നവ ഫാഷിസവും കരടു രേഖയും; നുരഞ്ഞുപൊന്തുന്നത് സി.പി.എം വിരുദ്ധത

ഏതൊരു വ്യവസ്​ഥയെയും രാഷ്ട്രീയക്രമത്തെയും അതിന്റെ വസ്​തുനിഷ്ഠതയിലും അതിനെ നിർണയിക്കുന്ന വർഗശക്തികളിലും അതിനെ നയിക്കുന്ന പ്രത്യയശാസ്​ത്രത്തിലും മനസ്സിലാക്കുകയെന്നതാണ് അതിനെ മാറ്റിത്തീർക്കുന്നതിനുള്ള മുൻ ഉപാധിയെന്നതാണ് മാർക്സിസ്റ്റ് നിലപാട്. ഇതിനെ തമസ്കരിച്ച്, സി.പി.എമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിനെതിരായി നടക്കുന്നത് അന്തസ്സാരശൂന്യമായ വാദങ്ങളാണെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ.

സി.പി.ഐ (എം) 24–ാം പാർട്ടി കോൺഗ്രസിന്റെ ചർച്ചയ്ക്ക് പരസ്യപ്പെടുത്തി പ്രസിദ്ധീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തെ, അതിന്റെ വിശകലനങ്ങളുടെയും നിഗമനങ്ങളുടെയും അന്തഃസത്തയിൽ നിന്ന് അടർത്തിമാറ്റി, ആർ.എസ്​.എസ്​– ബി.ജെ.പിക്കെതിരായ സമരത്തിൽ സി.പി.എം വെള്ളം ചേർക്കുകയാണെന്നും മോദി സർക്കാറിന്റെ ഫാഷിസ്റ്റ് നയങ്ങളുമായി സമരസപ്പെടുകയാണെന്നുമുള്ള രീതിയിൽ ആരോപണങ്ങൾ ഉയർത്തുകയാണ് മൗദൂദിസ്റ്റുകൾ മുതൽ ഇടതുപക്ഷ ലിബറൽ ബുദ്ധജീവികൾ വരെയുള്ള സുഹൃത്തുക്കൾ.
മൗദൂദിസ്റ്റുകളും വലതുപക്ഷ വർഗീയശക്തികളും തങ്ങളുടെ സ്വത്വ രാഷ്ട്രീയ വിശകലനങ്ങൾക്ക് സമ്മതി നിർമ്മിക്കാനും ന്യൂനപക്ഷ- ദലിത് വിഭാഗങ്ങൾക്കിടയിൽ സി.പി.എം വിരുദ്ധത പടർത്താനുമാണ് രേഖയെ മുൻനിർത്തി അന്തസ്സാരശൂന്യമായ വാദങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്.

കടുത്ത കുർദ്ദ് വംശീയ വിരുദ്ധതയിലധിഷ്ഠിതമായ തുർക്കിയിലെ മോദിയായ എർദോഗെൻ്റ അനുയായികളാണ് ഈ മൗദൂദിസ്റ്റുകളെന്ന കാര്യം ഓർമ്മിപ്പിക്കാതിരിക്കാനാവില്ല. അവരൊട്ടും മറുപടി അർഹിക്കുന്നില്ല. ഈ രേഖ മാത്രമല്ല 2000–ൽ കാലോചിതമാക്കിയ സി.പി.എം പാർട്ടി പരിപാടി വരെ ആർ.എസ്​.എസിനെയും അതിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പിയെയും വർഗീയ ഫാഷിസ്റ്റ് സംഘടനകളായിട്ടാണ് വിലയിരുത്തിയിട്ടുള്ളതെന്ന കാര്യം ബൂർഷ്വാ മാധ്യമങ്ങൾക്കോ മൗദൂദിസ്റ്റ് വർഗീയ സംഘങ്ങൾക്കോ മറച്ചുവെക്കാവുന്നതല്ല.

ഇടതുപക്ഷ ലിബറലുകളായ സുഹൃത്തുക്കൾ ഇന്ത്യൻ ഭരണകൂടത്തെയും അതിന് നേതൃത്വം കൊടുക്കുന്ന ബി.ജെ.പിയുടെ ഫാഷിസ്റ്റ് നയങ്ങളെയും അതിന്റെ വസ്​തുനിഷ്ഠതയിൽ വിലയിരുത്തുന്നതിനുപകരം ഇന്ത്യൻ സ്റ്റേറ്റ് തന്നെ ഫാഷിസ്റ്റ് ആയി എന്ന വളരെ ആത്മനിഷ്ഠമായ വിലയിരുത്തലുകളിലെത്തുകയാണ്. അത്തരം വിലയിരുത്തലുകളിൽ നിന്നാണ്, രാജ്യത്തെ ഫാഷിസ്റ്റ് അധികാരവാഴ്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ആർ.എസ്​.എസ്​ നേതൃത്വം കൊടുക്കുന്ന മോദി സർക്കാറിന്റെ നിയോ ഫാഷിസ്റ്റ് പ്രവണതകളെ സംബന്ധിച്ച സി.പി.എം വിശകലനങ്ങൾ ബി.ജെ.പിയുമായി സമരസപ്പെടലാണെന്ന തെറ്റായ ആരോപണങ്ങളിലേക്ക് ഇത്തരക്കാർ എത്തുന്നത്.

കരട് പ്രമേയത്തിന്റെ ഒന്നാം ഭാഗത്തിലെ ഒന്നാം ഖണ്ഡം
കരട് പ്രമേയത്തിന്റെ ഒന്നാം ഭാഗത്തിലെ ഒന്നാം ഖണ്ഡം

സി.പി.എമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം കൃത്യമായി വിശകലനം ചെയ്ത് പറയുന്നത്, ഇന്ത്യയിലെ ഹിന്ദുത്വ കോർപ്പറേറ്റ് വാഴ്ച നവ ഫാഷിസ്റ്റ് സ്വഭാവവിശേഷങ്ങളെയാണ് പ്രകടിപ്പിക്കുന്നത് എന്നാണ്.
കരട് പ്രമേയത്തിന്റെ ഒന്നാം ഭാഗത്തിലെ ഒന്നാം ഖണ്ഡം ഉദ്ധരിക്കാം:
‘‘23–ാം പാർട്ടി കോൺഗ്രസിനുശേഷമുള്ള കാലയളവ് മോദി സർക്കാർ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ–കോർപ്പറേറ്റ് വാഴ്ചയും അവരെ എതിർക്കുന്ന മതനിരപേക്ഷ ജനാധിപത്യ ശക്തികളും തമ്മിൽ വളർന്നുവരുന്ന സംഘർഷത്തെ സൂചിപ്പിച്ചു. പിന്തിരിപ്പൻ ഹിന്ദുത്വ അജൻഡ അടിച്ചേൽപ്പിക്കുന്നതിനുള്ള ശ്രമങ്ങളും പ്രതിപക്ഷത്തെയും ജനാധിപത്യത്തെയും അടിച്ചമർത്തുന്നതിനുള്ള അമിതാധികാര നീക്കങ്ങളും നവ ഫാഷിസ്റ്റ് സ്വഭാവവിശേഷങ്ങളെയാണ് പ്രകടിപ്പിക്കുന്നത്’’.

ഇതോടുചേർത്ത് രാഷ്ട്രീയ പ്രമേയത്തിലെ രണ്ടാം ഭാഗത്തിലെ ‘രാഷ്ട്രീയ ലൈൻ’ എന്ന ശീർഷകത്തിന് താഴെ ചേർത്തിരിക്കുന്ന ഖണ്ഡം അസന്ദിഗ്ധമായ ഭാഷയിൽ വ്യക്തമാക്കിയിരിക്കുന്നത്, സി.പി.എമ്മിന്റെ പ്രഥമ കടമ, ബി.ജെ.പി–ആർ.എസ്​.എസിനും അതിെൻ്റ അടിത്തറയായ ഹിന്ദുത്വ കോർപ്പറേറ്റ് കൂട്ടുകെട്ടിനുമെതിരായി പൊരുതുകയും അവരെ പരാജയപ്പെടുത്തുകയുമാണ് എന്നാണ്. ആ ഭാഗം ഇവിടെ ഉദ്ധരിക്കാം:
‘‘2.85: ഏതാണ്ട് പതിനൊന്നു വർഷത്തെ മോദി ഗവൺമെൻ്റിെൻ്റ ഭരണം നവ ഫാഷിസ്റ്റ് സ്വഭാവവിശേഷങ്ങളുള്ള വലതുപക്ഷ, വർഗീയ അമിതാധികാര ശക്തികളുടെ ദൃഢീകരണത്തിനിടയാക്കിയിരിക്കുകയാണ്. ഹിന്ദുത്വ ശക്തികളും വൻകിട ബൂർഷ്വാസിയും തമ്മിലുള്ള സഖ്യത്തെയാണ് മോദി ഗവൺമെൻ്റ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് ബി.ജെ.പി–ആർ.എസ്​.എസിനും അതിന്റെ അടിത്തറയായ ഹിന്ദുത്വ–കോർപ്പറേറ്റ് കൂട്ടുകെട്ടിനുമെതിരായി പൊരുതുകയും അവരെ പരാജയപ്പെടുത്തുകയുമാണ് പ്രഥമ കടമ’’.

ബി.ജെ.പി സർക്കാറിന്റെ നിയോ ഫാഷിസ്റ്റിക്കായ അധികാരശക്തിക്കെതിരായ സമരവും ഐക്യമുന്നണി പ്രവർത്തനവും പ്രഥമ കടമയായി ഏറ്റെടുക്കുകയും അതിലേക്ക് ബി.ജെ.പി ഇതര മതനിരപേക്ഷ ശക്തികളെയാകെ ഒന്നിപ്പിക്കാനുമുള്ള അടവുപരമായ സമീപനമാണ് ഈ രേഖ മുന്നോട്ടുവെക്കുന്നത്. കോർപ്പറേറ്റ് ഹിന്ദുത്വ വാഴ്ചക്കെതിരായ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ ഐക്യം സാധിച്ചെടുക്കുന്നതിനുള്ള തൊഴിലാളി കർഷക സമരങ്ങളുടെയും ദലിത്- ആദിവാസി വിഭാഗം ഉൾപ്പെടെയുള്ള ഗ്രാമീണ തൊഴിലാളി വിഭാഗങ്ങളുടെയും ന്യൂനപക്ഷ, സ്​ത്രീ, ട്രാൻസ്​ വിഭാഗങ്ങളുടെയും സംഘാടനത്തിെൻ്റയുമൊക്കെയായ സൂക്ഷ്മതല വിശകലനങ്ങളാണ് 96 പോയിൻ്റുകളിലായി സംക്ഷിപ്തമായി ഈ രേഖയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ സ്​ഥിതിഗതികളെ സംബന്ധിച്ച സൂക്ഷ്മവും സംക്ഷിപ്തവുമായ വിശകലനമാണ് രേഖ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇന്ത്യൻ സ്​ഥിതിഗതികളെ സംബന്ധിച്ച സൂക്ഷ്മവും സംക്ഷിപ്തവുമായ വിശകലനമാണ് രേഖ മുന്നോട്ടുവെച്ചിരിക്കുന്നത്. രേഖ കാണാതെയും വായിക്കാതെയും ബി.ജെ.പി പ്രതിനിധീകരിക്കുന്ന കോർപ്പറേറ്റ് ഹിന്ദുത്വവാഴ്ചക്കെതിരായ ഐക്യമുന്നണി പ്രവർത്തനങ്ങളെ കൈയൊഴിച്ച് സി.പി.എം ഫാഷിസത്തിന്റെ മാപ്പുസാക്ഷികളാവുകയാണെന്നൊക്കെ ആരോപിക്കുന്ന സുഹൃത്തുക്കളോട് പറയാനുള്ളത്, രേഖയുടെ ഇന്ത്യൻ സാഹചര്യത്തെ സംബന്ധിച്ച വസ്​തുനിഷ്ഠ വിശകലനങ്ങളെയും സമീപനങ്ങളെയും പരിശോധിച്ച് അതിന്റെ പരിമിതികളെന്തെന്ന് ചൂണ്ടിക്കാട്ടാനുള്ള വിമർശനാത്മകവും സംവാദാത്മകവുമായ സമീപനം സ്വീകരിക്കണമെന്നാണ്. അല്ലാതെ ആത്മനിഷ്ഠവും വൈകാരികവുമായ യുക്തിയിൽ നിന്ന് സി.പി.എം മുന്നോട്ടുവെച്ചിരിക്കുന്ന കോർപ്പറേറ്റ് ഹിന്ദുത്വത്തിലധിഷ്ഠിതമായ മോദി സർക്കാരിെൻ്റ നിയോ ഫാഷിസ്റ്റ് സ്വഭാവത്തെ സംബന്ധിച്ച വിലയിരുത്തലിനെ ഏകപക്ഷീയമായി ആക്ഷേപിക്കുകയല്ല എന്ന് പറയട്ടെ.

1930–കളിലെ ക്ലാസിക്കൽ ഫാഷിസമായാലും വർത്തമാന നിയോ ലിബറൽ ക്രമം അടിച്ചേൽപ്പിക്കുന്ന നിയോ ഫാഷിസമായാലും പരമാധികാരമുള്ള ഒരു ഏകാധിപതിയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണക്രമമാണ്. അത് മത- വംശീയ വാദത്തോട് ചേർന്ന ആക്രമണോത്സുകമായ സങ്കുചിത ദേശീയവാദത്തെ പിൻപറ്റുന്നതും പ്രതിപക്ഷത്തെയും ജനാധിപത്യ സംവിധാനങ്ങളെയും അടിച്ചമർത്തുന്നതും റദ്ദു ചെയ്യുന്നതുമാണ് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ 1930–കളിലെ ക്ലാസിക്കൽ ഫാഷിസത്തിൽ നിന്ന് വ്യത്യസ്​തമായി തീവ്ര വലതുപക്ഷ രാഷ്ട്രീയ ശക്തികളുമായി ചേർന്ന് കോർപ്പറേറ്റ് മൂലധനം ഉയർത്തുന്ന ജനാധിപത്യവിരുദ്ധവും അമിതാധികാര സ്വഭാവത്തോടുകൂടിയുള്ള ഭീഷണികളെ വിശദീകരിക്കാനാണ് നിയോ ഫാഷിസ്റ്റ് പ്രവണതകളെന്ന് പൊതുവെ ഉപയോഗിക്കുന്നതും ഈ രേഖയിൽ ചേർത്തിരിക്കുന്നതും.

ലുദ് വിഗ് വോൺ മൈസസ്
ലുദ് വിഗ് വോൺ മൈസസ്

1930–കളിലെ അന്തർ സാമ്രാജ്യത്വ വൈരുദ്ധ്യങ്ങളുടെയും മുതലാളിത്ത കുഴപ്പങ്ങളുടെയും സാഹചര്യമാണ് മുസ്സോളിനിയുടെയും ഹിറ്റ്​ലറുടെയും ഫാഷിസ്റ്റ് പ്രസ്​ഥാങ്ങൾക്ക് ജന്മമേകിയത്. മാർക്സിസ്റ്റുകൾ പൊതുവെ മുതലാളിത്തത്തിന്റെ പൊതു കുഴപ്പത്തിൽ നിന്ന് ഉരുത്തിരിയുന്ന അറു പിന്തിരിപ്പനും സങ്കുചിത ദേശീയവാദപരവും അക്രമോത്സുകവുമായ കുത്തക മൂലധനത്തിന്റെ ഭീകരവാദത്തിലധിഷ്ഠിതമായ ഏകാധിപത്യ രാഷ്ട്രീയക്രമത്തെയാണ് ഫാഷിസമെന്ന് നിർവ്വചിക്കുന്നത്.
ദിമിേത്രാവും സ്റ്റാലിനുമൊക്കെ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ പട്ടണങ്ങളിലെയും നാട്ടിൻപുറങ്ങളിലെയും പെറ്റി ബൂർഷ്വാസിയും പ്രത്യേക വർഗബോധമില്ലാത്ത സമൂഹത്തിലെ മറ്റ് വിഭാഗങ്ങളുമാണ് ഫാഷിസത്തിന്റെ സാമൂഹ്യ അടിത്തറയായി തീരുന്നത്. കടുത്ത കമ്യൂണിസ്റ്റ് വിരോധവും വംശീയവാദവുമാണ് ഫാഷിസ്റ്റ് പ്രത്യയശാസ്​ത്രത്തിന്റെ പ്രത്യേകത. തങ്ങളുടെ വംശവും മതവും മറ്റുള്ള മതവംശങ്ങളേക്കാൾ മേന്മയുള്ളതാണെന്ന ആശയവും മുതലാളിത്തത്തിന്റെ കേന്ദ്രസ്​ഥാനത്ത് പ്രവർത്തിക്കുന്ന തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയ ബോധത്തെയും സ്വതന്ത്ര ശക്തിയെയും പൊറുപ്പിക്കാത്തതുമായ മർദ്ദകനയവുമാണ് ഫാഷിസത്തിേൻ്റത്.

നിയോ ലിബറലിസത്തിന് താത്വികാടിസ്​ഥാനമിട്ട ലുദ് വിഗ് വോൺ മൈസസ്​ (Ludwig Heinrich Edler von Mises) 1930– കളിലെ മുതലാളിത്ത പ്രതിസന്ധിയെ അതിജീവിക്കാനുള്ള കെയ്നീഷ്യൻ ക്ഷേമരാഷ്ട്ര സങ്കൽപങ്ങളെ നിരാകരിച്ചുകൊണ്ടാണ്, മുസ്സോളിനിയുടെ ഫാഷിസ്റ്റ് നടപടികളാണ് മുതലാളിത്ത സമ്പദ്ഘടനയുടെ അതിജീവനത്തിന് ആവശ്യം എന്ന സിദ്ധാന്തം മുന്നോട്ടുകൊണ്ടുവന്നത്. കെയ്ൻസ് ​പ്രഭു മുന്നോട്ടുവെച്ച സ്റ്റേറ്റ് ഇടപെടലുകളും ക്ഷേമപദ്ധതികളും സോഷ്യലിസ്റ്റ് സോവിയറ്റ് വ്യവസ്​ഥകളിലേക്ക് മുതലാളിത്ത രാജ്യങ്ങളെ തള്ളിവിടുകയെന്ന മുന്നറിയിപ്പായിരുന്നു മൈസസ്​ ലിബറലിസം എന്ന കൃതിയിലൂടെ മുതലാളിത്ത ഭരണാധികാരികൾക്ക് നൽകിയത്. കെയ്ൻസിനെ കയ്യൊഴിയാനും മുസ്സോളിനിയുടെ ഫാഷിസത്തെ സ്വീകരിച്ച് തൊഴിലാളി വർഗ പ്രസ്​ഥാനങ്ങളെയും ജനകീയ സമരങ്ങളെയും അടിച്ചമർത്തി ഉന്മൂലനം ചെയ്യാനുമാണ് മൈസസ്​ മുതലാളിത്ത ഭരണകൂടങ്ങളെ തന്റെ സിദ്ധാന്തങ്ങളിലൂടെ ഉദ്ബോധിപ്പിച്ചത്.

നവ വലതുപക്ഷത്തിന്റെ തീവ്രമായ വളർച്ചയുടെയും അധികാരത്തിന്റെയും രാഷ്ട്രീയ പ്രയോഗമെന്ന നിലയ്ക്കാണ് നവ ഫാഷിസ്റ്റ് ശക്തികൾ ലോകമെമ്പാടും ഭീഷണമായ മാനങ്ങളിൽ വളർന്നുവന്നത്.

പൊതുവെ മുതലാളിത്ത ഭരണകൂടങ്ങൾ കെയ്നീഷ്യൻ സിദ്ധാന്തങ്ങളുടെ ബലത്തിലാണ് 1930–കളിലെ മുതലാളിത്ത പ്രതിസന്ധിയെ അതിജീവിച്ചത്. സ്റ്റേറ്റ് ഇടപെടലിന്റെയും പൊതുമേഖലയുടെയും സഹായത്തോടെയാണ് മുതലാളിത്തത്തിന്റെ ചരിത്രത്തിലെ വളർച്ചയുടെ സുവർണകാലം രേഖപ്പെടുത്താൻ ബൂർഷ്വാസിക്ക് കഴിഞ്ഞത്. അതായത് ജനാധിപത്യ ശക്തികളുടെയും സോവിയറ്റ് യൂണിയന്റെയും പ്രതിരോധത്തിൽ ഫാഷിസം തകരുകയും കെയ്നീഷ്യൻ ക്ഷേമരാഷ്ട്ര നയങ്ങൾക്കും സോഷ്യലിസ്റ്റ് ശക്തികൾക്കും മേൽക്കൈ ഉണ്ടാവുകയും ചെയ്ത ലോകസാഹചര്യമാണ് നവ സ്വതന്ത്രരാജ്യങ്ങളുടെ ഉദയത്തിനും കോളനിവാഴ്ചയുടെ അവസാനിപ്പിക്കലിനും ഭൗതിക സാഹചര്യമൊരുക്കിയത്.

പക്ഷെ 1970–കളോടെ മുതലാളിത്തം അതിന്റെ ജന്മസിദ്ധമായ കുഴപ്പങ്ങളുടെയും പ്രതിസന്ധികളുടെയും വഴിയിലേക്കുതന്നെ ചെന്നു പതിച്ചു. ഈയൊരു സാഹചര്യത്തിലാണ് കെയ്നീഷ്യൻ ക്ഷേമരാഷ്ട്രസങ്കൽപങ്ങളെ തള്ളിക്കളഞ്ഞ് ആഗോള ഫൈനാൻസ്​ മൂലധനശക്തികൾ നവലിബറൽ നയങ്ങൾ അടിച്ചേൽപ്പിക്കുന്നത്. ഈ നിയോ ലിബറൽ നയങ്ങളുടെയും മൂലധന വ്യാപനത്തിന്റെയും തുടർച്ചയും ഫലവുമെന്ന നിലയിലാണ് ലോകമെമ്പാടും നിയോ ഫാഷിസ്റ്റുകളും നവ യാഥാസ്​ഥിതിക രാഷ്ട്രീയശക്തികളും വളർന്നുവരുന്നത്.

സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ മതവംശീയതയും ആഗോള ഫൈനാൻസ്​ പ്രഭുത്വവും ചേർന്ന് വളർത്തിക്കൊണ്ടുവന്ന ജനാധിപത്യവിരുദ്ധവും സ്വേച്ഛാധികാര സ്വഭാവത്തോടെയുള്ളതുമായ രാഷ്ട്രീയ പ്രസ്​ഥാനങ്ങളെയും അധികാര ശക്തികളെയുമാണ് പൊതുവെ നിയോ ഫാഷിസ്റ്റുകൾ എന്ന് വിവക്ഷിക്കുന്നത്. നവ വലതുപക്ഷത്തിന്റെ തീവ്രമായ വളർച്ചയുടെയും അധികാരത്തിന്റെയും രാഷ്ട്രീയ പ്രയോഗമെന്ന നിലയ്ക്കാണ് നവ ഫാഷിസ്റ്റ് ശക്തികൾ ലോകമെമ്പാടും ഭീഷണമായ മാനങ്ങളിൽ വളർന്നുവന്നത്.

മുസ്സോളിനിയിൽ നിന്നും ഹിറ്റ്​ലറിൽ നിന്നും ആവേശമുൾക്കൊണ്ടാണ് ഇന്ത്യയിൽ ആർ.എസ്​.എസ്​ പ്രവർത്തനമാരംഭിച്ചതും ഹിന്ദു രാഷ്ട്ര നിർമ്മിതിയുടെ പ്രത്യയശാസ്​ത്രവൽക്കരണം സജീവമായതും.
മുസ്സോളിനിയിൽ നിന്നും ഹിറ്റ്​ലറിൽ നിന്നും ആവേശമുൾക്കൊണ്ടാണ് ഇന്ത്യയിൽ ആർ.എസ്​.എസ്​ പ്രവർത്തനമാരംഭിച്ചതും ഹിന്ദു രാഷ്ട്ര നിർമ്മിതിയുടെ പ്രത്യയശാസ്​ത്രവൽക്കരണം സജീവമായതും.

ഒന്നാം ലോക മഹായുദ്ധാനന്തരം മുതലാളിത്തം അകപ്പെട്ട പൊതുകുഴപ്പത്തിൽ നിന്നാണ് ഫാഷിസവും നാസിസവുമൊക്കെ ജന്മമെടുത്തത്. മുസ്സോളിനിയിൽ നിന്നും ഹിറ്റ്​ലറിൽ നിന്നും ആവേശമുൾക്കൊണ്ടാണ് ഇന്ത്യയിൽ ആർ.എസ്​.എസ്​ പ്രവർത്തനമാരംഭിച്ചതും ഹിന്ദു രാഷ്ട്ര നിർമ്മിതിയുടെ പ്രത്യയശാസ്​ത്രവൽക്കരണം സജീവമായതും. അത് ബ്രിട്ടീഷ് വിരുദ്ധ ദേശീയ സ്വാതന്ത്ര്യസമരത്തിനെതിരായ കൊളോണിയൽ ദാസ്യത്തിന്റെയും ഫ്യൂഡൽ ബ്രാഹ്മണ്യത്തിന്റെയും പ്രത്യയശാസ്​ത്രവൽക്കരണമായിരുന്നു.

2014 -ഓടെ ദേശീയാധികാരത്തിന്റെ നിയന്ത്രണം നേടിയെടുത്ത ആർ.എസ്​.എസ്​ പ്രത്യയശാസ്ത്രം, അതിന്റെ മതരാഷ്ട്ര അജണ്ടയിൽ നിന്ന് ഇന്ത്യയിലെ ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രഘടനയെയും ഭരണഘടനയെതന്നെയും ഇല്ലാതാക്കാനുള്ള ഫാഷിസ്റ്റ് നീക്കങ്ങളാണ് നടത്തുന്നത്. ഇത് പല തലങ്ങളിലും തീവ്രഗതിയിലായിട്ടുണ്ടെന്നതും ഹിന്ദുത്വത്തിനാവശ്യമായ പൊതുബോധ നിർമ്മിതിക്കായി അക്കാദമിക് സ്​ഥാപനങ്ങളെയും സാംസ്​കാരിക സ്​ഥാപനങ്ങളെയുമെല്ലാം തങ്ങൾക്ക് ലഭ്യമായ കേന്ദ്രാധികാരമുപയോഗിച്ച് കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നതും വർത്തമാന ഇന്ത്യൻ യാഥാർത്ഥ്യമാണ്.

അപ്പോഴും പാർലമെൻ്ററി ജനാധിപത്യത്തിൽ സാധ്യമായ പ്രതിപക്ഷ പ്രവർത്തനങ്ങളെയും മാധ്യമ അഭിപ്രായ സ്വാതന്ത്ര്യ അവകാശങ്ങളെയും പൂർണമായി ഇല്ലാതാക്കാനോ റദ്ദ് ചെയ്യാനോ മോദി സർക്കാരിന് കഴിഞ്ഞിട്ടില്ല എന്ന വസ്​തുത കാണണം. തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്​ത്രമനുസരിച്ച് രാജ്യത്തെ അമിതാധികാര സ്വേച്ഛാധിപത്യ വാഴ്ചയിലേക്ക് നയിക്കാനുള്ള നീക്കങ്ങൾ ത്വരിതഗതിയിൽ നടത്തുമ്പോഴും ഭരണകൂട സംവിധാനത്തെ പൂർണമായി സ്വേച്ഛാധിപത്യത്തിന് കീഴിൽ കൊണ്ടുവരാൻ കോർപ്പറേറ്റ് ഹിന്ദുത്വ വാഴ്ചയ്ക്ക് കഴിഞ്ഞിട്ടില്ല. ഈയൊരു സ്​ഥിതിയെയാണ് സി.പി.എം നയരേഖ നിയോ ഫാഷിസ്റ്റ് പ്രവണതകളെന്ന രീതിയിൽ നിർവ്വചിക്കാനും വിശദീകരിക്കാനും ശ്രമിച്ചിട്ടുള്ളത്.

ഇക്കാര്യം കാണാതെ, അതായത് രാജ്യത്ത് വളർന്നുവരുന്ന ഫാഷിസത്തിന്റെ സ്വഭാവവിശേഷങ്ങളുടെ വസ്​തുനിഷ്ഠതയെ അംഗീകരിക്കാതെയാണ് പലരും സി.പി.എം വിലയിരുത്തലിനെ ആക്ഷേപിക്കുന്നത്. ഏതൊരു വ്യവസ്​ഥയെയും രാഷ്ട്രീയക്രമത്തെയും അതിന്റെ വസ്​തുനിഷ്ഠതയിലും അതിനെ നിർണയിക്കുന്ന വർഗശക്തികളിലും അതിനെ നയിക്കുന്ന പ്രത്യയശാസ്​ത്രത്തിലും മനസ്സിലാക്കുകയെന്നതാണ് അതിനെ മാറ്റിത്തീർക്കുന്നതിനുള്ള മുൻ ഉപാധിയെന്നതാണ് മാർക്സിസ്റ്റ് നിലപാട്.

Comments