കോന്നിയിൽ സ്വയം തോൽപ്പിക്കപ്പെടുന്ന കോൺഗ്രസും ബി.ജെ.പിയും

Election Desk

ബി.ജെ.പിക്കെതിരെ ഒരു "ശക്തൻ' തിയറിയൊക്കെ സൃഷ്ടിച്ച് നേമത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിന് നേർവിപരീതമാണ് കോന്നിയിൽ ആ പാർട്ടിയുടെ അവസ്ഥ.

1996 മുതൽ 2016 വരെ അടൂർ പ്രകാശിലൂടെ കോൺഗ്രസ് കുത്തകയാക്കി വച്ച മണ്ഡലം എങ്ങനെയാണ്, 2019ലെ ഉപതെരഞ്ഞെടുപ്പിൽ കെ.യു. ജനീഷ്‌കുമാർ എന്ന യുവാവിലൂടെ സി.പി.എം നേടിയെടുത്തത്? അതും, ശബരിമലയെ കേന്ദ്രമാക്കി ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണ ശ്രമങ്ങൾ അതിന്റെ പാരമ്യത്തിലായിരുന്ന സമയത്ത്.
9953 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജനീഷ്‌കുമാർ കോൺഗ്രസിലെ പി. മോഹൻരാജിനെ അട്ടിമറിച്ചത്. മൂന്നുവർഷം മുമ്പുനടന്ന തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിന് 20,748 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലമായിരുന്നു ഇതെന്നുകൂടി ഓർക്കണം.

കോൺഗ്രസിലെ കാലുവാരലാണ്, യു.ഡി.എഫിന്റെ തോൽവിക്കുകാരണമായി അവർ പറയുന്നതെങ്കിലും, ജനവിധിയെ വർഗീയമായി സ്വാധീനിക്കാനുള്ള തന്ത്രങ്ങൾക്ക് ജനം കൊടുത്ത തിരിച്ചടിയായിരുന്നു ഉപതെരഞ്ഞെടുപ്പുഫലം. കോൺഗ്രസിലെ വിഭാഗീയതയിൽ ബി.ജെ.പി നല്ല വിളവെടുക്കുകയും ചെയ്തു. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ രണ്ടാം മണ്ഡലമാണ് കോന്നി. സുരേന്ദ്രൻ കോന്നി കൂടി തെരഞ്ഞെടുത്തത് ശബരിമല എന്ന സുവർണാവസരം വീണ്ടും മുതലാക്കാനുള്ള ബി.ജെ.പിയുടെ സംസ്ഥാനനയതന്ത്രത്തിന്റെ ഭാഗമായാണ്. ശബരിമലയെക്കുറിച്ചുള്ള ഏതു സംസാരവും തങ്ങൾക്ക് അനുകൂലമായി വഴിതിരിച്ചുവിടാനുള്ള സാഹചര്യമാണ് ബി.ജെ.പി സജ്ജമാക്കിവച്ചിരുന്നത്. എന്നാൽ, ആ കാമ്പയിൻ പദ്ധതി വേണ്ടത്ര ക്ലച്ചുപിടിച്ചില്ല എന്ന് കോന്നിയിലെ പ്രചാരണം സാക്ഷ്യപ്പെടുത്തുന്നു. ഒന്നര വർഷത്തെ വികസനത്തെക്കുറിച്ചേ പറയാനുള്ളൂ എങ്കിലും ജനീഷ്‌കുമാർ അത് ജനങ്ങൾക്കുമുന്നിൽ നന്നായി അവതരിപ്പിക്കുന്നുണ്ട്. ജാതി- സാമുദായിക വോട്ടുബാങ്കുകളെ കേന്ദ്രീകരിച്ചുള്ള ബി.ജെ.പി കാമ്പയിൻ യു.ഡി.എഫിനെയാണ് അങ്കലാപ്പിലാക്കുന്നത്. ശബരിമലയാണോ അടൂർ പ്രകാശിന്റെ കാൽനൂറ്റാണ്ടുകാലത്തെ വികസനമാണോ വിഷയം എന്നതിൽ യു.ഡി.എഫിന് ആശയക്കുഴപ്പമുണ്ട്.

2019ലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി. മോഹൻരാജിന്റെ അട്ടിമറിത്തോൽവിക്കിടയാക്കിയ സാഹചര്യം അതേപടി ഇപ്പോഴും കോന്നിയിലുണ്ട്. 2019ൽ ആറ്റിങ്ങൽ എം.പിയായതിനെതുടർന്ന് അടൂർ പ്രകാശ് എം.എൽ.എ സ്ഥാനമൊഴിഞ്ഞതിനെതുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. അടൂർ പ്രകാശ് നിർദേശിച്ച റോബിൻ പീറ്ററിനുപകരം മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജിനെയാണ് സ്ഥാനാർഥിയാക്കിയത്. ഇതോടെ, വിഭാഗിയത മൂർച്ഛിച്ചു. മോഹൻരാജിനെ തോൽപ്പിക്കാൻ അടൂർ പ്രകാശ് ചരടുവലിച്ചുവെന്ന ആക്ഷേപം പാർട്ടിയിൽ തന്നെയുണ്ടായി. മോഹൻരാജ് എൻ.എസ്.എസ് സ്ഥാനാർഥിയാണ് എന്ന് പ്രചരിപ്പിച്ചതിലൂടെ ഭൂരിപക്ഷ സമുദായ ഏകീകരണമുണ്ടാകുകയും അത് തോതോൽവിക്കിടയാക്കിയെന്നുമായിരുന്നു അടൂർ വിരുദ്ധപക്ഷത്തിന്റെ ആക്ഷേപം. റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കിയാൽ അത് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപ്പിച്ചവർക്കുള്ള അംഗീകാരമാകുമെന്നാണ് ഇത്തവണ അടൂർ പ്രകാശ് വിരുദ്ധപക്ഷം പ്രചരിപ്പിച്ചത്. എങ്കിലും, ഇത്തവണ അടൂർ പ്രകാശ് ആദ്യഘട്ട വിജയം നേടി, റോബിൻ പീറ്റർ സ്ഥാനാർഥിയായി. ഇതേതുടർന്ന്, ഡി.സി.സി പ്രസിഡന്റായിരുന്ന പി. മോഹൻരാജ് പാർട്ടി വിട്ടു. ഉപതെരഞ്ഞെടുപ്പിൽ കാലുവാരി തന്നെ തോൽപ്പിച്ച റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി. ബി.ജെ.പി മോഹൻരാജിനെ വട്ടമിട്ടു പറക്കുന്നുണ്ട്.

2016- നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.
2016- നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അലക്സാണ്ടർ മാത്യുവും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നു. "അടൂർ പ്രകാശിന്റെ നോമിനിയെ വേണ്ട' എന്ന അടക്കം പറച്ചിലുമായി വിരുദ്ധ വിഭാഗം കോൺഗ്രസിൽ സജീവമാണ്. കാലുവാരലിന് മറ്റൊരു കാലുവാരലിലൂടെയാണല്ലോ സാധാരണ പകരം വീട്ടുക, അത് കോൺഗ്രസിലെ ഒരു നാട്ടുനടപ്പുമാണ്. ബി.ജെ.പിക്കെതിരെ ഒരു "ശക്തൻ' തിയറിയൊക്കെ സൃഷ്ടിച്ച് നേമത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിന് നേർവിപരീതമാണ് കോന്നിയിൽ, അതേ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെതിരായ മത്സരം എന്നർഥം.

ഇനി കെ. സുരേന്ദ്രന്റെ കോന്നി പ്രതീക്ഷ എന്താണ്? 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രന് കോന്നി മണ്ഡലത്തിൽ ലഭിച്ചത് 46,506 വോട്ട്. 2019ലെ ഉപതെരഞ്ഞെടുപ്പിൽ ഇത് 39,786 ആയി കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായില്ല. ശബരിമല എന്ന ഒരൊറ്റ അജണ്ട സംസ്ഥാനമാകെ കത്തിച്ചുനിർത്താനുള്ള സ്ഥാനാർഥിത്വമാണ് കോന്നിയിൽ സുരേന്ദ്രന്റേത് എന്ന് വ്യക്തം. എന്നാൽ, അത് ദയനീയമായി പരാജയപ്പെടുകയാണ്. കാരണം, ആ സ്ഥാനാർഥിത്വത്തിനുപുറകിലെ താൽപര്യം പുറത്തുവന്നതോടെ, പാർട്ടിക്കുള്ളിൽ തന്നെ അതിന് എതിർപ്പുണ്ടായി, ഒപ്പം, ബി.ജെ.പി തരാതരം നടത്തുന്ന വോട്ടുകച്ചവടത്തിന്റെ കഥകൾ അങ്ങാടിപ്പാട്ടായത് സംഘടനാപരമായി അവർക്കുതന്നെ തിരിച്ചടിയായ സ്ഥിതിയുമാണ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു മുന്നേറ്റം. 11 പഞ്ചായത്തുകളിൽ കോന്നിയും തണ്ണിത്തോടും ഒഴികെയുള്ളവ എൽ.ഡി.എഫിനാണ്. കോൺഗ്രസ് പരമ്പരാഗതമായി കൈവശംവെച്ചിരുന്ന പ്രമാടം, മൈലപ്ര പഞ്ചായത്തുകൾ ഇടതുപക്ഷം പിടിച്ചെടുത്തു. ചിറ്റാറിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും അട്ടിമറിയിലൂടെ എൽ.ഡി.എഫ് ഭരണം പിടിച്ചു. 1996 മുതൽ 23 വർഷം അടൂർ പ്രകാശിലൂടെ യു.ഡി.എഫ് കുത്തകയായിരുന്ന കോന്നി 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് എൽ.ഡി.എഫ് പിടിച്ചടക്കിയത്.

1967 ലെ ആദ്യ തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ പി.പി.ആർ.എം. പിള്ളയാണ് ജയിച്ചത്. 1970, 1977 വർഷങ്ങളിൽ കോൺഗ്രസിലെ പി.ജെ. തോമസ് എം.എൽ.എയായി. 1980 ൽ വി.എസ്. ചന്ദ്രശേഖർ പിള്ളയിലൂടെ സി.പി.എമ്മിന് ആദ്യ ജയം. 1982 ലും പിള്ള തന്നെ. 1987 ൽ സ്വതന്ത്രൻ ചിറ്റൂർ ശശാങ്കൻ നായർ. 1991ൽ സി.പി.എമ്മിലെ എ. പദ്മകുമാർ. 1996 ലെ ആദ്യ മത്സരത്തിൽ അടൂർ പ്രകാശിന്റെ ഭൂരിപക്ഷം 806 വോട്ടായിരുന്നു. 2001ൽ ആറന്മുള്ള എം.എൽ.എയും കവിയുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണനെ സ്ഥാനാർഥിയാക്കി കോന്നി തിരിച്ചുപിടിക്കാനുള്ള സി.പി.എം ശ്രമവും പാളി. 14,050 വോട്ടിനാണ് പ്രകാശ് കടമ്മനിട്ടയെ തോൽപ്പിച്ചത്.
കോന്നി, അരുവാപ്പുലം, മലയാലപ്പുഴ, പ്രമാടം, മൈലപ്ര, തണ്ണിത്തോട്, വള്ളിക്കോട്, ചിറ്റാർ, സീതത്തോട്, കലഞ്ഞൂർ, ഏനാദിമംഗലം പഞ്ചായത്തുകളടങ്ങിയതാണ് മണ്ഡലം.

Comments