കമ്യൂണിസ്​റ്റ്​ പ്രസ്​ഥാനങ്ങളിൽ ഇനി ഗൗരിയമ്മ ഇടപെടുക എങ്ങനെയായിരിക്കും?

വ്യക്തിസ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്യം, ആവിഷ്‌കാര സ്വാതന്ത്യം, ലിംഗനീതി തുടങ്ങിയവ മൂല്യങ്ങൾക്കായി ശബ്ദമുയർത്തുകയും മർദ്ദിതരുടെ ശബ്ദമാകാൻ ശ്രമിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പുതിയ ലോകസാഹചര്യങ്ങൾക്കനുസരിച്ച് ജനാധിപത്യവൽക്കരിക്കപ്പെടാതിരിക്കാനാവില്ല. കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളിൽ നടക്കുന്ന ജനാധിപത്യ ചർച്ചകളിലും ലിംഗനീതിയെയും സാമൂഹ്യനീതിയെയും സംബന്ധിച്ച സംവാദങ്ങളിലും ഗൗരിയമ്മയുടെ ജീവിതം ഇനിയും ഇടപെട്ടുകൊണ്ടേയിരിക്കും.

രു നൂറ്റാണ്ടിലെ കേരള സമൂഹത്തിന്റെ പരിണാമങ്ങളെയും അതിനകത്തു പ്രവർത്തിച്ച സംഘർഷങ്ങളെയും പ്രതിനിധീകരിക്കാൻ കഴിയുംവിധം സങ്കീർണമായിരുന്നു കെ.ആർ. ഗൗരിയമ്മയുടെ ജീവിതം. അവരെക്കുറിച്ചു പറയുകയെന്നാൽ കേരള ചരിത്രത്തെക്കുറിച്ച് പറയുകയെന്നു കൂടി അർത്ഥമുണ്ട്. കേരള ചരിത്രവുമായി അത്രയാഴത്തിൽ ബന്ധപ്പെട്ട ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. ഫ്യൂഡൽ - ജന്മി വാഴ്ചക്കെതിരെ കേരള ജനത നടത്തിയ പോരാട്ടങ്ങൾ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയും പിൽക്കാല പരിണാമങ്ങളും, ആധുനിക ജനാധിപത്യ കേരളത്തിന്റെ രൂപീകരണം, ഭൂപരിഷ്‌കരണ ശ്രമങ്ങൾ, ആദിവാസി - ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങൾ, സ്ത്രീ മുന്നേങ്ങൾ എന്നിങ്ങനെ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ സംഭവിച്ച മുഴുവൻ സാമൂഹ്യ മാറ്റങ്ങളുടെയും പ്രതിനിധാനരൂപമായി ഗൗരിയമ്മയുടെ ജീവിതത്തെ പരിഗണിക്കാം.

കലഹങ്ങൾ

നൂറ്റിരണ്ടു വർഷം നീണ്ടു നിന്ന ഗൗരിയമ്മയുടെ ജീവിതത്തിന് പലതരം തുറവികളുണ്ട്. ഒരു കമ്യൂണിസ്റ്റിനെ സംബന്ധിച്ച് ഇത്തരമൊരു ബഹുലത അത്രയൊന്നും സ്വാഭാവികമല്ല. കേഡറായിരിക്കുകയെന്നാൽ സംഘടനാ താത്പര്യങ്ങൾക്കു കീഴ്‌പ്പെട്ട് നിൽക്കുകയെന്നാണല്ലോ പൊതുവെയുള്ള ധാരണ. സംഘടനാ താത്പര്യങ്ങൾക്കു വിരുദ്ധമായ രാഷ്ട്രീയ ബോധ്യങ്ങളെയോ ആഭിമുഖ്യങ്ങളെയോ നിലപാടുകളെയോ സംഘടനയ്ക്ക് ഉൾക്കൊള്ളാനാകണമെന്നില്ല. വ്യക്തിയ്ക്കു മുകളിൽ പ്രവർത്തിക്കുന്നതും വ്യക്തിയെ നിയന്ത്രിക്കുന്നതുമായ അധികാരഘടനയായിട്ടാണ് സംഘടന പ്രവർത്തിക്കുന്നത്. വർഗ സങ്കല്പത്തിലധിഷ്ഠിതമായ ഇത്തരമൊരു ഘടനക്കകത്തുനിന്ന്​ ജാതീയമോ ലിംഗപരമോ ആയ വിഷയങ്ങളെ അഭിസംബോധന ചെയ്യുകയെന്നത് അത്ര എളുപ്പമല്ല.

ഗൗരിയമ്മ പക്ഷേ, ഇത്തരം ചതുരവടിവുകളിൽ നിൽക്കാൻ ഒരു കാലത്തും തയ്യാറായില്ല. ജാതിയെക്കുറിച്ചും സ്ത്രീകളുടെ സമൂഹ്യപദവിയെക്കുറിച്ചും നിരന്തരം ആലോചിക്കുകയും അതിനു വേണ്ടി കലഹിക്കുകയും ചെയ്തുവെന്നതാണ് ഗൗരിയമ്മയുടെ വലിപ്പം. പാർട്ടി എന്നത് അവരെ സംബന്ധിച്ച് അതിന്റെ അടിസ്ഥാന മൂല്യങ്ങളും ലക്ഷ്യങ്ങളുമായിരുന്നു. അടിസ്ഥാന ലക്ഷ്യങ്ങൾക്കു വേണ്ടി പാർട്ടി സംവിധാനങ്ങളോട് കലഹിക്കാൻ അവർ മടി കാണിച്ചില്ല. അങ്ങനെയായിരിക്കുമ്പോൾ തന്നെ വ്യക്തിജീവിതത്തിൽ പാർട്ടിയ്ക്കു കീഴ്‌പ്പെട്ട മറ്റൊരു ഗൗരിയമ്മയുമുണ്ട്. ടി. വി. തോമസുമായുള്ള വിവാഹവും വേർപിരിയലുമെല്ലാം ഇവിടെ ഓർക്കാവുന്നതാണ്. ആശയപരമായി വിയോജിക്കുമ്പോൾ തന്നെ വ്യക്തി ജീവിതത്തിൽ പാർട്ടിയ്ക്കു കീഴ്‌പ്പെട്ട വൈരുദ്ധ്യത്തിന്റെ പേരായിരുന്നു ഗൗരിയമ്മ.

ഗൗരിയമ്മയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോൾ കഴിഞ്ഞ നൂറ്റാണ്ടിനിടയിൽ കേരള ചരിത്രത്തിൽ രൂപപ്പെട്ടു വന്ന പ്രധാനപ്പെട്ട മൂന്ന് സംഘർഷസ്ഥാനങ്ങൾ തെളിഞ്ഞു കിട്ടും. കേരളത്തിലെ ഭൂമിയുൾപ്പെടെയുള്ള വിഭവങ്ങളിൽ പങ്കു ചോദിച്ചുകൊണ്ട് അടിസ്ഥാന ജനത നടത്തിയ പോരാട്ടങ്ങളും അതിനോടുള്ള പ്രതികരണങ്ങളുമാണ് ഒന്നാമത്തേത്. രണ്ടാമതായി, ലിംഗപരമായ അതിക്രമങ്ങളും അതിനെ ചെറുത്തു തോൽപ്പിച്ചുകൊണ്ട് രൂപപ്പെട്ടു വന്ന ആത്മബോധമുള്ള സ്ത്രീകളുടെ ഉദയവുമാണ്. ഫ്യൂഡൽ അധികാര ക്രമങ്ങളെ തകർത്തുകൊണ്ടു ജനാധിപത്യ കേരളം വികസിക്കുന്ന ഘട്ടത്തിൽ ഉണ്ടായി വന്ന സംവാദങ്ങളും സംഘർഷങ്ങളുമാണ് മൂന്നാമത്തേത്. ഗൗരിയമ്മയുടെ രാഷ്ട്രീയജീവിതത്തെ തന്നെ നിർണയിച്ച ഈ സംഘർഷങ്ങളാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തിയത്.

വിഭവാധികാരത്തിനും വിഭവവിതരണത്തിനും വേണ്ടിയുള്ള സമരങ്ങൾ

ഫ്യൂഡൽ ഭൂവുടമാ ബന്ധങ്ങൾക്കകത്ത് വിഭവം കേന്ദ്രീകരിക്കപ്പെട്ടിരുന്നത് ജന്മിയുടെ കൈകളിലേക്കായിരുന്നു. വിഭവമില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന ജനതയ്ക്കാകട്ടെ മുഖ്യധാരയിലേക്കു പ്രവേശനമുണ്ടായിരുന്നില്ല. വിഭവത്തിന്റെ ഇത്തരമൊരു കേന്ദ്രീകരണം സൃഷ്ടിക്കുന്ന കെടുതികളെക്കുറിച്ച് നന്നേ ചെറുപ്പത്തിൽ തന്നെ ബോധവതിയായിരുന്നു ഗൗരിയമ്മ. ചേർത്തലയിലെ ഈഴവരടങ്ങുന്ന പിന്നാക്ക വിഭാഗങ്ങളുടെ ജീവിതത്തെപ്പറ്റി ആത്മകഥയിൽ അവർ വിശദമായി എഴുതുന്നുണ്ട്. വിഭവവമില്ലായ്മ എങ്ങനെയാണ് പാർശ്വവത്കൃതരായ മനുഷ്യരെ മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുന്നതെന്ന ബോധ്യമാണ് വിഭവത്തെ നീതിയുക്തമായി വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങളിൽ സജീവമായിരിക്കാൻ ഗൗരിയമ്മയെ പ്രേരിപ്പിച്ച ഘടകം. ഒരു വശത്ത് ജനകീയ നേതാവായി തുടരുമ്പോൾ തന്നെ തനിക്കു കൈവന്ന രാഷ്ട്രീയാധികാരവും നിയമബോധവും ഉപയോഗിച്ച് കേരളത്തിന്റെ സമൂഹ്യാധികാര ക്രമങ്ങളെ ആകുംവിധം അഴിച്ചുപണിയാൻ ഗൗരിയമ്മ ശ്രമിച്ചുകൊണ്ടേയിരുന്നു.

പാർശ്വവത്കൃതർ ഭൂമിയുടെ അവകാശികളാണെന്ന കാര്യത്തിൽ ഗൗരിയമ്മയ്ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. 1957-ലെ കേരളാ സ്റ്റേറ്റ് ഓഫ് എവിഷൻ പ്രൊസീഡിങ്ങ്‌സ് ആക്റ്റ് (കുടിയൊഴിപ്പിക്കൽ നടപടിക്രമ നിയമം), 1957-ലെ ട്രാവൻകൂർ കൊച്ചിൻ ലാന്റ് ടാക്‌സ് (തിരു- കൊച്ചി ഭൂനികുതി നിയമം), 1957-ലെ കേരളാ ലാൻഡ് കൺസർവൻസി ആക്റ്റ് (ഭൂസംരക്ഷണനിയമം), 1958 ലെ കേരളാ കോമ്പൻസേഷൻ ഫോർ ടെനന്റസ് ഇമ്പ്രൂവ്മെന്റ് ആക്റ്റ്, 1958-ലെ കേരളാ ലാന്റ് റിലിംക്വിഷ്​മെൻറ്​ ആക്റ്റ് (സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം) ,1960-ലെ ജന്മിക്കരം പേയ്‌മെൻറ്​ (അബോളിഷൻ) ആക്റ്റ് (ജന്മിക്കരം ഒഴിവാക്കൽ നിയമം), 1960-ലെ കേരളാ അഗ്രേറിയൻ റിലേഷൻ ആക്റ്റ് (പാട്ടക്കുടിയാൻ നിയമം), തുടങ്ങിയ നിയമങ്ങളെല്ലാം ഗൗരിയമ്മ രൂപപ്പെടുത്തുന്നത് ഈയൊരു ബോധ്യത്തിന്റെ മുകളിലാണ്. ജന്മിയും കുടിയാനുമില്ലാത്ത, കൂര പൊളിക്കലും കുടിയൊഴിപ്പിക്കലുമില്ലാത്ത കേരളം സൃഷ്ടിച്ചതിൽ വലിയ പങ്കാണ് അവർ വഹിച്ചത്.

വർഗവും ജാതിയും രണ്ടു സംവർഗ്ഗങ്ങളായിട്ടാണ് പലപ്പോഴും പ്രവർത്തിക്കുന്നത്. ഇവ തമ്മിലുള്ള ബന്ധത്തെ അഭിസംബോധന ചെയ്യാൻ കഴിയാതെ പോയതാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടികളുടെ പരിമിതി. കമ്യൂണിസത്തിന്റെ പ്രത്യയശാസ്ത്രപരമായ ഈയൊരു പരിമിതിയെ പക്ഷേ ഗൗരിയമ്മ മറികടക്കുന്നുണ്ട്. നവോത്ഥാന മൂല്യങ്ങളിൽ അടിയുറച്ചു നിന്നിരുന്ന അക്കാലത്തെ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയുരുന്ന കുടുംബ പശ്ചാത്തലമാണ് ഇതിനവരെ പ്രാപ്തയാക്കിയ പ്രധാന ഘടകം. പാർശ്വവത്കൃത ജനതയ്‌ക്കൊപ്പം നിന്നുകൊണ്ടു നടത്തിയ വിഭവാധികാരത്തിനും വിഭവ വിതരണത്തിനുമുള്ള ശ്രമങ്ങളെ ഈ പശ്ചാത്തലത്തിൽ കൂടി മനസ്സിലാക്കേണ്ടതുണ്ട്.

"സഭയ്ക്കകത്ത് അഞ്ചു പേർ, പുറത്ത് ജനസംഖ്യയുടെ 50 ശതമാനം സ്ത്രീകളാ'

സ്ത്രീകളുടെ കൈകാര്യകർതൃത്വത്തെ അംഗീകരിക്കാത്ത അന്തരീക്ഷമാണ് മധ്യവർഗ കേരളീയ കുടുംബങ്ങളുടെ പൊതു സവിശേഷത. എന്നാൽ ഗൗരിയമ്മയെ സംബന്ധിച്ച് ഗൃഹാന്തരീക്ഷം കുറേക്കൂടി അയഞ്ഞതായിരുന്നു. അതുകൊണ്ടു തന്നെ സ്ത്രീയെന്ന നിലയിൽ ഉറപ്പുള്ള നിലപാടുകൾ രൂപീകരിക്കാൻ അവർക്കു സാധിക്കുന്നുണ്ട്. അതേസമയം തന്നെ രാഷ്ട്രീയജീവിതത്തിൽ ഗൗരിയമ്മയോളം വിവേചനവും അപമാനങ്ങളും അനുഭവിക്കേണ്ടി വന്ന മറ്റൊരു സ്ത്രീയുമുണ്ടാകില്ല. ലിംഗപദവിക്കൊപ്പമുള്ള കീഴാളസ്വത്വം വിവേചനത്തിന്റെ ആഴം വർദ്ധിപ്പിച്ച ഘടകമായിരുന്നുവെന്ന് പിൽകാലത്ത് ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ട്.

നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി മുഖ്യധാരയിലേക്കെത്തിയ സ്ത്രീകൾക്കു നേരിടേണ്ടി വന്നതിനേക്കാൾ വലിയ പ്രതിസന്ധികൾ രാഷ്ട്രീയ രംഗത്ത് ഗൗരിയമ്മ നേരിടുന്നുണ്ട്. രാഷ്ട്രീയബോധ്യങ്ങളുള്ള, സ്റ്റീരിയോടൈപ്പുകൾക്കു പുറത്തു നിൽക്കുന്ന സ്ത്രീകളെ മെരുക്കുന്നതിന് ഉപയോഗിക്കുന്ന ശരീരത്തെയും ലൈംഗികതയെയും സംബന്ധിച്ച സംസാരങ്ങൾ പല കാലങ്ങളിലും ആൺകൂട്ടങ്ങൾ അവർക്കെതിരെ പ്രയോഗിച്ചുകൊണ്ടിരുന്നുവെന്നതിന് അക്കാലത്തെ മുദ്രാവാക്യങ്ങൾ തെളിവാണ്. ജാതീയവും ലിംഗപരവുമായ അധിക്ഷേപങ്ങളായിരുന്നു ഇവയിൽ പ്രധാനം. ഉന്നത വിദ്യാഭ്യാസം നേടിയ വനിതാ നേതാവിനോട് പുല്ലു പറിക്കാനും അരിവയ്ക്കാനും കയറു പിരിക്കാനും ആക്രോശിക്കുന്ന ആൺകൂട്ടങ്ങൾ അക്കാലത്തെ തെരുവുകളിൽ സജീവമായിരുന്നു. പ്രസവിക്കാത്ത സ്ത്രീ എന്ന അർത്ഥത്തിൽ "മച്ചിപ്പെണ്ണ് ' എന്ന പ്രയോഗം തെരുവുകളിൽ മാത്രമല്ല ഭരണ കേന്ദ്രങ്ങളിൽപ്പോലും മുഴങ്ങുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടികളെ അധികാരത്തിൽ നിന്നകറ്റി നിർത്താനായി രൂപംകൊണ്ട മുക്കൂട്ട് മുന്നണിയുടെ രാഷ്ട്രീയ നൈതികത ചോദ്യം ചെയ്യപ്പെട്ട സന്ദർഭത്തിൽ മുഴങ്ങി കേട്ട ചില മുദ്രാവാക്യങ്ങൾ വെർബൽ റേപ്പിങ്ങിന്റെ ഭീകരത വെളിവാക്കുന്നതാണ്.

സ്ത്രീവിരുദ്ധവും അശ്ലീലവും കലർന്ന ആൺകൂട്ടങ്ങളുടെ ആക്രോശങ്ങൾക്ക് വിധേയമായപ്പോഴും ഗൗരിയമ്മ സംസാരിച്ചുകൊണ്ടിരുന്നത് സ്ത്രീകളുടെ അവകാശങ്ങൾക്കും തുല്യതയ്ക്കും വേണ്ടിയാണെന്നത് പ്രധാനമാണ്. ഒന്നാം കേരള നിയമസഭയുടെ ചോദ്യോത്തരവേളയിൽ മഹിളാസംഘടനകളെപ്പറ്റി സഭയിൽ ഉയർന്നു വന്ന ചർച്ച പതിനഞ്ചു മിനിറ്റു നീണ്ടപ്പോൾ പുരുഷ സഭാംഗം അസ്വസ്ഥനാകുന്നുണ്ട്. ആകെ അഞ്ചു സ്ത്രീ മെമ്പർമാർ മാത്രമുള്ള സഭയിൽ പതിനഞ്ചു മിനിറ്റിലധികമായി സ്ത്രീകളെക്കുറിച്ചാണ് ചർച്ച. അതു ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. "ഈ സഭയ്ക്കകത്ത് അഞ്ചു പേരേ ഉള്ളൂവെങ്കിലും പുറത്ത് ജനസംഖ്യയുടെ 50 ശതമാനം പേർ സ്ത്രീകളായുണ്ടെന്ന് ബഹുമാനപ്പെട്ട മെമ്പർ ഓർമ്മിച്ചാൽ കൊള്ളാം' എന്നായിരുന്നു ഇതിനുള്ള ഗൗരിയമ്മയുടെ മറുപടി. ആത്മാഭിമാനവും രാഷ്ട്രീയ കർതൃത്വവുമുള്ള സ്ത്രീകൾ ഉണ്ടായി വരുന്നതിന്റെ സൂചന ഈ മറുപടിയുടെ ഉള്ളടരുകളിലുണ്ട്.

ആൺകോയ്മാ സമൂഹത്തിനകത്ത് ജാതീയവും ലിംഗപരവുമായ വിവേചനം അനുഭവിക്കുമ്പോൾ തന്നെ ഗൗരിയമ്മ സ്വയം സ്ഥാനപ്പെടുത്തുന്നത് ജനസംഖ്യയുടെ അമ്പതുശതമാനം വരുന്ന സ്ത്രീകളുടെ പ്രതിനിധിയായിട്ടാണെന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്. സ്ത്രീകൾക്കു വേണ്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് തന്റെ കടമയാണെന്ന ബോധ്യം ഗൗരിയമ്മയിൽ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. നേഴ്‌സുമാർക്കും വനിതാ പോലീസുകാർക്കും വിവാഹം കഴിക്കാൻ അനുവാദം ലഭിക്കുന്നതും അധ്യാപികമാർക്ക് ഹെഡ്മിസ്ട്രസ്സ് ആകാനുള്ള അവസരം ലഭിക്കുന്നതും ഗൗരിയമ്മ കൊണ്ടുവന്ന പരിഷ്‌കാരങ്ങളിലൂടെയാണ്.

കേരള വനിതാ കമീഷൻ രൂപീകരണത്തിൽ ഗൗരിയമ്മ വഹിച്ച പങ്കും ഇവിടെ എടുത്തു പറയേണ്ടതുണ്ട്. സ്ത്രീകൾക്കു വേണ്ടി നടത്തിയ നിരന്തരമായ പ്രവർത്തനങ്ങളുടെ തുടർച്ചയിലാണ് ദേശീയ വനിതാ കമ്മീഷന്റെ മാതൃകയിൽ സംസ്ഥാന വനിതാ കമ്മീഷൻ രൂപീകരിക്കാനുള്ള കരട് രൂപരേഖ ഗൗരിയമ്മ സമർപ്പിക്കുന്നത്. നിലാപാടുകളുടെ പേരിൽ തെരുവിൽ വിചാരണ ചെയ്യപ്പെട്ട ഗൗരിയിൽ നിന്ന് സ്ത്രീകളെ അപമാനിച്ചാൽ വിചാരണ ചെയ്യാൻ കെല്പുള്ള അർദ്ധ ജുഡീഷ്യൽ സംവിധാനത്തിന് ശുപാർശ ചെയ്ത ഗൗരിയമ്മയിലേക്കുള്ള യാത്ര സൂക്ഷ്മാർത്ഥത്തിൽ പൊതുജീവിതത്തിൽ സ്വതന്ത്രമായ വ്യക്തിത്വവും പദവിയും കൈവരിച്ച സ്ത്രീയിലേക്ക് കേരളം സഞ്ചരിച്ചെത്തിയ ചരിത്രം കൂടിയാകുന്നു.

ജനാധിപത്യവും സാമൂഹ്യനീതിയും

ബാലറ്റിലൂടെ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിലെത്തിയ സംസ്ഥാനമായിരുന്നു കേരളം. പക്ഷേ, ജനാധിപത്യമെന്ന ആശയം കമ്യൂണിസ്റ്റ് പാർട്ടികളെ കുഴക്കുന്ന സമസ്യയായി പല ഘട്ടങ്ങളിലും മാറിയിരുന്നുവെന്നതിന് ചരിത്രത്തിൽ പല തെളിവുകളുമുണ്ട്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേന്നാൾ ഇ. എം. എസ്. നടത്തിയ പ്രസംഗത്തിൽ ജനാധിപത്യ സങ്കല്പത്തെ സംബന്ധിച്ചുണ്ടായ ഈയൊരു സംഘർഷം കാണാം. പാർട്ടിയുടെ പിളർപ്പിനു ശേഷവും ജനാധിപത്യത്തെ സംബന്ധിച്ച സംവാദങ്ങളും തർക്കങ്ങളും കമ്യൂണിസ്റ്റ് പാർട്ടികൾക്കിടയിൽ തുടരുന്നുണ്ട്. ഗൗരിയമ്മയും എം. വി. രാഘവനും കമ്യൂണിസ്റ്റ് പാർട്ടിയുടെ വ്യവസ്ഥാപിത ഘടനയ്ക്കു പുറത്തു വരുന്നത് ഈയൊരു പശ്ചാത്തലത്തിൽ കൂടിയാണ്.

പാർട്ടിക്കകത്തെ യാന്ത്രിക ജനാധിപത്യ താത്പര്യങ്ങളും വ്യക്തിയെന്ന നിലയിലുള്ള കേഡറുടെ മനഃസാക്ഷിയും തമ്മിൽ സംഘർഷമുണ്ടാകുന്ന സന്ദർഭങ്ങളിലെല്ലാം വ്യക്തി സംഘടനാ താത്പര്യങ്ങൾക്ക് കീഴടങ്ങുകയാണ് പതിവ്. പക്ഷേ, കേഡർ പ്രവർത്തകയുടെ അനുസരണയ്ക്കു മുകളിലാണ് ജനാധിപത്യമെന്ന ബോധ്യം ഗൗരിയമ്മക്കുണ്ടായിരുന്നു. ആ ബോധ്യമാണ് കമ്യൂണിസ്റ്റ് പാർട്ടിയ്ക്കു പുറത്തേക്കുള്ള ഗൗരിയമ്മയുടെ യാത്ര വേഗത്തിലാക്കിയത്. പാർട്ടിക്കകത്തെ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ പുറത്തു വന്ന ഗൗരിയമ്മ തന്റെ പുതിയ പാർട്ടിക്ക് നൽകിയ പേര് ജനാധിപത്യ സംരക്ഷണ സമിതി എന്നാകുന്നത് യാദൃശ്ചികമല്ലെന്നു സാരം. യു. ഡി. എഫിന്റെ ഭാഗമായി നിൽക്കുമ്പോഴും ഉറച്ച കമ്യൂണിസ്റ്റാകാൻ ഗൗരിയമ്മയ്ക്ക് സാധിച്ചത് ഈയൊരു ഉയർന്ന ജനാധിപത്യബോധം കൊണ്ടാണ്.

വർഗസമരവും സാമൂഹ്യനീതിയും രണ്ടല്ലെന്ന ബോധ്യമാണ് ഗൗരിയമ്മയുടെ ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനമായി പ്രവർത്തിച്ചത്. ജാതിയിലും ലിംഗപരമായ അസമത്വങ്ങളിലും അധിഷ്ഠിതമായ സമൂഹജീവിതത്തിൽ വർഗ്ഗ താത്പര്യങ്ങളെ മാത്രം ഉയർത്തിപ്പിടിക്കുന്ന രീതി ഗൗരിയമ്മയ്ക്ക് സ്വീകാര്യമായിരുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിയെ പിൻതുണക്കുന്ന വിദ്യാർത്ഥികളും യുവജനങ്ങളും അടുത്ത കാലത്തായി ഉയർത്തിക്കൊണ്ടു വന്ന ‘ലാൽസലാം നീൽസലാം’ എന്ന മുദ്രാവാക്യത്തിന്റെ ആദ്യരൂപമായി ഗൗരിയമ്മയുടെ വർഗസമരവും സാമൂഹ്യനീതിയും എന്ന സങ്കല്പത്തെ മനസ്സിലാക്കാം.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കത്ത് ഇനിയും രൂപപ്പെട്ടുവരേണ്ട ജനാധിപത്യപരവും സംവാദാത്മക ഇടങ്ങളെക്കുറിച്ചാണ് ഗൗരിയമ്മ സംസാരിച്ചുകൊണ്ടിരുന്നത്. വ്യക്തിസ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്യം, ആവിഷ്‌കാര സ്വാതന്ത്യം, ലിംഗനീതി തുടങ്ങിയവ മൂല്യങ്ങൾക്കായി ശബ്ദമുയർത്തുകയും മർദ്ദിതരുടെ ശബ്ദമാകാൻ ശ്രമിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പുതിയ ലോകസാഹചര്യങ്ങൾക്കനുസരിച്ച് ജനാധിപത്യവൽക്കരിക്കപ്പെടാതിരിക്കാനാവില്ല. സമൂഹമാധ്യമങ്ങളുടെ പുതിയ യുഗത്തിൽ ആന്തരികമായി ജനാധിപത്യം നടപ്പാക്കുന്ന രാഷ്ട്രീയപാർട്ടികൾക്കേ യുവജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാനാവൂ. ആ നിലയിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളിൽ നടക്കുന്ന ജനാധിപത്യ ചർച്ചകളിലും ലിംഗനീതിയെയും സാമൂഹ്യനീതിയെയും സംബന്ധിച്ച സംവാദങ്ങളിലും ഗൗരിയമ്മയുടെ ജീവിതം ഇനിയും ഇടപെട്ടുകൊണ്ടേയിരിക്കും.



Summary: വ്യക്തിസ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്യം, ആവിഷ്‌കാര സ്വാതന്ത്യം, ലിംഗനീതി തുടങ്ങിയവ മൂല്യങ്ങൾക്കായി ശബ്ദമുയർത്തുകയും മർദ്ദിതരുടെ ശബ്ദമാകാൻ ശ്രമിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പുതിയ ലോകസാഹചര്യങ്ങൾക്കനുസരിച്ച് ജനാധിപത്യവൽക്കരിക്കപ്പെടാതിരിക്കാനാവില്ല. കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളിൽ നടക്കുന്ന ജനാധിപത്യ ചർച്ചകളിലും ലിംഗനീതിയെയും സാമൂഹ്യനീതിയെയും സംബന്ധിച്ച സംവാദങ്ങളിലും ഗൗരിയമ്മയുടെ ജീവിതം ഇനിയും ഇടപെട്ടുകൊണ്ടേയിരിക്കും.


Comments