ഐ.എ.എസ്​ ലോബിയുടെ കപടസിദ്ധാന്തങ്ങളാണോ പിണറായിയെ ഭരിക്കുന്നത്​?

മദ്യപിച്ചു ലക്കുകെട്ട ഐ.എ.എസുകാരന്റെ വാഹനമിടിച്ച്​ മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവം കേരളത്തിലെ ഓ​രോ മാധ്യമ പ്രവർത്തകന്റെയും നെഞ്ചിൽ ഇന്നും നീറ്റലുണ്ടാക്കുന്ന വേദനയാണ്. തുടക്കത്തിൽ ആ വേദനയിൽ ഒപ്പം നിൽക്കുകയും വലിയ ആശ്വാസം പകരുന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഐ എ. എസ് ലോബിയുടെ കപട സിദ്ധാന്തങ്ങൾക്ക് വശംവദനാകുവാൻ നിർബന്ധിതനായി എങ്കിൽ രാജ്യത്തെ നീതി നിർവഹണ സംവിധാനം എത്തിനിൽക്കുന്ന അപായ ഗർത്തത്തിന് ഇതിലും വലിയ ദൃഷ്ടാന്തം വേറെയില്ല. കേരള പത്രപ്രവർത്തക യൂണിയൻ സംസ്​ഥാന പ്രസിഡൻറ്​ കെ.പി. റജി എഴുതുന്നു.

രണവ്യവസ്‌ഥ ഏതുതന്നെ ആയാലും രാഷ്ട്രീയ സംഹിതകൾ എന്തുതന്നെ ആയാലും പുരാതനകാലം മുതലേ അതിന്റെ സുഗമവും സുതാര്യവുമായ നിലനിൽപ്പിനും വിശ്വാസ്യതയ്ക്കുമായി ഭരണാധികാരികൾ പിന്തുടർന്നുവന്നിരുന്ന നീതിബോധത്തിന്റെയും ന്യായയുക്തിയുടെയും പ്രയോഗങ്ങളെക്കുറിച്ച്​ ഏറെ പറഞ്ഞുകേൾക്കുകയും വായിച്ചറിയുകയും ചെയ്തിട്ടുള്ളവരാണ് നമ്മൾ. സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം എന്ന വിഖ്യാത പ്രയോഗത്തിനടിസ്‌ഥാനമായ, റോമൻ ചക്രവർത്തി ജൂലിയസ് സീസറിന്റെ നിലപാട് കോടതികളിൽ ന്യായാധിപൻമാർ ആവർത്തിച്ചുദ്ധരിക്കുന്നതിന് സമീപകാലങ്ങളിൽ പോലും ഉദാഹരണങ്ങൾ ഒരുപാടുണ്ടാകുന്നുണ്ട്.

രാമായണ കഥയിൽ ജനങ്ങളുടെ വിശ്വാസ്യതക്കായി ഇഷ്ട പ്രാണേശ്വരിയായ സീതയെ കാട്ടിലുപേക്ഷിച്ച അവതാരപുരുഷനായ രാമനും ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാവേണ്ട നീതിബോധവും വ്യക്തിപരമായ സംശുദ്ധിയും ഉദ്‌ഘോഷണം ചെയ്യാനാണ് ശ്രമിച്ചത്. റോമൻ ചക്രവർത്തിയുടെയും രഘുവംശ ചക്രവർത്തിയുടെയും നിലപാടുകളിലെ തികഞ്ഞ സ്ത്രീവിരുദ്ധതയുടെ രാഷ്ട്രീയം അതിശക്തിയോടെ എതിർക്കപ്പെടേണ്ടതുതന്നെ എന്ന് അംഗീകരിക്കുമ്പോഴും വർത്തമാനകാല രാഷ്ട്രീയത്തിൽ ഭരണാധികാരികളും അധികാരസ്‌ഥാനങ്ങളിൽ ഇരിക്കുന്നവരും പിന്തുടരേണ്ട സാമാന്യനീതിയുടെ വ്യക്തമായ പ്രഖ്യാപനം രണ്ടിലുമുണ്ട് എന്നത് കാണാതിരിക്കാനാവില്ല.

ശ്രീറാം വെങ്കിട്ടരാമൻ
ശ്രീറാം വെങ്കിട്ടരാമൻ

യുവ മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കുംവിധം മദ്യലഹരിയിൽ കാറോടിച്ചുവെന്നുമാത്രമല്ല, കേസിൽ നിന്ന് രക്ഷപ്പെടാൻ അധികാരത്തിന്റെ നീരാളിക്കൈകളും ചാണക്യതന്ത്രങ്ങളും ഉപയോഗിച്ച് കുൽസിത കൗശലങ്ങൾ ആവിഷ്കരിക്കുകയും ഉദ്യോഗസ്‌ഥലോബിയുടെ തിരക്കഥയിൽ പദവികളുടെ ചവിട്ടുപടികൾ കയറുകയും ചെയ്യുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്‌ഥാനത്ത്‌ അവരോധിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം ഭരണകൂടം പുലർത്തേണ്ട സാമാന്യ മര്യാദയുടെയും ന്യായബോധത്തിന്റെയും നേർക്ക് നിയമവാഴ്ചയിൽ വിശ്വസിക്കുന്ന ഓരോ മലയാളിയുടെയും ചൂണ്ടുവിരൽ ഉയരാൻ പര്യാപ്തമാണ്.

ത്രില്ലർ സിനിമയുടെ ചേരുവകളെല്ലാം ചേരുന്ന പാതിരാ കൊലപാതകം തന്നെ ആയിരുന്നു ബഷീറിന്റെ അപകട മരണം എന്നതും അതിന്റെ കേസിൽനിന്ന് രക്ഷപ്പെടാൻ ഏത് ക്രിമിനലിനെയും വെല്ലുന്ന നാടകങ്ങൾ നടത്തിയ ഐ. എ. എസ് താരത്തിന്റെ സൂപ്പർ ബ്രെയിൻ ബുദ്ധിയും ഇനിയും അധികം വിവരണവും വിശേഷണവും ആവശ്യപ്പെടുന്നില്ല എന്നുതോന്നുന്നു. കാലമിത്ര കഴിഞ്ഞിട്ടും അപകടസ്‌ഥലത്ത്‌ നഷ്ടപ്പെട്ട ബഷീറിന്റെ ഫോൺ കണ്ടെത്താൻ പോലും കഴിയാത്തതിന്റെ ദുരൂഹതയും വേറെ തന്നെ വിശേഷ ചർച്ച ആവശ്യമുള്ള വിഷയമാണ്.

കേരളത്തിലെ ഓരോ മാധ്യമപ്രവർത്തക​ന്റെയും എന്നല്ല, മനസാക്ഷി മരവിച്ചു പോകാത്ത ഓരോ മലയാളിയുടെയും തീരാത്ത വേദനയാണ് കെ. എം. ബഷീർ. മദ്യപിച്ചു ലക്കുകെട്ട ഐ.എ.എസുകാരന്റെ വാഹനമിടിച്ച്​ ആ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട വിവരം പുറത്തുവന്നതുമുതൽ തുടങ്ങിയതാണ് മാധ്യമപ്രവർത്തക സമൂഹം ഒന്നടങ്കം നീതിക്കായുള്ള പോരാട്ടം. ബഷീറി​ന്റെ കൊലയാളിയെ രക്ഷിച്ചെടുക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ശ്രമങ്ങൾക്കെതിരെ എത്രയെത്ര നീക്കങ്ങൾ വേണ്ടിവന്നു..!അതിനൊടുവിൽ ശ്രീറാമിനെ ഒന്നാം പ്രതിയാക്കി വിചാരണ കോടതിയിൽ എത്തിക്കാൻ കഴിഞ്ഞുവെങ്കിലും തുടർന്നിങ്ങോട്ട് ഭരണകൂടം മെനയുന്ന ന്യായകഥകളിൽ ഈ ഉന്നതനായ ക്രിമിനൽ കേസ് പ്രതി അധികാരത്തിന്റെ പടവുകൾ ഓടിക്കയറുന്നതിന്റെ ഒടുവിലത്തെ കാഴ്ചക്കാണ് ഇന്ന് ആലപ്പുഴ കലക്ടറേറ്റ് സാക്ഷ്യം വഹിച്ചത്.

കെ.എം. ബഷീർ
കെ.എം. ബഷീർ

കോവിഡ് കാലത്ത് ആരോഗ്യ വിദഗ്ധന്റെ സേവനം അതിവിലപ്പെട്ടതാണ് എന്നതായിരുന്നു സസ്പെൻഷൻ പിൻവലിച്ച് ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കുന്നതിന് സർക്കാർ അന്നു നിരത്തിയ ന്യായം. സംസ്‌ഥാന കേഡറിൽ ആരോഗ്യ വിദഗ്ധരായ സിവിൽ സർവീസുകാർ ധാരാളമായി ഉണ്ടായിരിക്കെ ഈ ന്യായം കണ്ണടച്ചു വിഴുങ്ങാൻ മാത്രം വങ്കന്മാരായിരുന്നില്ല മലയാളി സമൂഹം എന്ന് അവർ ഉയർത്തിയ പ്രതിഷേധത്തിൽ നിന്ന് വ്യക്തമായതാണ്. പക്ഷേ, അതെല്ലാം ഭരണകൂടത്തിന്റെ ബധിര കർണങ്ങളിൽ ആണ് പതിച്ചത് എന്നു മാത്രം.

ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ ഭരണാധികാരിയുമായി ആലപ്പുഴയിലേക്ക്‌ അയക്കുമ്പോഴും ഇത്തരം ന്യായവാദങ്ങൾക്ക് തെല്ലുമില്ല പഞ്ഞം. സ്രാവുകൾക്കൊപ്പം നീന്തിയവരടക്കം മറ്റു പലരുടെയും കാര്യത്തിൽ ന്യായവാദങ്ങൾ വേറെ ഗതിയിലായിരുന്നു എന്നും ഓർക്കേണ്ടതുണ്ട്. ഏതായാലും, ഭരണവർഗം തുനിഞ്ഞിറങ്ങിയാൽ എന്തും നടക്കും എന്ന് ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു.

ബഷീർ കൊല്ലപ്പെട്ട സംഭവം കേരളത്തിലെ ഓ​രോ മാധ്യമ പ്രവർത്തകന്റെയും നെഞ്ചിൽ ഇന്നും നീറ്റലുണ്ടാക്കുന്ന വേദനയാണ്. തുടക്കത്തിൽ ആ വേദനയിൽ ഒപ്പം നിൽക്കുകയും വലിയ ആശ്വാസം പകരുന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണരായി വിജയൻ പോലും ഐ എ. എസ് ലോബിയുടെ കപട സിദ്ധാന്തങ്ങൾക്ക് വശംവദനാകുവാൻ നിർബന്ധിതനായി എങ്കിൽ രാജ്യത്തെ നീതി നിർവഹണ സംവിധാനം എത്തിനിൽക്കുന്ന അപായ ഗർത്തത്തിന് ഇതിലും വലിയ ദൃഷ്ടാന്തം വേറെയില്ല. നിയമവാഴ്ചയിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് ഈ നിയമനത്തിലൂടെ വീണുടഞ്ഞു പോകുന്നത്. അത്​ കേരളത്തിന്റെ പൊതുമനഃസാക്ഷിയുടെ വിശ്വാസമാണ്. ആ വിശ്വാസം വീണ്ടെടുക്കണമെങ്കിൽ സർക്കാർ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. കോടതിയിൽ വിചാരണ തുടങ്ങിയ കേസിൽ വിധി വരുന്നതു വരെയെങ്കിലും കുറ്റവാളിക്ക് ഈ ഉന്നത പദവി നൽകാൻ പാടില്ലാത്തതായിരുന്നു. മറിച്ചുള്ള തീരുമാനം ഏതു സാമാന്യ നീതിയുടെയും പൊതു മര്യാദയുടെയും നേർക്കുള്ള കൊഞ്ഞനംകുത്തലാണ്.

നീതിപീഠത്തിനു മുന്നിൽ വിചാരണ നേരിടുന്ന ഒരു ക്രിമിനൽ കേസ് പ്രതിക്ക് ജില്ലാ മജിസ്‌ട്രേറ്റിന്റെ കസേരയിലിരുന്ന് എങ്ങനെ ജനങ്ങൾക്ക് നീതി ലഭ്യമാക്കാനാവും? ആ പ്രതിയുടെ ചെയ്തികളിൽ നീതിയുണ്ടെന്ന് ജനങ്ങൾക്ക് എങ്ങനെ വിശ്വസിക്കാനാവും?

കളങ്കിത വ്യക്തികൾ ഭരണസ്‌ഥാനത്തിരുന്നാൽ ഭരണസംവിധാനം തന്നെ കളങ്കിതമാവും എന്നത് ലോകസത്യമാണ്. കലക്ടർ ഒരു ജില്ലയുടെ ഭരണാധികാരിയാണ്. രാജ്യത്തെ നിയമ സംവിധാനങ്ങളെ തന്നെ അട്ടിമറിക്കാൻ ശ്രമിച്ച ക്രിമിനൽ കേസ് പ്രതിയെ ജില്ലാ ഭരണത്തിന്റെ താക്കോൽ ഏൽപ്പിച്ചു കൊടുക്കുന്നതിലൂടെ സർക്കാർ എന്തു സന്ദേശമാണ് നൽകുന്നത്. ഭരണം ക്രിമിനലുകൾക്കുവേണ്ടി ആണെന്നോ, അതോ സാധാരണക്കാർക്ക് നീതി വെറും സ്വപ്നം മാത്രം എന്നോ?

കലക്ടർ കസേരയിലെ ശ്രീറാം വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ വ്യവസ്‌ഥയുടെ വേദനിപ്പിക്കുന്ന പ്രതീകമാണ്. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന പ്രാകൃത വ്യവസ്‌ഥയിൽ നിന്ന് പുറത്തുകടക്കാൻ നാം ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ടെന്ന ഓർമപ്പെടുത്തലിന്റെ പ്രതീകം.


Summary: മദ്യപിച്ചു ലക്കുകെട്ട ഐ.എ.എസുകാരന്റെ വാഹനമിടിച്ച്​ മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവം കേരളത്തിലെ ഓ​രോ മാധ്യമ പ്രവർത്തകന്റെയും നെഞ്ചിൽ ഇന്നും നീറ്റലുണ്ടാക്കുന്ന വേദനയാണ്. തുടക്കത്തിൽ ആ വേദനയിൽ ഒപ്പം നിൽക്കുകയും വലിയ ആശ്വാസം പകരുന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഐ എ. എസ് ലോബിയുടെ കപട സിദ്ധാന്തങ്ങൾക്ക് വശംവദനാകുവാൻ നിർബന്ധിതനായി എങ്കിൽ രാജ്യത്തെ നീതി നിർവഹണ സംവിധാനം എത്തിനിൽക്കുന്ന അപായ ഗർത്തത്തിന് ഇതിലും വലിയ ദൃഷ്ടാന്തം വേറെയില്ല. കേരള പത്രപ്രവർത്തക യൂണിയൻ സംസ്​ഥാന പ്രസിഡൻറ്​ കെ.പി. റജി എഴുതുന്നു.


Comments