ത അജിതയെ കോടതിയിൽ കൊണ്ടുപോകുന്നതിനുമുമ്പ് മാധ്യമപ്രവർത്തകർക്കുമുന്നിൽ കൊണ്ടുവന്നപ്പോൾ

കിളിമാനൂരിലെ ഒരു പലിശക്കാരന്റെ വീട് ആക്രമിച്ച നക്‌സലൈറ്റുകൾ ആ വീട്ടുടമയെ വധിക്കുകയും വെട്ടിയെടുത്ത അയാളുടെ തല റോഡിൽ പ്രദർശന വസ്തുവായി എടുത്തു വെക്കുകയും ചെയ്തിരുന്നു. ആ സംഭവവും ബന്ധപ്പെട്ട ചിത്രങ്ങളും പ്രസിദ്ധീകരിക്കാനായി തയ്യാറാക്കിയപ്പോൾ, പത്രാധിപരുടെ അനുമതിയോടെ, ബീഭത്സമായ ആ ഫോട്ടോകൾ ദിനപത്രത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിക്കാതെ ഉൾപ്പേജുകളിലേക്കാക്കി. ആ തീരുമാനമെടുക്കാൻ എന്നെ പ്രേരിപ്പിച്ചതിന് ഒരു കാരണമുണ്ടായിരുന്നു. പുലർച്ചെ ഉണർന്ന്, ചൂടു ചായയോടൊപ്പം പത്രം വായിക്കുന്നത് മലയാളിയുടെ ചിരകാല ശീലമായിരുന്നു. അങ്ങനെ പത്രം എടുത്തു നോക്കുമ്പോൾ കണ്ണിൽപ്പെടുന്നത് ബീഭത്സമായ ആ ചിത്രങ്ങളായിരിക്കും എന്നത് എന്നെ അസ്വസ്ഥനാക്കി. അതൊഴിവാക്കുന്നതിനായിരുന്നു ഞാനങ്ങനെ ചെയ്തത്. അക്കാലത്ത്, ആ സംഭവം നിരവധി പേരുടെ അഭിനന്ദനം നേടാൻ ഇടയായി.

പഠിക്കുമ്പോൾ സമർത്ഥനെന്ന നിലയിൽ സുവർണ മെഡൽ നേടിയ കെ. വേണു എന്ന യുവാവ് എഴുതിയ പ്രപഞ്ചവും മനുഷ്യനും എന്ന കൃതി സാഹിത്യ അക്കാദമി അവാർഡ് നേടുകയുണ്ടായി. ശാസ്ത്ര വിഷയങ്ങളിൽ ഗഹനമായ അറിവിനുടമയായ ആ യുവാവ് നക്‌സലൈറ്റ് ആയത് പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനുളള തീവ്രമായ അഭിലാഷം കൊണ്ടായിരുന്നു. നക്‌സലൈറ്റായ അദ്ദേഹവും പോലീസിന്റെ വേട്ടയാടലിന് പാത്രമായി. പൊലീസ്​ പിടിയിൽ പെടാതിരിക്കാനായി ഏതാനും ദിവസം അദ്ദേഹം കമ്യൂണിസ്റ്റ് നേതാവായ പി.ഗോവിന്ദപ്പിള്ളയുടെ വീട്ടിൽ ഒളിവിൽ താമസിച്ചിരുന്നു.

മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികത്തിൽ സംസാരിക്കുന്ന കെ. വേണു / photo: wikimedia commons

ആയിടക്ക് എന്നെ കാണാനും സംസാരിക്കാനുമായി ഒരു രാത്രി വേണു എന്റെ വീട്ടിൽ വന്നു. അവിശ്വാസത്തോടെ മാത്രമേ എനിക്കത് ഇപ്പോൾ ഓർമിക്കാനാവൂ. അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ഉദ്യോഗസ്ഥ സമരത്തിന്റെ ഭാഗമായി പുറത്താക്കപ്പെട്ട എം.സുകുമാരനും നക്‌സലൈറ്റ് വിശ്വാസിയായിരുന്നു. ആരുടെയും ശ്രദ്ധയിൽ പെടാതെ അദ്ദേഹവും എന്നെക്കാണാൻ വീട്ടിൽ വന്നിരുന്നു. തന്റെ രചനകളുടെ കയ്യെഴുത്തു പ്രതികൾ ഏൽപിക്കുന്നതിനായിരുന്നു ആ വരവ്. കലാകൗമുദിക്കാലമായിരുന്നു അത്.

നക്‌സലൈറ്റ് കാലവുമായി ബന്ധപ്പെടുത്തി മാത്രമെ അടിയന്തരാവസ്ഥയെ എനിക്ക് ഓർമിക്കാനാവൂ. അക്കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരനായിരുന്നു എല്ലാറ്റിനും ഇവിടെ നേതൃത്വം കൊടുത്തത്. തന്റെ വനസ്വത്തപഹരണ സംഭവത്തെ തുടർന്ന്, കേരളകൗമുദിയെ പ്രതിയോഗിയായാണ് അദ്ദേഹം കണ്ടിരുന്നത്. അതു കൊണ്ടു തന്നെ കലാകൗമുദിയെ ഒറ്റപ്പെടുത്താനും കള്ളക്കേസിൽപ്പെടുത്താനും അദ്ദേഹം നിരന്തരം ശ്രമിച്ചു. സെൻസർ ബോർഡാഫീസിൽ ഡൽഹിയിലെ പി.ഐ.ബിയിൽ ജോലി ചെയ്തിരുന്ന ഓംചേരി ഉൾപ്പെട്ടിരുന്നതുകൊണ്ട് കേസിൽ പെടാതെ കലാകൗമുദി രക്ഷപ്പെടുകയായിരുന്നു. എ.കെ. ആന്റണിയേയും സംഘത്തെയും ഒറ്റപ്പെടുത്തുന്നതിൽ കരുണാകരൻ ശ്രദ്ധവെച്ചതും പ്രയോജനമായി. ഇങ്ങനെ ആ കാലഘട്ടത്തെപ്പറ്റി ഓർത്തെടുക്കാൻ തുടങ്ങിയാൽ പറയാൻ ഒരുപാടുണ്ട്. അടിയന്തരാവസ്ഥയെ നേരിട്ടവർ, ഇരയായവർ അങ്ങനെ പലരുടെയും ചിത്രങ്ങൾ മനസ്സിലേക്കു വരുന്നുണ്ട്. തൽക്കാലം സ്‌നേഹലതാ റെഡ്ഡിയേയും ജോർജ് ഫെർണാണ്ടസിനെയും ഓർത്തുകൊണ്ട് ആ ഓർമകൾ പൂർത്തിയാക്കാതെ ഇവിടെ നിർത്തുന്നു.▮

(തുടരും)


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

എസ്. ജയചന്ദ്രൻ നായർ

മുതിർന്ന പത്രാധിപർ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ. കെ.ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ 1957ൽ പുറത്തിറങ്ങിയ കൗമുദിയിൽ പത്രപ്രവവർത്തനം തുടങ്ങി. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു, പിന്നീട് സമകാലിക മലയാളം വാരികയുടെ എഡിറ്ററായ അദ്ദേഹം 2012ൽ രാജിവെച്ചു. എന്റെ പ്രദക്ഷിണ വഴികൾ, റോസാദലങ്ങൾ, പുഴകളും കടലും തുടങ്ങിയവ പ്രധാന കൃതികൾ. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത 'പിറവി', 'സ്വം' എന്നീ സിനിമകൾക്ക് കഥയും തിരക്കഥയുമെഴുതി.

Comments