മുകുൾ കേശവൻ

രാഷ്​ട്രീയ പകർച്ചവ്യാധിയാകുന്ന ഭൂരിപക്ഷാധികാര വാദം

ഫ്രാൻസിനെയും ചൈനയെയും യുണൈറ്റഡ് സ്റ്റേറ്റ്സിനെയും ശ്രീലങ്കയേയും മ്യാൻമറിനെയും ഇന്ത്യയെയും പോലെ വ്യത്യസ്തമായ രാജ്യങ്ങളിൽ വംശീയ ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ ഒന്നിച്ചത് എങ്ങനെയെന്നും അത്തരം മുന്നേറ്റങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരായി എങ്ങനെയാണ് സംഘടിപ്പിക്കപ്പെട്ടത് എന്നും എഴുത്തുകാരനും ചരിത്രകാരനുമായ മുകുൾ കേശവന്റെ നിലപാടുകളുടെ അടിസ്​ഥാനത്തിൽ വിശകലനം ചെയ്യുന്നു

തെങ്കിലും തരത്തിലുള്ള ഭൂരിപക്ഷ മതഭീകരതയുടെ സ്ഥാപനവത്കരണമാണോ ഫാസിസം? അതോ ഏതെങ്കിലും പ്രത്യേക അക്രമ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണോ അതിനെ കൃത്യമായി വരച്ചിടാൻ കഴിയുക?
പ്രയോഗത്തിൽ എല്ലാ ഫാസിസവും വംശീയ ഉന്മൂലനത്തിലും കൂട്ടക്കുരുതിയിലും കോൺസൻട്രേഷൻ ക്യാമ്പുകളിലും അവസാനിക്കണമെന്നുണ്ടോ? ഒരു ജനാധിപത്യ വ്യവസ്ഥയിൽ സുസ്ഥിരമായ നിലനിൽപ്പിലേക്ക് അതിന് എത്തിച്ചേരാൻ കഴിയില്ലേ? ഫ്രാൻസിനെയും ചൈനയെയും യുണൈറ്റഡ് സ്റ്റേറ്റ്സിനെയും ശ്രീലങ്കയേയും മ്യാൻമറിനെയും ഇന്ത്യയെയും പോലെ വ്യത്യസ്തമായ രാജ്യങ്ങളിൽ വംശീയ ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ ഒന്നിച്ചത് ഏതൊക്കെ വ്യത്യസ്ത രീതികളിലാണ്? അത്തരം മുന്നേറ്റങ്ങളെ അവിടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായി എങ്ങനെയാണ് സംഘടിപ്പിക്കപ്പെട്ടത്?

കേരളത്തിലെ ഒരു പ്രധാന വേദിയിൽ പ്രമുഖ എഴുത്തുകാരനും ചരിത്രകാരനുമായ മുകുൾ കേശവൻ ഉയർത്തിയ പ്രസക്തമായ ചോദ്യങ്ങളിൽ ചിലതാണിവ.
വക്കം മൗലവി മെമ്മോറിയൽ ആൻറ്​ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന വക്കം മൗലവി അനുസ്മരണ പ്രഭാഷണത്തിൽ, ‘ആധുനിക ഭൂരിപക്ഷാധികാരവാദത്തിന്റെ താരതമ്യപഠനം’ എന്ന വിഷയത്തിലാണ് മുകുൾ കേശവൻ സംസാരിച്ചത്. ലുക്കിങ് ത്രൂ ഗ്ലാസ് എന്ന അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ നോവലിന്റെ രചയിതാവായ മുകുൾ ന്യൂഡൽഹിയിലെ ജാമിയ മിലിയ ഇസ്​ലാമിയയിൽ ചരിത്രവും സംസ്‌കാരവുമാണ് പഠിപ്പിക്കുന്നത്.

ഫ്രാൻസിലെ മുസ്​ലിം വിഭാഗത്തെ രാജ്യവുമായി കൂടിച്ചേർന്നുപോകാൻ കഴിയാത്ത അപകടകരമായ ന്യൂനപക്ഷ വിഭാഗമായിട്ടാണ് എല്ലാ തട്ടിലുമുള്ള രാഷ്ട്രീയ പാർട്ടികളും വോട്ടർമാരും കണക്കാക്കുന്നത്.

‘‘ഭൂരിപക്ഷവാദം രാഷ്ട്രീയ പകർച്ചവ്യാധിയെന്ന പോലെ ഒരു ആഗോള പ്രതിഭാസമാണ്. അത് ലോകത്തെല്ലായിടത്തുമുള്ള ബഹുസ്വര സമൂഹങ്ങളുടെയും രാഷ്ട്രീയ വ്യവസ്ഥയുടെയും നിലനിൽപ്പിനുതന്നെ ഭീഷണിയായി മാറിയിരിക്കുന്നു. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥ എങ്ങനെയായിരിക്കണമെന്നത് ആ രാജ്യത്തെ വംശീയമോ മതപരമോ ആയ ഭൂരിപക്ഷമാണ് തീരുമാനിക്കേണ്ടതെന്ന വാദമാണ് ഭൂരിപക്ഷവാദം. ഇത് ദക്ഷിണേഷ്യയുടെ ചരിത്രത്തോളം പഴക്കമുള്ള ഒരു അവകാശവാദമാണ്. പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ സ്വാതന്ത്ര്യം നേടിയതിന്റെ ആദ്യ ദശകത്തിൽ തന്നെ ഭൂരിപക്ഷവാദത്തിന്റെ വഴിയിൽ എത്തിപ്പെട്ടവയാണ്. അത്തരത്തിലൊരു പ്രവണതയെ പ്രതിരോധിച്ച ഒരേയൊരു രാജ്യം ഇന്ത്യയായിരുന്നു, 1980കളുടെ ആദ്യ പകുതി വരെ. 1983ൽ ആസ്സാമിൽ നടന്ന കൂട്ടക്കൊല ഒരു പ്രധാനപ്പെട്ട സംഭവമായിരുന്നു. പിന്നീട് ഡൽഹിയിൽ 1984ലെ സിഖ് കൂട്ടക്കൊല, അതിനെത്തുടർന്ന് മുംബൈയിലും ഗുജറാത്തിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗ്ഗീയ കലാപങ്ങളും അക്രമപരമ്പരകളും ഉണ്ടായി,'' മുകുൾ നിരീക്ഷിച്ചു.

ഇന്ത്യ, ശ്രീലങ്ക, മ്യാൻമർ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ചൈന, യുഎസ്, ഫ്രാൻസ് പോലുള്ള വ്യത്യസ്ത രാജ്യങ്ങളിൽ ഭരണകൂടം നടപ്പിലാക്കുന്ന ഭൂരിപക്ഷവാദം അവിടെയുള്ള ന്യൂനപക്ഷങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത് എന്നത് സംബന്ധിച്ച മുകുളിന്റെ അഭിപ്രായം ഇതാണ്: ‘‘ആധുനിക ഭൂരിപക്ഷവാദത്തിന് മറകളേതുമില്ല. മറിച്ച് അത് വ്യക്തമായും പ്രകടനപരതയോടെയുമാണ് നടപ്പിലാക്കുന്നത്. ഒരു പ്രദേശത്തെ ന്യൂനപക്ഷത്തെ പാഠം പഠിപ്പിച്ച് പേടിപ്പിച്ച് നിർത്താനാണ് അത് ശ്രമിക്കുന്നത്. പ്രാകൃതമായ രീതിയിൽ റോഹിങ്ക്യൻ വംശജരെ ഉന്മൂലനം ചെയ്യുന്നതിനെ മ്യാൻമറിലെ സൈനിക ഭരണകൂടവും നാഷണൽ ലീഗ് ഫോർ ഡെമോക്രസി എന്ന രാഷ്ട്രീയ പാർട്ടിയും പരസ്യമായി ന്യായീകരിക്കുന്നത് അതിനുള്ള ഉദാഹരണമാണ്.''

മ്യാന്മറിൽ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന റോഹിങ്ക്യൻ അഭയാർത്ഥികൾ / Photo : UNHCR/Roger Arnold
മ്യാന്മറിൽ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന റോഹിങ്ക്യൻ അഭയാർത്ഥികൾ / Photo : UNHCR/Roger Arnold

മുസ്​ലിമിന്റെ രാജ്യേതരമായ സ്വത്വത്തിൽ ചൈനക്കെന്നതുപോലെ ഫ്രാൻസിനും ആശങ്കകളുണ്ടെന്ന് മുകുൾ പറഞ്ഞു. ഫ്രാൻസിലെ മുസ്​ലിം വിഭാഗത്തെ രാജ്യവുമായി കൂടിച്ചേർന്നുപോകാൻ കഴിയാത്ത അപകടകരമായ ന്യൂനപക്ഷ വിഭാഗമായിട്ടാണ് എല്ലാ തട്ടിലുമുള്ള രാഷ്ട്രീയ പാർട്ടികളും വോട്ടർമാരും കണക്കാക്കുന്നത്. ഫ്രാൻസിലെ ഫാസിസ്റ്റ് രാഷ്ട്രീയ മുന്നേറ്റവുമായി ചരിത്രപരമായി വളരെ വ്യക്തമായ ബന്ധമുള്ള ഫ്രണ്ട് നാഷണൽ പാർട്ടിയുടെ നേതാവായ മറൈൻ ലേ പെൻ റിപ്പബ്ലിക്കൻ ആശയങ്ങൾക്കും മതനിരപേക്ഷതയ്ക്കും ഭീഷണിയാണെന്ന പേരിലാണ് ഫ്രാൻസിലെ മുസ്​ലിം വിഭാഗത്തെ ആക്ഷേപിക്കുന്നത്. അങ്ങനെ പറയുമ്പോൾ അവർ പ്രതിനിധീകരിക്കുന്നത് ഫ്രാൻസിലെ മുഖ്യധാരാ രാഷ്ട്രീയമണ്ഡലത്തെ തന്നെയാണ്. എന്നിരുന്നാലും മുകുൾ പറയുന്നത്, ‘‘അവകാശ നിഷേധം, വംശീയ ഉന്മൂലനം, ആസൂത്രിത അക്രമണങ്ങൾ എന്നീ അപകടങ്ങൾ ഫ്രാൻസിലെ മുസ്​ലിം വിഭാഗം നേരിടുന്നില്ല. എങ്കിലും ഭരണകൂടവും സിവിൽ സമൂഹവും ഒരുപോലെ സംശയത്തിന്റെ നിഴലിൽ നിർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ, രാഷ്ട്രീയമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന ന്യൂനപക്ഷമാണ് ഫ്രാൻസിലെ മുസ്​ലിം വിഭാഗം.''

സമുദായത്തെ ‘മെരുക്കിയും പരിഷ്‌കരിച്ചും' മുറിവുകൾ ഉണക്കാനുള്ള ചൈനീസ് ഭരണകൂടത്തിന്റെ തീരുമാനത്തിനും എന്തെങ്കിലും തരത്തിലുള്ള എതിർപ്പുള്ളതായി അറിയാൻ കഴിഞ്ഞിട്ടില്ല.

‘‘ഫ്രാൻസ്, മ്യാൻമാർ, ചൈന എന്നീ രാജ്യങ്ങളിലെ ഭൂരിപക്ഷവാദ രാഷ്ട്രീയത്തിന്റെയും നയങ്ങളുടെയും സന്ദർഭം വളരെ വ്യത്യസ്തമാണെങ്കിലും അവ ചില പ്രത്യേകതകൾ പങ്കുവെക്കുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ ചാപ്പ കുത്തി ഒറ്റപ്പെടുത്തുന്നതിനെതിരെ മൂന്ന് രാജ്യങ്ങളിലെയും സിവിൽ സമൂഹസംഘങ്ങളിൽ നിന്നോ രാഷ്ട്രീയ പാർട്ടികളിൽ നിന്നോ കാര്യമായ എതിർപ്പുകളൊന്നും ഉണ്ടാകുന്നില്ല. ന്യൂനപക്ഷ സമുദായങ്ങളുടെ പ്രതിനിധികളിൽ നിന്ന് മാത്രമാണ് എതിർസ്വരങ്ങൾ ഉയരുന്നത്. ലേ പെൻ, മാക്രോൺ, ഫ്രഞ്ച് മുഖ്യധാരാ കൺസർവേറ്റീവുകൾ, മുഖ്യധാരാ മാധ്യമങ്ങൾ എന്നിവരെല്ലാം ഫ്രാൻസിലെ മുസ്​ലിം വിഭാഗം ഒരു പ്രശ്നമാണെന്ന് അംഗീകരിക്കുന്നതായാണ് കാണാൻ കഴിയുന്നത്. ഇത്തരത്തിലുള്ള അഭിപ്രായൈക്യം മ്യാൻമറിലേക്കെത്തുമ്പോൾ കൂടുതൽ നഗ്‌നമായി വെളിപ്പെടുന്നു. സമുദായത്തെ ‘മെരുക്കിയും പരിഷ്‌കരിച്ചും' മുറിവുകൾ ഉണക്കാനുള്ള ചൈനീസ് ഭരണകൂടത്തിന്റെ തീരുമാനത്തിനും എന്തെങ്കിലും തരത്തിലുള്ള എതിർപ്പുള്ളതായി അറിയാൻ കഴിഞ്ഞിട്ടില്ല.''

Photos: Wikimedia Commons
Photos: Wikimedia Commons

മുകുൾ പറയുന്നത്, ‘‘ഒരു ന്യൂനപക്ഷ വിഭാഗത്തിനെതിരെ പൊലീസിനെയോ സൈന്യത്തെയോ ഉദ്യോഗസ്ഥരേയോ പ്രയോഗിക്കുന്നത് പലവിധത്തിലുള്ള ഉദ്ദേശ്യങ്ങളെ സഹായിക്കുന്നുണ്ട്. ഭരണകൂടത്തിന്റെ സംരക്ഷണമില്ലാത്ത അധഃസ്ഥിതരിൽപ്പെടുന്നവരാണ് ന്യൂനപക്ഷങ്ങളെന്ന് പൊതുസമൂഹത്തിന് സൂചന നൽകാൻ ഇത് സഹായിക്കുന്നു. ഭൂരിപക്ഷാധികാരവാദത്തിന്റെ വിജയത്തിന് ഒരു മുന്നുപാധിയാണ് അവിടെയൊരു അധഃസ്ഥിത വിഭാഗം ഉണ്ടായിരിക്കുക എന്നത്. കാരണം, ഭൂരിപക്ഷത്തിൽപ്പെട്ട ദരിദ്രർ, കീഴാളർ, തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങൾക്കിടയിലെ മുന്നേറ്റം ശക്തമാക്കാൻ അവരേക്കാൾ പീഢിതരായ ഒരു വിഭാഗത്തിനെ വെറുക്കപ്പെട്ടവരായി അവർക്കുമുന്നിൽ നിർത്തേണ്ടതുണ്ട്. വംശഹത്യകളും, ആൾക്കൂട്ട അക്രമങ്ങളും ഇയൊരു അധഃസ്ഥിതാവസ്ഥയെയാണ് നിരന്തരമായി ആവർത്തിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. കീഴ്പ്പെടുത്താനുള്ള ആക്രമണങ്ങളിൽ ഫോൺ ക്യാമറകളും, ഫേസ്ബുക്ക് ലൈവുകളും, വാട്ട്സ് ആപ്പ് ഷെയറുകളും വഴി ഇതുവരെയില്ലാത്ത വിധത്തിൽ ആളുകൾ പരോക്ഷമായി പങ്കാളികളാകുന്നു. ഒരു സംഭവത്തെ ലക്ഷക്കണക്കിന് ആൾക്കാരുമായി ഒരേസമയം പങ്കുവെക്കാൻ കഴിയുന്ന സംവിധാനം വെർച്വൽ ലോകത്തെ ഐക്യദാർഢ്യം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അത് ലൈവായി ഒരു പ്രീമിയർ ലീഗ് ഫുട്ബോൾ മാച്ച് കാണുന്നത് പോലെയാണ്. മറ്റുപലതുമെന്നത് പോലെ, ഭൂരിപക്ഷാധികാരവാദമെന്നത് നിങ്ങൾക്കും പങ്കാളികളാകാൻ കഴിയുന്ന ഒരു ലൈവ് ആഹ്ലാദോത്സവമാണ്.''

മുസ്​ലിം ​ വിഭാഗത്തിനെ വേർതിരിച്ച് കീഴ്പ്പെടുത്തിയ ഗുജറാത്ത് മോഡലിന്റെ വിജയം, ഇടക്കിടെയുള്ള ഭയപ്പെടുത്തലുകളിലൂടെയും അക്രമങ്ങളിലൂടെയും രാജ്യം മുഴുവനായും ഇത് ആവർത്തിക്കാൻ കഴിയുമെന്ന വാദത്തെ ശക്തിപ്പെടുത്തുന്നുണ്ട്

മുകുളിനെ സംബന്ധിച്ച്, ‘‘ഭൂരിപക്ഷാധികാരവാദത്തെ ഒരു ആഗോള പ്രതിഭാസമായി കണക്കാക്കുകയാണെങ്കിൽ, ഇന്ത്യയിലെ മാതൃക പ്രധാനപ്പെട്ട ഒന്നാണ്. ആകെ ജനസംഖ്യ കൂടുതലാണെന്ന് മാത്രമല്ല, ഇന്ത്യയിൽ മുസ്ലിം മതവിഭാഗത്തിൽപ്പെടുന്ന 20 കോടിയോളം ജനങ്ങളുണ്ട്. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ വലുതും ചിതറിയതുമാണ്. ചൈനയിലെയോ മ്യാൻമറിലെയോ ഭരണകൂടങ്ങൾ ചെയ്തതുപോലെ ഒരു ചെറിയ പ്രദേശത്ത് താമസിക്കുന്ന ചെറിയ ന്യൂനപക്ഷ സമുദായത്തെ ചിതറിക്കാനോ പുറത്താക്കാനോ ഇന്ത്യൻ ഭരണകൂടം ആഗ്രഹിച്ചാൽപ്പോലും കഴിയില്ല.''

മുകുൾ പറയുന്നത്, ഇന്ത്യയിലെ ഭൂരിപക്ഷാധികാരവാദം ഒന്ന് രുചിച്ചുനോക്കാനുള്ള വിഭവങ്ങൾ മാത്രമടങ്ങിയതാണ്, പ്രധാന വിഭവങ്ങൾ അടങ്ങിയതല്ലെന്നാണ്. ‘‘ലവ് ജിഹാദ്, ആൾക്കൂട്ടം ചേർന്ന് ശിക്ഷ നടപ്പാക്കുന്ന രീതി, കൂട്ടംചേർന്ന് കൈയ്യേറ്റം ചെയ്യുക, ആളുകൾ നോക്കിനിൽക്കേ മർദ്ദിക്കുക, നഗരകേന്ദ്രീകൃതമായ കലാപങ്ങൾ, ദേശീയ പൗരത്വ പട്ടികയെന്ന പേരിൽ ഭയപ്പെടുത്തൽ, പൗരത്വത്തിന് മതപരമായ മാനദണ്ഡം നൽകിക്കൊണ്ടുള്ള പൗരത്വ ഭേദഗതി നിയമം, ന്യൂനപക്ഷ സർവ്വകലാശാലകളെ നശിപ്പിക്കുക, രാം മന്ദിർ, കശ്മീരിനെ മെരുക്കിയെടുക്കൽ എന്നീ കാര്യങ്ങളെല്ലാം ഭൂരിപക്ഷാധികാരവാദത്തെ വളർത്താനാണ് ഉപയോഗിക്കുന്നത്. മുസ്​ലിം ​ വിഭാഗത്തിനെ വേർതിരിച്ച് കീഴ്പ്പെടുത്തിയ ഗുജറാത്ത് മോഡലിന്റെ വിജയം, ഇടക്കിടെയുള്ള ഭയപ്പെടുത്തലുകളിലൂടെയും അക്രമങ്ങളിലൂടെയും രാജ്യം മുഴുവനായും ഇത് ആവർത്തിക്കാൻ കഴിയുമെന്ന വാദത്തെ ശക്തിപ്പെടുത്തുന്നുണ്ട്. നിയന്ത്രിതവും എന്നാൽ അനുകരണീയവുമായ അക്രമങ്ങളുടെ ഘോഷയാത്ര തെരഞ്ഞെടുപ്പുകളിലെ വിജയത്തിനായുള്ള ഭൂരിപക്ഷത്തെ എല്ലാകാലത്തേക്കുമായി നിലനിർത്തുമെന്നാണ് ഇന്ത്യയിലെ ഭൂരിപക്ഷാധികാരവാദികൾ കരുതുന്നത്. അവർക്കുതെറ്റി, പക്ഷേ അതിനെക്കുറിച്ച് മറ്റൊരു സന്ദർഭത്തിൽ പറയാം.''

ഡിസെെൻ: സൈനുൽ ആബിദ്
ഡിസെെൻ: സൈനുൽ ആബിദ്

മുകുൾ ചൂണ്ടിക്കാണിക്കുന്നത്, ഇന്ത്യയിലെ ഭൂരിപക്ഷാധികാരവാദത്തെ കുറിക്കാൻ ഫാസിസം എന്ന പ്രയോഗം ഉപയോഗപ്രദമല്ലെന്നാണ്. കാരണം, നാസി ജർമനിയുടെ സന്ദർഭത്തിൽ ഫാസിസമെന്നത് കൂട്ടക്കൊലയ്ക്കായുള്ള ക്യാമ്പുകളിൽ അവസാനിക്കുന്ന ഒന്നാണ്. ഇത് തെറ്റാണെന്ന് മാത്രമല്ല, യഥാർത്ഥ അപകടത്തിൽ നിന്നുള്ള ശ്രദ്ധതെറ്റിക്കൽ കൂടിയാകും. അദ്ദേഹം പറയുന്നു, ‘‘ഇന്ത്യയിലെ ഭൂരിപക്ഷാധികാരവാദം ഏതെങ്കിലും ഒരു അന്തിമ പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. വലിയ രീതിയിൽ വംശീയ ഉന്മൂലനത്തിനോ, രാജ്യത്തെ 20 കോടിയോളം വരുന്ന മുസ്​ലിം ജനതയെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ അടച്ചിടാനോ ഇന്ത്യയിൽ ഭൂരിപക്ഷാധികാരവാദത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ സംഘടനയോ ശ്രമിക്കുമെന്ന് തോന്നുന്നില്ല. ഇത് ധാർമികമായ മനസ്സാക്ഷിക്കുത്ത് കാരണമൊന്നുമല്ല, ഇന്ത്യൻ ഭരണകൂടത്തിന്റെ കഴിവിനും അപ്പുറത്താണത് എന്നതിനാലാണ്.''

മുകുളിനെ സംബന്ധിച്ച്, ‘‘ഒരു ജനാധിപത്യരാജ്യമെന്ന നിലയിൽ ഇന്ത്യയുടെ നേട്ടങ്ങളും പാളിച്ചകളും പല രാജ്യശിൽപ്പികൾക്കും താൽപര്യമുള്ള ഒരു കാര്യമാണ്. അനുകരണീയമായ ഒരു രാജ്യമാണ് ഇന്ത്യയെന്ന് പറയാനല്ല ഇത് പറയുന്നത്. സാമ്പത്തികവും, സാംസ്‌കാരികവും, ഭാഷാപരവും, മതപരവുമായ വ്യത്യാസങ്ങളെ ബഹുസ്വരമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിലുള്ള അനുഭവങ്ങളും ശീലങ്ങളും പ്രതിനിധീകരിക്കുന്നത് ഒരു രാഷ്ട്രീയ പരീക്ഷണത്തെയാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരും രാഷ്ട്രീയ ചിന്തകരും ഇതിനെ ഒരു കേസ് സ്റ്റഡിയായോ, പ്രചോദനമായോ, താക്കീതായോ കണക്കാക്കേണ്ടതാണ്.''

ബഹുസ്വരതയിൽ ഇന്ത്യ നടത്തിയ പരീക്ഷണങ്ങളുടെ ചരിത്രപരമായ പ്രസക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ലോകത്ത് വിവിധയിടങ്ങളിലായി ഭൂരിപക്ഷാധികാരവാദം ഉയർന്നുവരുന്നത്

മുകുൾ മുമ്പ് സൂചിപ്പിച്ചത്, ‘‘ചരിത്രപരമായ ഫാസിസവും സമകാലികമായ ഭൂരിപക്ഷാധികാരവാദവും ന്യൂനപക്ഷത്തെ എതിരിടുന്നത് വംശനാശം, പുറത്താക്കൽ, അല്ലെങ്കിൽ നിർബന്ധിതമായ ഏകീകരണം എന്നിവയിലൂടെയാണ്. ഇതിൽ തെരഞ്ഞെടുക്കാനുള്ള അവകാശങ്ങളില്ല, ഒരു രാജ്യം അവരുടെ ന്യൂനപക്ഷത്തിന് നടപ്പിലാക്കുന്ന വിധികളാണ് ഇത്. സമഗ്രാധിപത്യ രാജ്യങ്ങളും ജനാധിപത്യമില്ലാത്ത രാജ്യങ്ങളും അവരുടെ ഭൂരിപക്ഷാധികാര താത്പര്യങ്ങൾ നേടുന്നതിന്​ വലിയ രീതിയിലുള്ള ഭരണകൂട അതിക്രമങ്ങൾ നടത്താൻ തയ്യാറാകും. എന്നാൽ ഫ്രാൻസിനെപ്പോലെയുള്ള രാജ്യങ്ങൾ ലിബറൽ ജനാധിപത്യത്തിൽ നിയമങ്ങളിലൂടെയും പ്രൊപഗണ്ടയിലൂടെയും ന്യൂനപക്ഷത്തെ അടക്കിനിർത്താനാണ് താത്പര്യം കാണിക്കുക.''

മുകുൾ പറയുന്നത്, ‘‘രാഷ്ട്രീയ പാർട്ടികൾ അവരെതന്നെ ഒരു ഫാസിസ്റ്റ് പാർട്ടിയെന്ന് വിളിക്കുകയോ ചരിത്രപരമായ ഫാസിസ്റ്റ് നേതാക്കളെ ആരാധിക്കുകയോ ചെയ്യുകയാണെങ്കിൽ അവരെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നത് ശരിയാണ്. അത് മാവോയേയും സ്റ്റാലിനേയും പിന്തുടരുന്നവരെ കമ്യൂണിസ്റ്റ് എന്ന് വിളിക്കുന്നത് പോലെയാണ്. പക്ഷേ ഇത് ആദ്യം ചോദിച്ച ചോദ്യത്തിന് ഉത്തരം തരുന്നില്ല. ചരിത്രപരമായ സംഭവപരമ്പരകളെ ഏതെങ്കിലും പ്രത്യേക ചട്ടക്കൂടിലേക്ക് ചുരുക്കിവെക്കാൻ കഴിയുമോ എന്നതാണ് ചോദ്യം. കാരണം മുസോളിനിയുടെ ഫാസിസ്റ്റുകളുമായും ഹിറ്റ്​ലറിന്റെ നാസികളുമായും പ്രത്യയശാസ്ത്രപരമായ ബന്ധമുള്ള രാഷ്ട്രീയ പാർട്ടികളോ സർക്കാരുകളോ വലിയ തോതിലുള്ള ഹിംസയിലേക്ക് കടക്കണമെന്നില്ല. അതുകൊണ്ട് ഇത് രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരവും തരുന്നില്ല.''

ഒരു വമ്പൻ രാഷ്ട്രീയ പരീക്ഷണത്തിലെ വസ്തുക്കളാണ് ഉയ്ഗുർ സമുദായം. അവർ അനുസരണയുള്ളവരാണ്, ശിക്ഷിക്കപ്പെടുന്നവരാണ്, നിരന്തരമായി ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കപ്പെടുന്നവരാണ്. ഡിജിറ്റൽ സർവെയ്ലെൻസ്, ജയിൽവാസം, എല്ലാമറിയുന്ന ഭരണകൂടം എന്നിവ കാരണം ചില്ലുകൂട്ടിൽ പരീക്ഷണത്തിനുവെച്ച എലികളെപ്പോലെയാണ് ഉയ്ഗുർ മുസ്​ലിംകൾ
ഒരു വമ്പൻ രാഷ്ട്രീയ പരീക്ഷണത്തിലെ വസ്തുക്കളാണ് ഉയ്ഗുർ സമുദായം. അവർ അനുസരണയുള്ളവരാണ്, ശിക്ഷിക്കപ്പെടുന്നവരാണ്, നിരന്തരമായി ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കപ്പെടുന്നവരാണ്. ഡിജിറ്റൽ സർവെയ്ലെൻസ്, ജയിൽവാസം, എല്ലാമറിയുന്ന ഭരണകൂടം എന്നിവ കാരണം ചില്ലുകൂട്ടിൽ പരീക്ഷണത്തിനുവെച്ച എലികളെപ്പോലെയാണ് ഉയ്ഗുർ മുസ്​ലിംകൾ

മുകുൾ ചൂണ്ടിക്കാണിക്കുന്നു, ‘‘ഭരണകൂടം അന്യരായി പരിഗണിക്കുന്ന ന്യൂനപക്ഷ വിഭാഗത്തെ ചാപ്പകുത്തുന്ന തരത്തിലുള്ള ഒരു അഭിപ്രായൈക്യം സിവിൽ സമൂഹത്തിൽ ഉണ്ടാവുകയെന്നത് ഫാസിസത്തിന്റെ ആവശ്യകതയാണെങ്കിൽ മ്യാൻമറിൽ അതിന് അനുയോജ്യമായ സാഹചര്യമാണുള്ളത്. രഖൈനിലെ മുസ്​ലിം വിഭാഗത്തിൽ പെടാത്തവർ, മ്യാൻമറിലെ ബുദ്ധമതക്കാരായ ഭൂരിപക്ഷ വിഭാഗം, രാജ്യത്തെ സ്വതന്ത്ര ബുദ്ധിജീവികൾ, എന്തിന് ബുദ്ധമതക്കാരല്ലാത്ത ന്യൂനപക്ഷങ്ങൾ പോലും റോഹിങ്ക്യക്കാരോട് പരസ്യമായ വെറുപ്പുള്ളവരോ അല്ലെങ്കിൽ കുറഞ്ഞപക്ഷം താത്പര്യക്കുറവുള്ളവരോ ആണ്. ഇക്കാര്യത്തിൽ ഇവരെല്ലാവരും ഒറ്റക്കെട്ടാണ്. ഒരു ഭൂരിപക്ഷ ഭരണകൂടം അവിടെയുള്ള ന്യൂനപക്ഷവിഭാഗത്തെ അടിച്ചമർത്താനും നശിപ്പിക്കാനും ശ്രമിക്കുമ്പോൾ സിവിൽ സമൂഹത്തിൽ നിന്ന് കാര്യമായ എതിർപ്പുകളില്ലാതിരിക്കുന്ന അവസ്ഥ ഫാസിസമാണെങ്കിൽ മ്യാൻമർ തീർച്ചയായും ഒരു ഫാസിസ്റ്റ് രാഷ്ട്രമാണ്.''

അദ്ദേഹം പറഞ്ഞത്, ‘‘ചൈനയുടെ കാര്യത്തിൽ ഇത്തരത്തിലുള്ള കൂട്ടക്കുരുതികളോ വലിയ തോതിലുള്ള പുറത്താക്കലുകളോ ഉണ്ടായിട്ടില്ല. ഉയ്ഗുർ മുസ്​ലിംകളെ ‘മെരുക്കിയെടുത്ത് പരിഷ്‌കരിക്കുന്ന' രീതി ശ്രദ്ധേയമാകുന്നത് അത് സോഷ്യൽ എഞ്ചിനീയറിങ്ങിനായി ഉപയോഗിക്കാവുന്ന രീതികളിൽ ഒന്നാണെന്നതിനാലാണ്. ചൈനീസ് രാഷ്ട്രത്തിന് ഒരു തരത്തിലുമുള്ള ഭീഷണിയും നൽകുന്ന വിഭാഗമല്ല ഉയ്ഗുർ. കണികകളെ വേർതിരിച്ചെടുക്കുന്നതുപോലെ ആസൂത്രിത രീതിയിൽ വ്യക്തികളെ അവരുടെ സമുദായത്തിൽ നിന്ന് അടർത്തിമാറ്റുന്നതിന് ചൈന നൽകുന്ന ന്യായീകരണം ഭാവിയിലുണ്ടായേക്കാവുന്ന ഭീഷണിയെ ചെറുക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയിലാണ്. ആളുകളുടെ ശീലങ്ങളുടെയും സ്വഭാവങ്ങളുടെയും പരീക്ഷണശാലയാണ് സിൻജിയാങ്; ഒരു വമ്പൻ രാഷ്ട്രീയ പരീക്ഷണത്തിലെ വസ്തുക്കളാണ് ഉയ്ഗുർ സമുദായം. അവർ അനുസരണയുള്ളവരാണ്, ശിക്ഷിക്കപ്പെടുന്നവരാണ്, നിരന്തരമായി ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കപ്പെടുന്നവരാണ്. ഡിജിറ്റൽ സർവെയ്ലെൻസ്, ജയിൽവാസം, എല്ലാമറിയുന്ന ഭരണകൂടം എന്നിവ കാരണം ചില്ലുക്കൂട്ടിൽ പരീക്ഷണത്തിനുവെച്ച എലികളെപ്പോലെയാണ് ഉയ്ഗുർ മുസ്​ലിംകൾ ഇന്ന്. സർവ്വാധിപത്യത്തെ പൂർണമാക്കുകയാണ് സിൻജിയാങ്.''

ഇന്ത്യയിൽ ഭരണകൂടത്തിന്റെ സവിശേഷ ശ്രദ്ധ ആവശ്യമായ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളുണ്ടെന്നത് ഇന്ത്യയെ സംബന്ധിച്ച് മാത്രം പ്രധാനമായ കാര്യമല്ല. അത് ലോകത്തെവിടെയും അസമത്വത്തെക്കുറിച്ചും സർക്കാരുകൾക്ക് അതിനെ പരിഹരിക്കാൻ എന്തുചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ചും നടക്കുന്ന ചർച്ചകളിലും പ്രധാനമാണ്.

മുകുൾ പറഞ്ഞു, ‘‘ബഹുസ്വരതയിൽ ഇന്ത്യ നടത്തിയ പരീക്ഷണങ്ങളുടെ ചരിത്രപരമായ പ്രസക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ലോകത്ത് വിവിധയിടങ്ങളിലായി ഭൂരിപക്ഷാധികാരവാദം ഉയർന്നുവരുന്നത്. ഭാരതീയ ജനതാ പാർട്ടിയുടെ വിജയത്തിലൂടെ ഉണ്ടായ ഒരു പ്രാദേശികമായ പാളിച്ച മാത്രമല്ല ബഹുസ്വരതയെ പ്രതിനിധീകരിക്കുന്ന കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്നാണ് ഭൂരിപക്ഷാധികാരവാദികളായ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും ജനസ്വാധീനത്തിൽ നിന്ന് വ്യക്തമാകുന്നത്. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളിൽ രാഷ്ട്രങ്ങൾ എന്തെങ്കിലും കൂടുതലായി ചെയ്യേണ്ടതുണ്ടെന്ന ആശയത്തിന് വന്ന പരാജയം കൂടിയാണ് അത്. ബി.ജെ.പിയുടെ 2014ലെയും 2019ലെയും തെരഞ്ഞെടുപ്പ് വിജയങ്ങൾ വരുന്ന കുറച്ചുകാലത്തേക്കെങ്കിലും ബഹുസ്വരതയുടെ പരീക്ഷണങ്ങളുടെ അവസാനമാണെന്ന് അനുമാനിച്ചുനോക്കാം.

ഇത് പ്രധാനപ്പെട്ട ഒരു ചോദ്യമുയർത്തുന്നുണ്ട്. സ്വതന്ത്ര ഇന്ത്യ ബഹുസ്വരതയുമായി നടത്തിയ പരീക്ഷണങ്ങൾ ഇല്ലാതായിക്കഴിഞ്ഞുവെങ്കിൽ അതിന്റെ ചരിത്രപരമായ സാംഗത്യമെന്താണ്? അതിന്റെ പ്രാധാന്യമെന്താണെന്നുവെച്ചാൽ, ബഹുസ്വരതയിലൂന്നിയ റിപ്ലബ്ലിക് നിലവിലുണ്ടായിരുന്നില്ല എങ്കിലാണെങ്കിൽ നമുക്കതിനെ കണ്ടെത്താൻ കഴിയുമായിരുന്നില്ല. അപകോളനിവത്കരണത്തിന്റെ സവിശേഷമായ ചരിത്രസന്ദർഭത്തിലാണ് അതുണ്ടാകുന്നത്. അതിന്റെ ഫലമായി ഇന്ത്യൻ ദേശരാഷ്ട്രം ഉണ്ടായത് ചരിത്രപരമായി നോക്കുകയാണെങ്കിൽ ഒറ്റയ്ക്കുള്ള പ്രതിഭാസമാണ്. എന്നാൽ പ്രായോഗികതയിലും ആദർശത്തിലും ഊന്നി തയ്യാറാക്കപ്പെട്ട ഭരണഘടനാനുസൃതമായ രാഷ്ട്രീയ സംവിധാനം ഇന്ന് എല്ലാ ജനാധിപത്യ രാഷ്ട്രങ്ങൾക്കും ലഭ്യമായ തരത്തിൽ പ്രവർത്തനരീതികൾ ഉണ്ടാക്കിയിട്ടുണ്ട്.''

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ശഹീൻബാഗിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ശഹീൻബാഗിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്.

ഭരണഘടനാനുസൃതമായ ബഹുസ്വരതയെക്കുറിച്ചുള്ള പ്രധാന ബോദ്ധ്യങ്ങളിലൂന്നി അദ്ദേഹം വിശദീകരിക്കുന്നത് എങ്ങനെ ഒരു ജനാധിപത്യ രാഷ്ട്രത്തിന് വ്യത്യസ്തതകളേയും അസമത്വത്തെയും ഔദ്യോഗികമായി മനസ്സിലാക്കുക എന്നതാണ്. അദ്ദേഹം പറയുന്നു, ‘‘ഫ്രാൻസിൽ മതനിരപേക്ഷതയുടെ തത്വം വ്യത്യസ്തതകളെ അറിഞ്ഞുകൊണ്ടുതന്നെ കാണാതിരിക്കുന്നു. അങ്ങനെ അത് ആ വ്യത്യസ്തതകളുടെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥാപിതമായ വിവേചനത്തെ അഭിസംബോധന ചെയ്യാനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് ഭരണകൂടത്തെ വിലക്കുന്നു. ഫ്രാൻസിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ ഭരണഘടനയുടെ ഷെഡ്യൂളുകളിൽ തന്നെ വിവേചനം നേരിടുന്നവർക്ക് അനുകൂലമായ നയങ്ങളും പ്രവർത്തനങ്ങളും ഉറപ്പുവരുത്തുന്നുണ്ട്. ഇത് ചരിത്രപരമായി പ്രധാനമാണ്, കാരണം ഒരു ജനാധിപത്യരാഷ്ട്രം അതിന്റെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായി അരികുവത്കരിക്കപ്പെട്ടവരെ അനുകൂലിക്കുന്ന നയങ്ങൾ ഉൾച്ചേർക്കുന്നുണ്ടെങ്കിൽ അത് മറ്റ് ജനാധിപത്യ രാഷ്ട്രങ്ങൾക്കുകൂടി പരിശോധിക്കാനുള്ള ഒരു മാതൃകയാണ് മുന്നോട്ടുവെക്കുന്നത്. അത് കേവലമായ വാചാടോപത്തിനപ്പുറത്ത് ഒരു യഥാർത്ഥ പ്രവർത്തനരീതിയായി മാറുന്നു. ഇന്ത്യയിൽ ഭരണകൂടത്തിന്റെ സവിശേഷ ശ്രദ്ധ ആവശ്യമായ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളുണ്ടെന്നത് ഇന്ത്യയെ സംബന്ധിച്ച് മാത്രം പ്രധാനമായ കാര്യമല്ല. അത് ലോകത്തെവിടെയും അസമത്വത്തെക്കുറിച്ചും സർക്കാരുകൾക്ക് അതിനെ പരിഹരിക്കാൻ എന്തുചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ചും നടക്കുന്ന ചർച്ചകളിലും പ്രധാനമാണ്.''

വ്യത്യസ്തതകളെ മനസ്സിലാക്കാത്തതും ഭൂരിപക്ഷത്തിന്റെ രീതികളിലേക്ക് മറ്റുള്ളവരെക്കൂടി സംയോജിപ്പിക്കാൻ ശ്രമിക്കുന്നതുമായ ഒരു രാഷ്ട്രീയ സംവിധാനം അവരെ അന്യവത്കരിക്കുന്നതിലാണ് അവസാനിക്കുകയെന്ന് ഭരണഘടന ഓർമപ്പെടുത്തുന്നുണ്ട്.

മുകുൾ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം, ഇന്ത്യൻ റിപ്പബ്ലിക് നാനാത്വത്തെ ഫെറ്റിഷൈസ് ചെയ്യുന്നതായി അതിന്റെ വിമർശകർ ഇടയ്ക്ക് കുറ്റപ്പെടുത്താറുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യൻ കലണ്ടറിൽ കാണുന്ന ഗസറ്റഡ് അവധിദിനങ്ങൾ. രാജ്യത്തെ എല്ലാ മതവിശ്വാസികളുടെയും പ്രധാന ദിവസങ്ങളിൽ ഇവിടെ അവധി നൽകുന്നുണ്ട്. ഇതിനെ ഉപയോഗമൊന്നുമില്ലാത്ത തരത്തിൽ ആളുകളുടെ പ്രീതിക്കായി ചെയ്യുന്നതായി നിങ്ങൾക്ക് കണക്കാക്കാം. അല്ലെങ്കിൽ എല്ലാവരുടേയും മതപരമായ ആചാരങ്ങൾക്ക് ഭരണകൂടം തുല്യമായ പരിഗണന നൽകുന്നതായി ഇന്ത്യൻ പൗരന്മാരെ അറിയിക്കുന്നതിനായിട്ടാണെന്നും കണക്കാക്കാം. അത് പരസ്യമായി എല്ലാവർക്കും പരിഗണന നൽകുന്നതിനുള്ള രീതിയാണ്. ആ രീതി എണ്ണത്തിന്റെ കണക്കിൽ ആർക്കാണ് കൂടുതൽ പരിഗണന വേണ്ടതെന്ന് തീരുമാനിക്കാൻ അനുവദിക്കുന്നില്ല.''

അദ്ദേഹം കൂട്ടിച്ചേർത്തു, ‘‘വ്യത്യസ്തതകളെ മനസ്സിലാക്കാത്തതും ഭൂരിപക്ഷത്തിന്റെ രീതികളിലേക്ക് മറ്റുള്ളവരെക്കൂടി സംയോജിപ്പിക്കാൻ ശ്രമിക്കുന്നതുമായ ഒരു രാഷ്ട്രീയ സംവിധാനം അവരെ അന്യവത്കരിക്കുന്നതിലാണ് അവസാനിക്കുകയെന്ന് അംബേദ്കറിന്റെ ഭരണഘടന ഓർമപ്പെടുത്തുന്നുണ്ട്. ഇത് ഹിന്ദുത്വയുടെ കാര്യത്തിലും മതനിരപേക്ഷതയുടെ കാര്യത്തിലും ശരിയാണ്.''

1905ൽ പ്രസിദ്ധീകരണം ആരംഭിച്ചതും, ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ 1910ൽ കണ്ടുകെട്ടുകയും ചെയ്ത സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനായ വക്കം മൗലവിയുടെ സ്മരിച്ചുകൊണ്ടായിരുന്നു പ്രഭാഷണം നടന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കൊളോണിയൽ ഇന്ത്യയിൽ നടന്ന സാമൂഹിക പരിഷ്‌കരണ മുന്നേറ്റങ്ങളിലെ ഒരു വിശിഷ്ടനായ വ്യക്തിയാണ് ജ്യോതിഭാ ഫൂലെയെയും നാരായണഗുരുവിനെയും പോലെ മൗലവിയെന്നും മുകുൾ പറഞ്ഞു. വൈവിധ്യത്തെയും ബഹുസ്വരതയെയും ബഹുമാനിക്കുന്ന ധീരനായ പത്രാധിപരായിരുന്നു മൗലവിയെന്നും അത് കോളണിവത്കരണത്തിനെതിരായ ഇന്ത്യയിലെ മുന്നേറ്റങ്ങളുടെ മുഖമുദ്രയാണെന്നും മുകുൾ പറഞ്ഞു. ▮

(അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധമായ ലുക്കിങ് ത്രൂ ദി ഗ്ലാസ് (ഛാട്ടോ ആൻറ്​ വിൻഡസ്), സെക്യുലർ കോമൺസെൻസ് (പെൻഗ്വിൻ ഇന്ത്യ), മെൻ ഇൻ വൈറ്റ് (പെൻഗ്വിൻ), ദി അഗ്ലിനെസ് ഓഫ് ദി ഇന്ത്യൻ മെയ്ൽ ആന്റ് അദർ പ്രൊപ്പോസിഷൻസ് (ബ്ലാക്ക് കൈറ്റ്), ഹോംലെസ് ഓൺ ഗൂഗ്ൾ എർത്ത് (ദി ഓറിയൻറ്​ ബ്ലാക്ക് സ്വാൻ), സിവിൽ ലൈൻസ് (ഹാപ്പർ കോളിൻസ്) തുടങ്ങിയ പുസ്​തകങ്ങൾ മുകുൾ കേശവൻ എഴുതിയിട്ടുണ്ട്​. ദി ടെലിഗ്രാഫ്, ക്രിക് ഇൻഫോ, ഔട്ട്​ലുക്ക്​ മാസിക, മിൻറ്​, ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ദി ഗാർഡിയൻ, ബുക്ക്ഫോറം, ദി ടൈംസ് ലിറ്ററി സപ്ലിമെൻറ്​, വിസ്ഡെൻ ക്രിക്കറ്റ് ഏഷ്യ, വിസ്ഡെൻ ക്രിക്കറ്റർ എന്നിവയിൽ കോളമിസ്റ്റാണ്​.)

വിവർത്തനം: നീതു ദാസ്​.


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ.എം. സീതി

മഹാത്മഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല സോഷ്യൽ സയൻസ് റിസർച്ച് ആൻറ്​ എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടർ. ഇവിടെ സോഷ്യൽ സയൻസസ് ഡീനായും ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്ക്സ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Global South Colloquy യിൽ എഴുതുന്നു. ​​​​​​​

Comments