ഓർമ്മിക്കപ്പെടേണ്ട അടിയന്തരാവസ്ഥ, വീണ്ടെടുക്കേണ്ട ജനാധിപത്യം

“അടിയന്തരാവസ്ഥയുടെ 50 വാർഷികമെന്നത് കേവലം ആചരിക്കപ്പെടേണ്ടത് മാത്രമല്ല. ഭരണഘടനാ ധാർമ്മികതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഉയരേണ്ടത്. ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇന്നത്തെ ഭീഷണി അപ്രഖ്യാപിത ജനാധിപത്യ ധ്വംസനങ്ങളാണ്. അത് എല്ലായിടത്തുമുണ്ട്,” കെ.എം. സീതി എഴുതുന്നു.

ന്ത്യൻ ജനാധിപത്യം വലിയ വെല്ലുവിളികളിലൂടെയും ഗുരുതരമായ പ്രതിസന്ധിയിലൂടെയും കടന്നുപോയ, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥയ്ക്ക് 50 വയസ്സ് തികയുകയാണ്. പൗരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് ഭരണഘടന രൂപകൽപ്പന ചെയ്യപ്പെട്ടതെങ്കിലും, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നിമിഷം മുതൽ അത് നിയന്ത്രണത്തിനുള്ള ഒരു ഉപകരണമായി മാറി. ഇന്ന്, ഔദ്യോഗികമായി അടിയന്തരാവസ്ഥ നിലനിൽക്കുന്നില്ലെങ്കിലും ജനാധിപത്യമൂല്യങ്ങൾ കശാപ്പ് ചെയ്യപ്പെടുന്നുവെന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള നിയന്ത്രണങ്ങൾ, വിയോജിപ്പുകളോടുള്ള അസഹിഷ്ണുത, ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തൽ എന്നിവ സമാനതകളില്ലാത്ത തരത്തിൽ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. ബി.ജെ.പി സർക്കാർ ഇന്ന് ‘സംവിധാൻ ഹത്യ ദിവസ്’ അഥവാ ജനാധിപത്യം കൊല ചെയ്യപ്പെട്ട ദിവസമായി ആചരിക്കുമ്പോൾ, നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി അതിലെ വൈരുദ്ധ്യം കാണാതിരിക്കാനാവില്ല. ഭരണഘടനാ ലംഘനത്തെ അനുസ്മരിക്കുന്നവർ തന്നെ, അതിൻെറ നിശബ്ദമായ ആവർത്തനത്തോട് താദാത്മ്യപ്പെട്ട് മുന്നോട്ട് പോവുകയാണ്.

നിയമപരമായി നടപ്പാക്കിയ ജനാധിപത്യ ധ്വംസനം

തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് രാജ്യത്ത് ആഭ്യന്തര പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് അവർ ആർട്ടിക്കിൾ 352 ഉപയോഗിച്ചത്. നിയമപരമായി ന്യായീകരിച്ച് നടപ്പാക്കിയ അടിയന്തരാവസ്ഥ യഥാർത്ഥത്തിൽ ഭരണഘടനയെ തന്നെ അട്ടിമറിക്കുകയായിരുന്നു. പൗരസ്വാതന്ത്ര്യം ഇല്ലാതായി, രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ചു, മാധ്യമങ്ങളെ അടിച്ചമർത്തി, സ്ഥാപനങ്ങളെ നിശബ്ദരാക്കി. പിന്നീടുള്ള 21 മാസം ഇന്ത്യയുടെ ഭരണഘടനാപരമായ ജനാധിപത്യം എക്സിക്യൂട്ടീവ് സ്വേച്ഛാധിപത്യത്താൽ അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്.

തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് രാജ്യത്ത് ആഭ്യന്തര പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് അവർ ആർട്ടിക്കിൾ 352 ഉപയോഗിച്ചത്.
തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് രാജ്യത്ത് ആഭ്യന്തര പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് അവർ ആർട്ടിക്കിൾ 352 ഉപയോഗിച്ചത്.

ഭരണകൂടം ജനങ്ങൾക്ക് അപ്രാപ്യമായ, വ്യക്തിപരവും രാഷ്ട്രീയവുമായ താൽപര്യങ്ങൾക്ക് അനുസൃതമായി അതിൻെറ നടത്തിപ്പുകളെ മുഴുവൻ കൊണ്ടുപോവുകയാണ് ചെയ്തതെന്ന് രാഷ്ട്രീയ സൈദ്ധാന്തികനായ രജനി കോത്താരി ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണഘടനയിലെ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒരുകാലത്തും പ്രായോഗികമായി ഉപയോഗിക്കപ്പെടില്ലെന്നായിരിക്കാം ഡോ. ബി.ആർ. അംബേദ്കർ കരുതിയിരിക്കുകയെന്ന് ചരിത്രകാരനായ സുഗത ബോസ് വിലയിരുത്തുന്നു. ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ഭരണഘടനാ അസംബ്ലിയിൽ സംസാരിച്ചിരുന്ന അംബേദ്കർ, പക്ഷേ രാജ്യത്തെ രാഷ്ട്രീയ സംസ്കാരം അങ്ങനെയൊരു കടുംകൈ ചെയ്യില്ലെന്ന ശുഭാപ്തി വിശ്വാസമാണ് പ്രകടിപ്പിച്ചിരുന്നത്. ആ പ്രതീക്ഷകളാണ് 1975-ൽ തകർന്നടിഞ്ഞത്.

നിയമം ജനങ്ങൾക്ക് പകരം അധികാരത്തെ സേവിക്കുമ്പോൾ

അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ ഹനിച്ചതിനെ ശരിവച്ച 1976-ലെ എഡിഎം ജബൽപുർ വിധി ജുഡീഷ്യറിയിലെ ഏറ്റവും വിവാദമായ നിമിഷങ്ങളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. വിധിയോടുള്ള ജസ്റ്റിസ് എച്ച്.ആർ. ഖന്നയുടെ വിയോജിപ്പ്, ഒരു വ്യവസ്ഥ മുഴുവൻ പരാജയപ്പെടുമ്പോഴും ജുഡീഷ്യൽ മനസ്സാക്ഷിയുടെ ശക്തമായ ഓർമ്മപ്പെടുത്തലായി നിലനിൽക്കുന്നു. ഭരണഘടന മർദ്ദനോപാധിയായി മാറിയ കാലമായിരുന്നു അടിയന്തരാവസ്ഥയെന്നാണ് നിയമ വിദഗ്ദൻ ഉപേന്ദ്ര ബക്ഷി വിശേഷിപ്പിക്കുന്നത്. പ്രതിബദ്ധതയുള്ള ജുഡീഷ്യറി എന്ന ആശയം ജഡ്ജിമാർ എക്സിക്യൂട്ടീവ് താൽപ്പര്യങ്ങൾക്കനുസരിച്ച് മാറിയപ്പോൾ തകരുകയാണ് ചെയ്തത്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഘട്ടം ഭരണഘടനയെ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 1978-ലെ 44-ാം ഭരണഘടനാ ഭേദഗതി അടിയന്തരാവസ്ഥാ പ്രഖ്യാപനങ്ങളെ കൂടുതൽ കർശനമാക്കുകയും അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്തു. 1973-ലെ കേശവാനന്ദ ഭാരതി കേസിലെ വിധി ഭൂരിപക്ഷ അഭിപ്രായങ്ങൾക്ക് മുകളിൽ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതായിരുന്നു.

സുഗത ബോസ്
സുഗത ബോസ്

ഭരണഘടനാ മൂല്യങ്ങൾ - മറവിയിലാണ്ട ധാർമ്മികത

അംബേദ്കർ ഊന്നിപ്പറഞ്ഞ ഭരണഘടനാ ധാർമ്മികത തകർക്കപ്പെടുന്നതാണ്, അന്നും ഇന്നും ഭരണഘടനാ പ്രതിസന്ധിയുടെ കാതൽ. ‘ഭരണഘടനയുടെ വ്യവസ്ഥകളോടുള്ള പരമമായ ആദരവ്’ എന്നാണ് ഈ ധാർമ്മികതയെ അംബേദ്കർ നിർവചിച്ചിരുന്നതെന്ന് ജോർജ്ജ് ഗ്രോട്ട് പറയുന്നുണ്ട്. തുറന്ന സംഭാഷണങ്ങളുടെയും വിയോജിപ്പുകളുടെയുമൊക്കെ ഭാഗമായാണ് ഇത് ഉരുത്തിരിയുന്നത്. ഈ ധാർമ്മിക ബോധം ഉണ്ടാക്കിയെടുക്കാൻ സാധിക്കില്ലെന്നും സ്വാഭാവികമായ ഉണ്ടാവേണ്ടതാണെന്നും നിരീക്ഷിക്കുന്നുണ്ട്. അംബേദ്കറുടെ ജനാധിപത്യ ദർശനത്തിന്റെ കേന്ദ്രബിന്ദുവായ ഭരണഘടനാ ധാർമ്മികതയുടെ അഞ്ച് പ്രധാന ഘടകങ്ങളെ പ്രതാപ് ഭാനു മേത്ത വിശദീകരിക്കുന്നുണ്ട്. പലതരത്തിലുള്ള താൽപ്പര്യങ്ങൾക്കും വിപ്ലവകരമായ പ്രേരണയ്ക്കും മുകളിൽ ആത്മനിയന്ത്രണത്തിന്റെ ആവശ്യകതയാണ് ആദ്യത്തെ ഘടകം. ജനാധിപത്യം ഭരണഘടനാപരമായാണ് പ്രവർത്തിക്കേണ്ടതെന്നാണ് അദ്ദേഹം വിശ്വസിച്ചത്. സത്യാഗ്രഹം പോലെയുള്ള തിരുത്തൽ പ്രക്രിയയാവരുത് അതിൻെറ അിടസ്ഥാനം. സത്യാഗ്രഹം അഹിംസയാണെങ്കിലും ഒരു ബഹുസ്വര സമൂഹത്തിൽ അതുമായി ബന്ധപ്പെട്ട് വിരുദ്ധാഭിപ്രായങ്ങൾ ഉണ്ടായേക്കാം.

അംബേദ്കർ ഊന്നിപ്പറഞ്ഞ ഭരണഘടനാ ധാർമ്മികത തകർക്കപ്പെടുന്നതാണ്, അന്നും ഇന്നും ഭരണഘടനാ പ്രതിസന്ധിയുടെ കാതൽ.
അംബേദ്കർ ഊന്നിപ്പറഞ്ഞ ഭരണഘടനാ ധാർമ്മികത തകർക്കപ്പെടുന്നതാണ്, അന്നും ഇന്നും ഭരണഘടനാ പ്രതിസന്ധിയുടെ കാതൽ.

രണ്ടാമതായി, ഭരണഘടനാ മൂല്യങ്ങൾ പ്രത്യയശാസ്ത്രപരമായ വിജയത്തേക്കാൾ ബഹുസ്വരതയോടും അതിൻെറ പ്രക്രിയയോടുമാണ് പ്രതിബദ്ധത കാണിക്കേണ്ടത്. ഇന്ത്യയെപ്പോലെ വൈവിധ്യപൂർണ്ണമായ ഒരു രാജ്യത്ത്, എല്ലാത്തിനോടും ഒരുപോലെയുള്ള പ്രതികരണങ്ങൾ ഉണ്ടാവുകയെന്നത് യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ്; ജനാധിപത്യ ഘടനയെ ഒരുമിച്ച് നിർത്തുന്നത് ഭരണഘടനാ നടപടിക്രമങ്ങളും തീരുമാനങ്ങളും എല്ലാവരും പാലിക്കുന്നുവെന്നുള്ളതാണ്. വ്യക്തി ആരാധനകളും ഏതെങ്കിലും നേതാക്കളോ സ്ഥാപനമോ ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരം സ്ഥാപിക്കുന്നതും വലിയ സംശയത്തോടെയും ആശങ്കയോടെയുമാണ് അംബേദ്കർ കണ്ടിരുന്നതെന്ന് മൂന്നാമതായി മെഹ്ത പറയുന്നു. അംബേദ്കറിൻെറ അഭിപ്രായത്തിൽ ജനാധിപത്യം സൂക്ഷ്മമമായി നിരീക്ഷിക്കപ്പെടുകയും വ്യക്തി ആരാധനകളെ തള്ളിക്കളയുകയും ചെയ്യണം. നാലാമതായി, വ്യവസ്ഥാപിതമായ പ്രക്രിയകൾക്കും പ്രവർത്തനങ്ങൾക്കുമാണ് പ്രാധാന്യം കൊടുക്കുന്നത്. ഇത് വെറും ചടങ്ങുകളായി ചെയ്യേണ്ടതല്ല, സുതാര്യമായി ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപടികൾ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ്. അഞ്ചാമതായി, ജനാധിപത്യത്തിൻറ അടിസ്ഥാനഘടകമായി അംബേദ്കർ കാണുന്നത് ധാർമികബോധമുള്ള സമൂഹത്തെയാണ്. വ്യക്തികൾ സ്വത്വബോധത്തിൽ മാത്രമോ സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് മാത്രമോ പ്രവർത്തിച്ചാൽ ജനാധിപത്യ പ്രക്രിയ ആകെ തകരും. ഭരണാഘടന മൂല്യങ്ങൾ നിയമത്തിൽ മാത്രം അധിഷ്ടിതമായിരിക്കുകയല്ല, ധാർമികമായ പ്രതിബദ്ധതയും ഇവിടെ പ്രാധാന്യമേറിയതാണ്.

ഏകകക്ഷി ഭരണത്തിൽ നിന്നുള്ള മാറ്റം

ഇന്ത്യൻ ഭരണകൂടത്തിൻെറ പര്യായമായിരുന്ന കോൺഗ്രസ് സംവിധാനം അടിയന്തരാവസ്ഥയ്ക്ക് ശേഷം തകർന്നുപോവുകയായിരുന്നുവെന്ന് കോത്താരി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ അത് പൂർണമായും അപ്രത്യക്ഷമായില്ല, അതിന് ബദലുകളുണ്ടാവുകയാണ് ചെയ്തത്. ഇന്ന് സംഘപരിവാറിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്ന അധികാരം ഭൂരിപക്ഷത്തിൻെറ മറ്റൊരു ശൃംഘലയാണ് വ്യക്തമാക്കുന്നത്. നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിസൂക്ഷ്മ നിരീക്ഷണം, രാജ്യദ്രോഹ നിയമങ്ങൾ, ഭീകരവിരുദ്ധ നിയമങ്ങൾ, മാധ്യമങ്ങളെ അടിച്ചമർത്തൽ എന്നിവ ജനാധിപത്യ ഇടത്തെ ചുരുക്കിയിരിക്കുന്നു. 1975-ൽ ജനാധിപത്യധ്വംസനത്തിൻെറ ഭാഗമായി നിലനിന്നിരുന്ന നിയമോപകരണങ്ങളായ പ്രതിരോധ തടങ്കൽ, വിപുലമായ എക്സിക്യൂട്ടീവ് അധികാരങ്ങൾ എന്നിവയിൽ മാറ്റങ്ങളുണ്ടായി. ബക്ഷി മുന്നറിയിപ്പ് നൽകുന്നതുപോലെ, നവലിബറൽ രാഷ്ട്രം സാമ്പത്തിക മേഖലയെ ഭരണകൂടത്തിൻെറ ബലപ്രയോഗവുമായി സംയോജിപ്പിച്ചിരിക്കുന്നു, ഇത് ദരിദ്രരെയും അരികുവൽക്കരിക്കപ്പെട്ടവരെയും മുമ്പ് എന്നത്തേക്കാളും കൂടുതൽ ദുർബലരാക്കി.

ഇന്ന് സംഘപരിവാറിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്ന അധികാരം ഭൂരിപക്ഷത്തിൻെറ മറ്റൊരു ശൃംഘലയാണ് വ്യക്തമാക്കുന്നത്.

കോടതികൾ, ഭരണഘടന, ധാർമ്മികതയുടെ പങ്ക്

അടിയന്തരാവസ്ഥയ്ക്ക് ശേഷം, ഭരണഘടനാ ധാർമ്മികത ഉയർത്തിപ്പിടിക്കുന്ന സുപ്രധാന വിധികളിലൂടെ ജുഡീഷ്യറി സ്വയം വീണ്ടെടുക്കലുകൾ നടത്തിയിട്ടുണ്ട്. നവ്‌തേജ് ജോഹർ v/s യൂണിയൻ ഓഫ് ഇന്ത്യ (2018) എന്ന കേസിൽ, സ്വവർഗരതിയെ കുറ്റകരമല്ലെന്ന് വിധിച്ച്, സാമൂഹത്തിൻെറ മുൻവിധിയെക്കാൾ വ്യക്തികളുടെ അവകാശങ്ങൾക്കാണ് പ്രാധാന്യമെന്ന് സ്ഥിരീകരിച്ചു. 2018-ലെ ശബരിമല കേസിൽ, പാരമ്പര്യത്തേക്കാൾ തുല്യതയ്ക്കാണ് പ്രാധാന്യമെന്ന് ചൂണ്ടിക്കാട്ടി കോടതി സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ആവാമെന്ന് വിധിച്ചു. പുട്ടസ്വാമി v/s യൂണിയൻ ഓഫ് ഇന്ത്യ (2017) കേസിൽ സ്വകാര്യത മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച കോടതി സ്റ്റേറ്റിൻെറ ഇടപെടലുകളുടെ പരിമിതി എന്താണെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്. ഈ വിധിന്യായങ്ങളെല്ലാം സൂചിപ്പിക്കുന്നത്, രാഷ്ട്രീയ - സാമൂഹ്യ സമ്മർദ്ദങ്ങൾക്കപ്പുറത്ത് സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകുന്ന കോടതിയുടെ സന്നദ്ധതയാണ്. എന്നാൽ ഈ ധാർമ്മിക ചട്ടക്കൂട് ദുർബലമാണ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ വന്ന പല വിധികളും കാണിക്കുന്നത്, ഭൂരിപക്ഷ സമ്മർദ്ദങ്ങൾക്ക് കോടതികൾ വഴങ്ങുന്നുവെന്നാണ്. പൗരസ്വാതന്ത്ര്യം, മാധ്യമങ്ങളെ അടിച്ചമർത്തൽ തുടങ്ങിയ വിഷയങ്ങളിൽ കോടതികൾ പുലർത്തുന്ന മൗനം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. നയങ്ങളിൽ നിന്ന് കോടതിയെ മാറ്റിനിർത്താൻ ഉപയോഗിച്ചിരുന്ന ‘ലക്ഷ്മൺ രേഖ’ എന്ന ആശയം ഇപ്പോൾ അധികാരത്തെ സൂക്ഷ്മപരിശോധനയിൽ നിന്ന് മാറ്റിനിർത്താൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്.

പുട്ടസ്വാമി v/s യൂണിയൻ ഓഫ് ഇന്ത്യ (2017) കേസിൽ സ്വകാര്യത മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച കോടതി സ്റ്റേറ്റിൻെറ ഇടപെടലുകളുടെ പരിമിതി എന്താണെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്.
പുട്ടസ്വാമി v/s യൂണിയൻ ഓഫ് ഇന്ത്യ (2017) കേസിൽ സ്വകാര്യത മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച കോടതി സ്റ്റേറ്റിൻെറ ഇടപെടലുകളുടെ പരിമിതി എന്താണെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്.

ജനാധിപത്യത്തിലെ പരീക്ഷണം

ഭരണഘടനാ ധാർമികതയെന്നത് കോടതിമുറികളിലോ നിയമപുസ്തകങ്ങളിലോ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. പൊതുജീവിതത്തിലും രാഷട്രീയ ചർച്ചകളിലും വിദ്യാഭ്യാസത്തിലും പൗരരുടെ പെരുമാറ്റത്തിലുമെല്ലാം ഇത് ഉൾച്ചേർന്നിരിക്കണം. ഭരണഘടനാ അസംബ്ലി, അതിന്റെ വൈരുദ്ധ്യങ്ങൾക്കിടയിലും, ധാർമ്മിക ബഹുസ്വരതയും സമവായവും വിട്ടുവീഴ്ചയുമെല്ലാം പ്രകടമാക്കിയിരുന്നുവെന്ന് മെഹ്ത പറയുന്നുണ്ട്. എന്നാൽ, ഇന്നത്തെ പാർലമെൻറിന് അങ്ങനെയാവാൻ സാധിക്കുമോ?

ആവിഷ്കാര സ്വാതന്ത്ര്യം വലിയ ഭീഷണികൾ നേരിടുന്നു. ഒരുകാലത്ത് സർഗാത്മകതയുടെയും വിമർശനചിന്തകളുടെയുമൊക്കെ കേന്ദ്രമായിരുന്ന സർവകലാശാലകൾ, ഉദ്യോഗസ്ഥ മേധാവിത്വത്തിൻെറ നിയന്ത്രണത്തിലാണ്. ന്യൂനപക്ഷങ്ങളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നു. പൊതുസമൂഹം ആകെ പലതട്ടുകളിലാണ്. ഇത് അടിയന്തരാവസ്ഥയല്ല, മറിച്ച് മൊത്തത്തിലുള്ള തകർച്ചയാണ്. ഭരണഘടന നിർബന്ധിതമായി നിലനിൽക്കുകയാണ്, അല്ലാതെ അതിൻെറ പൂർണസത്തയോട് കൂടിയല്ല. ബക്ഷി നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, ഭരണഘടന ഒരു ആചാരമായല്ല നിലനിൽക്കേണ്ടത്, മറിച്ച് ജീവനുള്ള ഒരു രേഖയായിട്ടാണ്.

1950 മുതൽ ഉയർത്തിപ്പിടിച്ച ജനാധിപത്യ വാഗ്ദാനവും, 1975-ൽ നിന്ന് പഠിച്ച പാഠങ്ങളും ഉൾക്കൊണ്ടുകൊണ്ട് ഭരണഘടനാ മൂല്യങ്ങളെ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങൾ നടക്കേണ്ടതുണ്ട്.

1950 മുതൽ ഉയർത്തിപ്പിടിച്ച ജനാധിപത്യ വാഗ്ദാനവും, 1975-ൽ നിന്ന് പഠിച്ച പാഠങ്ങളും ഉൾക്കൊണ്ടുകൊണ്ട് ഭരണഘടനാ മൂല്യങ്ങളെ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങൾ നടക്കേണ്ടതുണ്ട്. ഭരണഘടന വെറും പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്ന എന്നതിന് പകരം അതിൻെറ അന്തസത്ത ഉൾക്കൊള്ളുന്ന തരത്തിൽ സ്കൂളുകളിലും സർവകലാശാലകളിലും വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ സാധിക്കണം. ഭരണകൂടത്തിൻെറ സമ്മർദ്ദങ്ങളിൽ നിന്ന് മുക്തരായി സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും ജുഡീഷ്യറിക്കും മാധ്യമങ്ങൾക്കുമെല്ലാം പ്രവർത്തിക്കാൻ സാധിക്കണം. പൊതുസമൂഹം, എൻ.ജി.ഒകൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, അടിത്തട്ടിൽ പ്രവർത്തിക്കുന്ന മറ്റ് സംഘടനകൾ എന്നിവയെല്ലാം ജനാധിപത്യ പ്രക്രിയയിൽ സജീവമായ പങ്കാളിത്തം ഉറപ്പാക്കണം. എതിർ സ്വരങ്ങളില്ലാതെ ജനാധിപത്യത്തിന് നിലനിൽപ്പില്ലെന്ന് മനസ്സിലാക്കി, വിയോജിപ്പുകളെ പരിഗണിക്കുകയും സംരക്ഷിക്കുകയും വേണം. ഇതിനെല്ലാം അപ്പുറത്ത്, അധികാരമുള്ളവർക്കും ഇല്ലാത്തവർക്കും തുല്യമായ പരിഗണന ലഭിക്കുന്ന തരത്തിൽ നിയമങ്ങൾ പരിരക്ഷിക്കപ്പെടണം.

 ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇന്നത്തെ ഭീഷണി അപ്രഖ്യാപിത ജനാധിപത്യ ധ്വംസനങ്ങളാണ്.
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇന്നത്തെ ഭീഷണി അപ്രഖ്യാപിത ജനാധിപത്യ ധ്വംസനങ്ങളാണ്.

പുനർനിർമ്മാണം നടക്കണം

അടിയന്തരാവസ്ഥയുടെ 50 വാർഷികമെന്നത് കേവലം ആചരിക്കപ്പെടേണ്ടത് മാത്രമല്ല. ധാർമ്മികതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഉയരേണ്ടത്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇന്നത്തെ ഭീഷണി അപ്രഖ്യാപിത ജനാധിപത്യ ധ്വംസനങ്ങളാണ്. അത് എല്ലായിടത്തുമുണ്ട്. ഭരണഘടനയെന്നത് സ്വയം നടപ്പിലാവുന്നതല്ലെന്നാണ് ഇവരണ്ടും വ്യക്തമാക്കുന്നത്.

ജനാധിപത്യം ഒരു സുപ്രഭാതത്തിൽ തകരുന്നതല്ല, അത് പതുക്കെ പതുക്കെ ചോരചിന്തി, നിയമങ്ങൾ വളച്ചൊടിക്കപ്പെട്ട്, വിയോജിപ്പുകൾ അടിച്ചമർത്തപ്പെട്ട്, സ്ഥാപനങ്ങൾ ഭരണകൂടത്തിൻെറ അടിമകളായി പ്രവർത്തിച്ചാണ് തകർച്ചയിലേക്ക് പതിക്കുന്നത്. അടിയന്തരാവസ്ഥ ജനാധിപത്യത്തിൽ നിന്നുള്ള ഒരു വഴിമാറി നടത്തമായിരുന്നില്ല, ഒരു മുന്നറിയിപ്പായിരുന്നു. ആ കാലം ഓർമ്മിക്കുകയെന്നത് ഭൂതകാലത്തിൽ അഭിരമിക്കാനല്ല, അതിൻെറ തിരിച്ചുവരവ് ഒരിക്കലും ഉണ്ടാവരുതെന്ന നിർബന്ധബുദ്ധിയോടെയാവണം.

കടപ്പാട്: eurasiareview.com


Summary: The 50th anniversary of the Emergency is not just a ritual of remembrance. It is a moral reckoning, KM Seethi writes about Indira Gandhi's emergency and current threats against democracy.


കെ.എം. സീതി

രാജ്യാന്തര പഠന വിദഗ്ധൻ, എം.ജി. സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടർ.

Comments