കേരളവും ചർച്ച ചെയ്യേണ്ടേ,
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം?

‘‘ചെറിയ ഭൂരിപക്ഷത്തിൽ വിജയിക്കുന്ന മണ്ഡലങ്ങൾ കേരളത്തിൽ ധാരാളമുണ്ട്. അത്തരം മണ്ഡലങ്ങളിൽ വോട്ടർ പട്ടികയിൽ കൃത്യമായ ‘ശസ്ത്രക്രിയാ’ രീതിയിലുള്ള ഇടപെടൽ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിച്ചാൽ, ബി.ജെ.പിയുടെ വിജയം ചില സീറ്റുകളിൽ എങ്കിലും സാധ്യമാകുമെന്ന യാഥാർത്ഥ്യം നമുക്ക് മുന്നിലുണ്ട്’’- അനൽ ജ്യോതി എഴുതുന്നു.

1949 നവംബർ 25-ന് ഭരണഘടനാ നിർമ്മാണസഭയിൽ ഡോ. ബി.ആർ. അംബേദ്കർ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് സുപ്രധാനമായ ഒരു നിരീക്ഷണം പങ്കുവെക്കുന്നുണ്ട്:
“1950 ജനുവരി 26-ന് നാം വൈരുദ്ധ്യങ്ങളാൽ നിറഞ്ഞ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. രാഷ്ട്രീയത്തിൽ നമുക്ക് തുല്യത ഉണ്ടാകും. എന്നാൽ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിൽ അസമത്വം തുടരും. രാഷ്ട്രീയത്തിൽ 'ഒരു മനുഷ്യൻ, ഒരു വോട്ട്; ഒരു വോട്ട്, ഒരു മൂല്യം' എന്ന സിദ്ധാന്തം നാം അംഗീകരിക്കും. എന്നാൽ സമൂഹത്തിലെ ഘടനകൾ മൂലം, സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിൽ ഈ മൂല്യസമത്വം നിഷേധിക്കപ്പെടും. നാം ഈ വൈരുദ്ധ്യജീവിതം എത്രകാലം തുടരാൻ പോകുന്നു എന്നതാണ് ഞാൻ ചോദിക്കേണ്ടതെന്ന് തോന്നുന്നു.”

രാജ്യം 2025-ലെത്തിനിൽക്കുമ്പോൾ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആരംഭിച്ച “S.I.R.” എന്ന പേരിലുള്ള പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ പദ്ധതി, ഡോ. അംബേദ്കർ മേൽ സൂചിപ്പിച്ച നിരീക്ഷണത്തിന്റെ തുടർച്ചയിൽ കാണേണ്ടതാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെയും യൂണിയൻ - സംസ്ഥാന സർക്കാരുകളുടെയും പ്രധാന ഉത്തരവാദിത്വം, ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മൂല്യങ്ങളെ സാമൂഹിക, സാമ്പത്തിക, ഭരണഘടനാപരവുമായ ഘടനകളിൽ ശക്തിപ്പെടുത്തുകയെന്നതാണ്.

സാധ്യമായ എല്ലാ യോജിപ്പുകളിലൂടെയും ഐക്യത്തോടെയും ജനാധിപത്യ ശക്തികൾ ഫാസിസത്തിനെതിരെ വിജയം കൈവരിക്കേണ്ടത്, ആധുനിക ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവിയുടെ മുൻവ്യവസ്ഥയാണ്.
സാധ്യമായ എല്ലാ യോജിപ്പുകളിലൂടെയും ഐക്യത്തോടെയും ജനാധിപത്യ ശക്തികൾ ഫാസിസത്തിനെതിരെ വിജയം കൈവരിക്കേണ്ടത്, ആധുനിക ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവിയുടെ മുൻവ്യവസ്ഥയാണ്.

ഡോ. അംബേദ്കർ ഇന്ത്യൻ ജനാധിപത്യത്തെ "അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധമായ ഇന്ത്യൻ മണ്ണിൻമേൽ പടർന്നുനിൽക്കുന്ന ഒരു മേൽമണ്ണ്" എന്ന് വിശേഷിപ്പിച്ചു. ഭരണഘടനാപരമായ ഈ മേൽമണ്ണ് നിലനിൽക്കണമെങ്കിൽ, ഇന്ത്യയുടെ സാമൂഹിക മണ്ണ് ജനാധിപത്യവൽക്കരിക്കപ്പെടേണ്ടതുണ്ട്. പക്ഷേ സ്വാതന്ത്ര്യാനന്തരം, ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ ഇന്ത്യൻ സമൂഹം പരാജയപ്പെട്ടു. ജാതി, സാമ്പത്തിക, സാമൂഹിക, പ്രദേശിക അസമത്വങ്ങൾ, ഫ്യൂഡൽ ശേഷിപ്പുകൾ, കൂടാതെ 1990-ലെ നവലിബറൽ സാമ്പത്തിക നയങ്ങൾ - ഇവയെല്ലാം ചേർന്ന് ഇന്ത്യയിലെ ജനാധിപത്യത്തെ അകത്തുനിന്ന് തളർത്തി. ഈ ദുർബലമായ ജനാധിപത്യ ഘടനയുടെയും പൂർത്തിയാകാത്ത ജനാധിപത്യവൽക്കരണത്തിന്റെയും പശ്ചാത്തലത്തിൽ കൂടിയാണ് ആർ.എസ്.എസ് പോലുള്ള വംശീയ - വർഗീയ ഫാസിസ്റ്റ് സംഘടനകൾ ഇന്ത്യയിൽ വളർന്നത്. “ഒരു വോട്ട്, ഒരു മൂല്യം” എന്ന ഭരണഘടനാതത്വം - അതായത് എല്ലാ മനുഷ്യനും തുല്യമായ മൂല്യം - നിരാകരിക്കുന്ന ചാതുർവർണ്യ-സനാതനധർമ്മാധിഷ്ഠിത ആശയത്തിന്റെ പ്രതിഫലനം തന്നെയാണ് ഇന്ന് “S.I.R.” പദ്ധതിയിലും കാണുന്നത്.

പൗരത്വം തെളിയിക്കേണ്ടത് ജനങ്ങളിൽ നിർബന്ധമാക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത്. അതുകൊണ്ടാണ് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം 'പരിഷ്‌കരണം' അല്ല, മറിച്ച് 'പുനർനിർമാണം' ആകുന്നത്.

ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വമുള്ളവരാണ് ഇന്ന് അതിന്റെ ബലഹീനതകളെ തന്നെ സൂക്ഷ്മതയോടെ ഉപയോഗപ്പെടുത്തി, ജനാധിപത്യ സ്ഥാപനങ്ങളെ തകർത്തുകൊണ്ട് ഇന്ത്യയെ ഒരു ഫാഷിസ്റ്റ് ക്രമത്തിലേക്ക് നയിക്കുന്നത്. ഇതാണ് നാം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഇതിന്റെ ഭാഗമായ അടുത്ത ഭീതിയുണർത്തുന്ന നീക്കമാണ് ഭരണഘടനയിലോ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലോ ഇതുവരെ നിലനിന്നിരുന്ന നിയമങ്ങളിലോ പാരമ്പര്യങ്ങളിലോ ഇല്ലാത്ത, ഈ രാജ്യവ്യാപകമായ "പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം." ഇന്ത്യയുടെ 75 വർഷത്തെ ജനാധിപത്യാനുഭവത്തിൽ ആദ്യമായാണ് തങ്ങളുടെ അധികാരപരിധിയിൽ പെടാത്ത “പൗരത്വ നിർണയം” എന്ന മേഖലയിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അമിതാധികാരം പ്രയോഗിക്കുന്നത്. പൗരരെന്ന് തെളിയിക്കപ്പെടുന്നത് വരെ വോട്ടവകാശവും പൗരത്വവും നിഷേധിക്കപ്പെട്ട നിലയിലാക്കുന്ന ഒരു പുതിയ തത്വം നിലവിൽ വരികയാണ്. പൗരത്വം തെളിയിക്കേണ്ടതിന്റെ ബാധ്യത ആദ്യമായാണ് ജനങ്ങളിൽ വന്നുചേരുന്നത്.

ഇന്ത്യയുടെ 75 വർഷത്തെ ജനാധിപത്യാനുഭവത്തിൽ ആദ്യമായാണ് തങ്ങളുടെ അധികാരപരിധിയിൽ പെടാത്ത “പൗരത്വ നിർണയം” എന്ന മേഖലയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അമിതാധികാരം പ്രയോഗിക്കുന്നത്.
ഇന്ത്യയുടെ 75 വർഷത്തെ ജനാധിപത്യാനുഭവത്തിൽ ആദ്യമായാണ് തങ്ങളുടെ അധികാരപരിധിയിൽ പെടാത്ത “പൗരത്വ നിർണയം” എന്ന മേഖലയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അമിതാധികാരം പ്രയോഗിക്കുന്നത്.

വോട്ടർ പട്ടികയിൽ "നിയമവിരുദ്ധ കുടിയേറ്റക്കാരുടെ സാന്നിധ്യം" എന്ന ഇതുവരെ തെളിയിക്കപ്പെടാത്ത വ്യാജവാദത്തെ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് പ്രക്രിയയെ വംശീയവും വിദ്വേഷപരവുമായ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റുകയാണ് യൂണിയൻ സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും. 1952-ലെ ആദ്യ വോട്ടർ പട്ടിക മുതൽ വോട്ടർമാരെ പൗരരായി മുൻകൂർ കണക്കാക്കുകയാണ് ചെയ്യുന്നത്. ഒരാളുടെ പൗരത്വം വ്യാജമാണെന്ന് തെളിയിക്കേണ്ടത് നിയമപരമായ വഴികളിലൂടെ യോഗ്യതയുള്ള അധികാരിയുടെ ചുമതലയാണ്, പൗരരുടേതല്ല.

സമഗ്രമായ എതിർപ്പായി ഈ വിഷയം മാറിയിട്ടില്ല എന്നതും കാണണം. പുതിയ ക്രിമിനൽ (കരി) നിയമങ്ങൾ എങ്ങനെയാണോ കേരള സമൂഹവും രാഷ്ട്രീയവും ചർച്ച ചെയ്യാതെ പോയത്, ആ വഴിക്ക് S.I.R- ഉം പോകുമോ എന്ന് ആശങ്കപ്പെടേണ്ടതുണ്ട്.

ഈ അടിസ്ഥാനപരമായ അനുമാനത്തെ നിരാകരിച്ച്, പൗരത്വം തെളിയിക്കേണ്ടത് ജനങ്ങളിൽ നിർബന്ധമാക്കുകയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ ചെയ്യുന്നത്. അതുകൊണ്ടാണ് ഈ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം 'പരിഷ്‌കരണം' അല്ല, മറിച്ച് ഒരു 'പുനർനിർമാണം' ആകുന്നത്. ഇന്ത്യൻ റിപ്പബ്ലിക്കിനെ തന്നെ പുനർനിർമിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയായി അത് മാറുന്നു. മുതിർന്നവരുടെ സാർവത്രിക വോട്ടവകാശം എന്ന ഇന്ത്യൻ ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ശില ഇല്ലാതാക്കി, അത് ചില വിഭാഗങ്ങളുടെയും നിർദിഷ്ട മാനദണ്ഡങ്ങൾക്കും അനുസൃതമായ വോട്ടവകാശമായി ചുരുങ്ങുന്നു.

2003-ലെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണമാണ് ഇപ്പോഴത്തെ ‘S.I.R’ പദ്ധതിക്ക് ന്യായീകരണമായി തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ ഉദ്ധരിക്കുന്നത്. എന്നാൽ 2003-ലെ പ്രക്രിയ ഇപ്പോഴത്തേതിൽ നിന്ന് മൗലികമായി വ്യത്യസ്തമാണെന്നാണ് ഈ കേസിൽ കക്ഷിയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) പറയുന്നത്. 2003-ലെ ഉത്തരവ് കോടതിയിൽ ഹാജരാക്കാൻ കമ്മീഷൻ തയ്യാറായിട്ടില്ലെന്നും, ഇത് ബോധപൂർവം സത്യങ്ങൾ മറച്ചുപിടിക്കാനാണെന്നും അവർ ആരോപിക്കുന്നു.

ബിഹാറിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മുസ്‌ലിംകളും സ്ത്രീകളും ഏറ്റവും കൂടുതൽ പുറത്താക്കപ്പെട്ട വിഭാഗങ്ങളാണ്.
ബിഹാറിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മുസ്‌ലിംകളും സ്ത്രീകളും ഏറ്റവും കൂടുതൽ പുറത്താക്കപ്പെട്ട വിഭാഗങ്ങളാണ്.

2003-ലെ മാർഗനിർദേശങ്ങൾ പ്രകാരം വോട്ടർമാരെ പട്ടികയിൽ ചേർക്കേണ്ടത് എന്യൂമറേറ്ററുടെ ചുമതലയായിരുന്നു. എന്നാൽ 2025-ൽ എത്തുമ്പോൾ, ആ ചുമതല വോട്ടറുടേതായി മാറിയിരിക്കുന്നു. മാത്രമല്ല, എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്നവർ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടും. ഏറ്റവും പ്രധാനമായും, 2003-ലെ നടപടിക്രമം “ഒരു വ്യക്തിയുടെ പൗരത്വം നിർണയിക്കുന്നത് എന്യൂമറേറ്ററുടെ ജോലിയല്ല” എന്ന് വ്യക്തമാക്കുന്നുണ്ടെന്ന് ADR കോടതിയെ അറിയിച്ചു. പൗരത്വത്തെക്കുറിച്ചുള്ള അന്വേഷണം അത്യന്തം പരിമിതമായ സാഹചര്യങ്ങളിൽ മാത്രമേ അനുവദിച്ചിട്ടുള്ളൂ.

ബിഹാറിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മുസ്‌ലിംകളും സ്ത്രീകളും ഏറ്റവും കൂടുതൽ പുറത്താക്കപ്പെട്ട വിഭാഗങ്ങളാണ്. കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ 65 ലക്ഷം പേരിൽ 24.7 ശതമാനവും, അന്തിമ പട്ടികയിൽ നിന്ന് നീക്കപ്പെട്ട 3.44 ലക്ഷം പേരിൽ 33 ശതമാനവും മുസ്‌ലിം വിഭാഗത്തിലാണ്. അതായത് ഏകദേശം ആറ് ലക്ഷം മുസ്‌ലിം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി സൂചിപ്പിക്കുന്നു.

ഇന്ത്യൻ തെരഞ്ഞെടുപ്പ് ജനാധിപത്യം ഒരിക്കലും പൂർണമായും കുറ്റരഹിതമായിരുന്നിട്ടില്ല. സ്വാതന്ത്ര്യാനന്തരകാലത്തും ദുർബല വിഭാഗങ്ങൾക്കും പിന്നാക്ക സമൂഹങ്ങൾക്കും വോട്ടവകാശം യാഥാർഥ്യമായെത്താൻ ദീർഘകാല പോരാട്ടം ആവശ്യമുണ്ടായി. ബിഹാറിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തന്നെ ജന്മിത്വ ശക്തികൾക്കെതിരെ ദലിത്-പിന്നാക്ക ജനത നടത്തിയ രക്തരൂക്ഷിതമായ ചെറുത്തുനിൽപ്പിന്റെ പ്രതീകമാണ്. വലിയ കൂട്ടക്കൊലകളും ഹിംസയും അതിജീവിച്ചാണ് ഈ വിഭാഗങ്ങൾ എൺപതുകളുടെ അവസാനത്തോടെ ജനാധിപത്യത്തിന്റെ ഭാഗമായത്. എന്നാൽ അന്നത്തെ പോരാട്ടം നിലവിലുള്ള അവകാശം പ്രയോഗിക്കാനുള്ളതായിരുന്നെങ്കിൽ, ഇന്നത്തെ പോരാട്ടം ആ അവകാശം തന്നെ നിലനിർത്താനുള്ളതായിത്തീർന്നിരിക്കുന്നു.

ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു രാഷ്ട്രീയ നിയമന സ്ഥാനമായി മാറി.
ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു രാഷ്ട്രീയ നിയമന സ്ഥാനമായി മാറി.

2023 മാർച്ച് 2-ന്, അനൂപ് ബാരൻവാൾ vs യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിച്ചത് ഇപ്രകാരമാണ്: ഈ വിഷയത്തിൽ പാർലമെന്റ് നിയമം പാസാക്കുന്നത് വരെ, കമ്മീഷനെ തീരുമാനിക്കാനുള്ള ചുമതല പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭ പ്രതിപക്ഷ നേതാവ് എന്നിവർ അടങ്ങുന്ന ഒരു പാനലിനായിരിക്കുമെന്ന്. എന്നാൽ നിയമനത്തിൽ തങ്ങളുടെ സ്വാധീനം ഉറപ്പാക്കാൻ യൂണിയൻ സർക്കാർ ഉടൻ തന്നെ The Chief Election Commissioner and Other Election Commissioners (Appointment, Conditions of Service and Term of Office) Act, 2023 എന്ന നിയമം പാസാക്കി, ചീഫ് ജസ്റ്റിസിന് പകരം യൂണിയൻ മന്ത്രിസഭയിലെ ഒരു മന്ത്രിയെ ആ സ്ഥാനത്ത് നിയോഗിച്ചു. ഫലമായി, യൂണിയൻ സർക്കാരിന് താല്പര്യമുള്ളവരെ മാത്രം കമ്മീഷനിലേക്ക് നിയമിക്കാനുള്ള വഴി തുറന്നു. ഇതിലൂടെ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു രാഷ്ട്രീയ നിയമന സ്ഥാനമായി മാറി.

രാജ്യവ്യാപകമായി തീവ്ര വോട്ടർപട്ടിക പുനഃപരിശോധനയ്ക്കുള്ള നടപടി നവംബറിൽ ആരംഭിക്കുമെന്ന് ഇലക്ഷൻ കമീഷൻ സൂചിപ്പിച്ചുകഴിഞ്ഞു.

അതേസമയം, സെപ്റ്റംബർ മാസത്തിൽ ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ രാജ്യവ്യാപകമായി “S.I.R.” നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിക്കുള്ള മറുപടിയിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ Representation of the People Act, 1950-ഉം Registration of Electors Rules, 1960-ഉം ചൂണ്ടിക്കാട്ടി. വോട്ടർ പട്ടിക പരിഷ്‌കരണത്തിനുള്ള സമ്പൂർണ അധികാരം തങ്ങൾക്കുമാത്രമാണെന്നും, ഈ വിഷയത്തിൽ ജുഡീഷ്യറിക്ക് ഇടപെടാനാവില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. 2023-ലെ Chief Election Commissioner and Other Election Commissioners (Appointment, Conditions of Service and Term of Office) Act എന്ന നിയമത്തിലെ Section 16 എല്ലാ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും (CEC, EC) നിയമപരമായ പരിരക്ഷ വ്യക്തമായി വർധിപ്പിച്ചു. ഇത് വളരെ നിർണായകമായ മാറ്റമായി കണക്കാക്കപ്പെടുന്നു.

എസ്ഐആർ കേരളത്തിൽ ചില പൗരസമൂഹ സംഘടനകളെ ഒഴിച്ചാൽ, പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഒരു മുഖ്യ രാഷ്ട്രീയ പ്രചാരണ വിഷയമായി മാറിയിട്ടില്ല. എൽഡിഎഫ് 2025 ഒക്ടോബർ 21 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രചരണം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ വോട്ട് ചോരി വിഷയം ഉയർത്തിയെങ്കിലും കോൺഗ്രസ് നിസ്സംഗത തുടരുന്നു.
എസ്ഐആർ കേരളത്തിൽ ചില പൗരസമൂഹ സംഘടനകളെ ഒഴിച്ചാൽ, പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഒരു മുഖ്യ രാഷ്ട്രീയ പ്രചാരണ വിഷയമായി മാറിയിട്ടില്ല. എൽഡിഎഫ് 2025 ഒക്ടോബർ 21 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രചരണം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ വോട്ട് ചോരി വിഷയം ഉയർത്തിയെങ്കിലും കോൺഗ്രസ് നിസ്സംഗത തുടരുന്നു.

മുൻപ് ഭരണഘടനയിലെ ആർട്ടിക്കിൾ 324 (5) പ്രകാരം നീക്കം ചെയ്യലുമായി ബന്ധപ്പെട്ട പരിരക്ഷ CEC-ക്കു മാത്രമായിരുന്നു. അതും സുപ്രീംകോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള പ്രക്രിയയിലൂടെയേ സാധ്യമായിരുന്നുള്ളൂ (പാർലമെന്റിന്റെ ഇംപീച്ച്മെന്റ് വഴി). എന്നാൽ 2023-ലെ നിയമം എല്ലാ കമ്മീഷണർമാർക്കും ഒരു പുതിയ സംരക്ഷണം ഉറപ്പാക്കി: കോടതികൾക്ക് കമ്മീഷൻ അംഗങ്ങൾ ഔദ്യോഗിക പദവിയിലിരിക്കെ പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങൾക്കായി സിവിൽ അല്ലെങ്കിൽ ക്രിമിനൽ കേസുകൾ ചുമത്താൻ സാധിക്കില്ല എന്നതാണ് ഈ നിയമപരിരക്ഷയുടെ ലക്ഷ്യം.

കേരളവും SIR-ഉം

രാജ്യവ്യാപകമായി തീവ്ര വോട്ടർപട്ടിക പുനഃപരിശോധനയ്ക്കുള്ള നടപടി നവംബറിൽ ആരംഭിക്കുമെന്ന് ഇലക്ഷൻ കമീഷൻ സൂചിപ്പിച്ചുകഴിഞ്ഞു. രാജ്യവ്യാപകമായി ഘട്ടം ഘട്ടമായാണ് നടപടി പൂർത്തിയാക്കുക. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ ഫെബ്രുവരി ആദ്യ വാരത്തോടെ പൂർത്തിയാകും. അതായത്, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഈ ‘പരിഷ്കരിച്ച’ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിലാകും.

കേരളത്തിൽ ചില പൗരസമൂഹ സംഘടനകളെ ഒഴിച്ചാൽ, പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ മുഖ്യ രാഷ്ട്രീയ പ്രചാരണ വിഷയമായി S.I.R മാറിയിട്ടില്ല. എൽ ഡി എഫ് ഒക്ടോബർ 21 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ ‘വോട്ട് ചോരി’ വിഷയം ഉയർത്തിയെങ്കിലും കോൺഗ്രസ് നിസ്സംഗത തുടരുന്നു. ​

യൂണിയൻ സർക്കാർ രാജ്യത്തെ ഒരു യൂണിറ്ററി സ്റ്റേറ്റായി രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഈ യൂണിറ്ററി സ്റ്റേറ്റിൽ സംസ്ഥാനങ്ങൾ മുനിസിപ്പാലിറ്റികളുടെ അത്ര അധികാരമുള്ള “ഗ്ലോറിഫൈഡ്” സ്ഥാപനങ്ങളായി ചുരുങ്ങും. അതിലേക്കുള്ള ഉപാധികളിൽ ഒന്നാണ് S.I.R.

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിലെ ചില നിബന്ധനകളോടുള്ള എതിർപ്പിനുപരിയായി തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വ്യാകരണം തന്നെ മാറ്റിയെഴുതുന്നതിനോടുള്ള സമഗ്രമായ എതിർപ്പായി ഈ വിഷയം മാറിയിട്ടില്ല എന്നതും കാണണം. പുതിയ ക്രിമിനൽ (കരി) നിയമങ്ങൾ എങ്ങനെയാണോ കേരള സമൂഹവും രാഷ്ട്രീയവും ചർച്ച ചെയ്യാതെ പോയത്, ആ വഴിക്ക് S.I.R-ഉം പോകുമോ എന്ന് ആശങ്കപ്പെടേണ്ടതുണ്ട്. കേരളത്തിൽ S.I.R നടപ്പാക്കുമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം, അത് അർഹരായ വോട്ടർമാരെ എന്തുകൊണ്ട് ബാധിക്കില്ലെന്ന് വിശദീകരിക്കാൻ ശ്രമിക്കുന്ന നിലയിലാണ്. ഡിജിറ്റൽ സാക്ഷരത, സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യം, പാർട്ടികളുടെ ശക്തമായ ബൂത്ത്-തല പ്രവർത്തനം എന്നിവയാണ് കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത്.

അതോടൊപ്പം, ഏതെങ്കിലും വിഭാഗം ജനങ്ങളെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് ഒഴിവാക്കുന്ന സാമൂഹിക വിവേചനവും അസമത്വവും കേരളത്തിൽ പ്രത്യക്ഷത്തിൽ നിലനിൽക്കുന്നില്ലെന്നതും സത്യമാണ്. എന്നിരുന്നാലും, ചെറിയ ഭൂരിപക്ഷത്തിൽ വിജയിക്കുന്ന മണ്ഡലങ്ങൾ കേരളത്തിൽ ധാരാളമുണ്ട്. അത്തരത്തിലുള്ള മണ്ഡലങ്ങളിൽ വോട്ടർ പട്ടികയിൽ കൃത്യമായ "ശസ്ത്രക്രിയാ" രീതിയിലുള്ള ഇടപെടൽ നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് സാധിച്ചാൽ, ബിജെപിയുടെ വിജയം ചില സീറ്റുകളിൽ എങ്കിലും സാധ്യമാകുമെന്ന യാഥാർഥ്യം നമുക്ക് മുന്നിലുണ്ട്. അതിലുപരി, ഭരണഘടനാവിരുദ്ധമായ ഒരു കരിനിയമം ഒരു സംസ്ഥാനത്ത് നടപ്പാക്കപ്പെടുന്നതിന്റെ അളവോ പരിധിയോ അല്ല പ്രശ്നം; ആ നിയമം തന്നെ നിയമപരമായും രാഷ്ട്രീയപരമായും എതിർക്കപ്പെടേണ്ടതാണ്. S.I.R-നെതിരായ സമരം, കേരളം ഇന്ന് സുപ്രീംകോടതിയിലടക്കം പോരാടുന്ന വിവിധ ഫെഡറൽ അവകാശ ലംഘനങ്ങളുമായി അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

S.I.R-നെതിരായ സമരം, കേരളം ഇന്ന് സുപ്രീംകോടതിയിലടക്കം പോരാടുന്ന വിവിധ ഫെഡറൽ അവകാശ ലംഘനങ്ങളുമായി അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
S.I.R-നെതിരായ സമരം, കേരളം ഇന്ന് സുപ്രീംകോടതിയിലടക്കം പോരാടുന്ന വിവിധ ഫെഡറൽ അവകാശ ലംഘനങ്ങളുമായി അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനിശ്ചിതകാലം തീർപ്പ് വൈകിപ്പിക്കാൻ ഗവർണർക്ക് അധികാരം ഉണ്ടെന്ന വാദത്തെ അടിസ്ഥാനമാക്കിയുള്ള പ്രസിഡൻഷ്യൽ റഫറൻസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യസമര പാരമ്പര്യത്തിന്റെ തുടർച്ചയിലാണ് ഭരണഘടന ഇന്ത്യയെ “സംസ്ഥാനങ്ങളുടെ യൂണിയൻ” എന്ന ആശയമായി രൂപപ്പെടുത്തിയത്. അംബേദ്കർ തന്നെ ഇന്ത്യയെ “United States of India” എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ യൂണിയൻ സർക്കാർ രാജ്യത്തെ ഒരു യൂണിറ്ററി സ്റ്റേറ്റായി രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഈ യൂണിറ്ററി സ്റ്റേറ്റിൽ സംസ്ഥാനങ്ങൾ മുനിസിപ്പാലിറ്റികളുടെ അത്ര അധികാരമുള്ള “ഗ്ലോറിഫൈഡ്” സ്ഥാപനങ്ങളായി ചുരുങ്ങും. അതിലേക്കുള്ള ഉപാധികളിൽ ഒന്നാണ് ഇപ്പോഴത്തെ എസ്ഐആർ.

തെരഞ്ഞെടുപ്പ് കമ്മീഷനെ ജുഡീഷ്യറിയുടെ മേൽനോട്ടത്തിൽ നിന്ന് ഒഴിവാക്കി എക്സിക്യൂട്ടീവിന്റെ പൂർണ നിയന്ത്രണത്തിലാക്കിക്കൊണ്ട്, മോദി സർക്കാർ ഭരണഘടനാപരമായ എല്ലാ സന്തുലിതാവസ്ഥകളെയും പരിശോധന-തിരുത്തൽ സംവിധാനങ്ങളെയും ഇല്ലാതാക്കുകയാണ്. ഈ ഫാഷിസത്തിത്തിന് തടയിടാൻ ശക്തമായ ജനകീയ പ്രസ്ഥാനത്തിനായിരിക്കും കഴിയുക. അത്തരത്തിലുള്ള പ്രതിരോധം വോട്ടവകാശത്തിന്റെയും തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെയും മാത്രമല്ല, എല്ലാ പൗരസ്വാതന്ത്ര്യങ്ങളുടെയും മൗലികാവകാശങ്ങളുടെയും സംരക്ഷണ പോരാട്ടവുമാണ്.

ഈ ഘട്ടത്തിൽ രാജ്യത്ത് കർഷകർ തൊഴിലാളികൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, പ്രതിപക്ഷ സംസ്ഥാനങ്ങൾ തുടങ്ങിയവ നടത്തുന്ന സമരങ്ങൾ തമ്മിൽ ഒരു ഇന്ത്യൻ വന്മതിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. സാധ്യമായ എല്ലാ യോജിപ്പുകളിലൂടെയും ഐക്യത്തോടെയും ജനാധിപത്യ ശക്തികൾ ഫാഷിസത്തിനെതിരെ വിജയം കൈവരിക്കേണ്ടത്, ആധുനിക ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവിയുടെ മുൻവ്യവസ്ഥയാണ്.

References:

1. ADR Cites 2003 Guidelines to Call 2025 SIR 'Fundamentally Different',
The Wire, https://m.thewire.in/article/government/not-enumerators-job-to-determine-citizenship-adr-cites-2003-guidelines-to-call-2025-sir-fundamentally-different.

2. Are Muslims being deleted disproportionately from Bihar's voter list? Data and analysis say yes, Maktoob Media, https://maktoobmedia.com/india/are-muslims-being-deleted-disproportionately-from-bihars-voter-list-data-and-analysis-say-yes/

3. Down with the Servile CEC and his Malicious Masters - People's Power Must Prevail, Liberation, https://liberation.org.in/detail/down-with-the-servile-cec-and-his-malicious-masters-peoples-power-must-prevail.

Comments