കേരളത്തിന്റെ ചീഫ് സെക്രട്ടറി തന്നെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചവർക്ക് കറുപ്പ് ശക്തവും മനോഹരവുമാണെന്നും എനിക്ക് കറുത്തതായിരിക്കാൻ ഇഷ്ടവുമാണെന്നും വ്യക്തമാക്കിക്കൊണ്ട് എഴുതിയ എഫ്.ബി പോസ്റ്റ് നമ്മുടേത് പോലുള്ള വർണാശ്രമ ധർമ്മങ്ങളിലധിഷ്ഠിതമായ വരേണ്യബോധം നിലനിൽക്കുന്ന സമൂഹത്തിലെ വംശവർണാഭിമാനത്തിന്റേതായ അധീശത്വബോധത്തിനെതിരായ ശക്തവും സൗന്ദര്യാത്മകമായൊരു പ്രതിരോധമാണ്. തന്നെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചവർക്കുള്ള മറുപടിയായിട്ടാണ് ശാരദാ മുരളീധരൻ കറുപ്പിനെ സൗന്ദര്യാത്മകമായൊരു പ്രതിരോധത്തിന്റെ നിറവും സ്വത്വവുമായി അടിവരയിട്ടെഴുതിയത്. മനുഷ്യർ എന്തിന്റെ പേരിലാണോ അപമാനിക്കപ്പെടുകയും അകറ്റിനിർത്തപ്പെടുകയും ചെയ്യുന്നത് അതിന്റെ പേരിൽ തന്നെ അവർക്ക് പ്രതിരോധം തീർക്കേണ്ടിവരുന്നുണ്ട്. മതത്തിന്റെയും വംശത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും നിറത്തിന്റെയും പേരിൽ വിവേചനങ്ങൾ നിലനിർത്തുന്ന അധീശത്വബോധങ്ങൾക്കെതിരായ സമരമെന്നത് ഈ നവഫാസിസ്റ്റ് കാലത്ത് ഓരോ മനുഷ്യരുടെയും സ്വത്വത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കാനുള്ള ആത്മാഭിമാനപരമായ പോരാട്ടത്തിന്റെ പ്രശ്‌നമാണ്.
ശാരദാ മുരളീധരനെതിരായ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം ഒറ്റപ്പെട്ടൊരു സംഭവമായി കാണാനാവില്ല. ശുദ്ധാശുദ്ധങ്ങളുടേതായ ധർമ്മശാസ്ത്രങ്ങളിലധിഷ്ഠിതമായ ഒരു വ്യവസ്ഥയുടെ ഇനിയും പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ലാത്ത തലമുറകളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ജാതിവർണ ഭീകരതയാണത്. നവോത്ഥാനത്തിന്റെ മൂല്യങ്ങളെയാകെ വെല്ലുവിളിച്ചുകൊണ്ട് വളർന്നുവരുന്ന പുനരുജ്ജീവനരാഷ്ട്രീയത്തിന്റെ ആശയങ്ങളിലും സൗകര്യങ്ങളിലുമാണ് ഈ നവബ്രാഹ്‌മണ്യ വർണബോധം നിലനിന്നുപോരുന്നത്. മുമ്പൊരിക്കൽ കേരളനിയമസഭയിൽ എം.എം. മണിയെ അദ്ദേഹത്തിന്റെ നിറത്തിന്റെയും വിദ്യാഭ്യാസയോഗ്യതയുടെയും പേരിൽ മുസ്ലീംലീഗ് നിയമസഭാംഗമായിരുന്ന പി.കെ. ബഷീർ അപമാനിച്ചത് കേരളം ചർച്ചചെയ്തിട്ടുള്ളതാണ്. ജാതിയെയും തൊഴിലിനെയുമൊക്കെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള അധിക്ഷേപങ്ങൾ രാഷ്ട്രീയ നേതാക്കളിൽനിന്നുപോലും നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അശ്ലീലമായൊരു സാമൂഹ്യാന്തരീക്ഷത്തിലാണ് നാം ജീവിച്ചുപോകുന്നത്. ജാതിയുടെ അസ്ഥിത്വവുമായി ബന്ധപ്പെട്ടുകൊണ്ടുതന്നെയാണ് ഇന്ത്യൻ സമൂഹത്തിൽ വർണവിവേചനത്തിന്റേതായ വരേണ്യബോധവും നിലനിന്നുപോരുന്നത്.

ജാതിബ്രാഹ്‌മണ്യവും കൊളോണിയൽ ശക്തികൾ സൃഷ്ടിച്ച വെളുപ്പിന്റെ രാഷ്ട്രീയവും ചേർന്നാണ് കറുത്തവരോടുള്ള വിവേചനം ഇന്ത്യയിൽ തീവ്രമായത്. വെളുത്തവരാണ് ശ്രേഷ്ഠവംശജരെന്നും ലോകം ഭരിക്കേണ്ടത് ആംഗ്ലോസാംസൺ വംശമാണെന്നുമുള്ള പൊതുബോധമാണ് പാശ്ചാത്യ സാമ്രാജ്യത്വശക്തികൾ കോളനിവൽക്കരണത്തിന്റെ സുദീർഘപ്രക്രിയയിലൂടെ സൃഷ്ടിച്ചെടുത്തത്. അക്രമങ്ങളിലൂടെ ഭീതിപരത്തി വെളുത്തവർഗക്കാരായ അമേരിക്കക്കാരുടെ താൽപര്യങ്ങൾക്കും അവകാശങ്ങൾക്കുംവേണ്ടി പ്രവർത്തിക്കുന്നുവെന്ന വ്യാജേന അമേരിക്കൻ ഐക്യനാടുകളിൽ 1860-കളിൽ ജന്മംകൊണ്ട കുക്ലക്‌സ്‌ക്ലാൻ പോലുള്ള ഭീകരസംഘങ്ങളാണ് വെളുപ്പിനെ ശ്രേഷ്ഠനിറമായും വെള്ളക്കാരെ ലോകം ഭരിക്കാൻ ദൈവം സൃഷ്ടിച്ച വംശമായും അവതരിപ്പിച്ചത്.
ആഫ്രിക്കൻ അമേരിക്കക്കാർ, യഹൂദർ, മറ്റ് ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരായ അക്രമങ്ങൾ അഴിച്ചുവിടുകയായിരുന്നു കുക്ലക്‌സ്‌ക്ലാൻ ആദ്യകാലങ്ങളിൽ ചെയ്തത്. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് വംശീയ പ്രത്യയശാസ്ത്രമായിരുന്നു ഈ ഭീകരസംഘങ്ങളുടേത്. 1865-ൽ 6 സ്‌കോട്ടിഷ്-ഐറിഷ് വൈറ്ററൻസ് ചേർന്നാണ് കുക്ലക്‌സ്‌ക്ലാന് ജന്മം നൽകിയത്. വെളുപ്പിന്റെ ശുദ്ധിയെയും കറുപ്പിന്റെ മ്ലേച്ഛതയെയും സംബന്ധിച്ച അസംബന്ധയുക്തികളിലാണ് ഇത്തരം ഭീകരസംഘങ്ങൾ തങ്ങളുടെ വംശീയപ്രത്യയശാസ്ത്രം രൂപപ്പെടുത്തിയിട്ടുള്ളത്. യൂറോപ്പിലെയും അമേരിക്കയിലെയും നിയോനാസി-നിയോഫാസിസ്റ്റ് സംഘങ്ങളിൽ ഏറ്റവും അക്രമോത്സുകമായ സംഘടനയാണ് കുക്ലക്‌സ്‌ക്ലാൻ. ഇന്നിപ്പോൾ നവഫൈനാൻസ്-ടെക്‌നോ മുതലാളിമാർ നേതൃത്വം നൽകുന്ന അമേരിക്കൻ ഭരണവർഗങ്ങളുടെ തന്നെ പ്രത്യയശാസ്ത്രമായി ആംഗ്ലോസാംസൺ വംശീയത ഹിംസാത്മകമായിരിക്കുകയാണ്. ഇലോൺ മസ്‌കിനെപോലുള്ള ടെക്‌നോഫൈനാൻസ് പ്രഭുക്കന്മാരാണ് ട്രംപിന്റെ വംശീയഭീകരതയ്ക്ക് പിറകിലെ ഭരണവർഗശക്തികൾ.
ലോകം അത്യന്തം രോഷപൂർവ്വം ചർച്ചചെയ്ത കറുത്തവർഗക്കാരനായ ജോർജ്ജ് ഫ്‌ളോയിഡിന്റെ കൊലയ്ക്കുശേഷം നടന്ന ചില പഠനാന്വേഷണങ്ങൾ പറയുന്നത് 2014-നും 2020-നുമിടയിൽ 7000-ലധികം അമേരിക്കൻ പൗരന്മാർ നിറത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ടുവെന്നാണ്. വെള്ള ഭീകരസംഘങ്ങളും അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ പോലീസും ചേർന്നാണ് ഈ കൊലപാതകങ്ങളെല്ലാം നടത്തിയത്. തങ്ങൾക്ക് സ്വീകാര്യമല്ലാത്ത ജനവിഭാഗങ്ങൾക്കും ചിന്താഗതികൾക്കും സംഘടനകൾക്കും നേരെ രൂക്ഷമായ എതിർപ്പും വിദ്വേഷവും വളർത്തുകയെന്നതാണ് നിയോഫാസിസ്റ്റുകളും അവരെ പിന്തുണയ്ക്കുന്ന ഭരണകൂടങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. കറുത്തവർക്കും കുടിയേറ്റക്കാർക്കും മുസ്ലീംങ്ങൾക്കുമെതിരായ സവിശേഷമായ ഒരുതരം വംശീയബോധവും അസഹിഷ്ണുതയും നവഫൈനാൻസ് മൂലധനത്തിന്റെ അധിനായകന്മാരായിരിക്കുന്ന അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ സ്വഭാവമായി കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിൽ സംഘപരിവാർ മുന്നോട്ടുവെക്കുന്ന അപരമതവിരോധത്തിലും സവർണജാതിരാഷ്ട്രീയത്തിലും അധിഷ്ഠിതമായ ഹിന്ദുത്വം സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അസഹിഷ്ണുതയും ഹിംസാത്മകതയും പടർത്തുകയാണ്. സഹസ്രാബ്ദങ്ങളായി ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ചാതുർവർണ്യമൂല്യങ്ങളാണ് ഇന്ത്യൻസമൂഹത്തെയാകെ വരിഞ്ഞുമുറുക്കി കെട്ടിയിട്ടിരിക്കുന്നത്. ശൂദ്രരെയും അതിനുതാഴെയുള്ള ദലിതരെയും സ്ത്രീകളെയുമെല്ലാം നീചജന്മങ്ങളായി അവതരിപ്പിച്ചുകൊണ്ടാണ് ബ്രാഹ്‌മണ്യാധികാരം എന്നും മർദ്ദിത ജനതയെ അടിമകളാക്കി നിർത്തിയിട്ടുള്ളത്.
നാടുവാഴിത്വത്തിന്റെ പ്രത്യയശാസ്ത്രം എന്നതിലുപരി ചാതുർവർണ്യത്തെ ഇന്ത്യൻ ഭരണവർഗങ്ങളുടെ അധീശത്വഘടനയെ നിർണയിക്കുന്ന നിർണായകസത്തയായി കൊളോണിയൽ ശക്തികൾ പരിവർത്തനപ്പെടുത്തുകയായിരുന്നു. ബ്രാഹ്‌മണമൂല്യങ്ങളെ ഒരു ഏകോപനശക്തിയായി ഉപയോഗപ്പെടുത്തി ഹിന്ദുമതത്തിനകത്തെ ജാതിവൈവിധ്യങ്ങളെ മറികടക്കാനാണ് എല്ലാകാലത്തും ഇന്ത്യൻ ഭരണവർഗങ്ങൾ ശ്രമിച്ചിട്ടുള്ളത്. അതിനെതിരായ ശൂദ്രകലാപങ്ങളെയെല്ലാം അതിനിഷ്ഠൂരമായി അടിച്ചമർത്തിക്കൊണ്ടാണ് ബ്രാഹ്‌മണമൂല്യങ്ങളിലധിഷ്ഠിതമായ ഹൈന്ദവതയുടെ ഏകോപനം അതാത് കാലഘട്ടങ്ങളിലെ ഇന്ത്യൻ ഭരണവർഗങ്ങൾ സാധിച്ചെടുത്തിട്ടുള്ളത്. ബുദ്ധജൈന ദർശനങ്ങളെയും ജാതിഹിംസക്കെതിരായ ദലിത് മുന്നേറ്റങ്ങളെയും എല്ലാ കാലത്തും ഹിംസാത്മകമായി മർദ്ദിച്ചൊതുക്കിയ ചരിത്രമാണ് ഇന്ത്യൻ ഭരണവർഗങ്ങൾക്കുള്ളത്.
ചരിത്രത്തെയും മധ്യകാലിക ബ്രാഹ്‌മണാധികാരത്തെയും തങ്ങൾക്കാവശ്യമായ രീതിയിൽ ദുർവ്യാഖ്യാനിക്കാനും സാധൂകരിക്കാനുമാണ് ഭരണവർഗ ബുദ്ധിജീവികൾ മിനക്കെട്ടിട്ടുള്ളത്. സംവരണത്തെയും ഭരണഘടനയിലെ ദലിത് പരിരക്ഷാവ്യവസ്ഥകളെയുമെല്ലാം ഇന്ത്യൻ ജനതയുടെ വിഭജനത്തിനുള്ള വർഗീയതയായിട്ടാണ് വിചാരധാരയിൽ ഗോൾവാൾക്കർ വിമർശിച്ചിട്ടുള്ളത്. ന്യൂനപക്ഷാവകാശങ്ങളെപോലെ ദലിതുകൾക്ക് ഭരണഘടന നൽകുന്ന പരിരക്ഷാവ്യവസ്ഥകളെയും എന്നും സംഘപരിവാർ എതിർത്തുപോന്നിട്ടുണ്ട്. ഇന്നിപ്പോൾ ഹിന്ദുത്വത്തിന്റെ ഭൂരിപക്ഷ വോട്ട് ബാങ്കിലേക്ക് പിന്നോക്കക്കാരെയും പട്ടികജാതി പട്ടികവർഗക്കാരെയും ഏകോപിപ്പിച്ചെടുക്കാനുള്ള കുത്സിതമായ നീക്കങ്ങൾ സംഘപരിവാർ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.
ഈയൊരു സാഹചര്യത്തിലാണ് സാർവദേശീയതലത്തിലും നമ്മുടെ രാജ്യത്തുമൊക്കെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വർഗീയവംശീയ വിഭജനങ്ങളെയും വിദ്വേഷരാഷ്ട്രീയത്തെയുമൊക്കെ വിശകലനം ചെയ്യേണ്ടിയിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ സൂക്ഷ്മവ്യവഹാരമണ്ഡലങ്ങളിലാകെ ആധിപത്യവർഗങ്ങൾ അവരുടെ വരേണ്യ പ്രത്യയശാസ്ത്രത്തെ കൗശലപൂർവ്വം വിന്യസിച്ചിരിക്കുകയാണ്. ജ്ഞാനോദയവും നവോത്ഥാനവും ജനാധിപത്യസോഷ്യലിസ്റ്റ് വിപ്ലവങ്ങളും ചരിത്രത്തിലേക്ക് ആനയിച്ച എല്ലാ നന്മകളെയും മാനവിക മൂല്യങ്ങളെയും കുഴിച്ചുമൂടുന്ന പുനരുത്ഥാനസംസ്‌കാരം എല്ലാ മേഖലകളിലും മേൽക്കൈ നേടുകയാണ്. ഈയൊരു പ്രത്യയശാസ്ത്ര അടിസ്ഥാനത്തിലാണ് നവമൂലധനശക്തികൾ ലോകമെമ്പാടും അതിന്റെ ഫാസിസ്റ്റ് അധികാരപ്രയോഗങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
യുദ്ധവെറിയും യുദ്ധഭീതിയും സൃഷ്ടിച്ച് ആയുധ നിർമ്മാണവും ആയുധ വിൽപനയും വർദ്ധിപ്പിക്കാനാണ് അമേരിക്ക ഉൾപ്പെടെയുള്ള സാമ്രാജ്യത്വശക്തികൾ ശ്രമിച്ചത്. ഐക്യരാഷ്ട്രസഭയുടെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും സമാധാനത്തിനുവേണ്ടിയുള്ള വാദങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്ന മിലിറ്ററി ഇൻഡസ്ട്രിയൽ രാഷ്ട്രീയമായിരുന്നു അമേരിക്ക വളർത്തിക്കൊണ്ടുവന്നത്.
ആധുനിക ജനിതകവിജ്ഞാനം തന്നെ ഹോമോസാപിയൻസിന്റെ നരവംശശാസ്ത്രപരമായ വളർച്ചയെയും മനുഷ്യവ്യാപനത്തെയും സംബന്ധിച്ച ചരിത്രത്തിലെ എല്ലാ വിഭജന വിദ്വേഷധാരണകളെയും ചോദ്യംചെയ്യുന്നതാണ്. കുടിയേറ്റങ്ങെളയും ആദിമമനുഷ്യവ്യാപനത്തെയും സംബന്ധിച്ച സുവർണവംശാധിപത്യപരമായ എല്ലാ ധാരണകളെയും ചോദ്യംചെയ്തുകൊണ്ടാണ് ആധുനിക ചരിത്രവിജ്ഞാനം മുന്നോട്ടുപോയ്‌കൊണ്ടിരിക്കുന്നത്. കിഴക്ക്, പടിഞ്ഞാറ്, കറുപ്പ്, വെളുപ്പ് തുടങ്ങിയ ഭേദചിന്തകളെയും മേൽക്കോയ്മാവാദങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടാണ് മനുഷ്യവംശങ്ങളുടെ പൊതുമാതൃത്വത്തെ സംബന്ധിച്ച പുതിയ ശാസ്ത്രതെളിവുകൾ ലഭ്യമായിക്കഴിഞ്ഞിരിക്കുന്നത്. അതനുസരിച്ച് ആഫ്രിക്കയിലെ എത്യോപ്യയിൽ നിന്ന് ലഭിച്ച ലിസി എന്ന് ശാസ്ത്രലോകം നാമകരണം ചെയ്തിരിക്കുന്ന ഒരു തലയോട്ടിയിലാണ് മനുഷ്യവംശത്തിന്റെ ആദിമാതാവിനെ കണ്ടെത്തിയിരിക്കുന്നത്.
ആധുനിക നരവംശശാസ്ത്രപഠനങ്ങളും ജനിതക അറിവുകളുമനുസരിച്ച് ദക്ഷിണേന്ത്യയിലേക്ക് ആഫ്രിക്കയിൽ നിന്ന് കുടിയേറിയ നീഗ്രോയ്ഡുകളിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള മനുഷ്യവ്യാപനം തുടങ്ങുന്നത്. ഇന്ത്യയിലേക്ക് ആര്യന്മാർ വന്നുവെന്ന് പറയുന്ന മധ്യപൂർവദേശങ്ങളിലേക്കുള്ള ആദ്യ കുടിയേറ്റക്കാർ ആഫ്രിക്കയിൽ നിന്നുള്ളവരായിരുന്നു. മനുഷ്യവംശത്തിന്റെ സാർവലൗകികമായ ഏകത്വത്തെയും പൊതു ഉടമസ്ഥതയെയുമെല്ലാം സംബന്ധിച്ച ആദർശാത്മകമായ കാഴ്ചപ്പാടുകളെ ശരിവെക്കുന്ന തരത്തിലാണ് പുതിയ വിജ്ഞാനശാഖകളുടെ കണ്ടെത്തലുകളെല്ലാം. വിജ്ഞാനത്തിന്റെയും മനുഷ്യവംശത്തിന്റെ തന്നെയും സാർവലൗകികമായ ഏകത്വത്തെയും സ്വത്വസവിശേഷതകളെയും ചരിത്രപരമായി മനസ്സിലാക്കാൻ വിസമ്മതിക്കുന്ന വംശീയവാദികളാണ് മനുഷ്യർക്കിടയിലെ നിറത്തെയും വംശത്തെയും ജാതിയെയുമെല്ലാം വിഭിന്നതയുടെ സിദ്ധാന്തങ്ങളായി അവതരിപ്പിച്ച് സംസ്‌കാരസംഘർഷങ്ങളുടെ അരക്ഷിതത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.
മനുഷ്യരാശിയുടെ സാമൂഹ്യവികാസ പരിണാമ പ്രക്രിയകൾക്കിടയിൽ ഒരു ചെറുന്യൂനപക്ഷത്തിന് സാർവലൗകിക മനുഷ്യസമ്പത്തിനുമേൽ ഉടമസ്ഥാധികാരം കൈവരിക്കാൻ കഴിഞ്ഞതോടെയാണ് അവർ സാർവദേശീയ മനുഷ്യവംശത്തിനുമേൽ ആധിപത്യമുറപ്പിക്കുന്നത്. മനുഷ്യർക്കിടയിലെ ഭിന്നതകളെ മഹാഭിന്നതകളാക്കി മാറ്റി തമ്മിലടിപ്പിച്ചും മനുഷ്യരുടെ സ്വത്വപരമായ വ്യത്യാസങ്ങളെ, വംശഭിന്നതകളെ രാഷ്ട്രീയവൽക്കരിച്ചും സുവർണവംശാധിപത്യത്തിനാവശ്യമായ പ്രത്യയശാസ്ത്രമാക്കി മാറ്റിയുമാണ് ചെറുന്യൂനപക്ഷം വരുന്ന ഉടമവർഗങ്ങൾ അവരുടെ അധികാരവ്യവസ്ഥ നിലനിർത്തിപ്പോരുന്നത്. ആംഗ്ലോ സാംസൺ വർണമേധാവിത്വബോധമാണ് പാശ്ചാത്യ കൊളോണിയൽ ശക്തികളെ എക്കാലത്തും നയിച്ചിട്ടുള്ളത്. കൊളംബസ് അമേരിക്കയിലും വാസ്‌കോഡിഗാമ ഇന്ത്യയിലുമെത്തുന്നതോടെയാണ് പാശ്ചാത്യ സാമ്രാജ്യത്വശക്തികൾ അതിന്റെ ആഗോള അധീശത്വത്തിനുള്ള ആസൂത്രിതമായ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നത്.
മുതലാളിത്ത വികസനത്തിന്റെ അടിത്തറയായ ആദിമ മൂലധനസഞ്ചയനമെന്നത് കൊളോണിയൽ കൊള്ളയുടെ ക്രൂരമായ ചരിത്രം കൂടിയാണ്. ഇന്നിപ്പോൾ നവ ഫൈനാൻസ് മൂലധനശക്തികൾ സാങ്കേതികജ്ഞാനത്തിന്റെ അനിയന്ത്രിമായ സാധ്യതകളെക്കൂടി ഉപയോഗിച്ചുകൊണ്ടാണ് ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുന്നത്. അതിനെതിരായി ഉയരുന്ന ജനങ്ങളുടെയും പണിയെടുക്കുന്ന വർഗങ്ങളുടെയും മർദ്ദിത രാജ്യങ്ങളുടെയുമെല്ലാം വിമോചനാത്മകമായ മുന്നേറ്റങ്ങൾക്ക് തടയിടാനാണ് ചരിത്രത്തിന്റെ അന്ത്യപ്രഖ്യാപനങ്ങളും സംസ്‌കാര സംഘർഷത്തിന്റെ സിദ്ധാന്തങ്ങളുമെല്ലാം ആവിഷ്‌ക്കരിക്കപ്പെടുന്നത്.
സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും തിരോധാനത്തോടെ ലോകത്ത് ആധിപത്യമുറപ്പിച്ച പുതിയ വ്യവസ്ഥയുടെ പ്രത്യയശാസ്ത്രകാരരാണ് കമ്യൂണിസത്തിനെതിരെയെന്ന പോലെ ഇസ്ലാമിനെതിരായ കുരിശുയുദ്ധസമാനമായ പ്രചാരണങ്ങളും ആരംഭിച്ചത്. നവലിബറൽ മൂലധനത്തിന്റെ സ്വേച്ഛാധികാര പ്രയോഗങ്ങളിൽ അഭിരമിക്കുന്ന ട്രംപും നെതന്യാഹുവും മുതൽ നരേന്ദ്ര മോദി വരെയുള്ള നവ ഫാസിസ്റ്റ് ഭരണാധികാരികളുടെ രാഷ്ട്രീയതന്ത്രം ഇസ്ലാമോഫോബിയ വളർത്തി ഭൂരിപക്ഷ ധ്രുവീകരണമുണ്ടാക്കുകയെന്നതാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഈ നവ വലതുപക്ഷ വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും പ്രത്യയശാസ്ത്രകാരർ ജനാധിപത്യത്തെയും സാമൂഹ്യനീതിയെയും ന്യൂനപക്ഷ പരിരക്ഷയെയും സംബന്ധിച്ച എല്ലാവിധ ആദർശങ്ങളും കയ്യൊഴിച്ചവരാണ്.

അതിന്ന് ഉദാരവും സമാധാനപരവുമായ എല്ലാവിധ ജനാധിപത്യനാട്യങ്ങളെയും ഉപേക്ഷിച്ച് നഗ്നമായ സൈനികശക്തിയുടെ ഭാഷയിലാണ് മാനുഷികവ്യവഹാരങ്ങളെയാകെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. നവഫൈനാൻസ് മൂലധനവും കോർപ്പറേറ്റ് കമ്പനികളും നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ശക്തി സ്വതന്ത്രകമ്പോളത്തിനുണ്ടെന്നാണ് അവരുടെ ദർശനം. സ്വതന്ത്രകമ്പോളത്തിന്റെ കൈകൾക്ക് പിന്നിൽ അമേരിക്കയുടെ ആയുധപ്പുരകളും പെന്റഗൺ സേനാവ്യൂഹങ്ങളും ഉണ്ടെന്നതാണ് മിൽട്ടൺഫീഡ്മാനെ പോലുള്ള നിയോലിബറൽ ബുദ്ധിജീവികൾ ആശ്വാസംകൊണ്ടത്. ഉക്രൈയ്‌നിലും ഗാസയിലും ലെബനനിലും യെമനിലും സിറിയയിലും ഇറാനിലുമെല്ലാം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് സാമ്രാജ്യത്വത്തെയും സയണിസത്തെയും രക്ഷിക്കാൻ സ്വതന്ത്രകമ്പോളത്തിന്റെ അദൃശ്യകരങ്ങളെന്ന് മിൽട്ടൺഫീഡ്മാൻ വിശേഷിപ്പിച്ച സൈനികശക്തി രക്ഷക്കെത്തുന്നതാണ്.
അത് അഫ്ഗാനിസ്ഥാനിലും ഇറാഖിലും സിറിയയിലും ഗസയിലുമെല്ലാം കൂട്ടക്കുരുതികൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ അമേരിക്കയും ഇസ്രയേലും ചേർന്ന് നയിക്കുന്ന ഒരു അച്ചുതണ്ടിന്റെ കീഴിലേക്ക് കൊണ്ടുവരാനുള്ള ആസൂത്രിതമായ രാഷ്ട്രീയ സാമ്പത്തിക സൈനികനീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ദേശരാഷ്ട്ര അതിർത്തികൾക്ക് മുകളിൽ ഫൈനാൻസ് മൂലധനത്തിന്റെ ആധിപത്യം ഉറപ്പിച്ചെടുക്കാൻ കഴിയുന്ന രീതിയിൽ ലോകത്തെ പുനഃക്രമീകരിക്കാനാണ് ആഗോളവൽക്കരണ നയങ്ങളിലൂടെ അമേരക്കൻ സാമ്രാജ്യത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 1980-കളിൽ തന്നെ ആഗോളവൽക്കരണപ്രക്രിയ തുടങ്ങിക്കഴിഞ്ഞതാണ്. സോവിയറ്റ് യൂണിയന്റെ നിലനിൽപും കമ്യൂണിസം ലോകമെമ്പാടുമെത്തിച്ച രാഷ്ട്രീയ ആശയങ്ങളുടെ സ്വാധീനവും അമേരിക്കയോടുള്ള വിവിധ രാജ്യങ്ങളുടെ വിശ്വാസക്കുറവും ലോകമേധാവിത്വം എളുപ്പത്തിൽ ഉറപ്പിച്ചെടുക്കാനുള്ള സാഹചര്യത്തെ അസാധ്യമാക്കി. മാത്രമല്ല ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കൻ നാടുകളിലെയും ജനതയുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾ പലതലങ്ങളിൽ വർദ്ധിച്ചുവരുന്നതും അമേരിക്കൻ താൽപര്യങ്ങളെ പിടിച്ചുലച്ചു.
യുദ്ധവെറിയും യുദ്ധഭീതിയും സൃഷ്ടിച്ച് ആയുധ നിർമ്മാണവും ആയുധ വിൽപനയും വർദ്ധിപ്പിക്കാനാണ് അമേരിക്ക ഉൾപ്പെടെയുള്ള സാമ്രാജ്യത്വശക്തികൾ ശ്രമിച്ചത്. ഐക്യരാഷ്ട്രസഭയുടെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും സമാധാനത്തിനുവേണ്ടിയുള്ള വാദങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്ന മിലിറ്ററി ഇൻഡസ്ട്രിയൽ രാഷ്ട്രീയമായിരുന്നു അമേരിക്ക വളർത്തിക്കൊണ്ടുവന്നത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ നിർണ്ണയിക്കുന്നതുതന്നെ ആയുധകച്ചവടമായിരുന്നു. ശീതയുദ്ധകാലമാകെ കമ്യൂണിസ്റ്റ് ഭീതി പടർത്തി ആയുധ കച്ചവടം നടത്തിയ കുപ്രസിദ്ധമായ ചരിത്രവും അമേരിക്കയ്ക്കുണ്ട്. ഏകലോകത്തെക്കുറിച്ച് സംസാരിക്കുമ്പോൾതന്നെ ശാക്തികചേരി നഷ്ടപ്പെടുന്ന ലോകക്രമത്തിനകത്ത് ആയുധ ഫാക്ടറികൾ ഒന്നാകെ അടച്ചുപൂട്ടേണ്ടിവരുന്ന അവസ്ഥയെക്കുറിച്ച് അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞർക്ക് ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല.
തങ്ങൾ തന്നെ മുന്നോട്ടുവെച്ച സോവിയറ്റനന്തര ഏകധ്രുവലോകക്രമത്തെക്കുറിച്ചുള്ള ആദർശങ്ങൾ അമേരിക്കതന്നെ ഉപേക്ഷിക്കുന്നതിലേക്കാണ് എത്തിയത്. ഒരു ഏകധ്രുവലോകക്രമം സാമ്രാജ്യത്വവിരുദ്ധസമരങ്ങളിലേക്കാണ് ലോകജനതയെ എത്തിക്കുകയെന്നും അത് തങ്ങളുടെ ആയുധ വ്യവസായത്തിനും മൂലധന താൽപര്യത്തിനും ഗുണകരമാവില്ലെന്നും അമേരിക്ക തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അതോടെയാണ് സാമൂഹ്യസംഘർഷങ്ങളെ വർഗപരമായ അടിസ്ഥാനങ്ങളിൽ നിന്ന് ഗതിമാറ്റുന്നതിനുള്ള പ്രത്യയശാസ്ത്രദ്വന്ദ്വങ്ങൾ വികസിപ്പിക്കുന്നതിലേക്ക് അമേരിക്കൻ ചിന്താകേന്ദ്രങ്ങളെത്തുന്നത്. അങ്ങനെയാണ് കമ്യൂണിസ്റ്റ്ഭീതിക്കൊപ്പും ഇസ്ലാംഭീതിയെ പ്രധാനമായി പ്രതിഷ്ഠിച്ച് കൃത്രിമമായ എതിരാളിയെ സൃഷ്ടിക്കാനുള്ള പദ്ധതികളിലേക്ക് അമേരിക്കൻ നവലോകക്രമവാദികൾ തിരിയുന്നത്.

ഫ്രാൻസിസ് ഫുക്ക്‌യാമയുടെയും സാമുവൽ പി ഹണ്ടിംഗിന്റെയും സൈദ്ധാന്തിക ആവിഷ്‌ക്കാരങ്ങൾക്ക് മുമ്പുതന്നെ ബർണാഡ്‌ലെവീസിനെപോലുള്ള അമേരിക്കൻ നയതന്ത്രരംഗത്തെ പ്രമുഖർ ഇസ്ലാമിനെ ക്രോധത്തിന്റെയും ഭീകരതയുടെയും മതമായി അവതരിപ്പിക്കുന്ന സൈദ്ധാന്തിക ആവിഷ്‌ക്കാരങ്ങൾ മുന്നോട്ടുവെച്ചിരുന്നു. ഇസ്ലാം ആഗോളഭീഷണിയാണെന്ന യുക്തിരഹിതവും അശാസ്ത്രീയവുമായ ആശയങ്ങളെ ഇതിനായി അവർ നിർമ്മിച്ചെടുത്തു. അതിന്റെ തന്നെ മറുവശമെന്ന നിലയിൽ നവലിബറൽ മൂലധനാധീശത്വത്തിനെതിരെ പൊരുതുന്ന വിപ്ലവപ്രസ്ഥാനമായി രാഷ്ട്രീയഇസ്ലാമിനെ അവതരിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു. ഈയൊരു പ്രത്യയശാസ്ത്ര നിർമ്മിതിയിലൂടെ സാമ്രാജ്യത്വവിരുദ്ധമായ ജനകീയവും വർഗപരവുമായ പ്രക്ഷോഭങ്ങളെ മതാത്മകതയിലേക്ക് ന്യൂനീകരിച്ചെടുക്കാനും സംസ്‌കാരസംഘർഷത്തിന്റേതായ സിദ്ധാന്തങ്ങളെ സാധൂകരിച്ചെടുക്കാനുമാണ് സാമ്രാജ്യത്വശക്തികൾ ശ്രമിച്ചത്.
ഈയൊരു ലക്ഷ്യത്തോടെയാണ് സാമുവൽ പി ഹണ്ടിംഗ്ടണിന്റെ സംസ്‌കാരസംഘർഷസിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ 'നാഗരികതകളുടെ അന്ത്യവും ലോകക്രമത്തിന്റെ പുനഃസൃഷ്ടിയും' എന്ന കൃതിയിൽ സോവിയറ്റ് അനന്തര ലോകത്തെ അമേരിക്കയ്ക്ക് ആവശ്യമായ രീതിയിൽ പുനഃക്രമീകരിക്കാനുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ മാനിഫെസ്റ്റോ എന്ന നിലയ്ക്കാണ് മുന്നോട്ടുവെക്കപ്പെടുന്നത്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് പ്രസിദ്ധീകരിക്കുന്ന ഫോറിൻ അഫയേഴ്‌സിലാണ് ഹണ്ടിംഗ്ടണിന്റെ ലേഖനം പ്രസിദ്ധീകരിച്ചതുതന്നെ. തങ്ങൾക്കൊപ്പം നിൽക്കാത്ത രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും ഭീകരവാദികളാക്കി അടിച്ചമർത്തുന്നതിനുള്ള അമേരിക്കൻ വിദേശനയത്തിന്റെ പ്രഖ്യാപനരേഖ കൂടിയായിട്ടാണ് ഹണ്ടിംഗ്ടൺ തീസീസ് മുന്നോട്ടുവെക്കപ്പെടുന്നത്. അമേരിക്കയും ഭീകരതയും തമ്മിലും പരിഷ്‌കൃതരും അപരിഷ്‌കൃതരും തമ്മിലും എന്ന പ്രത്യയശാസ്ത്ര ദ്വന്ദ്വം നിർമ്മിച്ചെടുക്കുയാണ് ഹണ്ടിംഗ്ടൺ തിസീസ് ചെയ്യുന്നത്.
ശീതയുദ്ധകാലത്ത് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റും സി.ഐ.എയും പെന്റഗണും ചേർന്ന് ലോകത്തിന്റെ പല രാജ്യങ്ങളിൽ വിശിഷ്യാ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സോവിയറ്റ് യൂണിയനെതിരെ വളർത്തിയെടുത്ത ഇസ്ലാമിക ഭീകരവാദസംഘങ്ങളുടെ വിധ്വംസക പ്രവർത്തനങ്ങളെ ചൂണ്ടിയാണ് ഇസ്ലാം ഭീതി പടർത്താനുള്ള പ്രഛണ്ഡമായ പ്രത്യയശാസ്ത്ര പ്രചരണങ്ങൾ ആരംഭിക്കുന്നത്. വേൾഡ് ട്രേഡ് സെന്റർ സംഭവത്തോടെ അത് അസഹനീയമാംവിധം ശക്തിയാർജിക്കുന്നതാണ് ലോകം കണ്ടത്. പരിഷ്‌കൃത സമൂഹമായ അമേരിക്കയും ഭീകരരും അപരിഷ്‌കൃതരുമായ ഇസ്ലാമും തമ്മിലുള്ള വിശുദ്ധയുദ്ധം ആരംഭിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ജോർജ് ബുഷ് ഗൾഫ് യുദ്ധം ആരംഭിക്കുന്നത്. എണ്ണ നാടുകൾക്കുമേലുള്ള അധിനിവേശത്തെ ജിഹാദികളുടെയും ഇസ്ലാമിന്റെയും ഭീകരതയ്‌ക്കെതിരായിട്ടുള്ള യുദ്ധമായിട്ടാണ് അമേരിക്കയും സഖ്യശക്തികളും വിശേഷിപ്പിച്ചത്.
ഇറാനിലെ ആണവനിലയങ്ങളുടെ ഭൂഗർഭ നിലവറകളിൽ മനുഷ്യനാശകാരികളായ ന്യൂക്ലിയർ ആയുധങ്ങൾ നിർമ്മിച്ച് വെച്ചിട്ടുണ്ടെന്ന് ആരോപിച്ചുകൊണ്ടാണ് ഇറാനെതിരായി ആക്രമണങ്ങൾ അഴിച്ചുവിട്ടത്. ഇറാഖിനെ കടിച്ചുകീറിയത്. ഗൾഫ്‌യുദ്ധത്തിൽ ലോകത്താകെ ഇറാഖ് അനുകൂല പൊതുജനാഭിപ്രായം രൂപപ്പെട്ടതോടെയാണ് ചോംസ്‌കി നിരീക്ഷിക്കുന്നതുപോലെ അമേരിക്ക ഇസ്ലാമിനും ഭീകരർക്കുമെതിരായ യുദ്ധപ്രഖ്യാപനവുമായി ആഗോളസമൂഹത്തെ കബളിപ്പിക്കാനുള്ള നീക്കങ്ങളാരംഭിച്ചത്. ഭീകരവാദത്തെ ആധുനികവും ജനാധിപത്യപരവുമായ എല്ലാറ്റിനെയും എതിർക്കുന്ന ഒരു രാഷ്ട്രീയസംഘാടനമായി മനസ്സിലാക്കുന്നതിനുപകരം ഭീകരതയെന്നാൽ ഇസ്ലാമാണെന്ന വ്യാഖ്യാനങ്ങൾ ചമയ്ക്കുകയും പ്രചരിപ്പിക്കുകയുമാണ് അമേരിക്കൻ ബുദ്ധികേന്ദ്രങ്ങൾ ചെയ്തത്.
'ഇസ്ലാം ക്രോധത്തിന്റെ അടിവേരുകൾ' തുടങ്ങിയ ബെർണാഡ് ലെവിസിനെപോലുള്ളവരുടെ പുസ്തകങ്ങൾ ഈയൊരു പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ്. കമ്യൂണിസ്റ്റ് വിരുദ്ധവും ഇസ്ലാം വിരുദ്ധവുമായ ആശയങ്ങളുടെയും പ്രചാരണങ്ങളുടെയും ഉന്മാദം സൃഷ്ടിക്കുകയെന്നതായിരുന്നു നിയോലിബറൽ മൂലധനക്രമത്തിലെ സുവർണ വംശീയാധികാര ശക്തികളുടെ തന്ത്രം. ട്രംപായാലും നെതന്യാഹുവായാലും ബ്രസീലിലെ ബെനസാരോവൊയായാലും ഹംഗറിയിലെ ഓർബനായാലും ഇന്ത്യയിലെ മോദിയായാലും സുവർണ വംശീയാധികാരത്തിന്റെ ഭൂതകാലസ്മരണകൾ ഉയർത്തി വർത്തമാന മനുഷ്യപ്രശ്‌നങ്ങളെയെല്ലാം വഴിതെറ്റിച്ചുവിടുകയാണ്. ഈ നവഫാസിസത്തിന്റെ പുതിയ പ്രവാചകരായി യൂറോപ്പിലും ഇന്ത്യയിലും രംഗത്തുവന്നിരിക്കുന്ന നവനാസ്തിക പ്രചാരകരെക്കൂടി കാണേണ്ടതുണ്ട്.
മുസ്ലീം വിരുദ്ധവും അറബ് വിരുദ്ധവുമായ സാമാന്യബോധം നിർമ്മിച്ചെടുക്കുകയെന്നതാണ് ഇന്ന് സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയതന്ത്രമായിരിക്കുന്നത്. ട്രംപ് കുടിയേറ്റ വിരുദ്ധമായ തന്റെ വംശീയപ്രചാരണങ്ങളെ ഇസ്ലാം ഭീകരതയുടെ ഭീഷണികളിലേക്കാണ് തിരിച്ചുവിടുന്നത്. പടിഞ്ഞാറൻ ഫൈനാൻസ് മൂലധനശക്തികൾ വേൾഡ് ട്രേഡ് സെന്റർ സംഭവത്തിനുശേഷം അത്യന്തം ആവേശത്തോടെ തങ്ങളുടെ നവഫാസിസ്റ്റ് അജണ്ടയ്ക്കാവശ്യമായ രീതിയിൽ നവനാസ്തിക പ്രത്യയശാസ്ത്രകാരരെ ഇസ്ലാമോഫോബിയ പടർത്താനായി കെട്ടഴിച്ചുവിട്ടിട്ടുണ്ട്. സാം ഹാരിസനെ പോലുള്ളവർ തുടക്കം കുറിച്ച ഈ നവനാസ്തിക ആശയധാര അങ്ങേയറ്റം യുക്തിരഹിതവും ഇസ്ലാമിനെതിരായ അപരത്വനിർമ്മിതിയുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സാംസന്റെ 'മതവിശ്വാസത്തിന്റെയും ഭീകരതയുടെയും അവസാനവും യുക്തിചിന്തയുടെ ഭാവിയും' എന്ന കൃതി ഈയൊരു ആശയധാരയാണ് മുന്നോട്ടുവെക്കുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ ആധാരമാക്കിയാണ് സാംസൺ ഇസ്ലാമിനെ ഭീകരതയായി അവതരിപ്പിക്കുന്നത്. ആ യുക്തിയിൽ സാംസൺ അമേരിക്കയുടെ പശ്ചിമേഷ്യൻ ആക്രമണങ്ങളെയാകെ പിന്തുണയ്ക്കുകയും ഭീകരതക്കെതിരായ യുദ്ധമായി ആദർശവൽക്കരിക്കുകയുമാണ്.
റിച്ചാർഡ് ഡോക്കിൻസും ക്രിസ്റ്റഫർ ഹിച്ചൺസും ഡാനിയൽ ഡെന്നറ്റും ഇസ്ലാമിനെ ഭീകരതയുടെ മതമായി അവതരിപ്പിക്കുന്നതിനുള്ള ശ്രമമാണ് തങ്ങളുടെ കൃതികളിലൂടെ നടത്തിയിട്ടുള്ളത്. പടിഞ്ഞാറിനെ ആദർശവൽക്കരിച്ച് ഇസ്ലാമിനെ ഭീകരതയുടെ മതമായി ആക്ഷേപിക്കുന്ന സംസ്‌കാരസംഘർഷ സിദ്ധാന്തമാണ് ഈ നവനാസ്തികരെല്ലാം മുന്നോട്ടുവെക്കുന്നത്. ഇസ്ലാം അപരിഷ്‌കൃതിയുടെയും പ്രാകൃതത്വത്തിന്റെയും മതമാണെന്നും അത് ആധുനികതയുടേതായ പടിഞ്ഞാറൻ സംസ്‌കാരത്തിന് ഭീഷണിയാണെന്നുമുള്ള വാദങ്ങളാണ് ഇവരെല്ലാം പല വിഷയങ്ങളെ മുൻനിർത്തി സമർത്ഥിക്കാൻ ശ്രമിക്കുന്നത്.